Slider

എന്‍റെ മക്കളുടെ ചേച്ചി (അനുഭവം/ഓര്‍മ)

0
എന്‍റെ മക്കളുടെ ചേച്ചി (അനുഭവം/ഓര്‍മ)
----------------------------------------------------------------------
“എടീ...വാവയെ താഴെ വെക്ക് ....നിന്നോടാ പറയുന്നേ...അതിപ്പം വീഴും”
അയൽവീട്ടിലെ ഇന്ദുച്ചേച്ചിയുടെ ശബ്ദം കേട്ട് സിറ്റ്-ഔട്ടിൽ നിന്ന് ഞാൻ മെല്ലെ തലയുയർത്തി നോക്കി
“നീ ഉണ്ടോ ഇവിടെ. ഇത് കാണുന്നില്ലേ. ..മിന്നുവിനൊന്നു കൊടുക്ക്”
അവരുടെ ഇളയ മകൾ (എട്ടോ ഒൻപതോ വയസ്സു കാണും) മിന്നു എൻ്റെ മൂന്ന് വയസ്സുള്ള ഇളയ മകനെ താങ്ങിപ്പിടിച്ചു പറമ്പത്ത് നടക്കുകയാണ്. ഞാൻ ഒന്നും മിണ്ടാതെ മിന്നുവിന്റെ അടുത്തേക്ക് നടന്നു ...എന്നെ കണ്ടു അവൾ മോനെ താഴെയിറക്കാൻ നോക്കി. അവൻ മിന്നുവിന്റെ കഴുത്ത് മുറുകെ പിടിച്ചു താഴെ ഇറങ്ങാതെ " ഏച്ചി....ഏച്ചി..." (ചേച്ചി..ചേച്ചി) എന്ന് ചിണുങ്ങാൻ തുടങ്ങി. ഞാൻ കുട്ടിയെ എടുത്തു മിന്നുവിന്റെ ചുമലിൽ കിടത്തി, എങ്ങിനെ കൈ കൊണ്ട് താങ്ങിപ്പിടിക്കണമെന്നു പറഞ്ഞു കൊടുത്തു. മോൻ എന്നെ നോക്കാതെ അവളുടെ ചുമലിൽ അമർന്നു കിടന്നു...
മൂത്തവനും "ഏച്ചീ" എന്ന് വിളിച്ചവളുടെ പിറകെ ഓടി..
“നീ വീട്ടിലേക്ക് കൊണ്ട് പോയ്‌ക്കോ.”(അവിടെ അവളുടെ രണ്ട് ചേച്ചിമാർക്കും അവനെ ഇഷ്ടമാണ്...എന്റെ മുൻപിൽ കൊഞ്ചിക്കാൻ നാണമാണ്...).
.അപ്പോൾ മിന്നുവിന്റെ മുഖത്തുള്ള ആ ഭാവം എനിക്ക് നന്നായി മനസ്സിലാവുമായിരുന്നു - കാരണം ഞാനും അവളും തേടുന്നത് ഇല്ലാത്തതിനെയാണ് - അവൾക്കൊരു കൊച്ചനിയൻ, എനിക്കെന്റെ രണ്ട് ആണ്മക്കൾക്കൊരു ചേച്ചി/അനിയത്തി.
************
രവി (നമ്മള്‍ നമ്പിയെന്നു വിളിക്കും - തെറ്റിയാൽ വിളിക്കാൻ വേറെയും പേരുകളുണ്ട്) - നാടൻ ഭാഷയിൽ പറഞ്ഞാൽ അഞ്ചു മിനിറ്റ് സ്ലോ ആണ് മൂപ്പർ. അച്ഛൻ KSEB യിൽ സർവിസിലിരിക്കെ മരിച്ചതിനാൽ ഏക ആൺ തരിയായ നമ്പിക്ക് അവിടെ ജോലി കിട്ടി ( മൂത്ത് മൂത്ത് ഇപ്പോൾ ഓവർ സീയറോ മറ്റോ ആയി).
അക്കാലത്തെ ഒരു ഫ്രീക്കനായിരുന്നു നമ്പി. ജോലി കഴിഞ്ഞു വന്നാൽ പിന്നെ ശരീരത്തിൽ വളരെ സ്വതന്ത്രമായി മേയാൻ വിടുന്ന ഒരു ഒറ്റ മുണ്ടേ കാണൂ.
“കാറ്റും വെളിച്ചവും കടക്കെണ്ടെടാ..."
എന്നാണ് ചോദ്യം ചെയ്താലുള്ള മറുപടി. കൂടുതൽ പറഞ്ഞാൽ അതഴിച്ചു നമുക്ക് സമ്മാനമായി തരാൻ മടിയില്ലാത്ത ദയാലു.
” ഈ മനുഷ്യന് നാണം അയലത്തൂടെ പോയിട്ടില്ല " എന്ന് ഇന്ദുച്ചേച്ചിയും.
കൊട്ടക്കണക്കിനു ദിനേശ് ബീഡി വലിച്ചു തള്ളുക, ചാലക്കുള്ള കള്ളുഷാപ്പിൽ കയറി കുടിക്കുക, കടം വാങ്ങിയാൽ പിന്നെ ആ വഴിക്ക് പോകാതിരിക്കുക തുടങ്ങിയവയാണ് മറ്റ് പ്രധാന വിനോദങ്ങൾ.
ചെറുപ്പത്തിൽ നമ്പിക്ക് മറ്റൊരു ഹോബിയുണ്ടായിരുന്നു. റോഡരികിലുള്ള കശുമാവിന്റെ മുകളിൽ കയറിയിരുന്നു കുട്ടികളായ ഞങ്ങളെക്കൊണ്ട് വഴിപോകുന്ന കിളവന്മാരെ ഓരോ പേര് വിളിപ്പിക്കും (തെറിയല്ല.
..വായിൽ തോന്നിയ പേരുകൾ ....ഒന്നിപ്പോഴും എനിക്കോര്മയുണ്ട്. " ഒലമ്പ " - എന്താണാവോ അത്😁 ). ചെറിയ കുട്ടികളായിരുന്ന ഞങ്ങൾ ഒന്നുമറിയാതെ ആൾക്കാരെ നീട്ടി ആ പേര് വിളിക്കും. അവർ ചീത്ത പറയുന്നത് കേൾക്കുമ്പോൾ നമ്പി മാവിൻ കൊമ്പിൽ അള്ളിപ്പിടിച്ചു കുടുകുടെ ചിരിക്കും.
ഇന്ദു ചേച്ചി ഈ ഈജിയൻ തൊഴുത്തിനെ കുറെ വൃത്തിയാക്കിയെടുത്തു (ബീഡി വലിക്ക് ഒരു കുറവുമായില്ല)...മൂന്നു മക്കളും ഉണ്ടായി. മൂന്ന് പെൺ മക്കൾ. നമ്പിയുടെ തറവാട്ടുകാർ അല്പം പേരൊക്കെ ഉള്ളവരാണ്. അതുകൊണ്ട് തന്നെ ഈ അരലൂസന്റെ അടുത്ത് അവർ അങ്ങിനെ വരാറില്ല...പിന്നെ ആണായിട്ട് ആ വീട്ടിലേക്ക് എപ്പോഴെങ്കിലും വരുന്നത് കുട്ടികളുടെ മാമൻ (ഇന്ദുചേച്ചിയുടെ ചേട്ടൻ) മാത്രമാണ്.
ചുരുക്കത്തിൽ, നടുവൊടിയോളം പണിയുള്ള ഒരമ്മയുടെയും മുരടനായ ഒരച്ഛന്റെയും ഇടയിലുള്ള മൂന്ന് പെൺകുട്ടികൾ
*********
“ ഈ കാന്താരി ഡാൻസ് പഠിക്കാൻ പോന്നുണ്ട് ..ഒപ്പരം തുള്ളാൻ ഈ പണ്ടാരവും” (മിന്നു ഡാൻസ് പഠിക്കാൻ പോവുന്നുണ്ട് ...അതിനു ഭാര്യയുടെ സപ്പോർട്ടും)
നമ്പി ഇന്ദു ചേച്ചിയെ നോക്കി എന്നോട് പറഞ്ഞു.
എനിക്കാ മോളോട് ഒരു പ്രത്യേക ഇഷ്ടം തോന്നാൻ തന്നെ കാരണം അവളുടെ ചില കുട്ടിത്തങ്ങളായിരുന്നു ...ബസ് ഇറങ്ങി തെങ്ങിൻ തോപ്പും വയലും കടന്നുവേണം ഞങ്ങൾക്ക് വീട്ടിലെത്താൻ...മിന്നു തെങ്ങിൻ കൂട്ടത്തോടും കിളികളോടും കിന്നാരം പറയാറുള്ളത് ഞാൻ കാണാറുണ്ടായിരുന്നു.. കണ്ണുകൾ കൊണ്ടുള്ള അവളുടെ ചിരി, നൃത്ത മുദ്രകൾ കാണിച്ചു തലകുലുക്കി, ആടിയുള്ള നടത്തം.
കുറെ സമയം പിറകിൽ നിന്ന് ഞാൻ അത് ആസ്വദിക്കും....പിന്നെ മെല്ലെ അടുത്തുപോയി "ഏച്ചീ" എന്നൊന്ന് വിളിക്കും (മക്കൾ വിളിക്കുന്നത്പോലെ "ഏച്ചീ" എന്നാണ് ഞാനും മിന്നുവിനെ വിളിക്കാറ്...അപ്പോൾ നാണത്തോടൊപ്പം ഒരു ഗമയുമൊക്കെ ആ മുഖത്തുണ്ടാവും). പിന്നെ വീട് വരെ ഞങ്ങളൊന്നിച്ചുണ്ടാവും.
അപ്പോൾ ഇന്ദുച്ചേച്ചി പറയും " നീ ഉള്ളത് കൊണ്ട് ഇന്ന് കുറച്ചു നേരത്തേയെത്തി...ഒരു സാധനത്തിന് പീടികയിൽ പറഞ്ഞയച്ചാൽ കിനാവും കണ്ടു രണ്ട് മണിക്കൂർ വേണം എത്താൻ”.
കിനാവ് കാണുന്ന ആ മോൾ...? എന്തായിരിക്കും അവളുടെ കിനാക്കൾ ?
*****
പ്രവാസത്തിനിടയിൽ വീണു കിട്ടിയ ഒരു ലീവിൽ നമ്പിയെ കാണാൻ അപ്പുറത്തേക്ക് പോയി. ..കോനായിൽ പതിവ് ഇരുത്തം ...ദിനേശ് ബീഡി ചുണ്ടിൽ..
”എടാ ....നീ എപ്പാ ബന്നെ .... എടീ കുരിപ്പേ (അത് ഭാര്യയെ സ്നേഹത്തോടെയുള്ള വിളിയാ ) ചായ എടുക്ക്”
“ ഉമ്മ പറഞ്ഞു നീ ഇന്നലെ രാത്രി വന്നെന്ന്...സുഖല്ലേ..." നമ്പിയുടെ വിളി കേട്ട് ചേച്ചി വാതിൽപ്പടിയിൽ നിന്നുകൊണ്ട് പറഞ്ഞു. അവർക്ക് എന്തോ ഒരു ഉണർവില്ലായ്മ. .
“.......എവിടെ നമ്മടെ ഏച്ചി" . സാധാരണ ഞാൻ വന്നെന്നറിഞ്ഞാൽ കാണാൻ വരും.
”അതിവിടെയുണ്ട്..." ....മിന്നുവിന്റെ തല വാതിൽപ്പടിയിൽ കണ്ടു...എന്തോ മുന്നിലേക്ക് വരുന്നില്ല....ഉയരം വച്ചിട്ടുണ്ട്
നമ്പി പറഞ്ഞു:
” നീ ഇബ്ളെ ഗൾഫിലേക്ക് നാടുകടത്താൻ പറ്റുവൊന്ന് നോക്കെടാ...ബല്ലാത്ത കുരുത്തക്കേടാ” – ഇന്ദുച്ചേച്ചിയും മിന്നുവും ഉള്ളിലേക്ക് കയറിപ്പോയി.
**********
അന്ന് വൈകുന്നേരം ഭാര്യയാണ് കാര്യങ്ങൾ പറഞ്ഞത്:
ഒരു മാസം മുമ്പ് ഒരു അവധി ദിവസം പഴശ്ശി ഡാം പാർക്കിൽ അവളെയും സ്‌കൂളിലുള്ള ഒരു പയ്യനെയും(മിന്നു ഏഴാം ക്‌ളാസിലും പയ്യൻ ഹൈ സ്‌കൂളിലും) അവരുടെ ഒരു അദ്ധ്യാപകൻ ഒന്നിച്ചു കണ്ടു. പയ്യൻ അവൾക്കൊരു മൊബൈൽ ഫോൺ വാങ്ങി കൊടുത്തിരുന്നു (അവന്റെ അച്ഛൻ ഗൾഫിലാണ്) പക്ഷെ ആരും അത് കണ്ടിരുന്നില്ല..
അവളുടെ പ്രായമുള്ള പിള്ളേർ മസാല ചേർത്ത് കഥകൾ നാട്ടിൽ പരത്താൻ തുടങ്ങി..
അവൾ ആ സ്‌കൂളിൽ നിന്ന് ടീസി വാങ്ങി വേറെ ചേർന്നു...
നമ്പിയുടെ കുടുംബക്കാർ മുഴുവൻ നമ്പിയെയും ഭാര്യയെയും കുറ്റപ്പെടുത്തുന്നു. അവർ ഇവിടെ നിന്ന് മാറിപ്പോകാന്‍ തീരുമാനിച്ചു. ചേച്ചിയുടെ തറവാട്ട് സ്ഥലത്ത് (കുറച്ചു ദൂരെയാണ്) പുതിയ വീടിനു കുറ്റിയടിച്ചു. വീട് പൂർത്തിയായാൽ ഇത് വിൽക്കും - എന്നിട്ട് വേണം എൻജിനിയറിങ്ങിന് പഠിക്കുന്ന മൂത്തവളുടെ വിവാഹം ആലോചിക്കാൻ . മിന്നു പിന്നെ എന്റെ മുന്നിൽ നിൽക്കാതായി...മക്കളെ എടുക്കാന്‍ വരാതായി.
ഒരു വര്ഷം കൊണ്ട് തന്നെ അവർ പുതിയ വീട്ടിലേക്ക് താമസം മാറ്റി. ഞങ്ങളുടെ അയൽപക്കത്തുള്ള വീട് വിൽക്കുകയും ചെയ്തു. അടുത്ത വര്ഷം മൂത്തവളുടെ വിവാഹം നടന്നു. ഇന്ദുച്ചേച്ചി പിന്നെ ഇങ്ങോട്ടേക്ക് വന്നിട്ടില്ല. നമ്പി ഒന്നോ രണ്ടോ പ്രാവശ്യം വന്നത്രെ
********
ഇവിടെ (ദോഹയിൽ) പത്രം വായിക്കാനെടുത്താൽ പ്രധാന വർത്തൾക്ക് ശേഷം നോക്കുന്നത് ചരമ കോളം ആണ്. അന്ന്, കണ്ണൂർ എന്ന ശീര്ഷകത്തിന്റെ താഴെ വിദ്യാർത്ഥിനി തൂങ്ങി മരിച്ചു എന്നുള്ള ഒരു മൂന്നു വരി വാർത്ത ഉണ്ടായിരുന്നു..
അച്ഛന്റെയും അമ്മയുടെയും പേരുള്ളത് കൊണ്ട് സംശയം ഒന്നും ഉണ്ടായില്ല....എങ്കിലും മനസ്സ് അങ്ങനെയാണല്ലോ . ..ആ പേരിൽ ഇനി വേറെയാരെങ്കിലുമായിക്കൂടെ...? നാട്ടിൽ വിളിച്ചപ്പോൾ ഇന്നലെ എല്ലാം കഴിഞ്ഞെന്ന് പറഞ്ഞു. അനിയൻ പോയിരുന്നു. അവനെ വിളിച്ചു, കൂട്ടുകാരെ വിളിച്ചു.... എന്തിന് മിന്നു ആൽമഹത്യ ചെയ്തു എന്നത് മാത്രം ആർക്കും അറിയില്ല (അവൾ പുതിയ സ്‌കൂളിൽ സന്തോഷവതിയായിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞിരുന്നത്).....
എന്റെ മനസ്സ് വല്ലാതെ പിടച്ചു...ഇല്ല, മിന്നു മോൾക്ക് ആൽമഹത്യ ചെയ്യാൻ കഴിയില്ല, അതും വീട്ടിനകത്ത്....ഇല്ല, അവളത് ചെയ്യില്ല... എന്തോ, എവിടെയോ ..? ഉറക്കമില്ലാത്ത ഏതാനും രാത്രികൾ അവളെനിക്ക് സമ്മാനിച്ചുവെന്നെല്ലാതെ ആ സമസ്യ പൂരിപ്പിക്കാനെനിക്കായില്ല. .
എന്റെ കുഞ്ഞുമോന്റെ കൈകൾ ചുറ്റിപ്പിടിച്ചിരുന്ന ആ മെലിഞ്ഞ കഴുത്ത് കയറിൻറെ കുരുക്കിൽ പിടയുന്നത് ... ചിരിച്ചു മാത്രം കണ്ടിരുന്ന ആ കണ്ണുകൾ തുറിച്ചു പുറത്തേക്ക് ചാടുന്നത്......നടന മുദ്ര കുടിയിരുന്ന ആ വിരലുകൾ ഭ്രാന്തമായ് ചുഴറ്റുന്നത്....
എനിക്ക് വയ്യ, മോളെ ...എന്തിനാണ് നിന്റെ കിനാക്കൾ പുലരാൻ കാലത്തു തന്നെ നീ കരിച്ചു കളഞ്ഞത് ??
*********
(ആ കുട്ടി മരിച്ചിട്ട് അഞ്ചാറു വർഷമായി. ചേച്ചിയെ അതിനു ശേഷം ഞാൻ കണ്ടിട്ടില്ല. ഇതിൽ പേരുകൾ (ഞാൻ - ഞാൻ തന്നെ) മാറ്റിയിട്ടുണ്ട്, പിന്നെ എഴുത്തിലെ ചില സ്വാതന്ത്ര്യങ്ങളും. .ബാക്കിയൊക്കെ ശരിക്കും അങ്ങിനെ തന്നെ)
--------------
ഹാരിസ്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo