
ഒരു സർട്ടിഫിക്കറ്റിന്റെ ആവശ്യവുമായാണ് പഞ്ചായത്തിൽ പോയത്. നമ്മുടെ സർക്കാർ ഓഫീസുകളിലെ ജീവനക്കാരുടെ ശുഷ്കാന്തി കാരണം പത്തുമിനിറ്റ് കൊണ്ട് നടക്കേണ്ട ആവിശ്യം ഭാഗ്യത്തിന് നാല് മണിക്കൂർ കൊണ്ട് നിറവേറ്റി തന്നു. തിരിച്ചു വരുന്ന വഴിക്ക് വിശപ്പിന്റെ വിളി കാരണം പേരുകേട്ട ഒരു ഹോട്ടലിൽ ഉച്ചഭക്ഷണം കഴിക്കുന്നതിനായി കയറി. കുറേ നാളുകളായുള്ള ആഗ്രഹമാണ് അവിടെ ഒന്ന് കയറണമെന്നുള്ളത്. നല്ല ഭക്ഷണമാണ് അവിടെത്തെ പ്രത്യേകത. ടേസ്റ്റ് കൂട്ടുന്നതിനായി ഒരു കൃത്രിമ പദാർത്ഥങ്ങളും ചേർക്കുന്നില്ല എന്ന് അവർ അവിടെ വലിയ അക്ഷരത്തിൽ എഴുതി വെച്ചിട്ടുണ്ട്. ഭക്ഷണത്തിനാണെങ്കിലോ ഉഗ്രൻ ടേസ്റ്റും. ഇതൊന്നും ചേർക്കാതെ നമ്മൾ വീട്ടിൽ ഉണ്ടാക്കിയാലും എന്താ ഇത്ര ടേസ്റ്റ് കിട്ടാത്തതെന്ന് ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട്. ഇനി അവർ ഇതൊക്കെ ചേർക്കുന്നുണ്ടാവുമോ ? ആർക്കറിയാം.. ചേർക്കുന്നില്ല എന്ന് വിശ്വസിച്ചു കഴിക്കുക. അത്ര തന്നെ...
ഒരിക്കൽ എന്റെ ഒരു കൂട്ടുകാരൻ അവന്റെ കുടുംബവുമായി ഈ ഹോട്ടലിൽ ഉച്ച ഭക്ഷണം കഴിക്കുന്നതിനായി കയറി. അവർ പന്ത്രണ്ടു മണി കഴിഞ്ഞ ഉടനെ ആണ് കയറിയത്. ഭക്ഷണത്തിന് ഓർഡർ ചെയ്തിട്ടും താമസിക്കുന്ന കാരണം അവൻ അവിടത്തെ ജോലിക്കാരനോട് തിരക്കിയപ്പോഴാണ് രസകരമായ മറ്റൊരു കാര്യം അറിയാൻ കഴിഞ്ഞത്. ആ ഹോട്ടലിന്റെ മുതലാളി ഉച്ചയ്ക്ക് വീട്ടിൽ നിന്നും വന്ന് ആദ്യത്തെ ഊണ് കാക്കയ്ക്ക് കൊടുത്തതിന് ശേഷം മാത്രമേ ബാക്കി ഉള്ളവർക്ക് വിളമ്പി തുടങ്ങൂ. എത്ര നല്ല ആചാരങ്ങൾ ല്ലേ.... എന്തായാലും ഭക്ഷണത്തിന്റെ മഹിമയും ഈ രസകരമായ ഏർപ്പാടും ഇഷ്ടപ്പെട്ടതിനാലാണ് വേറെ ഹോട്ടലുകൾ ഉണ്ടായിരുന്നിട്ടും വിശപ്പ് അതി ക്രൂരമായി ആക്രമിച്ചിട്ടും കാർ അവിടെ തന്നെ കൊണ്ട് നിർത്തിയത്.
എന്തായാലും കാക്കയെ ഊട്ടുന്നത് ഒക്കെ നേരത്തെ കഴിഞ്ഞതിനാൽ നമുക്ക് ഓർഡർ ചെയ്ത ഉടനെ ഭക്ഷണം കിട്ടി. ഭക്ഷണം കഴിക്കുന്നതിനിടയിലാണ് ഹോട്ടലിന്റെ ഗ്ലാസ് ഡോറിലൂടെ ഒരു കാഴ്ച്ച കണ്ണിൽ പെട്ടത്. ഒരു നാടോടിസ്ത്രീയും രണ്ട് കുട്ടികളും ആ ഹോട്ടലിന്റെ മുന്നിലുള്ള വലിയ മരത്തിന് മുന്നിൽ ഇരിക്കുന്നു. ഒരു മൂന്ന് വയസ്സ് പ്രായം തോന്നിക്കുന്ന ഒരു കുട്ടിയും ഒരു വയസ്സ് പ്രായം തോന്നിക്കുന്ന മറ്റൊരു കുട്ടിയും. മൂന്ന് വയസുള്ള കുട്ടി ഹോട്ടലിന്റെ ഉള്ളിലേക്ക് ചൂണ്ടി എന്തൊക്കെയോ പറയുന്നുണ്ട്. സെക്യൂരിറ്റി ജീവനക്കാരൻ അവരെ വഴക്ക് പറയുന്നുണ്ട്. ആ സ്ത്രീ ആണെങ്കിൽ അതൊന്നും ശ്രദ്ധിക്കാതെ ഇളയ കുട്ടിയ്ക്ക് മുലപ്പാൽ കൊടുക്കുകയാണ്. ഹോട്ടലിന്റെ മുന്നിൽ നിന്ന് മാറി പോകാൻ ആയിരിക്കണം അയ്യാൾ പറഞ്ഞിട്ടുണ്ടാവുക. അവർ മാനസികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന സ്ത്രീയായിരുന്നു.
അപ്പോഴാണ് ഒരു മാന്യൻ ഹോട്ടലിൽ നിന്നും എന്തൊക്കെയോ പാർസൽ വാങ്ങി പുറത്തേക്ക് ഇറങ്ങിയത്. മൂത്തകുട്ടി ഓടി പോയി അയ്യാളുടെ പാന്റ്സിൽ പിടിച്ചു വലിച്ചു എന്തോ ചോദിച്ചു. അയ്യാൾ ആ കുട്ടിയെ കുടഞ്ഞ് മാറ്റി പാന്റ്സ് തട്ടി തൂത്ത് കൊണ്ട് സെക്യൂരിറ്റി ജീവനക്കാരനോട് ദേഷ്യപ്പെട്ട് എന്തൊക്കെയോ പറഞ്ഞു കൊണ്ട് തന്റെ ലക്ഷങ്ങൾ വിലയുള്ള കാറിൽ കയറി പോയി. സെക്യൂരിറ്റി ജീവനക്കാരൻ ദേഷ്യപ്പെട്ട് എന്തൊക്കെയോ പറഞ്ഞു കൊണ്ട് തന്റെ കൈയ്യിൽ ഉള്ള വടി കൊണ്ട് ആ കുട്ടിയുടെ കാലിൽ അടിച്ച് അവനെ അവന്റെ അമ്മയുടെ പുറത്തുകൂടെ തള്ളി ഇട്ടു. ആ സ്ത്രീ ആണെങ്കിൽ അവൻ വീഴുന്നത് പോലും ശ്രദ്ധിക്കാതെ അപ്പോഴും എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് ആ കുഞ്ഞുകുട്ടിയ്ക്ക് പാൽ കൊടുക്കുകയാണ്. സെക്യൂരിറ്റി ജീവനക്കാരൻ ദേഷ്യപ്പെട്ടു എന്തൊക്കെയോ പറയുന്നുണ്ടെങ്കിലും അയ്യാളുടെ കണ്ണുകൾ കുട്ടിയെ തള്ളി മാറ്റിയപ്പോൾ സ്ഥാനം മാറി തെളിഞ്ഞു കാണുന്ന അവളുടെ നഗ്നതയിൽ ആയിരുന്നു.
ഞാൻ ഭക്ഷണം കഴിക്കുന്നത് മതിയാക്കി അങ്ങോട്ട് ചെല്ലുമ്പോളും അദ്ദേഹത്തിന്റെ കണ്ണുകൾ അവിടെ തന്നെ ആയിരുന്നു.
"ചേട്ടൻ ആസ്വദിച്ചു തീർന്നെങ്കിൽ ഒന്ന് മാറി തരണേ "
എന്ന് പറഞ്ഞു കൊണ്ട് ഞാൻ അയ്യാളുടെ മുന്നിൽ ചെന്ന് നിന്നു. എന്നെ കണ്ടതും കണ്ണുകൾ പിൻവലിച്ചു കൊണ്ട് വളരെ ഭവ്യതയോടെ
എന്ന് പറഞ്ഞു കൊണ്ട് ഞാൻ അയ്യാളുടെ മുന്നിൽ ചെന്ന് നിന്നു. എന്നെ കണ്ടതും കണ്ണുകൾ പിൻവലിച്ചു കൊണ്ട് വളരെ ഭവ്യതയോടെ
"എന്താണ് മാഡം...." എന്ന് ചോദിച്ചു.
"ഒന്നുമില്ല...സാർ ഒന്ന് മാറി തന്നാൽ മതി.. "
എന്ന് കുറച്ചു ദേഷ്യത്തിൽ തന്നെ ഞാൻ മറുപടി പറഞ്ഞു.
അയ്യാൾ മാറിയപ്പോൾ അവരുടെ സ്ഥാനം മാറിയ സാരി തുമ്പ് നേരെ ഇട്ട്കൊടുത്തു. മൂത്തകുട്ടിയെ പിടിച്ചെഴുന്നേൽപ്പിച്ചു. അവനാണെങ്കിൽ നിർത്താതെ കരയുകയാണ്. അവനോട് എന്താണെന്ന് ചോദിച്ചപ്പോൾ അവൻ ഏതോ ഭാഷയിൽ എന്തൊക്കെയോ പറഞ്ഞു. എനിക്ക് ഒന്നും മനസിലായില്ല. ഹിന്ദി അല്ല വേറെ എന്തോ ഭാഷയാണ് അവൻ പറഞ്ഞത്. വിശപ്പിന് ഭാഷ ഇല്ലാത്തത് കാരണം അവൻ വയറ്റിൽ കൈ വെച്ചു പറഞ്ഞത് കണ്ടപ്പോഴേ എനിക്ക് കാര്യം മനസ്സിലായി. അവരോട് അവിടെ നിന്ന് എഴുനേൽക്കാൻ ആംഗ്യം കാണിച്ചു അവരെ എഴുന്നേൽപ്പിച്ചു അവന്റെ കൈ പിടിച്ചു ഞാൻ ഹോട്ടലിന് ഉള്ളിലേക്ക് നടന്നു.
ഹോട്ടലിന്റെ വാതിൽ തുറക്കാതെ മിഴിച്ചു നിൽക്കുന്ന ജീവനക്കാരനെ വക വെയ്ക്കാതെ ഡോർ തള്ളി തുറന്ന് ഞാൻ അകത്തോട്ട് കയറി. ഭക്ഷണം കഴിക്കാൻ വന്നവരും ജോലിക്കാരും ഏതോ അന്യഗ്രഹജീവിയെ കണ്ടത് പോലെ എന്നെയും അവരെയും മാറി മാറി നോക്കുവായിരുന്നു. ആരെയും ശ്രദ്ധിക്കാതെ ഞാൻ അവരുമായി എന്റെ ടേബിളിനടുത്ത് ചെന്നു.
കണ്ണും തുറിച്ചു നിന്ന ജീവനക്കാരിൽ ഒരാളെ വിളിച്ചു രണ്ട് ചിക്കൻ ബിരിയാണിയ്ക്ക് ഓർഡർ കൊടുത്തു. അപ്പോഴാണ് ഒരു കാര്യം ശ്രദ്ധിച്ചത് അടുത്ത ടേബിളിൽ വന്നിരുന്ന ഫാമിലി ഇവരെ കണ്ടത് കൊണ്ട് ടേബിൾ മാറി ഇരിക്കുന്നു.
"ചേച്ചി.... ഇവരെയും നമ്മളെ പടച്ച ദൈവം തന്നെയാണ് പടച്ചത്. ഇവരുടെ വിധി ഇങ്ങനെ ആയത് ഇവരുടെ തെറ്റ് കൊണ്ടല്ലല്ലോ.. ഇവരും മനുഷ്യർ തന്നെയാണ് അടുത്ത് ഇരുന്നത് കൊണ്ട് ഒന്നും സംഭവിക്കാൻ പോകുന്നില്ല."
എന്നും പറഞ്ഞു കൊണ്ട് അവരെയും വിളിച്ചു വാഷ്‌റൂമിൽ പോയി. തിരികെ വന്ന് ഒരു കസേരയിൽ അവനെ ഇരുത്തി. ടേബിൾ മാറാതെ ആ കുടുംബം അവിടെ തന്നെ ഇരിക്കുന്നുണ്ടായിരുന്നു. അത് കണ്ടപ്പോൾ മനസ്സിൽ ഒരു സന്തോഷം തോന്നി. ഒഴിഞ്ഞു കിടന്ന അടുത്ത ടേബിളിൽ നിന്നും ഒരു കസേര വലിച്ചിട്ട് അവരെയും ഇരുത്തി.
അപ്പോഴാണ് കാക്കയ്ക്ക് പോലും ചോറ് ഊട്ടുന്ന ആ സ്ഥാപനത്തിന്റെ ഉടമ അവിടേയ്ക്ക് വന്നത്.
" മാഡം.. "
"യെസ്.... "
"ഞാൻ ഈ ഹോട്ടലിന്റെ ഉടമയാണ്..."
"സന്തോഷം... നിങ്ങളുടെ ഹോട്ടലിന് നല്ല പേരാണ് കെട്ടോ.. നല്ല സർവീസ്.. നല്ല ഫുഡ്... "
" ഓഹ്... താങ്ക് യൂ.. മാഡം.... പക്ഷെ മാഡം ഇവരെ ഇവിടെ ഇങ്ങനെ ഭക്ഷണം കൊടുക്കുന്നതിന് സാധിക്കില്ല.. ഇവരെ പുറത്ത് ഇറക്കണം. മറ്റുള്ള കസ്റ്റമേഴ്സിന് ബുദ്ധിമുട്ടാണ്..."
" അതെന്താ സാർ... അവരും നമ്മളെ പോലെ മനുഷ്യർ അല്ലേ..."
"അതൊക്കെ ശരിയാണ് മാഡം.. പക്ഷെ മറ്റുള്ള കസ്റ്റമേഴ്സിന് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യം ല്ലേ... അത് കുറച്ചു ബുദ്ധിമുട്ടാണ്. "
"അവർക്ക് ബുദ്ധിമുട്ട് ഉണ്ടെന്ന് അവർ പറഞ്ഞോ... എങ്കിൽ നിങ്ങൾ ഇതൊക്കെ പായ്ക്ക് ചെയ്തോളൂ ഞാൻ ഇവരെയും കൊണ്ട് കാറിൽ ഇരുന്ന് കഴിച്ചോളാം.. "
" അതാവും മാഡം നല്ലത്... "
അയ്യാൾ ഇതും പറഞ്ഞു ഒരു ജീവനക്കാരനെ വിളിച്ചു ഇതൊക്കെ പായ്ക്ക് ചെയ്യാൻ പറഞ്ഞു. അയ്യാൾ ഭക്ഷണം എടുക്കുന്ന സമയം അയ്യാളെ തടഞ്ഞു കൊണ്ട് അവിടെ ഇരിക്കുന്നവരോട് ഞാൻ ചോദിച്ചു.
" ഇവർ ഇവിടെ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിൽ നിങ്ങൾക്ക് ആർക്കെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ...?"
ആരും ഒരക്ഷരം മിണ്ടുന്നില്ല എന്ന് കണ്ടത് കൊണ്ട് ഞാൻ വീണ്ടും പറഞ്ഞു.
"ചിലപ്പോൾ നല്ല നിലയിൽ ജീവിച്ചിരുന്നവരാകും ഇവർ. വിധി കാരണം ഇങ്ങനെ ആയവരാകാം. നാളെ എനിക്കോ നിങ്ങൾക്കോ എന്റെ മോനോ നമുക്ക് വേണ്ടപെട്ടവർക്കോ ഈ ഒരു അവസ്ഥ ഉണ്ടായിക്കൂടാ എന്നില്ല. അവരെയാണ് ഈ അവസ്ഥയിൽ കാണുന്നതെങ്കിൽ അറപ്പോടെയും വെറുപ്പോടെയും ആട്ടി പായിക്കുമോ.... ഇവരെ ഏറ്റെടുത്ത് സംരക്ഷിക്കാനൊന്നും നമുക്ക് കഴിയില്ലായിരിക്കാം എന്നാലും അവഗണിക്കാതിരുന്നൂടെ... "
എന്നും പറഞ്ഞു അവരുമായി പുറത്തോട്ട് ഇറങ്ങാൻ തുടങ്ങി.
"നിങ്ങൾ പോകണ്ട... "
ഇത് കേട്ടാണ് ഞാൻ തിരിഞ്ഞു നോക്കുന്നത്.
"വേണ്ട... നിങ്ങൾ ഇവിടെ തന്നെ ഇരുന്നോള്ളൂ... ഞങ്ങൾക്ക് ഒരു വിരോധവും ഇല്ല" എന്ന് എല്ലാ ടേബിളിൽ ഉള്ളവരും ഒരേ സ്വരത്തിൽ പറഞ്ഞു.
ഞാൻ മാനേജരുടെ മുഖത്ത് നോക്കി. അയ്യാൾ ഒന്നും മിണ്ടാതെ തലയും താഴ്ത്തി നിൽക്കുവായിരുന്നു.
"ഇനി എനിക്കും ഇവർക്കും ഇവിടെ ഇരുന്ന് കഴിക്കാമായിരിക്കും അല്ലേ... സർ... "
"ഓഹ്... തീർച്ചയായും... "
അയ്യാൾ പറഞ്ഞു.. സപ്ലയറോട് ഫുഡ് സെറ്റ് ചെയ്യാൻ പറഞ്ഞിട്ട് അയ്യാൾ തിരഞ്ഞു നടന്നു...
ഞാൻ കുറച്ചു ബിരിയാണി എടുത്ത് ആ കുട്ടിയുടെയും ആ സ്ത്രീയുടെയും പാത്രത്തിൽ ഇട്ട് കൊടുത്തു. അവരോട് കഴിക്കാൻ ആംഗ്യം കാണിച്ചു. മാനസികമായി വെല്ലുവിളി അനുഭവിക്കുന്ന സ്ത്രീ ആയിരുന്നിട്ടും അവരുടെ കണ്ണിൽ നിന്നും കണ്ണീർ പൊടിയുന്നത് എനിക്ക് കാണാൻ കഴിഞ്ഞു. ഒരു പിടി ചോറ് കഴിക്കാനും എനിക്ക് കഴിഞ്ഞില്ല.. അവർ കഴിക്കുന്നത് കണ്ടപ്പോഴേ എന്റെ വയറു നിറഞ്ഞു.... അവൻ വേഗം തന്നെ കഴിച്ചു കഴിഞ്ഞു. ഞാൻ രണ്ടാമതും ഇട്ട് കൊടുത്ത ചോറും മുഴുവനും അവൻ കഴിച്ചു. നമ്മളൊക്കെ പാഴാക്കി കളയുന്ന ഭക്ഷണത്തിന്റെ വില അപ്പോഴാണ് എനിക്ക് മനസ്സിലായത്.
എനിക്ക് ഒരു ഫ്രണ്ട് ഉണ്ട്.. അവൾ എവിടെയെങ്കിലും പോയി ഭക്ഷണം കഴിച്ചാലും ജ്യൂസ് കുടിച്ചാലും ഇത്തിരി ബാക്കി വെയ്ക്കും... എന്താന്നല്ലേ... അതാണ് സ്റ്റാറ്റസ് പോലും.. ഇല്ലെങ്കിൽ തിന്നാനും കുടിക്കാനും ഇല്ലാത്തിടത്ത് ഉള്ളതാണെന്ന് വിചാരിക്കും പോലും. അവളെ എങ്ങാനും എന്റെ കൈയ്യിൽ കിട്ടിയാൽ ആ നിമിഷം ഞാൻ അടിച്ചു കൊന്നേനെ...
എല്ലാരും ഭക്ഷണം കഴിച്ചു കഴിഞ്ഞു കുഞ്ഞുകുട്ടിയ്ക്ക് വേണ്ടി ഒരു കേക്കും കുറച്ചു പാൽ ചൂടാക്കി ഒരു കുപ്പിയിലും വാങ്ങി അവരുടെ കൈയ്യിൽ കൊടുത്തു.
ബിൽ അടയ്ക്കാനായി കൗണ്ടറിൽ ചെന്നപ്പോൾ ചിരിച്ചു കൊണ്ട് നിൽക്കുന്നുണ്ട് നമ്മുടെ മാനേജർ..
ബിൽ അടയ്ക്കാനായി കൗണ്ടറിൽ ചെന്നപ്പോൾ ചിരിച്ചു കൊണ്ട് നിൽക്കുന്നുണ്ട് നമ്മുടെ മാനേജർ..
"നിങ്ങൾ ചെയ്തത് നല്ലൊരു കാര്യമാണ്... ദൈവം നിങ്ങളെ അനുഗ്രഹിക്കും... "
"" ഓഹ്... അങ്ങനെ ആകട്ടെ... സന്തോഷം... "
അയ്യാൾ സന്തോഷം നിറഞ്ഞ മുഖത്തോടെ എന്നെ നോക്കി...
"അതേ.. സാർ... ഈ കാക്കയെയും പൂച്ചയേയും ഊട്ടുന്ന നേരം.. ഇങ്ങനെ ഭക്ഷണത്തിന് യാചിക്കുന്നവർക്ക് ഒരു നേരത്തെ ഭക്ഷണം കൊടുക്കണം... അതായിരിക്കും കൂടുതൽ പുണ്യം.. "
അയ്യാൾ ഒന്നും പറയാതെ തലയും താഴ്ത്തി നിന്നു. ഞാൻ ബില്ലും അടച്ച് അവരെയും വിളിച്ച് പുറത്തേയ്ക്കിറങ്ങി.. കാറിനടുത്ത് എത്തിയപ്പോൾ തൊഴുകൈകളോടെ അവർ എന്നോട് യാത്ര പറഞ്ഞു. പഴ്സിൽ നിന്നും കുറച്ചു രൂപയെടുത്ത് അവരുടെ കൈയ്യിൽ ഏല്പ്പിച്ചു ഞാൻ കാർ സ്റ്റാർട്ട് ചെയ്തു. കാർ മുന്നോട്ട് പോകുമ്പോഴും സൈഡ് മിററിലൂടെ അവർ രണ്ട് പേരും കൈ വീശുന്നത് എനിക്ക് കാണാമായിരുന്നു..
ആസിയ അൽഅമീൻ
*************************************
*************************************
ഒരു ഹോട്ടലിൽ നടന്ന സംഭവത്തെ കുറിച്ച് ഒരു ഫ്രണ്ട് പറഞ്ഞപ്പോൾ എഴുതിയതാണ്. ഞാൻ എന്ന കഥാപാത്രം സാങ്കൽപ്പികം മാത്രമാണ്...
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക