Slider

സുക്കർ ബക്കറിന്റെ ഇണ്ടാസുകൾ

0


ഇറ്റ്സ് രമണി ഇണ്ടിണ്ടാങ്കുഴീസ് ബർത്ത്ഡേ റ്റുഡേ. ഹെൽപ്പ് ഹെർ സെലിബ്രേറ്റ്! ഇങ്ങനെയൊരു ഇണ്ടാസ് രമേശന്റെ FB നോട്ടിഫിക്കേഷനിൽ അച്ചടിച്ചുവന്നത് വായിച്ചനേരം അറിയാതെ രമേശനൊന്ന് മുകളിലേക്ക് ചാടിപ്പോയി, സന്തോഷം കൊണ്ട്.
ആദ്യമായിട്ടാണിങ്ങനെ ഒരു പെണ്ണ്.. സഹായമൊക്കെ അഭ്യർത്ഥിച്ച് ... രമേശന്റെ കണ്ണ് നിറഞ്ഞു തൂവി. രമണീ താങ്ക് യൂ ... എന്നെ ഓർമ്മിച്ചതിന് .. നിന്നോടൊപ്പം ഈ രമേശനുണ്ട്. എന്തിനും ഏതിനും ...
താനൊരു പുരുഷനായിരിക്കുന്നു പെണ്ണുങ്ങൾ സഹായവും ചോദിച്ചു വരാൻ തുടങ്ങിയിരിക്കുന്നു. തനിക്ക് പ്രായപൂർത്തി കൈവന്നിരിക്കുന്നു, ഈ മുപ്പത്തി ഏഴാം വയസിൽ.! ഇനി ചത്താലും വേണ്ടില്ല .
രമേശൻ ചിന്തിച്ചു:എത്രകാശ് പൊട്ടിയാലും വേണ്ടില്ല രമണിയുടെ ബർത്ത് ഡേ കെങ്കേമമാക്കണം.ഇത്രേം ഫ്രണ്ട്‌സ് ഉണ്ടായിട്ട് എന്നെ മാത്രം രമണി സഹായിക്കാൻ വിളിച്ചു. അവളുടെ കവിതകളിൽ ലൈക്കമർത്തുകയും കമന്റ് ചേർത്ത് വയ്ക്കുകയും ചെയ്യുന്ന പതിനായിരക്കണക്കിന് ആരാധകരെ അവൾ ക്ഷണിച്ചില്ല. രമണി അറിയാതെ 'ഉ' എന്നൊരു അക്ഷരം ടൈപ്പായി FB യിൽ പോസ്റ്റ് ചെയ്യപ്പെടുകയുണ്ടായി. 5000 പേരാണ് അത് ഷെയർ ചെയ്തത്. ദൈവത്തിന്റെ 'ഉ' എന്ന പേരിലത് FB ചരിത്രത്തിലിടം നേടുകയുണ്ടായി. അത്രക്ക് ആരാധകരാണ് രമണിക്ക്. ഞാനിതുവരെ ഒരു ലൈക്കു പോലും കൊടുത്തിട്ടില്ല, എന്നിട്ടും രമണി... രമണീ നീഒരു ദേവതയാണ്.
പെട്ടെന്ന് തന്നെര മണിക്ക് മെസേജ് അയക്കാം. അല്ലെങ്കിൽ വേറെ ഏതെങ്കിലുമൊരു കോന്തൻ പിറന്നാൾ ആഘോഷം ഏറ്റെടുത്ത് നടത്തും. അത് അനുവദിക്കാൻ പാടില്ല. അവൾക്ക് ഒരു സർപ്രൈസ് ഗിഫ്റ്റും കൊടുക്കണം.
ഉടനെ തന്നെ രമേശൻ രമണിക്ക് ഒരു മെസേജ് ടൈപ്പി: പ്രിയമുള്ള രമണീ, നിന്നെ സഹായിക്കാൻ ഞാനിതാ റെഡി! ഉടനെ തന്നെ ഞാൻ നിന്റെ വീട്ടിലെത്താം. നീ ഒന്നും ചെയ്യണ്ട, എല്ലാം ഞാൻ വന്നിട്ട് ചെയ്യാം. നമ്മളൊത്ത് പിടിച്ചാൽ എല്ലാം വളരെ പെട്ടെന്ന് തീർക്കാം. നീ കാശിനെ കുറിച്ചോർത്ത് വേവലാതിപ്പെടണ്ട, ധാരാളം പണം എന്റെ കൈവശമുണ്ട്.കണ്ടുമുട്ടുന്ന സമയത്ത് നിന്നെ ഞെട്ടിപ്പിക്കുന്ന ഒരു സാധനം നിന്റെ കൈയിൽ ഞാൻ തരും. അതെന്താണെന്ന് നീ ചോദിക്കരുത്, കാണുമ്പോൾ നീ മനസിലാക്കിയാൽ മതി. അത് സർപ്രൈസ് ആയിരിക്കട്ടെ. കുളിച്ച് റെഡിയായി ഇരിക്കൂ ഞാൻ എത്തിയ ഉടനെ ആഘോഷം തുടങ്ങാം..
ഈ സന്ദേശവും അയച്ച് ധൃതിയിൽ രമേശൻ കുളിക്കാൻ കയറി.
തിരിച്ചിറങ്ങിയപ്പോൾ മുറിയിൽ പോലീസ്.
SI പറഞ്ഞു: ബാ ബാ ബാ പോകാം..
സ്റ്റേഷനിൽ വച്ച് രമേശൻ തനിക്ക് വന്ന നോട്ടിഫിക്കേഷൻ SIക്ക് കാട്ടികൊടുത്ത് രമണിയാണ് കുറ്റക്കാരിയെന്ന് സ്ഥാപിക്കാൻ ശ്രമിച്ചു.അതു വരെ രമേശനെ അടിക്കാതെ ക്ഷമിച്ചു നിന്ന പോലീസ് അപ്പോൾ മുതലാണത്രേഅടിയും ഇടിയും തുടങ്ങിയത്!!!
വാൽക്കഷണം:വേറൊരു കാര്യം കൂടെ പറയാം, ഈ സുക്കർ ബക്കർ സുന്ദരികളായ പെമ്പിള്ളാരുടെ ഫോട്ടോകൾ you may Know എന്നും പറഞ്ഞ് നമ്മുടെ മുന്നിൽ കൊണ്ടിട്ടിട്ട് ' നല്ലതാണ്...ഒന്ന് ശ്രമിച്ച് നോക്ക് കുട്ടാ... ' എന്ന് നിശബ്ദമായി മൊഴിയും .അതു കേട്ട് ഉത്തേജിതരാകുന്ന നമ്മൾ റിക്വസ്റ്റ് വിടും. റിക്വസ്റ്റ് സ്വീകരിച്ചാൽ ഇവൻ തന്നെ പീഢിപ്പിച്ച് കളയും എന്ന ചിന്തയിൽ ഭയചകിതരാകുന്ന പതിവ്രതകൾ നിർദ്ദാഷിണ്യം ആ അപേക്ഷ തിരസ്കരിക്കും. അപ്പോൾ പെണ്ണുങ്ങളുടെ പക്ഷം ചേരുന്ന പെൺ കോന്തനായ സുക്കർ ബക്കർ നമ്മടെ റിക്വസ്റ്റ് അയക്കുന്ന മെഷീൻ ബ്ലോക്ക് ചെയ്യും.പ്രലോഭിപ്പിച്ചതും നീയേ പണി തന്നതും നീയേ സുക്കറേ ...
ഒരുത്തൻ ഒരു പെണ്ണിന് റിക്വസ്റ്റ് അയച്ചു. വളരെ നാൾ നീണ്ട ചിന്തകൾക്കും പഠനങ്ങൾക്കും ശേഷം അവളത് സ്വീകരിച്ചു. അപ്പോൾ മെസഞ്ചറിൽ സുക്കർ വന്ന് പറയുന്നു അവൾക്കൊരു ഹായ് കൊടുക്കാൻ .സുക്കല്ലേ പറയുന്നത് അനുസരിച്ചില്ലെങ്കിൽ വിരോധം തോന്നിയാലോ? ഉടനെ അവൻ അവളോട് ഹായ് പറഞ്ഞു. 5 സെക്കന്റ് കഴിഞ്ഞതും അവളെ കാണാനില്ല. ബ്ലോക്ക് ഡ്!!
എന്തുവാടേ ഇതൊക്കെ ...😃
ഗുണപാഠം: സുക്കർബക്കർ പല ഉഡായിപ്പ് നോട്ടിഫിക്കേഷനുകളുമായി വരും, അത് കണ്ട് ആരും ഇളകിത്തുള്ളരുത്...!
😊ശിവൻ മണ്ണയം
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo