
വീടിന്റെ തട്ടിൻപുറത്തോളം കൗതുകം നൽകിയ മറ്റൊരിടവും എന്റെ ജീവിതത്തിൽ പിന്നൊരിക്കലും ഉണ്ടായിട്ടില്ല. തടി കൊണ്ടുണ്ടാക്കിയ കാൽപ്പെട്ടിയും അതിനുള്ളിൽ അപ്പൂപ്പന്റെ പട്ടാള സ്മരണകളുണർത്തുന്ന ഫോട്ടോകളും, കുറെ ബാഡ്‌ജും.. എത്ര കണ്ടാലും മതിവരില്ല.പിന്നെ ആരൊക്കെയോ പണയം വെക്കാൻ കൊണ്ടുവന്നു പിന്നെ തിരിച്ചെടുക്കാത്ത കുറെ ഓട്ടുപാത്രങ്ങൾ.. ക്ളാവിന്റെ മണം ആയിരുന്നു അവിടെങ്ങും. കുറച്ചു മാറി വേറൊരു കാൽപെട്ടി.. അതിനുള്ളിൽ എന്താണന്ന് ഒരിക്കലും കാണാൻ പറ്റിയിട്ടില്ല. വലിയ താഴ് പലതവണ തുറക്കാൻ നോക്കിയെങ്കിലും നടന്നിട്ടില്ല. അമ്മമ്മയെ പലതവണ സോപ്പിട്ടിട്ടും അത് തുറന്നുകാണിച്ചിട്ടില്ല. കുടുംബ ക്ഷേത്രം പണ്ടെങ്ങോ പൊളിച്ചു മാറ്റിയപ്പോൾ കിട്ടിയ പട്ടും വാളും ആണത്രേ!!.. പെൺകുട്ടികൾ അതിൽ തൊട്ടു അശുദ്ധമാക്കാനും പാടില്ല പോലും.
എന്നാലും ഞാനാ പെട്ടിയെ വട്ടം ചുറ്റി നടക്കുമായിരുന്നു. കർപ്പൂരത്തിന്റെയോ ചന്ദനത്തിന്റെയോ ഒക്കെ മണം അതിനുണ്ടായിരുന്നു. തിരിച്ചറിയാനാകാത്ത ഒരാകര്ഷണ ശക്തി ആ പെട്ടിക്കുണ്ടായിരുന്നു. എന്റെ തട്ടിൻപുറത്തെ പരതൽ വീട്ടുകാർക്ക് അത്രക്കങ്ങു ബോധിച്ചില്ല അതുകൊണ്ടുതന്നെ മുകളിലേക്ക് കയറാനുള്ള ഏണി അവർ എടുത്തു മാറ്റി.
അങ്ങനെയിരിക്കുമ്പോൾ ഒരുദിവസം തേങ്ങയോ മറ്റോ ഇടാനായി ഏണി വീണ്ടും തട്ടിന്പുറത്തേക്കു ചാരി വെച്ചു. അതെടുത്തു മാറ്റും മുൻപ് തന്നെ ആരോ വന്നു വീട്ടിലൊരു മരണം അറിയിക്കുകയും അമ്മമ്മയും അപ്പൂപ്പനും കൂടി എന്നെ അടുത്ത വീട്ടിലേൽപ്പിച്ചു പോവുകയും ചെയ്തു. കിട്ടിയ തക്കം മുതലാക്കി ഞാൻ തട്ടിൻപുറത്തെത്തി. അന്ന് രാവിലെ പത്രക്കാരൻ കൊണ്ടിട്ട ബാലമംഗളവും കൈയിലുണ്ടായിരുന്നു... തട്ടിൻപുറത്തു കാറ്റും വെളിച്ചവും കയറാനായി രണ്ടു കിളിവാതിലുകൾ ഉണ്ടായിരുന്നു. പെട്ടികളൊക്കെ ഒന്ന് തലോടി മണവും ആസ്വദിച്ചു കഥാ പുസ്‌തകവുമായി ജനലരികിൽ നിലത്തിരുന്നു. നിറയെ പൊടിപിടിച്ചിട്ടുണ്ട്. എന്നാലും എന്ത് രസമാണന്നോ അവിടങ്ങനെ ഒറ്റയ്ക്കിരിക്കാൻ.. കഥ വായിച്ചിരിക്കുമ്പോൾ ചന്നം പിന്നം മഴ തുടങ്ങി. ജനാലയിലൂടെ മുഖത്തേക്ക് വെള്ളം തെറിച്ചു വീണു.. നല്ല കാറ്റും തണുപ്പും.. അറിയാതെ മയങ്ങിപ്പോയി. കണ്ണ് തുറന്നപ്പോൾ താഴെ ഒച്ചയും ബഹളവുമൊക്കെ കേൾക്കുന്നു. എന്നെ കാണാഞ്ഞിട്ടാണ്. മെല്ലെ താഴെയെത്തിയപ്പോൾ അപ്പുപ്പൻ വടിയെടുത്തെങ്കിലും അമ്മമ്മ ചേർത്തുപിടിച്ചു കൊണ്ട് അടുക്കളയിലേക്കു പോയി.
അടുക്കളയിൽ വെച്ച് അമ്മമ്മ ആ വലിയ രഹസ്യം എന്നോട് പറഞ്ഞു. വലിയ താഴുള്ള ആ പെട്ടിക്കു കാവലായി തട്ടിൻപുറത്തു ഒരു യക്ഷി ഉണ്ടത്രേ!!!.
പക്ഷെ ഞാനിതുവരെ അതിനെ കണ്ടിട്ടില്ലല്ലോ.. അപ്പോഴാണ് അമ്മമ്മയുടെ അടുത്ത രഹസ്യം..ആ യക്ഷിയെ ആർക്കും കാണാനാവില്ല.. അതെപ്പോഴും നമ്മുടെ പിന്നാലെ നടക്കും പോലും.. ഞാനതൊന്നും വിശ്വസിച്ചില്ല.. എന്റെ അക്കാലത്തെ ഏറ്റവും വലിയ ആഗ്രഹം തുറക്കാത്ത ആ പെട്ടി തുറക്കുക എന്നതായിരുന്നു. യക്ഷിയെ പേടിച്ചു ഇനി മുകളിലേക്ക് പോകില്ല എന്ന വിശ്വാസം കൊണ്ടാകണം ആ ഏണി പിന്നെ അവിടുന്ന് മാറ്റിയില്ല. വേനലവധിക്കാലത്തു ഒളിച്ചു കളിക്കാനായി വീണ്ടും ഞാൻ തട്ടിൻപുറത്തെത്തി. കാലിനടുത്തുകൂടി ഒരു എലിക്കുഞ്ഞു ഓടിപോയി.എന്റെ പഴയ കഥാ പുസ്‌തകം അവിടെ കിടക്കുന്നുണ്ട്. പഴയ ഗ്രാമഫോണിനെ മെല്ലെ ഒന്ന് തലോടി നിലിക്കുമ്പോഴാണ് അതിന്റെ പിറകിലായി ഒരു താക്കോൽകൂട്ടം. എന്റെ സന്തോഷത്തിനു അതിരില്ലായിരുന്നു. യക്ഷി കാവൽ നിൽക്കുന്ന പെട്ടി അല്പം പണിപ്പെട്ടാണെങ്കിലും തുറന്നു. പട്ടും വാളും ഒന്നുമില്ല.. കുറെ വിളക്കുകളും കിണ്ടിയും താളിയോലകളും മാത്രം. ഇനിയിപ്പോ ഞാൻ കാണാതിരിക്കാൻ യക്ഷി മറച്ചതാകുമോ? പെട്ടന്ന് ആരോ അടുത്ത് നിൽക്കുംപോലോരു തോന്നൽ.. പെട്ടി അടച്ചു വെച്ച് നടക്കുമ്പോൾ ആരോ പിറകെ വരും പോലെ.. എന്റെ കാലുകൾ അനങ്ങുന്നില്ല.. തൊണ്ട വരണ്ടുണങ്ങി.. തിരിഞ്ഞു നോക്കാൻ വല്ലാത്ത പേടി.. അവിടുന്ന് എങ്ങനെ താഴെയെത്തിയെന്നു അറിയില്ല. പിന്നീടൊരിക്കലും ആ തട്ടിന്പുറത്തേക്കു പോകാൻ ധൈര്യം കിട്ടിയിട്ടില്ല.
ഇപ്പോഴും രാത്രിയിൽ ഒറ്റയ്ക്ക്നിൽക്കുമ്പോഴും, സർപ്പക്കാവുകളിൽ പോകുമ്പോഴും, ബാത്‌റൂമിൽ ഷവറിനു കീഴിൽ കണ്ണടച്ച് നിൽക്കുമ്പോഴും, പുഴയിൽ മുങ്ങിക്കുളിക്കുമ്പോഴും അന്നനുഭവിച്ച അതേ പേടി എനിക്ക് തോന്നാറുണ്ട്.
സത്യമാണെങ്കിലും അല്ലെങ്കിലും ഒന്ന് പേടിപ്പിക്കാൻ അമ്മമ്മ പറഞ്ഞ വാക്കുകൾ ഇന്നും എന്നെ പിന്തുടരുന്നു. കുട്ടിക്കാലത്തു ചിലരുടെ വാക്കുകൾ നമ്മെ ഏറെ സ്വാധീനിക്കും.. പ്രത്യേകിച്ചും അത്രമാത്രം സ്നേഹിക്കുന്നവരുടെ.. അതുകൊണ്ടുതന്നെ ഞാനൊരിക്കലും യക്ഷിക്കഥകൾ കുഞ്ഞുങ്ങൾക്ക് പറഞ്ഞുകൊടുക്കാറില്ല..
By Uma Pradeep
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക