
"ന്റെ മോളൊരു ഉണ്ണിയാർച്ച ആകണം"
രാവിൻജാലകം തുറന്ന് ഇരുള് വരവെ
ഭീതിപൂണ്ട് അച്ഛനോടൊട്ടുന്ന കുഞ്ഞിക്കണ്ണിൽ മെല്ലെ ചുണ്ടമർത്തി
എന്നച്ഛൻ മൊഴിഞ്ഞു
പതിഞ്ഞ ഒച്ചയിൽ കഥകൾ ചൊല്ലിയെന്നെ
ഇടനെഞ്ചിൽ താളം പിടിച്ചുറക്കുന്ന
" ന്റെ മോളെന്റെ ഹൃദയമാണെന്നമ്മയോട്
തെല്ല് ശുണ്ഠിയിൽ മൊഴിയുന്ന
പുഴയ്ക്കക്കരെ നീന്തിയെത്താൻ
വൈകുന്ന നേരം ആധിയോടെ ന്നിലേക്ക്
നീന്തിയണഞ്ഞ് കോരിയെടുക്കുന്ന
എന്റെ പൊന്നച്ഛൻ
അക്ഷരത്തിൽ ആകാശ ജാലകം മലർക്കെ
മുന്നിൽ തുറന്നിട്ടതെന്നച്ഛനായിരുന്നു
" ധൈര്യമൊരുകവചമാകണം
കണ്ണുകൾ പടവാളാകണം
ഒരു നോട്ടത്തിൽ മേഘനാദം മുഴങ്ങണം
ഇടിമുഴക്കത്തിലവൻ ഭയന്ന് പിന്മാറണം
കൗമാരകാലത്തെ പ്രണയ അലോസര
ങ്ങളെന്നെ നോവിച്ച നാളച്ഛൻ പറഞ്ഞു
വെൺമേഘ നിറമുള്ള വെള്ളിക്കൊലുസു
കളെന്റെ പാദത്തിൽ അണിയിച്ച്
"പൊന്നിൻ കൊലുസൊന്ന് പണിയിക്കേണം
അച്ഛന്റെ പൊന്നിൻകുടത്തിന് "
അലിവോടെ എന്നച്ഛൻ മൊഴിഞ്ഞു
ആശുപത്രിയുടെ മഞ്ഞച്ച ഭിത്തിയിൽ നോക്കി കിടന്നച്ഛൻ വീണ്ടും പറഞ്ഞു
"പൊന്നിൻ കൊലുസിന്റെ കടം ബാക്കി "
മിഴികളടഞ്ഞച് ഛന്റെ കണ്ണീർ
പുഴയായി പരന്നെന്നെ മുക്കി കളഞ്ഞ നാൾ
വീടിന്റെ വിളക്കണഞ്ഞെന്നമ്മ
പേർത്തും പേർത്തും കരഞ്ഞു
വീടിന്റെയല്ല എൻ ഹൃത്തിന്റെ വിളക്കണഞ്ഞു
കരയാൻ മറന്ന് അച്ഛന്റെ നെഞ്ചിൽ
മുഖമണച്ച് കിടന്നു ഞാൻ
വടക്കേപ്പറമ്പിലെ ചിതയിലെ ചൂടെന്റെ
നെഞ്ചിലിപ്പോഴും കനലായ് ജ്വലിക്കുന്നു
പിന്നൊരിക്കലും പൊന്നിൻ കൊലുസണിഞ്ഞതില്ല ഞാൻ
മച്ചിലെ പെട്ടിയിൽ ഭദ്രമായിരിപ്പൂ
പ്രിയതമൻ തന്ന പൊന്നിൻ കൊലുസുകൾ
എൻതൂലിക തുംബിലെ മഷിപോര
എൻ പ്രിയരെ എൻ അച്ഛന്റെ
സ്നേഹദീപത്തിനെണ്ണ നിറയ്ക്കുവാൻ
എന്നെ ഞാനാക്കിയ സ്നേഹമെ
അച്ഛനല്ല അങ്ങെൻ ദൈവമത്രെ
by: Ammu Santhu
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക