Slider

ഒരു പിസ്സ കഴിച്ച കഥ...

0
Image may contain: 1 person, smiling, closeup

ആദ്യമായി പിസ്സ കഴിച്ച ദിവസം....
ഒരു ഞായറാഴ്ച പ്രത്യേകിച്ച് ഒരു പണിയും ഇല്ലാതെ റൂമില്‍ ഇരിക്കുകയായിരുന്നു... അപ്പോഴാണ് എന്റെ സുഹൃത്ത് അബി ജയിംസ് റൂമില്‍ വന്നത്.. അവനും അന്ന് പ്രത്യേകിച്ച് പണിയൊന്നും ഇല്ലായിരുന്നു... പക്ഷെ എന്തെങ്കിലും എന്നും ഓര്‍ത്തിരിക്കാന്‍ പറ്റുന്നതായി അന്ന് ചെയ്യണം എന്ന് അവനു നിര്‍ബന്ധം..... കയ്യില്‍ കാര്യമായിട്ട് കാശ് ഒന്നും ഇല്ലാത്തതുകാരണം പ്രത്യകിച്ചു ഒരു ഐഡിയയും കിട്ടുന്നില്ല...
കുറെ നേരത്തെ ആലോചനക്കു ശേഷം അബി പറഞ്ഞു " എന്തായാലും നമുക്ക് ഇപ്പോള്‍ പുറത്തു പോകാം എന്ത് എങ്കിലും ഐഡിയ നമുക്ക് കിട്ടും അല്ലെങ്കില്‍ തന്നെ എന്തെങ്കിലും ഐഡിയ മുന്‍കൂട്ടി പ്ലാന്‍ ചെയ്തിട്ടാണോ ഇത്രയും നാള്‍ ജീവിച്ചത്... മാത്രമല്ല ഐടിയക്കണോ നമുക്ക് പഞ്ഞം നീ വാടാ...."
കേട്ടപ്പോള്‍ എനിക്കും തോന്നി ശെരിയാണല്ലോ അവന്‍ പറഞ്ഞത്.. വെറുതെ ഇങ്ങനെ റൂമില്‍ ഇരുന്നിട്ട് എന്ത് കാര്യം? സഹ മുറിയന്‍റെ ജീന്‍സും ഷൂസും എടുത്തിട്ട് ഞാനും ഇറങ്ങി....
അന്ന് എന്ത് പറ്റി എന്നറിയില്ല എത്ര ദൂരം നടന്നിട്ടും ഐഡിയ ഒന്നും കിട്ടിയില്ല... അവസാനം ചെന്നൈ നിവാസികളുടെ അവസാന അത്താണി അയ സ്പെന്‍സര്‍ പ്ലാസ്സയില്‍ പോകാന്‍ തീരുമാനിച്ചു ( അന്ന് ചെന്നൈയിലെ ഏറ്റവും നല്ല ഷോപ്പിംഗ്‌ മാള്‍ ആയിരുന്നു സ്പെന്‍സര്‍ പ്ലാസ്സ)...
കുറെ നേരം അതിലെ പോയ പെണ്‍പിള്ളേരുടെ വായില്‍ നോക്കി നടന്നു..... പതിവ് വായില്‍ നോട്ടമാല്ലാതെ പ്രത്യേകിച്ച് ഒന്നും ചെയ്യാന്‍ പറ്റാത്തതില്‍ അവന്‍ വളരെ ദുഖിതന്‍ ആയിരുന്നു...
ഞങ്ങള്‍ തിരിച്ചു പോരാന്‍ തുടങ്ങിയപ്പോഴാണ് PIZZA HUT ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടത്...
PIZZA PIZZA PIZZA എന്ന് കേട്ടിട്ടുള്ളതല്ലാതെ ആ സാധനം ഞങ്ങള്‍ കഴിച്ചിട്ടില്ല.... പിന്നെ ഒന്നും ആലോചിച്ചില്ല ആദ്യമായി PIZZA കഴിച്ച ദിവസം എന്നാ നിലയില്‍ നമുക്ക് ഈ ദിവസം എന്നും ഓര്‍മിക്കാം എന്ന് തീരുമാനിച്ചു ഞങ്ങള്‍ അങ്ങോട്ടോടി......
അപ്പോഴാണ് കയ്യില്‍ കാശ് കുറവാണല്ലോ എന്നാ കാര്യം ഞങ്ങള്‍ ഓര്‍ത്തത്‌....... ....""
"എന്‍റെ കയ്യില്‍ അകെ എഴുപതു രൂപയും അവന്‍റെ കയ്യില്‍ നൂറു രൂപയും ആണുള്ളത്..... പിന്നെ കയ്യില്‍ ATM കാര്‍ഡുണ്ട് പക്ഷെ അതും ദരിദ്രമാണ്.... എന്‍റെ അക്കൌണ്ടില്‍ അഞ്ഞൂറും അവന്‍റെ അക്കൌണ്ടില്‍ ഇരുന്നൂറ്റി അമ്പതും മാത്രമേയുള്ളൂ....." (മിനിമം ബാലന്‍സ് അക്കൌണ്ടില്‍ ഇടുന്നത് ഞങ്ങള്‍കിഷ്ടമല്ല....)
അപ്പോള്‍ ഞാന്‍ പറഞ്ഞു " വാടാ നമുക്ക് മെനു കാര്‍ഡ് നോക്കാം എന്നിട്ട് നമ്മുടെ കയ്യില്‍ ഉള്ള കാശിനു വല്ലതും കിട്ടുമെകില്‍ കഴിക്കാം.... ഇല്ലെങ്കില്‍ ഇറങ്ങി പോരാം... നമ്മളെ അറിയുന്നവരാരും ഇവിടെ ഇല്ലല്ലോ.... അഥവാ ഉണ്ടെങ്കില്‍ തന്നെ നാണക്കേട്‌ നമുക്കൊരു പ്രശ്നമാണോ? "
എന്തായാലും ഞങ്ങള്‍ ആ തിരക്കുള്ള കടയില്‍ കയറി ഒരു മൂലയില്‍ പോയി ഇരുന്നു...
തികച്ചും അപരിചിതമായ ഒരു സ്ഥലത്ത് എത്തപ്പെട്ട കൊച്ചു കുട്ടികളെ പോലെ ഞങ്ങള്‍ കുറച്ചു നേരം അങ്ങിനെ തന്നെ ഇരുന്നു....
അപ്പോഴാണ് ഞങ്ങളുടെ തൊട്ടടുത്ത ടേബിളില്‍ ഇരിക്കുന്നവരുടെ ചുറ്റും നിന്ന് അവിടുത്തെ സപ്ലയെഴ്സ് കയ്യടിച്ചു പാട്ട് പാടുന്നു... ആ വന്നിരിക്കുന്നവരില്‍ ആരുടെയോ പിറന്നാള്‍ ആണ് പോലും.... അപ്പോള്‍ തന്നെ ഞങ്ങള്‍ തീരുമാനിച്ചു " ആരു ചോദിച്ചാലും ഞങ്ങളുടെ പിറന്നാള്‍ നാലഞ്ചു മാസം കഴിഞ്ഞേ ഉള്ളു എന്ന് പറയാം"
പെട്ടെന്നൊരു മണിയടിയുടെ സബ്ദം കേട്ട് ഞങ്ങള്‍ തിരിഞ്ഞു നോക്കി.... പിസ്സ കഴിച്ചിട്ട് തിരിച്ചു പോകുന്നവരില്‍ ചിലര്‍ ആണ് മണി അടിച്ചിട്ട് പോകുന്നത്.... അത് കണ്ട പാടെ അബി എന്നോട് പറഞ്ഞു "ദയവു ചെയ്തു നീ ആ മണിയില്‍ തൊട്ടു പോകരുത്.... അതിന്‍റെ കാശ് കൊടുക്കാന്‍ ഒരു നിവൃത്തിയും ഇല്ല..."
അപ്പോള്‍ ഒരു സപ്ലയര്‍ പയ്യന്‍ ഞങ്ങളുടെ അടുത്ത് വന്നു... അവന്‍റെ മട്ടും ഭാവവും വേഷവും ഒക്കെ കണ്ടാല്‍ അവന്‍ ഏതോ മഹാരാജാവിന്‍റെ കൊച്ചുമോനാണെന്ന് തോന്നും.... അവന്‍റെ കയ്യില്‍ നിന്നും മെനു കാര്‍ഡ് വാങ്ങിയിട്ട് അവനോടു നോക്കിയിട്ട് പറയാം എന്ന് പറഞ്ഞു വിട്ടു .....
കാര്‍ഡ്‌ കയ്യില്‍ കിട്ടിയാല്‍ പിന്നെ എല്ലാം നമുക്ക് മാനേജ് ചെയ്യാവുന്നതെ ഉള്ളു എന്ന് ഞങ്ങള്‍ കരുതിയത്‌ വെറുമൊരു തെറ്റിധാരണ മാത്രമായിരുന്നു എന്ന് മനസിലാക്കാന്‍ അതികം നേരമൊന്നും വേണ്ടിവന്നില്ല.... ഇതില്‍ എഴുതിയിരുക്കുന്നത് എന്താണെന്നു മനസിലാക്കിയിട്ടു അത് വാങ്ങാം എന്ന് കരുതിയാല്‍ പിന്നെ ഒന്നും വാങ്ങിക്കേണ്ടി വരില്ല എന്ന് മനസിലായി......
പിന്നെ വില നോക്കി തീരുമാനം എടുക്കാം എന്ന് തീരുമാനിച്ചു..... ദൈവമേ അവിടെയും രക്ഷയില്ല നൂറു രൂപയില്‍ കുറഞ്ഞതൊന്നും അവിടെയില്ല..... രണ്ടു പേരുടെയും കയ്യിലെ മുഴുവന്‍ കാശ് കൂട്ടിയാലും നൂറ്റി എഴുപതു രൂപയെ ഉള്ളു... ഒരു പിസ്സ മേടിച്ചു ഷെയര്‍ ചെയ്യാന്‍ അഭിമാനം സമ്മതിക്കുന്നില്ല.... കയ്യില്‍ കാശില്ലാത്ത പരമ ദരിദ്രവാസികള്‍ ആണെന്ന് ആരെങ്കിലും തെറ്റി ധരിച്ചാലോ ????
നമുക്ക് പോകാം എന്ന് ഞാന്‍ പറഞ്ഞു... എന്തായാലും ഇവിടം വരെ വന്നതല്ലെടാ ഈ കാര്‍ഡിലുള്ള പിസ്സയുടെ പടമെങ്കിലും കണ്ടിട്ട് പോകാമെന്ന് അവന്‍ പറഞ്ഞു..... എന്തായാലും എനിക്ക് വലിയ താല്പര്യം ഒന്നും തോന്നിയില്ല... എന്നാലും അവന്‍ പടങ്ങള്‍ കണ്ടു തീരുന്നത് വരെ അവിടെ ഇരിക്കാമെന്ന് ഞാനും തീരുമാനിച്ചു.....
ഞാന്‍ വളരെയധികം നിരാശനായി ഇരിക്കുമ്പോള്‍ പെട്ടെന്ന് അബിയുടെ മുഖത്ത് ഒരു പുഞ്ചിരി.....
അതെ.... അവന്‍ കണ്ടു പിടിച്ചു... ഞങ്ങളുടെ പോക്കറ്റിനു താങ്ങാന്‍ പറ്റുന്ന ഒരു പിസ്സ അവന്‍ കണ്ടു പിടിച്ചു.... എനിക്ക് വിശ്വാസം വന്നില്ല അതുകൊണ്ട് മെനു കാര്‍ഡ്‌ ഞാന്‍ വാങ്ങി നോക്കി.... ശെരിയ.... ഒരു അടിപൊളി പിസ്സ പടമൊക്കെ കൊടുത്തിട്ടുണ്ട്‌ വെറും മുപ്പതുരൂപ.... പാവപ്പെട്ടവനും ചെന്നൈ നഗരത്തില്‍ ജീവിക്കാന്‍ ഒരു ബുദ്ധിമുട്ടും ഇല്ലെന്നു വീണ്ടും തെളിയിക്കപ്പെട്ടിരിക്കുന്നു.... അങ്ങനെ ആ പിസ്സ രണ്ടെണ്ണം മേടിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു....
പിസ്സ കഴിക്കണം എന്ന് തീരുമാനിക്കാന്‍ എളുപ്പമാണ് പക്ഷെ ആ തീരുമാനം നടപ്പിലാക്കാന്‍ അത്ര എളുപ്പമൊന്നുമല്ല..... നമ്മുടെ നടന്‍ തട്ടുകടയില്‍ പോയി "രണ്ടു പൊറോട്ട......" എന്ന് വിളിച്ചു പറയുന്നപോലെ "രണ്ടു പിസ്സ....." എന്ന് വിളിച്ചു പറഞ്ഞാല്‍, പണ്ട് ശ്രീനിവാസന്‍ "ഒരു ഗ്ലാസ്‌ ബ്രാണ്ടി " എന്ന് പറഞ്ഞത് പോലെ ആകുമെന്ന് ഞങ്ങള്‍ക് അറിയാം.... പിന്നെ എങ്ങനെ ഓര്‍ഡര്‍ ചെയ്യും?.....
എന്തായാലും സപ്ലയര്‍ രാജകുമാരനെ ഞങ്ങള്‍ വിളിച്ചു.... ഞങളുടെ കയ്യില്‍ ഇരുന്ന മുപ്പതു രൂപയുടെ പിസ്സയുടെ പടം ചൂണ്ടി കാണിച്ചിട്ട് പറഞ്ഞു " ഇതുപോലത്തെ രണ്ടു പിസ്സ വേണം".... അത് കേട്ട് രാജകുമാരന്‍ ചിരിച്ചോണ്ട് പോയി.... ഫൌള്‍ ആയോ എന്നറിയാതെ ഞങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും നോക്കിയിരുന്നു....
കുറച്ചു കഴിഞ്ഞപ്പോള്‍ ആ സപ്ലയര്‍ വീണ്ടും വന്നു... ആ വരവില്‍ എന്തോ ഒരു പന്തികേടുണ്ടെന്ന് ഞാന്‍ അബിയോട് പറഞ്ഞു...
എന്ത് മറുപടി പറയും എന്ന് ആലോചിക്കാന്‍ സമയം തരുന്നതിനു മുന്‍പേ പുള്ളി ചോദിച്ചു "പെപ്സി വേണോ?" മുപ്പതും മുപ്പതും ചേര്‍ത്ത് അറുപതു കഴിഞ്ഞാലും ഞങ്ങളുടെ കയ്യില്‍ പിന്നെയും കാശ് ഉണ്ട്... അത് കൊണ്ട് പെപ്സിയും കുടിക്കാം എന്ന് ഞങ്ങള്‍ ആദ്യം തീരുമാനിച്ചു.... എങ്കിലും പെട്ടെന്ന് തന്നെ വേണ്ട എന്നും തീരുമാനിച്ചു.. അങ്ങനെ തീരുമാനിക്കാന്‍ പ്രത്യേകിച്ച് കാരണം ഒന്നും ഉണ്ടായിട്ടല്ല... ചുമ്മാ അങ്ങ് തീരുമാനിച്ചു അത്രതന്നെ.....
അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോള്‍ രണ്ടു വലിയ പിസ്സ ഞങ്ങളുടെ മുന്‍പില്‍ എത്തി.... സത്യം പറഞ്ഞാല്‍ ഞങ്ങള്‍ക്ക് ശെരിക്കും സന്തോഷമായി... ഇത്രയും വലിയ പിസ്സ കിട്ടുമെന്ന് ഞങ്ങള്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നില്ല.... മാത്രമല്ല നല്ല രുചിയും.... ജീവിതത്തില്‍ ഇത്രയും നാള്‍ പിസ്സ കഴിക്കാതിരുന്നത് വലിയ നഷ്ടമായി പോയി എന്ന് തോന്നി....
"വെറും മുപ്പതു രൂപയ്ക്കു ഇത്ര നല്ല ഭക്ഷണം കിട്ടുമ്പോള്‍ എന്തിനാട എന്നും നമ്മള്‍ ഉച്ചക്ക് കണ്ട വൃത്തിയില്ലാത്ത ഹോട്ടെലില്‍ പോയി ചോറ് ഉണ്ണുന്നത്?".... ഞാന്‍ ചോദിച്ചു..
ഇത്ര നാളും ഞങ്ങള്‍ കാണിച്ച മണ്ടത്തരം ഓര്‍ത്തു ഞങ്ങള്‍ ലജ്ജിച്ചു...
"എടാ ഡിജോ നമുക്കെന്താട ഈ ബുദ്ധി നേരത്തെ തോന്നാതിരുന്നത് ?"
"എല്ലാത്തിനും അതിന്‍റെതായ സമയം ഉണ്ട് അബി...."
ചുരുങ്ങിയത് ഒരു പത്തു രൂപയെങ്കിലും ടിപ് കൊടുക്കണം എന്ന് ഞങ്ങള്‍ തീരുമാനിച്ചിരിക്കുമ്പോഴാണ്‌ ഞാന്‍ ഒരു കാര്യം ശ്രദ്ധിച്ചത്....
ഞങ്ങള്‍ ഇരിക്കുന്ന മൂലയില്‍ കൂടെ പുറത്തേക്കു ഒരു ചെറിയ വാതില്‍ ഉണ്ട്... കടയിലണേല്‍ നല്ല തിരക്കുമുണ്ട്... കാശ് കൊടുക്കാതെ മുങ്ങിയാലോ????
.
.
.
.
.
.
"വെറും മുപ്പതു രൂപയ്ക്കു ഇത്ര നല്ല ഭക്ഷണം തന്നവരെ പറ്റിക്കുന്നതിനെപ്പറ്റി നീ ആലോചിച്ചല്ലോടാ വൃത്തികെട്ടവനെ ........ "
അബിയുടെ ചോദ്യം കേട്ട് എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി.....
.
.
ഒരു കുറ്റവാളിയെ പോലെ ഞാന്‍ തലകുനിച്ചിരുന്നപ്പോള്‍ പഴയ രാജകുമാരന്‍ ബില്ലുമായി വന്നു....
ബില്ല് അബിയാണ് വാങ്ങിയത്....... ബില്ലിലേക്ക് നോക്കിയാ അബിയുടെ മുഖത്തുണ്ടായ ഭാവം എന്താണെന്നു എനിക്ക് മനസിലായില്ല... പക്ഷെ ഒന്ന് മനസിലായി എന്തോ ഒരു പന്തികേടുണ്ട്......
"എന്ത് പറ്റിയെടാ...." ഞാന്‍ ചോദിച്ചു.
"എടാ ബില്ല് നാനൂറ്റി എണ്‍പത് രൂപ"
അപ്പോഴാണ് എനിക്കാശ്വാസം ആയത് " എടാ പൊട്ടാ ഇത് അവര്‍ക്ക് ബില്ല് മാറി പോയതാട.... നിന്‍റെ ഭാവം കണ്ടു ഞാന്‍ പേടിച്ചു പോയല്ലോട...."
"എടാ നിന്‍റെ ഒരു കാര്യം... എടാ ഇത്രയും തിരക്കുള്ള കടയില്‍ ബില്ല് മാറി പോകുക സോഭാവികം മാത്രമാണ്.... നീ ഈയിടെയായി നിസാര കാര്യങ്ങള്‍ക് വരെ ടെന്‍ഷന്‍ അടിക്കുന്നു.... റിലാക്സ് മാന്‍ റിലാക്സ്..... "
എന്നെ അവങ്ങു തീരെ വിശ്വാസം വന്നില്ലെന്ന് തോന്നുന്നു.... ഞാന്‍ അവനെയും കൂട്ടി ബില്ലുമായി കൌണ്ടറില്‍ ചെന്നു....
"അണ്ണാ ബില്ല് മാറിപോയച്ചു.... സെരിയാന ബില്ല് കൊടുങ്കോ"
"Sorry sir this is your bill only".. രാജകുമാരന്‍ പറഞ്ഞു....
"how come???" ഞാന്‍ അറിയാതെ തന്നെ ചോദിച്ചു പോയി......
അറുപതു രൂപ മാത്രം വരേണ്ട ബില്ല് എങ്ങിനെ നാനൂറ്റി എണ്‍പത് യെന്നു വിശധീകരിക്കാന്‍ അങ്ങേര്‍ക് വെറും രണ്ടു മിനിറ്റ് മാത്രമേ വേണ്ടി വന്നുള്ളൂ....
മുപ്പതു രൂപേടെ പിസ്സയുടെ പടം ചൂണ്ടി കാണിച്ചു കൊണ്ട് ഞങ്ങള്‍ ഓര്‍ഡര്‍ ചെയ്തത് പിസ്സ അല്ല പോലും.... പിസ്സ വാങ്ങിച്ചിട്ട് അതിന്‍റെ മുകളില്‍ ഇടുന്ന "TOPPINGS" എന്ന് പറയുന്ന വേറെ എന്തോ സാധനം ആണ് ഞങ്ങള്‍ ഓര്‍ഡര്‍ ചെയ്തത്... ഞങ്ങളുടെ അറിവില്ലയിമ്മ മനസിലാക്കി അവര്‍ തന്നെ അവിടുത്തെ ഈറ്റവും നല്ല പിസ്സ എടുത്തു അതിന്‍റെ മുകളില്‍ ഞങ്ങള്‍ പറഞ്ഞ "TOPPINGS" ഇട്ടു കൊണ്ട് തന്ന സാധനമാണ് ഞങ്ങള്‍ ആര്‍ത്തിയോടെ തിന്നത്..... പിസ്സയുടെയും മറ്റേ കുന്ത്രണ്ടാത്തിന്‍റെയും കൂടി ബില്ലാണ് ഈ ഇരിക്കുന്ന നാനൂറ്റി എണ്‍പത്.....
എന്തോ ഒരു ഭാഗ്യത്തിന് എന്‍റെ അക്കൌണ്ടില്‍ അഞ്ഞൂറ് രൂപയുണ്ടായിരുന്നു.... വേറെ നിവൃതിയൊന്നും ഇല്ലാത്തതുകൊണ്ട് കാര്‍ഡ്‌ വച്ച് കാശ് കൊടുത്തിട്ട് ഞങ്ങള്‍ അവിടുന്ന് പോന്നു.... രാജകുമാരന്മാര്‍ എല്ലാവരും ഞങ്ങളെ നോക്കി ചിരിച്ചു.....
കുറെ നേരത്തേക്ക് ഞങ്ങള്‍ ഒന്നും മിണ്ടിയില്ല.....
അല്പം കഴിഞ്ഞു ഞാന്‍ പറഞ്ഞു " പെപ്സി കൂടി കുടിക്കാന്‍ തോന്നാതിരുന്നത് ഭാഗ്യമായി.... കുടിച്ചിരുന്നെങ്കില്‍ ബില്ല് അടക്കാന്‍ നമ്മുടെ രണ്ടു പേരുടെയും കാര്‍ഡ്‌ കൊടുക്കേണ്ടി വന്നേനെ....."
അബി ഒന്നും മിണ്ടുന്നില്ല.....
അല്പം കഴിഞ്ഞു അവന്‍ പറഞ്ഞു " നീ പറഞ്ഞപ്പോള്‍ ആ മൂലയിലെ വാതിലില്‍ കൂടി മുങ്ങിയാല്‍ മതിയായിരുന്നു...."
എനിക്ക് ചിരിക്കണോ കരയണോ എന്ന് ഒരു തീരുമാനം എടുക്കാന്‍ പറ്റാത്തതിനാല്‍ ഞാന്‍ ഒന്നും മിണ്ടിയില്ല......
ഇനി വ്യത്യസ്തമായ ഒരു ദിവസം വേണം എന്ന് ഒരിക്കലും തോന്നിക്കരുതേ എന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിച്ചു കൊണ്ട് റൂമിലേക്ക്‌ തിരിച്ചു പോയി.....
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo