Slider

ജീവിതം

0
Image may contain: one or more people, selfie and closeup

മുഖമൊന്നുയർത്തുകെൻ മക്കളേ, നിങ്ങളീ
മുഖപുസ്തകത്തിൽ കൊരുക്കുന്നു ജീവിതം.!
നടുവൊന്നുയർത്തിപ്പിടിക്ക പൈതങ്ങളേ,
നൊടിനേരമെങ്കിലും കാൺകയീ ഭൂമിയെ..
അയലത്തെ വീട്ടിൽ വിശപ്പിന്റെ ദൈന്യമാ
യലയുന്ന കുഞ്ഞിന്റെ രോദനം കേൾക്കുക,
കതിരിട്ട വയലും തലോടിവന്നെത്തുന്ന
കുളിർ കാറ്റിനൊപ്പമൊരൽപ്പം നടക്കുക..
ചെറുകൈത പൂക്കുന്ന മണമൊന്നു നുകരുവാ-
നൊരുമാത്ര നാസികയ്ക്കനുവാദമേകുക,
തൊടിയിലെ ഞാവൽപ്പഴങ്ങളിൽ കല്ലെടു-
ത്തെറിയുവാൻ കയ്യൊന്നുയർത്തിപ്പിടിക്കുക.!
ചിതൽ തിന്നുമെലിയുന്ന പുസ്തകക്കെട്ടുകൾ
ചിതയിലേയ്ക്കെറിയാതെ വായിച്ചുതീർക്കുക
സഹജീവിസ്നേഹമാണിവിടെന്റെ മതമെന്ന്
സഹജരോടൊത്തു നീയാർപ്പും വിളിക്കുക..
കഴിവും കരുത്തും തിളയ്ക്കുന്ന യൗവ്വനം
കഴുവിലേറാതിരിക്കാനും ശ്രമിക്കുക..
ചിറപൊട്ടിയൊഴുകുവാൻ വെമ്പുന്ന തീക്ഷ്ണമാം
നിറമുറ്റ സ്വപ്നങ്ങളെത്തിപ്പിടിയ്ക്കുക,
മുഖമൊന്നുയർത്തി മുന്നേറുക, നിങ്ങളീ
സുഖദു:ഖസമ്മിശ്രലോകത്തെ വേൾക്കുക..
നവഭാരതത്തിന്റെ ശിൽപ്പം ചമയ്ക്കുവാ-
നിവിടം മുതൽക്കുനാമൊന്നിച്ചുചേരുക..!

by: Hari Menon
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo