Slider

ഒരു പേരിലെന്തിരിക്കുന്നു ?

0
ഒരു പേരിലെന്തിരിക്കുന്നു ?(കഥ )
“ ടീ കഴുതേ.. ഈ ചായക്ക് കടുപ്പവുമില്ല, ചൂടുമില്ല” രാവിലെ ചായയിട്ടു ഞാനെന്റെ അടുക്കള പരിപാടികൾ ഉത്ഘാടനം ചെയ്തപ്പോൾ എനിക്കുള്ള പുതിയ പേരുകളുമായി അതിയാനും കലാപരിപാടികൾ തുടങ്ങി..
ലോകത്തു ആകെയൊരു കഴുതയെയെ എനിക്ക് പരിചയമുള്ളൂ. കൃഷിക്കാരന്റെ പൊട്ട കിണറ്റിൽ വീണ കഴുത തന്നെ. അയാളതിനെ രക്ഷിക്കാതെ മണ്ണിട്ട് കുഴിച്ചു മൂടാൻ നോക്കിയപ്പോളത് മണ്ണ് കൊണ്ട് കിണർ നികത്തി രക്ഷപ്പെട്ടു.. അങ്ങിനെ കൃഷിക്കാരനെക്കാൾ ബുദ്ധിമാനായി മാറിയ കഴുതയെയാവും അതിയാൻ ഉദ്ദേശിച്ചതെന്ന സമാധാനത്തിൽ ഞാൻ പ്രാതലിനുള്ള ദോശയു ണ്ടാക്കാൻ തുടങ്ങി...
നല്ല ചൂടുള്ള ദോശ പാത്രത്തിലേക്കെടുത്തിടുമ്പോൾ അടുത്ത പേര് വീണു കഴിഞ്ഞു " ടീ കുരങ്ങി ..ഈ ദോശ നിന്റെ മുഖം പോലെ ചളുങ്ങി പളുങ്ങിയിരിക്കുന്നല്ലോ "
കഴുതയിൽ നിന്നും കുരങ്ങിലേക്കുള്ള പരിണാമത്തിനു വെറുമൊരു മണിക്കൂർ സമയ ദൈർഘ്യം ...
മൂക്കിന്റെ ഒത്ത നടുക്കൊരു കോമ്പസ് കുത്തിയാൽ നല്ല പൂർണ ചന്ദ്രനെ വരച്ചെടുക്കാം .
അങ്ങിനെയുള്ളയെന്റെ മുഖം നോക്കിയാണ് പറയുന്നത് “ചളുങ്ങി പളുങ്ങി”യിരിക്കുന്നു പോലും ..
അതിയാൻ ഓഫീസിൽ പോവാൻ നേരം പൂമുഖ വാതിൽക്കൽ പൂത്തിങ്കൾ പോലെ തിളങ്ങി നിന്നപ്പോൾ അടുത്ത പേര് മറ്റൊരു രൂപത്തിൽ " വാതിലും ജനലുമെല്ലാം അടച്ചിട്ടു വേണം കിടക്കാൻ.. പോത്തു പോലെ ഉറങ്ങിക്കളയരുത്.."
മൂന്ന് മണിക്കൂറിനുള്ളിൽ കിട്ടിയ പല പല നാമ പരിണാമങ്ങളിൽ സന്തോഷിച്ചു വീട്ടു ജോലികൾ തീർത്തു ഉച്ചക്ക് ഉണ്ണാനിരിക്കുമ്പോൾ ഒരു മെസ്സേജ് “ മണ്ടശിരോമിണി ..ചോറും പയറു കറിയും വെന്തിട്ടില്ല”
മൃഗങ്ങളിൽ നിന്നും തത്കാലം മോചനം കിട്ടിയ ആശ്വാസത്തിൽ നടു നിവർത്താൻ കിടന്നു. നിദ്ര ദേവി കടാക്ഷിക്കുന്നതിനു മുന്നേ ഭർത്താക്കരന്മാരെ കുറിച്ച് ഒരു വിശകലനം നടത്തി.
സത്യത്തിൽ വിവാഹത്തിന് മുന്നേ നമ്മുടെ മാതാപിതാക്കൾ നമ്മളെ “എടി” എന്ന് ഒന്നമർത്തി വിളിച്ചിട്ടില്ല. അങ്ങിനെയുള്ള ഈ പാവങ്ങളെയാണ് കക്ഷികൾ പല പല പേരിട്ടു അഭിമാനപൂർവം കൂടെ കൊണ്ട് നടക്കുന്നത്. ഉണ്ണാനും ഉടുക്കാനും തരുന്നതിനാൽ ഒട്ടും അഹങ്കാരമില്ലാത്ത നമ്മൾ തിരിച്ചു ഒന്നും വിളിക്കുന്നില്ല. (വിളിച്ചാൽ വിവരമറിയും)
ഇവർക്ക് ചാർത്തി കൊടുക്കാൻ പറ്റിയ പേരുകൾ പലതുണ്ട് താനും..
ഉദാഹരണത്തിന് -രാവിലെ കുളി, പല്ലു തേയ്പ്പു എന്നെല്ലാം പറഞ്ഞു ബാത്റൂമിൽ കയറി കതകടച്ചാൽ വെളിയിൽ വരുന്ന ശബ്ദങ്ങൾ പശു , എരുമ ,കാള , കഴുത.. ഇതിലേതാണ് എന്ന് കർത്താവു തമ്പുരാന് പോലും മനസിലാവില്ല.
വല്ലപ്പോഴും ഒന്ന് അടുക്കളയിൽ കയറി സഹായിച്ചല്ലോ ഒറ്റയാൻ കരിമ്പിൻ കാട്ടിൽ കയറിയ പോലെ..
അൽപ സ്വല്പം വായ്നോട്ടമുള്ളവരുടെ കണ്ണുകൾ കഴുകനെ പോലെ കൊത്തി വലിക്കും
അത്യാവശ്യ ഘട്ടങ്ങളിൽ സ്വന്തം അമ്മയുടെയും ഭാര്യയുടെയും മുന്നിൽ നിറം മാറുന്നതു കണ്ടാൽ ഓന്ത് പോലും നാണിച്ചു പോവില്ലേ?
സ്നേഹം വന്നാൽ പിച്ചിയും മാന്തിയും പിന്നെ കടിച്ചും പഴയ കാട്ടു കുരങ്ങിലേക്കു രൂപാന്തരം പ്രാപിക്കും.
ഇഷ്ടമുള്ള ഭക്ഷണം കണ്ടാൽ ആക്രാന്തം മൂത്തു പ്രാന്ത് പിടിക്കും..
പുതിയ സാരിയോ ചുരിദാറോ ധരിച്ചു നല്ലൊരഭിപ്രായം കൊതിച്ചു മുന്നിൽ നിന്നാലവർ അന്ധരും മൂകരും ബധിരരുമായി മാറും.. നിമിഷനേരം കൊണ്ട്..
ഒരു പുതിയ വസ്ത്രം അയൽവാസിയോ സഹപ്രവർത്തകയോ ധരിച്ചാലിവർ ആയിരം നാവുള്ള അനന്തൻമാരാവും.
ലോകത്തുള്ള സകല കാര്യങ്ങളും ഓർത്തിരിക്കും. ഭാര്യയുടെ പിറന്നാളും വിവാഹ ദിവസവും മാത്രം മറക്കും. അപ്പോൾ അരണയുടെ ബുദ്ധി..
എവിടയെങ്കിലും ഒരു പാർട്ടിക്ക് പോയാൽ വരുന്നതു പാമ്പിനെ പോലെ ഇഴഞ്ഞിഴഞ്ഞു...രാവിലെ ഹാങ്ങ് ഓവർ എന്നും പറഞ്ഞു മൂങ്ങയെ പോലെ കുത്തിയിരിപ്പു..
സത്യത്തിൽ കുരങ്ങിന്റെ കൈയിൽ കിട്ടിയ പൂമാലകളാണ് ഓരോ സ്ത്രീകളും..
ഇങ്ങിനെ പലവിചാരത്തിൽ ഞാനങ്ങു മയങ്ങി.
കണ്ണ് തുറന്നപ്പോൾ സമയം അഞ്ച് !
കർത്താവെ ചായയുമായി നിന്നില്ലെങ്കിൽ അടുത്ത പേരുവരാൻ കാലതാമസം നേരിടേണ്ടി വരില്ല..അടുക്കളയിലേക്ക് ഓടി ചായ റെഡി ആയപ്പോൾ കാളിങ് ബെല്ലിന്റെ മുഴക്കം. ഓടി ചെന്ന് വാതിൽ തുറന്നു, അതെ സ്പീഡിൽ പോയി ചായ എടുത്ത് കൊണ്ട് വന്നപ്പോൾ ദാ അടുത്ത വിളി " എന്താ കുതിരയെ പോലൊരു ചാട്ടം ?"
സന്ധ്യയായപ്പോൾ ആളെന്നെ ചുറ്റിപറ്റി കൊതുകിനെ പോലെ വട്ടമിട്ട് പറക്കാൻ തുടങ്ങി. ചപ്പാത്തി പരത്തുമ്പോൾ അവിടെ വന്നു ധൃതി കൂട്ടൽ.. “വേഗമാവട്ടെ.. ഇതെന്താ ഒച്ചിനെ പോലെ “
നേരമിത്രയായിട്ടും എനിക്കെന്റെ സ്വന്തം പേര് തിരിച്ചു കിട്ടിയില്ല .ഇനി അതിയാൻ അതങ്ങുസൗകര്യ പൂർവം മറന്നോ?
രാത്രി കിടക്കാൻ നേരം കണ്ണാടി നോക്കി മുടി ചിക്കി നിന്ന എന്നെ കിടക്കയിൽ പിടിച്ചിരുത്തി “പൊന്നിൻ കുടത്തിനു പൊട്ടു വേണ്ട “എന്നൊരു സുഖിപ്പിക്കൽ..
എന്നിട്ടു ചക്കര കണ്ട ഈച്ചയെ പോലെ ഒട്ടിച്ചേർന്നു കാതിലൊരു മൂളൽ - “എന്റെ ചക്കരേ ...”
അല്ലെങ്കിൽ തന്നെ ഒരു പേരിലെന്തിരിക്കുന്നു** Sani John.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo