Slider

തിരിച്ചറിവ്

0
Image may contain: 1 person

ഞാൻ ജനിച്ചു വീണ് ഇരുപരുത്തിയെട്ടാം
നാൾ 'അമ്മ ഓർമ്മയായി...
"നിന്റെ തലകണ്ട അന്നുമുതൽ
തുടങ്ങിയതാ കണ്ടക ശനി ."
അച്ഛന്റെ ഇടക്കിടയ്ക്കുള്ള കുത്തു വാക്കുകൾ ആദ്യകാലങ്ങളിൽ ഒന്നും മനസ്സിലാകുമായിരുന്നില്ല.....
ഇപ്പോൾ കുറച്ചുകാര്യങ്ങളൊക്കെ മനസ്സിലായി വരുന്നുണ്ട്......
ശരിക്കും എന്റെ ജനനം കൊണ്ടാണോ
'അമ്മ എന്നെ വിട്ടുപോയത്.
മനസ്സിനോട് ഒരുപാടുവട്ടം ചോദിച്ചതാ.....
രണ്ടാനമ്മയുടെ വരവ് അമ്മയുടെ വിടവ് മാറ്റുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. എല്ലാം പ്രതീക്ഷകൾമാത്രമായി ഒതുങ്ങിയിരുന്നു....
ശത്രുവായി മാത്രമേ 'അമ്മ
എന്നെ കണ്ടിട്ടുള്ളു......
താമസിക്കാതെ തന്നെ അച്ഛനും
അമ്മയുടെ ചൊൽപ്പടിയിലായി......
അച്ഛന്റെ അവസ്ഥ അതായിരിക്കാം.
എല്ലാം മനസ്സിലാക്കാനുള്ള
പ്രായം എനിക്കെത്തിയെന്നു അമ്മയ്ക്കു അറിയാമെങ്കിലും പട്ടിണിയിടാൻ 'അമ്മ കണ്ടെത്തുന്ന സൂത്രങ്ങൾ ഇപ്പോഴും
പഴയതു തന്നെയാണ്..........
കഴിക്കുന്ന ചോറിൽ ഒരുലോഡ് ഉപ്പുണ്ടാകും......
ഒഴുക്കുന്ന ചാറ് ഉള്ളിലേയ്ക്ക്
ചെല്ലുമ്പോൾ വയറിനകത്തു എന്തൊരു നീറ്റലാണന്നൊ.....
ഒന്നും അറിഞ്ഞുകൂടാത്ത കുട്ടിയെപ്പോലെ കുറച്ചൊക്കെ ഞാനത് കഴിക്കും.പിന്നെ അതും തന്നില്ലങ്കിലോ എന്നുകരുതിയിട്ടാണ്.
വിശപ്പിനേക്കാൾ വലുതല്ലലോ ഒന്നും.....
എനിക്ക് ഏറ്റവും കൂടുതൽ സന്തോഷം തോന്നിയ നിമിഷം എന്തെന്നറിയാമോ,
എനിക്ക് ആറ് വയസ്സുള്ളപ്പോൾ കുഞ്ഞു
വാവ അമ്മയുടെ വയറ്റിൽ വന്നപ്പോഴാണ്....
ആ സന്തോഷവും അധികനാൾ നീണ്ടു നിന്നില്ല.
അമ്മയ്‌ക്ക്‌ ഏറ്റവും കൂടുതൽ വെറുക്കപ്പെട്ടവനായത് അപ്പോഴാണ്.
കുഞ്ഞുവാവയെ തൊടാൻപോലും 'അമ്മ എന്നെ സമ്മതിക്കുമായിരുന്നില്ല.
അച്ഛനോട് 'അമ്മ വഴക്കിടുന്നതു സ്ഥിരമായി.
"ഇനി എന്റെ കൊച്ചിനെ രണ്ടാം കെട്ടിൽ ഉണ്ടായ കൊച്ചന്നല്ലേ എല്ലാവരും വിളിക്കു,"
ദേഷ്യം എല്ലാം തീർക്കുന്നത് എന്നോടും......
ഒരുനാൾ വിശപ്പ് സഹിക്കാൻ വയ്യാതെ കുഞ്ഞിന് കലക്കി വെച്ചിരുന്ന കൂരവ് കട്ടുതിന്നു.......
അമ്മ "കള്ളൻ " എന്നുവിളിച്ചു കൊണ്ടു ചട്ടുകം ചൂടാക്കി തുടയിൽ പൊള്ളിച്ചത് ഇപ്പോഴും നീറ്റലായി കിടപ്പുണ്ട്.......
'അമ്മ നല്ല സൂത്രക്കാരിയാണ്‌ കേട്ടോ,
എന്റെ ശരീരത്തെ നോവിച്ച പാടുകൾ ഉടുപ്പിനകത്തും, ട്രൗസറിനടിയിലും
മാത്രമേ കാണാൻ കഴിയുള്ളു,
മറ്റുള്ളവർ കാണാതിരിക്കാനുള്ള തന്ത്രമായിരിക്കണം അത്........
ഉറങ്ങാതെ എത്രയോ രാത്രികളിൽ ജനൽ പാളിയിലൂടെ ആകാശം നോക്കി കിടന്നിട്ടുണ്ട്.
ആകാശത്ത്‌ വിതറികിടക്കുന്ന നക്ഷത്രങ്ങളെ കാണാനെന്ത് ഭംഗിയാണ്.'
അമ്മ പെറ്റമക്കളെപോലെ ആകാശമടിയിൽ നക്ഷത്ര കുഞ്ഞുങ്ങൾ തലചാച്ചുറങ്ങും. അച്ഛൻ ചന്ദ്രക്കലയും കൂടെയുണ്ട്.
നോക്കിയിരിക്കാൻ എന്തുരസമാണെന്നോ,
ആകാശ അമ്മയുടെ ഒരു മകൾ എന്റെ
'അമ്മ ആയിരിക്കും അല്ലെ.....
മരിച്ചവർ നക്ഷത്രമായി ആകാശത്തു പോകുമെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്.
എനിക്ക്അനുഭവിച്ചറിയാൻ കഴിയാത്ത സ്നേഹം ആകാശ കാഴ്ചയിൽ ഞാൻ കണ്ടറിയും......
ഇനി എത്രനാൾ പിടിച്ചുനില്ക്കാൻ കഴിയുമെന്ന് എനിക്കറിയില്ല .........
ഇതെല്ലാം അമ്മ എന്നോട് ചെയ്യുന്നത്
നാടുവിട്ട് പോകുമെന്ന പ്രതീക്ഷിയിലായിരിക്കാം.......
ഇല്ല , ഞാൻ പോകില്ല എന്റെ
അമ്മയുറങ്ങുന്ന മണ്ണുവിട്ട് ഞാൻ
എവിടെയും പോകില്ല.....
എന്നെക്കാളും വേദന അനുഭവിക്കുന്ന കുട്ടികൾ ഈ ഭൂമിയിൽ ഉണ്ടെന്ന്
തിരിച്ചറിഞ്ഞ ദിവസം......
അന്നത്തെ പത്രകടലാസ്
അച്ഛൻഅമ്മയുടെ മുന്നിലേക്ക് നീട്ടി...
അച്ഛന്റെ കണ്ണുകൾ നിറഞ്ഞിരുന്നു...
രണ്ടാനമ്മയുടെ പീഡനത്തിൽ കുട്ടിമരണപ്പെട്ടു.....
പോസ്റ്റുമോർട്ടം ചെയ്‌ത ഡോക്ടർ ഞെട്ടി,
രണ്ടുദിവസം മുന്നേ കഴിച്ച പഴത്തിന്റെ അവശിഷ്ടങ്ങൾ മാത്രമേ ആ കുഞ്ഞിന്റെ വയറ്റിനകത്തുണ്ടായിരുന്നുള്ളൂ......
'അമ്മ എന്നെ ദയനീയമായി നോക്കി......
അടുത്തേയ്ക്ക് വിളിച്ചു....
ആ കണ്ണുകൾ നിറഞ്ഞിരുന്നു....
കൈയിലിരുന്ന കുഞ്ഞിനെ എന്റെ
കൈലേക്കു നീട്ടി...
പഞ്ഞിപോലെ ഇരിക്കുവാ കുഞ്ഞുവാവ...
."മോന്റെ കുഞ്ഞനുചനാണ്."
ആദ്യമായി അമ്മയുടെ ചുണ്ടിൽനിന്നും മോനെയെന്ന വിളികേട്ടു...
എന്ത് മധുരമാണ് ആ വിളിക്ക്...
മാതൃത്വം തുളുമ്പുന്ന സ്നേഹം അനുഭവിച്ചറിയുന്നു ഞാനീ നിമിഷങ്ങളിൽ...
അമ്മയുടെതെറ്റുകൾ തിരിച്ചറിഞ്ഞൊഴുകുന്ന
കണ്ണുനീർത്തുള്ളികൾ എന്റെ കൈയ്യിലേയ്ക്കു
വീണുകൊണ്ടിരുന്നു .
ആ കണ്ണുനീർത്തുള്ളികൾക്കു ചൂടായിരുന്നു......
((((((....ഉള്ളില്‍ കരയുന്ന കുഞ്ഞുങ്ങളുള്ള നാട്ടില്‍, അവരെ വെളുത്ത ഉടുപ്പിടുവിച്ച് പുറമെ ചിരിക്കാന്‍ പ്രേരിപ്പിക്കുന്നത് ഒരു പ്രഹസനമാണ്. നമ്മുടെ കുട്ടികള്‍ക്ക് സുരക്ഷിതമായ ജീവിത സാഹചര്യങ്ങള്‍ ഒരുക്കിക്കൊടുത്ത്, അവരെ ഉപദ്രവിക്കുന്നവര്‍ക്ക് അര്‍ഹമായ ശിക്ഷ ഉറപ്പാക്കി, അവരെ വിശ്വസിച്ച്, അവരുടെ കൈ പിടിച്ച്, നമുക്ക് നടക്കാം നമ്മുടെ കുഞ്ഞുങ്ങള്‍ക്കൊപ്പം ഒരു നല്ല നാളേയ്ക്ക് വേണ്ടി.....))))))
#ശരൺ (മറന്നവരുടെ കൂട്ടത്തിലെ മറക്കാത്തവർക്കു വേണ്ടി😐)
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo