Slider

ശ്രദ്ധാഞ്ജലി

0
Image may contain: 1 person, indoor

അമ്മതന്‍ കാല്‍പ്പെട്ടി മെല്ലെത്തുറന്നു ഞാന്‍
പാരം നുകര്‍ന്നതില്‍ അമ്മതന്‍ പാല്‍മണം
പുടവയടുക്കി മടക്കിവച്ചിട്ടുണ്ട്
കുങ്കുമച്ചെപ്പു മറിഞ്ഞൊരു കോണിലും
അടിയില്‍ ചിതറിക്കിടക്കുന്നു കത്തുകള്‍
നെഞ്ചോടു ചേര്‍ത്തിട്ടു ഭദ്രമായ്‌ വച്ചവ
ഇടെയിടെ വിതറിയ സൗരഭ്യമണികളും
അമ്മയ്ക്ക് സ്വന്തമാം ഗന്ധം പരത്തുന്നു
മൂലയ്ക്കനാഥമായ്താക്കോല്‍ ഗണങ്ങളും
അര്‍ത്ഥവും തുച്ഛമെന്നോതുന്ന തുട്ടുകള്‍
വിറയാര്‍ന്ന കൈകളാല്‍ തൊട്ടുതലോടവേ
അമ്മ മന്ത്രിക്കുന്നു ഇങ്ങിനി വേണ്ടത്!
കള്ളിയില്‍ കാണുന്നു പണ്ടങ്ങളത്രയും
തീനാമ്പുകള്‍പോലെയെന്നെ വിഴുങ്ങുവാന്‍
ആശപോല്‍ നീതന്ന സമ്മാനമല്ലയോ
എന്തിനെനിക്കിനി നീ തന്നെ വച്ചുകൊള്‍
കൈകളില്‍ ചന്തമായ് ചേര്‍ന്നുകിടന്നൊരു
കൈവള രണ്ടായ്മുറിഞ്ഞുള്ള തുണ്ടുകള്‍
നേരിയ മാലയും കാതിലെപ്പൂക്കളും
പട്ടുതൂവാലയില്‍ ചെറ്റു പൊതിഞ്ഞതും
ഒരുകാലമതു തന്‍റെ സ്വത്തെന്നു കരുതിയും
ആര്‍ക്കുമേ കാണാന്‍ കൊടുക്കാതെവച്ചതും
ചോദിച്ചവര്‍ക്കൊക്കെ ഇല്ലെന്നു ചൊന്നതും
പൂഴ്ത്തിവച്ചിട്ടതില്‍ കാവലിരുന്നതും
എത്തിയതില്ലന്നു യാത്രയാക്കാനിവള്‍
പെട്ടുപോയ് ഞാനന്നു ഗോളാര്‍ദ്ധഭാഗേ
പാദം നമിക്കുന്നു സാഷ്ടാംഗമിന്നുഞാന്‍
മാപ്പെനിക്കേകുമോ കാരുണ്യസാഗരം?
-`ഉഷാചന്ദ്രന്‍-
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo