
ത്രേതായുഗത്തിലായിരുന്നു ആദ്യത്തെ ആക്രമണം. വൈഷ്ണവ വംശജനായ രാമന്റെ സേനാനായകത്വത്തിൽ ദേവലോകം ഭൂലോകം ആക്രമിച്ചു. കാട്ടുരാജാവായ ബാലിയെ അയാളുടെ അനുജൻ സുഗ്രീവന്റെ സഹായത്തോടെ ഒളിയമ്പെയ്തുകൊന്ന്, രാമൻ് തന്റെ സൈന്യ സന്നാഹത്തിന് കരുത്തുകൂട്ടി.
ശൂർപ്പണഖയുടെ മൂക്കും മുലയുമരിഞ്ഞ് ആരണ്യം വാണ അവളുടെ സഹോദരൻ രാവണന്റെ രാജ്യത്ത് കലാപമുണ്ടാക്കി. ബാലിയെ വധിച്ച അതേ തന്ത്രമുപയോഗിച്ചാണ് രാവണനെ അയാൾ നേരിട്ടത്. രാവണ സഹോദരനായ വിഭീഷണനെ തന്റെ പക്ഷത്തിലേക്ക് കൂറു മാറ്റികൊണ്ടായിരുന്നു തുടക്കം.തന്റെ ശത്രുവായ രാമന്റെ അപദാനങ്ങൾ അനുജൻ പാടി പുകഴ്ത്തുന്നത് രാവണനെ ദുർബ്ബലനാക്കി. അങ്ങനെ,വിഭീഷണന്റെ സഹായത്തോടെ രാവണനെ വധിച്ച് രാമൻ ഭൂലോകത്തിൽ ദേവലോകത്തിന്റെ ആധിപത്യം ഉറപ്പിച്ചു.
നാടായ നാടൊക്കെ തന്റെ സ്തുതിപാഠകരെ കുടിയിയിരുത്തുകയും സാമന്തരാജക്കന്മാരുടെ സഭകളിൽ തന്റെ അപദാനങ്ങൾ പാടി നടക്കാൻ അവരെ നിയോഗിക്കുകയും ചെയ്തിട്ടാണ് രാമൻ ദേവലോകത്തേക്ക് തിരിച്ചു പോയത്. രാമനാമം മധുരം മധുരാക്ഷരം എന്ന് അവർ പാടി നടന്നു.അവർ നാടായ നാടൊക്കെ രാമമന്ദിരങ്ങൾ സ്ഥാപിക്കുകയും രാമപാദുക പൂജ രാജഭക്തിയുടെ നിദർശനമായി വ്യാഖ്യാനിക്കുകയും ചെയ്തു. രാമന്റെ അസാന്നിദ്ധ്യത്തിലും രാമഭക്തിയും ദേവലോകത്തോടുള്ള കൂറും അങ്കുരമാക്കുക വഴി ഭൂലോകവാസികൾ ദേവലോകത്തിന്റെ നിത്യദാസ്യം അംഗീകരിക്കുകയും അങ്ങനെ ഭൂലോകം ദേവലോകത്തിന്റെ ഒരു കോളനിയായിയാവുകയും ചെയ്തു.
മറ്റൊരു വാഴ്ത്തപ്പെട്ട ആക്രമണം സിംഹത്തെ പോലെ ക്രൂരനായ നരസിംഹം എന്ന വൈഷ്ണവന്റെ നേതൃത്വത്തിലായിരുന്നു. രാമൻ പിൽക്കാലത്ത് പ്രയോഗിച്ച അടവു നരസിംഹൻ തുടങ്ങിവെച്ചതായിരിക്കണം.ഭൂലോകം അടക്കിഭരിച്ചിരുന്ന ഹിരണ്യകശിപുവിനെതിരെ അയാളുടെ മകൻ പ്രഹ്ലാദനെ കൈയ്യിലെടുത്തുകൊണ്ട് അയാൾ രാജ്യത്ത് വലിയ ആഭ്യന്തരകലാപം കലാപം സൃഷ്ടിച്ചു. പ്രഹ്ലാദന്റെ ഒത്താശയോടെ രാജകൊട്ടാരത്തിൽ പതുങ്ങിയിരുന്ന നരസിംഹൻ തക്കം നോക്കി ഹിരണ്യ കശിപുവിന്റെ നേരെ ചാടിവീണ് അയാളെ നെഞ്ചുകീറി കൊല്ലുകയും വൈഷ്ണവരാജ്യം സ്ഥാപിക്കുകയുംചെയ്തു. നാരായണനാമം ദേശീയഗാനമായി വിളംബരം ചേയ്യപ്പെട്ടു. ദേശീയ ഗാനത്തിനോടുള്ള അനാദരവ് പാപമാണെന്ന് സൂതന്മാർ പാടിനടന്നു. പാപികളെ നരകത്തീയിൽ ചുടുവാൻ യമധർമ്മരാജാവിന്റെ ഭടന്മാർ ചുറ്റിനടന്നു.ഭൂലോകരിൽ പാപഭയം കണ്ണുരുട്ടി കാട്ടുന്നകാലം ദേവലോകത്തിന്റെ മേൽകോയ്മ നിലനിൽക്കുമെന്ന് അവർ ഉറപ്പുവരുത്തി.
മഹാബലിയെ പതാളത്തിലേക്ക് ചവുട്ടി താഴ്ത്തിയ ബ്രഹ്മചാരിയുടെ ആക്രമണവും ക്ഷത്രിയ വംശം തന്നെ ഉന്മൂലനം ചെയ്യാൻ പിറന്ന പരശുരാമന്റെ മഴുവീശിയുള്ള പരാക്രമവും ദേവലോകത്തിന്റെ ഭൂമിയിലെ റസിഡന്റ് സായിപ്പുമാരായിരുന്ന ബ്രാഹ്മണരുടെ സഹായത്തോടെ ആയിരുന്നു. രാജാക്കന്മാർ ഭരണകാര്യങ്ങളിൽ ബ്രാഹ്മണന്റെ ഉപദേശം തേടണമെന്നും ബ്രാഹ്മണപൂജ ദേവ പൂജക്കു തുല്യമാണെന്നും ബ്രാഹ്മണർ പീഡിപ്പിക്കപ്പെടരുതെന്നും ഭൂലോകത്തിന്റെ നിയമാവലി നിർമ്മിച്ച മനു സംസ്കൃതത്തിൽ എഴുതി വെച്ചു. ബ്രാഹ്മണർ ബ്രാഹ്മണരെ മാത്രം പഠിപ്പിച്ച സംസ്കൃതം ശ്ലോകരൂപത്തിൽ ഉദ്ധരിച്ചുകൊണ്ടായിരുന്നു കൂറ്റപത്രങ്ങളും ശിക്ഷാ നടപടികളും അവർ നടപ്പിലാക്കിയിരുന്നത്. തങ്ങളുടേതല്ലാത്ത സംസ്കൃതഭാഷയും സംസ്കാരവും അവരുടെ പൈതൃകളാണെന്ന് പ്രജകൾ അഭിമാനത്തോടെ അഹംകരിച്ചു.
ദ്വാപരയുഗാന്ത്യത്തിൽ ,ദേവലോകത്തെ നിന്ദിക്കുന്നവർ പെരുകിവരുന്നുവെന്ന ബ്രാഹ്മണരുടെ പരാതിയെ തുടർന്ന് വലിയ സന്നാഹത്തോടെ ഭൂലോകത്തത്തെത്തിയ വൈഷ്ണവവംശത്തിലെ കൃഷ്ണൻ "നിങ്ങളുടെ അന്തകൻ പിറന്നിരിക്കുന്നൂ" എന്ന ഭീഷണി മുഴക്കികൊണ്ട് രാജാക്കന്മാരെ സംഭ്രമിപ്പിച്ചു.മൃത്യുഭയം കൊണ്ട് പേപിടിച്ച രാജാവ് കംസൻ പിറന്നു വീഴുന്ന കുട്ടികളെയെല്ലാം വിഷം തീണ്ടിച്ചും പുഴയിലേക്കെറിഞ്ഞും കല്ലിൽ തലയടിച്ചും കൊന്നു കൂട്ടി തുടങ്ങയത് കൃഷണന്റെ തന്ത്രപരമായ നീക്കത്തിന്റെ ഫലമായിരുന്നു.
നയത്തിന്റേയും തന്ത്രത്തിന്റേയും കാര്യത്തിൽ എതിർക്കാനാവാത്ത കൂർമ്മതയുള്ള ആ വാഗ്മിയുടെ അടവുകളുടെ കെണിയിൽ പെട്ട് അജയ്യരായ ജരാസന്ധനും സുയോധനാദികളും ഉടൽ രണ്ടായി പിളർന്നും തുടയെല്ലു പൊട്ടിയും വീണൂ മരിച്ചു. കൊല്ലുകയല്ല കൊല്ലിക്കലായിരുന്നു കൃഷ്ണന്റെ രീതി. വില്ലാളിവീരനായ അർജ്ജുനനേയും ഗുസ്തിക്കാരനായ ഭീമസേനനേയും വാടകക്കെടുത്തുകൊണ്ടായിരുന്നു അയാൾ ഭൂലോകം പിടിച്ചെടുത്തത്.
ശത്രുക്കളും മിത്രങ്ങളും അന്യോന്യം തല്ലി കൊല്ലാൻ ഇടയാക്കിയ തന്റെ ചേരിചേരാ നയം തന്റെ വംശത്തെ പോലും ഉന്മൂലനം ചെയ്യുന്നത് അയാൾ അക്ഷോഭ്യനായി നോക്കിനിന്നു.ഒടുവിൽ വംശഹത്യയുടെ രക്തസാക്ഷിയായി വീണപ്പോൾ "എന്നെ ഒന്നും സ്പർശിക്കുന്നില്ല" എന്ന പിൽക്കാല രാഷ്ട്രീയക്കാരന്റെ തന്ത്രത്തിന് അയാൾ തുടക്കം കുറിക്കുകയായിരുന്നു.
തത്വമീമാംസകളുടേയും യോഗത്തിന്റേയും ഗുരുവായി സ്വയം പ്രഖ്യാപിച്ച കൃഷ്ണൻ ആദിയും, മദ്ധ്യവും ,അന്തവും, അണുക്കളിൽ അണുവും, മഹത്തിൽ മഹത്തും താനാകുന്നു എന്നും കൊല്ലുന്നതും കൊല്ലിക്കുന്നതും കൊല്ലപ്പടുന്നതും താൻതന്നെയാണെന്നും ചൊല്ലികേൾപ്പിച്ച് യുദ്ധവും കൊലയും ന്യായീകരിച്ചൂ. മത്സ്യവും കൂർമ്മവും വരാഹവും തന്റെ അവതാരങ്ങളാണെന്നും ഭൂമിയിൽ സാധുക്കൾക്കും ബ്രാഹ്മണർക്കും കഷ്ടമുണ്ടാവുമ്പോൾ താൻ വീണ്ടും വീണ്ടും അവതരിക്കുമെന്നും അയാൾ പറഞ്ഞുറപ്പിച്ചു. രാമനും നരസിംഹനും ഭൂലോകം ആക്രമിക്കുകയല്ല അതിന്റെ രക്ഷക്കായി ഭൂമിയിൽ അവതരിക്കുകയായിരുന്നുവെന്ന് മൊഴിമാറ്റി പറഞ്ഞ് അയാൾ ആക്രമണങ്ങളെ ന്യായീകരിച്ചു.
ഭൂലോകരുടെ സംരക്ഷണം തന്റെ ഭാരമായി ഏറ്റെടുക്കുന്നുവെന്ന് കാണിക്കാൻ അയാൾ കുന്ന് കുടയാക്കി പേമാരിയെ തടുക്കുകയും, വിഷലിപ്തമായ കാളീന്ദി കലക്കി തെളിയിക്കുകയും ,ഗോപന്മാരും ഗോപികളുമൊത്ത് ഓടക്കുഴലൂതി രാസക്രീഡ ആടുകയും ചെയ്തു. നവോത്ഥാനത്തിന്റെ ഓടക്കുഴലൂത്ത് കേട്ടുരസിച്ച ഭൂലോകവാസികൾ ദേവലോകത്തോടുള്ള തങ്ങളുടെ വിധേയത്വം വിസ്മരിച്ചു പോയത് പിൽക്കാലത്തെ ഭരണകർത്താക്കൾക്ക് മാതൃകയായി.
കൃഷ്ണന്റെ തത്വമീമീമാംസ ഭഗവത് ഗീത എന്ന പേരിൽ സംസ്കൃതത്തിൽ ചൊല്ലിനടന്ന ബ്രാഹ്മണർ ഗീതയും സംസ്കൃതവും പൈതൃകമാണെന്നും അവയെ മാനിക്കാത്തവർക്ക് നരകവാസം ഫലം എന്ന് ഭയപ്പെടുത്തുകയും ചെയ്തു. സംസ്കൃതം ഭരണഭാഷയായും ധർമ്മാധർമ്മങ്ങളുടെ ഭാഷ്യത്തിന്റെ മാദ്ധ്യമമായും പ്രജകൾ തലതാഴ്ത്തി അംഗീകരിച്ചതോടെ തന്റെ അവതാര ധർമ്മം സാർത്ഥകമായ തൃപ്തിയോടെ കൃഷ്ണൻ ദേവലോക പ്രാപ്തനായി.
കലികാലത്ത് ഭൂലോകം കീഴടക്കി ഭരിച്ച വെള്ളക്കാർ കോളനികൾ പിടിച്ചടക്കാൻ ദേലോകത്തിന്റെ മാർഗ്ഗം തന്നെയാണ് പിൻതുടർന്നത്. ഭൂലോകം എന്നാൽ ഹിമാലയം തൊട്ട് ദ്രവിഡംവരെ എന്നു ധരിച്ചുവെച്ച ദേശവാസികളെ ഭരിക്കേണ്ടത് തങ്ങളുടെ ഭാരം, white man' burden എന്ന് ആംഗലത്തിൽ മൊഴിഞ്ഞ അവർ സ്വയം യജമാനന്മാരായി അണിഞ്ഞൊരുങ്ങിയപ്പോൾ ദേശം അവരെ കൈകൂപ്പി വണങ്ങി.പടക്കപ്പലും കോപ്പുമായി വന്ന് കാപ്പാട് കടൽപ്പുറത്ത് കപ്പലിറങ്ങിയ പറങ്കികളെ സാമൂതിരി പട്ടുപരവതാനി വിരിച്ച് സ്വീകരിച്ചത് പുരാണമല്ല.
പിന്നീട് ആംഗലം ദൈവഭാഷയായതും ആംഗലർ ദൈവങ്ങളായതും , ദേശവാസികൾ ആംഗലഭക്തന്മാരായതും ദേവലോക ഫാസിസത്തിന്റെ ഒരു തുടർച്ചമാത്രമായിരുന്നു. നവാഗതരായ ദൈവങ്ങൾക്ക്, പക്ഷെ, ദേവലോകത്തോടും ദേവന്മാരോടുമുള്ള ഗൃഹാതുരമായ വിധേയത്വം തുടച്ചു നീക്കാനായില്ല. വോട്ടു നേടി അധികാരം കൈക്കലാക്കാൻ ലാക്കു വെക്കുന്ന ജനാധിപത്യ രാഷ്ട്രീയം ദേശവാസികളുടെ ദേവലോകത്തോടുള്ള ആസക്തിയും വിധേയത്വവും ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നതു കണ്ടുകൊണ്ട് ഈ ദേവാസുരയുദ്ധ കഥ ഇവിടെ അവസാനിപ്പിക്കട്ടെ.
By rajan paduthol
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക