Slider

സുഹൃത്ത് (കഥ )

0
സുഹൃത്ത് (കഥ )
******************
ബസ്സ് ഒരു ഹംപ് കയറി ഇറങ്ങിയപ്പോൾ ഉണ്ടായ കുലുക്കത്തിൽ ചെറിയ മയക്കത്തിൽ ആയിരുന്ന സതീഷ് ഞെട്ടിയുണർന്നു .ബസ്സിന്റെ സൈഡിലൂടെ പുറത്തേക്കു നോക്കിയെങ്കിലും എങ്ങും കട്ടപിടിച്ച ഇരുട്ട് മാത്രമേ കാണാൻ കഴിഞ്ഞുള്ളു . അവൻ വേഗം ഇടത്തേ കൈകൊണ്ടു മുഖം മുഴുവൻ തുടച്ചിട്ട് സീറ്റിൽ നിന്നും ഒന്ന് ഇളകിയിരുന്നു. മടിയിൽ വച്ചിരുന്ന ബാഗ് അപ്പോഴേക്കും ഊർന്ന് തറയിൽ വീണിരുന്നു അതെടുത്തു വീണ്ടും മടിയിലേക്ക് വച്ചു.മെല്ലെ തിരിഞ്ഞു കണ്ടക്ടറിനെ നോക്കി സതീഷിന്റെ നോട്ടം കണ്ട കണ്ടക്ടർ പറഞ്ഞു "ചേട്ടാ സ്ഥലം ആയില്ല ഇനിയും അരമണിക്കൂർ കൂടി എടുക്കും പേടിക്കണ്ട എത്തുമ്പോൾ ഞാൻ പറയാം". കണ്ടക്ടറിനു ഒരു ചെറിയ ചിരി സമ്മാനിച്ചിട്ട് സതീഷ് വീണ്ടും സീറ്റിലേക്ക് ചാരി ഇരുന്ന്‌ കണ്ണുകൾ അടച്ചു.അപ്പോഴും സതീഷിന്റെ മനസ്സിൽ ഒരു കടലിരമ്പുകയാണ് നീണ്ട 4വർഷങ്ങൾക്കു ശേഷമാണു രഘുവിനെ കാണുവാൻ പോകുന്നത്. കൊല്ലങ്ങളക്ക്മുൻമ്പ് അവൻ രഘുവിനോട് ഒരു തെറ്റ് ചെയ്തു പിരിഞ്ഞതിന് ശേഷം തമ്മിൽ ഒരു കോൺടാക്ട്ടും ഇല്ലായിരുന്നു. ഒരുമിച്ചുണ്ടായിരുന്ന സമയത്ത് രഘുഅവന്റെ നാടിനെപ്പറ്റി പറഞ്ഞ ചെറിയ ഓർമ്മകൾ വച്ചു കൊണ്ടാണ് ഇന്ന് രഘുവിനെ കാണുവാനുള്ള അവന്റെ യാത്ര . ഇ രാത്രിയിൽ രഘു അവനെ കാണുമ്പോൾ എങ്ങനെ പ്രതികരിക്കും എന്നുള്ളതാണ് സതീഷിന്റെ മനസ്സിനെ ഭ്രാന്ത് പിടിപ്പിക്കുന്നത്.
"ചേട്ടാ ചേട്ടൻ പറഞ്ഞ സ്ഥലമെത്തി"... സതീഷിനെ തട്ടി വിളിച്ചു കൊണ്ട് കണ്ടക്ടർ പറഞ്ഞു. സതീഷ് ഒരു കൈയിൽ ബാഗും തൂക്കികൊണ്ട് നിർത്തിയിട്ട ബസ്സിൽ നിന്നും പുറത്തേക്കിറങ്ങി . ബസ്സ് അവനെയും കടന്ന് ഇരമ്പിക്കൊണ്ട് മുന്നോട്ടു പോയി. ആ രാത്രിയിൽ അപരിചിതമായ സ്ഥലത്ത് അവൻ ഒറ്റയ്ക്കായി കൂട്ടിനായി ചുറ്റും കൂരിരുട്ട് മാത്രം. ഇവിടെ നിന്നും ഇനി എങ്ങോട്ട് പോണും എന്നത് സതീഷിനറിയില്ല. അവൻ ആ ഇരുട്ടിൽ ചുറ്റും കണ്ണുകൾ ഓടിച്ചു . കുറച്ചു ദൂരെ ഒരു പോസ്റ്റിറ്റിൽ ചെറിയ വെട്ടം പ്രകാശിപ്പിച്ചുകൊണ്ട് ബൾബ് മിന്നി മിന്നി കത്തുന്നു. ആ വെളിച്ചത്തിന്റെ മിന്നലിൽ ഇയാംപാറ്റകൾ ആ ബൾബിനു ചുറ്റും നൃത്തം ചെയുന്നുണ്ട്.പോസ്റ്റിനടുത്തായി ഒരു സ്ത്രീരൂപം നിൽക്കുന്നു സതീഷിന് ആശ്വാസമായി അവൻ ആ സ്ത്രീയുടെ അടുത്തേക്ക് നടന്നു. അലക്ഷ്യമായി വാരി ചുറ്റിയിരിക്കുന്ന നിറം മങ്ങിയ ഒരു സാരിയായിരുന്നു അവളുടെ വേഷം. വാരി പിരുത്ത പോലെ എണ്ണ തേയ്ക്കാതെ പാറി കിടക്കുന്ന തലമുടി. കഴുത്തിൽ നേർത്ത ഒരു സ്വർണ്ണമാല, കാതിൽ പ്ലാസ്റ്റികിന്റെ കമ്മലുകൾ, കൈകൾ രണ്ടും ശൂന്യമാണ്. ഇടുപ്പിൽ ഒരു മൊബൈൽ ഫോൺ തിരുകി വച്ചിരിക്കുന്നു.ആരെയോ പ്രതീക്ഷിച്ചു നിൽക്കുന്ന മുഖഭാവം.
"അതേ പെങ്ങളെ ഇവിടെ അടുത്തുള്ള ഒരു രഘുവിനെ അറിയാവോ"..... കുറച്ചടുത്തേക്ക് നിന്നുകൊണ്ട് അയാൾ ചോദിച്ചു
"ഏത് രഘു ഇവിടെക്ക രണ്ടു മൂന്നു രഘുമാർ ഉണ്ട്"... അവൾ അല്പം പുച്ഛം കലർന്ന രീതിയിൽ പറഞ്ഞിട്ട് ഉത്കണ്ഠയോടുകൂടി റോഡിന്റെ അങ്ങേ തലയിലേക്ക് നോക്കി നിന്നു.....
"ഞാൻ പറയുന്ന രഘുവിനെ വലത്തേ കണ്ണിന്റെ തഴയായി ഒരു കറുത്തപാടുണ്ട്"..... അവൻ പറഞ്ഞു.
"ആ.... അറിയാം എന്താ കാര്യം"....ഇത് പറയുമ്പോൾ അവളുടെ തൊണ്ട ചെറുതായി ഇടറിയിരുന്നു.
സതീഷ് മറുപടി പറയാൻ തുടങ്ങിയപ്പോഴേക്കും ദൂരെ നിന്നു വരുന്ന ഒരു വണ്ടിയുടെ വെളിച്ചത്തിലേക്ക് അവളുടെ ശ്രദ്ധ പോയി അത് കൊണ്ട് തന്നെ പറയാൻ വന്ന വാക്കുകൾ അവൻ തൊണ്ടയിൽ പിടിച്ചു നിർത്തി. ആ വാഹനം പോസ്റ്റിനു അടുത്തായി വന്നു നിന്നു. അവൾ ഓടി അതിനടുത്തേക്ക് ചെന്നു എന്നിട്ട് ആ ഡ്രൈവറോട് അല്പം ദേഷ്യത്തോടെ തന്നെ ചോദിച്ചു... "അഞ്ചു മിനിറ്റെന്നും പറഞ്ഞു പോയിട്ടേ ഇപ്പൊ അരമണിക്കൂർ ആകുന്നു... നീ എവിടെ പോയി തുലഞ്ഞതാടാ പട്ടീ .." ഡ്രൈവർ വല്ലാത്തൊരു ചിരി ചിരിച്ചു കൊണ്ട് പറഞ്ഞു.. "പിണങ്ങല്ലേടി മുത്തേ ... ജംങ്ഷനിൽ പോലീസ് ചെക്കിങ് ഉണ്ടായിരുന്നു..ഇതും പറഞ്ഞു രണ്ടു അഞ്ഞൂറിന്റ നോട്ടെടുത്തു അവൾക്ക് നേരെ നീട്ടി. അത് പ്രതീക്ഷിച്ചു നിന്നപോലെ അവൾ വേഗം അതുവാങ്ങി ചുരുട്ടി ഇടുപ്പിലേക്ക് തിരുകി വച്ചു. ഡ്രൈവർ സതീഷിനെ ഒന്ന് നോക്കിയിട്ട് അവളോട്‌ ചോദിച്ചു "ആരാടി പുതിയൊരുത്തൻ ഞാൻ അറിയാതെ നീ കച്ചോടം തുടങ്ങിയാ"....
"ചീ അത് ഒരു വഴിപോക്കനാ'" അവൾ ചുണ്ടുകൾ കോട്ടി കൊണ്ട് ഒരു താല്പര്യമില്ലാത്ത മട്ടിൽ പറഞ്ഞു.. "മ് പാതിരായ്ക്ക് അല്ലേ വഴിപോക്കൻ പരിപാടി നടക്കട്ടെ.... സാറേ ഇവളെക്കാളും നല്ല സാധനം എന്റെ കൈയിൽ ഉണ്ട് വേണേൽ പറയണേ എന്റെ നമ്പർ ഇവളേൽ ഉണ്ട് വിളിച്ചാൽ മതി ".. ഒരു വഷളൻ ചിരിയോടുകൂടി ഇത്രയും പറഞ്ഞിട്ട് ഡ്രൈവർ വണ്ടിയുമായി കടന്ന് പോയി.
അവനു മനസ്സിലായി താൻ ഒരു വേശ്യയുടെ കൂടെയാണ് നിൽക്കുന്നത്.അതുകൊണ്ടാണ് ആ ഡ്രൈവർ തന്നെ തെറ്റിദ്ധരിച്ചു വൃത്തികെട്ട രീതിയിൽ സംസാരിച്ചതു. ഡ്രൈവറെ തെറ്റ് പറഞ്ഞിട്ട് കാര്യമില്ല ഒരു സ്ത്രീയെയും പുരുഷനെയും അസമയത് കണ്ടാൽ ആരായാലും ഇതേ ചിന്തിക്കു. അത് പോരാഞ്ഞിട്ട് തന്റെ കൂടെ നിൽക്കുന്നവൾ ഡ്രൈവറിന്റെ കസ്റ്റമർ ആയ ഒരു വേശ്യ.അവനെന്തോ അവളെ നോക്കുന്നതെ അറപ്പായി തോന്നി. എന്നാലും ഇ രാത്രിയിൽ അവൾക്കേ തന്നെ സഹായിക്കാൻ കഴിയു എന്നുള്ളതിനാൽ ഒന്നും മിണ്ടാതെ അവളോടൊപ്പം ആ ഇരുട്ടിനെ കിറിമുറിച്ചുകൊണ്ട് നടന്നു. വഴിയിലൊന്നും വെളിച്ചമില്ലാത്ത കാരണം തറയിൽ കിടക്കുന്ന ഉരുളൻ കല്ലുകളിൽ ചവിട്ടുമ്പോൾ അവന് ബാലൻസ് തെറ്റുന്നുണ്ട്. ഇനിടയിൽ വീണ്ടും അവൾ ചോദിച്ചു "എന്താ കാര്യമെന്ന് പറഞ്ഞില്ലല്ലോ"....
"പ്രതേകിച്ചു കാര്യമൊന്നുമില്ല ഞാൻ രഘുവിന്റെ കൂട്ടുകാരനാ".... ഒരു തെരുവ്‌വേശ്യയോട് എന്തിനു കാര്യം ബോധിപ്പിക്കണും എന്ന് ചിന്തിച്ചുകൊണ്ട് അവൻ പറഞ്ഞു.
" പ്ഫാ കൂട്ടുകാരൻ" ..........എന്ന് പറഞ്ഞു ഒരു ആട്ട് ആട്ടിയിട്ട് അവൾ തുടർന്നു .. "പണ്ട് ആ പാവത്തിന്റെ കാശുമുഴുവൻ ഏതോ ഒരു കൂട്ടുകാരൻ ഗൾഫിൽ വച്ചു പറ്റിച്ചതാ രാജാവിനെ പോലെ ജീവിച്ച ആ കുടുംബത്തിനെ തെണ്ടികൾക്ക് തുല്യമാക്കി മാറ്റി തെരുവിലേക്ക് ഇറക്കിയത്." അവളുടെ ആ വാക്കുകൾ കേട്ട് സതീഷ് ഒന്ന് ഞെട്ടി...അവനു കാലുകൾ തളരുന്നപോലെ തോന്നി. ഈശ്വര തന്നെ കാരണം രഘു..... അവൻ കൈയിലിരുന്ന ബാഗിലെ പിടുത്തം ഒന്നുകൂടി മുറുക്കി പിടിച്ചു കൊണ്ട് ചിന്തിച്ചു. സ്വന്തം നിലനിൽപ്പിനു വേണ്ടി ഒരു കൂടപ്പിറപ്പിനെ പോലെ തന്നെ വിശ്വസിച്ച രഘുവിന്റെ മുഴുവൻ സമ്പാദ്യവും കൊണ്ട് ഞാൻ ഗൾഫിൽ നിന്നും മുങ്ങിയിട്ടും., കടക്കെണിയിലേക്ക് അവനും കുടുംബവും വഴുതിവീണിട്ടുപോലും തനിക്കെതിരെ ഒരു പരാതിപോലും കൊടുക്കാതിരിക്കണമെങ്കിൽ രഘു തന്നെ എത്രമാത്രം സ്നേഹിച്ചിരുന്നുകാണണും, അങ്ങനെയുള്ള അവനെയാണല്ലോ ഭഗവാനെ താൻ ചതിച്ചതു ഇ നിമിഷം വരെ താൻ കരുതിയത് അവൻ സുഖമായി ജീവിക്കുന്നുണ്ടെന്നാണ് . കുറ്റബോധം അവന്റെ മനസ്സിനെ വരിഞ്ഞു മുറുക്കി അറിയാതെ തന്നെ അവന്റെ കണ്ണിൽ നിന്നും ഒലിച്ചിറങ്ങി കണ്ണുനീർ.ഇരുട്ട് ഒന്നുകൊണ്ടു മാത്രം അവൾ അത് കണ്ടില്ല.
"ദാ അതാണ് വീട്.." അവൾ ഒരു വീടിനെ ചൂണ്ടി പറഞ്ഞു." മ് വളരെനന്ദി" എന്ന് പറഞ്ഞിട്ട് അവൻ പോക്കറ്റിൽ നിന്നും അഞ്ഞൂറിന്റ നോട്ടെടുത്ത് അവൾക്ക് നേരെ നീട്ടി. "വേണ്ട സാർ പണിയെടുക്കാത കിട്ടുന്ന പൈസ വാങ്ങി തിന്നാൽ അത് ദഹിക്കില്ല.." അവൾ എന്തോ മുനവച്ചപോലെ പറഞ്ഞിട്ട് ഇരുട്ടിലേക്ക് മറഞ്ഞു. കേവലം 100രൂപയ്ക്ക് വേണ്ടി കണ്ടവന്റെ മുന്നിൽ തുണിയുരിയുന്ന വേശ്യക്ക് പോലും ഇത്രമാത്രം അഭിമാനം ഉണ്ടെന്നു ചിന്തിച്ചപ്പോൾ അവൻ സ്വയം ചെറുതായിപോകുന്നതുപോലെ തോന്നി. നിയന്ത്രിക്കുവാൻ വയ്യാത്ത ഹൃദയമിടിപ്പോടുകൂടി അവൻ അ വീടിനു മുറ്റത്തേക്ക് കയറി. പണിപൂർത്തിയാകാത്ത വീട്.... ചുടുകല്ലുകളിൽ പറ്റിയിരിക്കുന്ന പായൽ കാലപാഴകത്തെ വിളിച്ചറിയിക്കുന്നു. മുന്നിൽ ആർക്കോ വേണ്ടി ഒരു സിറോവാൾട് ബൾബ് എരിഞ്ഞു കൊണ്ടിരിക്കുന്നു.അതിനു ചുറ്റാകെ പലതരം പ്രാണികൾ വട്ടമിട്ട് പറക്കുന്നു.അവസരം കിട്ടുമ്പോൾ ആ പ്രാണികളെ പിടിച്ച് വിശപ്പടക്കുവാൻ വേണ്ടി തയ്യാറായി ഒരു പല്ലി ചുമരിൽ ഇരിക്കുന്നു. അവൻ ചിന്തിച്ചു ഇ വീടിന്റെ പണി നടക്കുമ്പോൾ ആണ് താൻ പണവും കട്ടുകൊണ്ട് പോകുന്നത്. ആ വീട് തന്റെ ചതിയുടെ ഒരു സ്‌മാരകം പോലെ അവനെ നോക്കി ചിരിക്കുന്നപോലെ തോന്നി. തലയ്ക്കുള്ളിൽ ഇരുന്നു ആരോ മൂളും പോലെ അവനു തോന്നി ചതിയനാണ് നീ കൊടും ചതിയൻ.
ഒന്ന് രണ്ടു പ്രാവശ്യം വാതിലിൽ മുട്ടിയപ്പോൾ പന്ത്രണ്ടു വയസ്സോളം പ്രായം തോന്നിപ്പിക്കുന്ന ഒരു പയ്യൻ വാതിൽ തുറന്നു. തുറന്നപ്പോൾ ഉണ്ടായ എണ്ണയിടാത്ത വിജാഗിരിയുടെ ശബ്ദവും നീ ചതിയനാണ് കൊടും ചതിയൻ എന്ന് പറയുന്നതായി അവനു തോന്നി. "ആരാ" ആ കുട്ടി ചോദിച്ചു.." രഘുവിന്റെ വീടല്ലേ..".. അവൻ ചോദിച്ചു... അതേ എന്ന് പറയുന്നതിനോടൊപ്പം തന്നെ ആ പയ്യൻ വിളിച്ചു പറയുന്നുണ്ട് "അമ്മേ അച്ഛനെ തിരക്കി ആരോ വന്നിരിക്കുന്നു." അകത്തുനിന്നും "കയറി ഇരിക്കാൻ പറ ഞാൻ ദാ വരണ് " ഒരു സ്ത്രീശബ്ദം കേട്ടു..... പാതിരായ്ക്ക് ആരാ വന്നതെന്നും നോക്കാതെ കയറി ഇരിക്കാനോ.. ഇനി എന്റെ വരവ് ഇവർ മുൻകൂട്ടി കണ്ടിരുന്നോ എന്ന് ചിന്തിച്ചുകൊണ്ട് അവൻ അകത്തേക്ക് കയറി. ഭിത്തിയിൽ മാലയിട്ട് തൂക്കിയിരിക്കുന്ന രഘുവിന്റെ വലിയ ഫോട്ടോ കണ്ട് അവൻ ഞെട്ടി പോയി. കണ്ണുകളിൽ ഇരുട്ട് കയറുമ്പോലെ അവനു തോന്നി വീഴാതിരിക്കാൻ അവൻ അടുത്തു കിടന്ന കസേരയിലേക്ക് കൈയെത്തി പിടിച്ചു. മറുകൈയിൽ ഉണ്ടായിരുന്ന ബാഗ് പിടുത്തം വിട്ട് നിലത്തേക്ക് വീണു. അപ്പോഴേക്കും "ചേട്ടനെ കണ്ടില്ലേ "...എന്ന് ചോദിച്ചുകൊണ്ട് ആ സ്ത്രീ അങ്ങോട്ട് വന്നു അവളെ കണ്ടതും അറിയാതെ അവൻ കസേരയിലേക്ക് ഇരുന്നു പോയി,അവനെ റോഡിൽ നിന്നും ഇതുവരെ കൊണ്ടുവന്നാക്കിയ ആ വേശ്യയായിരുന്നു അത്.
"നിങ്ങളാണ് എന്റെ ചേട്ടന്റെ പഴയ ആത്മാർത്ഥ കൂട്ടുകാരനെന്ന് താങ്ങൾ രഘുവിന്റെ വീട് ചോദിച്ചപ്പോഴേ എനിക്ക് മനസ്സിലായി കാരണം നിങ്ങൾ എന്നായാലും ഇവിടെ വരുമെന്ന് ആത്മഹത്യ ചെയുന്നതിന്റെ തലെന്നുംകൂടി അദ്ദേഹം പറഞ്ഞിരുന്നു..."...അവൾ കണ്ണുകൾ തുടച്ചുകൊണ്ട് പറഞ്ഞു. അവനു ഇ ലോകം മുഴുവൻ തനിക്കു ചുറ്റും കറങ്ങുന്നതുപോലെ തോന്നി. അവൻ ഇരുകൈകളും കൊണ്ട് കസേരയിൽ മുറുകെ പിടിച്ചു.
"ഇ നിമിഷം നിങ്ങളെ ഇവിടെ വച്ച് വെട്ടികൊല്ലണമെന്ന് എനിക്ക് ആഗ്രഹം ഉണ്ട്. പക്ഷേ അദ്ദേഹം പറഞ്ഞത് ഒരു പക്ഷേ ഞാൻ ഇല്ലാത്ത സമയത്താണ് അവൻ ഇവിടെ വരുന്നെതെങ്കിൽ ഒരു വാക്ക് കൊണ്ടോ നോട്ടം കൊണ്ടോ നിങ്ങളെ വിഷമിപ്പിക്കല്ലാന്നു. അത്രയ്ക്ക് ആത്മാർത്ഥയുള്ള സ്നേഹമായിരുന്നു എന്റെ ചേട്ടന് നിങ്ങളോട് ഉണ്ടായിരുന്നത് പക്ഷേ നിങ്ങൾക്കോ ... ."അവൾ പൊട്ടി കരയുകയായിരുന്നു. ആ വാക്കുകൾക്ക് മുന്നിൽ ഇ ലോകത്തിലെ തന്നെ വൃത്തികെട്ട ജീവിയായ തീട്ടം തിന്നുന്ന പന്നിയേക്കാളും താൻ വിലകുറഞ്ഞവനാണെന്ന് അവനു തോന്നി.കരയുവാൻ പോലും കഴിയാതെ അവൻ തളർന്നിരുന്നു. താൻകൊണ്ട് വന്ന ബാഗിൽ പണ്ട് രഘുവിന്റെ കൈയിൽ നിന്നും എടുത്തതിനെക്കാളും ഇരട്ടി തുകയുണ്ടെങ്കിലും അതൊന്നും താൻ ചെയ്ത തെറ്റിനുള്ള പരിഹാരമല്ലെന്നു അവനു ബോധ്യമായി. ബാഗിലെ പണം മുഴുവൻ തന്നെ നോക്കി അട്ടഹസിച്ചു കൊണ്ട് ചതിയൻ കൊടുംചതിയൻ എന്നു പറയുംപോലെ അവനു തോന്നി. ഒന്നും മിണ്ടാതെ അവൻ അവിടെ നിന്നും ഇറങ്ങി ആ ബാഗ് ഒരു അനാഥനപോലെ ആ വീട്ടിനുള്ളിൽ ഇരുന്നു അട്ടഹസിച്ചു. കൂരിരുട്ടിൽ നടന്നുപോകുമ്പോൾ പ്രകൃതിപോലും ഉറങ്ങാതെ ഉണർന്നിരുന്നു അവനെ നോക്കി പറയുന്നുണ്ട് പണത്തിനു വേണ്ടി ആത്മാർത്ഥ കൂട്ടുകാരന പറ്റിച്ച നീ ചതിയനാണ് കൊടും ചതിയൻ.... .
ഡിനുരാജ് വാമനപുരം
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo