Slider

ഡാലിയാപൂക്കളെ പ്രണയിച്ചവർ..

0
ഡാലിയാപൂക്കളെ പ്രണയിച്ചവർ..
---------------------------------------------------------
ഹൈസ്ക്കൂൾ വിഭാഗം കഥാ രചന.
ഒന്നാം സമ്മാനം ആനി ജോസഫ്.
തോപ്പിൽക്കാട് ഹൈസ്ക്കൂൾ ഹാളിലെ സ്റ്റേജിൽ നിന്നുകൊണ്ട് ഡ്രിൽമാഷ് സത്യൻ അനൗൺസ് ചെയ്തു. കുട്ടികളുടെ കരഘോഷത്തിനിടയിലൂടെ ആനി ജോസഫ് സ്റ്റേജിലേക്കു കടന്നുവന്നു.P T A പ്രസിഡന്റ് C A ചാണ്ടിയിൽ നിന്നും സമ്മാനം ഏറ്റുവാങ്ങുമ്പോൾ അഭിമാനത്തോടെ അവൾ സ്കൂളിലെ ഹെഡ്മാസ്റ്റർ ജോസഫ് സാറിനെ നോക്കി. ആ മുഖത്ത്‌ പ്രതീക്ഷിച്ച സന്തോഷം കാണാതെ അവൾ സംശയത്തോടെ നെറ്റി ചുളിച്ചപ്പോൾ അടുത്ത അനൗൺസ്മെന്റ് കേട്ടു.
രണ്ടാം സമ്മാനം...
അലക്സ്‌ കുര്യൻ.
അലക്സ്‌ സമ്മാനം വാങ്ങുമ്പോൾ എല്ലാവരും കരഘോഷം മുഴക്കുമ്പോൾ ഹെഡ്മാസ്റ്റർ ജോസഫ് സാറിനു ഉള്ളിൽ കുറ്റബോധം തോന്നി.
ഓഫീസിലേക്ക് കടന്നുവന്നു ജോസഫ് സാർ ഒന്നുകൂടി അലക്സ്‌ എഴുതിയ അക്ഷരങ്ങളിലൂടെ കണ്ണോടിച്ചു. യഥാർത്ഥത്തിൽ അലക്സിനാണു ഒന്നാം സമ്മാനം കൊടുക്കേണ്ടിയിരുന്നത്. പക്ഷേ ആനി ജോസഫ് തന്റെ മകളായതിനാൽ ടീച്ചേഴ്സ് ആനിയെ ഒന്നാം സമ്മാനത്തിന് പരിഗണിച്ചു. തന്റെ സ്വാർത്ഥത കാരണം താനും കണ്ണടച്ചു. പക്ഷേ ഇപ്പോൾ വല്ലാത്ത കുറ്റബോധം തോന്നുന്നു.ആദ്യമായാണ് തന്റെ അദ്ധ്യാപനജീവിതത്തിൽ ഒരു മനസ്സാക്ഷിക്കുത്ത്‌ അനുഭവപ്പെടുന്നത്.അത് പോലെ ആദ്യമായാണ് അലക്സിന്റെ ഒരു രചന കാണുന്നത്.പല വട്ടം താൻ വായിച്ചു നോക്കി. ഇനിയും വായിക്കാൻ തോന്നുന്നു. ആനി എഴുതിയ രചന ഇതിന്റെ ഏഴയലത്തു വരില്ല. ഇരുത്തം വന്ന ഒരു പ്രതിഭയുടെ എഴുത്ത്. കഥയും, കവിതയും ഒക്കെ ഒത്തിരി ഇഷ്ട്ടപ്പെടുന്ന താൻ ഇന്ന് വരെ ഇത്രയും മനോഹരമായ ഒരു രചന കണ്ടിട്ടില്ല.എന്നിട്ടും താൻ. ശ്ശേ...ഒരിക്കലും ചെയ്യാൻ പാടില്ലാത്ത ഒരു തെറ്റ്, അതും ഒരധ്യാപകൻ കൂടിയായിട്ടും ചെയ്തു പോയല്ലോ എന്നോർത്തപ്പോൾ എങ്ങനെയും ഇതിന് പ്രായശ്ചിത്തം ചെയ്യണം എന്ന് അദ്ദേഹം തീരുമാനിച്ചു.
വൈകിട്ട് വീട്ടിലേക്കു ചെന്നപ്പോൾ തന്നെ ജോസഫ് സാറിന്റെ ഭാര്യ ചോദിച്ചു.
ഇതെന്തു പറ്റി. മുഖം വല്ലാണ്ടിരിക്കുന്നേ.. ?
ഞാൻ ഇന്ന് ഒരു തെറ്റ് ചെയ്തു. ഒരു അധ്യാപകൻ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത ഒരു തെറ്റ്. ആനി എഴുതിയ കഥ താൻ വായിച്ചോ.. ?
ഉവ്വ്.ഒന്നാം സമ്മാനം കിട്ടിയേന്റെ സന്തോഷത്തിലാ അവൾ.
അതിന് അർഹത ഈ കഥക്കായിരുന്നു. പക്ഷേ ഹെഡ്മാസ്റ്ററുടെ മോളാന്നുള്ള പരിഗണനയിൽ ആനിക്ക് ഒന്നാം സമ്മാനം കിട്ടി. താൻ ഈ കഥ ഒന്ന് വായിച്ചു നോക്കിക്കേ.
രണ്ടുപേരുടെയും സംസാരം കേട്ടു കൊണ്ടാണ് ആനി അങ്ങോട്ട്‌ വന്നത് . അമ്മ എന്തോ വായിക്കുന്നത് കണ്ട് അവളും ആ പേപ്പറിലേക്കു നോക്കി. അവളും അമ്മയുടെ കൂടെ വായിച്ചു.
അവസാനം താഴെ അലക്സിന്റെ പേര് കണ്ടതോടെ..
അച്ഛാ ഇത്.. ഇത് അലക്സിന്റെ രചന ആണോ. പിന്നെങ്ങനെ ഞാൻ ഒന്നാം സ്ഥാനത്തേക്ക്.. ?അച്ഛൻ കണ്ടില്ലായിരുന്നോ ഇത്.. ?
ആനിയുടെ കണ്ണുകൾ നിറഞ്ഞു..അവൾക്കു മനസ്സിലായി ഹെഡ്മാസ്റ്ററുടെ മകളായതിനാൽ കിട്ടിയ സ്നേഹം.
ജോസഫ് സാർ മിണ്ടിയില്ല.ആനിക്കു ഇത്രയും സങ്കടം വരുമെന്ന് സാർ ഒരിക്കലും വിചാരിച്ചില്ല. ഒരേ സമയം അയാൾക്ക്‌ സങ്കടവും, സന്തോഷവും തോന്നി. തന്നെപ്പോലെ തന്റെ മകളും സ്വാർത്ഥയല്ല. നല്ലതിനെ അംഗീകരിക്കാൻ അവൾക്കു കഴിഞ്ഞു. പക്ഷേ താൻ..
അച്ഛാ. നമ്മുക്ക് അലക്സിന്റെ വീട് വരെ ഒന്ന് പോകാം. ഇതിനു മാപ്പ് ചോദിക്കാതെ എനിക്ക് സമാധാനം കിട്ടില്ല.
ഇപ്പോളോ.. നാളെ സ്കൂളിൽ വരുമ്പോൾ പോരേ.. ?
അമ്മ ആനിയോട് ചോദിച്ചു.
പോരാ.ഇന്ന് തന്നെ വേണം. അല്ലങ്കിൽ എനിക്കുമിന്നുറങ്ങാൻ പറ്റില്ല. ഞങ്ങളൊന്ന് പോയിട്ട് വരാം.
ജോസഫ് സാർ പറഞ്ഞു.
-----------------------------------------------------------
കറുത്ത ഹോണ്ടാ ആക്ടറ്റീവ ജോസഫ് സാർ നിർത്തി മുന്നോട്ട് നോക്കി .മുന്നിൽ വഴി രണ്ടായി തിരിയുന്നു.
എങ്ങോട്ടായിരിക്കും.. ?
അച്ഛാ.. ദാ അലക്സിന്റെ കഥയിലെ പെട്ടിക്കട. അവിടെ ചോദിച്ചാൽ അറിയാമായിരിക്കും.
ആനി പറഞ്ഞതുകേട്ട് ജോസഫ് സാർ നോക്കുമ്പോൾ ശരിയാണ്. അലക്സ്‌ വിവരിച്ചപോലെ ഹൈപ്പർ പെട്ടിക്കട. വണ്ടി കടയുടെ മുൻപിൽ നിർത്തി ജോസഫ് സാർ ആനിയോട് ചോദിച്ചു.
നിനക്ക് കുലുക്കി സർബത്ത് വേണോ.. ?
പിന്നെ.. എന്നാ ചോദ്യമാ.. ?കഥയിൽ പറഞ്ഞ രുചി ഇതിനുണ്ടോന്നു അറിയണ്ടേ.. ?
ദാമോദരേട്ടാ രണ്ട് കുലുക്കി സർബത്ത്‌.മുളക് കൂട്ടി ഇട്ടോ..
ദാമോദരേട്ടൻ തനിക്ക് പരിചയമില്ലാത്ത ശബ്ദം തന്റെ പേര് വിളിച്ചത് കേട്ട് ആലോചനയോടെ നോക്കി.
തോപ്പിൽക്കാട് സ്കൂളിലെ സാറല്ലേ.. ?
അതെ ദാമോദരേട്ടാ..
എന്റെ പേരെങ്ങനെ സാറിനറിയാം.. ?
ദാമോദരേട്ടനും, ഈ കുലുക്കി സർബത്തുമൊക്കെ ഫേമസ് അല്ലേ.."!!
സർബത്തു കുടിച്ചുകൊണ്ടിടിക്കുമ്പോൾ ആനി നിരത്തിവെച്ചിരിക്കുന്ന മിട്ടായി ഭരണികളിലേക്കു നോക്കി.
പഞ്ചസാരമിഠായി , നാരങ്ങമിഠായി , മക്രോണി, ബബ്ബിൾക്കം, ശർക്കരമിഠായി , അലക്സിന് തിന്നാലും കൊതി തീരാത്ത കടലമിഠായി .
അച്ഛാ രണ്ട് കടലമിഠായി വേണം..
താൻ ഇത്ര ഫേമസ് ആണെന്നുള്ള സന്തോഷത്തിൽ ദാമോദരേട്ടൻ ഒരു പഴയ മംഗളം വാരികയുടെ പേപ്പർ കീറിയെടുത്തു കടലമിഠായി പൊതിഞ്ഞു കൊടുത്തു.
കാശ് കൊടുക്കുമ്പോൾ ജോസഫ് സാർ ചോദിച്ചു.
ഈ അലക്സ്‌ കുര്യന്റെ വീട്ടിലേക്കുള്ള വഴി ഏതാ.. ?
മണിക്കൊമ്പേലേ വീടല്ലേ.. ?
അത് തന്നെ..
ഇതിലേ നേരെ പൊക്കോ സാറേ.ആദ്യം കാണുന്ന കലുങ്ക് കഴിഞ്ഞാൽ ഇടത്തോട്ടു തിരിഞ്ഞാൽ മതി. അവിടെ ആരോട് ചോദിച്ചാലും പറഞ്ഞു തരും.
അവർ വണ്ടിയെടുത്തു മുന്നോട്ട് നീങ്ങി. ഉരുളൻ കല്ലുകൾ അനുസരണയില്ലാത്ത കിടക്കുന്ന, ചെമ്മൺ പാതയിലൂടെ.അവിടുന്നങ്ങോട്ട് ഓരോന്നും കാണുമ്പോൾ അവൾക്കു പരിചയമുള്ളപോലെ തോന്നി.അലക്സിന്റെ കഥയിലെ കഥാപാത്രങ്ങൾ.ഒരു സൈഡിൽ റോഡിലേക്ക് വളഞ്ഞു നിൽക്കുന്ന റബ്ബർ മരങ്ങൾ, എതിർ സൈഡിൽ കമ്പിവേലി കെട്ടി തിരിച്ചിരിക്കുന്നു. ഉള്ളിലേക്ക് പോകാൻ ആരെയും ആകർഷിക്കുന്ന കാടിന്റെ അപാരഭംഗി. ഒരിക്കൽ ഒന്ന് പോകണം, കണ്ടിട്ടും, കേട്ടിട്ടുമില്ലാത്ത പക്ഷിമൃഗാദികളെ ഉയരമുള്ള മരത്തിൽ കെട്ടിയിരിക്കുന്ന ഏറുമാടത്തിലിരുന്നു കണ്ടു കൊതി തീർക്കണം. ആദിവാസികളുടെ ആചാരങ്ങൾ കണ്ട് കണ്ണ് മിഴിച്ചിരിക്കണം, അവർ തരുന്ന കാട്ടുതേൻ രുചിച്ചിറക്കണം. കാട്ടരുവിയിൽ ഒന്ന് മുങ്ങി കുളിക്കണം. ഉച്ചത്തിൽ ഒന്ന് കൂവണം.
അച്ഛാ.. ഒന്ന് നിർത്തിക്കേ..
എന്താ.. ?
ദേ..ഉത്തരവാദിത്തമുള്ള പശുക്കൾ.
പറഞ്ഞുകൊണ്ട് ആനി വണ്ടിയിൽ നിന്നും ഇറങ്ങി കഴിഞ്ഞു. സ്വയം തീറ്റ കണ്ടെത്തി രാവിലെയും, വൈകിട്ടും, കറക്കാൻ നേരം കൃത്യസമയത്ത്‌ വീട്ടിൽ ചെല്ലാറുള്ള അന്തോണിചേട്ടന്റെ പശുക്കൾ.ആനി പശുക്കളുടെ അടുത്ത് ചെന്ന് ഒന്നിന്റെ നെറ്റിയിൽ ഒന്ന് തലോടി. ആ പശു സ്നേഹപൂർവ്വം അവളെ ഒന്നുരുമ്മി.അവിടെ കുറേ നേരം കൂടെ നിക്കാൻ മനസ്സുണ്ടായിരുന്നെങ്കിലും അച്ഛൻ വിളിച്ചപ്പോൾ അവൾ വണ്ടിയിൽ കയറി.
ജോസഫ് സാർ ഒരു വീടിന്റെ മുൻപിൽ വണ്ടി നിർത്തി ആനിയോട് പറഞ്ഞു.
ഇതാണെന്നു തോന്നുന്നു..
രണ്ടു പേരും ഇറങ്ങി വീട്ടിലേക്കു ചെന്നു.
ബെല്ലിൽ വിരലമർത്തിയപ്പോൾ വാതിൽ തുറന്ന സ്ത്രീയോട് ജോസഫ് സാർ ചോദിച്ചു..
അലക്സിന്റെ വീടല്ലേ ഇത്.. ?
അതേ..ജോസഫ് സാറല്ലേ.. കേറിയിരിക്ക് സാറേ..
അലക്സിന്റെ അമ്മ പറഞ്ഞു.
അലക്സ്‌ എന്തിയേ.. ?
ജോസഫ് സാർ ചോദിച്ചു..
അവൻ പശൂന് പുല്ല് ചെത്താൻ പോയതാ സാറേ.എന്റെ കാല് വയ്യാതെ ഇരിക്കുവാ.എന്താ സാറേ അലക്സിനെ അന്വേഷിച്ചു വന്നത്. എന്തേലും പ്രശ്നമുണ്ടോ .. ?
ഏയ്‌.. ഒരു കുഴപ്പവുമില്ല. ഞങ്ങൾ അലക്സിനെ ഒന്ന് കണ്ട് മാപ്പ് പറയാൻ വന്നതാ. അലക്സ്‌ എഴുതിയ കഥക്ക് ഒന്നാം സ്ഥാനം കിട്ടണ്ടതായിരുന്നു. പക്ഷേ കിട്ടിയത് ഇവൾക്കാ.. എന്റെ മോളാ ഇത്.
ഒന്ന് നിർത്തിയിട്ട് ജോസഫ് സാർ ചോദിച്ചു..
അലക്സ്‌ കഥകൾ എഴുതാറുണ്ടോ..? അലക്സിന്റെ അമ്മക്കറിയുവോ അതിനെപറ്റി വല്ലതും.. ?
അവന്റെ ഷെൽഫിൽ മുഴുവൻ അവൻ എഴുതിയ കഥയും, കവിതകളും ഒക്കെയാ സാറേ. ആരെയും കാണിക്കില്ല. ഞാൻ ഒരു ദിവസം അടുക്കി പെറുക്കിയപ്പോൾ കണ്ടതാ. വല്ലോ പത്രം ഓഫീസിലേക്കും അയച്ചു കൊടുക്കാൻ ഞാൻ പറഞ്ഞതാ. അവൻ പറയും അതിനുള്ള നിലവാരം ഒന്നും ഇല്ലന്ന്.
എവിടെയാ എനിക്കൊന്ന് കാണാൻ പറ്റുമോ.. ?
ആനി ചോദിച്ചു.
അലക്സ്‌ വരട്ടെ. എന്നിട്ട് മതി.
ജോസഫ് സാർ പറഞ്ഞു.
ഓ.. അവൻ വരുവൊന്നും വേണ്ടന്നേ.. മോള് വാ.. ഞാൻ കാണിച്ചു തരാം.
അലക്സിന്റെ അമ്മ ആനിയെയും കൊണ്ട് അലക്സിന്റെ മുറിയിലേക്ക് പോയി. അലക്സ്‌ കുറിച്ച് വച്ചതൊക്കെ ആനി എടുത്തു നോക്കി.ഓരോന്നും അവളെ വിസ്മയിപ്പിക്കുന്ന എഴുത്തുകളായിരുന്നു. ആനി രണ്ടെണ്ണം എടുത്തു അച്ഛന്റെ അടുത്തേക്ക് ചെന്നു. വായിച്ച ജോസഫ് സാറിന്റെ മുഖവും അത്ഭുതം കൊണ്ട് വിടർന്നു. ഒന്നും മനസ്സിലാകാതെ നിന്നിരുന്ന അലക്സിന്റെ അമ്മയോട് ജോസഫ് സാർ പറഞ്ഞു.
അലക്സിന്റെ അമ്മേ.. അലക്സ്‌ ഒരു നല്ല കഥാകാരനാണ്. അലക്സിന് ശരിക്കും പ്രോത്സാഹനം കൊടുക്കണം. നാളെ അവൻ ലോകം അറിയപ്പെടുന്ന ഒരു എഴുത്തുകാരനാകും.
ഏതപ്പാ കോതമംഗലം എന്ന് പറഞ്ഞപോലെ അലക്സിന്റെ അമ്മ ഒന്നും മനസ്സിലാകാതെ തലയാട്ടി.
അമ്മേ കഴിക്കാൻ വല്ലതും എടുക്കോ.വിശന്ന് ഒരു പരുവമായി.
എന്ന് പറഞ്ഞു കൊണ്ട് വീട്ടിലേക്കു കയറിയ അലക്സ്‌ ഷോക്കടിച്ചപോലെ നിന്നു. ജോസഫ് സാർ.. കൂടെ ആനിയും.
എന്താ അലക്സേ അവിടെ നിന്ന് പോയേ..
ജോസഫ് സാർ ചോദിച്ചു.
ഷോക്കിൽ നിന്നും മോചിതനായ അലക്സ്‌ തന്റെ ദേഹത്തോട്ട് നോക്കി. ഒരു ബനിയനും, കള്ളിമുണ്ടും .
സാറെ ഒരു മിനിറ്റ്..
അലക്സ്‌ ഓടിപ്പോയി അകത്തു ചെന്ന് ഷർട്ടിട്ടു.. ശ്ശേ.. ഇവരെന്തിനാ ഇവിടെ വന്നേ. ആനിയും ഉണ്ട്. അവൾ ചിരിക്കുന്നുണ്ട്. സ്കൂളിൽ വെച്ച് ആനിയുടെ ഒരു ചിരി എത്രയോ വർഷമായി ആഗ്രഹിക്കുന്നു. ഇന്നുവരെ ഒന്ന് നോക്കുക പോലും ചെയ്തിട്ടില്ല.
അലക്സ്‌ ഷർട്ട് എടുത്തിട്ട് അവർക്കരികിലേക്കു ചെന്നു.
അലക്സ്‌. ഇന്നത്തെ കഥാരചനയിലെ മത്സരത്തിൽ ഒന്നാം സ്ഥാനം അലക്സിന്‌ അവകാശപ്പെട്ടതാണ്. എന്റെ മോളായതിനാലാണ് ആനിക്കു ഫസ്റ്റ് കിട്ടിയത്.അലക്സിനെ അഭിനന്ദിക്കാനും, ഒപ്പം,മാപ്പ് പറയാനുമാ ഞങ്ങൾ വന്നത്. നാളത്തെ അസ്സംബ്ലിയിൽ ആ തെറ്റ് ഞാൻ തിരുത്തിക്കൊള്ളാം.
യ്യോ.. സാർ ഇങ്ങനെയൊന്നും എന്നോട് പറയല്ലേ. ഞാൻ ആദ്യമായിട്ടാ ഒരു മത്സരത്തിൽ പങ്കെടുക്കുന്നത്. അതിനു പ്രൈസ് പോലും പ്രതീക്ഷിച്ചില്ല. രണ്ടാം സമ്മാനം കിട്ടിയത് തന്നെ എനിക്ക് വല്ല്യ കാര്യമാ. ആനിക്ക് ഫസ്റ്റ് കിട്ടിയതിൽ എനിക്ക് ഒരു സങ്കടവും ഇല്ല. സന്തോഷം മാത്രമേ ഉള്ളൂ.അതങ്ങനെ തന്നെ ഇരുന്നോട്ടെ.
അലക്സ്‌.. എനിക്ക് ആ ഡാലിയപൂക്കൾ കാണണം..
ആനി പറഞ്ഞു..
അതിനെന്താ.. വാ.. കാണിച്ചുതരാം..
ആനി അനുവാദത്തിനായി അച്ഛനെ നോക്കി.. ജോസഫ്സാർ കണ്ണുകൾ കൊണ്ട് അനുവാദം കൊടുത്തു..
അവർ പോയപ്പോൾ ജോസഫ് സാർ അലക്സിന്റെ അമ്മയോട് ചോദിച്ചു.
അലക്സിന്റെ അച്ഛന് എന്താ ജോലി.. ?
മാർക്കറ്റിൽ കച്ചവടമാണ് സാറെ..
അച്ഛന്റെ കാര്യം ഓർത്ത് അവന് അപ്പടി സങ്കടമാ..
അതെന്തു പറ്റി.. ?
അലക്സിന്റെ അച്ഛന് കള്ളുകുടി കൂടുതലാ സാറേ..
നല്ല കച്ചവടം ഉള്ള കട ആയിരുന്നു.. കൂട്ടുകൂടി കട അടച്ചിട്ടു കള്ള് കുടിക്കാൻ പോകും.ഇപ്പോൾ കടം കേറി നിക്കക്കളിയില്ല. കുടിച്ചിട്ട് വന്നാൽ പിന്നെ ഇംഗ്ലീഷ് മാത്രമേ പറയൂ.
സാർ ഒന്ന് പറഞ്ഞാൽ നല്ലതായിരുന്നു.
ഊം.. കാര്യമൊന്നുമില്ലങ്കിലും ഞാൻ ഒന്ന് പറഞ്ഞു നോക്കാം.കുടി നിർത്താൻ അവർ തീരുമാനിക്കണം. വേറെ ആര് ഉപദേശിച്ചിട്ടും പ്രയോജനമില്ല..
------------------------------------------------------
ഈ സമയം വീടിന്റെ ഒരു സൈഡിലെ പൂന്തോട്ടത്തിൽ ഡാലിയ പൂക്കൾ ആനി കൺകുളിർക്കെ കാണുവായിരുന്നു..
മഞ്ഞ, വയലറ്റ്, മെറൂൺ, പല കളറിൽ ഡാലിയ ആ പൂന്തോട്ടത്തിലാകെ ചെറുകാറ്റിൽ ഇളകിയാടി നൃത്തം വെച്ചുകൊണ്ടിരിക്കുന്ന കാഴ്ച്ച..
ആനി പതിയെ ആ പൂന്തോട്ടത്തിലേക്ക് നടന്നു.. ഡാലിയപൂക്കളുടെ ഇടയിൽ നിന്നു കൊണ്ട് ആനി വിളിച്ചു..
അലക്സ്‌.. ഇങ്ങു വന്നേ..
അവൻ സന്തോഷത്തോടെ ആനിക്കരികിലേക്കു ചെന്നു..
ചുരുട്ടി പിടിച്ചിരുന്നു കൈകൾ അവൾ അവന്റെ നേരെ നീട്ടി.
ആകാംക്ഷയോടെ അവൻ ആ കൈകളിലേക്കു നോക്കി നിന്നപ്പോൾ ആനി കൈകൾ തുറന്നു..
ഒരു കടലാസ് പൊതി.
ഇത്‌ അലക്സിനുള്ളതാ.രണ്ടാമത് ആയിപ്പോയ അലക്സിന്‌ എന്റെ ആദ്യസമ്മാനം.
ആനിയുടെ കൈയിലെ ചെറു വിയർപ്പിൽ നനഞ്ഞിരുന്ന പേപ്പർപൊതി അലക്സ്‌ തുറന്നു..
തനിക്കേറ്റവും ഇഷ്ട്ടമുള്ള കടല മിഠായി ..
അവൻ അതിൽ നിന്ന് ഒന്നെടുത്തു ആനിക്ക് നേരെ നീട്ടി..
ഹൈപ്പർ പെട്ടിക്കടയിലേയാ.
ആനി പറഞ്ഞു.
ഇതെല്ലാം സത്യമാണോന്ന് അലക്സിന്‌ സംശയം തോന്നി. സ്കൂളിൽ ആരോടും മിണ്ടാത്ത ആനി എന്ന സുന്ദരി തന്റെ തൊട്ടടുത്ത്‌ . ആനിയുടെ വിയർപ്പ് ഒട്ടിയ കടലമിഠായി തിന്നുമ്പോൾ അവൻ കണ്ണുകൾ തുറന്ന് ആനിയെ നോക്കി.
വിടർന്നു നിക്കുന്ന ഡാലിയ പൂ പോലെ മനോഹരി.ഈ നിമിഷങ്ങൾ അവസാനിക്കാതിരുന്നെങ്കിൽ..
പിന്നെയുള്ള സ്കൂൾ ദിവസങ്ങൾ അലക്സിനും, ആനിക്കും മറക്കാൻ പറ്റാത്ത ദിവസങ്ങളായിരുന്നു.സാഹിത്യമാണ് കൂടുതലും ചർച്ചയെങ്കിലും അവരുടെ ഉള്ളിൽ പ്രണയമഴ പെയ്തുതുടങ്ങിയിരുന്നു.. അതുവരെ ആരെയും ഒന്ന് നോക്കുക പോലും ചെയ്യാത്ത ആനി അലക്സിനോട് വാ പൂട്ടാതേ സംസാരിക്കുമ്പോഴും, അസൂയയോടെ നോക്കിയിരുന്ന ആൺവർഗ്ഗത്തിന് ഒരു പുഞ്ചിരി കൊടുക്കാൻ മറന്നില്ല. അസൂയ ഉള്ളിലടക്കി ആ പുഞ്ചിരിയിൽ അവർ സംതൃപ്തി അടഞ്ഞു.
ജോസഫ് സാർ നിർബബന്ധിപ്പിച്ചു അയച്ച അലക്സിന്റെ കഥകൾ ഒരു പ്രമുഖദിനപത്രത്തിൽ അച്ചടിച്ചു വന്നു. അതൊരു തുടക്കമായിരുന്നു.അലക്സിന്റെ അക്ഷരങ്ങൾ സുഖമുള്ളൊരു മഴയായി പെയ്തപ്പോൾ ആ മഴയിൽ നനയാൻ കാത്തിരിക്കുന്നവരുണ്ടായി .
ജോസഫ് സാർ ഉപദേശിച്ചിട്ടും ഒരു മാറ്റവുമില്ലാതിരുന്ന അലക്സിന്റെ അപ്പൻ കുര്യച്ചനേ നന്നാക്കാൻ ആനി അവളുടെ മനസ്സിൽ തോന്നിയ ഒരു ഐഡിയ പറഞ്ഞു..
------------------------------------------------------------
പതിവുപോലെ വീട്ടിൽ വെച്ച് കൂട്ടുകാരുമായി കള്ളുകുടിച്ചുകൊണ്ടിരിക്കുവാരുന്നു അലക്സിന്റെ അപ്പൻ കുര്യാച്ചൻ.
കതകു ഭയങ്കരമായ ശബ്ദത്തിൽ ഭിത്തിയിൽ വന്നിടിച്ചത് കേട്ട് നോക്കുമ്പോൾ വാതിൽക്കൽ അലക്സ്‌.
മുണ്ടഴിച്ചു തലയിൽ കെട്ടിയിരിക്കുന്നു. കുര്യച്ചനും, കൂട്ടുകാരും പരസ്പ്പരം നോക്കി. അലക്സ്‌ ആടിയാടി അവർക്കടുത്തേക്കു വന്നു.
ഇതെന്നാ.. എല്ലാം കാലിയായോ.. ?
എന്താടോ നോക്കുന്നേ.. ?
ഇന്നുവരെ പാപ്പിചേട്ടാന്ന് വിളിച്ചിട്ടുള്ള അലക്സ്‌ ചോദിച്ചത് കേട്ട് പാപ്പി കണ്ണ് മിഴിച്ചു കുര്യച്ചനെ നോക്കി. കുര്യച്ചൻ അതുവരെ കുടിച്ചിരുന്ന കള്ള് മുഴുവൻ ആവിയായിപ്പോയി.
മകൻ കള്ള് കുടിച്ചിട്ട് അപ്പന്റെ മുൻപിൽ തുണിയഴിച്ചു തലയിൽ കെട്ടി പുലഭ്യം പറയുന്നു. പക്ഷേ.. "എന്താടാ ഈ കാണിക്കുന്നത്.. ' എന്ന് ചോദിക്കാൻ തനിക്ക് കഴിയുന്നില്ല.ഒരിക്കലും പ്രതീക്ഷിക്കാത്തത് മുന്നിൽ കണ്ടപ്പോൾ പകച്ചു നിന്നു ആ അപ്പൻ..
ഒരെണ്ണം ഒഴിക്കടോ ഈ അലക്സിനും കൂടി..
അലക്സ്‌ കുഴയുന്ന ശബ്ദത്തിൽ പാപ്പിയോട് പറഞ്ഞു.
അലക്സ്‌ കുഞ്ഞേ.. വേണ്ട.. അപ്പന്റെ മുന്നിൽ ഇരുന്നു കള്ള് കുടിക്കണ്ട.. !!
അത് പറയാൻ താനാരാടോ.. ?
എന്റെ അപ്പന് കള്ള് കുടിക്കാമെങ്കിൽ ഈ മകനും കുടിക്കാം.. ഇല്ലേ അപ്പാ.. ?
അലക്സിന്റെ ഉച്ചത്തിലുള്ള സംസാരം കേട്ട്കൊണ്ടാണ് അലക്സിന്റെ അമ്മ അങ്ങോട്ട്‌ എത്തി നോക്കിയത്. അവന്റെ രൂപം കണ്ട് ആ അമ്മ ഞെട്ടി. ഒരു പാച്ചിലായിരുന്നു അമ്മ. പൊട്ടിക്കരഞ്ഞു കൊണ്ട് അവിടെയുണ്ടായിരുന്ന ചൂലെടുത്തു അമ്മ മകനെ കലി തീരുന്നത് വരെ അടിച്ചു.
തൃപ്തിയായില്ലേ നിങ്ങൾക്ക്.ഇവൻ നശിക്കാൻ കാരണം നിങ്ങൾ ഒറ്റയൊരാളാ..
ഏങ്ങലടിച്ചു കരഞ്ഞുകൊണ്ട് പറഞ്ഞിട്ട് പോകുമ്പോൾ കുര്യച്ചൻ വെന്തുരുകുവായിരുന്നു.. ഇന്ന് വരെ താനും, അവളും അലക്സിനെ ഒന്ന് നുള്ളി നോവിച്ചിട്ടു കൂടിയില്ല. അവൻ ഇതാ അടികൊണ്ടു നിലത്തു കിടക്കുന്നു. കുര്യച്ചൻ മകന്റെ അടുത്തിരുന്നു അവനെ എഴുന്നേൽപ്പിച്ചു നേരെ ഇരുത്തി. നിലത്തു കിടന്ന മുണ്ടെടുത്ത്‌ അവനെ ഉടുപ്പിച്ചു. നിറകണ്ണുകളോടെ അവനെ ചേർത്തുപിടിച്ചപ്പോൾ മദ്യത്തിന്റെ മണം കാരണം കുര്യച്ചൻ പോലും മൂക്ക് ചുളിച്ചു..
---------------------------------------------------------
ചുട്ട് പൊള്ളുന്ന പ്രണയച്ചൂടും, ആർത്തലച്ചു പെയ്യുന്ന പേമാരിയുമായി വർഷങ്ങൾ കടന്നു പോയി. അന്നത്തെ സംഭവത്തിനു ശേഷം കുര്യച്ചൻ മദ്യം തൊട്ടിട്ടില്ല.
അലക്സ്‌ ഇന്ന് സബ് കളക്ടർ ആണ്.ഒപ്പം അറിയപ്പെടുന്ന ഒരു എഴുത്തുകാരനും. ആനി ഒരു ടീച്ചറും,അലക്സിന്റെ രണ്ട് കുട്ടികളുടെ അമ്മയും..
--------------------------------------------------------
അലക്സിന്റെ പുതിയ പുസ്തകത്തിന്റെ പ്രകാശനചടങ്ങാണ് ഇന്ന്.അലക്സിന്റെ അച്ഛനും, അമ്മയും, ജോസഫ് സാറും ഭാര്യയും എല്ലാം അവിടെ സന്നിഹിതരാണ്. വേദിയിൽ അലക്സ്‌ പ്രസംഗിക്കുന്നു..
എന്റെ ജീവിതത്തിലെ ചില രംഗങ്ങളാണ് ഈ പുസ്തകത്തിലുള്ളത്. എനിക്കും എന്റെ പ്രിയ പത്നി ആനിക്കും മാത്രം അറിയാവുന്ന ഒരു രഹസ്യം ഞാൻ ഈ പുസ്തകത്തിൽ വെളിപ്പെടുത്തിയിട്ടുണ്ട്.എനിക്ക് ഒന്ന് അഭിനയിക്കേണ്ടി വന്നു എന്റെ മാതാ പിതാക്കളുടെ മുൻപിൽ. എന്റെ അപ്പനെ തിരിച്ചുകിട്ടുവാനായിരുന്നു അത്. അത് എന്തായിരുന്നുവെന്ന് ആദ്യം അറിയേണ്ടത് എന്റെ പ്രിയ്യപ്പെട്ട അപ്പൻ തന്നെയാണ്. അതിനാൽ ഈ പുസ്തകത്തിന്റെ ആദ്യകോപ്പി ഞാൻ അപ്പന് കൊടുക്കുവാൻ ആഗ്രഹിക്കുന്നു..
നീണ്ട കരഘോഷത്തിനിടെ കുര്യച്ചൻ ആദ്യകോപ്പി ഏറ്റുവാങ്ങി. വേദിയിൽ നിന്നിറങ്ങി ഇരിപ്പിടത്തിലേക്കു നടക്കുമ്പോൾ കുര്യച്ചന്റെ മനസ്സ് ആകാക്ഷഭരിതമായിരുന്നു..കസേരയിലേക്കിരുന്നു കുര്യച്ചൻ പുസ്തകത്താളുകൾ മറിച്ചു.. പതിനാറാം പേജിൽ കുര്യച്ചന്റെ കണ്ണുകൾ ഉടക്കി.
അപ്പന്റെ കള്ളുകുടി നിർത്താനുള്ള അവസാനത്തെ ശ്രെമമായിരുന്നു അത്.
ഞാൻ ബിവറേജിൽ പോയി ഒരു അര ലിറ്റർ ബ്രാണ്ടി വാങ്ങി. വീടിന്റെ തൊട്ടുതാഴെയുള്ള കാപ്പിച്ചോട്ടിൽ വെച്ച് ആനി ആ ബ്രാണ്ടി മുഴുവൻ എന്റെ ഡ്രെസ്സിലും, തലയിലുമൊക്കെ തളിക്കുവായിരുന്നു. എന്നിട്ട് ഒരു കള്ളു കുടിയനായി അഭിനയിച്ചു. ഒരു തുള്ളി ഞാൻ കുടിച്ചില്ല.. അമ്മ എന്നെ ചൂലെടുത്തു പൊതിരെ തല്ലിയപ്പോൾ ഞാൻ കരഞ്ഞത് എനിക്ക് ശരീരം വേദനിച്ചിട്ടായിരുന്നില്ല. അമ്മയേ തെറ്റിധരിപ്പിച്ചതിന്റെ സങ്കടത്തിൽ ആയിരുന്നു.. എന്റെ അപ്പനെ എനിക്ക് തിരിച്ചു വേണമായിരുന്നു..
കുര്യാച്ചൻ കണ്ണുകൾ ഉയർത്തി വേദിയിലേക്ക് നോക്കി. ആ നോട്ടം പ്രതീക്ഷിച്ചിരുന്ന അലക്സ്‌ അപ്പന്റെ മുഖത്തെ ഭാവം പിടികിട്ടാതെ നോക്കുമ്പോൾ കുര്യച്ചന്റെ മുഖത്ത്‌ ഒരു ചെറുപുഞ്ചിരി തെളിഞ്ഞു..
"നീ കൊള്ളാമല്ലോടാ മകനേ.. "
എന്ന് അപ്പന്റെ മുഖം പറയുന്നപോലെ അലക്സിന്‌ തോന്നി.
വേറെ നിവൃത്തിയില്ലായിരുന്നു എന്റെ അപ്പാ.. അലക്സ്‌ മനസ്സിൽ പറഞ്ഞു...
By. . ബിൻസ് തോമസ്..
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo