പത്തു പൈസേടെ ഹിന്ദി അറിയാത്ത ഞാൻ ജോലിതേടി വന്നുപെട്ടത് 'ഒരു ജാതി ' ഹിന്ദിക്കാരുടെ 'മടയിൽ'... മര്യാദക്കുള്ള ഹിന്ദിയാണെങ്കിൽ പോട്ടെന്നു വെയ്ക്കാം... ഇതോ.. ഹിന്ദിക്ക് പഞ്ചാബിയിൽ ഉണ്ടായമോൾക്ക് കാശ്മീരിയിൽ ഉണ്ടായമോനെ കാനഡയിൽ വിട്ടു പഠിപ്പിച്ച അവസ്ഥ.. !! മനസ്സിലായില്ലല്ലേ.. ഞാൻ പറഞ്ഞു തരാം.. ഉത്തരേന്ത്യയുടെ ഹൃദയഭാഗത്തു നാലഞ്ചു സംസ്ഥാനങ്ങൾക്കായി ആകെയൊരു തേർഡ് ലെവൽ റെഫറൽ ഹോസ്പിറ്റൽ... അതാണ് ഞാൻ ജോലി ചെയ്യുന്ന ചണ്ഡീഗഡിലെ PGIMER... ഇവിടെ പഞ്ചാബിയും ഹരിയാനവിയും കാശ്മീരിയും ബീഹാറിയും ഒപ്പം ഹിന്ദിയും സംസാരിക്കുന്നവരുണ്ട്... ഒപ്പം IELTS പഠിച്ചു വട്ടായി ഹിന്ദി താളത്തിൽ ഇംഗ്ലീഷും പറഞ്ഞു കാനഡ സ്വപ്നവും പേറി നടക്കുന്ന സഹപ്രവർത്തകരും.... എന്റീശോയെ .. ആദ്യത്തെ നാലഞ്ചു മാസം ഞാൻ ശരിക്കും വെള്ളം കുടിച്ചു... ഡ്യൂട്ടിക്കിടെ പേഷ്യന്റിനോട് സംസാരിക്കണം... കൂടെ വർക്ക് ചെയ്യുന്നവരോട് സംസാരിക്കണം....കണക്കുപറഞ്ഞും വിലപേശിയും പച്ചക്കറി വാങ്ങണം.. . ഓട്ടോയിലും ബസിലും കേറണം.. അങ്ങനെ നിത്യജീവിതം ഭാഷയുടെ പേരിൽ വഴിമുട്ടുമെന്നായപ്പോ ഞാൻ കോംപ്ലെക്സുകളൊക്ക ഉപേക്ഷിച്ചു രണ്ടും കല്പിച്ചു ഹിന്ദി പറയാൻ തുടങ്ങി... !! കേട്ടറിവും സാഹചര്യങ്ങളും വച്ചു പലതും താങ്ങി വിട്ടു... ചിലതെല്ലാം ലക്ഷ്യം കണ്ടപ്പോൾ മറ്റു ചില താങ്ങുകൾ ദയനീയമായി പരാജയപ്പെട്ടു.. എന്നെ ഏറ്റവും കഷ്ടപെടുത്തിയത് സ്ത്രീലിംഗവും പുല്ലിംഗവുമാണ്.. !!ഉദാഹരണത്തിന് തൂ ആയാ ധാ ?എന്ന് ആണുങ്ങളോട് ചോദിക്കുമ്പോൾ തൂ ആയി ധീ ?എന്ന് പെണ്ണുങ്ങളോടു ചോദിക്കണം... മനുഷ്യരുടെ കാര്യം പോട്ടെ.. സാധനങ്ങൾക്കും സ്ഥലങ്ങൾക്കും നദികൾക്കുമൊക്കെ സ്ത്രീലിംഗവും പുല്ലിംഗവും... !!അതിനൊപ്പിച്ചു ധാ.. ധീ എന്നൊക്കെ പറയാനുണ്ടോ നമുക്കറിയുന്നു !?നേരുപറഞ്ഞാൽ ഇപ്പോഴും എനിക്കീപ്പറഞ്ഞ സംഗതികളൊന്നും പിടികിട്ടിയിട്ടില്ല.. ! അങ്ങനെ വഴങ്ങാൻ കൂട്ടാക്കാത്ത ഹിന്ദിയുമായി ഞാൻ ഇണങ്ങിയും പിണങ്ങിയും കാലം കഴിക്കവേ ഒരു ദിവസം... ഉച്ചകഴിഞ്ഞ് രണ്ടുമണിക്കുള്ള ഡ്യൂട്ടിക്ക് ഞാൻ അന്ന് അല്പം വൈകിയാണെത്തിയത്.. രാവിലത്തെ ഡ്യൂട്ടി കഴിഞ്ഞിറങ്ങിയവർ റൂമിൽ യൂണിഫോം ചേഞ്ച് ചെയ്യുന്ന തിരക്കിൽ... നേരം വൈകിയ വെപ്രാളത്തിൽ പെട്ടെന്ന് ഡ്രസ്സ് മാറി യൂണിഫോം ധരിച്ചു പുറത്തേക്കിറങ്ങാൻ നോക്കവേ പിന്നിൽ നിന്നൊരലർച്ച... "അഞ്ജൂ... കുണ്ടീ.. കുണ്ടീ... കുണ്ടീ ലഗാദോ... " ഞാനാകെ പകച്ചുപോയി... എന്താണപ്പാ എന്ന് ഞാൻ അന്തംവിട്ടു നോക്കുമ്പോൾ ഒരു സീനിയർ സിസ്റ്റർ പുറകിൽ നിന്ന് പിന്നെയും വിളിച്ചലറുന്നു.ആൾ ചുരിദാർ പകുതി ഊരിയ അവസ്ഥയിലാണ് .. "കുണ്ടീ ലഗാദോ യാർ... തൂ ക്യാ സോച്ച് രഹേ ?" കാര്യം മനസ്സിലാകാതെ ഞാൻ എന്റെ ബാക്ക് ഒക്കെയാണോ എന്നൊന്ന് നോക്കി പിന്നെയും അവിടെ കുറ്റിയടിച്ചു നില്ക്കവേ ഹിന്ദിയിൽ എന്തൊക്കെയോ ഉച്ചത്തിൽ വിളിച്ചുപറഞ്ഞുകൊണ്ട് ആ പെണ്ണുമ്പിള്ള വന്നു ഞാൻ തുറന്ന് പിടിച്ചിരുന്ന കതക് ഒറ്റയടിക്ക് വലിച്ചടച്ചു കുറ്റിയിട്ടു... അപ്പോൾ മാത്രമാണ് സുഹൃത്തുക്കളെ ഞാൻ മനസ്സിലാക്കിയത് അവർ പറഞ്ഞോണ്ടിരുന്നത് കതകിനു കുറ്റിയിടാനായിരുന്നെന്നും ഹിന്ദിയിൽ കുറ്റിക്ക് 'കുണ്ടി' എന്നാണ് പറയുന്നതെന്നും !! നാലു വർഷങ്ങൾക്കിപ്പുറവും ആ സിസ്റ്റർ എന്നെ കണ്ടാൽ അപ്പൊ വിളിക്കും.. കുണ്ടി... !!ആ ഹിമാലയൻ അബദ്ധത്തിനു ശേഷം ഏകദേശം രണ്ടാഴ്ച കഴിഞ്ഞുള്ള മറ്റൊരു ഡ്യൂട്ടി... ഞങ്ങളുടെ ഡിപ്പാർട്മെന്റ് HOD റൗണ്ട്സിനു വന്നിരിക്കയാണ്... എന്റെ പേഷ്യന്റിനെ പരിശോധിച്ച ശേഷം അങ്ങേര് എന്നെ നോക്കി ചോദിച്ചു .. "ഏക് പട്ടി ദേദോജീ.. " എന്നുവെച്ചാൽ... "ഒരു പട്ടിയെ തരൂ "എന്നോ ?!!. ഞാൻ പിന്നേം പെട്ടു... എന്താണാവോ ഈ പട്ടി എന്ന് ചിന്തിച്ചു നിൽക്കുമ്പോൾ കൂടെയുണ്ടായിരുന്ന സീനിയർ സിസ്റ്റർ ഒരു ഡ്രസിങ് പായ്ക്ക് എടുത്തു HOD ക്കു കൊടുത്തു... ഓഹോ... അപ്പൊ ഡ്രസിങ് ആണ് ഈ 'പട്ടി '... എന്തായാലും 'പട്ടി 'എന്നെ 'കുണ്ടി 'യുടെയത്രയും നാണംകെടുത്തിയില്ല... ദേ ഇപ്പൊ രണ്ടു ദിവസം മുൻപ് ഒരു ഹിമാചൽ അമ്മച്ചി എന്നോട് പറയുവാ... "തൂ മേരി പോത്തി ജൈസി ഹേ " എന്ന്... കർത്താവെ... ഞാൻ അവരുടെ പോത്തിയെ പോലെയാണെന്ന് !!! വളരെ സ്നേഹത്തോടെ പെരുമാറുന്ന അമ്മച്ചിയാണ്... രണ്ടാഴ്ചയായി കാണുന്നതിനാൽ ഞങ്ങൾ നല്ല സൗഹൃദത്തിലുമാണ്... എന്നിട്ടും അവർ.... ? ഒരു വിധത്തിൽ ചിരിച്ചു കാട്ടി തിരിച്ചു നഴ്സസ് റൂമിലെത്തി ഗൂഗിളിൽ പരത്തിയപ്പോ മനസിലായി... പോത്തിയെന്നാൽ മകന്റെ മകൾ...! പാവം അമ്മച്ചിയെ തെറ്റിദ്ധരിച്ചു.. അപ്പൊ ഒരു സംശയം മകളുടെ മകളോ ?? ഉത്തരം ഗൂഗിൾ തന്നെ തന്നു... മകളുടെ മകൾക്ക് "ദോത്തി "എന്നാണ് പറയുക... കൊള്ളാം... ഇനിയും ആരെങ്കിലും "തൂ മേരി ദോത്തി ഹേ "എന്നെങ്ങാനും പറഞ്ഞു കളഞ്ഞാൽ ഒരു ഞെട്ടൽ ഒഴിവാക്കാമല്ലോ... അങ്ങനെ പഞ്ചാബി അപ്പാപ്പന്മാരുടെയും ഹിമാചൽ അമ്മച്ചിമാരുടെയും പിന്നെ നമ്മുടെ സ്വന്തം ഗൂഗിളിന്റെയും ശിക്ഷണത്തിൽ ഞാൻ ഹിന്ദി പഠിച്ചുകൊണ്ടേയിരിക്കുകയാണ്....എന്നു തീരുമെന്നൊരു പിടിയുമില്ലാതെ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക