Slider

വിജയേട്ടൻ

0
Image may contain: 1 person

"ഇമ്മാ .....മ്മാ..."
"എന്താടാ..?"
ഈ വിജയേട്ടൻ എന്താ ഇത്ര കറുത്തിരിക്കുന്നത് ?
.
വിജയേട്ടൻ കറുത്തിരുന്നാൽ നിനക്ക് എന്താ ?
.
പറ 'മ്മാ '
.
വിജയേട്ടൻ കള്ളു കുടിക്കും അതോണ്ട ,അമ്പു കാണാറില്ലേ വിജയേട്ടൻ കള്ള് കുടിച്ചു ശാന്തേച്ചിയെ തല്ലുന്നത് ?
.
hmm അപ്പൊ കള്ളു കുടിച്ചാൽ കറുക്കും ലെ ....
.
"ഞാൻ ജനിച്ചു ഒരു പതിനഞ്ചു വയസ്സ് വരെ ജീവിച്ച മൂക്കുതലയിലെ വാര്യര്മൂല എന്ന സ്ഥലത്തെ എന്റെ വീടിന്റെ തൊട്ടു മുൻപിൽ ഉള്ള വീട്ടിലെ മരുമകനാണ് വിജയേട്ടൻ .ആ വീട് നിക്കുന്ന 11 സെന്റ്‌ സ്ഥലത്ത് നിന്നും 3 സെന്റ്‌ 23 -25 വർഷം മുൻപ് ഉപ്പ വാങ്ങിയതാണ് .വലിയ അതിരുകളോ മതിലുകളോ മനസ്സിലോ മണ്ണിലോ ഞങ്ങൾ ആ വീട് വിട്ടു പോരുന്ന വരെ ഉണ്ടായിട്ടില്ല .ഭക്ഷണം കഴിച്ചു കൈ കഴുകിയാൽ വെള്ളം അവരുടെ പറമ്പിലേക്ക പോവാ ,ആ വീട്ടിലെ കുട്ട്യോള് കഴിച്ചും കളിച്ചും വളർന്നത് എന്റെ കൂടെയായിരിക്കും ,എത്ര കള്ള് കുടിച്ചാലും വഴക്ക് ഉണ്ടായാലും പള്ളിയിൽ ബാങ്ക് കൊടുക്കുകയോ എന്റെ വീടിന്റെ ഉമ്മറത്ത് ആരെങ്കിലും ഉണ്ടെങ്കിലോ ആ വീട് നിശബ്ധമാവും .
.
ശാന്തേച്ചിയെ കല്യാണം കഴിച്ച ചേകനൂർ കാരൻ വിജയൻ പിന്നെ മൂക്കുതലക്കാരനായി അവിടെ തന്നെ കൂടി . എനിക്ക് വിജയേട്ടൻ കള്ള് കുടിക്കുന്ന കറുത്ത ശരീരമുള്ള ശാന്തേച്ചിയെ തല്ലുന്ന ഒരാള് അത്രേ ഉള്ളു ,പേടിയാണ് പലപ്പോഴും കാണുന്നത് . എങ്കിലും എപ്പോ എന്നെ കണ്ടാലും "അമ്പു സുഖല്ലേ :ന്ന് ചോയ്ക്കും . മഗ്രിബ് ബാങ്ക് കൊടുത്താൽ നിസ്കരിക്കാൻ വുളു എടുക്കാൻ മുറ്റത്തെ പൈപ്പിന് അടുത്ത് എത്തിയാൽ റോഡിൽ നിന്ന് ഒരു ഞെരക്കം കേൾക്കാം വിജയേട്ടൻ ആവും ,ഇരുട്ടത്ത് ആളെ കാണില്ല .
" ഡി നാ -------മോളെ എന്നെ പിടിക്കടി "
.
ഒരു തവണ ഇങ്ങനെ പറയും അപ്പോഴേക്കും ശാന്തേച്ചി ഓടി പിടിച്ചോണ്ട് കൊണ്ട് വരും .
"കാലമാട ആ കുട്ട്യോള് നിസ്കരിക്കുന്ന സമയാണ് ആ അളിയനും(എന്റെ ഉപ്പ ) താത്തയും (ഉമ്മ )കോലായിൽ ഉണ്ട് "
.
. പിന്നെ മൂപ്പര് മിണ്ടില്ല . വീട്ടിലേക്ക് കയറുന്ന വഴിക്ക് അമ്പുനു സുഖല്ലേ എന്നൊരു ചോദ്യവും . മടിക്കുത്തിലെ മുട്ടായി പൊതി സ്വന്തം മോന് കൊടുക്കുമ്പോ പറയുനത് കേൾക്കാം ഒന്ന് അമ്പൂനു കൊടുക്ക്ട്ടട ന്ന് . ഇതെല്ലാം ഒരു പതിവാണ് .
വിജയെട്ടനെ ഇഷ്ടപ്പെട്ടു തുടങ്ങിയത് -
ഒരു ദിവസം രാത്രി ഒരു പത്തുമണിക്ക് വിജയെട്ടൻ എങ്ങോട്ടാ പോവാണ് ഉമ്മറത്ത് എന്നെ കണ്ടപ്പോ . അമ്പുനു മീൻ കൊണ്ടന്ന് താരാട്ട ഉറങ്ങണ്ട എന്ന് പറഞ്ഞു ,
കള്ള് കുടിച്ചു പറഞ്ഞതാവും എന്നും കരുതി ഞങ്ങള് ഉറങ്ങാൻ കിടന്നു .
രാത്രി ഒരു ഒന്നര മണി ആയിക്കാണും .
(ആർക്ക് എപ്പോ നമ്മളെ കൊണ്ട് ആവശ്യം വേണ്ടി വരും എന്നറിയാത്തത് കൊണ്ട് വീട്ടിലെ ഫോൺ ഒരിക്കലും സൈലന്റ് ആവാറില്ല . ഏതു പാതിരാത്രി വിളിച്ചാലും ലാൻഡ്‌ ഫോൺ എടുക്കതിരിക്കാറില്ല )
.
ഫോൺ റിംഗ് ചെയ്യുന്ന ശബ്ദമാണ് എല്ലാരേം ഉണർത്തിയത്.
പുറത്ത് അളിയാ അളിയാ എന്നൊരു വിളിയും കേൾക്കുന്നുണ്ട് ..
ഞങ്ങള് വാതില് തുറന്നപ്പോ വിജയേട്ടൻ നിക്കുന്നു മുറ്റത്ത് .
.
- "അളിയാ ,താത്ത പുത്തൻപള്ളിക്കലെ മൂപ്പരാണ്‌ സത്യം വിജയൻ ഇപ്പൊ കള്ള് കുടിച്ചിട്ടില്ല . "
.
ഞാൻ നോക്കുമ്പോ കയ്യിലെ ചാക്കില് എന്തോ കിടന്നു പിടക്കുന്നു
അത് ഉമ്മാക്ക് നീട്ടി കൊണ്ടാണ് വിജയേട്ടൻ അത്രേം പറഞ്ഞത് ,എന്റെ മുഖത് നോക്കി ചിരിക്കുന്നുമുണ്ട് ,
നോക്കുമ്പോ ഉണ്ട് നല്ല പിടക്കണ മീൻ "കണ്ണൻ " ഒരു നാലെണ്ണം കാണും .
ഞാൻ സന്തോഷം കൊണ്ട് തുള്ളാൻ തുടങ്ങി .
തിരിച്ചു പോവാൻ തുടങ്ങിയ വിജയെട്ടനെ ഉപ്പ പോണ്ടാന്നു പറഞ്ഞു പിടിച്ചു നിർത്തി .
നബീസ രണ്ടു കട്ടൻ എടുത്തോ , പിന്നെ ചോറ് ബാക്കി ഉള്ളത് വെള്ളത്തിൽ ഇട്ടിട്ടില്ലേ ?
(ഒരു രണ്ടാൾക്ക് കഴിക്കാൻ ഉള്ള ചോറ് എപ്പോഴും വീട്ടിൽ അധികം കാണും ,ക്ഷണിക്കാതെ വരുന്നവർക്കും വിശപ്പുള്ളവർക്കും -അതൊരു പതിവാണ്, )
.
ഉണ്ട് ഇപോ കഴിക്കാൻ തികയും ,ഉപ്പയുടെ മനസ്സ് വായിച്ചാ പോലെ ഉമ്മയുടെ മറുപടി .
വിജയേട്ടൻ കണ്ണ് മിഴിച് ഇരിക്കുന്നുണ്ട് .
പിന്നെ അവിടെ ഒരു ചെറിയ കല്യാണ വീട് പോലെ ആയി .
ഉള്ളി അരിയലും മസാല ഉണ്ടാക്കലും ഉമ്മയും ഉപ്പയും കൂടെ പൊരിക്കാനും കറി വെക്കാനും ഉള്ളത് എല്ലാം റെഡി ആക്കി .
വിജയേട്ടൻ കണ്ണനെ നന്നാക്കി എടുത്തു .
അപ്പൊ തന്നെ മസാല ഒക്കെ പുരട്ടി രണ്ടെണ്ണം പൊരിച്ചു രണ്ടെണ്ണം നല്ല കറിയും വെച്ച് തലേ ദിവസം വെള്ളത്തിൽ ഇട്ട തണുത്ത ചോറോന്നു ചൂട് ആക്കിയെടുത്തു .
ഞങ്ങള് കോലായിൽ ഇരുന്നു കഴിച്ചു .പാതിരാത്രി രണ്ടര മണിക്ക് ഒരു അത്താഴം . ആ ഒരു രുചിയൊന്നും പിന്നീട് നാവ് അറിഞ്ഞു കാണില്ല ..
കറുത്ത നിറമുള്ള വിജയേട്ടന്റെ മനസ്സ് വെളുത്തതാണെന്ന് സന്തോഷം കൊണ്ട് നിറഞ്ഞ ആ കണ്ണുകൾ എന്നോട് പറഞ്ഞു കൊണ്ടേ ഇരുന്നു ...
.
"ഇമ്മാ .....ഇമ്മാാാാ "
എന്താടാ
"വിജയേട്ടൻ എന്ത് വെളുത്തിട്ടാലെ "😍
അൻവർ മൂക്കുതല
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo