Slider

പ്രേത ഭൂമിയിലെ വഴിയാത്രക്കാർ

0

സംഭവം ഫസ്റ്റ് ആംഗിളിൽ.....
__________________
സമയം രാത്രി 11.50.... അർദ്ധരാത്രിയാവാൻ ഇനി തുലോം തുച്ഛം നിമിഷങ്ങൾ! സാബു വാച്ചിൽ നോക്കിയതുകൊണ്ടാണ് ഇക്കാര്യം മനസിലായത്.വാച്ചിൽ നോക്കിയില്ലായിരുന്നുവെങ്കിൽ സാബു ഒരിക്കലും ഇതറിയുമായി രുന്നില്ല ...
വൈകുന്നേരം കൃത്യം അഞ്ച് മണിക്ക് മണ്ടൻ കുന്ന് ജംഗ്ഷനിലെ വിമലൻ ആശാൻ്റെ ചായക്കടയുടെ മുന്നിലുള്ള സിമൻ്റ് ബഞ്ചിലിരുന്ന് കൂട്ടുകാരൻ തങ്കുട്ടനോടൊപ്പം ചക്കുളത്തമ്മയുടെ ശക്തിയെ കുറിച്ച് സംസാരിച്ചു തുടങ്ങിയതാണ് സാബു.സമയം കഴിയുംതോറും കൂട്ടുകാർ കൂടി വന്നു.7 മണിയായപ്പോൾ പതിവുകാരെല്ലാം എത്തി.ഓരോരോ കാര്യങ്ങളെ പറ്റി പറഞ്ഞ് അവർ പൊട്ടിച്ചിരിച്ചു, നെടുവീർപ്പിട്ടു,വികാരതരളിതരായി, തർക്കിച്ചു, ഉന്തും തള്ളും നടത്തി, തെറി പറഞ്ഞു, കൊങ്ങക്ക് പിടിച്ചു.....
ഇതിനെല്ലാം ശേഷമാണ് ഷിബു എന്ന അന്ധവിശ്വാസി ചില പ്രേതകഥകൾ പറഞ്ഞു തുടങ്ങിയത്. യുക്തിവാദിയായ സാബു അതീവ ദുർബലമായി ആ അന്ധവിശ്വാസത്തെ എതിർക്കാൻ ശ്രമിച്ചു നോക്കി. പക്ഷേ തങ്കുട്ടൻ പറഞ്ഞതൊക്കെ കേട്ടപ്പോൾ... ഇനി പ്രേതങ്ങളെങ്ങാനും ഉണ്ടോ? സാത്താൻ, ആടിന്റെ തല ,കൊമ്പ്, സുഷ്മ ശരീരം, കൂടുവിട്ട് കൂടുമാറൽ, ഹോ...! ആ സമയത്ത് ഒരു ഓലമടൽ വീഴുകയും ആയുക്തിവാദി പേടിയാൽ രണ്ട് തുള്ളി യൂറിൻ പുറന്തള്ളുകയുമുണ്ടായി. യുക്തിവാദിക്ക് ദൈവത്തെ പേടിയില്ല പക്ഷേ പ്രേതത്തെ പേടിയാണ് എന്ന തത്വം ഇവിടെയും പ്രാവർത്തികമായി .
ഇനി ഇവിടെ നിന്നാൽ ശരിയാവില്ല എന്നചിന്തയാലാണ് സമയമെത്രയായി എന്നറിയാൻ സാബു വാച്ചിൽ നോക്കിയതുംസമയം 11.5 O ആണെന്ന് തിരിച്ചറിഞ്ഞതും...
ഉടനെ തന്നെ സാബു ചാടിയെണീറ്റ് ആരോടും ഒന്നും പറയാതെ, കടയിൽ നിന്ന് വാങ്ങി വച്ചിരുന്നഒരു കവർ ഗോതമ്പ് മാവ് കൈയിലെടുത്ത് ,കക്കോടിയും കേറ്റിക്കെട്ടി ഇരുട്ടിലേക്ക് എടുത്ത് ചാടി വേഗത്തിൽ നടന്നു.
കട്ടപിടിച്ച ഇരുട്ട്.റോഡിനിരുവശവും വളർന്ന് നില്ക്കുന്ന റബ്ബർ മരങ്ങൾ ഇരുട്ടിനെ കൂടുതൽ കറുപ്പിച്ചിരുന്നു. ഇരുട്ടിൻ്റെ കറുത്ത പുഴ ഇരു കൈകളുമുപയോഗിച്ച് ശക്തമായി തുഴഞ്ഞ് വെളിച്ചത്തിൻ്റെ തുരുത്ത് ലക്ഷ്യമാക്കി നീങ്ങി മി.സാബു.സാബു കിതച്ചു, പട്ടിയെ പോലെ.സാബുവിൻ്റെ ശരീരം ഇടവപ്പാതി പോലെ പെയ്തു.സാബുവിൻ്റെ വിയർപ്പുകണങ്ങൾ പുറത്ത് വീണ വഴിയോരതവളകൾ മഴ ചാറുന്നു എന്ന മൂഢവിശ്വാസത്തിൽ പാട്ട് തുടങ്ങി.
മെമ്പർ Mട കുമാറിൻ്റെ വീട് കഴിഞ്ഞതും സാബുവിൻ്റെ മനസിലെ ഭയം അതിൻ്റെ പരകോടിയിലെത്തി.ഇവിടം കഴിഞ്ഞാണ് വള്ളിയർപ്പൻകാട്, കുറ്റുംപുറം, നെടുങ്കാണി, മുത്തിക്കാവ്, ഗാന്ധി സ്മാരകം തുടങ്ങിയ സ്ഥലങ്ങൾ ഉൾപ്പെടുന്ന പ്രേത ലോകം.മണ്ടൻകുന്ന് ഗ്രാമത്തിലെ സകലമാന പ്രേതകഥകളും മിത്തുകളും ഈ പ്രദേശവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ പ്രദേശത്ത് ജനവാസം കുറവാണ്.എത്ര വലിയ യുക്തിവാദിയായാലും ഇവിടെ വന്ന് ഒരു രാത്രി തങ്ങിയാൽ ദൈവമേ കൈതൊഴാം എന്ന പാട്ടും പാടി തിരിച്ചു പോകും.
കോടാലിക്കുഴിയിലെ എരപ്പുകുഴി വെള്ളച്ചാട്ടത്തിൽ 'നിലാവിന്റെ പൂങ്കാവിൽ 'ഇത്യാദി പാട്ടുകളുംപാടി കുളിക്കുന്ന, കൈത മരങ്ങൾ പിടിച്ച് താഴ്ത്തി കൈതപ്പൂവ് പറിക്കുന്ന യക്ഷികൾ, പാതിരാത്രിയിൽ പുരുഷൻമാരെ കിട്ടിയാൽ കൊരവള്ളി കടിച്ച് മുറിച്ച് രക്തം കൂടിക്കുന്ന രക്തരക്ഷസുകൾ, രക്തരക്ഷസുകളുടെ പോലും ചോരകുടിക്കുന്ന കൊതുകുകൾ, ഉറങ്ങിക്കിടക്കുന്ന സുന്ദരികളെയും മോഷ്ടിച്ചു കൊണ്ട് വള്ളിയർപ്പൻ കാടിലെ വൻമരങ്ങളിലേക്ക് ചെരുപ്പും ഊരിയിട്ട് വലിഞ്ഞിഴഞ്ഞ് കയറുന്ന ഗന്ധർവൻ മാർ ..പേടിക്കാൻ ഇവിടെ എന്തെല്ലാമുണ്ട് !!
സാബു ട്രാൻസ്ഫോർമർജംഗ്ഷനിലെത്തി. ടി ട്രാൻസ്ഫോർമർ ഒരു ഭൂതത്താനെ പോലെ മുരളുന്നു.സാബു ഇടക്കിടക്ക് പുറകിലേക്ക് നോക്കി, ആരെങ്കിലും പുറകെ വരുന്നുണ്ടോ...
ഭയാനകമായ നിശബ്ദതത.ചീവീടുകൾ പോലും ചിലക്കാൻ മറന്ന് നിൽക്കുന്ന നിശബ്ദ പ്രേതഭൂമി. ഏകാന്ത നിശബ്ദത സൂചിമുന പോലെ സാബുവിൻ്റെ കാതിലേക്ക് തുളഞ്ഞു കയറി.അതിൻ്റെ മുന സാബുവിൻ്റെ ഹൃദയം വരെ നീണ്ടു.
സാബു കാതോർത്തു " ഒരു പയ്യൻ്റെ കരച്ചിൽ കേൾക്കുന്നുണ്ടോ?"
ട്രാൻസ്ഫോർമർ ജംഗ്ഷന് ഓപോസിറ്റായുള്ള റബ്ബർ എസറ്റേറ്റിലാണ് മരംപുഴുത് വീണ് ഒരു കൊച്ചു പയ്യൻ മരിച്ചു പോയത്.തകർന്നുടഞ്ഞതലയോടെ ഇളകി തൂങ്ങിയ കണ്ണുകളോടെ അവൻ്റെ പ്രേതം മുന്നിൽ നില്പുണ്ടോ ... ?! സാബു ഭയന്നു.തൊട്ടപുറത്തുള്ള വള്ളിയർപ്പൻകാട് ചിറയിലാണ് പൂനൻ എന്ന ചെറുപ്പക്കാരനെ ആരൊക്കെയോ ചേർന്ന് കെട്ടി താഴ്ത്തിയത് ! അവന്റെ വീർത്തവയറും തുറിച്ച കണ്ണും ...!
കണ്ണിൽ കുത്തിയാൽ അറിയാത്തത്ര ഗാഢമായ ഇരുട്ടിൽ നനഞ്ഞ് കുതിർന്ന ശരീരവുമായി പൂനൻ നില്പുണ്ടോ .. മുന്നിൽ... തൊട്ടു മുന്നിൽ ..?!
സാബുവിൻ്റെ നെഞ്ചിടിപ്പ് ഉച്ഛസ്ഥായിയിലായി. സാബുവിന് മൂത്രമൊഴിക്കാൻ മുട്ടി. പക്ഷേ അവിടെ നിന്ന് മൂത്രമൊഴിക്കാൻ ധൈര്യം ഇല്ല.മൂത്രം ഒഴിക്കാൻ ധൈര്യം വേണം, ഇല്ലേൽ മൂത്രം വരില്ല. മൂത്രവുമായി സാബു കൊടുങ്കാറ്റിൻ്റെ വേഗതയിൽ നടന്നു.സാബുവിൻ്റെ കൈയ്യിൽ ഇരുന്ന ഗോതമ്പുമാവിൻ്റെ കവർ വിയർപ്പിൽ നനഞ്ഞ് കുതിർന്നു .അച്ഛന് നാളെ പുട്ട് അവിച്ചു കൊടുക്കാനുള്ളതാണ്, ഗോതമ്പ് മാവ് കൈമോശം വന്ന് കൂടാ... എന്തൊക്കെയോ അപശബ്ദങ്ങൾ ഇരുട്ടിൽ ..സാബു ഗോതമ്പ് മാവും ചേർത്ത് പിടിച്ച് ഓടാനാരംഭിച്ചു. ഈ പ്രേത ലോകത്തിന് പുറത്ത് എത്രയും പെട്ടെന്ന് എത്തണം...
ഗാന്ധി സ്മാരകനിധി കേന്ദ്രം എന്ന ഇടിഞ്ഞു പൊളിഞ്ഞ കെട്ടിടത്തിന് മുന്നിലെത്തിയപ്പോൾ സാബുവിൻ്റെ ഭയം അതിൻ്റെ സൂപ്പർലേറ്റിവ് ഡിഗ്രിയിലെത്തി.ഗാന്ധി സ്മാരകം എന്ന പേര് മഹത്തായ ഒന്നാണ്; പക്ഷേ ഇന്നാട്ടുകാർക്ക് പ്രവർത്തനം നിലച്ച് ഇടിഞ്ഞ് പൊളിഞ്ഞ് കിടക്കുന്ന ഈ കെട്ടിടം ഒരു ഭാർഗ്ഗവി നിലയമാണ്.ഇത് ഗാന്ധി സ്മാരക നിധി കേന്ദ്രമല്ല, ഗാന്ധി സ്മാരക പ്രേത കേന്ദ്രമാണ്. മണ്ടൻ കുന്നിലെ സകല പ്രേതങ്ങളും ഇവിടെയാണ് തമ്പടിക്കുന്നത്.
പ്രേതത്തെ മുന്നിൽ കണ്ടാൽ തിരിഞ്ഞോടി രക്ഷപെടാമെന്ന് മനസിൽ ഉറച്ച്, സസൂഷ്മം സാബു ഓടിക്കൊണ്ടിരുന്നു, പ്രകാശവേഗതയിൽ....!ഗാന്ധിസ്മാരകത്തിലെ, തലക്കൊപ്പം വളർന്ന് നില്ക്കുന്ന ഉപ്പനച്ചൻ കാടിനുള്ളിൽ നിന്ന് കിണറ്റിൽ വീണ് ചത്ത തിലുക്കിച്ചി ഉമ്മയുടെ ഒപ്പനപാട്ട് മുഴങ്ങുന്നുണ്ടോ? അകലെയെവിടെയോ നായകൾ ഓരിയിടുന്നുണ്ടല്ലോ. അങ്ങകലെ നിന്നും കാറ്റിന്നലകളിൽ ഒഴുകിയെത്തുന്ന സംഗീതം യക്ഷിയുടെ പാട്ടാണോ?
സാബു കൊടുങ്കാറ്റിൻ്റെ ശബ്ദത്തിൽ കിതച്ചു. ദൈവത്തിനെ വിളിച്ചു കൊണ്ട് ആയുക്തിവാദി ഝടുതിയിൽ ഓടി..!
ഉപ്പനച്ചൻ കാടിന് മുന്നിലെത്തിയപ്പോൾ,പെട്ടെന്ന്... ദൈവമേ വളരെ പെട്ടെന്ന് ... ഒരു ചുവന്ന തീപ്പൊട്ട്;അല്ലാ.. കത്തിജ്വലിക്കുന്ന ഒരൊറ്റക്കണ്ണ്, നിലത്ത് നിന്നും മുകളിലേക്കുയർന്നു, സാബുവിൻ്റെ മുഖത്തിൻ്റെ തൊട്ടു മുന്നിലേക്ക് ...
സാബു ഭയം കൊണ്ട് പൊതിഞ്ഞ ഒരാർത്തനാദത്തോടെ തിരിഞ്ഞോടി. കൈയിലിരുന്ന ഗോതമ്പ് കവർ വലിച്ചെറിഞ്ഞു കൊണ്ടുള്ള ആ ഓട്ടം വേഗതയുടെ കാര്യത്തിൽ ഒരു സർവകാല റെക്കോഡാണ്.( നോട്ട് ദ പോയിൻ്റ് ഉസൈൻ ബോൾട്ടിനേക്കാൾ വേഗത്തിലോടിയ മണ്ടൻ കുന്നുകാരനാകുന്നു സാബു)
സംഭവം സെക്കൻഡ് ആംഗിളിൽ
------------------
(അതേ ദിവസം)
ശശിമേശിരിയുടെ വർക്ക്കഴിഞ്ഞപ്പോൾ രാത്രി പത്ത് മണിയായി. പണി കഴിഞ്ഞ് കൂലിയും വാങ്ങി നെടുങ്കണി വളിയൻ സായ്പിൻ്റെ കടയിൽ കയറി കുറച്ച് ചായയും കുറച്ച് വാഴക്കാ അപ്പവും കഴിച്ചു.കൂറച്ച് നേരം നാട്ടുവർത്തമാനങ്ങളിൽ മുഴുകിരസിച്ചു.അവിടെ നിന്ന് യാത്ര തിരിച്ചപ്പോൾ സമയം രാത്രി 11.5 O
ചായയുടെ പണം പറ്റിലെഴുതിക്കോ എന്ന് പറഞ്ഞ് ഇറങ്ങുന്ന നേരത്ത് "നീ ഇതിന് അനുഭവിക്കൂമെടാ ദ്രോഹീ..'' എന്നുള്ള വളിയൻ സായ്പിൻ്റെ പ്രാക്ക്, വെറും 15 മിനുട്ടിനുള്ളിൽ പ്രാബല്യത്തിൽ വരുമെന്ന് ശശി സ്വപ്നത്തിൽ പോലും വിചാരിച്ചില്ല.
സ്വതവേ മന്ദഗതിക്കാരനായമേശിരി അഞ്ചേക്കർ സലീമിൻ്റ വീട് കഴിഞ്ഞതും അത്രക്കാണം വിട്ട് ഓടിത്തുടങ്ങി.അഞ്ചേക്കർ തൊട്ട് ഗാന്ധി സ്മാരകം വരെ അത്ര നല്ല പ്രദേശമല്ല.കുറ്റും പുറവും ,റോഡിന് ഇടത് വശത്തെ കുഴിമ്പോക്കുകളായ മുത്തിക്കാവ് കോടാലിക്കുഴി ഏര്യകളും, റോഡിന് വലത് വശത്തുള്ള വള്ളിയർപ്പൻകാടും പ്രേതശല്യത്തിന് കുപ്രസിദ്ധിയാർജിച്ചതാണ്.
ഓടിയോടി ഇബ്രാഹിമിൻ്റെ കടയുടെ അടുത്തെത്തിയപ്പോൾ മേശിരി ഒന്ന് നിന്ന് ശ്വാസമെടുത്തു. പിന്നെ ഭയമകറ്റാനായി നാല് ചുമയും ചുമച്ച് വിണ്ടും ഓടാൻ തുടങ്ങി. പൂനൻ ചത്ത കുളവും കടന്ന് ട്രാൻസ്ഫോർമർ ജംഗ്ഷനിലെത്തി.മനസിൽ വന്ന ഭയം അകറ്റാനായി ഒരു ബീഡി കത്തിച്ചു വലിച്ചു.
ഇരുട്ടിനെ അകറ്റാനായി തീപ്പെട്ടികത്തിച്ച് അതിൻ്റെ ഇത്തിരി വെട്ടത്തിൽ മേശിരി മുന്നോട്ട് നടന്നു. ഇനി ഓടാൻ വയ്യ!കല്ലും മുള്ളും നിറഞ്ഞ പാതയാണ്.ഇരുട്ട്...കറുകറുത്ത ഇരുട്ട്.ചന്ദ്രനും താരങ്ങളും എവിടെ പോയിക്കിടക്കുന്നു, നാശങ്ങൾ!
പാലപ്പൂവിന്റെ മണം.ഭയം കൊണ്ട് മേശിരി വിറച്ചു തുടങ്ങി. കൈയിലെ വിയർപ്പിൽ തീപ്പെട്ടി നനയാതിരിക്കാൻ മേശിരി കഠിനമായി യത്നിച്ചു.ഗാന്ധി സ്മാരകത്തിന് മുന്നിലെ ഉപ്പനച്ചൻ കാടിൻ്റെ സമിപമെത്തിയപ്പോൾ വിറയൽ കാരണം മേശിരിയുടെ കൈയിലിരുന്ന തീപ്പെട്ടി തറയിൽ വീണു.ഇരുട്ട് കറുത്ത ഇരുട്ട്...! വള്ളിയപ്പൻകാട്ടിലെ പാലമരങ്ങളിൽ നിന്ന് യക്ഷികളുടെ ചിരി മേശിരി കേട്ടു .ഈ ഇരുട്ടിൽ നിന്ന് തന്നെ കോരിയെടുത്ത് കാട്ടിലേക്ക് കൊണ്ടു പോകാൻപിശാചുക്കൾ പറന്നടുക്കുന്നുവോ?
തറയിൽ കുനിഞ്ഞിരുന്ന് മേശിരി ,ഭക്തി ഭയ പരവശതയോടെ തീപ്പെട്ടി തപ്പാനാരംഭിച്ചു. എത്രയും പെട്ടെന്ന് തീപ്പെട്ടി കിട്ടിയില്ലെങ്കിൽ ഇരുട്ടിന്റെ സന്തതികളുടെ ആഹാരമാകും ...!
പെട്ടെന്ന്, ദൈവമേ, വളരെ പെട്ടെന്ന് എന്തോ ഒന്ന് തൻ്റെ മുന്നിലേക്ക് നായയുടെത് പോലുള്ള കിതപ്പോടെ ഇരച്ചു വന്നതായി മേശിരിക്ക് തോന്നി. അറുകൊല ....!!!മേശിരി സർവമാന ദൈവങ്ങളെയും വിളിച്ചു കൊണ്ട് ചാടിയെണീറ്റു. പക്ഷേ ശബ്ദം പുറത്തേക്ക് വന്നില്ല.മേശിരി അതി ശക്തിയായി ശ്വാസം ഉള്ളിലേക്ക് വലിച്ചത് കാരണം ചൂണ്ടിലിരുന്ന ബീഡി ശക്തിയായി ജ്വലിച്ചു. തൊട്ട് മുന്നിൽ പ്രേതം ... പേ...! പെട്ടെന്നത്ഒരു കുരവയുമിട്ട് തിരിഞ്ഞോടി.!മേശിരി നിശബ്ദമായ ഒരു നിലവിളിയോടെ ബോധമറ്റ് വീണു...
വാൽ കഷണം: പിറ്റെന്ന് രാവിലെ മണ്ടൻ കുന്ന് നിവാസികൾ ഗാന്ധി സ്മാരകത്തിന് മുന്നിൽബോധംകെട്ടു കിടക്കുന്ന ശശി മേശിരിയെയും, തൊട്ടപ്പുറത്ത് അനാഥമായി കിടക്കുന്ന ഒരു കവർ ഗോതമ്പുപൊടിയെയും കാണുകയുണ്ടായി...
കുറിപ്പ്: പ്രേതമുണ്ടെന്ന് വിശ്വസിക്കുന്നവർ നിരന്തരം പ്രേതങ്ങളെ കാണും. ഇല്ലെന്ന് വിശ്വസിക്കുന്നവർ എത്ര തിരഞ്ഞ് നടന്നാലും കാണില്ലാ.!
😊ശിവൻ മണ്ണയം
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo