
'നിങ്ങളെ ഇനിയും ഇവിടെ ജോലി ചെയ്യാന്‍ അനുവദിച്ചാല്‍ അതീ സ്ഥാപനത്തിന്റെ റെപ്യൂട്ടേഷനെ സാരമായി ബാധിക്കും അതു കൊണ്ട്. പ്രകാശിന്റെ സേവനം ഇനിയിവിടെ വേണ്ട.. യൂ കേന്‍ ഗോ നൗ..'
എം.ഡിയുടെ വാക്കുകള്‍ ഒരു മരവിപ്പോടെയാണ് പ്രകാശ് കേട്ടു നിന്നത്. എം.ഡിയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.. ലോകത്തിന്റെ മുഴുവന്‍ കണ്ണിലും താനിപ്പോള്‍ തെറ്റുകാരനാണ്.
ഒരു മാസം മുമ്പ് വരെയുള്ള തന്റെ ജീവിതം എത്ര സുന്ദരമായിരുന്നു. എറണാകുളം ടൗണിലെ പ്രമുഖ കമ്പനിയിലെ ജോലി, സുന്ദരിയായ ഭാര്യ, നല്ല സൗഹൃദങ്ങള്‍ അങ്ങനെ ഒരുപാട് സന്തോഷവും കുറച്ച് ദുഖവുമായ് കാലം കഴിക്കുന്നതിനിടയിലാണ് ആ നശിച്ച ദിവസം തന്റെ എല്ലാ സന്തോഷങ്ങളും കവര്‍ന്നെടുത്തത്.
പതിവ് പോലെ അന്നും സുഗന്ധി(ഭാര്യ) കാലത്ത് എഴുന്നേറ്റ് ഉണ്ടാക്കിയ ഭക്ഷണപ്പൊതിയും കമ്പനി ഫയലുകളുമായ് ഓഫീസിലേക്ക് ഡ്രൈവ് ചെയ്തു കൊണ്ടിരിക്കുമ്പോള്‍ എന്തിനായിരുന്നു കാര്‍ ബ്രേക്ക് ഡൗണ്‍ ആയത്. എല്ലാം വിധിയുടെ കളിയായിരുന്നു. അടുത്തുള്ള വര്‍ക്ക്‌ഷോപ്പില്‍ കാറിന്റെ കാര്യം പറഞ്ഞേല്‍പ്പിച്ച് അടുത്ത ബസ്സിന് ചാടിക്കേറി ബസ്സിന്റെ കമ്പിയില്‍ ഒരു കൈയ്യും മറ്റേകൈയ്യില്‍ ബാഗും തൂക്കിപ്പിടിച്ച് ഒരു വിധം ബാലന്‍സ് ചെയ്ത് നില്‍ക്കുമ്പോയാണ് ഡ്രൈവര്‍ സഡന്‍ ബ്രേക്കിട്ടത്. എല്ലാ ബാലന്‍സും തെറ്റി മുമ്പില്‍ നിന്നിരുന്ന പെങ്കൊച്ചിന്റെ ശരീരത്തിലേക്ക് അറിയാതെ ചാഞ്ഞുപോയി. പിന്നീടവിടെ ഒരു പന്തം കൊളുത്തി പട തന്നെയായിരുന്നു നടന്നത്. ചോദ്യവും പറച്ചിലുമൊന്നുമില്ലാതെ പ്രകാശിന്റെ കവിളില്‍ അവളാഞ്ഞടിച്ചു. എന്നിട് പതിവ് ക്ലീഷേ ഡയലോഗും
' തനിക്കൊന്നും അമ്മേം പെങ്ങളുമില്ലേടോ, മുട്ടി ഉരുമ്മാന്‍ തോന്നുന്നുണ്ടെങ്കില്‍ പോയിട്ടവരെ തോണ്ടെടോ... രാവിലെ മുതല്‍ ഓരോരുത്തര്‍ ഇറങ്ങിക്കോളും പെണ്ണുങ്ങളുടെ കൈമിനക്കെടുത്താന്‍'
അങ്ങനെ ശ്വാസം വിടാതെ 10,15 ഡയലോഗ്‌സ് അവള്‍ ഒറ്റ ശ്വാസത്തില്‍ പ്രകാശിന് നേരെ എഴ്തു വിട്ടു. എന്താണ് സംഭവിച്ചതെന്ന് പ്രകാശിന് മനസ്സിലാകും മുമ്പേ അവളുടെ അടിയും ഡയലോഗും കഴിഞ്ഞിരുന്നു. അടിയുടെ തരിപ്പില്‍ നിക്കുമ്പോഴേക്ക് ബസ്സിലെ കണ്ടക്ടറും യാത്രക്കാരുമൊക്കെ അവര്‍ക്കു ചുറ്റും കൂടി. സംഭവിച്ചതെന്താണെന്ന് അന്വേഷിക്കാന്‍ കൂടി നില്‍ക്കാതെ അവരെല്ലാവരും കൂടെ പെണ്‍കുട്ടിയുടെ ഭാഗം കൂടി സംഘം ചേര്‍ന്ന് പ്രകാശിനെ അക്രമിക്കാന്‍ തുടങ്ങി.
' നമ്മളെ പോലുള്ള മാന്യന്മാരുടെ വില കളയാന്‍ ഓരോരുത്തര്‍ ഇസ്തിരിയിട്ട ഷര്‍ട്ടും പാന്റുമിട്ട് രാവിലെ തന്നെ ഇറങ്ങിക്കോളും ശവങ്ങള്‍'
ഇങ്ങനെ വായില്‍ തോന്നുന്ന ഡയലോഗുകളും തെറിവിളികളും അടിയുടെ കൂടെ അവര്‍ മിക്‌സ് ചെയ്യുന്നുണ്ടായിരുന്നു. ഒരു വിധം ഓടുന്ന ബസ്സിലെ ആ ആ ആള്‍ക്കൂട്ട ഭ്രാന്തില്‍ നിന്ന് ചാടിയിറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു അന്ന് പ്രകാശ്. കീറിപ്പറിഞ്ഞ വസ്ത്രവും രക്തം കിനിയുന്ന ശരീരവുമായ് അടുത്തുള്ള ഹോസ്പ്പിറ്റലില്‍ ചെന്ന് ട്രീറ്റ്‌മെന്റ് എടുത്ത് വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ സമയം 3 മണി. വീട്ടിനകത്ത് ആളനക്കമൊന്നുമില്ല.
' ഒരു പക്ഷെ, സുഗന്ധി ഷോപ്പിംങിന് പോയതാവും, എന്തായാലും താനീ കോലത്തില്‍ വരുന്നത് അവള്‍ കാണാതിരുന്നത് നന്നായി'
അയ്യാള്‍ മനസ്സിലോര്‍ത്തു. സ്‌പെയര്‍ കീ എടുത്ത് വാതില്‍ തുറന്നപ്പോള്‍ അയ്യാളെ എതിരേറ്റത് മേശപ്പുറത്ത് സുഗന്ധിയുടെ കുറിപ്പാണ്.
' ഇത്രയും കാലം ഇങ്ങനെ ഒരു വൃത്തിക്കെട്ടവന്റെ കൂടെയാണ് ജീവിച്ചത് എന്നതില്‍ അപമാനം തോന്നുന്നു. ഞാന്‍ പോകുന്നു.. നമ്മള്‍ തമ്മിലുള്ള എല്ലാ ബന്ധവും ഇവിടെ അവസാനിക്കുന്നു.'
നെഞ്ചിടിപ്പോടെയാണയ്യാളാ കുറിപ്പ് വായിച്ചത്.
' സുഗന്ധിയെങ്ങനെ രാവിലെ നടന്ന ഈ സംഭവമറിഞ്ഞു. ഒരു പക്ഷെ ദൃക്‌സാക്ഷികളാരെങ്കിലും പറഞ്ഞു കൊടുത്തതാവാം'
അപ്പോഴേക്ക് വീട്ടിലെ ഫോണ്‍ നിര്‍ത്താതെ അടിക്കാന്‍ തുടങ്ങി. ആരാവും സംഭവം അറിഞ്ഞിട്ട് വിളിക്കുന്നതാകുമോ.. ഭയപ്പാടോടെ അയ്യാളാ കാള്‍ അറ്റന്റ് ചെയ്തു.
'ഹലോ, പ്രകാശല്ലേ.. അനീഷാടാ.. നിന്റെ ഫോണിനെന്ത് പറ്റി എത്ര നേരായ് വിളിക്കുന്നു. കിട്ടുന്നില്ലല്ലോ'
ഫോണിന്റെ കാര്യം യഥാര്‍ത്ഥത്തില്‍ അപ്പോഴാണ് പ്രകാശ് ഓര്‍ക്കുന്നത്. അത് ആ ബഹളത്തിനിടയില്‍ എപ്പൊഴോ നഷ്ടപ്പെട്ടിരിക്കുന്നു എന്ന് അയ്യാള്‍ തിരിച്ചറിഞ്ഞു.
' ഫോണ്‍ എവിടെയോ മിസ് ആയി പോയി നീയെന്താ വിളിച്ചെ? പിന്നെ ഇന്നത്തെ ദിവസത്തെ ലീവ് നീയൊന്ന് എംഡിയോട് പറയണം. എനിക്ക് തീരെ വയ്യ.'
' അതിപ്പോള്‍ ഇനി പ്രകാശ് ഇങ്ങോട്ട് വരണംന്നില്ലാനാണ് എംഡി പറയുന്നത്. എന്നാലും പ്രകാശേ നിന്നെക്കുറിച്ച് ഞങ്ങള്‍ ഇങ്ങനെയൊന്നുമല്ല കരുതിയിരുന്നത്. വളരേ മോശമായി പോയി'
'എന്തൊക്കെയാടാ അനീഷേ നീയീ പറയുന്നേ.. എനിക്കൊന്നും മനസ്സിലാകുന്നില്ല'
'ഓ പിന്നെ... ചുമ്മാ അഭിനയിക്കാതെ, താനാ ടീവിയൊന്ന് ഓണ്‍ ചെയ്യ് എല്ലാം മനസ്സിലാവും.'
ഫോണ്‍ കട്ട് ചെയ്ത് ടീവിയുടെ റിമോട്ട് കൈയ്യിലെടുക്കുമ്പോള്‍ ചങ്ക് പിടയുന്നുണ്ടായിരുന്നു. ടീവീ സ്‌ക്രീനിലെ ദൃശ്യങ്ങള്‍ കുറച്ച് നിമിശ നേരത്തേക്ക് അയ്യാളുടെ നെഞ്ചിടിപ്പ് നിലക്കുന്ന തരത്തിലുള്ളതായിരുന്നു. രാവിലെ നടന്ന സംഭവം ആരോ മുബൈലില്‍ റെക്കോര്‍ഡ് ചെയ്ത് യൂടൂബില്‍ അപ്ലോഡ് ചെയ്തിരിക്കുന്നു... മണിക്കൂറുകള്‍ക്കുള്ളില്‍ അത് വൈറലായി.. ചാനലുകാര്‍ അതേറ്റെടുത്തു. ഇപ്പോള്‍ മലയാളികള്‍ മുഴുവന്‍ അത് കണ്ട് കഴിഞ്ഞിരിക്കുന്നു.
അയ്യാള്‍ക്ക് പറയാനുള്ളത് എന്താണെന്ന് പോലും കേള്‍ക്കാന്‍ തയ്യാറാകാതെ എല്ലാ ചാനലുകളിലും കാമപിശാചിനെ ധൈര്യത്തോടെ നേരിട്ട ജാന്‍സി റാണിയെന്ന് പറഞ്ഞ് ആ പെണ്‍കുട്ടിയെ വാഴ്ത്തുന്നു. ചുരുക്കിപ്പറഞ്ഞാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ അവള്‍ ഫെയ്മസ് ആയി...
തുടര്‍ന്നങ്ങോട്ടുള്ള ദിവസങ്ങള്‍ പ്രകാശിന് നരകതുല്ല്യമായിരുന്നു... കുടുംബവും സൗഹൃദവും ജോലിയും എല്ലാം നഷ്ടമായി. പുച്ഛഭാവ നോട്ടവും കളിയാക്കലുകളും സഹിക്ക വയ്യാതെ അയ്യാള്‍ വീടിനകത്ത് ഒതുങ്ങിക്കൂടി. വനിതാ കമ്മീഷന്‍ സ്വമേധയാ അയ്യാള്‍ക്കെതിരെ കേസെടുത്തു. അതിന്റെ ആവശ്യത്തിന് വേണ്ടി മാത്രം അയ്യാള്‍ പുറത്തിറങ്ങി. പെട്ടെന്നൊരു ദിവസം അയ്യാളെ കാണാതായ്... എവിടേക്ക പോയെന്നോ എങ്ങോട്ട് പോയെന്നോ ആര്‍ക്കും അറിയില്ല. ഒരു പക്ഷെ ഏതെങ്കിലും റെയില്‍വെ ട്രാക്കില്‍ അജ്ഞാത ജഡശരീരമായിട്ടുണ്ടാകാം... അതുമല്ലെങ്കില്‍ അപമാനം സഹിക്ക വയ്യാതെ എവിടേക്കെങ്കിലും നാടു വിട്ടു പോയതാകാം... പക്ഷെ അയ്യാളുടെ ശൂന്യത നമ്മളില്‍ നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തേണ്ടതുണ്ട്... സമൂഹത്തിന്റെ മുന്‍വിധികളും മുന്‍ഗണനയും എല്ലാം ചോദ്യചിഹ്നമാകേണ്ടതുണ്ട്
( Inspiration: എവിടെയൊക്കെയോ കണ്ട് മറന്ന വാര്‍ത്തകളും പേരറിയാത്ത ഒരു ഷോര്‍ട്ട് ഫിലീമും..)
( Inspiration: എവിടെയൊക്കെയോ കണ്ട് മറന്ന വാര്‍ത്തകളും പേരറിയാത്ത ഒരു ഷോര്‍ട്ട് ഫിലീമും..)
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക