Slider

ഇത് തോറ്റവന്റെ കഥ

0
ഇത് തോറ്റവന്റെ കഥ
================
ചേക്കേറാനൊരു ചില്ല തേടി സ്വന്തമായി കൂടില്ലാത്ത കിളികൾ മരക്കൊമ്പുകൾ തേടുന്നു....
സമയം സന്ധ്യയായി.....
പകൽ മുഴുവൻ ചൂടായി നിന്ന സൂര്യൻ കുളിച്ചു ഉറങ്ങുവാൻ വേണ്ടി കടലിലേക്ക് യാത്രയാകുന്ന ദൃശ്യവും കണ്ട് കടലിലേക്ക് തുറക്കുന്ന വാതിൽ ഉള്ള ബാൽക്കണയിൽ അയാൾ ഇരുന്നു.....
ചുവന്ന സന്ധ്യ.....
സൂര്യൻ പോകുന്നതിലുള്ള ദുഃഖമോ അതോ ചന്ദ്രൻ വരുന്നതിലുള്ള സന്തോഷമോ എന്തായിരിക്കും സന്ധ്യക്ക് ഇത്ര ചുവപ്പ്....
" നാണം കൊണ്ട് ചുവന്ന കവിളുള്ള ആകാശമേ..... "
അയാൾക്ക് ആ കവിയുടെ എഴുത്ത് ഓർമ്മ വന്നു....
അപ്പൊ ചന്ദ്രനെ വരവേൽക്കാൻ വേണ്ടിയാണ് നാണം കൊണ്ട് ചുവന്ന കവിളോടെ ആകാശം കാത്തിരിക്കുന്നത്.....
കയ്യിലെ ഗ്ലാസിൽ നിന്നും ആ ചുവന്ന ദ്രാവകം അയാൾ ഒരിറക്ക് കുടിച്ചു...
ആ ഗ്ലാസ്സ് മേശ പുറത്തു വെച്ച് അയാൾ ഒരു സിഗരറ്റിനു തീ കൊളുത്തി.....
ആസ്വദിച്ചു വലിച്ച പുക ആമാശയത്തിലേക്ക് പാഞ്ഞു കയറി ശ്വാസകോശത്തോട് എന്തോ സ്വകാര്യം പറഞ്ഞു....
ശ്വാസകോശത്തിന് അത് ഇഷ്ടമായില്ല എന്ന് തോന്നുന്നു പ്രതികരണം ചുമയായി തിരികെ അയാളുടെ വായിലേക്ക് എത്തി അത് പുറത്തു പോകുന്ന കൂട്ടത്തിൽ കൂടെ പോന്ന കുറച്ചു പുക കൂടി കൂടെ പോയി....
ദേഷ്യം തീരാത്ത ശ്വാസകോശം വീണ്ടും പ്രതികരിച്ചു ....
നിർത്താതെ ചുമയായി....
കയ്യിലെ സിഗരറ്റ് അയാൾ വലിച്ചെറിഞ്ഞു....
താഴെ വീണു കിടന്ന സിഗരറ്റ് അയാളെ നോക്കി പുച്ഛത്തോടെ പുഞ്ചിരിച്ചു.....
അതിലെ പുക അയാളെ പ്രലോഭിപ്പിച്ചു.....
ആ സിഗരറ്റിന്റെ പുഞ്ചിരിക്ക് മുകളിൽ അയാൾ കാല് കൊണ്ട് അമർത്തി.....
അത് കണ്ടു മുമ്പിലെ കൂട്ടിൽ ഇരുന്നിരുന്ന സിഗരറ്റുകൾ കൂട്ടത്തോടെ തന്റെ നിസ്സഹായവസ്ഥ കണ്ട് പൊട്ടിച്ചിരിക്കുന്നതായി അയാൾക്ക് തോന്നി.....
മുമ്പിലെ ഗ്ലാസിലെ മദ്യവും സിഗരറ്റും ഉറക്കെ ആക്രോശിക്കുന്നു വെല്ലു വിളിക്കുന്നു
" വാ... വാ... ഞങ്ങളിലേക്ക് വാ... ഞങ്ങൾ നിനക്ക് മരണം തരാം.... വാ വാ.... "
അയാൾ കണ്ണുകൾ ഇറുക്കി അടച്ചു....
അട്ടഹാസങ്ങൾ ചുഴലികൊടുങ്കാറ്റായി തലച്ചോറിൽ പ്രകമ്പനം കൊള്ളിക്കുന്നു....
സന്ധ്യയുടെ മനോഹര ദൃശ്യം അയാളുടെ മനോമുകുരത്തിൽ നിന്ന് മാഞ്ഞു പോയിരിക്കുന്നു....
മുഖം വലിഞ്ഞു മുറുകി തുടങ്ങി....
" നിങ്ങൾ അഴുക്കു ചാലിലെ അട്ടയാണ് അട്ട..... എത്ര തിരികെയെടുത്താലും തിരികെ അങ്ങോട്ട് തന്നെ പോകുന്ന അട്ട "
അകമ്പടിയായി ഭാര്യയുടെ ആ വാക്കുകൾ കൂടി ഓർമ്മയിൽ വന്നപ്പോൾ അയാൾ കണ്ണുകൾ തുറന്ന് അവശേഷിച്ച മദ്യവും കൂടി ഒറ്റ വലിക്ക് അകത്താക്കി....
ഭാര്യ.....
അന്ന് കയ്യിൽ ഒരു ബാഗും തൂക്കി പടിയിറങ്ങുമ്പോൾ അവൾ അവസാനമായി പറഞ്ഞ വാക്കുകൾ....
അന്ന് കേൾക്കുമ്പോൾ പുച്ഛമായിരുന്നു തന്നെ ഇഷ്ടമില്ലാത്തവൾ ...
ഇറങ്ങി പോകുന്നെങ്കിൽ പോട്ടെ....
ഇനി മുതൽ ഉപദേശം ഇല്ല...
മുഖം വീർപ്പിക്കലുകൾ ഇല്ല.....
ഇന്ന് മുതൽ താൻ ഒരു സ്വതന്ത്രൻ ആയിരിക്കുന്നു ....
ഇനി മുതൽ സന്തോഷത്തിന്റെ നാളുകൾ മാത്രം....
അന്ന് അങ്ങിനെ ആണ് തോന്നിയത്....
അതാണ് തിരിച്ചു വിളിക്കാതിരുന്നതും തിരഞ്ഞു പോകാതിരുന്നതും....
പക്ഷേ.....
ആയിരുന്നോ ശരിക്കും.....
അറിയില്ല.....
അവളുടെ ഇറങ്ങിപ്പോക്ക് ആഘോഷിച്ചത് കൂടിപോയോ.....
അത് കഴിഞ്ഞു കൃത്യം ഒരു മാസം കഴിഞ്ഞാണ് ബാറിൽ കുഴഞ്ഞു വീണത്...... രക്തം ഛർദ്ദിച്ചതും...
അന്ന് പരിശോധിച്ച ഡോക്ടർ ഉപദേശിച്ചു... ഇതൊക്കെ നിർത്തണം.... കരൾ ദ്രവിച്ചു തുടങ്ങിയത്രെ....
കരൾ ദ്രവിക്കുന്നെങ്കിൽ എന്താ ഡോക്ടറെ ഈ ശരീരം തന്നെ ഒരുനാൾ ദ്രവിക്കാൻ ഉള്ളതല്ലേ എന്ന മറുചോദ്യമാണ് താൻ ഡോക്ടറോട് തിരിച്ചു ചോദിച്ചത്....
എപ്പോഴെങ്കിലും താൻ ഇതെല്ലാം നിർത്തണം എന്നാഗ്രഹിച്ചിട്ടുണ്ടോ....
ഇല്ല എന്നതാണ് സത്യം.....
ശ്രമിച്ചു ..... ഒന്ന് രണ്ടു പ്രാവശ്യം.... പക്ഷേ.... ആ സമയമാകുമ്പോൾ ചുണ്ടിന് ഒരു വിറയാണ്....
മനസ്സിനാണോ ശരീരത്തിനാണോ എന്ന് തിരിച്ചറിയാൻ കഴിയാത്ത ഒരു തരം എരിപൊരി...
നിൽക്കാനും ഇരിക്കാനും വയ്യാത്ത അവസ്ഥ....
തലച്ചോറിൽ വണ്ടുകൾ മൂളുന്നു.....
അവസാനം ഒരു സിഗരറ്റ് കത്തിച്ചു വലിച്ചു കഴിഞ്ഞാൽ ഒരു പെഗ്ഗ് മദ്യം ഉള്ളിൽ ചെന്നാൽ മനസ്സും ശരീരവും ശാന്തമാകുന്നു......
ആ ഒരു അവസ്ഥയെ ഭയന്നല്ലേ താൻ ഈ വില കൊടുത്തു വാങ്ങുന്ന മരണത്തെ വീണ്ടും ആശ്രയിക്കുന്നത്.....
ഭാര്യ.....
അവൾ പിണങ്ങി പോകാനുണ്ടായ കാരണം.... മൂന്നാമത്തെ റീഹാലിബേഷൻ സെന്ററിലെയും കൗൺസിലിംഗ് കഴിഞ്ഞിട്ട് വന്നിട്ടും താൻ വീണ്ടും കുടി തുടങ്ങിയതിലുള്ള അമർഷം കൊണ്ടാണ് അവൾ അന്ന് അങ്ങിനെ പറഞ്ഞു പടിയിറങ്ങിയത്......
പാവം....
എത്ര സഹിച്ചിട്ടുണ്ടാവും അവൾ.....
മദ്യം കാലുകളെ നൃത്തമാടിക്കുമ്പോൾ മറിഞ്ഞു വീണുറങ്ങാൻ വേണ്ടി മാത്രമായിരുന്നു തനിക്ക് കട്ടിലും കിടക്കയും.....
ആ കട്ടിലിൽ തന്നെയും കാത്ത് ഒരു പെണ്ണുണ്ട് എന്ന് താനെപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ...
ഇല്ല എന്ന് തന്നെയാകും ഉത്തരം.....
ആദ്യ നാളുകളിൽ അവളുടെ മുഖത്തെ സങ്കടം കാണുമ്പോൾ ഇനി ആവർത്തിക്കില്ല എന്ന് എത്രയോ വട്ടം സത്യം ചെയ്തു പറഞ്ഞിട്ടുണ്ട്...
മണ്ടി.... അവൾ അത് വിശ്വസിക്കും.... വൈകുന്നേരം ആകുമ്പോൾ കാലുകൾ വീണ്ടും ബാറിന് നേരെ തന്നെയാണ് ചലിക്കാറു പതിവ്.... വീണ്ടും നാല് കാലിൽ തന്നെ പതിവ്....
പിറ്റേ ദിവസം എന്തെങ്കിലും കാരണം പറഞ്ഞു താൻ ന്യായീകരിക്കും വീണ്ടും പതിവ് പോലെ ആവർത്തിക്കും.....
താൻ ചെയ്തിരുന്ന സത്യങ്ങൾ അവൾ വിശ്വസിച്ചിരുന്നോ.....
ഉവ്വ്... കാരണം ഓരോ പ്രാവശ്യവും താൻ സത്യം ചെയ്യുമ്പോൾ അവളുടെ മിഴികളിലെ പരിഭവവും പിണക്കവും മാറി അവിടെ പുഞ്ചിരി തെളിയുന്നത് താൻ കണ്ടിട്ടുണ്ട്...
അല്ലെങ്കിലും ഈ പെണ്ണുങ്ങൾ അങ്ങിനെയാ സ്നേഹത്തോടെ മോളേ എന്നൊന്ന് വിളിച്ചാൽ അലിഞ്ഞു പോകുന്ന ഉറപ്പേ ദൈവം അവരുടെ മനസ്സിനു കൊടുത്തിട്ടുള്ളൂ....
എത്ര തല്ലിയാലും വഴക്കുണ്ടാക്കിയാലും ഒന്ന് കെട്ടിപ്പിടിച്ചാൽ ഒന്ന് ആശ്വസിപ്പിച്ചാൽ തീരാവുന്ന പിണക്കവും സങ്കടവുമേ അവർക്കുള്ളൂ....
അതിനു പോലും സമയം കണ്ടെത്താൻ കഴിയാത്ത തന്നെപ്പോലുള്ള വിഡ്ഢികൾ ആണ് ഡിവോഴ്‌സ് എന്ന ആന മണ്ടത്തരം ചെയ്തു ഞെളിഞ്ഞു നിൽക്കുകയുള്ളൂ....
പാവം...... ഇപ്പോൾ ഓർക്കുമ്പോൾ അവളോടുള്ള മതിപ്പ് കൂടുന്നു....
കൂടെയുണ്ടായിരുന്ന സമയത്ത് അറിയാതെ പോയ അവളുടെ സ്നേഹം ഇപ്പോൾ ചിന്തിക്കുമ്പോഴാണ് മനസ്സിലാക്കാൻ കഴിയുന്നത്....
അമിത മദ്യപാനം തന്റെ ലൈംഗിക ശേഷി നശിപ്പിച്ചു എന്നത് അറിയാൻ വൈകി .......
തനിക്ക് കുഞ്ഞുങ്ങൾ ഉണ്ടാവില്ല എന്നതും അറിയാൻ വൈകി.....
തെറ്റ് ചെയ്യാൻ ഒരുപാട് അവസരം ഉണ്ടായിട്ടും അതിനൊന്നും മുതിരാതെ തന്നെ നോക്കി താൻ ഇന്ന് നേരെയാകും നാളെ നേരെയാകും എന്ന് കരുതി കാത്തിരുന്ന തന്റെ ഭാര്യയെ താൻ സംശയിച്ചു......
തനിക്ക് കഴിവില്ലാത്തത് കൊണ്ട് അവൾ ഉറപ്പായും അന്യ പുരുഷനെ തേടിപ്പോകും എന്നായിരുന്നു തന്റെ ഉറച്ച വിശ്വാസം....
തന്റെ ഉള്ളിലെ മദ്യം.... സമൂഹത്തിൽ നടക്കുന്ന കാര്യങ്ങൾ ഒക്കെ തന്നെക്കൊണ്ട് അതൊക്കെ പറയിച്ചു എന്നതാണ് ശരി...... എന്ത് ശരി..... ന്യായീകരണം.... അതാണ് ശരിയായ വാക്ക്....
അപ്പോഴൊന്നും താൻ സ്വയം കുറ്റമേറ്റെടുക്കാൻ തയ്യാറായിരുന്നില്ല എന്നതാണ് സത്യം..... താൻ എന്നും ശരി തന്റെ പ്രവൃത്തികളാണ് ശരി.... ഇനി അത് തെറ്റാണെങ്കിലും തനിക്കത് ശരി തന്നെ..... ആ ചിന്തയായിരുന്നു തനിക്ക്....
ഒരു മനുഷ്യായുസ്സിൽ കുടിക്കാവുന്നതിനേക്കാൾ താൻ കുടിച്ചു.....
മദ്യത്തിന്റെ കടൽ ഉണ്ടായിരുന്നെങ്കിൽ അതിൽ നീന്തികുളിച്ചു കുടിച്ചു സന്തോഷിച്ചു ജീവിക്കാമായിരുന്നു എന്ന് വരെ താൻ ചിന്തിച്ചിരുന്നു....
സത്യത്തിൽ എന്താണ് തനിക്ക് ഈ മദ്യം തന്നിട്ടുള്ളത് .....
കുടിച്ചു ബോധം കെട്ടു വന്ന് കിടന്നു രാവിലെ എഴുന്നേൽക്കുമ്പോൾ അനുഭവപ്പെടുന്ന തലവേദനയോ....
വയറ്റിലേക്ക് വാരി വലിച്ചു കുടിച്ചു കയറ്റുന്ന മദ്യം അവിടെ സ്ഥലമില്ലാതാകുമ്പോൾ തിരിച്ചു വായിലൂടെ തന്നെ വരുമ്പോൾ കിട്ടുന്ന തൊണ്ട പൊട്ടലോ......
എവിടെയാണ് തനിക്ക് മാന്യത....
എവിടെയാണ് തനിക്ക് അംഗീകാരം....
ഒരേപോലെ കുടിക്കുന്ന മറ്റു കുടിയന്മാരുടെ ഇടയിലോ.....
ഇല്ല അവിടെ മാന്യത എന്നൊന്നില്ല....
സമൂഹത്തിന് മുമ്പിൽ താൻ ഒരു കോമാളി അല്ലേ...
അതുകൊണ്ടല്ലേ എല്ലാവരുടെയും മുഖത്ത് പരിഹാസച്ചിരി വരുന്നത്.....
കഴിഞ്ഞ ദിവസം ബസ്റ്റോപ്പിൽ വെച്ച് കേട്ട വാക്കുകൾ.....
നല്ലൊരു കൊച്ചുമോൾ ചിരിക്കുന്നത് കണ്ടാണ് പോക്കറ്റിൽ കിടന്ന ചില്ലറക്ക് പകരം കിട്ടുന്ന മിട്ടായി എടുത്ത് നീട്ടിയത് ഉടനെ ആ കുട്ടിയുടെ അമ്മ കുട്ടിയെ തന്നിൽ നിന്നും മറച്ചു പിടിച്ചു... എന്നിട്ട് തെല്ലുറക്കെ തന്നെ പറയുകയും ചെയ്തു...
" ഇതുപോലെ കള്ളും കുടിച്ചു ബോധമില്ലാതെ മിട്ടായിയും കൊണ്ട് നടക്കുന്നവനൊക്കെയാ കുഞ്ഞു പിള്ളേരെ വരെ വേറെ കണ്ണോട് കൂടി കാണുന്നതും അങ്ങിനൊക്കെ ഉപദ്രവിക്കുന്നതും "
കൂടി നിന്നവരുടെ മുഖത്തെ രോഷാഗ്നി അത് ശരി വെക്കുന്നത് പോലെ തന്നെയും.....
അല്ല ഒന്നോർത്താൽ ശരിയല്ലേ അത്..... അവരൊക്കെ പറയുന്നതിൽ എന്താണ് തെറ്റ്...... മദ്യം സിരകളിൽ കയറി കഴിഞ്ഞാൽ പിന്നെ തനിക്കെവിടെ തന്നെ നിയന്ത്രിക്കാൻ കഴിയുന്നു...
ചിരിക്കേണ്ട സ്ഥലത്തു കോപം വരുന്നു.... കോപിക്കേണ്ട സ്ഥലത്തു ചിരി വരുന്നു..... നടക്കേണ്ട വഴിയിലൂടെ നീന്തുന്നു.... നീന്തണ്ട സ്ഥലത്തു മുള്ളുന്നു.... ഉറങ്ങേണ്ട സ്ഥലത്തു അല്ല വീഴുന്ന സ്ഥലത്തു ഉറക്കം..... ഹും ശരിക്കും കോമാളി തന്നെ.....
ഇന്നാള് തന്റെ വീഡിയോ കാണുന്നത് വരെ താൻ കുടിച്ചു ചെയ്യുന്നത് കേമത്തരം ആണെന്നായിരുന്നു ചിന്ത..... ആടിയാടി നടക്കുന്ന തന്റെ ചേഷ്ടകൾ ആരോ വീഡിയോ പിടിച്ചു യൂട്യൂബിൽ അപ്‌ലോഡ് ചെയ്തത് എന്തായാലും നാട്ടുകാർക്ക് പൊട്ടിച്ചിരിക്കാനുള്ള വകയായി.... ആ വീഡിയോ സ്ഥിരബുദ്ധിയിൽ കണ്ടപ്പോഴാണ് താൻ എന്തൊക്കെ കോമാളിത്തരമാണ് കാണിച്ചു കൂട്ടുന്നത് എന്ന് മനസ്സിലായത്.... ഹോ തൊലിയുരിഞ്ഞു പോയി.....
മദ്യം കഴിച്ചു കഴിഞ്ഞാൽ തന്റെ ചിന്തകളിലും പ്രവൃത്തികളിലും താൻ വീരനാണ്.... എത്രയോ പേരോട് വഴക്കുണ്ടാക്കിയിരിക്കുന്നു അതേപോലെ തന്നെ തല്ലും കിട്ടിയിട്ടുണ്ട്..... പക്ഷേ ന്യായം തന്റെ ഭാഗത്ത് ആണെങ്കിൽ കൂടി എല്ലാവരും തന്നെ മാത്രമേ കുറ്റപ്പെടുത്തൂ.... താൻ കള്ളു കുടിച്ചു അലമ്പുണ്ടാക്കി എന്നേ പറയൂ....
വയ്യ..... വയ്യ....വയ്യ...
എന്താണ് ഈ മദ്യം കൊണ്ട് ഗുണമുണ്ടായിട്ടുള്ളത്... ഗുണം എന്ന നിലയിൽ ഒന്നുമില്ല.... അപമാനവും പരിഹാസവും കോമാളി പരിവേഷവും.... തലക്ക് പെരുപ്പ് കയറുമ്പോൾ വീരനാണെന്നു തോന്നും... താൻ പറയുന്നതാണ് ശരി... താൻ ചെയ്യുന്നതാണ് ശരി... എല്ലാവരും താൻ പറയുന്നത് കേൾക്കുന്നു... എല്ലാവരും തന്നെ അംഗീകരിക്കുന്നു... പക്ഷേ.... തീർത്തും ക്ഷണികമായ മിഥ്യാധാരണ.... താനൊരു കോമാളി മാത്രം....
ഒന്ന് ശരിയാണ് ... മദ്യം തന്റെ അപകർഷതാ ബോധം മാറ്റുന്നു... ഏത് ആൾക്കൂട്ടത്തെയും നേരിടാൻ തനിക്ക് സാധിക്കുന്നു....
യഥാർത്ഥത്തിൽ അത് നേരിടൽ ആണോ.... അല്ല അത് ഒളിച്ചോട്ടമാണ്.... ഇല്ലാത്ത ഒന്ന് ഉണ്ടെന്നു വരുത്തിത്തീർക്കൽ..... അവിടെയും ചിന്തിക്കുന്നത് മനസ്സാണ്... ആ മദ്യപിക്കുന്നതിന്റെ പകുതി നേരം മതി മനസ്സിനെ ബലപ്പെടുത്താൻ.... ശരീരത്തിനും അസ്വസ്ഥതകൾ ഇല്ല.....
എന്നിട്ടും എന്തിനാണ് താൻ വീണ്ടും വീണ്ടും കുടിക്കുന്നത്....
ഒരു മദ്യപാനിക്കും ഒരിക്കലും ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങൾ....
ഒരേ ഒരു ഉത്തരം മാത്രം..... ജീവിതത്തെ നേരിടാൻ ചങ്കുറപ്പില്ലാത്ത ശിഖണ്ഡികൾ ആണ് മദ്യപാനികൾ....
കിട്ടുന്നത് ദോഷം മാത്രം എന്നറിഞ്ഞിട്ടും വീണ്ടും വീണ്ടും കുടിക്കുന്ന വിഡ്ഢികൾ....
മതി.... ഇനി ഈ വിഡ്ഢിവേഷം കെട്ടാൻ വയ്യ.... ഇനിയെങ്കിലും ഒരാണായി ജീവിക്കണം....
ഈ ചിന്ത അതിന്റെ പൂർവ്വ സ്ഥിതിയോടെ തന്നിലേക്കെത്താൻ ഒരുപാട് വൈകി എന്നറിയാം...
മനുഷ്യന്റെ വേണ്ട എന്നുള്ള എല്ലാ ശപഥങ്ങളും തെറ്റുന്നത് ഇന്നുംകൂടി എന്ന ഒറ്റ ചിന്തയിലാണ്.... പുനർജ്ജനിക്കുന്ന ചിന്ത.....
അതുകൊണ്ട് ഇന്നുംകൂടി എന്നല്ല ഇപ്പൊ ഈ നിമിഷം മുതൽ എന്നാണ് താൻ ചിന്തിക്കാൻ പോകുന്നത്....
പിരിഞ്ഞു പോയ ഭാര്യ മാത്രമാണ് തന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ശൂന്യത... അവളെ മനസ്സിലാക്കാൻ തനിക്ക് സാധിച്ചിട്ടില്ല എങ്കിലും എങ്ങിനെ മയക്കണം എന്ന് തനിക്ക് നല്ലവണ്ണം അറിയാം.... ഇന്ന് നിലനിന്നു പോകുന്ന എല്ലാ വിവാഹജീവിതത്തിലെയും പുരുഷന്മാർക്ക് ഈ വിദ്യ അറിയാവുന്നത് കൊണ്ടാണ് ആ ബന്ധങ്ങൾ ഇന്നും നില നിൽക്കുന്നത് എന്നത് വലിയൊരു സത്യമാണ്.... കാരണം ദൈവം സ്ത്രീകളെ സൃഷ്ടിച്ചപ്പോൾ ദൗർബല്യങ്ങൾ ആവശ്യത്തിലധികം കൊടുത്തിട്ടുണ്ട്... അത് മാത്രം മനസ്സിലാക്കാൻ സാധിക്കുന്ന പുരുഷന് സന്തുഷ്ടമായ കുടുംബജീവിതം നയിക്കാൻ സാധിക്കുന്നു.... അല്ലാതെ വെള്ളപ്പരപ്പിലെ ഓളങ്ങൾ പോലെ നിമിഷനേരം കൊണ്ട് മാറിമറയുന്ന സ്ത്രീയുടെ ചിന്തകൾ മനസ്സിലാക്കി അവളെ സന്തോഷിപ്പിച്ചു ഒപ്പം ജീവിക്കുവാൻ സൃഷ്ടിച്ച ദൈവത്തിന് പോലും സാധ്യമല്ല...
ഇവിടെയും താൻ അങ്ങിനെയൊരു പൊടിക്കൈ ആണ് പ്രയോഗിക്കാൻ പോകുന്നത്...
ഏതൊരു പെണ്ണും അടിയറവു പറയുന്ന ഒന്നേയുള്ളൂ ഈ ഭൂമിയിൽ.... അത് കണ്ണുനീരാണ്... സ്വന്തം ഭർത്താവ് എത്ര വലിയ ക്രൂരൻ ആണെങ്കിലും അവളുടെ മുമ്പിൽ കരഞ്ഞാൽ വെണ്ണ പോലെ അലിയും അവളുടെ ഹൃദയം.... എല്ലാ വെറുപ്പും ആ കണ്ണീരിന് മുമ്പിൽ മാറും....
അതേ താനും ചെയ്യാൻ പോകുന്നത് ആ വഴി തന്നെ.... ഇന്നേവരെ താൻ വിജയിച്ചു വന്ന വഴി... അതിനുമുമ്പ് ഈ നശിച്ച കുടി നിർത്തണം...
അയാൾ തന്റെ മുമ്പിലുണ്ടായിരുന്ന മദ്യകുപ്പിയിൽ ശേഷിച്ചിരുന്ന മദ്യം
കുപ്പിയോടെ തറയിലേക്ക് വലിച്ചെറിഞ്ഞു..... ഗ്ലാസ്സിൽ അവശേഷിച്ചിരുന്നതും.... സ്വയമറിയാതെ അയാളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു... വിജയത്തിന്റെ പുഞ്ചിരി....ഇന്നേവരെ തന്നാൽ കഴിയാതിരുന്നത് താൻ സാധിച്ചിരിക്കുന്നു.... അതേ താൻ ആണായിരിക്കുന്നു.... കൃത്രിമമില്ലാത്ത തനി ആണ്
ഇനി തനിക്ക് നഷ്ടപ്പെട്ട ജീവിതം തിരിച്ചു പിടിക്കണം...
അതിന് ആദ്യം വേണ്ടത് അവളെ തിരിച്ചു വിളിക്കുകയാണ്...
പാവം അതിനു ഇതുവരെ സന്തോഷം കൊടുക്കാൻ സാധിച്ചിട്ടില്ല...
ഇനിയവളെ സന്തോഷം കൊണ്ട് വീർപ്പു മുട്ടിക്കണം...
പക്ഷേ അവൾ തന്നെ വിശ്വസിക്കുമോ...
ഇറങ്ങി പോയിട്ട് ആറു മാസങ്ങൾ കഴിഞ്ഞിരിക്കുന്നു...
ഇത് വരെ ഒന്ന് വിളിച്ചിട്ട് കൂടി ഇല്ല താൻ...
ഇടയിൽ രണ്ടു മൂന്നു വട്ടം അവൾ വിളിച്ചെങ്കിലും താൻ അവഗണിക്കുകയാണ് ചെയ്തത്...
ഒരു നിമിഷം അയാളുടെ മനസ്സ് ഒന്ന് ശങ്കിച്ചു...
അടുത്തനിമിഷം അതേ മനസ്സ് തന്നെ അത് തിരുത്തി...
അവൾ വരും...
ഇതിലും വലിയ എത്രയോ സംഭവങ്ങൾ നടന്നിരിക്കുന്നു... അതെല്ലാം താൻ എത്ര അനായസമാണ് കൈകാര്യം ചെയ്തിരിക്കുന്നത്...
ഇപ്പോൾ തന്നെ അവളെ വിളിച്ചു എനിക്ക് തീരെ വയ്യ നീയാ റീഹാലിബേഷൻ സെന്ററിന്റെ നമ്പർ എവിടെയാ വെച്ചിരിക്കുന്നത് എനിക്ക് അങ്ങോട്ട് പോകണം എന്ന് മാത്രം ദയനീയ സ്വരത്തിൽ ചോദിച്ചാൽ മതി ...
വരാനും പറയണ്ട ഒന്നും പറയണ്ട... നാളെ രാവിലെ പെട്ടിയും തൂക്കി അവൾ ഇങ്ങ് വന്നോളും....
അത്രക്ക് മണ്ടിയാണ് അവൾ...
അല്ലെങ്കിൽ തന്നെ എത്ര ദേഷ്യമുണ്ടെങ്കിലും സ്വന്തം കെട്ടിയൊന് വയ്യ എന്നറിഞ്ഞാൽ ഏത് ഭാര്യക്കാണ് സഹിക്കുക...
അയാൾക്ക് സ്വയമറിയാതെ ഒരു വിജയിയുടെ പുഞ്ചിരി വന്നു...
അയാൾ പോക്കറ്റിൽ നിന്നും മൊബൈൽ ഫോൺ എടുത്ത് ഭാര്യയുടെ നമ്പർ ഡയൽ ചെയ്യാൻ തുടങ്ങി...
അതിനൊപ്പം തന്നെ പറയേണ്ട കാര്യങ്ങൾ മനസ്സിൽ രണ്ടു മൂന്നു വട്ടം പറഞ്ഞു റിഹേഴ്‌സൽ നടത്തിയിരുന്നു....
ഡയൽ ചെയ്ത നമ്പർ റിങ് ചെയ്യാൻ തുടങ്ങി... കാൾ എടുത്ത നിമിഷം തന്നെ അയാൾ ദയനീയ സ്വരത്തിൽ ഹലോ എന്ന് പറഞ്ഞു..
മറുതലയ്ക്കൽ ഒരു നിമിഷത്തെ നിശബ്ദത...
" ഹലോ ആരാണ് " മറു തലയ്ക്കൽ നിന്നും ഗാംഭീര്യമുള്ള ഒരു പുരുഷ ശബ്ദം ആണ് വന്നത്...
അത് കേട്ട അയാൾ ഒരു നിമിഷം ഒന്നമ്പരന്നു...
" ആരാണിത്... ഇത് സാവിത്രിയുടെ നമ്പർ അല്ലേ... " അയാൾ ചോദിച്ചതിനൊപ്പം സംശയത്തോടെ ചെവിയിൽ നിന്ന് ഫോൺ എടുത്ത് നോക്കി ഉറപ്പ് വരുത്തി... അതേ സാവിത്രിയുടെ പേരിൽ സേവ് ചെയ്തിരിക്കുന്ന നമ്പറിലേക്ക് തന്നെയാണ് വിളിച്ചിരിക്കുന്നത്...
" അതേ സാവിത്രിയുടെ നമ്പർ തന്നെയാണ് ... നിങ്ങൾ ആരാണ് വിളിക്കുന്നത് എന്ന് പറയൂ... " മറുതലയ്ക്കൽ നിന്നും വീണ്ടും മറുപടി വന്നു...
" ഞാൻ... ഞാൻ സാവിത്രിയുടെ ഭർത്താവ് ആണ്... അവൾക്കൊന്നു ഫോൺ കൊടുക്കാമോ..." അയാൾ ചെറിയ ജാള്യതയോടെ ചോദിച്ചു...
മറുതലയ്ക്കൽ വീണ്ടും ഒരുനിമിഷത്തെ നിശബ്ദത...
" സാവിത്രിയുടെ മുൻ ഭർത്താവ് അല്ലേ... " മറു തലയ്ക്കൽ നിന്നും വീണ്ടും ചോദ്യമുയർന്നു... അയാൾക്ക് വീണ്ടും ജാള്യത അനുഭവപ്പെട്ടു...
" അതെ.... ഉണ്ണിയാണോ...?? " അയാൾ സാവിത്രിയുടെ ആങ്ങളയാണ് എന്ന സംശയത്തിൽ ചോദിച്ചു...
" അല്ല... നിങ്ങൾ വെച്ചൊഴിഞ്ഞ പദവി ഇപ്പോൾ അലങ്കരിക്കുന്നത് ഞാനാണ്..." മറുതലയ്ക്കൽ ഉള്ള ആൾ വളരെ ശാന്തമായി മറുപടി പറഞ്ഞു...
" എന്ത്...? " അയാൾക്ക് പെട്ടെന്ന് ഒന്നും മനസ്സിലായില്ല...
" അതേ... എന്റെയും സവിത്രിയുടെയും വിവാഹം കഴിഞ്ഞിട്ട് രണ്ടു മാസമായി... സാവിത്രി പറഞ്ഞിരുന്നു നിങ്ങളെക്കുറിച്ചു..." മറുതലയ്ക്കൽ ഉള്ള ആൾ ഒരുനിമിഷം നിർത്തി...
തലയിൽ ഒരു കൂടം കൊണ്ട് അടി കിട്ടിയത് പോലെ അയാൾ തളർന്നിരുന്നു... സാവിത്രി വീണ്ടും വിവാഹം കഴിച്ചുവെന്നോ... അയാൾക്ക് വിശ്വസിക്കാനായില്ല... ഒരുപാട് ചിന്തകൾ പോലെ എന്തോ മനസ്സിൽ ഓടി കളിയ്ക്കുന്നത് പോലെ തോന്നി അയാൾക്ക്... എന്താണ് ചെയ്യേണ്ടത് എന്നറിയാതെ പകച്ചു നിൽക്കുന്ന അവസ്ഥ...
" നിങ്ങളുമായി ഇങ്ങിനെയൊരു സംഭാഷണം ഉണ്ടാകുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും ചിന്തിച്ചില്ല... ഒരർത്ഥത്തിൽ സാവിത്രി കുളിക്കാൻ കയറിയത് നന്നായി... നോക്ക്... അവൾ ഇപ്പോൾ ഗർഭിണിയാണ്.. നിങ്ങൾക്ക് അവളിൽ ഇപ്പോൾ ഒരാവകാശവുമില്ല... ദയവ് ചെയ്തു നിങ്ങളിനി അവൾക്കൊരു ശല്യമാകരുത്... "
ഒറ്റ ശ്വാസത്തിൽ മറുതലയ്ക്കലെ ശബ്ദം പറഞ്ഞു നിർത്തി... അന്തരീക്ഷത്തിൽ നിശബ്ദത പടർന്നു. അയാൾക്ക് കാൾ കട്ട് ചെയ്യാനോ മറുപടി പറയാനോ സാധിക്കുന്നുണ്ടായിരുന്നില്ല...
" ഒരർത്ഥത്തിൽ നിങ്ങളൊരു വിഡ്ഢിയാണ് .. ഒരു മണിക്യത്തെ കയ്യിൽ കിട്ടിയിട്ട് എറിഞ്ഞു കളഞ്ഞവൻ..."
അയാൾ തുടർന്നു
" ഞാനൊരു പട്ടാളക്കാരൻ ആണ്..യുദ്ധത്തിൽ ഒരു കാല് നഷ്ടപ്പെട്ട എനിക്ക് ഒരു വിവാഹജീവിതം ഉണ്ടാകില്ല എന്ന് തന്നെയാണ് ഞാൻ ചിന്തിച്ചു കൊണ്ടിരുന്നത്... പൂർണ്ണ ആരോഗ്യവാന്മാരായ ആളുകൾക്ക് പെണ്ണ് കിട്ടാതിരിക്കുന്ന ഇക്കാലത്ത് ഒരു വികലാംഗനെ സഹിക്കുവാൻ ആരും തയ്യാറാകില്ല എന്ന് തന്നെയായിരുന്നു എന്റെ ചിന്ത.... യാദൃശ്ചികമായാണ് സാവിത്രിയുടെ സഹോദരന്റെ സുഹൃത്തായ എന്റെ ഒരു സുഹൃത്ത് ഈ ആലോചന കൊണ്ട് വന്നത്... ആദ്യം സാവിത്രി കുറെ എതിർപ്പ് പ്രഖകടിപ്പിച്ചു എങ്കിലും ഒടുവിൽ എന്നോട് തോന്നിയ സഹതാപം കൊണ്ടോ എന്തോ വിവാഹത്തിന് സമ്മതിച്ചു... ഞങ്ങൾ തമ്മിലുള്ള അപരിചിതത്വം മാറാൻ വെറും ഒരാഴ്ചയെ വേണ്ടി വന്നുള്ളൂ... ഞാൻ ഭാഗ്യവാനാണ്... ഒരായുസ്സിന്റെ സ്നേഹം മുഴുവൻ അവൾ എനിക്കീ രണ്ടു മാസം കൊണ്ട് തന്നു... ഞങ്ങൾക്കിടയിൽ നിങ്ങളുണ്ടായിരുന്നു ആദ്യ സമയങ്ങളിൽ... അതിന് ശേഷം അവൾ നിങ്ങളെ ഓർക്കുന്നുണ്ടോ എന്നെനിക്കറിയില്ല... അവളെന്നോടും ഞാൻ അവളോടും സ്നേഹമായിട്ടാണ് പെരുമാറുന്നത്... ഞങ്ങൾക്കിടയിൽ ഇനി ഒരപശകുനമായി ഇനി നിങ്ങൾ വരരുത്... എനിക്കറിയാം അവൾക്ക് നിങ്ങളെ ഒരിക്കലും മറക്കാനാകില്ല... പക്ഷേ ഒരുമിച്ചുണ്ടായിരുന്നപ്പോൾ ഒരിക്കൽ പോലും അവൾക്ക് സമാധാനം കൊടുക്കാത്ത നിങ്ങൾ ഇപ്പോൾ അവൾ സന്തോഷത്തോട് കൂടെ ഇരിക്കുന്ന സമയത്ത് വീണ്ടും ശല്യമാകരുത്.... മാത്രമല്ല ഇപ്പോൾ ഞങ്ങളുടെ ഇടയിലേക്ക് ഒരു കുഞ്ഞു കൂടി വരാൻ പോകുകയാണ്..."
നിർത്താതെ ഒറ്റ വീർപ്പിന് പറഞ്ഞത് കാരണമാകും ഒരു നിമിഷം നിശ്ശബ്ദതയും ശ്വാസം വലിച്ചു വിടുന്ന ശബ്ദവും കേൾക്കാൻ സാധിച്ചു.... തുടർന്ന് ആ ശബ്ദം വീണ്ടും കേട്ടു....
" നോക്ക് ... ഇനി ഈ നമ്പറിലേക്ക് വിളിക്കരുത്... ഞാൻ ഈ നമ്പർ ബ്ലോക്ക് ചെയ്യുകയാണ്... വീണ്ടും നിങ്ങൾ വിളിച്ചു ഞങ്ങളുടെ സന്തോഷകരമായ ജീവിതം തകർക്കാൻ ശ്രമിച്ചാൽ ഒരുപക്ഷേ കൊല്ലാനും മടിക്കില്ല ഞാൻ... കാരണം ഞാനും അവളും എല്ലാ ദുഖങ്ങളും മറന്ന് ജീവിച്ചു തുടങ്ങിയിട്ടെ ഉള്ളൂ... ഇത് നമ്മുടെ ആദ്യത്തേതും അവസാനത്തേതുമായ സംഭാഷണം ആയിരിക്കട്ടെ..."
ഇത്രയും പറഞ്ഞിട്ട് മറു തലയ്ക്കൽ ഉള്ള ആൾ ഫോൺ കട്ട് ചെയ്തപ്പോഴും ഫോൺ ചെവിയോട് ചേർത്ത് വെച്ച് അയാൾ സ്തബ്ദനായി ഇരിക്കുകയായിരുന്നു....
എപ്പോഴോ വിരലുകളുടെ ശക്തി ചോർന്നു ഫോൺ തറയിൽ വീണു ആ ശബ്ദമാണ് അയാളെ വർത്തമാന ലോകത്തേക്ക് തിരികെ കൊണ്ടു വന്നത്....
അയാളുടെ മിഴികൾ ചുറ്റും പരതി പരതി നോക്കി...
തറയിൽ വീണു കിടക്കുന്ന മദ്യവും സിഗരറ്റും തന്നെ നോക്കി തോറ്റവൻ തോറ്റവൻ എന്ന് വിളിച്ചു പരിഹസിക്കുന്നത് പോലെ അയാൾക്ക് തോന്നി...
നെഞ്ചിൽ വല്ലാത്തൊരു ഭാരം പോലെ...
അയാൾക്കൊന്നു ചുമയ്ക്കണമെന്നു തോന്നി...
അടിവയറ്റിൽ ചെറുതായി രൂപം കൊണ്ട ചുമ നെഞ്ചു വഴി വായിലൂടെ പുറത്തേക്ക് വന്നപ്പോഴേക്കും കൊടുങ്കാറ്റിന്റെ ശക്തിയുള്ളതായി മാറിയിരുന്നു...
അയാൾ നിർത്താതെ ചുമച്ചു...
വായിൽ നിറഞ്ഞ കഫം പുറത്തേക്ക് തുപ്പി...
തറയിലെ മദ്യത്തിലേക്ക് വീണ തുപ്പലിലേക്ക് അയാൾ അമ്പരപ്പോടെ നോക്കി..
കാരണം അതിന് രണ്ടിനും ഒരേ നിറമായിരുന്നു...
ചുമ തുടർന്നു... ഒടുവിൽ അത് ഛർദ്ദിൽ ആയി മാറി...
ആ ഛർദ്ദിലിന്റെ നിറവും അത് തന്നെയായിരുന്നു.... ചുവപ്പ്....
തന്റെ ചോര ഒഴുകി മദ്യത്തിൽ ലയിക്കുന്നത് അയാൾ കണ്ടുകൊണ്ടിരുന്നു...
അതിലേതാണ് മദ്യം ഏതാണ് ചോര എന്ന് വേർതിരിച്ചറിയാൻ ശ്രമം നടത്തുന്നതിനിടെ ആ കണ്ണുകൾ അടഞ്ഞു മെല്ലെ...
ഇനിയൊരിക്കലും തുറക്കാനാകാത്ത വിധം....
അതേ ഒരു തോറ്റവന്റെ അദ്ധ്യായം ഇവിടെ അവസാനിച്ചിരിക്കുന്നു... .
ഒരുപാട് തോൽക്കാനുള്ളവരുടെ ജീവിതത്തിനു മുമ്പിലേക്ക് ഞാനീ അടഞ്ഞ അദ്ധ്യായം സമർപ്പിക്കുന്നു...
ഒരു നിമിഷം ഒന്ന് ചിന്തിക്കുവാൻ സാധിച്ചാൽ....
ജയ്‌സൺ ജോർജ്ജ്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo