Slider

ഇടവരമ്പുകൾ

0
Image may contain: 1 person

തുണ്ടമ്മു ഉണ്ണിപ്പാറന്റെ കുഞ്ഞിപ്പെങ്ങ. പാർളിക്കാട് പഞ്ഞൻ തുണ്ടമ്മുവിനെ കല്യാണം കഴിച്ചു. കൊയ്ത്തും കെട്ടും മരംവെട്ടും ഒഴിഞ്ഞ കാലമില്ല, പാർളിക്കാട്ട്. കഠിനാദ്ധ്വാനിയായ പഞ്ഞൻ അല്ലലറിയിയ്ക്കാതെ കുടുംബം പോറ്റി പരിപാലിച്ചു.
ഓണം വിഷു മകരപ്പത്ത്.... ദൃഷ്ടിതികൾക്കെന്തിനും അളിയനും കുഞ്ഞിപ്പെങ്ങയും വരണം. അളിയൻ ഒപ്പമിരുന്ന് ഉണ്ണണം. അവർ വന്നതിനുശേഷമേ, ഉണ്ണിപ്പാറൻ ഉണ്ണാറുള്ളൂ. പഞ്ഞൻ അച്ഛൻപെങ്ങളെ മകനാണ്.
കുടുംബങ്ങൾ തമ്മിലുള്ള ബന്ധം വരുംതലമുറകളിലും അറ്റുപോകാതിരിയ്ക്കാൻ ആങ്ങള-പെങ്ങൾ മക്കൾ തമ്മിൽ കല്യാണം പതിവാണ്. തുണ്ടമ്മൂന്റെ മൂത്തമകൾ വള്ളിയമ്മു അപ്പുണ്ണിയ്ക്കുള്ളതാണെന്ന് കുഞ്ഞിലേ പറഞ്ഞുറപ്പിച്ചു. മക്കൾ മുതിർന്നു, കല്യാണപ്രായമെത്തി... കല്യാണിയ്ക്ക് പറ്റിയ ബന്ധം ഒത്തുവന്നാൽ, അതിനൊപ്പം കല്യാണമെന്ന് തമ്മിതമ്മിൽ ധാരണയായി.
ഉപ്പിട്ട് വെച്ചതോ ചക്കരയിട്ടു വെച്ചതോ പ്രത്യേകമായി എന്തുതന്നെയുണ്ടെങ്കിലും അപ്പുണ്ണി കൈവശം കാളികുട്ടി പാർളിക്കാട്ട് എത്തിയ്ക്കും. കേച്ചേരിയും വേലൂരും മുണ്ടത്തിക്കോടും ആര്യൻ പാടവും കടന്ന് കുന്ന് കയറിയിറങ്ങിയാൽ പാർളിക്കാട് പാടം.
പത്തുപന്ത്രണ്ടു നാഴിക ദൂരമുണ്ടെങ്കിലും, ആവശ്യങ്ങൾക്കു മുന്നിൽ അതൊരു ദൂരമായില്ല.
കാലത്ത് പുറപ്പെട്ടാൽ, ഉച്ചയ്ക്കുമുൻപെ തിരിച്ചെത്തണം. ഉച്ചതിരിഞ്ഞിട്ടാണെങ്കിൽ, ഇരുട്ടും മുൻപെ. പെണ്ണുറപ്പിച്ചാൽ, ആണും പെണ്ണും മറ്റുവീടുകളിൽ പോയി അന്തിയുറങ്ങില്ല.
പാടം പകുത്തൊരു നെടുവരമ്പ്. ഇക്കരെ നിന്ന് വിളിച്ചാൽ വിളി കേൾക്കില്ല, ചെന്നു കയറുന്നത് പാർളിക്കാട്. മറുകരയെത്തിയാ‍ലും, കുന്ന് കയറണം. കുന്നിൻ ചെരുവിലാണ് അച്ഛൻപെങ്ങളെ വീട്. അപ്പുണ്ണി നെടുവരമ്പിറങ്ങി.
രണ്ടാൾ ഉയരത്തിലുള്ള നെടുവരമ്പ്, നീളമുള്ള ഒരു പാമ്പിനെപോലെ വളഞ്ഞും തിരിഞ്ഞും നിവർന്നും കിടന്നു. ഇടത്തും വലത്തുമുള്ള കരകളിൽനിന്നും ചെറുവരമ്പുകൾ എത്തുന്നുണ്ട്. പാടം പകുതിയെത്തിയില്ല്ല, വലത്തേ കരയിൽ നിന്നൊരു പെണ്ണ് നെടുവരമ്പിലേയ്ക്ക് ഓടിക്കയറി.
അപ്പുണ്ണി വിളിച്ചു പറഞ്ഞു; ‘നിൽക്ക് നിൽക്ക്... ഞാനങ്ങോട്ട് കടന്നിട്ടാവാം....’
പെണ്ണ് നിന്നില്ല, പിറകെ നാലഞ്ച് പെമ്പിള്ളാരും ഓടിവരുന്നുണ്ട്. അവർ തിരികെ വിളിച്ചെങ്കിലും, തോറ്റുകൊടുക്കാൻ തയ്യാറില്ലാത്ത പെണ്ണ് പിന്നെയും മുന്നോട്ട് ഓടിവന്നു...
എല്ലാവരും തലയിൽ തട്ടമിട്ടിരുന്നു. അതുകൊണ്ട്, ഏതോ ഉമ്മപ്പെണ്ണാണെന്ന് മനസ്സിലായി. എന്തുചെയ്യണമെന്നറിയാതെ അപ്പുണ്ണി, മുന്നും പിന്നും നോക്കി. രണ്ടാൾക്ക് നിന്ന് തിരിയാനുള്ള വഴിയില്ല. പിന്നിലേയ്ക്ക് ഒരുപാട് ദൂരമുണ്ട്. തെല്ലൊന്ന് മുൻപോട്ട് പോയിരുന്നെങ്കിൽ, ഇടതുവശത്തെ ചെറുവരമ്പിലേയ്ക്ക് ഇറങ്ങാമായിരുന്നു... അതിനൊന്നിനും ഇടം നൽകാതെ ഓടിവന്ന പെണ്ണ്, ഇരുകൈകൾ കൊണ്ടും ആഞ്ഞൊരു ഒരു തള്ള്...!
ഒട്ടും പ്രതീക്ഷിച്ചതല്ലെങ്കിലും, വലംകാൽ പിറകിലേയ്ക്കു ഊന്നിവെച്ച് അപ്പുണ്ണി വീഴാതെ നിന്നു. കരുത്തിൽ വിരിഞ്ഞ വിയർപ്പൊട്ടിയ നെഞ്ചത്ത്, പെണ്ണിന്റെ കൈപ്പടം തെന്നി. ചുളിഞ്ഞ വേദനയിൽ പെണ്ണ്, മുഖമടച്ച് മുന്നോട്ടാഞ്ഞു...
ഇടത്തെ കൈയിലെ പലഹാരസഞ്ചി അപ്പുണ്ണി പിറകിലേയ്ക്കു മാറ്റി പിടിച്ചിരുന്നു. അപരിചിതയായൊരു പെണ്ണ് ഇപ്രകാരം ചെയ്യുമെന്ന് ഒട്ടും കരുതിയതല്ല. കണ്ണും കാതും തുറന്നിരുന്നതിനാൽ, അവസരത്തിനൊത്ത് പെരുമാറാൻ കഴിഞ്ഞു...
അടി തെറ്റി മുന്നോട്ടാഞ്ഞ പെണ്ണിനെ, ഇടത്തെ കക്ഷം കുത്തി പൊക്കിയതും, വീശിത്തിരിഞ്ഞതും പെട്ടെന്ന് കഴിഞ്ഞു. ഇരുവരും മുഖാമുഖം എതിർദിശയിൽ നിന്നു. കണ്ടുനിന്ന പെങ്കിടാങ്ങൾ, അതിശയപ്പെട്ടു...
അസാധാരണമായതൊന്നും സംഭവിച്ചിട്ടില്ലാത്ത മട്ടിൽ, അപ്പുണ്ണി തിരിഞ്ഞുനടന്നു. അയാൾ വരമ്പ് മുറിഞ്ഞ് കടന്നതും, ഉമ്മക്കുട്ടികൾ ഓടിക്കയറി. അവരെല്ലാം അടുത്തുവന്നിട്ടും, പെണ്ണിന്റെ കിതപ്പടങ്ങിയിരുന്നില്ല...
കൈ വഴുക്കിയതും പടം മടങ്ങിയതും മുന്നിലേയ്ക്കു വീണതും... അതിനുമുൻപെ, കപ്പലക്കൂട്ടിൽ കുത്തിപ്പിടിച്ച് വീശിയതും, മറുഭാഗത്തെത്തിയതും...! പടം ഉളുക്കിയ വേദന മറന്നു... കുത്തിപ്പിടിച്ച വേദന കക്ഷത്തു വിങ്ങി. കണ്ണടച്ചു തുറക്കും മുൻപെ ഉണ്ടായതപ്പാടെ വിശ്വസിയ്ക്കാനാവാതെ പെണ്ണ് തരിച്ച് നിന്നു...
സമപ്രായക്കാരികൾ പെൺകുട്ടികൾ നിർബന്ധിച്ചു;
‘വായോ... നമുക്ക് വീട്ട്യേ പുവ്വാം...’
തരിപ്പിറങ്ങാതെ കിതപ്പടങ്ങാതെ മിഴിച്ചുനോക്കിയ പെണ്ണ്, പിടിച്ചപിടിയിൽ ഉറച്ചുനിന്നു.
‘ഇല്ല... ഓരിങ്ങ് വരാതെ ഞാൻ വരൂല!’
--------------------------------------------------------------
വരികൾ: വേദാരണ്യം, സജി വട്ടം പറമ്പിൽ.
sajivattamparambil@yahoo.com
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo