Slider

ജടായു

0
ജടായു
*********
"എന്താ രാമീന്ദ്രാ...നീ ഇനി പേര്‍ഷ്യയ്ക്ക് തിരികെ പോകുന്നില്ലേ ..?" നാട്ടില്‍ വന്ന് സാധാരണ നില്‍ക്കാറുള്ളതിലും നാല് ദിവസം കൂടുതല്‍ നിന്നാല്‍ ഏതൊരു പ്രവാസിയോടും നാട്ടുകാര്‍ ചോദിക്കുന്ന ആ പതിവ് ചോദ്യം മാത്രമേ ജാനകിയമ്മയും രാമീന്ദ്രന്‍ എന്ന പ്രവാസിയോട്‌ ചോദിച്ചുള്ളൂ. ഇപ്പോള്‍ നിങ്ങള്‍ ആലോചിക്കും ഈ രാമീന്ദ്രന്‍ ആരാണ് എന്ന് അല്ലേ.? രാമീന്ദ്രന്‍ അല്ല രാമചന്ദ്രന്‍ ആണ് ശെരിക്കും. പക്ഷേ ഓണാട്ട്കരക്കാരായ ഞങ്ങള്‍ ചില പേരുകളുടെ പൂര്‍ണ്ണ രൂപം ഉപയോഗിക്കാറില്ല ചില അക്ഷരങ്ങള്‍ ഞങ്ങള്‍ ഒന്ന്‍ തിരുത്തും.
ഉദാ: രായന്‍ (രാജന്‍),കണാരന്‍ (കരുണാകരന്‍),രായപ്പന്‍ (രാജപ്പന്‍), രാമീന്ദ്രന്‍ (രാമചന്ദ്രന്‍),സൂമാരന്‍ (സുകുമാരന്‍),രായമ്മ (രാജമ്മ), പങ്കയാക്ഷി (പങ്കജാക്ഷി), സൂമാരി (സുകുമാരി),രായേന്ദ്രന്‍(രാജേന്ദ്രന്‍)
രായേഷ്(രാജേഷ്)............അങ്ങനെ അങ്ങോട്ടുണ്ട്.....
അതുമാത്രമല്ല തല മൂത്തവരെ ഞങ്ങള്‍ ചേട്ടാ,ചേച്ചീ എന്ന് വിളിക്കാറില്ല കൊച്ചാട്ടാ ...ഇച്ചായീ എന്നാണ് പേരിന് ശേഷം ചേര്‍ക്കുക. അത് ഞങ്ങളുടെ മാത്രം മാസ്റ്റര്‍പീസ്‌ ആണ്.
അതവിടെ നില്‍ക്കട്ടെ നമുക്ക് കാര്യത്തിലേയ്ക്ക് വരാം ഈ രാമീന്ദ്രന്‍ ഈയിടെ തന്‍റെ മുഴുവന്‍ സമ്പാദ്യവും,കിട്ടാവുന്നിടത്ത്നിന്ന് കടവും, പെണ്ണുമ്പിള്ളയുടെ കെട്ടുതാലിയും വരെ എടുത്ത് പടുത്തുയര്‍ത്തിയ ആ ഇരുനില വീടിന്‍റെ മുന്നില്‍ നില്‍ക്കുമ്പോള്‍ ആയിരുന്നു ജാനകിയമ്മയുടെ ഈ ചോദ്യം. നിങ്ങള്‍ വിചാരിക്കും പോലെ രാമീന്ദ്രന്‍ താന്‍ വച്ച ആ ഇരുനില വീടിന്‍റെ ഭംഗി ആസ്വദിക്കുകയായിരുന്നില്ല പിന്നെയോ.? കഴുത്തറ്റം വരെ കയറിയ കടം എങ്ങനെ വീട്ടും എന്നതിനെക്കുറിച്ച് ആലോചിക്കുകയായിരുന്നു. ഇനി പോകേണ്ട എന്ന് തീരുമാനിച്ച രാമീന്ദ്രന്‍ ജാനകിയമ്മയുടെ ഈ ചോദ്യത്തിന് മുന്നില്‍ ആ തീരുമാനം തിരുത്തുന്നതിനേക്കുറിച്ച് ആലോചിക്കാന്‍ തുടങ്ങി.
"പോണം ജാനീച്ചായീ....പോകാതെ എങ്ങനെയാ..?" രാമീന്ദ്രന്‍ ഒരു നെടുവീര്‍പ്പോടെ മറുപിടി നല്‍കി.
"എത്ര വര്‍ഷമായി രാമീന്ദ്രാ നീ പേര്‍ഷ്യേല്‍ കിടന്ന് കഷ്ടപ്പെടാന്‍ തുടങ്ങിയിട്ട്..? പുള്ളാരേം പഠിപ്പിച്ചു നല്ലൊരു വീടും ആയി ഇനിയെങ്കിലും നാട്ടിലെങ്ങാനം നില്ലെടാ കൊച്ചനേ....നിനക്ക് തടിമാടന്‍മാരായ രണ്ട് ആണ്‍കുട്ടികള്‍ അല്ലേടാ അവരേ നല്ലരീതിയില്‍ പഠിപ്പിച്ചില്ലേ.? ഒരുത്തന് എവിടെയോ ജോലിയും ശരിയായി എന്ന് കേട്ടു ഇനി അവര്‍ നിന്നേ നോക്കില്ലേ.?"......
"ജാനീച്ചായി പറഞ്ഞത് നാട്ടുനടപ്പ് എന്‍റെ കഥ എനിക്കല്ലേ അറിയൂ"
രാമീന്ദ്രന്‍ മനസ്സില്‍ പറഞ്ഞു.
രണ്ട് ആണ്‍കുട്ടികള്‍ അതാണ്‌ രാമീന്ദ്രന്‍റെ ഏറ്റവും വലിയ പ്രശ്നം. രണ്ട് പെണ്‍കുട്ടികള്‍ ആയിരുന്നെങ്കില്‍ എന്തെങ്കിലും കരുതി ആരുടെയെങ്കിലും കൂടെ പറഞ്ഞയക്കുന്ന വരെയുള്ള ഒരു ഭീതിയെ മനസ്സില്‍ ഉള്ളു ഇതങ്ങനാണോ..? മരുക്കുന്നവരെ ഇവന്മാരുടെ ഓരോരോ പ്രശ്നങ്ങള്‍ മനസ്സമാധാനം കിട്ടില്ല. അല്ലെങ്കില്‍ ഇപ്പോള്‍ ഇവന്മാര്‍ നേരെയായിരുന്നു എങ്കില്‍ രാമീന്ദ്രന് 35 വര്‍ഷത്തെ പ്രവാസജീവിതം ഈ 56 വയസ്സായപ്പോള്‍ എങ്കിലും നിര്‍ത്താമായിരുന്നു. എവിടെ നേരെയാകാന്‍..? അച്ഛന്‍റെ അഭാവത്തില്‍ അമ്മമാര്‍ വളര്‍ത്തിയ ആണ്‍കുട്ടികളില്‍ വിരളമായവര്‍ മാത്രമേ നേരായ വഴിയില്‍ വളര്‍ന്നിട്ടുള്ളു എന്നാണ് എനിക്ക് ചുറ്റും ഞാന്‍ കണ്ടത്.
മൂത്തവന് 26 വയസ്സും ,ഇളയവന് 22 (കഷ്ടിച്ച്) വയസ്സും. രണ്ടുപേര്‍ക്കും നല്ല വിദ്യാഭ്യാസം നല്‍കി എന്നിട്ടും അവര്‍ അവുടെ വഴിക്കാണ് ഇപ്പോഴും. രാമീന്ദ്രന്‍റെ വിയര്‍പ്പിന്‍റെ മണമുണ്ട് അവിടുത്തേ മണ്‍തരി മുതല്‍ ഐ ഫോണിനുവരെ. കാറും, ബുള്ളറ്റും എന്ന് വേണ്ടാ ഇല്ലാത്തതായി ഒന്നുമില്ല അവിടെ ഒരു പക്ഷേ അതൊക്കെക്കൊണ്ട് കൂടിയാകാം മക്കള്‍ ഇങ്ങനെ ആയിപ്പോകാന്‍ കാരണം എന്ന് എനിക്ക് തോന്നിയിട്ടുണ്ട്.
മൂത്തവന് പഠിച്ച് ഇറങ്ങിയപ്പോള്‍ തന്നെ ജോലി കിട്ടി പക്ഷേ ഒരു മാസത്തില്‍ കൂടുതല്‍ എവിടെയും അവള്‍ ജോലി ചെയ്യില്ല. ആളൊരു പാവമാണ് ഒരു മൊണ്ണ. പൊട്ടന്‍ ദുഷ്ടന്‍റെ ഫലം ചെയ്യുമെന്നല്ലേ പ്രമാണം. ഇളയവന്‍ പത്താംക്ലാസില്‍ പഠിക്കുമ്പോള്‍ മുതലേ പ്രണയം ഏതൊക്കെ രീതിയില്‍ ആകാം എന്നതിനെക്കുറിച്ച് റിസര്‍ച്ച് ചെയ്ത് തുടങ്ങിയിരുന്നു.
അതിന്‍റെ പരിണിതഫലങ്ങളില്‍ ഒന്ന് മാത്രമായിരുന്നു ഒരിക്കല്‍ പത്ത് ദിവസത്തെ അവധിക്ക് വന്ന രാമീന്ദ്രന്‍ പന്ത്രണ്ട് ദിവസവും സര്‍ക്കാര്‍ ആശുപത്രിയുടെവരാന്തയില്‍ നിന്ന് ICU വില്‍ ബോധമില്ലാതെ കിടക്കുന്ന മകനുവേണ്ടി മനസ്സുരുകി പ്രാര്‍ത്ഥിക്കേണ്ടി വന്നത്.
രാമീന്ദ്രന്‍ ആര്‍ക്കും ഒരു ദ്രോഹവും ചെയ്തിട്ടില്ലാത്തതിനാല്‍ ആ പ്രാര്‍ത്ഥന ദൈവം കേട്ടു. പിന്നെയും ലീവ് പത്ത്ദിവസം കൂടി നീട്ടി മകനരികില്‍ ഇരുന്ന്‍ പരിചരിച്ചു ആ പിതാവ്.മടങ്ങുമ്പോള്‍ പറഞ്ഞു മോനേ ഇനിയെങ്കിലും നീ പഠിക്കാന്‍ നോക്ക് ഇപ്പോള്‍ നിനക്ക് പഠിക്കണ്ട പ്രായം ആണ് പ്രണയിച്ച് നടക്കേണ്ട പ്രായം അല്ല .പകുതി ഓര്‍മ്മയിലും തലകുലുക്കി ചിരിച്ചതല്ലാതെ ഒരുറപ്പും ആ പിതാവിന് നല്‍കിയില്ല ആ മകന്‍ . മീശ പഴുതാരയുടെ രൂപത്തില്‍ മൂക്കിനുതാഴെ വിരിഞ്ഞപ്പോഴെയ്ക്കും പ്രണയം തലയ്ക്ക് പിടിച്ച ആ മകന് എങ്ങനെ ഒരു ഉറപ്പ് നല്‍കാനാകും.
അവസാനം ജാനീച്ചായിയുടെ ചോദ്യത്തിന് ഉത്തരം കിട്ടി രാമീന്ദ്രന്‍ പോകാന്‍ തന്നെ തീരുമാനിച്ചു വീണ്ടും ആ ഉഷ്ണക്കാറ്റില്‍ അലിഞ്ഞു ചേരാനായി. വലിയ മകന്‍ കിട്ടിയ ജോലികള്‍ മാറിമാറി ചെയ്തു. ചെറിയ മകന്‍ പ്രണയത്തില്‍ PHD വരെ എടുത്തു .രാമീന്ദ്രന്‍റെ വിയര്‍പ്പില്‍ കടങ്ങളുടെ ഓരോ അക്കങ്ങള്‍ അലിഞ്ഞു പൊയ്ക്കൊണ്ടിരുന്നു. വിശ്രമവേളകളില്‍ വെറുതെ ഇരിക്കുകയാണ് എന്ന് പറഞ്ഞ രാമീന്ദ്രന് ഒരു ഫേസ്ബുക്ക് ഐഡി ഉണ്ടാക്കിക്കൊടുത്തത് ഇളയ മകന്‍ ആയിരുന്നു .അങ്ങനെ ഒരുദിവസം തന്‍റെ വിശ്രമ വേള ആനന്ദകരമാക്കാന്‍ ഫേസ്ബുക്ക് തുറന്ന രാമീന്ദ്രന്‍ ഞെട്ടി. തന്‍റെ കയ്യുംപിടിച്ച് ഇന്നലെ വരെ നടന്ന പൊടിമീശക്കാരനായ ആ മകന്‍ ഒരു പെണ്‍കുട്ടിയുടെ കയ്യും പിടിച്ച് വരണമാല്യവും അണിഞ്ഞു നില്‍ക്കുന്ന ഒരു പടം മകന്‍ തന്നെ പോസ്റ്റ്‌ ചെയ്തിരിക്കുന്നു.
രാമീന്ദ്രന് തന്‍റെ കണ്ണുകളെ വിശ്വസിക്കാനായില്ല കണ്ണുകള്‍ തിരുമിത്തുറന്ന് വീണ്ടും നോക്കി അതേ ഇത് അവന്‍ തന്നെ. ദൈവമേ അവനത് ചെയ്തോ..? പ്രണയം എന്നൊക്ക പറഞ്ഞപ്പോള്‍ പ്രായത്തിന്‍റെ ഒരു വിക്രതിയായേ രാമീന്ദ്രന്‍ അതിനേ കണ്ടുള്ളൂ. കല്യാണ ഫോട്ടോയുടെ താഴെ അവന്‍ കുറിച്ച വാക്കുകള്‍ ആയിരുന്നു രാമീന്ദ്രനെ ഏറ്റവും അധികം വേദനിപ്പിച്ചത്.
"അങ്ങനെ ഞാന്‍ തീരുമാനിച്ചത് ഞാന്‍ ചെയ്തു"
ആ വാക്കുകള്‍ക്ക് കമണ്ട് ആയി ആരോ ഒരാള്‍ എഴുതിയിരിക്കുന്നു
"ഇത് നീ മാത്രം തീരുമാനിച്ചാല്‍ മതിയോ" എന്ന് .അതിന് അവന്‍റെ മറുപിടി "പിന്നല്ലാതെ എന്‍റെ കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് ഞാനല്ലേ" എന്ന്. ഇന്നലെ വരെ നിന്‍റെ കാര്യങ്ങള്‍ തീരുമാനിക്കുന്നതും നോക്കുന്നതും ഞാന്‍ ആണ് എന്നായിരുന്നു മോനേ ഞാന്‍ വിശ്വസിച്ചിരുന്നത് എന്ന് അതിനടിയില്‍ എഴുതണം എന്നുണ്ടായിരുന്നു രാമീന്ദ്രന് ...എന്തിന് വെറുതേ.......എന്ന് ആലോചിച്ചാകം ആ തീരുമാനം വേണ്ടാന്ന് വെച്ചത്.
അങ്ങനെ 22 വയസ്സ് വരെ താന്‍ പല പ്രതീക്ഷയിലും വളര്‍ത്തിയ മകള്‍ അവന്‍റെ സ്വന്തം തീരുമാനത്തില്‍ ചെയ്ത ആദ്യത്തേ ഉദ്യമം വിജയം കണ്ട വാര്‍ത്ത‍ അവന്‍തന്നെ തന്‍റെ പ്രൊഫൈലില്‍ പോസ്റ്റ്‌ ചെയ്തു.
അത് ചിലപ്പോള്‍ അച്ഛന്‍ ഈ പടം കണ്ടിട്ട് വീട്ടില്‍ ഒരു അംഗംകൂടി അധികമായി അതിനാല്‍ ചിലവിന് അയക്കുന്ന തുകയില്‍ മാറ്റം വരുത്തണം എന്ന് ഒരാവശ്യമായി അതിനേ കാണാനായിരിക്കും. സംഭവം സത്യമോ എന്നറിയാന്‍ രാമീന്ദ്രന്‍ ഭാര്യയെ വിളിച്ചു.
"അതേ നിങ്ങള്‍ അറിഞ്ഞതും കണ്ടതും ഒക്കെ സത്യമാണ്. ഇവിടെ വന്നപ്പോള്‍ ആണ് ഞാനും അറിഞ്ഞത് എനിക്ക് എന്ത് ചെയ്യാനാകും ഞാന്‍ ഒരമ്മയല്ലേ..?" അതേ "ഞാന്‍ ഒരമ്മയല്ലേ...?" എന്ന ഈ ചോദ്യമാണ് ആ മകനേ ഇവിടെവരെ എത്തിച്ചത്. അച്ഛന്‍ അരികിലില്ലാതെ മക്കളേ വളര്‍ത്തുന്ന അമ്മമാരുടെ സ്ഥിരം ചോദ്യം. ആ നിസ്സഹായവസ്ഥ മുതലെടുത്ത്‌ പടുകുഴിയിലേയ്ക്ക് കൂപ്പുകുത്തുന്ന മക്കള്‍.
രാമീന്ദ്രന്‍ എണീറ്റ് നടന്നു തന്‍റെ സൂപ്പര്‍വൈസറുടെ മുറിയിലേയ്ക്ക് നാളെമുതല്‍ രണ്ട് മണിക്കൂര്‍ അധികം ഓവര്‍ടൈം കൂടി തനിക്ക് തരണം എന്ന് അപേക്ഷിക്കാന്‍.വീട്ടില്‍ ഒരു അംഗം കൂടി അധികമായില്ലേ എന്ന ചോദ്യം തന്നോട് തന്നെ ചോദിച്ചുകൊണ്ട് ........
രാമീന്ദ്രാ...ഞാനൊന്നു പറയട്ടെ പ്രവാസി ആരോ ചിറകരിഞ്ഞിട്ട ഒരു ജടായു മാത്രമാണ് നിനക്കിനി ഒരിക്കലും പറക്കാനാകില്ല മരണം വരെ
നൂറനാട് ജയപ്രകാശ്
***************************
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo