എങ്ങും കൊടും വരൾച്ച ഒരുതുള്ളി ജലം പോലും കിട്ടുവാനില്ല. മനുഷ്യൻ മരങ്ങളോടും പുഴകളോടും ചെയ്ത കൊടും ക്രൂരതയുടെ ഫലം എന്ന വണ്ണം പ്രകൃതി തളർന്നു കിടക്കുന്നു.മഴ ദൈവങ്ങൾ എവിടെയോ പോയ്മറഞ്ഞിട്ട് മാസങ്ങൾ ഏറെയാകുന്നു.സ്വർണ്ണത്തേക്കാൾ വിലമതിക്കുന്നവസ്തുവായി മാറി വെള്ളം . പാവപെട്ട മനുഷ്യരും മൃഗങ്ങളും ഒരിറ്റു ജലത്തിനായി പരക്കം പാഞ്ഞു.കൈയിൽ കാശുള്ളവർ ആവശ്യത്തിന് ജലം വാങ്ങി സൂക്ഷിച്ചുപയോഗിച്ചു പോന്നു. ഭൂമിയുടെ മാറാകട്ടെ ഒരു തുള്ളി വെള്ളം കിട്ടാതെ വീണ്ടുകീറിയുണങ്ങിവരണ്ട് കിടക്കുന്നു. മനുഷ്യന്റെ ക്രൂരതയ്ക്ക് ശേഷം അവശേഷിച്ച മരങ്ങളും ചെടികളും പുൽനാമ്പുകളുമെല്ലാം ഉണങ്ങി കരിഞ്ഞു പോയിരിക്കുന്നു. മാനം മുട്ടുന്നു കോൺക്രീറ്റ് കെട്ടിടങ്ങൾ തലയുയർത്തി നിന്നെങ്കിലും അതിനുള്ളില്ലേ മനുഷ്യൻ വെള്ളമില്ലാതെ പരക്കം പായുകയായിരുന്നു. മിക്ക സ്ഥലങ്ങളിലും കാണാമായിരുന്നു ദാഹിച്ചു മരിച്ചു പോയ മനുഷ്യന്റെയും മൃഗങ്ങളുടെയും പക്ഷികളുടെയും ജഡങ്ങൾ കുന്നുകൂടി കിടക്കുന്നതു . സ്വർണ്ണത്തിനും പണത്തിനും വേണ്ടി പണ്ട് കൊള്ള നടത്തിയവർ ഇപ്പൊ വെള്ളത്തിനു വേണ്ടി കൊല നടത്തുന്ന രീതിയിലേക്കായി കാര്യങ്ങൾ . എന്തിനേറെ പറയുന്നു സ്ത്രീധനമായി ഇപ്പൊ സ്വർണ്ണത്തിന് പകരം ജലമാണ് ചെറുക്കൻ വീട്ടുകാരുടെ ചോദ്യം .
അയാളും മറ്റുള്ളവരെ പോലെ ദാഹിച്ചു തളർന്നിരുന്നെങ്കിലും ദിവസവും തന്റെ പുരയിടത്തിൽ ഓരോ വൃക്ഷതൈ വെച്ചുപിടിപ്പിക്കുവാൻ ശ്രമിക്കുമായിരുന്നു. പക്ഷേ ഒറ്റ ദിവസത്തെ ആയുസ്സു പോലും ഇല്ലാതെ അതും കരിഞ്ഞുണങ്ങി പോകുമായിരുന്നു. ഒരു ചെറിയ മഴയെങ്കിലും ലഭിക്കുവാൻ വേണ്ടി എന്നത്തേയും പോലെ അന്നും അയാൾ ദൈവത്തിനോട് ഉള്ളുരുകി പ്രാർത്ഥിച്ചിട്ട് ഒട്ടിയ വയറും ഉണങ്ങി വരണ്ട തൊണ്ടയോടും കൂടി ഉറക്കത്തിലേക്ക് വഴുതി വീണു. ആ ഉറക്കത്തിൽ അയാൾ മനോഹരമായ ഒരു സ്വപ്നം കാണുകയുണ്ടായി. ദൂരെയെവിടെയോ ധാരാളം മരങ്ങളും ചെടികളും പുൽനാമ്പുകളുമൊക്കെയുള്ള മനോഹരമായ ഒരു പ്രദേശം. ആ പ്രദേശത്തിന് നടുവിലായി നല്ല തെളിനീര് പോലെഉള്ള വെള്ളത്തോട് കൂടിയ ഒരു വലിയ കുളം. ആമ്പലും താമരയും ആ കുളത്തിന്റെ ഭംഗി വളരെയേറ ആകർഷണീയമാകുന്നുണ്ട് . സ്വപ്നമാണ് അയാൾ കാണുന്നതെങ്കിലും യഥാർത്ഥത്തിൽ ഏതോ ഒരു ശക്തി അയാളെ നിയന്ത്രിച്ചു ആ പ്രദേശത്തേക്ക് കൂട്ടി കൊണ്ട് പോകുകയാണ്.കാറ്റിൽ ഒഴുകി പോകുന്ന അപ്പൂപ്പൻ താടിയെ പോലെ അയാളും ആ ലക്ഷ്യത്തിലേക്ക് ഒഴുകിക്കൊണ്ടിരുന്നു. ഈ സമയം അയാളെ പോലെ തന്നെ മറ്റ് കുറെ മനുഷ്യരും ഇതേ സ്വപ്നം കണ്ട് അയാളുടെ അവസ്ഥയിൽ ലക്ഷ്യത്തിലേക്ക് ഒഴുകുന്നുണ്ടായിരുന്നു.
ഏതോ മായികലോകത്ത് എത്തിയത് പോലെ അവർ തമ്മിൽ തമ്മിൽ പരസ്പരം നോക്കി. എന്താണ് സംഭവിച്ചതെന്ന് ആർക്കും മനസ്സിലാകുന്നില്ലായിരുന്നു. അയാളും കുറച്ചുപേരും കൈകൾ കൂപ്പി ദൈവത്തെ വിളിച്ചു, ചിലരാകട്ടെ കുരിശു വരച്ചു, ബാക്കിയുള്ളവർ മുട്ടുകുത്തിയിരുന്നു നെറ്റി തറയിലേക്ക് മുട്ടിച്ചു.പ്രാർത്ഥനകൾ കഴിഞ്ഞ ശേഷം അവർ കുളത്തിനടുത്തേക്ക് നീങ്ങി മതിയാവോളം വെള്ളം കോരി കുടിച്ചു. അവരെല്ലാം സന്തോഷം കൊണ്ട് മതിമറന്നു കൊടും വരൾച്ചയിൽ നിന്നും പുതിയൊരു ജീവിതം കിട്ടിയപോലെ. ദാഹമകറ്റിയ അവരെല്ലാം കുളത്തിനടുത്തുതന്നെ വിശ്രമിക്കാനായി ഇരിപ്പുറപ്പിച്ചു. അപ്പോഴാണ് ഒരു കാട്ടാനകൂട്ടം കുളത്തിനടുത്തേക്ക് വന്നത്. അവരെല്ലാം എന്ത് ചെയ്യണുമെന്നറിയാതെ പേടിച്ചു വിറച്ചു .പക്ഷേ ആനകൂട്ടം അവരെയൊന്നും ശ്രദ്ധിക്കാതെ കുളത്തിൽ നിന്നും വെള്ളം കുടിച്ചു മടങ്ങി പോയി. അതിനുപിന്നാലെ പല പല മൃഗങ്ങളും പക്ഷികളും കൂട്ടമായി വന്ന് വെള്ളം കുടിച്ചു പോയി. അയാളും മറ്റുള്ളവരും ഭീതിയോടെയാണെങ്കിലും അതും നോക്കിയിരുന്നു. ആ സമയം കൂട്ടത്തിൽ ഒരുവൻ ചോദിച്ചു ഇത്രയും മൃഗങ്ങൾ ഇങ്ങനെ വന്ന് വെള്ളം കുടിച്ചാൽ ഇ കുളം പെട്ടന്ന് വറ്റുകയില്ലേ.ആ ചോദ്യം എല്ലാരിലും സംശയം ഉണർത്തി. അവസാനം അവർ കൂട്ടമായി ഒരു തീരുമാനത്തിൽ എത്തി. അയാൾ മാത്രം ആ തീരുമാനത്തെ എതിർത്തു.
എന്തും സ്വന്തമായി വെട്ടിപിടിക്കുവാനുള്ള മനുഷ്യന്റെ ആഗ്രഹത്തെ അയാൾ എതിർത്തുകൊണ്ട് പറഞ്ഞു "വീണ്ടും മരങ്ങൾ വെട്ടി നശ്ശിപ്പിക്കുന്നതിലൂടെ നമ്മൾ നാശത്തിലേക്കാണ് നീങ്ങുന്നത്, മനുഷ്യനെ പോലെ തന്നെ മറ്റ് ജീവജാലങ്ങൾക്കും കൂടി ഉള്ളതാണ് ഇ പ്രകൃതി അതുകൊണ്ട് നിങ്ങൾ ഇ നീചപ്രവർത്തിയിൽ നിന്നും പിൻവാങ്ങണും."അയാളുടെ വാക്കുകൾക്ക് അവർ വിലകല്പിക്കാതെ വളരെ വേഗത്തിൽ തന്നെ കല്ലും മറ്റും ചെത്തി മിനുക്കി മൂർച്ചയേറിയ ആയുധങ്ങൾ ഉണ്ടാക്കി. വളരെ വേഗം തന്നെ പ്രകൃതിയുടെ നിലനിൽപ്പായ മരങ്ങൾ വെട്ടി മുറിച്ചു. കാട്ടുവള്ളികൾ പറിച്ചെടുത്തു കുളത്തിനു ചുറ്റും ആനയ്ക്ക് പോലും തകർക്കാൻ കഴിയാത്ത ബലത്തിൽ വേലികൾ പണികഴിച്ചു. വേലി ചാടി വരുന്ന കുരങ്ങമാരെയും, പറന്നിറങ്ങുന്ന പക്ഷികളെയും അമ്പും വില്ലും ഉപയോഗിച്ചവൻ വേട്ടയാടി.വീണ്ടും വീണ്ടും അവർ പഴയ ദുരിതങ്ങൾ മറന്നുകൊണ്ട് മരങ്ങൾ വെട്ടി മാറ്റി അവിടെ പാർപ്പിടങ്ങളും ആരാധനാലയങ്ങളും കെട്ടിയുണ്ടാക്കി. അവസാന കച്ചിത്തുരുമ്പായി ദൈവം നൽകിയ ആ പ്രകൃതിയെ മനുഷ്യന്റെ എന്തും വെട്ടിപിടിക്കുവാനുള്ള അഹങ്കാരം നാശത്തിലേക്ക് തള്ളിവിട്ടു. എല്ലാം കണ്ടുകൊണ്ട് ദൈവം കണ്ണുകൾ ഇറുക്കിയടച്ചു.അയാൾക്കാകട്ടെ നിസ്സഹായകനായി എല്ലാം നോക്കി നിൽക്കേണ്ടി വന്നു. കാലക്രെമേണ ആമ്പലും, താമരയും കരിഞ്ഞുണങ്ങി. കുളത്തിലെ വെള്ളം പതിയെ പതിയെ വറ്റി തീർന്നു. മരങ്ങളും ചെടികളും നശിച്ച അവിടേക്ക് മഴ ദൈവങ്ങൾ വരാതായി. വീണ്ടും മനുഷ്യൻ തന്നെ പ്രകൃതിയെ നശ്ശിപ്പിച്ചുകൊണ്ട് കൊടും വരൾച്ചയിലേക്ക് തള്ളിവിട്ടു.
ഡിനുരാജ് വാമനപുരം

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക