Slider

ഷെറിങ്ങ് യാങ്ങ്സോം

0
Image may contain: 1 person, standing, sunglasses and outdoor

(ഇന്നലെ ഞാനിവിടെ ഒരു കവിത പോസ്റ്റ് ചെയ്തിരുന്നു. ഒരു ആമുഖത്തോട് കൂടി വീണ്ടും പോസ്റ്റ് ചെയ്യുന്നു. പഴയത് ഡെലീറ്റ് ചെയ്തിട്ടുണ്ട്)
രാജഭരണത്തിൽ നിന്നും ജനാധിപത്യത്തിലേക്ക് അടുത്തിടെ ചുവടു മാറ്റിയ ഒരു കൊച്ച് രാജ്യത്തെ യുവരാജാക്കൻമാർ, രാജ്യത്തെ സ്കൂളുകളിൽ സന്ദർശനം നടത്തുകയും, സുന്ദരിമാരായ പെൺകുട്ടികളെ കുറച്ച് ദിവസത്തേക്ക്‌,കൊട്ടാരത്തിലേക്ക് ക്ഷണിക്കുകയും ചെയ്യുമായിരുന്നുവത്രെ. അത്തരം ഒരു ക്ഷണം, കവിയുമായി പ്രണയിത്തിലായിരുന്ന പെൺകുട്ടി നിരസിക്കുകയും, ആത്മഹത്യയിലേക്ക് നയിക്കപെടുകയും ചെയ്യുന്നതാണ് സന്ദർഭം.
__________________________________
ഷെറിങ്ങ് യാങ്ങ്സോം (കവിത)
ജോബി കൈയ്യൂന്നി.
**************
ഷെറിങ് യാങ്ങ്സോം....
ഒരിക്കലെങ്കിലും,
അന്തപുരത്തിലൊന്നുറങ്ങുന്നത്,
നിന്റെ നാട്ടിലെ സ്ത്രീകൾക്ക്,
അഭിമാനത്തിന്റെ മേലങ്കിയായിരുന്ന കാലത്ത് , രാജ്യാധികാരിയുടെ ക്ഷണക്കുറിപ്പ്,
നിന്നെ തേടിയെത്തിയിട്ടും,
നീ നിരസിച്ചതെന്തിനെന്ന്
ഞാൻ ചോദിച്ചതോർമ്മയില്ലേ?
മനസ്സറിയാൻ ശ്രമിക്കാത്തവന്റെ സ്പർശനം, പുഴുവരിക്കുന്നതിനും താഴെയാണെന്നുരഞ്ഞ്
നീ ചിരിച്ചപ്പോഴാണ്
നിന്റെ ബുദ്ധിശൂന്യതയെ പരിഹസിച്ച ആൾക്കൂട്ടത്തിനിടയിൽ നിന്ന്
ഞാൻ മാറി നിന്നത്.
നീയാണ് ശരി,
കണ്ണിനു കൊള്ളാവുന്ന പെണ്ണിനെ തിരഞ്ഞ്,
തന്റെ രാജ്യത്തെ പാഠശാലകളിലേക്കിറങ്ങുന്ന , കൊട്ടാരത്തിലെ വലിയ ചെകുത്താനൊപ്പം ശയിച്ചഭിമാനിക്കുന്നതിലും നന്ന്,
മരണം തന്നെയാണ്.
ഷെറിങ്ങ് യാങ്ങ്സോം...
ഇന്നലെ രാത്രി വരെ, ഞാൻ
ഒരു കാരാഗൃഹത്തിലായിരുന്നു.
ബൂട്ടു കൊണ്ട് ചവിട്ടിയും,
തെറി വിളിച്ചും,
മുഖത്ത് തുപ്പിയും,
എനിക്ക് ചുറ്റും അവർ വെറുപ്പ് വിതറി .
അരച്ച് കലക്കി പുഴയിലെറിയുമെന്നും
നിലത്തിട്ട് ചവിട്ടിയരക്കുമെന്നും
പറഞ്ഞു രസിച്ചു.
പാവം പടയാളികൾ!
ഭരണകൂടത്തിന്റെ യൂണിഫോമിട്ട
വെറും യന്ത്രമനുഷ്യർ.
എന്റെ കൈകൾക്ക് ചേരുന്നൊരു വിലങ്ങുമായി അവരെത്തുന്നത് വരെ,
നിന്റെ മരണവാർത്ത ഞാനറിഞ്ഞിരുന്നില്ല. സിംഹാസനത്തിനെതിരെ ചലിക്കാത്ത
പേനകൾ മാത്രം കയ്യിലുള്ളവർ
പടച്ചിറക്കുന്ന പത്രങ്ങളിലെവിടെയും
നിന്റെ പേരുണ്ടായിരുന്നില്ല.
ഷെറിങ്ങ് യാങ്ങ്സോം ...
പ്രണയിച്ചു പോയ പെണ്ണിനെ,
കൊട്ടാര മതിലിനുള്ളിൽ
പങ്കു വെയ്ക്കപ്പെടുന്നത് , രാജഭക്തിയെന്തെന്നറിയാത്ത,
ഞങ്ങളിന്ത്യാക്കാർക്ക്, സഹിക്കില്ലത്രെ.
നിന്റെ മരണം
എന്നിലാരോപിക്കാൻ
അത് മതിയായ കാരണം തന്നെ!
കഴിഞ്ഞ രാത്രി,
മുഖത്തൽപ്പം ശാന്തത വിരിഞ്ഞുനിന്നൊരു
കാവൽക്കാരൻ എന്നെ തുറന്നു വിട്ടു.
അതിർത്തി കടന്ന് രക്ഷപ്പെടൂവെന്ന്
അയാളെന്നോട് പതിഞ്ഞ സ്വരത്തിൽ ഉപദേശിച്ചു.
കഞ്ചാവ് ചെടികൾ പൂത്ത് നിന്ന
കാട്ടിലൂടെ, ഓടിത്തളർന്നാണ് ,
ഞാനീ പാറപ്പുറത്തുറങ്ങുന്നത്.
ആത്മഹത്യ എനിക്ക് ഭയമാണ്.
നിന്റെ അരികിലെന്നെ ഒന്നെത്തിച്ച് തരാൻ ഇവിടെങ്ങും ഒരു വിഷപ്പാമ്പ് പോലുമില്ലേ?
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo