Slider

ദേവൂട്ടി...!

0

കൊച്ചൂട്ടനെന്ന് വെച്ചാ നിക്ക് ജീവനാ... അമ്മേടെ വീട്ടില്‍ പോവുമ്പൊ ഞാനാദ്യം നോക്കാ ന്‍റെ കൊച്ചൂട്ടനെയാ ട്ടോ....
തെക്കേതിലെ ചക്കിയമ്മയുടെ പറമ്പീന്ന്
പേരക്ക പറിക്കാന്‍ പോവുമ്പൊ കൊച്ചൂട്ടന്‍ ന്നേം കൊണ്ടോവും..
ആരോടും പറയൂലെങ്കി ഞാനൊരുകൂട്ടം രഹസ്യം പറയാം.. ആരോടും പറയൂലാന്ന് ദേവൂട്ടിയോട് സത്യം ചെയ്യ്...!
സത്യം പറഞ്ഞാ ഞങ്ങള് പേരക്ക പറിക്കാന്‍ മാത്രല്ല ചക്കിയമ്മേടെ വീട്ടില്‍ പോണേ..
പേരക്ക മരത്തിന്‍റെ അപ്പുറത്ത് വലിയൊരു അമ്പാഴങ്ങ മരമുണ്ട്..! എന്തോരം അമ്പാഴങ്ങയാന്നറിയോ അവിടെ..! മാമനും അമ്മമ്മേം ന്നെ അങ്ങട്ട് വിടൂല.. കൊച്ചൂട്ടന്‍റെ കൂടേം വിടൂലാന്നേ...!
ചോദിച്ചപ്പൊ പറയാ.. അങ്ങോട്ടെക്ക് ഒടിയന്‍ വരാറുണ്ടെന്ന്..!!
എന്നാ കൊച്ചൂട്ടന്‍ ആരും കാണാതെ ന്നെ അങ്ങോട്ടേക്ക് കൊണ്ട് പോവും.. അമ്പാഴങ്ങേം പറിച്ച് തരും.. ആ അമ്പാഴങ്ങ മരത്തീന്‍റെ ചോട്ടിലൊരു പാമ്പിന്‍റെ പ്രതിമയുണ്ട്.. കൊച്ചൂട്ടനോട് ചോദിച്ചപ്പം അമ്മിക്കല്ല് ഉണ്ടാക്കുന്നോര്‍ ഇട്ടേച്ച് പോയതാത്രേന്ന് പറഞ്ഞു..
അമ്പാഴങ്ങയെല്ലാം തിന്ന് കഴിഞ്ഞിട്ടാ പിന്നെ ഞങ്ങള്‍ വീട്ടിലേക്ക് മടങ്ങാ... അമ്മമ്മേം മാമനും കണ്ടാല്‍ വഴക്ക് പറയൂലേ.. അതോണ്ടാട്ടോ..
പോവുന്ന വഴിക്ക് ചക്കിയമ്മേടെ വീട്ടുമുറ്റത്തൂടെ ഒഴുകുന്ന ചെറിയൊരു കൈതോടുണ്ട്.. ചക്കിയമ്മെടേം ബാലുച്ചേട്ടന്‍റെ വീട്ടിനപ്പുറത്ത് വല്യൊരു പാടമുണ്ടെന്ന് കൊച്ചൂട്ടന്‍ ഒരിക്കേ പറഞ്ഞീനു.. ആ പാടത്തെക്കാവും ഇതിലെ വെള്ളം ഒഴുകിപ്പോവുന്നത്..
കാലിലായ ചെളിയെല്ലാം ആ തോടിലിറങ്ങി കഴുകുമ്പം ചക്കിയമ്മ കോലായീന്ന് മുറ്റത്തേക്കിറങ്ങി വരും. എന്നിട്ട് പറയും..
"എന്താ കുട്ട്യൊളേ കാവിലാണോ ഇങ്ങടെ കളി.. അസമയത്തൊന്നും അങ്ങോട്ടേക്ക് പോവരുതേ ട്ടോ... ദേവ ഗന്ധര്‍വന്‍മാര്‍ ഇറങ്ങി വരുന്ന നേരാ.. സുന്ദരിയായ പെണ്‍കുട്ട്യോളെ കണ്ടാല്‍ ഓര് ആവാഹിച്ച് കൊണ്ടോവും.."
അത് കേട്ടാ ചക്കിയമ്മേടെ മുറ്റത്ത് വീണ് കിടക്കുന്ന പഴുത്ത പേരക്കയും പെറുക്കി ഞങ്ങളോടി പോവും..
"ആരാ കൊച്ചൂട്ടാ ദേവ ഗന്ധര്‍വന്‍മാര്‍..?"
"ആഹ്. എനിക്കെങ്ങും അറിയൂല.. ആ ചക്കിയമ്മ കള്ളം പറയുന്നതാവും.."
"ഇനിയിപ്പൊ.. അമ്മമ്മേം മാമനും പറയുന്ന ഒടിയനാവുമോ അത്.?"
"ഇത് വരേം അവിടെ ആരേം കണ്ടീലല്ലോ..
അതൊക്കെ നമ്മള്‍ കുട്ട്യോളെ പേടിപ്പിക്കാന്‍ വേണ്ടി അച്ചനും അമ്മമ്മേം കളളം പറയുന്നതാ.."
എന്നാലും ചക്കിയമ്മ ന്തിനാ അങ്ങനെ പറഞ്ഞതാവോ..
ഞാനും സുന്ദരിയാന്ന് എല്ലാരും പറയാറുണ്ട്.. ഇനീപ്പൊ ചക്കിയമ്മ പറഞ്ഞത് നേരാണെങ്കി ദേവൂട്ടിയേം പിടിച്ചോണ്ട് പോവോ..?
നാല് ബി യില്‍ പഠിക്കുന്ന മായച്ചേച്ചി എന്നെക്കാളും സുന്ദരിയാണല്ലോ.. എന്നിട്ടെന്താ മായച്ചേച്ചീനെ പിടിച്ചോണ്ട് പോവാത്തെ..??
അമ്മേടെ വീട്ടില്‍ വന്നാല്‍ ഞാന്‍ അമ്മമ്മേടെ അട്ത്താ ഉറങ്ങാന്‍ കിടക്കാറ്... എന്തോരം കഥകളറിയാന്നോ അമ്മമ്മക്ക്.. രാജാവിന്‍റെ രാജകുമാരീടേം സിംഹത്തിന്‍റെം ആമയുംടേം മുയലിന്‍റേം..
എത്ര പറഞ്ഞാലും തീരൂല..!
ഞാന്‍ വന്നാ കൊച്ചൂട്ടന്‍റെ അച്ചനേം അമ്മേനേം വിട്ട് കൊച്ചൂട്ടനും ന്‍റെ കൂടെ അമ്മമ്മേടെ അട്ത്ത് കിടക്കും.. കഥ കേള്‍ക്കാനാ..
"അമ്മമ്മേ.. ഇന്ന് ദേവൂട്ടിക്ക് ഒടിയന്‍റെ കഥ പറഞ്ഞ് തരാവോ..?"
"ദൈവേ... എന്താ ഈ കുട്ടി പറയ്ണേ.. അതൊന്നും കേള്‍ക്കാന്‍ പാടൂല..
ഉറങ്ങിക്കഴിഞ്ഞാ ചീത്ത സ്വപ്നങ്ങള്‍ കാണും..."
"ദേവൂട്ടി ചീത്ത സ്വപ്നങ്ങള്‍ കാണൂല അമ്മമ്മേ.. ഉറങ്ങുന്നീന് മുമ്പ് എന്നും രാമനാമം ജപിക്കാന്‍ അമ്മ എന്നെ പഠിപ്പിച്ച് തന്നതാ.."
"ഹമ്പടി മിടുക്കീ.. എന്നാലും ആ കഥ വേണ്ട... അമ്മമ്മ വേറെ ഒരു കഥ പറഞ്ഞ് തരാം..?"
എന്നാല്‍ ന്‍റേം കൊച്ചൂട്ടന്‍റേം ശാഠ്യം കാരണം അമ്മമ്മ കഥ പറഞ്ഞ് തരാന്ന് സമ്മതിച്ചു..
"ഒടിയനൊരു രാക്ഷസനെ പോലെയാ..
തൃസന്ധ്യാ നേരത്ത് ആളനക്കമില്ലാത്ത തൊടിയിലും പറമ്പിലുമൊക്കെ ഒടിയനുണ്ടാവും.. ചോരത്തിളക്കമുള്ള ഉണ്ടക്കണ്ണും കൂര്‍ത്ത നഖങ്ങളും
കറുത്ത പരുപരുത്ത മുഖവും കൂര്‍ത്ത പല്ലുകളുമുള്ള ഒടിയനെ അങ്ങനെ എല്ലാര്‍ക്കും കാണാന്‍ പറ്റൂല...!
ചീത്ത കാര്യങ്ങള്‍ ചെയ്യുന്നോര്‍ടെ അടുത്തോട്ടാ ഒടിയന്‍ വരാ..!
കാളയുടെ പോലെയുള്ള കൊമ്പുകളും
വാലും ഒടിയനുണ്ടാവും... ഒറ്റച്ചെന്നായ വലിക്കുന്ന വണ്ടിയിലാണ് ഒടിയന്‍റെ യാത്ര.. ചീത്ത പ്രവൃത്തികള്‍ മുയുമനും ആ വണ്ടിക്കകത്താക്കി യമലോകത്തേക്ക് പോവും..!"
അമ്മമ്മ പറഞ്ഞത് മുയുമനും കേള്‍ക്കാന്‍ ദേവൂട്ടിക്കായില്ല.. അപ്പോഴേക്കും ഉറങ്ങിപ്പോയി..
"കൊച്ചൂട്ടാ.. അമ്മമ്മ ഇന്നലെ പറഞ്ഞ ഒടിയന്‍റെ കഥ ഒന്നൂടെ ദേവൂട്ടിക്ക് പറഞ്ഞ് തരാവോ..."
"അതൊക്കെ കള്ളക്കഥയാ ദേവൂട്ടീ.... വാ.. നമുക്ക് അമ്പാഴങ്ങ പറിക്കാന്‍ പോവാം..."
"ഏയ് ഞാനില്ല.. ആ തോട്ടത്തില്‍ ഒടിയന്‍ വരും... ദേവൂട്ടിക്ക് പേടിയാ..."
"വന്നാലും നമ്മളെ ഒന്നും ചെയ്യൂല ദേവൂ.. നമ്മള് കുട്ട്യോളല്ലേ.."
അല്ലെങ്കിലും ഞാനെന്തിനാ ഒടിയനെ പേടിക്കുന്നേ.. ചീത്ത കാര്യങ്ങള്‍ ചെയ്യുന്നോര്‍ടെ അടുത്തോട്ടല്ലേ ഒടിയന്‍ വരാ... കൊച്ചൂട്ടന്‍റെ കയ്യും പിടിച്ച് അന്നും ദേവൂട്ടി അമ്പാഴങ്ങ പറിക്കാന്‍ പോയി...!
പോവുന്ന വഴിക്കുള്ള കൈ തോടിനോടും..
തോട്ടിന്‍ കരയിലുള്ള പോക്രാച്ചിത്തവളയോടും
പ്രാന്തന്‍ കൂണിനോടും എത്ര നനച്ചാലും നനയാത്ത ചേമ്പിലയോടും ഒന്ന് തൊട്ടാല്‍ പോലും സങ്കടം വന്ന് വാടുന്ന തൊട്ടാവാടിച്ചെടിയോടും ഞാന്‍ ഒടിയന്‍റെ കഥ പറഞ്ഞു.. അവരൊക്കെ ദേവൂട്ടിയുടെ കുട്ടുകാരാ ട്ടോ...
എന്നിട്ടും അവരൊന്നും അത് കേട്ട ഭാവം നടിച്ചില്ല.. ഒടിയനെ ആര്‍ക്കും പേടിയില്ലാന്ന് തോന്നുണു..!
അമ്പാഴങ്ങ മരച്ചോട്ടിലുള്ള പാമ്പിന്‍റെ പ്രതിമയൊടും ഞാനീ കഥ പറഞ്ഞപ്പോള്‍ കാറ്റടിച്ച് കരിയില പാറിപ്പറന്നിരുന്നു...
പഴുത്തമ്പാഴങ്ങകള്‍ ചിതറി വിണിരുന്നു...
പാമ്പമ്മാവന് കഥ ഇഷ്ടായതോണ്ടാവും..
എന്തോരം അമ്പാഴങ്ങയാന്നോ അന്ന് ദേവൂട്ടിക്ക് കിട്ടിയേ...
എന്നിട്ടും...!!
എന്നിട്ടും....
ബാക്കി നിക്ക് പറയാന്‍ പേടിയാ..
ആരോടും പറയരുതേന്ന് കൊച്ചൂട്ടന്‍ പറഞ്ഞതാ.. പറഞ്ഞാ കൊച്ചൂട്ടനെ മാമന്‍ തല്ലുമത്രേ..
ഓണത്തിന് അച്ചമ്മ വാങ്ങിത്തന്ന പുള്ളിപ്പാവാടേലും കുപ്പായത്തിലും അപ്പാടെ ചെളിയായാല്‍ തന്നെ വഴക്ക് കേള്‍ക്കുന്നതാ..
ഇതിപ്പോ എല്ലാം കീറിപ്പറിഞ്ഞു...
ദേവൂട്ടീടെ വായ് പൊത്തിപ്പിടിച്ചീര്‍നു..!
കയ്യിലണിഞ്ഞ ചോന്ന കുപ്പിവളകളെല്ലാം പൊട്ടിച്ചു..
അമ്മ എന്നെ കുളിപ്പിക്കുമ്പോള്‍ പോലും ദേവൂട്ടീടെ ഉടുപ്പഴിക്കാന്‍ ദേവൂട്ടിക്ക് നാണായിരുന്നു..
ന്നിട്ടും ന്‍റെ...
ന്‍റെ എല്ലാം....!!
നിക്ക് നല്ലോണം പേടിയായി.. കരയാനായില്ല.. ശബ്ദം പുറത്ത് വരാത്തോണ്ടായ്നു..
ദേവൂട്ടിയെ ഒന്നും ചെയ്യല്ലേ... എന്ന് പറഞ്ഞിട്ടും കേട്ടില്ല...
ദേവൂട്ടീടെ കുപ്പായോം പാവാടേം കിറിപ്പറിച്ചു...
കൈ കൂട്ടിപ്പിടിച്ച് പാമ്പമ്മാവന്‍റെ പ്രതിമയുടെ ചുവട്ടില്‍ കിടത്തി..
എന്തൊക്കെയോ ചെയ്തു..
നി.. നിക്ക് പേടിയാവുന്നു..!!
ചക്കിയമ്മ പറഞ്ഞത് നേരാ..
സുന്ദരിയായവരെ കണ്ടാല്‍ ദേവ ഗന്ധര്‍വന്‍മാര്‍ പിടിച്ചോണ്ടു പോവുമത്രേ..
ദേവഗന്ധര്‍വന്‍മാരെ കാണാന്‍ നല്ല ഭംഗിയുണ്ടെന്നാണല്ലോ ചക്കിയമ്മ പറഞ്ഞത്..!
ഇത്..!
ഇത് ചോരക്കണ്ണും കറുത്തിരുണ്ട മുഖവുമൊക്കെയുള്ള ഒരു രൂപമാ..!!
അപ്പോ.. ന്നെ.. ന്നെ അന്ന്.. അത്.. അത് ഒടിയനായിരുന്നോ..??
ഒടിയന് കാളയുടെ കൊമ്പും വാലും ഒറ്റച്ചെന്നായ വലിക്കുന്ന വണ്ടിയുമുണ്ടെന്നാണല്ലോ അമ്മമ്മ പറഞ്ഞത്..!!
ഇതിന് വാലും കൊമ്പും ഒന്നും ഉണ്ടായിരുന്നില്ല..!!
ചോരക്കണ്ണു മാത്രം ഒടിയന്‍റെയായിരുന്നു...!
പിന്നീട് ഞാന്‍ അമ്പാഴങ്ങ പറിക്കാന്‍ കൊച്ചൂട്ടന്‍റെ കൂടെ ചക്കിയമ്മേടെ വീടിനപ്പുറത്തെ തോട്ടത്തിലോട്ട് പോയിട്ടില്ല...!!
കൊച്ചൂട്ടന്‍ എപ്പഴും പറയും..
ആരൊടും പറയരുതേന്ന്..!!!
ചോന്ന കുപ്പിവളയുടെ പൊട്ടിയ കഷ്ണങ്ങളും പച്ചപ്പാവാടയുടെ തിളങ്ങുന്ന കീറിയ കരയും ദേവൂട്ടിക്ക് കിട്ടിയ നാല് അമ്പാഴങ്ങയും കൊച്ചൂട്ടന്‍റെ കയ്യില്‍ വെച്ച് കൊടുത്തിട്ടും ന്‍റെ കൊച്ചൂട്ടനെന്താ ന്നോട് അങ്ങനെ പറഞ്ഞേ..??
"നിക്ക് പേടിയാ ദേവൂട്ടീ....
ആരോടേലും പറഞ്ഞാ അച്ചനെന്നെ വഴക്ക് പറയും..."
പാവം കൊച്ചൂട്ടന്‍..
കൊച്ചൂട്ടന്‍റെ അച്ചനാട്ടോ ന്‍റെ മാമന്‍..
അന്ന് ദേവൂട്ടീടെ ഉടുപ്പ് കീറിപ്പറിച്ച ഒടിയനെക്കാണാന്‍ ന്‍റെ മാമന്‍റെ ഛായയുണ്ടെന്ന് ഞാനാരോടും പറഞ്ഞിട്ടില്ല...!
ന്‍റെ കൊച്ചൂട്ടന് വേണ്ടി...!!
__________________
മുത്തശ്ശിക്കഥകളില്‍ മാത്രം കേട്ട് പരിചയമുള്ള ഒടിയനും യാകൃത്താനും യാഥാര്‍ത്ഥ്യങ്ങളായിരിക്കുന്നു...!
മനുഷ്യരൂപം പ്രാപിച്ച പിശാചുക്കളില്‍ നിന്നും നമ്മുടെ പിഞ്ചോമനകളെ സംരക്ഷിക്കുക..!!
സ്നേഹപൂര്‍വം ഷാഹില്‍ കൊടശ്ശേരി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo