Slider

മരുഭൂമിയിലെ നിലാവ്

0
മരുഭൂമിയിലെ നിലാവ്
16:62017 ബാബാ മൻസിൽ പാലസിന്റെ മട്ടുപ്പാവിൽ നിൽക്കുമ്പോൾ മനസ്സിൽ നിറയെ അവളാണ്.മൃദു.ആരാണ് തനിക്കവൾ. എന്റെ ഹൃദയവിചാരങ്ങളുടെ സൂക്ഷിപ്പുകാരി... സുഹൃത്ത്... വഴക്കാളി.. പിന്നെ എല്ലാമെല്ലാം.അവളെ കണ്ടില്ലെങ്കിൽ ഭയങ്കര വിഷമമാണ്. വഴക്കും സ്നേഹവും സ്വാർത്ഥതയും പിണക്കവുമൊക്കെയായി അവൾ ഹൃദയം കീഴടക്കിയിരിക്കുന്നു.
ഇന്ന് ഇവിടെ നെറ്റ് ഇല്ല.
അതുകൊണ്ടാവാം നെഞ്ചു പൊട്ടുംപോലെ.അല്ലെങ്കിൽ ഇപ്പൊ ആയിരം മെസേജ് വന്നിട്ടുണ്ടാകും...അയച്ചിട്ടുമുണ്ടാകും... അടിയും പിടിയും വഴക്കുമായി...
പോരുമ്പോഴേ അറിയാം ""തൈഫും"" അവിടുന്ന് മൂന്ന് മണിക്കൂർ യാത്ര, ".ധീര,' ഇവിടെ ഒന്നും നെറ്റ് ഉണ്ടാവില്ലെന്ന്.
പക്ഷേ പതിവിന് വിപരീതമായി തൈഫിൽ
സാറ അവളുടെ വൈഫൈ ഷെയർ ചെയ്തു.അങ്ങനെ മൂന്നാലു ദിവസം പോയിക്കിട്ടി.
അവിടുന്ന് ധീരയിലേക്കു വന്നിട്ട് ഇപ്പോൾ രണ്ടു ദിവസം കഴിഞ്ഞിരിക്കുന്നു. നോ വൈഫൈ.ആരുമായി ഒരു കോൺടാക്ടുമില്ല.
ആകെ വിഷമമാണ്.
ഇത് മേഡത്തിന്റെ ഹസ്ബൻറിന്റെ ബാബയുടെ പാലസ് ആണ്. ബാബയുടെ ബാബയുടെ കാലത്ത് പണികഴിപ്പിച്ചത്.
വിശാലമായ മുറികൾ. മൂന്ന് മുറികൾ ചേരുന്ന വലിപ്പമാണ് ഒരു മുറിക്കകത്ത് .
നല്ല വില കൂടിയ കാർപ്പെറ്റുകൾ... ജനാലവിരികൾ...സിംഹാസനങ്ങൾ... സോഫാസെറ്റുകൾ...രാജകീയമായി അലങ്കരിച്ച മുറികൾ.
ഊതിന്റെ പരിമളം നിഞ്ഞൊഴുകുകയാണ് എങ്ങും.
അങ്ങനെയുള്ള ഈ കൊട്ടാരത്തിൽ റംസാനിലെ ആഘോഷങ്ങൾക്ക് വേണ്ടി വന്നതാണ് ഞങ്ങൾ. എല്ലാ വർഷവും ഇവിടെ തന്നെയാണ് കൂടാറ്.ഏകദേശം നൂറോളം കുടുംബങ്ങൾ ആണ് ഉള്ളത്. പക്ഷേ ഇത്തവണ ആളുകൾ കുറവായിരുന്നു. ഏകദേശം പത്ത് കുടുംബങ്ങൾ മാത്രം.
എല്ലാം കഴിഞ്ഞു ഉത്സവം കഴിഞ്ഞ അമ്പലപ്പറമ്പു പോലായി എല്ലായിടത്തും.
എല്ലാവരും പോയി. ഇനി ഞങ്ങൾ മാത്രം. ഞങ്ങൾ എന്ന് പറഞ്ഞാൽ ഞാൻ,സൽമ സീന സായിദ വല്യുമ്മ...മേഡം .ഹസ്ബൻറ് ,കുട്ടികൾ.
അങ്ങനെ ഇരിക്കുന്ന നേരത്താണ് മേഡത്തിന് ഒരു ഫോൺ കോൾ. റിയാദിലുള്ള അനിയത്തി പ്രസവിച്ചൂന്ന്...
എല്ലാവരും കുട്ടിയെ കാണാൻ പോകാൻ റെഡിയാകുന്നു.
എനിക്ക് മാത്രം ഒരു മടി. പാലസിൽ തനിച്ച് ഒരു ദിവസം എന്റെ സ്വപ്നമാണ്. പ്രത്യേകിച്ചും നിലാവിൽ കുളിച്ചു മട്ടുപ്പാവിൽ നിൽക്കാൻ വല്ലാത്ത കൊതിയാണ്.
ആരും അറിയാത്ത ഇങ്ങനത്തെ കുറച്ചു കാര്യങ്ങൾ പണ്ടേയെന്റെ ബലഹീനതയാണ്
ആകെ പരുങ്ങി മേഡത്തിന്റെ അടുത്തെത്തി.എന്നെ കണ്ടതും എന്താ ജാൻസീ എന്ന് ചോദിച്ചു മേഡം അടുത്തേക്കു വന്നു.
അത് എനിക്ക് നല്ല സുഖമില്ല... ചിലപ്പോൾ ശർദ്ദിക്കും. മേഡം.. ഞാൻ വരുന്നില്ല. ....
ഓ ആണോ.. ഓക്കെ നീറെസ്റ്റ് എടുത്തോളൂ..ഞങ്ങൾ പോയിട്ട് വരാം എന്നു പറഞ്ഞു.
എന്റെ മനസ് സന്തോഷം കൊണ്ട് തുള്ളിച്ചാടി.
എല്ലാവരും പോകാൻ റെഡിയായി.
പോകാൻ നേരമാണ് മേഡം പറഞ്ഞത്. ..ആ ജാൻസീ നാളെ എന്റെ കസിൻ ചൈൽഡു വരും. സാമിയ. ബെല്ലടിക്കുമ്പോൾ ഗെയ്റ്റില് ചെല്ലണം.. പിന്നെ ആ പടിഞ്ഞാറേ ഭാഗത്ത് രണ്ടാം നിലയിൽ റൂമൊന്ന് നോക്കിയേക്കണം.പിന്നെ അവൾക്ക് കഴിക്കാൻ ഒരു സാൻവിച്ചും ഓറഞ്ച് ജ്യൂസും എടുക്കാൻ മറക്കരുത്.
വല്യുമ്മയുടെ വക വേറെ ഉണ്ടായിരുന്നു.
മൂന്നാം നിലയിലെ ഡോറ് തുറക്കരുത്...ചുമ്മാ ഉറങ്ങരുത്..വീടിന്റെ വെളിയിൽ പോകരുത്.. കറങ്ങി നടക്കരുത്...
ആരുവന്നാലും കതക് തുറക്കരുത്.. ഇന്റർകോമിലൂടെ സംസാരിച്ച ശേഷമേ ഗെയ്റ്റ് തുറക്കാവൂ...അങ്ങനെ ഒട്ടനവധി..
അങ്ങനെ അവരു യാത്രയായി...
ഞാൻ തനിച്ചും .
ജോലികൾ ഒക്കെ ഒതുക്കി നേരെ ടെറസ്സിലേക്ക്...
വെയിൽ ചായാനാവണം... നല മഞ്ഞ നിറമുള്ള വെയിൽ... മനോഹരമായ വെള്ളിമേഘങ്ങളാൽ അലംകൃതമായപാതി മറഞ്ഞ ചന്ദ്രൻ...
ഞാൻ പാട്ടുമൂളി...ആകാശച്ചിറകിൽ പറന്നു. നാട്ടിൽ പോയി...വീട്ടുകാരെ കൂട്ടുകാരനെ കൂടെ കൂട്ടി വീണ്ടും പറന്നു. ..
പറന്നു പറന്നു വീണ്ടും മൃദുവിന്റെ
അരികെ...
കർർർ....കർർ...കർർർർ...
ഗെയ്റ്റിൽ ചുവന്ന ബൾബുകൾ മിന്നുന്നു.ബെല്ല് മുഴങ്ങുന്നു.. ഞാൻ പതിയെ താഴേയ്ക്ക്. മൂന്നാം നിലയിലെ ടെറസ്സിലെ കതകടച്ച് അകത്തുകൂടി താഴേക്ക്. വാതിൽ തുറന്നപ്പോൾ ഓർത്തുപോയി ആരാണ് വെളിയിൽ എന്ന് ചോദിച്ചില്ലെന്ന്..തിരികെ വന്നു
ഫോണെടുത്തു ഡയൽ ചെയ്തതും ചോദ്യം ഇങ്ങോട്ടു വന്നു.
ജാൻസിയല്ലേ
ഞാൻ അബ്ദു. സായിദ വല്യുമ്മയുടെ കൊച്ചുമോൻ ആണ്. ഗേറ്റ് തുറക്കൂ
ഞാൻ വാതിൽ തുറന്നു. അഞ്ചു മിനിട്ട്
കൊണ്ട് ഗേറ്റിൽ എത്തി.ഈറൻനിലാവിലെ ചാറ്റൽമഴ അപ്പോൾ എവിടുന്നു വന്നു എന്നെനിക്കറിയില്ല. ഞാനാകെ നനഞ്ഞിരുന്നു.
വലിയ ഓടാമ്പൽ വലിച്ചു തുറന്നു ഞാൻ നോക്കുമ്പോൾ പുറത്തു നനഞ്ഞ് കുളിച്ച ഒരു സുന്ദരൻ. പനിനീർപ്പൂവിന്റെ ഗന്ധം ചുറ്റിലും
നിറയുന്നു
പൃഥ്വിരാജിനെയും നവ്യയിലെ ബാലാമണിയെയും ഞാൻ വെറുതെയോർത്തു.
ജാൻസിയല്ലേ... ഞാൻ വളിച്ച ഒരു ചിരി സമ്മാനിച്ചു. എന്റെ ഇന്നത്തെ രാത്രി കുളമാക്കാൻ വന്ന പൂതം .
ഞാൻ മനസ്സിൽ പറഞ്ഞ് പുറമെ മൂളി.
നൂറു ഡിഗ്രി എനർജിയിലായിരുന്നു ചോദ്യശരങ്ങൾ...
എല്ലാവരും മഹായുടെ കുട്ടിയെ കാണാൻ പോയല്ലോ നീയെന്താ പോവാത്തേ...
ഞാൻ എന്തു മറുപടി കൊടുക്കണം എന്നാലോചിക്കും മുന്നേ വന്നു അടുത്തത്...
എനിക്കറിയാം പ്രേമം ഉണ്ടല്ലേ...
ഞാൻ വീണ്ടും വളിച്ചു ... തൊണ്ടയിൽ ഒരു വിലക്കം ... അതിരിക്കട്ടെ മൃദുവിന് സുഖമാണോ. ... ഇത്തവണ ഞാൻ ഞെട്ടി.
ആരാണ് ഇതൊക്കെ പറഞ്ഞു തന്നത്. ഞാൻ ഞെട്ടലോടെ ചോദിച്ചു.
അതു കൊള്ളാം.
നിങ്ങളല്ലേ കഴിഞ്ഞ മാസം ആ കുട്ടി കാരണം വയ്യാതായി ഒരുമാസം ലീവെടുത്തത് ...
എന്നോട് സാറ പറഞ്ഞു.
ങേ... സാറ ഇതെങ്ങനെ... ഞാൻ പറഞ്ഞോ... എനിക്ക് തന്നെ എന്നെ സംശയമായി.ശരിയാവും.. ബോധമില്ലാതെ പറഞ്ഞുകാണും.
മൃദുവിനോട് പിണങ്ങിയാ എനിക്ക് പിന്നെ ഭ്രാന്താണ്.ഒരാഴ്ചയോളം ഒന്നും കഴിക്കാതെ ഒരേ ഉറക്കം ഉറങ്ങി അൾസറും ഇൻഫക്ഷനുമായി മരിച്ചു ജീവിക്കുകയായിരുന്നു.സങ്കടം വന്നപ്പോൾ വല്ലതും പുലമ്പിക്കാണും.
മഴ അധികമായി.
പട്ടികളുടെ കുരയും . നിലാവു മങ്ങി.
ജാൻസീ ന്റെ പെട്ടികൾ വേഗം എടുത്തോളൂ..
അവൻ രണ്ടു ബാഗുമായി പാലസിന്റെ നേരെ ഓടിപ്പോയി. ഞാൻ സ്യൂട്ട്കേസുമെടുത്തു പിറകേയും.
വാതിലടച്ച് കുറ്റിയിട്ട് തിരിയുമ്പോൾ കണ്ടു
അവൻ അവിടെ ചാരിനിന്നു നോക്കുന്നു.
നനഞ്ഞ മുടികൾ നെറ്റിയോട് ചേർന്ന് ഒട്ടിക്കിടക്കുന്നു.
തൊണ്ടയിൽ വീണ്ടും വെള്ളം വറ്റുന്നപോലെ
എത്ര തീഷ്ണതയുള്ള നയനങ്ങൾ.എന്തൊരു സൗന്ദര്യം.
പെട്ടി താഴെ വെച്ച് അകത്തേക്ക് നടക്കാൻ തുടങ്ങിയപ്പോൾ അടുത്ത ചോദ്യം.
ഡൂ യൂ നോ, ഹൗസ് റ്റൂ മെയ്ക്ക് ഷാഹി ഓർ അറബിക് കോഫി
മനോഹരമായി അതിനുള്ള ""ഇല്ല" എന്ന മറുപടി പറയാൻ നാക്കിൽ വാക്കുകൾ തുള്ളിക്കുതിച്ചു.
ഇ എന്ന് പറഞ്ഞതും കണ്ടു അവന്റെ കൈയിലെ ഷോൾഡർ ബാഗിൽ നിന്നും പുറത്തേയ്ക്ക് തള്ളി നിൽക്കുന്ന വൈഫൈ ആന്റീന.
ഇല്ല എന്ന ആ വാക്ക് യൂടേൺ പോയി വന്നു
ഇയ്യേസ് എന്നായി... ങേ
അല്ല യെസ്. ഐ നോ... എന്ന് ഒന്നൂടി മൊഴിഞ്ഞ്...കെറ്റിലിന്നടുത്തേക്ക്...
കോഫി ലേറ്റാകും .ഷാഹിയാണെളുപ്പം.
അങ്ങനെ ചായയിലേക്ക്.
ചായയുമായിച്ചെന്ന് ഞാൻ മാതൃകയായ സന്തോഷത്തിലവനിരുന്നപ്പോ ഞാൻ തിരികെ ചോദിച്ചു. ... ഡൂ യൂ നോ,
ഹൗ ടൂ കണക്ട് വൈഫൈ...
ക്യാൻ യൂ...
ഓ യെസ് ഷ്വോർ..
അങ്ങനെ എനിക്ക് വൈഫൈ തന്ന് അവനും മാതൃകയായി..
നോട്ടിഫിക്കേഷനുകളുടെ അതിഭീകരമായ അതിപ്രസരം മൂലം ഞാൻ എന്റെ റൂമിലേക്ക് എടുത്തെറിയപ്പെട്ടു...
മെസേജുകൾ വായിച്ച് കമന്റുകൾക്ക് മറുപടി കൊടുത്ത്.. മൃദുവിന്റെ പ്രൊഫൈലിൽ കുറെ നേരം വായ്നോക്കി
മഴനനഞ്ഞ തണുപ്പിൽ ബെഡ്ഡിൽ മലർന്നു കിടന്ന് ഞാനുറങ്ങി.
വാതിലിൽ തുടരെത്തുടരെ മുട്ടുകൾ ...ഞാൻ കണ്ണുകൾ തുറന്നു. വേഗം വാതിൽ തുറന്നു. എനിക്ക് വിശക്കുന്നു. വല്ലതും കഴിക്കാൻ തരൂ..
ഞാൻ വേഗം ബ്രെഡ് ടോസ്റ്റ് ചെയ്തു കൊടുത്തു.
അതു കഴിച്ച് വിശപ്പ് പോയില്ല നമുക്ക് മുറ്റത്ത് ഇറങ്ങി കുറച്ചു പഴങ്ങൾ ഫ്രഷായി പറിക്കാമെന്ന് അവൻ പറഞ്ഞപ്പോൾ ഞാനെതിരു പറഞ്ഞില്ല.
നിലാവ് കനംകൂടിയിരുന്നു.ഇപ്പോൾ പൂർണ്ണചന്ദ്രനുദിച്ചപോലെ..
ആകാശം പൂർണമായും മേഘങ്ങളാൽ അലംകൃതമായിരുന്നു.
അവന്റെ മുഖത്ത് അതിമനോഹരമായ സൗന്ദര്യം വിടർന്നിരുന്നു.
ഒരുപക്ഷേ നിലാവേറ്റിട്ടാവാം ഇത്ര സൗന്ദര്യം.
ഞാനാദ്യമായാണ് ഇത്ര സുന്ദരനായ ഒരുഅറബിച്ചെറുക്കനെ അടുത്ത് കാണുന്നത്.
അവനാകട്ടെ എന്നെയും നോക്കുകയാണ്.
കം.
അവൻ മുന്നോട്ട് നടന്നു. ഞാൻ പിറകെ.
നിനക്ക് പ്രണയമുണ്ടോ.. ഞാൻ ഒന്നും മറുപടി പറഞ്ഞില്ല.
പകരം നിലാവ് പെയ്യുന്ന കുളിരിൽ വെറുതെ മൃദുവിനെ ഓർത്തു.അവൾകൂടി വേണമായിരുന്നു.ഇങ്ങനെ നടക്കാൻ. എന്തു രസമാണ് ഈ നിലാവ്. ....
നീ ആരെയാ ഓർക്കുന്നത് മൃദൂനെയാണോ?
ഓർക്കാപ്പുറത്ത് ഞാൻ ഞെട്ടി.
നിനക്കതു എങ്ങനെ മനസിലായി ഞാൻ ചോദിച്ചു.
വെറുതെ തോന്നി.
ആട്ടെ അബ്ദൂ നീയോ...
ഉം. ഞാൻ പ്രണയിച്ചിട്ടുണ്ട്...
ആരെ... എനിക്ക് അവന്റെ കഥയറിയാൻ കൗതുകമായി.
സാമിയയെ...
ങേ... അതെനിക്ക് പുതിയ അറിവായിരുന്നു.
സായിദാമ്മയുടെ മകളുടെ മകന് എന്റെ മാഡത്തിന്റെ റിലേറ്റീവായ സാമിയയോട് പ്രണയം.
എന്നിട്ടോ......
എന്നിട്ടെന്താ...പറയൂ.
അവൾക്ക് എന്നെ ഇഷ്ടമല്ലായിരുന്നു.മിനുങ്ങുന്ന സുറുമ വരച്ച കണ്ണുകൾ... അതെന്നെ കുറച്ചൊന്നുമല്ല മോഹിപ്പിച്ചിട്ടുള്ളത്....
പിന്നാലെ അലഞ്ഞ് അലഞ്ഞ് തളർന്നു. ...
ദുനിയാവില് മരണത്തെ പോലും എനിക്ക് ഭയമില്ല ... ഞാൻ ഭയന്നതെല്ലാം അവളുടെ കണ്ണുകളെയാണ്... കാരണം ആ കണ്ണുകൾ എന്നെ എന്തെല്ലാമോ ചെയ്തിരുന്നു.
ആറുവർഷം ഞാൻ കാത്തിരുന്നു. ഒടുവിൽ അന്ന്. .. ഇതുപോലെ നിലാവുള്ള ഒരു രാത്രി
റംസാൻ കഴിഞ്ഞ നേരം. .. നോമ്പിന്റെ ക്ഷീണത്തിലിരിക്കുമ്പോൾ...കണ്ടു.
വാതിലിൽ മറ്റൊരു പെരുന്നാൾ പിറ.
സാമിയയുടെ വിടർന്ന കണ്ണുകൾ.
ഞാൻ നോക്കിയപ്പോൾ അവൾ തട്ടമെടുത്തു.എന്റ ബോധം നശിക്കുന്നത് പോലെ തോന്നി. ഞാനാകെ പരവശനായി താഴെ വീണു പോകുന്ന പോലെ.
ചുറ്റിലും നോക്കി ആരുമില്ല എന്നുറപ്പാക്കി അവളു വന്നു. എന്റെ അടുത്ത്. എന്നെ ഇഷ്ടമാണ് എന്ന് പറഞ്ഞു .
ഒരനക്കം പോലുമില്ലാതെ അവന്റെ വാക്കുകൾ കേട്ട് ഞാൻ മറ്റൊരു ലോകത്തിലായിരുന്നു.സാമിയാ എന്ന സുന്ദരി എന്റെ മനസ്സിൽ നിറഞ്ഞു നിന്നു.
അവ നും ഞാനും എത്ര ദൂരം നടന്നെത്തി എന്നെനിക്കറിയില്ല.
ചെങ്കുത്തായ കുന്നിൻ ചരുവിൽ ചില പ്രത്യേക പഴങ്ങൾ നിൽക്കുന്ന ഭാഗത്ത് അപ്പോഴേക്കും ഞങ്ങൾ എത്തിയിരുന്നു.
കള്ളിമുൾ പഴമായ ബർഷോമി ഫ്രൂട്ട് അവനെനിക്ക് കാണിച്ചു തന്നു. നിറയെ മുള്ളുകളുള്ള അതിമധുരമുള്ള ഒരു പഴമായിരുന്നു അത്.
വളരെ ശ്രദ്ധയോടെ കൈയ്യിൽ മുള്ളുകൾ കൊള്ളാതെ അവനെനിക്ക് അതിലൊരെണ്ണം പകുത്തുതന്നു.
ആ മധുരത്തിൽ ഞാൻ മയങ്ങിപ്പോയി . ...
ഞാനത് പറഞ്ഞപ്പോൾ അവൻ ചിരിച്ചു. ആ ചിരി എത്ര അഴകുള്ളതായിരുന്നൂന്ന് പറയാനറിയില്ല...
ആ ഇതുതന്നെയാണ് സാമിയയും പറയുന്നത്. ഈ ഫ്രൂട്ട് അവളുടെ ജീവനാണ്.
ഇത് മാത്രമല്ല ദേ അതും. അവൻ കുറച്ച് ദൂരേക്ക് കൈചൂണ്ടി... പാറയിടുക്കുകൾക്കിടയിൽ അപ്പുറം. .. നിലാവിൽ കുളിച്ച് ആ മരങ്ങൾ.
അതെന്താണ്..?
ബുഹാര പഴങ്ങൾ. അവനെന്നെ അങ്ങോട്ടു വിളിച്ചു. കൈയിലെ കവറിൽ അവൻ പറിച്ചുതന്ന ബർഷോമി പഴങ്ങളുമായി ഞാനവന്റെ പിറകിനു നടന്നു.
ദൂരെ പട്ടികൾ വല്ലാത്ത ശബ്ദത്തിൽ ഓരിയിട്ടു. എലീകൾ കാലിന്റെ ചുവട്ടിലൂടെ പരക്കം പാഞ്ഞ് ഓടിപ്പോയി. നിലാവിന്റെ വെട്ടം കൂടിക്കൊണ്ടിരിക്കുന്നു.
അവിടെ, അതൊരു വിസ്മയം ആയിരുന്നു. ചില്ലനിറയെ ചെറിപ്പഴം പോലെ...ഒരു പ്രത്യേക നിറത്തിൽ പഴുത്ത്തുടുത്ത ബുഹാറ പഴങ്ങൾ. എന്റെ വായിൽ വെള്ളമൂറി.
അവനതിലൊന്ന് പൊട്ടിച്ച് കൈയ്യിൽ തന്നു.
ബർഷോമി പഴത്തെക്കാൾ അനേകമടങ്ങ് മധുരം.
ഞാനതിലലിഞ്ഞില്ലാതായി.
മരുഭൂമിയിൽ വിളയുന്നതുകൊണ്ടാണോ ഇത്രമധുരം
ഞാൻ ചോദിച്ചു. .. ആവാം.
ഏതായാലും സാമിയക്ക് കൊടുക്കാൻ നമുക്ക് കുറച്ചു പറിക്കാം.
അവൻ പഴം പറിച്ചെടുക്കുന്നത് ഞാൻ നോക്കി നിന്നു. ഞാനും വെറുതെ നിന്നില്ല .കിട്ടിയ നേരം പറ്റുന്നപോലെ അകത്താക്കിക്കൊണ്ടിരുന്നു.
മതി പോകാം. അവൻ തിരിച്ചു നടന്നു.
ഞാനും. തിരികെ നടക്കുമ്പോൾ ആണ് അതുണ്ടായത് ഞാൻ കാലുതട്ടി വീണു.
ആ സമയത്ത് അവൻ തിരിഞ്ഞു നോക്കിയില്ലായിരുന്നെങ്കിൽ....
ഞാൻ കണ്ടു. ...താഴെ ഭീമാകാരമായ കല്ലുകൾ. വീണിരുന്നെങ്കിൽ... തല ചിതറിയേനേ...
ചാടി കയ്യിൽ കയറി പിടിച്ചുകൊണ്ട് അബ്ദൂ പറഞ്ഞു. സൂക്ഷിച്ച് നടക്കൂ.വളരെ സൂക്ഷിച്ച്.
പകലായിരുന്നൂവെങ്കിൽ പേടിക്കണ്ടായിരുന്നു.
ഞങ്ങൾ പാലസിലേക്ക് വേഗം നടന്നു.
പഴങ്ങൾ ഒക്കെ മേശപ്പുറത്ത് വൃത്തിയാക്കി വെച്ച്. . ഓറഞ്ച് ജ്യൂസ് അടിച്ച് ഞാൻ ഫ്രിഡ്ജിൽ വെച്ചു. സാൻവിച്ചിനുള്ള വെജിറ്റബിൾ റെഡിയാക്കി...
അബ്ദൂവിനെ അവിടെ കാണാനില്ലായിരുന്നു.
നേരം പുലരുന്നതറിഞ്ഞ് ഞാൻ എന്റെ റൂമിലേക്ക്നടന്നു. അബ്ദൂ ഏത് റൂമിലാണെന്ന് അറിയണമെന്നുണ്ടായിരുന്നു.
ഇത്ര വലിയ പാലസിൽ ഇനി അവനെയും തേടി നടന്നാൽ ഉറക്കം നടക്കില്ല. ഞാൻ വേഗം ഉറങ്ങാൻ കിടന്നു.
മൊബൈൽ എടുത്ത് ഓണാക്കിയപ്പോൾ നെറ്റില്ല. അവനത് ഓഫാക്കി ഉറങ്ങിട്ടുണ്ടാവും.
ഞാൻ കണ്ണുകൾ അടച്ചു.
കർർർ കർർർ തുടരെ തുടരെ ബെല്ലുകൾ.
ഞാൻ കണ്ണുകൾ തുറന്നു. സമയം നോക്കിയപ്പോൾ ആണ് ഞെട്ടിയത്.വൈകുന്നേരം നാലുമണി.
ചാടിയെണീറ്റ് പുറത്തേക്ക്. ..ഇന്റർകോമിൽ
സായിദാമ്മയുടെ സ്വരം.
കൂറ്റൻ ഗെയ്റ്റിൽ, കറകറ സൗണ്ടുള്ള വാതിലുകൾ മലർക്കെ തുറന്നിട്ടു.
കാർ അകത്തേക്ക്. കാറിൽ പുതിയ ഒരതിഥി കൂടി ഉണ്ടായിരുന്നു.
സാമിയ.
ആ പർദ്ധക്കുള്ളിലെ നക്ഷത്രങ്ങൾ ആയിരം വാട്ടിന്റെ ബൾബുകൾ പോലെ തിളക്കമാർന്നതായിരുന്നു.അതിൽ നിന്നും വന്ന മിന്നൽ പിണരുകൾ... അന്തരാത്മാവിലെവിടൊക്കെയോ പോയി തട്ടിത്തടഞ്ഞു പ്രകമ്പനം കൊണ്ടു. ഞാൻ അബ്ദുവിനെയോർത്തു.
വെറുതെയല്ല പാവം
അബ്ദൂ വീണു പോയത്.
കണ്ണുകൾ ഇത്രയാണെങ്കിൽ ബാക്കി. ... ഞാൻ ബോധം കെടാനും പരവശയാകാനും മനസ്സുകൊണ്ട് തയ്യാറെടുത്തു.
സാമിയയുടെ ബാഗെടുത്ത് ഞാൻ മുന്നേ നടന്നു.
തിരിഞ്ഞു നോക്കി. അവൾ സായിദാമ്മയുടെ കൈപിടിച്ചു നടന്നു വരുന്നു. ഈ അബ്ദു എവിടാണ്. ?
കാണണ്ടേ അവന് അവന്റെ പെണ്ണിനെ...
ഞാൻ വേഗം ബാഗ് കൊണ്ട് രണ്ടാം നിലയിലെ പടിഞ്ഞാറു വശത്ത് ജനാലയുള്ള റൂമിൽ കൊണ്ടു വെച്ചു. അവിടെ തന്നെ വെയിറ്റ് ചെയ്തു.പരിചയമുള്ള ഒരു അത്തറിന്റെമണം ആ റൂമിൽ തങ്ങിനിന്നിരുന്നു.
ബിസ്മില്ലാഹ്... സായിദാമ്മയുടെ സ്വരം.
നീ ഇവിടെ വന്നു നിൽക്കുവാണോ...
വരൂ ഇതല്ല അപ്പുറത്തെ റൂമാണ്.
ഞാനതിശയിച്ചു
ഇന്നലെ ഈ റൂമാണ് ഞാൻ വൃത്തിയാക്കിയത്.
സാരമില്ല. സായിദാമ്മ പറഞ്ഞു.
സാമിയക്ക് ഇവിടെ കിടക്കാല്ലോ...
വേണ്ട. . അതെന്റെ കൊച്ചു മോന്റെ റൂമാണ്.
ങേ അബ്ദൂന്റെയോ... ഞാൻ മനസ്സിൽ ചോദിച്ചു.
സായിദാമ്മ പുറത്തേയ്ക്ക് നടന്നു.
ഞാൻ അബ്ദുവിനെയാണ് തിരിഞ്ഞത്
വൈഫൈയും സാമിയയും
അവനെവിടെ ?
ആര്
സൽമ ചോദിച്ചു
അബ്ദൂ
""അബ്ദൂ വോ ""
അബ്ദൂ റഹ്മാൻ്.
അവനിപ്പോ ഇല്ല
നീയെന്തിനാണ് ആ മുറിയിൽ പോയതും വൃത്തിയാക്കിയതും.
ആ മുറിയിലേക്ക് ഞങ്ങളാരും പോകാറില്ല.
ഉമ്മീടെ കൊച്ചുമോൻ, പുറകിലുള്ള തോട്ടത്തിലെ കുന്നിൽ പാറയിടുക്കിലേക്കു വീണ്, അവൻ മരിച്ചു നാലു വർഷമായിരിക്കുന്നു.
ഞാൻ. .. ഞാനല്ലായിരുന്നു... പകരം ഏതോ ഒരു വിറളി വെളുത്ത രൂപം.
പിന്നെ കുറച്ച സമയം ഒന്നും ഓർമ്മയില്ല...
ഓർമ്മ വരുമ്പോൾ എല്ലാവരും ചുറ്റും നിന്ന് എന്തൊക്കെയോ ദുആ ചെയ്യുന്നു.തലയിലൂതുന്നു...
ഹബീബീ എന്താണ് പറ്റിയത്?
നിറുകയിൽ വല്യമ്മയുടെ സ്നേഹത്തലോടൽ
ഞാൻ തലയുയർത്തി ..
മേശമേൽ അപ്പോഴും ബർഷോമി ഫ്രൂട്ടും ബുഹാറ പഴങ്ങളും ഫ്രഷായി വൃത്തിയായി ഇരിക്കുന്നുണ്ടായിരുന്നു.
അതിലേക്ക് നോക്കിയതും എന്റെ ബോധം വീണ്ടും നഷ്ടപ്പെട്ടിരുന്നൂ.
ലിൻസി അരുൺ.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo