Slider

എരുമ വീട്ടിലെ പെൺകുട്ടി.

0
എരുമ വീട്ടിലെ പെൺകുട്ടി.
.............
ഇടുങ്ങിയ മൺ പാതയിലൂടെ താമസിക്കുന്ന കെട്ടിടം ലക്ഷ്യമാക്കി നടക്കുമ്പോൾ അവളുടെ വീട്ടിലേക്ക് ഞാനൊന്ന് പാളി നോക്കി.. എരുമ ചാണകത്തിന്റെ ഗന്ധമായിരുന്നു എങ്ങും.. എരുമകളും മനുഷ്യരും ഒരുമിച്ചാണ് താമസം എന്ന് തോന്നുന്നു. ഒരു മുഷിഞ്ഞ ചുരിദാറിട്ട് ഒരു വലിയ പാത്രത്തിൽ എന്തോ കലക്കുകയാണ് അവൾ.. എരുമകൾക്കുള്ള കാടി വെള്ളമാവാം.. വേണമെന്ന് വെച്ചിട്ടല്ല മാറിടത്തിന്റെ മുഴുപ്പിലേക്കാണ് കണ്ണുകൾ പോയത്.. ആണിന്റെ കണ്ണ് പലപ്പോഴും അങ്ങനെയാണല്ലോ.. ചാണകം പൂശിയ അഴകളവുകൾ.. എന്നെ കണ്ടിട്ടാവാം അവൾ തലയുയർത്തി നിർവികാരമായി ഒന്ന് നോക്കുക മാത്രം ചെയ്ത് ചെയ്യുന്ന ജോലിയിലേക്ക് ശ്രദ്ധ തിരിച്ചു.
ഓർത്ത് നോക്കി.. ഇവിടെ വന്നിട്ടിപ്പോൾ ഒരാഴ്ച പിന്നിടുന്നു. ബാംഗ്ലൂർ ആണ് ജോലിയെന്നാണ് അറിഞ്ഞിരുന്നത്.ആ ഒരു ആവേശമുണ്ടായിരുന്നു..പിന്നീട് മനസ്സിലായി കമ്പനിയുടെ ഹെഡ് ഓഫീസ് മാത്രമാണ് ബാംഗ്ലൂർ ഉള്ളത്.. എനിക്ക് പോസ്റ്റിംഗ് കിട്ടിയിരിക്കുന്നത് ഹാസൻ എന്ന സ്ഥലത്തുള്ള സൈറ്റിലേക്കാണ്. ഉണങ്ങി വരണ്ട വിജനമായ ഭൂമിയിൽ കർണാടക ഇൻഡസ്ട്രിയൽ ഡെവലപ്പ്മെന്റ് മേഖലയിലായിരുന്നു നിർദിഷ്ട സൈറ്റ്. താമസിക്കാൻ നാല് കിലോമീറ്റർ മാറി ഒരു വാടക വീട്. യാത്ര ചെയ്യാൻ പഴയൊരു സ്പ്ലെൻഡർ ബൈക്ക്... പ്രൊജക്ട് മാനേജറായി മലയാളിയായ കർക്കശക്കാരൻ ജോസഫ് സാർ... പ്രൊജക്ട് എഞ്ചിനീയറായി മൈസൂർ കാരകാരൻ രവി സാർ.. സഹപ്രവർത്തകരായി രണ്ട് തമിഴൻ എഞ്ചിനീയർമാർ .. മുനിസാമിയും സോക്രട്ടീസും...
വലിയൊരു ബാഗുമായി ബസ്സിറങ്ങിയ എന്നെ സ്വീകരിക്കാൻ വന്നത് സോക്രട്ടീസ് ആയിരുന്നു.. വലിയൊരു മഹാന്റെ പേരുള്ള മണ്ടനായിരുന്നു സോക്രട്ടീസ്. അതോ.. അയാളങ്ങനെ അഭിനയിക്കുകയായിരുന്നോ.. വന്ന അന്ന് തന്നെ ജോലിയിൽ കയറാനായിരുന്നു മുകളിൽ നിന്നുള്ള നിർദ്ദേശം.. വലിയൊരു സ്പിന്നിംഗ് മിൽ ഉയർന്ന് വരാൻ പോകുന്നേ ഉള്ളൂ.. എർത്തിംഗ് ജോലികളാണ് ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്നത്.. സമാന്തരമായി സബ് സ്റ്റേഷന്റെ ജോലികളും പുരോഗമിക്കുന്നു..സൈറ്റ് ഓഫീസിൽ ജോസഫ് സാർ എനിക്ക് വേണ്ട നിർദേശങ്ങൾ തന്നു.. അയാളെ കണ്ടപ്പോൾ ചില സിനിമകളിലെ തിലകൻ കഥാ പാത്രങ്ങളെയാണ് ഓർമ്മ വന്നത്.രവി സാർ എന്റെ വരവിൽ വലിയ താൽപര്യം കാണിക്കാതെ വേറെന്തൊക്കൊയോ ജോലികളിൽ വ്യാപൃതനായിരുന്നു. ഇടക്ക് സോക്രട്ടീസിന് എന്തോ കാര്യത്തിന് നല്ല ചീത്ത കേട്ടു.. അയാളൊരു മണ്ടൻ ചിരിയോടെ വെറുതെ കേട്ട് നിൽക്കുക മാത്രമാണുണ്ടായത്.
ഒരു ദിവസം എരുമ വീട്ടിലെ പെൺകുട്ടിയോട് ഒന്ന് മിണ്ടി നോക്കാൻ തന്നെ ഞാൻ തീരുമാനിച്ചു.. ആകപ്പാടെ അറിയുന്ന കന്നട ഭക്ഷണം കഴിച്ചോന്ന് ചോദിക്കുന്നതാണ്.. ഊട്ട മാഡിയാ.. എന്റെ മുറിക്കന്നട കേട്ട് അവൾ ചിരിക്കുക മാത്രം ചെയ്തു.. ദിവസവും അൽപം എരുമപ്പാൽ കിട്ടിയാൽ കൊള്ളാമെന്ന് എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു... എത്തിച്ച് തരാമെന്ന് അവൾ സമ്മതിക്കുകയും ചെയ്തു.
അതിൽ പിന്നെ എല്ലാ പ്രഭാതങ്ങളിലും ഒരു മൊന്ത പാലുമായി അവളെനിക്ക് കണിയായി വരുമായിരുന്നു.. നോട്ടത്തിലെ അശ്ലീലം അപ്പോഴും തുടർന്നു.. അഴകളവുകളിലേക്ക് തുറിച്ച് നോക്കിയ എന്റെ കണ്ണുകളിലേക്ക് നോക്കി അവൾ ചോദിച്ചു.. അണ്ണൻ എന്താ നോക്കുന്നതെന്ന്.. അങ്ങനൊരു കരുത്തുള്ള പെൺ ചോദ്യം തന്നെയാണ് ആണിന്റെ കണ്ണിനുള്ള മരുന്ന്. അതിൽ പിന്നെ ആ പരിപാടിക്ക് മുതിർന്നിട്ടില്ല... എപ്പഴോ. ഒരനിയത്തിയോടുള്ള വാത്സല്യം എന്റെ മനസ്സിലും തോന്നി തുടങ്ങുകയായിരുന്നു.. ഞാൻ സമ്മാനമായി കൊടുത്ത വാസന സോപ്പ് തേച്ച് കുളിച്ച് വന്നപ്പോൾ പെണ്ണിനെ കാണാൻ നല്ല ചന്തമുണ്ടായിരുന്നു നാട്ടിൽ പോയപ്പോൾ ഉമ്മ തന്നയച്ച ഷാൾ കൊടുത്തപ്പോൾ ആ കണ്ണുകളിലുണ്ടായ തിളക്കം കാണേണ്ടത് തന്നെയായിരുന്നു.
ഒരു ദിവസം പതിവിലും നേരത്തെ ജോലി കഴിഞ്ഞിറങ്ങാൻ പറ്റി.വിജനമായ റോഡിലൂടെ ബൈക്ക് ഓടിച്ച് വരുമ്പോൾ സോക്രട്ടീസ് റോഡരികിൽ എന്തോ നോക്കി നിൽക്കുന്നുണ്ട്. വണ്ടി നിർത്തി കാര്യം അന്വേഷിച്ചപ്പോൾ അവനൊന്നും പറയാതെ ഒരു വഷളൻ ചിരിയോടെ പറമ്പിലേക്ക് കണ്ണ് കാണിച്ച് തന്നു. ദേഷ്യം വന്നെങ്കിലും ഞാനൽപം മുകളിലേക്ക് കയറി നോക്കി... സ്ഥല കാല ബോധമില്ലാതെ ഇണ ചേരുന്ന രണ്ട് നാഗങ്ങൾ.. സീൽക്കാരം ... പെട്ടെന്ന് എന്നെ കണ്ടപ്പോൾ നഗ്നത മറക്കാൻ കഴിയാത്ത നിസ്സഹായത..അതിലെ പെണ്ണുടലിന് അവളുടെ മുഖമായിരുന്നു.
അതിൽ പിന്നെ എന്നെ അഭിമുഖീകരിക്കാൻ അവൾക്ക് പ്രയാസമായിരുന്നു.. എങ്കിലും എരുമപ്പാൽ മുടങ്ങാതെ കിട്ടിക്കൊണ്ടിരുന്നു... ഒരിക്കൽ എന്നോടെന്തോ വിശദീകരിക്കാൻ അവൾ ശ്രമിച്ചിരുന്നു.. അവൻ അവളുടെ കാമുകനാണെന്നും.. അവർ ഉടനെ വിവാഹം കഴിക്കുമെന്നും ഒക്കെ.. ഒരു ദിവസം എനിക്കയാളെ പരിചയപ്പെടുത്താൻ ഞാൻ ആവശ്യപ്പെട്ടു.. സന്തോഷത്തോടെ അവളത് തല കുലുക്കി സമ്മതിച്ചു.
ദിവസങ്ങൾ കടന്ന് പോയി... രണ്ട് നാളായി ആ പെൺകുട്ടിയെ കാണാനില്ലല്ലോ എന്ന് ഞാൻ ഓർത്തു. പാലും കിട്ടുന്നില്ല... നാളെ തീർച്ചയായും അവളുടെ വീട്ടിൽ പോയി അന്വേഷിക്കണം.. അന്ന് രാത്രി പതിവില്ലാതെ ഹാസനിൽ കനത്ത മഴ പെയ്തു.. തുള്ളിക്ക് ഒരു കുടം പോലെ മഴവെള്ള പെയ്ത്ത്...
പിറ്റേന്ന് രാവിലെ സൈറ്റിലേക്കിറങ്ങിയപ്പോൾ വഴിയാകെ ചെമ്മണ്ണും എരുമച്ചാണകവും ചേർന്ന് കുഴമ്പ് പോലായിരുന്നു.. എരുമ വീടിന് മുന്നിൽ ആളുകൾ കൂടി നിൽക്കുന്നു.. ചാണകത്തിന്റെ കനത്ത ദുർഗന്ധത്തിനിടയിലൂടെ ആളുകളെ വകഞ്ഞ് മാറ്റി ഞാൻ ഉള്ളിലേക്ക് കയറി നോക്കി... വെള്ളമിറ്റു വീഴുന്ന ഇ റയുടെ കഴുക്കോലിൽ ചോദ്യ ചിഹ്നം പോലെ രണ്ട് കാലുകൾ തൂങ്ങി നിൽപുണ്ടായിരുന്നു.. വിശ്വസിക്കാൻ ഇഷ്ടമില്ലാത്ത നടുക്കുന്ന ഒരു ചിത്രം പോലെ..
കൂടുതലൊന്നും കാണാനും കേൾക്കാനും തോന്നിയില്ല.. പ്രിയപ്പെട്ടവർ നഷ്ടമാവുമ്പോൾ മനസ്സിലൊരു വേദനയില്ലേ... ഉള്ളുരുകുമ്പോൾ ... കൺകോണിലൊരു നീർ തുള്ളി അറിയാതെ താഴേക്ക് ഒഴുകി ഇറങ്ങുമ്പോൾ... എന്നിട്ടും നാം സഹിക്കുന്നില്ലേ.. എങ്കിലും പ്രിയപ്പെട്ട അനിയത്തീ... എന്തിനായിരുന്നു നീ..?
- യൂനുസ് മുഹമ്മദ്.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo