Slider

അക്കട പുക്കുടു തവളാച്ചി....

0
അക്കട പുക്കുടു തവളാച്ചി....
ഞാനും പൊന്നൂം സാറ്റു കളിക്കുകയായിരുന്നു. അതിനിപ്പോ ങ്ങ്ള് എന്തിനാ ഇങ്ങനെ ചിരിക്കണേ അവൾക്ക് ഞാൻ മാത്രല്ലേ ഉള്ളൂ കളിക്കാൻ. അവളുടെ അമ്മ ഭയങ്കര 'ദുഷ്ടത്തി' ആണെന്നാ അവളു പറയണേ. എപ്പോഴും ഹോംവർക്ക്, പഠിപ്പ് എന്നു പറഞ്ഞോണ്ടിരിക്കുമത്രേ ഹും ഇങ്ങനെയും ഉണ്ടോ അമ്മമാര്... ഇനി എങ്ങനെയെങ്കിലും പഠിച്ചു കഴിഞ്ഞാലോ പിന്നെ ഭക്ഷണം കഴിക്കുന്നതിനെപറ്റിയാണ് രണ്ടും കൂടി അടി... മോളു വയറു നിറഞ്ഞൂന്നു പറഞ്ഞാലും അമ്മയുണ്ടോ കേൾക്കുന്നു.. ഭക്ഷണം കഴിപ്പിക്കാനും പഠിപ്പിക്കാനും ശ്രീമതിയുടെ കയ്യിൽ കുറെ ആയുധങ്ങൾ ഉണ്ടുട്ടോ... അതൊന്നും ഉപയോഗിച്ചില്ലെങ്കിലും അതുകൊണ്ടുള്ള ഭീക്ഷണി ശ്ശോ അൺസഹിക്കബിൾ....
ഈ അവസ്ഥയിൽ പൊന്നൂനെ രക്ഷിക്കാൻ ഞാൻ മാത്രമല്ലേ ഉള്ളൂ... പക്ഷേ ഞാനും സമയം കിട്ടുമ്പോൾ പഠിപ്പിക്കും പക്ഷേ ഇങ്ങനെയല്ലാട്ടോ തമാശ പറഞ്ഞും ഒളിഞ്ഞു കളിച്ചും ഗുസ്തി പിടിച്ചും... അതിനിടയിൽ അവളറിയാതെ അവൾ പലതും പഠിച്ചിരിക്കും... അല്ലെങ്കിലും അവളെ ഡോക്ടർ ആക്കണമെന്നോ എഞ്ചിനീയർ ആക്കണമെന്നോ അടുത്ത വീട്ടിലെ കുട്ടിയെക്കാൾ മാർക്ക് വാങ്ങണമെന്നോ ഒന്നാം റാങ്ക് വാങ്ങണമെന്നോ ഒന്നും നമുക്കില്ലാട്ടോ...
കുട്ടികൾ കളിച്ചു വളരട്ടെ.... മണ്ണിലും മണലിലും അവളുടെ കാലുകൾ പതിയട്ടെ... കൂടെ മോശമല്ലാത്ത രീതിയിൽ പഠിക്കട്ടെ അതുമതി... വലുതാവുമ്പോ അവൾ തീരുമാനിക്കട്ടെ എന്താവണമെന്ന്... അല്ലെങ്കിലും ജോലിക്കു വേണ്ടി മാത്രമാവരുത് വിദ്യാഭ്യാസം....
അപ്പോ ദേ ഞങ്ങളു കളിക്കാൻ പോവാ.... ഏതു കളിയാണെന്നല്ലേ അതു തന്നെ
''അക്കട പുക്കുടു തവളാച്ചി ''
ഞങ്ങളുടെ കളി കണ്ട് ഒരുത്തി മുഖവും വീർപ്പിച്ചോണ്ടിരിക്കുന്നുണ്ട് ആരാണെന്നല്ലേ പൊന്നൂൻ്റെ അമ്മ തന്നെ ആ ദുഷ്ടത്തി.... അവൾക്ക് കുശുമ്പാ കുശുമ്പ് ...!!
ഉണ്ണികൃഷ്ണൻ തച്ചമ്പാറ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo