Slider

മാലതി(കഥ) Part 1

0
മാലതി(കഥ)
സുനു.
(സുഹൃത്തുക്കളെ നീണ്ട ഒരു വായന ആവശ്യപ്പെടുന്ന രചനയാണിത് 777 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ഒരു വനമേഖലയായി മനുഷ്യ മനസിനെ ഇവിടെ കരുതുന്നു,അതിനു മീതെയുള്ള ഒരു ആകാശ ദൃശ്യം അല്ല,ഓരോ ജലകണങ്ങളിലേക്കും,പൂവിതളുകളിലേക്കും,പുഴുക്കുത്തുകളിലേക്കും,കൂര്‍ത്ത ഇരുട്ടിലേക്കും കടന്നു ചെല്ലാനൊരു ശ്രമം..ദയവായി സഹകരിക്കുമല്ലോ..)
എരിവെയിലത്ത് കാടും പടലും താണ്ടി ചെങ്കുത്തായ മലകയറി വന്നതിന്‍റെ കിതപ്പും, തളര്‍ച്ചയും, എന്‍റെ ശബ്ധത്തിലുണ്ടായിരുന്നെങ്കിലും 'ഇഷ'യോട് പറയാന്‍ പോകുന്ന പ്രേതാനുഭവത്തിന്‍റെ ഭീതിയും, തീവ്രതയും, മരണ പാച്ചിലിനിടെ, കൈകാലുകളില്‍ തറച്ചുകയറുകയും തൊലിപ്പുറത്ത് കീറലുണ്ടാക്കുകയും ചെയ്ത, ഇല്ലിയുടെയും, തൊടലിയുടെയും, ഇഞ്ചയുടെയും മുള്ളുകള്‍ ചോര്‍ത്തിക്കളഞ്ഞോ എന്നൊരു സംശയം എനിക്കുണ്ടായി. വിയര്‍പ്പിന്‍റെ ഉപ്പേറ്റാമുറിവുകള്‍ വാക്കുകള്‍ക്ക് മീതേ നീറ്റലുണ്ടായി.
ഒരു ട്രയിന്‍ യാത്രയ്ക്കിടയിലാണ് 'ഇഷ'യെ ഞാന്‍ പരിചയപ്പെട്ടത് അല്‍പം മാദകത്വം കലര്‍ന്ന അപൂര്‍വ്വ സൗന്ദര്യമുള്ളൊരു പെണ്‍കുട്ടിയായിരുന്നു അവള്‍. പാരമ്പര്യത്തിന്‍റെയും പ്രൗഡിയുടെയും, വീടിന്‍റെ ധനസ്ഥിതിയുടെയുമൊക്കെ അടയാളങ്ങള്‍ അവളുടെ രൂപത്തിലുണ്ടായിരുന്നു. ആരെയും കൂസാത്ത നോട്ടവും മുഖഭാവമുള്ള ഒരിരുപത്കാരി.
വെയിലേറ്റ് പഴുത്ത ഒരുച്ചനേരം ആളുകളൊരോരുത്തരായി കൊഴിഞ്ഞ് കൊഴിഞ്ഞൊടുവില്‍ കമ്പാര്‍ട്ട്മെന്‍റില്‍ ഞാനും അവളും മാത്രമായി. എന്‍റെ കണ്ണുകള്‍ കൈയ്യില്‍ നിവര്‍ത്തിപ്പിടിച്ചിരുന്ന പുസ്തകത്തില്‍ നിന്നും അവളുടെ മുഖത്തേക്ക് നീണ്ട് ചെന്നു. എന്‍റെ നോട്ടം ഒഴിവാക്കാനായവള്‍, എന്‍റെ കൈയ്യിലിരുന്ന പുസ്തകത്തോളം തന്നെ പോന്ന അവളുടെ ഫോണിലേക്ക് മിഴികള്‍ താഴ്ത്തി, വിരലുകള്‍ കൊണ്ടെന്തോ തോണ്ടിക്കളിച്ചുകൊണ്ടിരുന്നു. പെട്ടെന്നവളുടെ ഫോണിന്‍റെ സ്ക്രീനിലേയ്ക്ക് കറുത്ത രക്ത തുള്ളികള്‍ വീണ് ചിതറി. ഞാന്‍ നോക്കിയിരിക്കുകയായിരുന്നു അത്. ڇആപ്പിള്‍ ഐ പാഡിന്‍റെڈ മറിമായമല്ലതെന്ന് തിരിച്ചറിയാനവള്‍ക്ക് കുറച്ചു നിമിഷങ്ങള്‍ വേണ്ടിവന്നു. ചോരത്തുള്ളികള്‍ കറുപ്പില്‍ നിന്നും ചുവപ്പിലേക്ക് പടരാനെടുത്ത സമയം. കുറച്ചു കാലങ്ങള്‍ക്കു മുമ്പായിരുന്നെങ്കില്‍ എന്‍റേതുപോലെ നിവര്‍ത്തി വച്ചൊരു പുസ്തകത്താളില്‍ നിന്നും നിസാരമായതവള്‍ക്ക് ചോര എന്ന് വായിച്ചെടുക്കാമായിരുന്നു.
അവസരം പാഴാക്കാതെ ഞാന്‍ ഒരക്രമം പ്രവര്‍ത്തിച്ചു. എന്‍റെ കൈവശമുണ്ടായിരുന്ന കുപ്പിയിലെ ഫ്രീസറിന്‍റെ തണുപ്പു മാറാത്ത വെള്ളം- ഞാനവളുടെ തലയിലേക്കൊഴിച്ചു. അവളാകെ ഭയന്ന് ചാടിയെഴുന്നേറ്റ്, തന്‍റെ മൂക്കില്‍ നിന്നും ചോര്‍ന്നുപോയ ചോരയ്ക്ക് ഞാനാണുത്തരവാദി എന്നമട്ടില്‍ എന്നെ നോക്കി. ചൂടിന്‍റെയാണെന്നും, സ്ഥിരമായി ഇങ്ങനെ ചോരവരാറുണ്ടെങ്കിലത് 'പീനിസം' എന്ന ചെറിയൊരു അസുഖമാണെന്നും ഞാനവളോട് പറഞ്ഞു. വളരെ ലാഘവത്തോടെ നിസാരമായാണത് ഞാനവളോട് പറഞ്ഞത്. ''പീനിസമോ ?'' അതെന്താണെന്നവള്‍ ഒട്ടും മയമില്ലാത്ത രീതിയില്‍ എന്നോട് ചോതിച്ചു. പീനിസം 'ലുക്കീമിയ' പോലൊരു മാരക രോഗമല്ലെന്നും അത് ചൂടേറ്റ് മൂക്കിലേക്കുള്ള നേര്‍ത്ത ഞരമ്പുകള്‍ പൊട്ടിയുണ്ടാകുന്ന ബ്ലീഡിംഗാണെന്നും, കണ്ടാല്‍ കാടനെന്ന് തോന്നുന്ന ഒരു ഡോക്ടറുടെ വൈദഗ്ധ്യത്തോടെ ഞാനവളോട് പറഞ്ഞു. എന്നോടെന്തെങ്കിലും പറയാനുള്ള വൈമനസ്യം കൊണ്ടാകാം ട്രയിനിന്‍റെ വെന്‍റിലേറ്ററിലൂടവള്‍ പുറത്തേക്ക് നോക്കിയിരുന്നു. ഞാനെന്‍റെ ബാഗില്‍ നിന്നും ചുവന്നൊരു തോര്‍ത്തെടുത്ത് അവള്‍ക്ക് നീട്ടിയെങ്കിലും, അവളത് വാങ്ങാതെ ഒരു 'നോ താങ്ക്സ് പറഞ്ഞു'. കുറച്ച് കഴിഞ്ഞപ്പോള്‍ തന്‍റെ ഹാന്‍ഡ് ബാഗില്‍ നിന്നും വെളുത്തൊരു കര്‍ച്ചീഫ് എടുത്ത് കണ്ണും മുഖവുമെല്ലാം തുടച്ചു. അവളുടെ ചോരയില്‍ കുതിര്‍ന്ന് പോകാനുള്ള വലിപ്പമേ അതിനുണ്ടായിരുന്നുള്ളൂ.
തുടര്‍ന്നുള്ള യാത്രയിലവള്‍ തന്‍റെ പേരും, വീട്ട് വിവരങ്ങളും പഠിപ്പുകാര്യങ്ങളുമൊക്കെ എന്നോട് പറഞ്ഞു. വീട്ടിലവള്‍ ഒറ്റമോളാണ്, രണ്ട് ചേട്ടന്‍മാരുണ്ട് അച്ഛന്‍ ബാങ്ക് മാനേജരും, അമ്മ കോളേജ് പ്രൊഫസറുമാണ്.
ട്രയിനില്‍ നിന്നുമിറങ്ങും മമ്പേ അവളുടെ ഫോണ്‍ നമ്പര്‍ കൂടി ഞാന്‍ വാങ്ങിയിരുന്നു. എന്തോ പറയാന്‍ ബാക്കിയുണ്ട് എന്ന് ധ്വനിപ്പിക്കുന്ന രീതിയില്‍ ഞാനവളോട് യാത്രപറഞ്ഞിറങ്ങി.
ഞാനിറങ്ങിപ്പോകുന്നത് നോക്കാതവള്‍ മറ്റെവിടെയോ കണ്ണുനട്ടിരുന്നു. അത് മനപ്പൂര്‍വ്വമായിരുന്നോ എന്നെനിക്കറിയില്ല.
അവളുടെ രൂപവും സ്വഭാവവും എന്നെയും, എന്‍റെ ഫോണ്‍വിളികള്‍ അവളെയും അസഹ്യമാംവിധം അസ്വസ്ഥപ്പെടുത്തിക്കൊണ്ടിരുന്ന ദിവസങ്ങളിലൂടെയും, മണിക്കൂറുകളിലൂടെയും, നിമിഷങ്ങളിലൂടെയുമാണിപ്പോള്‍ ഞങ്ങള്‍ കടന്ന് പോയ്ക്കൊണ്ടിരുന്നത്. അവളുടെ ഭാഗത്തുനിന്നും ഒരു പൊട്ടിത്തെറിയോ 'മേലാലെന്നെ വിളിക്കരുത്' എന്നൊരു വെട്ടിമുറിക്കലോ ഭയന്നായിരുന്നു അവള്‍ക്കുള്ള എന്‍റെ ഓരോ കോളുകളും. മിക്കപ്പോഴുമവള്‍ കോളെടുക്കാറില്ല. എടുത്തിട്ട് ചിലപ്പോള്‍ കട്ട് ചെയ്ത് വിടും. ഞാനപ്പോള്‍ വല്ലാത്തൊരു നിര്‍ബന്ധ ബുദ്ധിയോടെ വീണ്ടും വീണ്ടും, വിളിച്ചുകൊണ്ടേയിരിക്കുഎനിക്ക് ഫോണ്‍ നമ്പര്‍ തന്ന നിമിഷത്തെ അവള്‍ ശപിക്കുന്നുണ്ടാകും. തന്‍റെ ഇരുപത് വയസ്സിന്‍റെ യുവത്വവും സൗന്ദര്യവുമൊന്നും എന്നെപ്പോലൊരു കാട്ടുവാസിക്കുവേണ്ടി കാത്തുവയ്ക്കേണ്ട കാര്യം അവള്‍ക്കില്ലല്ലോ, എന്ന ചിന്ത എന്നെ അസ്വസ്തപ്പെടുത്തിക്കൊണ്ടിരുന്നു. ട്രയിനില്‍ നിന്നും ഇറങ്ങിപ്പോരുന്നതുവരെ അവള്‍ക്കെന്നോടുണ്ടായിരുന്ന മതിപ്പ്, അസമയത്തുള്ള ഫോണ്‍ വിളികളും മെസ്സേജുകളും കൊണ്ട് ഞാന്‍ തന്നെ ഇല്ലാതാക്കി. അവളിലേക്കുള്ള എന്‍റെ വഴികള്‍ ദിവസം ചെല്ലുന്തോറും ഇടുങ്ങിയതും ദുര്‍ഘടവുമായിക്കൊണ്ടിരുന്നു. എന്‍റെ ലക്ഷ്യമാവട്ടെ അവളിലേക്ക് മാത്രമായി ചുരുങ്ങുകയും ചെയ്തു.
'ഇഷയെ കുറിച്ചുള്ള അറിവുപോലും എനിക്ക് മാലതിയെ'ക്കുറിച്ച് ഉണ്ടായിരുന്നില്ല. അവളുടെ പേര്
മാലതി എന്നാണെന്നും ഊര് ഗൂഡല്ലൂരാണെന്നുമൊക്കെ എന്‍റെ ഒരു തോന്നലായിരുന്നു. അവളുടെ മെലിഞ്ഞൊട്ടിയ കൈകളില്‍ പിത്തളകൊണ്ടുള്ള നിറം മങ്ങിയ ഒരു വളയുണ്ടായിരുന്നു. അസ്ഥികൂടം പോലുള്ള കഴുത്തില്‍ പൊട്ടിപ്പൊളിഞ്ഞൊരു മുത്തുമാലയും. നീളമേറിയ അവളുടെ കറുത്ത മുടിയിഴകളധികവും കൊഴിഞ്ഞു പോയിരുന്നു.
നീലയും കടും വയലറ്റും കലര്‍ന്ന അവളുടെ വസ്ത്രങ്ങളാകെ വെയിലും മഴയുമേറ്റ് കീറിപ്പറിഞ്ഞിരുന്നു. ഈ ലോകത്തൊരു സ്ത്രീയും എത്തിപ്പെടാന്‍ സാധ്യതയില്ലാത്തൊരു സ്ഥലത്തു വെച്ചായിരുന്നു അവളെ ഞാന്‍ ആദ്യവും, അവസാനവുമായി കണ്ടത്.
ഇഷയോടത് പറയാനെന്‍റെ മനസ്സ് വെമ്പി. ഞാനവളെ വിളിച്ചുകൊണ്ടേയിരുന്നു. നാലാം വട്ടമവള്‍ കോള്‍ എടുത്തു.
''ഇഷ കോള്‍ കട്ട് ചെയ്യരുത് പ്ലീസ്.. എനിക്കൊരത്യാവശ്യ കാര്യം പറയാനുണ്ട്. അത് കഴിഞ്ഞ് കട്ടാക്കിക്കോ..''
''എന്താ പറ എന്തിനാ ഇങ്ങനെ കിതക്കുന്നെ ?''
''ഇഷയിതാരോടും പറയില്ലെന്നെനിക്കുറപ്പ് തരണം.''
'എന്താ കാര്യംന്ന് പറ..''
''ആദ്യം മറ്റൊരാളിതറിയില്ലെന്നുറപ്പ് താ..''
''ആദ്യം കാര്യം കേള്‍ക്കട്ടെ എന്നിട്ട് തീരുമാനിക്കാം.''
''പേടിക്കണ്ട ഇഷയെ ഇഷ്ടമാണെന്ന് പറയാനൊന്നുമല്ല.''
''എനിക്കെന്ത് പേടി. അങ്ങനെ പറഞ്ഞാല്‍ അതോടെ തീരും എല്ലാം...''
''ഓകെ, ഓകെ അത് വിട്, ഇഷ കട്ട് ചെയ്യല്ലേ ഞാന്‍ പറയാം ഇഷയിത് പുറത്താരോടേലും പറഞ്ഞാ എനിക്കപകടമാണ്. അതുകൊണ്ടാണ് ആരോടും പറയരുതെന്ന് പറഞ്ഞത്.''
''എന്തിനാ പേടിക്കുന്നെ ഞാന്‍ പറഞ്ഞാല്‍ തന്നെ എനിക്കറിയാവുന്നവര്‍ക്കൊന്നും ഇയാളെ അറിയില്ലല്ലോ? പിന്നെന്താ പ്രശ്നം?''
''എങ്കിലും ആരോടും പറയരുത്.''
''താന്‍ പറയുന്നുണ്ടേല്‍ പറയ് അല്ലെങ്കി ഞാന്‍ വെച്ചിട്ട് പോകും.''
''ഇഷ ഞാരൊരിടത്തൊരു പെണ്ണിന്‍റെ ശവം കണ്ടു. ഒരു തമിഴത്തിപ്പെണ്ണിന്‍റെ''
''ശവമോ, എവിടെ ?''
'അരിവിക്കുഴീല്‍' പഴകിദ്രവിച്ച് അസ്ഥികൂടം മാത്രമേയുള്ളൂ.
മൂന്നാല് മാസത്തെയേലും പഴക്കം കാണും, നീണ്ട മുടിയുള്ള ഒരു പെണ്ണ്. കൈയ്യിലൊരു ചെമ്പുവളയും, കുറേ കുപ്പിവളകളുമുണ്ട്. കഴുത്തിലൊരു മുത്ത് മാല കിടപ്പുണ്ട്. വയലറ്റ് നിറത്തിലൊരു ചുരിദാറും കരിനീല നിറമുള്ളൊരു പാന്‍സുമാണവളുടെ വേഷം. കണ്ണിന്‍റെ സ്ഥാനത്ത് ഇരുട്ടുപോലെ രണ്ട് കുഴികള്‍. മൂക്കും ചിറിയുമെല്ലാം വെയിലും മഴയുമേറ്റ് അലുത്ത് പോയിരുന്നു. വായല്‍പം തുറന്ന പടി രണ്ട് നിരപല്ലുകള്‍ മാത്രം കാണാം. മരണസമയത്തെ കരച്ചിലും വേദനയുമൊക്കെ മാറി. ഇപ്പോഴൊരു പേടിപ്പെടുത്തുന്ന ചിരി മാത്രമാണവളുടെ മുഖം...''
ഇത്രയും പറഞ്ഞ ശേഷം ഞാനാകെ ടയേഡാണ്, കുറച്ച് കഴിഞ്ഞ് വിളിക്കാം എന്ന് പറഞ്ഞ് അവളുടെ പ്രതികരണത്തിന് കാത്ത് നില്‍ക്കാതെ ഞാന്‍ കോള്‍ കട്ട് ചെയ്തു.
കുളിക്കാനായി ബാത്ത് റൂമിലേക്ക് കയറിയ ഞാന്‍ മുള്ള് കൊണ്ട് കീറിയ മുറിവുകളില്‍ തണുത്ത വെള്ളം വീണിട്ടും നീറ്റലറിയാതെ മാലതിയുടെ നിശ്ചലാവസ്ഥക്കടുത്ത് ചെന്ന് ഏറെനേരം നിന്നു.
കുളികഴിഞ്ഞ് തോര്‍ത്തിവന്നപ്പോഴേക്കും എന്‍റെ ഫോണില്‍ ഇഷയുടെ നാലഞ്ച് മിസ്ഡ് കോളുകള്‍ കണ്ടു എന്‍റെ മനസ്സില്‍ സന്തോഷത്തി്നറെയും ഉല്‍സാഹത്തിന്‍റെയും ഒരു തള്ളിക്കയറ്റമുണ്ടായി. അന്ന് ട്രയിനില്‍ നിന്നും ഇറങ്ങിപ്പോന്നതിന് ശേഷം ഇപ്പോള്‍ എനിക്ക് വല്ലാത്തൊരു ശാന്തതയും സമാധാനവും അനുഭവപ്പെട്ടു. ഞാന്‍ പോയി ഉച്ചഭക്ഷണം കഴിച്ചിട്ട് ദുസ്വപ്നങ്ങളുടെയോ, ആശങ്കകളുടെയോ അലട്ടലൊന്നുമില്ലാതെ സുഖമായൊന്നുറങ്ങി.
ഉണര്‍ന്നെണീക്കുമ്പോള്‍ സന്ധ്യ കഴിഞ്ഞിരുന്നു. ഞാന്‍ ചാടി പിടുപിടുത്തെണീറ്റ് ഫോണ്‍ എടുത്ത് നോക്കി 12 മിസ്ഡ് കോളുകളും, പ്ലീസ് കോള്‍ മി.. എന്നൊരു മെസ്സേജും. ഇനി ഒരിക്കലുമവളോട് സംസാരിക്കാനായില്ലെങ്കിലും ഞാന്‍ സമാധാനത്തോടെ ജീവിക്കും എന്നൊരു വിശ്വാസത്തില്‍, ഇഷയെ വിളിക്കുന്നത് ഞാന്‍ രാത്രിയിലേക്ക് നീട്ടിവച്ചു.
രാത്രി, പ്രതീക്ഷിച്ചതിന് വിരുദ്ധമായി ഞാന്‍ വിളിച്ചതേ അവള്‍ കോള്‍ എടുത്തു.
''എന്താ ഇത്രേം നേരമായിട്ടും വിളിക്കാഞ്ഞത്?''
ലേശം പരിഭവം കലര്‍ത്തി അവള്‍ ചോതിച്ചു. അതെനിക്ക് വല്ലാത്ത ഊര്‍ജം പകര്‍ന്നു.
''കിടന്നുറങ്ങിപ്പോയി. ഇന്ന് രാത്രിയെനിക്കുറങ്ങാന്‍ പറ്റില്ലല്ലോ...''
''ഈ അരുവിക്കുഴി എവിടാണ് ?''
മറ്റൊന്നിലേക്കും പോകാതവള്‍ 'മാലതി'യിലേക്ക് തന്നെ വന്നു.
''ഇഷയ്ക്ക് കേള്‍ക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ഞാനത് വിശദമായി പറയാം. അല്ലെങ്കില്‍ 'ഇവിടടുത്ത്' എന്നൊറ്റവാക്കില്‍ പറയാം.''
''വിശദമായിതന്നെ പറഞ്ഞോളൂ. ഞാന്‍ പതുക്കയേ സംസാരിക്കൂ. പപ്പേം മമ്മീം വെല്ലിമ്മച്ചീം ചേട്ടനുമൊന്നും കിടന്നിട്ടില്ല...''
''ഓകെ ഞാന്‍ പറയാം ആരോടെങ്കിലും ഇത് പറയാതെ എനിക്കും സമാധാനമില്ല. ഇഷയോട് ഞാന്‍ പറഞ്ഞിട്ടുണ്ടല്ലോ കേരളത്തിന്‍റെയും തമിഴ്നാടിന്‍റെയും അതിര്‍ത്തിക്കടുത്താണ് എന്‍റെ വീട്. കേരളത്തിന് താഴെ തമിഴ് നാടിന്‍റെ ചെങ്കുത്തായ പാറക്കെട്ടുകളും മലനിരകളും വനഭൂമികളുമാണ്. കേരളത്തില്‍ നിന്നും ഒഴുകിപ്പോയി കീഴ്ക്കാം തൂക്കായ ഒരു മലയില്‍ നിന്നും രണ്ടായിരം അടി താഴ്ചയിലേക്ക് അലറി ചാടുന്ന ഒരു കാട്ടരുവിയുണ്ടിവിടെ. ഭയപ്പെടുത്തുന്ന ആഴങ്ങളിലേക്കാണാ അരുവി നുരഞ്ഞ് കുത്തി, മഞ്ഞുപോലെ പടര്‍ന്ന് പോകുന്നത്. അതിന്‍റടിവാരത്തേക്ക് നോക്കിയാല്‍ ഒരു സ്വപ്നം പോലെയേ നമുക്ക് തോന്നൂ. അരുവി ചെന്ന് കുത്തുന്നിടം നിബിഢമായ വനപ്രദേശമാണ്. അരുവിയുടെ മഞ്ഞേറ്റ് നനഞ്ഞ് പായല്‍ പിടിച്ച് നില്‍ക്കുന്ന വന്‍ മരങ്ങളും വള്ളിപ്പടര്‍പ്പുകളും പാറക്കൂട്ടങ്ങളുമാണവിടെ.
കാട്ടിലൂടെ അരുവിക്കൊപ്പം അവിടെനിന്നും താഴേക്കിറങ്ങിയാല്‍ പാറയിടുക്കുകളിലും മരവേരുകളിലും തട്ടിത്തടഞ്ഞ് നാലഞ്ച് മൈലുകള്‍ ചെല്ലുമ്പോള്‍ തമിഴ്നാടിന്‍റെ സമതലഭൂമിയിലെത്തും. നിലക്കടലയും, പച്ചക്കറികളും, തെങ്ങും, പുളിമരങ്ങളും, മുന്തിരിയുമെല്ലാമുള്ള കൃഷിത്തോട്ടങ്ങള്‍, വലിയ ആട്ടിന്‍ പറ്റങ്ങളെയും കാലിക്കൂട്ടങ്ങളെയും കാണാം. കൃഷിത്തോട്ടങ്ങളുടെയെല്ലാം നടുവിലായി ഓലമറച്ച ഓരോ കാവല്‍ മാടങ്ങളുണ്ട്. അതിനുള്ളിലോരോ പാണ്ടികിഴവന്മാരും, അവരുടെ കാവല്‍ നായ്ക്കളുമുണ്ടാകും. അവിടെനിന്നും പത്ത് മൈല്‍ ദൂരം പോയാല്‍ അങ്ങക്കരെ മലയാള മലകളോട് എതിരിട്ട് നില്‍ക്കുന്ന കറുത്തിരുണ്ട ചുരുളിമല നിരകളുടെ ഇരുണ്ട നീലിമ കാണാം. അരുവി കാണാനെത്തുന്ന നോര്‍ത്ത് ഇന്‍ഡ്യന്‍സിനും, യൂറോപ്പ്യന്‍മാര്‍ക്കും, അമേരിക്കന്‍സിനും അറബികള്‍ക്കും, എല്ലാം താഴെ കാണുന്ന തമിഴ്നാടൊരു സ്വപ്ന ഭൂമിയായി തോന്നും. ഭൂമിയിലെ ഏറ്റവും നല്ല ചിത്രകാരന്‍റെ കരവിരുത്. നിലമുഴുന്ന ട്രാക്ടറുകളുടെയും കീടനാശിനി തളിക്കുന്ന യന്ത്രങ്ങളുടെയും വിദൂരമായ ശബ്ദം അവര്‍ക്ക് കേള്‍ക്കാനാകും. മങ്ങിയ നാലുമണിവെയിലില്‍ അരിച്ചെത്തുന്ന പഴയ തമിഴ് പാട്ടുകളും അവര്‍ക്ക് കേള്‍ക്കാനാവും. അതിന്‍റെ ഉറവിടമായ, താറാക്കൂട്ടങ്ങളെ പോലെ വെയിലേറ്റ് തിളങ്ങുന്ന തമിഴ്നാടന്‍ നഗരങ്ങളും കാണാം.
സന്ധ്യ മയങ്ങുന്നതോടെ അരുവിയുടെ ചുറ്റുമുള്ള പ്രദേശമാകെ വിജനമാകും, അരിവിമാത്രം ഒരു അലമുറയായി അവശേഷിക്കും. ചൂടും തണുപ്പും കലര്‍ന്നൊരു മലങ്കാറ്റടിക്കും, പാണ്ടി നഗരങ്ങളിലെ വൈദ്യുത വിളക്കുകളോരോന്നായി ആകാശത്തെ നക്ഷത്രങ്ങപോലെ മിന്നി തെളിഞ്ഞ് വരും. ഭീതിയുണര്‍ത്തുന്ന ആഴങ്ങള്‍ ഇരുള്‍ വന്ന് മൂടുന്നതോടെ പകല്‍കാഴ്ചയുടെ ഭയമൊടുങ്ങി. മൂടല്‍ മഞ്ഞ് പോലൊരു 'ദുരൂഹത' അരുവിയെ ചൂഴ്ന്ന് താന്നിറങ്ങിവരും. ഇഷക്ക് കേള്‍ക്കാന്‍ പേടിയുണ്ടോ?
''ഇല്ല. ആ ബോഡി എങ്ങനാണ് കണ്ടതെന്ന് പറയൂ..''
''അത് തന്നെയാണ് പറഞ്ഞ് വരുന്നത് അതിനു മുമ്പാ സ്ഥലത്തെക്കുറിച്ച് വ്യക്തമായി പറയേണ്ടതുണ്ട്.''
''ശരി, പറയൂ...''
സന്ധ്യകഴിഞ്ഞാല്‍ പിന്നെ അവിടേക്കാരും പോകാറില്ല. അരുവിയുടെ താഴ്വാരങ്ങളില്‍ വല്ലപ്പോഴും വേട്ടക്ക് പോകുന്നവരൊഴികെ അരുവിയിലേക്ക് ചാടി ചത്തവരുടെയും, അബന്ധത്തിലതിലേക്ക് വീണുപോയവരുടെയും ആത്മാക്കള്‍ ദുരന്തസ്മരണകളായി, ഇരുട്ടിനൊപ്പം മൂടല്‍ മഞ്ഞ് പോലെ താണിറങ്ങി വരുമെന്നാണ് പറയപ്പെടുന്നത്.
സന്ധ്യ കഴിഞ്ഞവിടേക്ക് ചെല്ലുന്നവരെ ആ പൈശാചിക ശക്തികള്‍ അരുവിയിലേക്ക് വലിച്ചിടും. രാവിലെയവര്‍ അരുവിക്കടിവാരത്തെ പാറക്കൂട്ടങ്ങള്‍ക്കിടയില്‍ ചിന്നിച്ചിതറിക്കിടക്കും. ഉച്ചയോടെ അവരെ അരുവിക്കടിയില്‍ നിന്നും
പെറുക്കിക്കെട്ടി മുകളിലേക്ക് കൊണ്ടുവരും. ശവശരീരങ്ങളുടെ ഉടയവരില്‍ നിന്നും, പതിനായിരവും, പതിനയ്യായിരവുമൊക്കെ കൈപ്പറ്റി നാട്ടിലെ ഏറ്റവും തന്‍റേടവും കരളുറപ്പുമുള്ള ചേട്ടന്‍മാര്‍, മദ്യത്തില്‍ മുങ്ങിയാണ് ശവമെടുക്കാനായി അരിവിക്കുഴിയിലിറങ്ങുന്നത്. ശവമുയര്‍ത്തുന്നതിനിടയില്‍ ധൈര്യവും ലഹരിയും ചോര്‍ന്ന്, സ്ഥിരബുദ്ധി നഷ്ടമായവരും, നിരന്തരം മദ്യപാനികളായി മാറിയവരുമുണ്ട് നാട്ടില്‍. കശാപ്പ് കടകളിലെ ഇറച്ചിത്തുണ്ടുകള്‍ക്ക് മുന്നില്‍ കൊതിയോടെയും കൂസലില്ലാതെയും നില്‍ക്കുന്ന പലരും, മനുഷ്യന്‍റെ തലയുടെ പാതിയും, പൊട്ടിയളിഞ്ഞ കുടല്‍മാലയും വെളുത്ത തലച്ചോറും, മനുഷ്യ മാംസത്തിന്‍റെ മനംമടുപ്പിക്കുന്ന വാടയുമേറ്റ് ദിവസങ്ങളോളം ആഹാരമൊന്നും
കഴിക്കാതെ തുപ്പി, തുപ്പി നടക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ആത്മഹത്യ ചെയ്തവരായിരുന്നു അധികവും. അപൂര്‍വ്വമായി കമിതാക്കളും വന്ന് അരുവിയിലേക്ക് ചാടി ചിതറി പോയിട്ടുണ്ട്. അവരുടേതായി നനഞ്ഞു കുതിര്‍ന്നൊരു കടലാസ് തുണ്ടും അതിനു മീതെ ചെറിയൊരു കല്ലുമുണ്ടാകും, അനാഥമായ ഒന്നോരണ്ടോ ജോടി ചെരുപ്പുകളും, ആചെരുപ്പുകള്‍' അത് വല്ലാത്തൊരു കാഴ്ച തന്നെയാണ്.സന്ധ്യ കഴിഞ്ഞാല്‍ അരുവിയെയും പരിസരത്തെയും കുറിച്ചുള്ള ഭീതിയുടെ ഒരംശം പകലുകളിലും അരുവിക്കടിവാരമുള്ള വനഭൂമികളെക്കുറിച്ച് ആളുകള്‍ക്കുണ്ടായിരുന്നു. അതേ ഭീതിയും നിഗൂഡതയും തന്നെയായിരുന്നു അരുവിക്കുഴിയിലേക്ക് എന്നെ ഇറക്കിക്കൊണ്ട് പോയതും. പണ്ട്കാലങ്ങളില്‍ ചാരായം വാറ്റാനും, മുളവെട്ടാനും, മൃഗവേട്ടക്കുമായി മാത്രമേ, ആളുകള്‍ അവിടേക്ക് പോയിരുന്നുള്ളൂ. ആറേഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് മുളവെട്ടാന്‍ പോയ ഒരു സംഘത്തോടൊപ്പമാണ് ഞാനും ആദ്യമായി അവിടേക്ക് ഇറങ്ങിച്ചെല്ലുന്നത്. കുത്തനെയുള്ള ചാട്ടത്തിന് ശേഷം അരുവിക്ക് മറ്റൊരു മുഖവും വികാരവുമായിരുന്നു. ഒരു മനുഷ്യന്‍റെ മുഖത്തെ നിഗൂഡതയും ഉള്ളിലെ നിഗൂഡതയും തമ്മിലുള്ള വ്യത്യാസം പോലെ, മലമുകളിലെ അരുവിക്കന്യമായ പക്ഷികളും, പുഷ്പങ്ങളും, വള്ളിപ്പടര്‍പ്പുകളും, വനവൃക്ഷങ്ങളും അടിവാരത്തെ അരുവിയുടെ ഒഴുക്കിന് ചുറ്റുമുണ്ടായിരുന്നു. രണ്ട് മൂന്നിടങ്ങളില്‍ ഞെരിച്ച് കൊല്ലാന്‍ നില്‍ക്കുന്ന പാറയിടുക്കുകളെ ഭേദിച്ച് പൊട്ടി പതഞ്ഞൊഴുകുന്ന അരുവി അപൂര്‍വ്വ സുന്ദരമായ ഒരു കാഴ്ചതന്നെയാണ്. കാട്ടുവള്ളികളില്‍ ഊഞ്ഞാലാടുന്ന കുരങ്ങിന്‍ കൂട്ടങ്ങളും ഓര്‍ക്കിഡുകള്‍ പോലുള്ള വനപുഷ്പങ്ങളും, പാറയിടുക്കുകളിലും, മരപോടുകളിലും പറ്റിപ്പിടിച്ച് വളരുന്ന പച്ച തഴച്ച പായല്‍ ചെടികളും കാണാം. വേനല്‍ കാലത്ത് അരുവി വറ്റിവരണ്ടപ്പോള്‍ കരിയിലകളുടെ മറപറ്റി ഉടുമ്പിനെയും അണലിയെയും പെരുമ്പാമ്പിനെയും കാണാം.
കഴിഞ്ഞ നാലഞ്ച് വര്‍ഷത്തനിടെ പലവട്ടം ഞാനവിടേക്കിറങ്ങി പോയി. ഒറ്റക്ക് പോകാന്‍ ധൈര്യമില്ലാത്തതുകൊണ്ട് നാലഞ്ച് പേരടങ്ങുന്ന പയ്യന്‍മാരുടെ ചെറുസംഘത്തോടൊപ്പം, ഞാനവരെ അരുവിയുടെ അടിവാരത്തേക്ക്
നയിക്കുന്ന കഥകളില്‍ മ്ലാവും, കേഴയാടും, മുള്ളനും, കൂരാനും, കരിമന്തിയുമെല്ലാമുണ്ടായിരുന്നു. എല്ലാറ്റിലുമുപരിയായി അവര്‍ക്കെല്ലാം "അരുവിക്കുഴിയെക്കുറിച്ച്" ഉള്ളിലുണ്ടായിരുന്ന ഭീതി തന്നെ അവരെ അവിടേക്ക് ഇറക്കിക്കൊണ്ട് ചെന്നു.
ഇഷക്കവിടം കാണണമെന്നുണ്ടോ?
''കാണണമെന്നുണ്ട്. ആ കുട്ടീടെ ബോഡി കണ്ട കാര്യം പറയൂ, എനിക്കുറക്കം വരാന്‍ തുടങ്ങി.''
ഇന്ന് രാവിലെയാണ് ഞാന്‍ അവസാനമായി അവിടേക്ക് പോയത്. ഒറ്റക്ക് പോകാന്‍ അല്‍പം ധൈര്യക്കുറവുള്ളത് കൊണ്ട് ഒരു പയ്യനെയും ഒപ്പം കൂട്ടി. ഉച്ചക്ക് കഴിക്കാനുള്ള ഭക്ഷണവും രണ്ട് വെട്ടുകത്തികളും എന്‍റൊരു ഡയറിയും ഞങ്ങള്‍ ബാഗിലെടുത്തിരുന്നു. എന്‍റൊപ്പം വരുന്നവന്‍റെ ഉദ്ദേശം, എന്‍റെ വര്‍ണ്ണനകളില്‍ കടന്നു വന്നിട്ടുള്ള ചിത്രങ്ങള്‍ പലതും മൊബൈല്‍ ക്യാമറയിലാക്കാനും, ഒരു ഭരണി നിറയെ കുന്നിമണികള്‍ പെറുക്കുകയുമായിരുന്നു.
അരുവിയുടെ അടിവാരത്തെത്തിയതും എന്നേക്കാളേറെ നിര്‍ഭയനായിരുന്നു അവന്‍. അത് പലപ്പോഴും അങ്ങനെയായിരുന്നു.
അജ്ഞാതമായ ഏതോ ശക്തിക്കടിമപ്പെട്ട്, സ്വയമറിയാതെ മരണത്തിന്‍റെ താഴ്വരയിലേക്ക് എത്തിപ്പെടുകയാണോ തങ്ങളെന്ന ഒരു സംശയം എന്‍റൊപ്പം മലയിറങ്ങി വന്നിട്ടുള്ള പലര്‍ക്കുമുണ്ടായിട്ടുണ്ട്. പക്ഷെ അടിയിലെത്തുമ്പോള്‍ അവരെല്ലാം തീര്‍ത്തും നിര്‍ഭയരായി കാണപ്പെട്ടു. തിരികെ മുകളിലെത്തുമ്പോള്‍ എവറസ്റ്റ് കീഴടക്കിയ സന്തോഷം
മാത്രമല്ല, ഏതൊക്കെയോ ദുഷ്ട ശക്തികളെ ജയിച്ച് കയറിയതിന്‍റെ ഒരാത്മവിശ്വാസവും അവരുടെയൊക്കെ മുഖങ്ങളില്‍ കാണാമായിരുന്നു.
ഞങ്ങള്‍ അരുവിയുടെ ഒഴുക്ക് വിട്ട് വിശാലമായ മുളങ്കൂട്ടങ്ങള്‍ക്കിടയിലേക്ക് കയറി. ചന്ദനവര്‍ണ്ണത്തില്‍ പൊഴിഞ്ഞു കിടക്കുന്ന ഇല്ലിയിലകള്‍ക്കിടയില്‍, ചെറിയൊരു ഗോലി വലിപ്പത്തില്‍ മ്ലാവിന്‍ കാട്ടവും, ഒരു പകുതി ചുവപ്പും, മറുപകുതി കറുപ്പുമായ കുന്നിമണികളും ചിതറിക്കിടക്കുന്നു. മനുഷ്യന്‍റെ കാലടി പതിയാത്ത പല ഇടങ്ങളും ഇപ്പോഴും ഇവിടെ ഉണ്ടെന്നാണെന്‍റെ വിശ്വാസം. എന്ന് പറഞ്ഞാല്‍ വലിയൊരു ഭൂഭാഗം എന്ന അര്‍ത്ഥത്തിലല്ല. (മുളങ്കൂട്ടങ്ങളില്‍ ഏറിയ പങ്കും തമിഴ്നാട് ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്‍റ് വെച്ച് പിടിപ്പിച്ചിട്ടുള്ളതാണ്) ചില പാറക്കൂട്ടങ്ങള്‍ക്കിടയിലും മലമ്പള്ളകളും വലിയ തിട്ടകള്‍ക്ക് മുകളിലെ നിരപ്പന്‍ പ്രതലങ്ങളുമൊക്കെ മനുഷ്യര്‍ക്കന്യമായി നിലകൊള്ളുന്നു. കാരണം വല്ലപ്പോഴുമൊരിക്കല്‍ അവിടേക്ക് വരുന്നവര്‍ക്ക് ഇവിടങ്ങളില്‍ നിന്നൊന്നും കിട്ടാനില്ല.മുളങ്കൂട്ടങ്ങള്‍ക്കിടയിലൂടെ നടന്നു ഞങ്ങള്‍ മഴക്കാലത്ത് മാത്രം നീരൊഴുക്കുള്ള ഒരിടത്തെത്തി. പാറക്കൂട്ടങ്ങള്‍ നിറഞ്ഞ ഒരിടം അതിന്‍റെ ഒരു ഭാഗം ചെന്നായ്ക്കളുടെയോ കാട്ടുപൂച്ചകളുടെയോ വലിയ മടകളാണ്. അതിനുള്ളിലൂടെ കയറി പുറത്ത് കടന്നാല്‍ ഒരു ചെറിയ കെട്ടിടത്തിന്‍റെ ആകൃതിയിലും വലിപ്പത്തിലും കുത്തനെ നില്‍ക്കുന്ന ഒരു പാറ. ശിഖരങ്ങളും വേരുകളും പടര്‍ത്തി നില്‍ക്കുന്ന കൂറ്റനൊരു അരയാലിനു കീഴെ ആയിരുന്നു അത്, കൃത്യമായി അതിലേക്ക് വലിഞ്ഞ് കയറാനിട്ടിരിക്കുന്ന ഒരു കയറുപോലെ അരയാലിന്‍റെ ഒരു വേര് മണ്ണിലേക്കിറങ്ങി വന്നിരുന്നു.ഏതെങ്കിലും മനുഷ്യരുടെ കണ്ണും കാലും എത്തുന്നിടത്തായിരുന്നെങ്കില്‍ ഉറപ്പായുമവിടൊരു കുരിശടിയോ, കോവിലോ കണ്ടേനെ, പാറയില്‍ മുട്ടിയുരുമ്മി നില്‍ക്കുന്ന അരയാല്‍ വേരിലൂടെ ഞാന്‍ മുകളിലേക്ക് വലിഞ്ഞ് കയറി. എനിക്കൊപ്പമുള്ള പയ്യന്‍ അതൊരസാധ്യ കാര്യമായി കണ്ട് വെറുതെ മുകളിലേക്ക് നോക്കിനിന്നതേയുള്ളൂ. ഞാന്‍
പാറയുടെ മുകളിലെത്തിയതും ആ 'കാഴ്ച' കണ്ടു പാറയുടെ നടുവിലെ ഒരു വിടവിലേക്കാഴ്ന്നിറങ്ങിയിരിക്കുന്ന
കൂറ്റനൊരു വേരില്‍ ചാരി അവളിരിക്കുന്നു. പാറയുടെ മുകളിലെത്തിയതോടെ എനിക്ക് താഴെ നില്‍ക്കുന്നവനെ
കാണാന്‍ കഴിയാതായി. ആ ഒരു നിമിഷം ഞാനാകെ ഞെട്ടിവിറച്ചു. പൈശാചിതകയിലും നിശ്ചലമായി, നിസ്സഹായയായി അവളിരിക്കുന്നു. എന്‍റെ തലയ്ക്കു മുകളിലെ അരയാല്‍ ചില്ലകളിലപ്പോഴും പക്ഷികള്‍ നിര്‍ഭയരായി ചിലക്കുകയും, പറന്നുകളിക്കുകയും ചെയ്തുകൊണ്ടിരുന്നു. ഭയമെന്നെ അവളിലേക്ക് ഒന്ന് രണ്ട് ചുവടുകൂടി അടുപ്പിച്ചു. അവളുടെ പിളര്‍ന്ന വായ്ക്കുള്ളില്‍ സ്വര്‍ണ്ണം പോലെന്തോ തിളങ്ങുന്നത് കണ്ടപ്പോള്‍ എന്‍റെ രോമകൂപങ്ങള്‍ വരെ ഭയംകൊണ്ടുണര്‍ന്നു. ഒരു നിലവിളിയോടെ ഞാന്‍ തിരിഞ്ഞോടി. വേരിലൂടെ ഊര്‍ന്നിറങ്ങി, താഴെ നില്‍ക്കുന്നവനും ഒരു പിശാചായി മാറിക്കഴിഞ്ഞോ എന്നായിരുന്നു എന്‍റെ പേടി. താഴെ എത്തിയതും അവനെ ഭയപ്പെടുത്താതിരിക്കാന്‍ 'പുലി'യെന്ന് നിലവിളിച്ചുകൊണ്ട് അവന്‍റെ കൈപിടിച്ചുകൊണ്ടോടി, പാറക്കെട്ടുകളും മുള്‍പ്പടര്‍പ്പുകളും ചെങ്കുത്തായ
കയറ്റങ്ങളും താണ്ടി ഞങ്ങള്‍ രണ്ട് മണിക്കൂര്‍ വേണ്ടിവരുന്ന മലകയറ്റം ഒരു മണിക്കൂര്‍ കൊണ്ട് ഓടിക്കയറി. അവന്‍റെ കുന്നിമണികളും ഫോട്ടോകളും പാതിമുക്കാലും അടിവാരത്ത് തന്നെ അവശേഷിച്ചു. ഒരിക്കലും ജീവിച്ചിരുന്നിട്ടില്ലാത്തൊരു പുലിയും.
ഓടിക്കിതച്ച് മലകയറുന്നതിനിടയിലാണ് അവളുടെ പേര് 'മാലതി' എന്നാകാമെന്ന് എനിക്ക് തോന്നിയത് എന്‍റെയുള്ളിലിരുന്ന് സ്ത്രീ ശബ്ദത്തില്‍ ആരോ 'മാലതീ...ന്ന് വിളിക്കുന്നപോലായിരുന്നു അത്. അവളുടെ ജീര്‍ണ്ണതയ്ക്കിടയിലും ഞാന്‍ കണ്ട അടയാളങ്ങള്‍ അവളുടെ ജീവിത പശ്ചാത്തലത്തെക്കുറിച്ച് വളരെ അവ്യക്തമായൊരു ചിത്രം എനിക്ക് നല്‍കി.
ഇഷയ്ക്കിപ്പോള്‍ പേടി തോന്നുന്നുണ്ടോ ?
അവള്‍ മിണ്ടിയില്ല. അങ്ങേത്തലക്കല്‍ മാലതിയുടെ നിശബ്ദതയാണോ എന്നെനിക്ക് ഭയം തോന്നി.
(തുടര്‍ന്നുള്ള വായനക്ക് കമന്റ് ബോക്സിലെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക..)

Sunu
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo