റോങ്ങ് നമ്പർ
*************
*************
കല്യാണം കഴിഞ്ഞു ഭരതേട്ടന്റെ വീട്ടിലെത്തിയ കാലം.
ഇവിടെയാണെങ്കിൽ കമ്പനിക്ക് ആരും ഇല്ല. നേരം പോവാൻ ഒരു മാർഗവുമില്ല. വീട്ടിലാണെങ്കിൽ അപ്പുറത്തെ പിള്ളേരുടെ അടുത്തൊക്കെ ഒന്ന് പോയി വന്നാ ഉഷാറായി.. ഇവിടെ ആരുമായും അങ്ങനെ പരിചയമില്ല..
ഇവിടെ അമ്മയാണെങ്കിൽ തമിഴ് മൊഴിമാറ്റ സീരിയലുകൾക്ക് അടിമപ്പെട്ടു ജീവിക്കുന്നു.. എനിക്കാണെങ്കിൽ അത് കണ്ണെടുത്താ കണ്ടൂടാ... ചുണ്ട് തമിഴിലും ശബ്ദം മലയാളത്തിലും... എനിക്കാണെങ്കിൽ അതൊന്നും വലിയ താല്പര്യം ഇല്ല..
ഇവിടെ അപ്പുറത്തെ വീട്ടില് രണ്ട് വികൃതിപിള്ളേരുണ്ട്.. അവര് എപ്പഴും ഫോണിൽ കളിയാണ്... ലാൻഡ് ഫോണാണ് കേട്ടോ... അവരുടെ പ്രധാനഹോബി എന്താണെന്നു വെച്ചാ വീട്ടിലെല്ലാരും ഉച്ചക്ക് ഉറങ്ങുന്ന ടൈമിൽ വലിയ ഡയറക്ടറി തപ്പി ഓരോ നമ്പറിലേക്ക് വെറുതെ വിളിക്കും. എന്നിട്ട് ആ ആളുടെ വീട് തന്നെയല്ലേ എന്ന് ഉറപ്പു വരുത്തും.. ഡിപ്പാർട്മെന്റിന് എന്തെങ്കിലും പാളിച്ചപ റ്റിയിട്ടുണ്ടോ എന്ന് പരിശോധിക്കാനാണ്... പാവങ്ങൾ... ദിവസവും വീട്ടിലെല്ലാവരും ഉച്ചമയക്കത്തിലായാൽ പിള്ളേര് ഡയറക്ടറി എടുത്തു വർക്ക് തുടങ്ങും... രണ്ടു മണിമുതൽ നാലു മണി വരെ ഇത് തുടരും..
കുഞ്ഞു പ്രായമല്ലേ... പല പല സംശയങ്ങളാണവർക്ക്.. ഈ ലോകത്ത് ഇത്രേം ഗോപാലകൃഷ്ണന്മാർ ഉണ്ടാവോ ?
നോക്കാം..
അന്നുതന്നെ ബുക്കിലുള്ള ഇരുനൂറ്റമ്പത് ഗോപാലകൃഷ്ണന്മാരുടേം വീട്ടിൽ വിളിച്ചു... സത്യം ഇവരൊക്കെ ഉള്ളതുതന്നെ... എന്ന് തീർപ്പാക്കി... വീട്ടിലുള്ളവർ ഇതൊന്നും അറിഞ്ഞില്ലെങ്കിലും ടെലികോം ഡിപ്പാർട്മെന്റ് എല്ലാം നിരീക്ഷിക്കുന്നുണ്ടായിരുന്നു..
അങ്ങനെ രണ്ടു മാസം കഴിഞ്ഞ് ഒരു ഉച്ചസമയത്ത് ടെലിഫോൺ ഡിപ്പാർട്മെന്റിന്റെ സ്നേഹോപഹാരം പോസ്റ്റ്മാന്റെ സൈക്കിളിൽ കേറി ആ വീട്ടിലേക്ക് വന്നു.
ബില്ല് കണ്ടവർ കണ്ടവർ ഞെട്ടി.. ഏകദേശം ആയിരത്തിനടുത്ത്... (പതിനാല് കൊല്ലം മുൻപാണ് )അവരാണെങ്കിൽ ഫ്രീകാൾ പോലും തികച്ചു വിളിക്കാറില്ല..
ഡിപ്പാർട്മെന്റിൽ പരാതിപ്പെട്ടപ്പോ ഇത്രേം വിളിച്ചിട്ടുണ്ടെന്ന് അവര് കട്ടായം പറഞ്ഞു..
വിശദമായ ചോദ്യം ചെയ്യലിനൊടുവിൽ.... പ്രതികൾ കുറ്റം ഏറ്റു...
ഇനി ഫോണിൽ തൊട്ടു പോവരുതെന്ന അന്ത്യശാസനയിൽ അവരൊന്നു പകച്ചോ ?
ഏതായാലും ഒരാഴ്ചത്തേക്ക് ഫോണിനും ഡയറക്ടറിക്കും വിശ്രമകാലമായിരുന്നു.. പ്രതികൾ കനത്ത നിരീക്ഷണത്തിലും...
കുറച്ചുദിവസം അങ്ങനെ കഴിഞ്ഞു... അവർക്ക് പേടിയൊക്കെ മാറി കുറേശ്ശേ ഫോണിൽ തൊടാനും പിടിക്കാനും ഒക്കെ തുടങ്ങി..
ആയിടയ്ക്കാണ് ആരോ പറഞ്ഞ് അവരറിഞ്ഞത് ഫോണിൽ 161 ഡയൽ ചെയ്തു റിസീവർ വെച്ചാൽ ഫോൺ ബെല്ലടിക്കും എന്ന്...
പിന്നെ അവിടെ കേട്ടത് ഇടയ്ക്കിടെയുള്ള ഫോണടികൾ ആണ്. വീട്ടിലുള്ളവർക്ക് ഒരു പണിയെടുക്കാനും സ്വൈരമില്ല.. എപ്പോഴും ഫോൺ വരുന്നു...
എടുത്താൽ ആരും മിണ്ടുകേമില്ല...
"ഇതെന്തു മറിമായം" ?
എല്ലാരും അന്തം വിട്ടു..
പ്രതികൾ ഒന്നുമറിയാത്ത ഭാവത്തിൽ ഉള്ളിൽ ഊറിചിരിച്ചു...
ഒരുദിവസം അവരുടെ അമ്മൂമ്മ പ്രതികളെ കൈയോടെ പിടിച്ചു... ശക്തമായ താക്കീത് കൊടുത്തു നിലക്ക് നിർത്തി...
ഒരുദിവസം..
ഞാൻ രാവിലെ പണിയൊക്കെ കഴിഞ്ഞ്, കുളിയും കഴിഞ്ഞ് തുണികൾ അയയിൽ വിരിക്കുകയായിരുന്നു... അവരുടെ വീട്ടിൽ ഫോൺ ബെല്ലടിക്കുന്നു...
മീൻ നന്നാക്കിക്കൊണ്ടിരുന്ന അമ്മൂമ്മ കൈകഴുകി ചെന്ന് ഫോണെടുത്തു..
അപ്പുറത്ത് ഒരനക്കവും ഇല്ല...
തിരിച്ചുവന്ന് അടുത്ത മീനെടുത്ത് വൃത്തിയാക്കുംനേരം വീണ്ടും ബെൽ... ആവർത്തനം...
വീണ്ടും പോകുന്നു.. ആരും ഇല്ലെന്നു മനസ്സിലാക്കുന്നു.. തിരികെ വരുന്നു
അടുത്ത തവണ പിള്ളേരുടെ പണിയാണെന്ന് മനസ്സിലാക്കി അമ്മൂമ്മ ഉഗ്രശാസനം നൽകി തിരിച്ചു പോന്നു...
ഇതെല്ലാം കണ്ടു കഴിഞ്ഞ എന്റെ ഉള്ളിലൊരു കുസൃതി തോന്നി...
അകത്തുകയറിയ ഞാൻ ഒരു കള്ളച്ചിരിയോടെ.. ഞങ്ങടെ ലാൻഡ് ഫോണെടുത്തു, അവരുടെ ലാൻഡ്ഫോൺ നമ്പർ ഡയൽ ചെയ്തു...
റിസീവർ മാറ്റിവെച്ചു...
അതിന്റെ റിസൾട്ട് അറിയാനായി ഉമ്മറത്തോട്ട് വന്നപ്പോൾ....
മഞ്ഞ കുഞ്ഞുടുപ്പിട്ട ഒന്നാം പ്രതി വലിയവായിൽ
"ഞാനല്ലാ..."
എന്ന് നിലവിളിച്ചും കൊണ്ട് ഓടുന്നു... പുറകെ മീൻ മുറിക്കുന്ന കത്തിയുമായി അമ്മൂമ്മയും...
രണ്ടാം റൗണ്ടിൽ പ്രതി യെ പിടികൂടി.... ഞാനല്ല.." അത് റോങ്ങ് നമ്പറാവും "...എന്ന് തറപ്പിച്ചു പറയുന്നു
ഇവിടെ ഒരു കള്ളച്ചിരിയോടെ ഞാൻ ഉള്ളിൽ പറഞ്ഞു... "റോങ്ങ് നമ്പറല്ല മോളെ അതീ പുതുമണവാട്ടിയുടെ ഒരു കുഞ്ഞു നമ്പറായിരുന്നു " എന്ന്...... ഹല്ല പിന്നെ !!!!!
Binibharathan.

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക