Slider

കൊല്ലം കൊറേ മുൻപേ

0
Image may contain: 1 person, sitting and indoor

കൊല്ലം കൊറേ മുൻപേ ആണ്.. ഞാൻ പഠിപ്പൊക്കെ നിർത്തി ( ഇനി ഈ ഭൂമി മലയാളത്തിൽ പഠിക്കാൻ ഒന്നും ബാക്കിയില്ല.. ഒരു സർവജ്ഞ പീഠം ഞാൻ കയറി എന്ന അഹങ്കാരത്തിൽ നടക്കുന്ന കാലം) .. എനിക്ക് കൂട്ടായി എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോ അച്ഛൻ വാങ്ങി തന്ന സെക്കന്റ് ഹാൻഡ് റാലി സൈക്കിൾ . .ബ്രേക്ക്, ബെൽ , തുടങ്ങിയ അലങ്കാരങ്ങളൊന്നും ഉണ്ടാകില്ല..പെടലിൽ ചവിട്ടുമ്പോ എങ്ങാനോ നീങ്ങും .. നില്ക്കാൻ ചെരിപ്പുറ്റുരക്കണം.. റോഡിൽ.. അതിൽ കയറി ഞങ്ങൾ നാട് മുഴുവനും കറങ്ങി നടക്കും.. ജീവിതം സ്വര്ണകാലം..
ഒരു മഴക്കാല വൈകുന്നേരം.. ഇരുട്ടായി.. വഴിവിളക്കുകൾ അന്ന് നാട്ടിൽ വളരെ അപൂർവം. ,.സൈക്ലിനു പണ്ടേ ലൈറ്റില്ല..ഞാൻ കവലയിൽ പോയി തിരിച്ചു വരുന്നു..കറങ്ങി തിരിഞ്ഞു അന്നൊരുപാട് വൈകി.. ഒരു പാടം കഴിഞ്ഞാണ് വീട്.. അല്ല. വീടുകൾ തുടങ്ങുന്നത്.. ഞാൻ സൈക്കിൾ ആഞ്ഞു ചവിട്ടി..പാടത്തു വല്ല പ്രേതമോ , യക്ഷിയോ ഉണ്ടോ എന്നൊക്കെ ഉള്ളിലെ പേടി പുറത്തറിയാതിരിക്കാൻ ഞാൻ ചുണ്ടിൽ ഒരു മൂളിപ്പാട്ടൊക്കെ പാടുന്നുണ്ട്.. സൈക്കിൾ വഴിയിൽ എന്തിനെയോ പുറത്തു കയറിയോ.. ഒന്ന് ചാടി..എനിക്ക് വെറുതെ ഒരു സംശയം..സൈക്കിൾ നിറുത്തി ഞാൻ ഇറങ്ങി നോക്കി.. എന്താകും.. വല്ല പാമ്പാകുമോ.. എന്റെ കരളി പരമ്പര ദൈവങ്ങളെ.. ഓടാൻ ഞാൻ മുണ്ടു വളച്ചു കുത്തി.. അകലെ നിന്നും സസൂക്ഷം നോക്കി.. വല്ല വൻടീം വന്നർന്നെ കാണാരുന്നു ,, അപ്പുറത്തെ വീട്ടിൽ നിന്നും പുതുപ്പണക്കാരനായ അവറാൻ ചേട്ടൻ പുറത്തിറങ്ങി. പുള്ളി കുറെ കാലായി അമേരിക്കയിൽ ആയിരുന്നു.. അടുത്താണ് നാട്ടിൽ താമസം തുടങ്ങീത് . പുള്ളീടെ വീട്ടിൽ എന്തോ ഒരു ഫങ്ക്ഷന് ഉള്ളത് കൊണ്ട് പുറത്തു നിന്ന് കുറെ ബന്ധുക്കൾ ഒക്കെ വന്നിട്ടുണ്ട്..
എന്താ വിജയ.. എന്താ സംഭവം..
അവറാൻ ചേട്ടൻ കർമ്മ നിരതനായി..
ചേട്ടാ ഒരു പാമ്പ് ആണോന്നു സംശയം,,
അവറാൻ ചേട്ടന്റെ ബന്ധുക്കൾ എല്ലാവരും പുറത്തു വന്നു.,.അതിൽ അധികവും സുന്ദരികൾ.. ഞാൻ ബൂസ്റ്റ് കുടിച്ച പോലായി..
അതെ അവറാൻ ചേട്ടാ.. പാമ്പു തന്നെ ആണ്..
അവറാൻ ചേട്ടൻ ഒരു ചാട്ടത്തിനു അകത്തു പോയീ.. ഒരു ടോർച് , വടി ഇത്യാദി ആയുധങ്ങളും ആയി പുറത്തു വന്നു. ടോർച് എന്റെ കൈയ്യി തന്നു .അവറാൻ ചേട്ടൻ മുണ്ടു മടക്കി കുത്തി..ഞാൻ ആശ്വസിച്ചു, അവറാൻ ചേട്ടന്റെ വീട്ടിലെ പെൺകുട്ടികളെ ഓട്ടക്കണ്ണിട്ടു നോക്കി..
ചേട്ടാ ഈ പാമ്പിനെ ഒക്കെ കണ്ട അപ്പൊ തന്നെ കൊള്ളണം.. അല്ലെ നാളെ നമ്മുടെ പറമ്പിൽ ഒക്കെ കാണും.. പിള്ളേരുള്ളതല്ലേ.
അവറാൻ ചേട്ടനെ ഞാൻ ധൈര്യം കൊടുത്തു..അവറാൻ ചേട്ടൻ വടി എന്റെ കൈയ്യിൽ തന്നു.. ഞാൻ ടോർച് അടിച്ചു കാണിച്ചു കൊടുത്തു.. അവറാൻ ചേട്ടാ.. പാമ്പിനെ ശരിക്കു നോക്കിക്കോ. അടിക്കുമ്പോ തലയ്ക്കു തന്നെ അടിക്കണം ..
ശരിയാ വിജയ,..പത്തിയുള്ളതാണെങ്കിൽ ചീറും ,.. നീ നോക്കി നിക്കണം..
അവറാൻ ചേട്ടാ ഇനി വൈകണ്ട തല്ലിക്കൊ..
തല്ലിക്കൊ വിജയാ.. അകലെ നിന്നൊരു ശബ്ദം ഞാൻ കേട്ട്..എന്തോ ഒരു വശപിശകു..ഞാൻ പതുക്കെ തിരിഞ്ഞു നോക്കി...
അവറാൻ ചേട്ടൻ വീടിന്റെ വരാന്തയിൽ പെണ്പടയുടെ നടുവിൽ.. എനിക്ക് ചീയർ അപ്പ് വിളിച്ചു നിക്കുന്നു..ഐപിൽ ഫൈനലിൽ ക്രീസിൽ നിൽക്കുന്ന അവസാന ബാറ്സ്മാനെ പോലെ ആയി ഞാൻ..
തല്ലു വിജയാ.. അവൻ ഓടും അല്ലെ..
പെണ്പടയുടെ നോട്ടം എന്റെ നേരെ.. ഞാൻ പാമ്പിനെ തള്ളി കൊല്ലുന്നതു കാണാൻ അവർ ആരാധനയോടെ നോക്കി നിക്കുന്നു..തല്ലി കൊല്ലത്തെ പറ്റില്ല..ഞാൻ ആകാശത്തിലെ ദൈവത്തെ നോക്കി.. ഒരു ദൈവദൂതനെ പോലെ ആരെങ്കിലും വരുമോ.. ചുറ്റിനും വീണ്ടും നോക്കി.. ഒരു കൈയ്യിൽ വടി.. മറ്റേ കൈയ്യിൽ ടോർച്. ഞാൻ ധര്യം സംഭരിച്ചു.. വടി പരമാവധി നീട്ടി പിടിച്ചു.. പരമാവധി അകലെ നിന്ന്എ..ന്റെ ഒള്ള ശക്തി മൊത്തം കൈയ്യിലെക്കെടുത്തു.. എന്റെ കരളി പരമ്പര ദൈവങ്ങളെ.. ഇടതു മാറി വലതു നിന്ന്. ഞാൻ പാമ്പിന്റെ തലയിൽ ആഞ്ഞടിച്ചു..പിന്നേം പിന്നേം അടിച്ചു.. ഞാൻ ഗാപ് ഇട്ടാ അവൻ ചിലപ്പോ തിരിഞ്ഞു കൊത്തും.. എന്റെ തല്ലു കൊണ്ട് പാവം പാമ്പു ചതഞ്ഞു.. വാല് മാത്രം പതുക്കെ ആടുന്നു..ഞാൻ തല്ലു നിർത്തി .. അവനെ അകലെ നിന്ന് വീണ്ടും വടി കൊണ്ട് പതുക്കെ അനക്കി... അവറാൻ ചേട്ടൻ പതുക്കെ എന്റെ അടുത്ത് വന്നു.. പെൺകുട്ടികൾ എന്നെ ഒരു വീര ആരാധനയോടെ നോക്കുന്നു.. ഞാൻ വടി കൈയ്യിൽ പിടിച്ചു യുദ്ധം ജയിച്ച പടനായകനെ പോലെ അവരെ നോക്കി.. എന്നെ ശരിക്കു കണ്ടോ.. അന്ന് മൊബൈൽ ഇല്ലാത്തതു കൊണ്ട് അവര് ലൈവ് ആയി ഫേസ് ബുക്കിൽ ഇട്ടില്ല...അവറാൻ ചേട്ടൻ പാമ്പിനെ വീണ്ടും ടോർച് അടിച്ചു നോക്കി.. ഒരു പുച്ഛ ഭാവത്തിൽ എന്നെയും.. എന്നട്ട് ഉറക്കെ പ്രഖ്യാപിച്ചു..
ഇത് നീർക്കോലിയാ.. ഇതിനെ തല്ലാനാണോ വിജയ നീ ഇത്ര പേടിച്ചത്.. ഇതിനെ ഒന്നാം ക്ലാസ്സിൽ പഠിക്കുന്നൊരു വാലിൽ തൂക്കി എടുക്കുമല്ലോ.. അയ്യേ ..
ഞാൻ കാറ്റു പോയ ബലൂൺ പോലായി.. ഇനി എന്ത് ചെയ്യും..അവറാൻ ചേട്ടന്റെ അനിയൻ പത്രോസ് അപ്പോഴാണ് വൈകിട്ടത്തെ കോട്ടയും കഴിച്ചു . ആടി,. ആടി വരുന്നു.. നാട്ടിൽ ഇങ്ങനത്തെ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന പ്രമുഖനാണ് പത്രോസ് ചേട്ടൻ.. കൊഴഞ്ഞ ശബ്ദത്തിൽ പത്രോസ് ചേട്ടൻ ചോദ്യങ്ങൾ തുടങ്ങി..
ആരാടാ ഇരുട്ടത്ത് പാമ്പിനെ തല്ലുന്നത് . ആരാടാ..
പത്രോസ് ചേട്ട്ടാ,, ഞാനാ.,. വിജയൻ..
ആ.. കുഞ്ഞേന്ത ഈ ഇരുട്ടത്ത് പാമ്പിനെ തല്ലുന്നത്.. എന്തൂട്ടാ സംഭവം,,
പത്രോസ് അത് നീർക്കോലിയാടാ.. കുഴപ്പമില്ല.. വിജയൻ വെറുതെ പേടിച്ചു ..
നോക്കട്ടെ.. രംഗം നമ്മുടെ പത്രോസ് ചേട്ടൻ ഏറ്റെടുത്തു..
ടോർച് അടിച്ചു പിന്നേം പിന്നേം നോക്കി.. അടുത്ത് പോയീ ചത്ത പാമ്പിനെ മലത്തികിടത്തി. .ഉണ്ട് എന്നെ ഒരു നോട്ടം നോക്കി..
എടാ ഭയങ്കരാ, നീ ആള് കൊള്ളാലോ.. ഇത്രേം ധൈര്യം ഒക്കെ ഉണ്ടല്ലോ.. ഞാൻ ഞെട്ടി.. എന്താ സംഭവം.. ധൈര്യം കൊണ്ട് എനിക്കൊരു വിറ..
അല്ല പത്രോസ് ചേട്ടാ,, ഇതെന്തൂട്ട് പാമ്പാ ..
വിജയ ഇത് രക്തമണ്ഡലി അല്ലെ.. അവൻ തൊട്ട മതി.. പിന്നെ ആള് ബാക്കീണ്ടാവില്ല..
അവറാൻ ചേട്ടൻ വീണ്ടും ഒരു ചാട്ടത്തിനു വരാന്തയിൽ.. ഞാൻ അനങ്ങാൻ പറ്റാതെ വടി പോലെ നിൽക്കുന്നു..
വിട്ടോ വിജയ.. അവന്റെ ഇണ ചിലപ്പോ അടുത്തുണ്ടാകും..
പത്രോസ് ചേട്ടൻ നടന്നു.. ഒരു നിമിഷം ഞാൻ എന്റെ വാഹനത്തിൽ എങ്ങനെയോ കയറി.. ഫെറാറി പോകാത്ത സ്പീഡിൽ ഞാൻ വീട്ടിൽ എത്തി.. .. കുളിച്ചു. ഭക്ഷണം കഴിച്ചു.. .. രാത്രി എന്റെ സ്വപ്നത്തിൽ രക്ത മണ്ഡലി ഇളിച്ചു കാണിച്ചു.. പക്ഷെ പിറ്റേന്നാണ്‌ ഞാൻ ശരിക്കും ഞെട്ടീത്,.. കവലയിലെ ചായക്കടയിൽ ഇരുന്നു രക്തമണ്ഡലിയെ തല്ലിക്കൊന്ന കഥ പറയുന്ന അവറാൻ ചേട്ടൻ..

by: 
Vijay Koloth
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo