Slider

കവിത.

0

രാവിലെ ബലാൽസംഗം, പീഡനകഥകളും
വായനാസുഖം നൽകി പത്ര൦ ഞാന്‍ പരതവേ..
ഫോണടിയ്ക്കുന്നു മുറിയ്ക്കുള്ളിലായ്‌ നിരന്തരം,
ഫോണെടുക്കുന്നു ഭാര്യ,മോടിയായ്‌ചിരിയ്ക്കുന്നു..
അടക്കിപ്പിടിച്ചുള്ള കൊഞ്ചലും സംസാരവും
ഇടയ്ക്കൊന്നെന്നെ നോക്കി വളിച്ച ചിരികളും.!
ഞാനൊന്നു സന്ദേഹിച്ചു, ദൈവമേയീ നേരത്ത്
ഞാനുണ്ടെന്നറിഞ്ഞിട്ടും ആരാവും മറുപുറം?
വല്ല ജാരനുമങ്ങേ തലയ്ക്കൽ നിന്നെങ്ങാനും
സൊള്ളുവാനിറങ്ങിയോ,ചൊറിയാൻതുടങ്ങിയോ?
കണ്ണുകൾ തിമിരമായ്‌, മുടിയും നരച്ചുപോയ്‌
പെണ്ണിവൾമടുത്തെന്നെതള്ളുമോദൂരത്തെങ്ങാൻ?
ബലമില്ലൽപ്പം പോലും വിഫലം ശ്രമിയ്ക്കിലും
ബലവാനാണെന്നുള്ള നാട്യവും പൊളിയുമോ?
ഇങ്ങു ഞാനിരിയ്ക്കവേ വരുന്നുണ്ടതാ ഭാര്യ..
വിങ്ങലില്‍വിയര്‍ത്തുഞാന്‍വില്ലുപോല്‍വളയുന്നു..
പുഞ്ചിരിച്ചടുത്തെന്‍റെ നെഞ്ചിലേയ്ക്കണഞ്ഞവൾ കൊഞ്ചലോടുരയുന്നൂ "ഇച്ചായൻ ക്ഷീണിച്ചല്ലോ"
(ഞാനുറപ്പിച്ചു;അതേ,ക്ഷീണിതൻഎന്നേക്കൊന്നു-
നാടുവിട്ടവളിന്നൂ പോകുമാരാന്റേം കൂടെ)
"നല്ലൊരു ഹാപ്പീന്യൂസുണ്ടിച്ചായാ കേൾക്കൂ, ഇന്ന് കൊല്ലത്തൂന്നപ്പച്ചനും അമ്മച്ചീം വരുന്നത്രേ
നാലഞ്ചു ദിവസങ്ങൾ നമ്മളോടൊപ്പം കൂടാൻ നാളുകളായിട്ടവർക്കാശയുമുണ്ടെന്നത്രേ.."
ഞെട്ടി ഞാൻവീണ്ടുംവീണ്ടും
ഞെട്ടറ്റുതകർന്നുപോയ്‌..
കൊട്ടിയങ്ങടച്ചുപോയ്‌ ചെവികൾ രണ്ടും താനേ..
(ഇതിലും ഭേദംപെണ്ണേനീയെന്നെകൊന്നിട്ടെങ്ങാൻ
ഇവിടം തീയിട്ടിട്ടു പോകുന്നതത്യുത്തമം
തിന്നങ്ങു മുടിപ്പിയ്ക്കും തിണ്ണയിൽ നിരങ്ങിടും
വന്നപാടലച്ചീടും, ശല്യമീ വേതാളങ്ങൾ.!)
"ഇങ്ങനെയിരുന്നാലോ?" പള്ളയ്ക്കു തോണ്ടീ ഭാര്യ
"അങ്ങു മാർക്കറ്റിൽ പോയീ വല്ലതും വാങ്ങൂച്ചായാ.
ചിക്കനമ്മച്ചിയ്ക്കിഷ്ടം, അപ്പനു നെയ്മീൻ വേണം
ചക്കിലാട്ടിയ വെളിച്ചെണ്ണയിൽ പൊരിയ്ക്കണം.!
വൈകിട്ടു ചപ്പാത്തിയ്ക്കു മുട്ടറോസ്റ്റാവാം, പക്ഷെ
വൈകിയെങ്ങാനും പോയാൽ അപ്പനു ദേഷ്യം വരും..
വരുന്ന വഴിയ്ക്കപ്പു വൈദ്യനോടൊരു കുപ്പി
മരുന്നും വാങ്ങീടണം, അമ്മയ്ക്കു ഗ്യാസുണ്ടത്രേ.!
കൊച്ചൗസേപ്പപ്പൻ നിന്റെ അമ്മച്ചി കൊച്ചന്നയും
കൊച്ചിരാജാക്കന്മാരോ? ക്രുദ്ധനായ്‌ പോയീ ഞാനും
(കപ്പയും കാന്താരിയും കാച്ചിലും കഴിച്ചവർ
ഉപ്പിട്ട കഞ്ഞിയ്ക്കൊപ്പം മുളകും ഭുജിപ്പവർ)
"അല്ലേലും നിങ്ങൾക്കെന്‍റെ അപ്പനേമമ്മച്ചിയേം..."
ചൊല്ലുവാന്‍ തുടങ്ങുന്നു പല്ലവിയായീ ഭാര്യ......!
ഇനിയാൾ കണ്ണും മൂക്കും തുടച്ചും പിഴിഞ്ഞുംകൊ-
ണ്ടിടയ്ക്കു പിറുപിറുത്തെന്റെ സ്വസ്ഥത കൊല്ലും!
വിധിയെ പഴിയ്ക്കുന്നൂ പോകുന്നൂ ചന്തയ്ക്കു ഞാൻ
നിധിപോൽസൂക്ഷിയ്ക്കുന്നമോതിരംപണയമായ്‌.!

Hari Menon.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo