Slider

പനിനീര്‍ച്ചെടിയുടെ വേദന

0
Image may contain: 1 person

അയാള്‍ നല്കിയ വിസിറ്റിംഗ് കാര്‍ഡിലെ കറുത്ത അക്ഷരത്തിലേക്കവള്‍ വീണ്ടും വീണ്ടും നോക്കി
‘’റോഷന്‍ ജോസഫ്‌ ഡയറെക്ടര്‍ ഓഫ് മേഴ്സി ഹോം’’
അവള്‍ക്ക് വിശ്വസിക്കാനായില്ല, ഒരിക്കല്‍ മരണത്തോട് മല്ലടിച്ചുകിടന്ന അതേ റോഷന്‍ ജോസഫ്.... അതിനു നിമിത്തമായത് ആ പനിനീര്‍ച്ചെടിയും.. ഓര്‍മ്മകള്‍ നിറഞ്ഞുനിന്ന ആ പഴയ നടുമുറ്റവും അതിലെ വിശാലമായ പൂന്തോട്ടവും അവളുടെ മനസ്സില്‍ നിറഞ്ഞുനിന്നു, പലയിനം പൂക്കളും പൂച്ചെടികളും കൊണ്ടു സമൃദ്ധമായിരുന്നു ആ പൂന്തോട്ടം.....എങ്കിലും താനിഷ്ടപ്പെട്ടിരുന്നത് കൂമ്പിയ ഇലകളുമായി തന്നെ കാത്തിരിക്കുന്ന ആ പനിനീര്‍ച്ചെടിയെയായിരുന്നു...
തന്‍റെ ജന്മദിനത്തിനു അച്ഛന്‍ സമ്മാനിച്ചതായിരുന്നു ആ പുതിയയിനം റോസാച്ചെടി. അന്നുമുതല്‍ അവള്‍ തനിക്കു കൂട്ടുകാരിയായി.... . എന്നും കടും ചെമപ്പു നിറത്തിലുള്ള റോസാപ്പൂവ് മുടിയില്‍ ചൂടി കോളേജിലെത്തിയിരുന്ന തന്നെ രണ്ടു കണ്ണുകള്‍ ശ്രദ്ധിച്ചിരുന്നു... റോഷന്‍ ജോസഫ്....
‘’പനീനീര്‍പുഷ്പം’’ അതായിരുന്നു അവന്‍ തനിക്ക് നല്‍കിയ അപരനാമം എന്നും ക്ലാസ്സുകഴിഞ്ഞു വീട്ടിലെത്തിയാല്‍ കോളേജുവിശേഷങ്ങളുമായി താന്‍ നേരെ പോയിരുന്നത് ആ പനിനീര്‍ ചെടിയുടെ അടുക്കലേക്കായിരുന്നു കൂട്ടത്തില്‍ അവനെപ്പറ്റിയും... അവളോടു പറയുമായിരുന്നു....
ഒരിക്കല്‍ കോളേജുകഴിഞ്ഞശേഷം അവനോടൊപ്പം വീട്ടിലേക്കുള്ള ബസ്സ്‌ കാത്തുനില്ക്കുകയായിരുന്ന അപ്പോള്‍ തന്‍റെ മുടിയിലെ വാടിക്കൊഴിയാറായ റോസാപ്പൂവിലേക്ക് അവന്‍റെ മിഴികള്‍ പാഞ്ഞു എന്നിട്ട് സ്നേഹപൂര്‍വ്വം തന്‍റെ ചെവിയില്‍ മന്ത്രിച്ചു
‘’നിനക്കറിയുമോ നീ പൂവിറുക്കുമ്പോള്‍ എന്തുമാത്രം ആ റോസാച്ചെടിക്കു വേദനിക്കുന്നുണ്ടെന്ന്...’’
ഒന്നും മനസ്സിലാകാതെ ഞാന്‍ അവന്‍റെ മുഖത്തേക്കുനോക്കി, മനുഷ്യരെപ്പോലെ ചെടികള്‍ക്കും വേദനിക്കുമെന്നുള്ളതു പുതിയ അറിവായിരുന്നു...!!
അന്നും പതിവുപോലെ താന്‍ കോളേജിലെത്തി. എന്നാല്‍ അവന്‍ മാത്രം ക്ലാസ്സിലെത്തിയില്ല. തന്‍റെ കണ്ണുകള്‍ അവനെ തിരഞ്ഞുകൊണ്ടിരുന്നു അവന്‍റെ ‘’പനിനീര്‍പുഷ്പം’’ എന്ന വിളിക്കായ് കാതോര്‍ത്തിരുന്നു... തനിക്കേറ്റവും ഇഷ്ടപ്പെട്ട ബോട്ടണി ക്ലാസായിരുന്നിട്ടും ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല തന്‍റെ പ്രിയപ്പെട്ട പനിനീര്‍ പൂവിന്‍റെ ആരാധകനുവേണ്ടി മനസ്സ് വല്ലാതെ തുടിച്ചു!!
അപ്പോഴാണു അറ്റന്‍റര്‍ ചെറിയൊരു കുറിപ്പുമായി ക്ലാസിലെത്തിയത്, കുറിപ്പു വായിച്ച പ്രൊഫസറുടെ മുഖത്തു മിന്നിമറഞ്ഞ ഭാവങ്ങള്‍ വിഷാദത്തിന്‍റെതായിരുന്നു പിന്നെ വാക്കിനെക്കാള്‍ മൂര്‍ച്ചയേറിയ മൌനം
ആ മൌനത്തെ കീറിമുറിച്ചുകൊണ്ടു പ്രൊഫസര്‍ തങ്ങള്‍ സ്റ്റുഡന്‍സിനോടായി പറഞ്ഞു...
‘’ഇന്നുരാവിലെ നമ്മുടെ ക്ലാസിലെ റോഷന്‍ ജോസെഫിന്‍റെ ബൈക്ക്‌ കാറുമായി കൂട്ടിയിടിച്ചു.............’’
‘’’ധാരാളം രക്തം വാര്‍ന്നുപോയിരിക്കുന്നു’’
‘’നിങ്ങള്‍ക്കാര്‍ക്കെങ്കിലും ഒ നെഗറ്റീവ് ബ്ലഡ് ഗ്രൂപ്പുണ്ടെങ്കില്‍.......?’’
റോഷന്‍ ജോസെഫിനു ആക്സിഡണ്ട് ഒരു ഞെട്ടലോടെയാണ്‌ ഞാനത് കേട്ടതു ഒപ്പം അപൂര്‍വങ്ങളില്‍ അപൂര്‍വ്വമായ ഒ നെഗറ്റീവ് രക്തമൊഴുകുന്ന തന്‍റെ കൈത്തണ്ടയിലെ നീല ഞരമ്പുകളിലേക്കും.. എന്നാല്‍ ഞരമ്പിലേക്കു കുത്തിയിറക്കുന്ന ആ നീണ്ട സൂചിമുനയുടെ തിളക്കവും അതിലൂടെ ഇറ്റിറ്റു വീഴുന്ന രക്തത്തുള്ളികളും താനെന്നും ഭയപ്പെട്ടിരുന്നു...കുട്ടിക്കാലങ്ങളില്‍ വിട്ടുമാറാത്ത പനി നിമിത്തം ഹോസ്പിറ്റലില്‍ ദിവസങ്ങളോളം കിടക്കേണ്ടി വന്നതും അന്ന് തന്‍റെ ശരീരത്തിലേക്ക്‌ ആഴ്ന്നിറങ്ങിയ സിറിഞ്ചും നീഡിലും, പല രാത്രികളിലും ദുസ്വപ്നങ്ങള്‍ കണ്ടു ഞെട്ടിയുണര്‍ന്നിരുന്നു.....
‘’എത്രെയും പെട്ടന്നു ഒ നെഗറ്റീവ് ബ്ലഡ് ഗ്രൂപ്പ് കിട്ടിയില്ലെങ്കില്‍ റോഷന്‍ ജോസഫിന്‍റെ ജീവന്‍......?’’
അവള്‍ വീട്ടിലെത്തിയപാടെ ബെഡ്ഡിലേക്ക് കമിഴ്ന്നുവീണു
അന്നു രാത്രി അവള്‍ക്കുറങ്ങാന്‍ കഴിഞ്ഞില്ല മരണത്തിന്‍റെ മടിത്തട്ടിലേക്ക് നടന്നുനീങ്ങുന്ന തന്‍റെ കൂട്ടുകാരനെ സ്വപ്നം കണ്ട് ഞെട്ടിയുണര്‍ന്നു, ഒപ്പം ഭയത്തിന്‍റെ കരിനാഗമായി ഫണംവിടര്‍ത്തി നില്ക്കൂന്ന സിറിഞ്ചും, നീഡിലും, രക്തത്തുള്ളികളും....
പിറ്റേദിവസവും പതിവുപോലെ പാതിവിടര്‍ന്ന പൂവുമായി ആ പനിനീര്‍ച്ചെടി അവളെ കാത്തിരുന്നു, അവളതിനെ സൂക്ഷിച്ചുനോക്കി..അപ്പോഴാണ്‌ ആ കാഴ്ച കണ്ടത്... വന്യമായ മൂളലോടെ എവിടുന്നോ പാഞ്ഞടുത്ത കുറെ വണ്ടുകള്‍ പൂവിന്‍റെ ഇതളുകളീലേക്ക് ആഴ്ന്നിറങ്ങിയശേഷം ആര്‍ത്തിയോടെ തേന്‍കുടിക്കുന്നു
‘’നിനക്കറിയുമോ പൂവിറുക്കുമ്പോള്‍ നിന്‍റെ കൂട്ടുകാരിക്കു എന്തുമാത്രം വേദനിക്കുമെന്നു...?’’
അവന്‍റെ വാക്കുകള്‍ മനസ്സില്‍ മുഴങ്ങി.
അങ്ങനെയെങ്കില്‍ ആ വണ്ടുകളുടെ സൂചിമുനകള്‍പ്പോലെയുള്ള കൊമ്പുകള്‍ ഇതളുകളിലേക്കു ആഴ്ന്നിറങ്ങിയപ്പോള്‍ ആ പനിനീര്‍ച്ചെടിക്ക് എന്തുമാത്രം വേദനിച്ചിരിക്കും
എന്നിട്ടും എല്ലാം മറന്നവള്‍ അവയെ തേനൂട്ടുന്നു..
അന്നവള്‍ പൂവിറുത്തില്ല, കോളേജിലും പോയില്ല പകരം അവള്‍ പോയത് റോഷന്‍ കിടക്കുന്ന ഹോസ്പിറ്റലിലേക്കായിരുന്നു....
. തന്‍റെ ഞരമ്പുകളിലേക്കു ആഴ്ന്നിറങ്ങിയ സൂചിമുനയോ അതിലൂടെ ഇറ്റിറ്റു വീഴുന്ന രക്തത്തുള്ളികളെയോ അന്നവള്‍ ഭയപ്പെട്ടില്ല, മനസ്സു മുഴുവന്‍ സ്വയം വേദനമറന്നുകൊണ്ടു വണ്ടുകള്‍ക്കായ് ആഹാരമൂട്ടുന്ന ആ റോസാച്ചെടിയായിരുന്നു......
ഐവി പോളില്‍ തൂങ്ങിയാടുന്ന ബോട്ടിലില്‍ നിന്നും തന്‍റെ കൂട്ടുകാരന്‍റെ സിരകളിലേക്കു ഇറ്റിറ്റുവീഴുന്ന രക്തത്തുള്ളികളിലേക്കും പാതിയടഞ്ഞ അവന്‍റെ കണ്ണുകളിലേക്കും നോക്കവേ എന്തെന്നില്ലാത്ത ആത്മനിവൃതി....
അച്ഛന്‍റെ പെട്ടെന്നുള്ള സ്ഥലമാറ്റം....
പോകാന്‍ നേരം റോഷന്‍ ജോസഫിനോട്‌ യാത്ര പറയുവാന്‍ കഴിഞ്ഞിരുന്നില്ല കാരണം ഇനിയും അവന്‍ സാധാരണ ജീവിതത്തിലേക്ക് നടന്നടുത്തിട്ടില്ലായിരുന്നു.... തന്‍റെ പ്രിയപ്പെട്ട പനിനീര്‍ച്ചെടിയോടു യാത്രപറഞ്ഞപ്പോള്‍ ഹൃദയത്തിലെവിടെയോ കാരമുള്ളു തറഞ്ഞു കയറിയ അനുഭവം...
പുതിയ പട്ടണത്തിലെ തിരെക്കേറിയ ജീവിതത്തോടൊപ്പം മുറിഞ്ഞുപോയ കോളേജുവിദ്യാഭ്യാസത്തിന്‍റെ നൂലിഴകള്‍ കൂട്ടിക്കെട്ടുന്ന തിരക്കില്‍ റോഷനും ആ പനിനീച്ചെടിയും വിസ്മൃതിയിലാണ്ടു... അതോടൊപ്പം താന്‍ പട്ടണത്തില്‍ പുതിയതായി രൂപം കൊണ്ട ബ്ലഡ് ബാങ്കിലെ നിത്യസന്ദര്‍ശകയുമായി....
തന്‍റെ ധമനികളില്‍ നിന്നും രക്തബാങ്കിലേക്കൊഴുകുന്ന അപുര്‍വ്വ രക്തഗ്രൂപ്പ് മരണത്തോട് മല്ലടിക്കുന്ന പല ജീവിതങ്ങള്‍ക്കും മൃതസഞ്ജീവനിയായി.
വര്‍ഷങ്ങള്‍ കുറേ കഴിഞ്ഞിരിക്കുന്നു, താനിന്നു ഉത്തരവാദിത്വമുള്ളൊരു വീട്ടമ്മയും, ഉദ്യോഗസ്ഥയുമാണ് ഓഫിസിലെ തിരക്കേറിയ ജോലി കഴിഞ്ഞു പലപ്പോഴും വീട്ടില്‍ വൈകിയെത്തുന്ന തനിക്കും ഭര്‍ത്താവിനുമിടയില്‍ കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടാന്‍ തുടങ്ങിയിരുന്നു ഇടക്കുള്ള ചാറ്റല്‍മഴയും. ആകെയൊരു വിരസത. എല്ലാത്തിനുമൊരു പരിഹാരമെന്നോണം നിശ്ചയിച്ചതായിരുന്നു ആ ഉല്ലാസയാത്ര....
മക്കളായിരുന്നു ഊട്ടി നിര്‍ദ്ദേശിച്ചത്‌ ഊട്ടിയിലെ തങ്ങളുടെ അവസാനത്തെ സായാഹ്നം. പെയ്തൊഴിഞ്ഞ മാനം പോലെ തെളിഞ്ഞ മനസ്സോടെ ഭര്‍ത്താവിനോടും മക്കളോടുമൊത്തുള്ള ബോട്ടിങ്ങിനുശേഷം താമസസ്ഥലത്തേക്കു പോകാന്‍ തുടങ്ങുകയായിരുന്നു, അപ്പോഴായിരുന്നു മണല്‍പ്പരപ്പില്‍ കൂട്ടം കൂടിനില്‍ക്കുന്ന കുറെ കുട്ടികളെയും അവരുടെ മദ്ധ്യത്തില്‍ നിന്നുകൊണ്ടു എന്തൊക്കെക്കെയോ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന അവനെയും കണ്ടത്....
അവള്‍ക്ക് സ്വന്തം കണ്ണുകളെ വിശ്വസിക്കാനായില്ല!! തന്‍റെ പനിനീര്‍പ്പൂവിന്‍റെ ആരാധകന്‍!!
അവനും തന്‍റെ പ്രിയപ്പെട്ട കൂട്ടുകാരിയെ തിരിച്ചറിഞ്ഞു. അവന്‍റെ കണ്ണുകളിലേക്കവള്‍ സൂക്ഷിച്ചുനോക്കി അവിടെ ആ പഴയ കുസൃതിയില്ല പകരം ഒരാത്മനിവൃതിയുടെ തിളക്കം....
‘’.ആ വിസിറ്റിംഗ് കാര്‍ഡിലേക്കവള്‍ വീണ്ടും വീണ്ടും ഉറ്റുനോക്കി’....
തോളിലെ നനുത്ത കരസ്പര്‍ശനം അവള്‍ പുറകോട്ടു തിരിഞ്ഞുനോക്കി ഭര്‍ത്താവാണ്,
‘’എന്തൊരു നില്‍പ്പാടോയിത്’’’
അവള്‍ ക്ലോക്കിലേക്ക് നോക്കി സമയം രാത്രി പന്ത്രണ്ട്!!
‘’ഒരാഴ്ച എത്ര പെട്ടന്നാ പോയതല്ലേ’’
‘’നമ്മള്‍ക്കിടയില്‍ ഇപ്പോള്‍ പിണക്കങ്ങളില്ല’
ഇണക്കങ്ങള്‍ മാത്രമേയുള്ളൂ അല്ലെടോ’
അവള്‍ ഭര്‍ത്താവിനെ നോക്കി പുഞ്ചിരിച്ചു.
‘’നാളെ അതിരാവിലെ യാത്ര തിരിക്കണം’
എങ്കിലേ സന്ധ്യക്കു മുന്നേ നാട്ടിലെത്തുകയുള്ളു’’
പിറ്റേ ദിവസം പുലര്‍ച്ചെ തന്നെ അവര്‍ യാത്ര തിരിച്ചു, അവര്‍ നേരെ പോയതു ആ അനാഥാലയത്തിലേക്കായിരുന്നു അവളുടെ കണ്ണുകള്‍ വിടര്‍ന്നു പല പ്രായത്തിലും വലിപ്പത്തിലുമുള്ള ധാരാളം അനാഥക്കുട്ടികള്‍... അവര്‍ക്കു നാഥനായി അവനും....മനസ്സില്‍ എന്തെന്നില്ലാത്ത ആനന്ദം!! യാത്രപറഞ്ഞിറഞ്ഞിറങ്ങുമ്പോള്‍ മനസ്സുനിറയേ തന്‍റെ സിരകളില്‍നിന്നും അവന്‍റെ ധമനികളിലേക്കൊഴുകിയ രക്തത്തുള്ളികളും അതിനു നിമിത്തമായ ആ പനിനീര്‍ച്ചെടിയുമായിരുന്നു....

by: Sibi Nedumchira
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo