Slider

സമയരഥങ്ങളിൽ ഞങ്ങൾ

0
Image may contain: 1 person, smiling, sitting, outdoor and nature


സമയരഥങ്ങളിൽ ഞങ്ങൾ
***************************
ഐ.സി.യുവിന്റെ മുന്‍പില്‍ കുറച്ചു സ്റ്റീല്‍ കസേരകള്‍ കിടപ്പുണ്ട്.ഭിത്തിയില്‍ ക്രിസ്തുവിന്റെ ഗദ്സമന്‍ തോട്ടത്തിലെ രക്തം വിയര്‍ക്കുന്ന ചിത്രം.മരുന്നിന്‍റെ മണമുള്ള വായു ഓര്‍മ്മകളുടെ അലമാരയറകളില്‍ കയറുന്നത് പോലെ.സ്റ്റീല്‍ കസേരയുടെ തണുപ്പില്‍ പുറം ചായ്ച്ചു ഞാന്‍ അപ്പനെ കുറിച്ച് ഓര്‍ത്ത്‌ കൊണ്ടിരുന്നു.ഒരു കൊന്ത ചൊല്ലണം എന്ന് ഞാന്‍ വിചാരിച്ചു.വിയര്‍പ്പ് പറ്റിയ കൈകള്‍ കഴച്ചതു കൊണ്ട് അതില്‍ നിന്നു ഞാന്‍ പിന്‍മാറി.അതോ അകത്തു കിടക്കുന്ന അപ്പന്‍ മരിക്കും എന്നുറപ്പ് ഉള്ളത് കൊണ്ടോ?അപ്പന്‍ മരിച്ചാല്‍ ശവം കൊണ്ട് പോകുന്നതും,ഒപ്പീസ് ചൊല്ലുന്നതും ഒക്കെ ഞാന്‍ സങ്കല്‍പ്പിച്ചു.ആ സങ്കല്‍പ്പം എന്നില്‍ സങ്കടം ഉണ്ടാക്കും എന്ന ധാരണ തുടക്കത്തിലേ തെറ്റി. പകരം അപ്പന്‍ മരിച്ചാല്‍ ചെയ്യേണ്ടുന്ന കാര്യങ്ങളെക്കുറിച്ച് ഒരു പ്ലാന്‍ എന്നില്‍ ഉണ്ടായി.ഓര്‍മ്മകളിലെ പഴയ സംസ്ക്കാര ചടങ്ങുകള്‍ മനസ്സില്‍ വന്നു.അപ്പോള്‍ വലിയമ്മ മരിച്ച രാത്രിയില്‍ തലയില്‍ വയ്ക്കാന്‍ ഉള്ള വെളുത്ത പ്ലാസ്റ്റിക്ക് റോസപ്പൂക്കള്‍ കൊണ്ടുണ്ടാക്കിയ മുടിയുമായി വന്ന തങ്കന്‍ ചേട്ടനെ കുറിച്ച് ഞാന്‍ ഓര്‍ത്തു.അയാള്‍ എന്റെ അയല്‍ക്കാരന്‍ ആയിരുന്നു.കട്ടിയുള്ള കറുത്ത താടിയുള്ള ആ മനുഷ്യന്‍,ഒരു തോര്‍ത്ത്‌ മുണ്ട് കൊണ്ട് പൊതിഞ്ഞ ,പഴക്കം ചെന്ന ,പ്ലാസ്റ്റിക്ക് റോസാപ്പൂക്കള്‍ കൊണ്ടുള്ള കിരീടം എന്റെ കയ്യില്‍ തന്നു.അത് തന്നപ്പോള്‍ അയാള്‍ ചിരിച്ചോ ഇല്ലയോ എന്ന് എനിക്ക് സംശയം തോന്നി.അത് ഉറപ്പിക്കാന്‍ ഞാന്‍ വീണ്ടും വീണ്ടും ആ രംഗം ആലോചിച്ചു.അപ്പോള്‍ എന്റെ ഉള്ളില്‍ സങ്കടത്തിന്‍റെ ഒരു നനവ് പനച്ചു വരുന്നത് പോലെ എനിക്ക് തോന്നി.ഞാന്‍ കൈമുട്ട് ആ സ്റ്റീല്‍കസേരയുടെ പിടിയുടെ തണുപ്പിലേക്ക് അമര്‍ത്തിവച്ച് ,എന്റെ നെറ്റി കൈപടത്തില്‍ അമര്‍ത്തി ,തലച്ചോറില്‍ പനച്ചു വരുന്ന ആ എന്തോ ഒന്നിനെ അമര്‍ത്താന്‍ ശ്രമിച്ചു.കൃത്യം ആ സമയത്താണ് ,സുധീഷ്‌ എന്റെ ജീവിതത്തിലേക്ക് കടന്നു വന്നത്.
“ആരാ അപ്പനാണോ കിടക്കുന്നെ ?”
അതായിരുന്നു അവന്‍ എന്നോട് ചോദിച്ചത്.
ഞാന്‍ അപ്പോഴാണ്‌ അവനെ ശ്രദ്ധിച്ചത്.അവന്‍ എന്റെ അരികില്‍ നേരത്തെ മുതല്‍ ഇരിപ്പുണ്ടായിരുന്നു. കാവി മുണ്ടും ,ചെറുകളങ്ങള്‍ ഉള്ള കാപ്പിപ്പൊടികളര്‍ ഷര്‍ട്ടുമായിരുന്നു അവന്‍ ധരിച്ചത്.നല്ല കറുത്ത നിറമുള്ള മുടി ചീകി ഒതുക്കി വച്ചിരിക്കുന്നു.വെളുത്ത നിറം.വെളുത്ത കൈത്തണ്ടയില്‍ ,രോമങ്ങള്‍ക്കിടയില്‍ ,രണ്ടു മൂന്നു ചരടുകള്‍ കേട്ടിയിരിക്കുന്നു.നെറ്റിയില്‍ മാഞ്ഞു തുടങ്ങുന്ന ചന്ദനക്കുറി.അവന്റെ മുഖത്ത് പ്രസന്നതയാണോ ദുഖമാണോ കൂടുതല്‍ ഉള്ളത് എന്ന് പരിശോധിക്കാന്‍ ഒരു നിമിഷം കൊണ്ട് ഞാന്‍ ശ്രമിച്ചു.എനിക്ക് അത് കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല.എങ്കിലും എന്റെ മുഖത്തെക്കാള്‍ അവന്റെ മുഖത്തിന്‌ ശോഭയുള്ളത് പോലെ എനിക്ക് തോന്നി.
ഞങ്ങള്‍ സംസാരിക്കാന്‍ തുടങ്ങി.അപ്പോള്‍ നേരം അര്‍ദ്ധരാത്രി കഴിഞ്ഞിരുന്നു.സത്യത്തില്‍ എനിക്ക് ആരോടെങ്കിലും സംസാരിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചിരിക്കുകയായിരുന്നു.
സുധീഷിന്റെ ഭാര്യ രേവതിയാണ് ഐ.സി.യുവില്‍ കിടക്കുന്നത്.പ്രസവ സമയത്ത് ഗര്‍ഭപാത്രത്തില്‍ എന്തൊക്കെയോ സങ്കീര്‍ണ്ണത ഉണ്ടായി ഐ.സി.യുവില്‍ കിടത്തിയിരിക്കുന്നു.ശിശു ഗൈനക്കോളജി വാര്‍ഡില്‍ ആണ്.
"ഭാര്യക്ക് എങ്ങനെയുണ്ട്?"
“കുഴപ്പമില്ല എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്.”
“സാറിന്റെ അപ്പന് എന്ത് പറ്റിയതാ..”
“വാല്‍വ് ചുരുങ്ങുവാ..വലിയ പ്രതീക്ഷയില്ല.” ഞാന്‍ പറഞ്ഞു.
എനിക്ക് അവനോടു കാരണമില്ലാത്ത അടുപ്പം തോന്നി.ഒരു പക്ഷെ,ആ ഐ.സി.യുവിന്റെ മുന്‍പിലെ കാത്തിരിപ്പ് സ്ഥലം,മനുഷ്യവാസമില്ലാത്ത ഒരു ദ്വീപില്‍ നാം പെട്ടു പോകുന്ന അവസ്ഥ പോലെ എന്തോ ഒന്ന് എന്റെ ഉള്ളില്‍ ഉണ്ടാക്കിയിരുന്നു.ഈ ദ്വീപില്‍ ,പെട്ടെന്ന് എന്റെ മുന്നില്‍ പെട്ട മറ്റൊരു മനുഷ്യനായിരുന്നു സുധീഷ്‌.
ഞങ്ങള്‍ നഴ്സിനോട് പറഞ്ഞതിന് ശേഷം ,ആശുപത്രിക്ക് സമീപത്തെ തട്ടുകടയിലേക്ക് നടന്നു.ഉറക്കത്തിന്റെ കണികകള്‍ തൂങ്ങിനില്‍ക്കുന്ന ആശുപത്രി പരിസരത്തെ വായുവില്‍ എന്നെ തലോടി എന്റെ പൂര്‍വികരുടെ ആത്മാക്കള്‍ അപ്പനെ കാണാന്‍ ഐ.സി.യു.വിലേക്ക് പോകുന്നത് ഞാന്‍ സങ്കല്‍പ്പിച്ചു.എന്റെ ചിന്തകള്‍ അറിഞ്ഞത് പോലെ സുധീഷ്‌ എന്റെ കയ്യില്‍ കയറിപ്പിടിച്ചു.ഞാന്‍ അവനു ഒരു വിളറിയ ചിരി സമ്മാനിച്ചു.
തട്ട്കടയുടെ സമീപത്തെ ട്യൂബ് ലൈറ്റിനു അരികില്‍ നിന്നപ്പോഴാണ് സുധീഷിനെ വ്യക്തമായി കാണുന്നത് .അവനു ഒരു ഇരുപത്തിയഞ്ചിനു മുകളില്‍ പ്രായം തോന്നിയില്ല.കട്ടന്‍ കാപ്പി കുടിച്ചു കൊണ്ടിരിക്കെ സുധീഷ് ,അവന്റെ ജീവിതത്തെക്കുറിച്ചും വിവാഹത്തെ കുറിച്ചും ഒക്കെ എന്നോട് പറഞ്ഞു.അവന്‍ ആ രാത്രിയില്‍ പറഞ്ഞത് മുഴുവന്‍ ഇപ്പോഴും എന്റെ ഓര്‍മ്മയില്‍ ഇല്ല.എങ്കിലും കഴിയുന്നത്ര ഞാന്‍ ഓര്‍ക്കട്ടെ.
“ഡിഗ്രി ഒന്നാം വര്‍ഷം പഠിക്കുമ്പോഴായിരുന്നു അത്.രേവതി...അവള്‍ വലിയ സുന്ദരിയൊന്നുമല്ല.ഒരു സാധാരണപെണ്ണ്‍.എല്ലാ ക്ലാസിലും കാണുമല്ലോ സര്‍ മിഡില്‍ബഞ്ച് പെണ്‍കുട്ടികള്‍.ആരുടേയും ശ്രദ്ധയില്‍പെടാത്ത ,അധികം സംസാരിക്കാത്ത,അത്യാവശ്യം പഠിച്ചു പോകുന്ന പെണ്‍കുട്ടികള്‍.നാം അവരെ പെട്ടെന്ന് മറന്നുപോകും.അവരുടെ പേര് പോലും ചിലപ്പോള്‍ നാം ഓര്‍ക്കില്ല.”
ശരിയാണ്.അത്തരം ആളുകള്‍ എല്ലാ കൂട്ടത്തിലും കാണും.അവര്‍ നമ്മുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നു എന്ന് പോലും നാം അറിയില്ല.കടലാസ്സില്‍ പടരുന്ന മഷിപ്പൊട്ട് പോലെ പെട്ടെന്ന് അവ്യക്തമാകുന്ന ആത്മാവുകള്‍.
“ഒറ്റ നോട്ടത്തില്‍ പ്രേമം തോന്നാന്‍ ഉള്ള സൗന്ദര്യമോ ഒന്നും അവളില്‍ ഉണ്ടായിരുന്നില്ല.പക്ഷെ എന്തോ ഒരു ആകര്‍ഷണീയത അവളുടെ കണ്ണുകളില്‍ ഉണ്ടായിരുന്നു.”
അതിനു ശേഷം സുധീഷ്‌ അവര്‍ തമ്മില്‍ അടുപത്തിലായതിന്റെ തുടക്കം എന്നോട് പറഞ്ഞു. ,ഉറക്കമില്ലാത്ത ആ അര്‍ദ്ധരാത്രിയില്‍ എന്റെ മാനസികനിലക്ക് പറ്റിയ ഒരു കാര്യമല്ലാത്തത്‌ കൊണ്ടോ എന്തോ സുധീഷ്‌ പറഞ്ഞ ആ കാര്യങ്ങള്‍ ഇപ്പോഴും ഓര്‍മ്മയില്‍ ഉണ്ട്.
അത് ഒരു ലഞ്ച് ബ്രേക്ക് സമയമായിരുന്നു.ക്ലാസില്‍ സുധീഷ്‌ മാത്രമേ ക്ലാസ്സില്‍ അപ്പോള്‍ ഉണ്ടായിരുന്നുള്ളു.അപ്പോഴാണ്‌ അവള്‍ ക്ലാസില്‍ കയറി വന്നത്.അവള്‍ അവളുടെ ബെഞ്ചില്‍ പോയിരുന്നു എന്തോ വായിക്കാന്‍ തുടങ്ങി.അല്‍പ്പം കഴിഞ്ഞപ്പോള്‍ അവള്‍ അത് താഴ്ത്തി വച്ചു,പുറത്തേക്ക് നോക്കിയിരുന്നു.ജനാലയുടെ പുറത്തേക്കു നോക്കി നിശബ്ദയായി ഇരിക്കുന്ന അവളുടെ മുഖം സുധീഷ്‌ അവന്റെ ബുക്കില്‍ വരക്കാന്‍ തുടങ്ങി.അവള്‍ എന്തിനെക്കുറിച്ചോ ഗാഡമായി ആലോചിക്കുകയായിരുന്നു.ആ സമയം അവള്‍ ഈ ലോകത്തില്‍ അല്ല എന്ന് സുധീഷിനു തോന്നി.അവന്‍ വേഗം അവളുടെ മുഖം വരച്ചു കൊണ്ടിരുന്നു.കാറ്റില്‍ അവളുടെ മുടിയിഴകള്‍ പാറി.അവള്‍ അത് ഒതുക്കിവയ്ക്കാന്‍ പോലും മിനക്കെട്ടില്ല.അവളുടെ ചിന്തകള്‍ പോലെ,അവളുടെ മുടിയിഴകള്‍ ,കാറ്റില്‍ ഇണചേര്‍ന്ന് രൂപമില്ലാത്ത ചിത്രങ്ങള്‍ വരക്കുന്നതും,മുറിയിലെ പഴയ തടിജനാലയുടെ അഴികളിലൂടെ അവളുടെ നോട്ടം പുറത്തെ ഉച്ചവെയിലില്‍ ലയിക്കുന്നതും അവന്‍ സ്വപ്നത്തില്‍ എന്നവണ്ണം പകര്‍ത്തി.
“ആ പടം വരയോടെയാണ് ഞങ്ങള്‍ടെ ഇഷ്ടം തുടങ്ങിയത്.ഞാന്‍ വരച്ച ചിത്രം അവള്‍ എങ്ങനെയോ കണ്ടു.അവള്‍ക്ക് അത് ഒരുപാടിഷ്ടായി.അവള്‍ അവളുടെ അമ്മാവന്റെ വീട്ടില്‍ നിന്നാണ് പഠിച്ചത്.അവളുടെ അച്ഛന് രാജസ്ധാനിലെ ഏതോ മാര്‍ബിള്‍കമ്പനിയില്‍ ആയിരുന്നു ജോലി.ഞങള്‍ രണ്ടും ഹിന്ദുക്കള്‍ ആയിരുന്നെങ്കിലും അവളുടെ ജാതി എന്റെതിനെക്കാള്‍ ഒരുപാട് ഉയര്‍ന്നതായിരുന്നു.സാമ്പത്തികനിലയും അത് പോലെ തന്നെ.ഞാന്‍ സത്യം പറഞ്ഞാല്‍ അവളെ പിന്‍തിരിപ്പിക്കാന്‍ ശ്രമിച്ചു എങ്കിലും അവള്‍ സമ്മതിച്ചില്ല.അവള്‍ക്ക് എന്നെ വേണമായിരുന്നു.എല്ലാ എതിര്‍പ്പുകളെയും അവഗണിച്ചു കഴിഞ്ഞ വര്‍ഷം,അതായതു ഡിഗ്രി ഫൈനലിയര്‍ പൂര്‍ത്തിയാക്കാതെ ഞങ്ങള്‍ റെജിസ്റ്റര്‍ വിവാഹം ചെയ്തു.ഒരു കുഞ്ഞുണ്ടാകുമ്പോള്‍ അവളുടെ വീട്ടുകാരുടെ എതിര്‍പ്പ് മാറും എന്നാണ് ഞങ്ങൾ കരുതിയത്.
“അത് സാരമില്ല .ചിലപ്പോള്‍ അവര്‍ വരുമായിരിക്കും.പ്രസവം നടന്ന വിവരവും ,രേവതി ഐ.സി.യു.വില്‍ ആണെന്നും ഓക്കെ അവര്‍ അറിഞ്ഞോ ?” തിരിച്ചു ആശുപത്രിയിലേക്ക് നടക്കുമ്പോള്‍ ഞാന്‍ ചോദിച്ചു.
“അറിയിച്ചു.പക്ഷെ ഇത് വരെ വന്നില്ല.ഐ.സി.യുവില്‍ ഇന്നലെയാ കയറ്റിയത്.ചിലപ്പോ വരുമായിരിക്കും.” നിരാശ നിഴലിക്കുന്ന സ്വരത്തില്‍ സുധീഷ് പറഞ്ഞു.
മൂന്നു ദിവസം കൂടി ഞങ്ങള്‍ ആ ഐ.സി.യുവിന്റെ സമീപത്തു പരസ്പരം സംസാരിച്ചു കൂടുതല്‍ അടുത്തു.സുധീഷ്‌ ഒരു ,ഫ്ലെക്ക്സ് പ്രിന്റിംഗ് സ്ഥാപനത്തില്‍ ആയിരുന്നു ജോലി ചെയ്തത്.അവനു ഒരു അമ്മയും സഹോദരിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ.അവന്‍ സാമ്പത്തികമായി നല്ല ഞെരുക്കത്തില്‍ ആയിരുന്നു എന്ന് എനിക്ക് അറിയാമായിരുന്നു.ആശുപത്രിയില്‍ കനത്ത ബില്‍ വരുമെന്ന് അവനു പ്രതീക്ഷിച്ചു.അത് കൊണ്ട് തന്നെ ,ചിലവ് ചുരുക്കാന്‍ അവന്‍ ഭക്ഷണം പലപ്പോഴും ഒഴിവാക്കി.അത് മനസ്സിലായപ്പോള്‍ ഞാന്‍ അവനെ വഴക്ക് പറഞ്ഞു കാന്റീനില്‍ കൊണ്ട് പോയി ഭക്ഷണം വാങ്ങിക്കൊടുത്തു.അപ്പന്റെ വിവരങ്ങള്‍ അറിയാന്‍ ,എന്റെ ബന്ധുക്കളും കൂട്ടുകാരുമൊക്കെ വരുന്നത് ,അവന്‍ കൊതിയോടെ നോക്കി മാറി നില്‍ക്കുന്നത് ഞാന്‍ കണ്ടു.രേവതിയെ കാണാന്‍ ആരും വന്നില്ല.
“രണ്ടു ജാതിക്കാര് തമ്മില്‍ ഉള്ള വിവാഹം ഒന്നും ഇപ്പോഴും ഞങ്ങള്‍ടെ നാട്ടില്‍ ഒക്കെ അംഗീകരിക്കാന്‍ വലിയ പാടാ സാറേ.ഇപ്പൊ അങ്ങനെ കൂട്ടുകാരും ബന്ധുക്കളും ഒന്നുമില്ല.ഞാനും അവളും മാത്രം.”
കാന്റീനില്‍ ചായ കുടിച്ചു കൊണ്ടിരിക്കെ അവന്‍ പറഞ്ഞു.
അപ്പന്റെ അവസ്ഥ വഷളായി.അവന്‍ എന്നെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു.ഞാന്‍ എന്റെ മനസ്സിലെ ഏറ്റവും വലിയ പേടി അവനോടു പറഞ്ഞു.ഞങള്‍ മൂന്നാമത്തെ ദിവസം രാത്രിയില്‍ ആ തട്ട്കടയില്‍ നിന്നു കടുംകാപ്പി കുടിച്ചു കൊണ്ട് നില്‍ക്കുകയായിരുന്നു.
“നമ്മള്‍ക്ക് വളരെ പ്രിയപ്പെട്ട ഒരാള്‍ മരിച്ചു കഴിഞ്ഞാല്‍ പിന്നെ ഒരിക്കലും അവരെ കാണാന്‍ നമ്മുക്ക് കഴിയില്ലലോ.നമ്മള്‍ എത്ര തേടിയാലും.അപ്പന്‍ മരിച്ചാല്‍ ഏറ്റവും പേടി എനിക്ക് അതാണ്‌.ആ ഓര്‍മ്മ.പറമ്പിലെ റബ്ബര്‍മരങ്ങള്‍ക്കിടയില്‍ ,കവലയിലെ പാപ്പിയുടെ ചായക്കടയുടെ ഉള്ളിലെ പത്രം വായിക്കുന്നവരുടെ ഇടയില്‍ ,നാട്ടിലെ പള്ളിമുറിയുടെ ബഞ്ചില്‍,കുര്യാച്ചേട്ടന്റെ കപ്പക്കാലായില്‍,ഇറയത്തെ ചാരുകസേരയില്‍,ഒരിടത്തും എവിടെയും തിരഞ്ഞാല്‍ അപ്പനെ കാണാന്‍ സാധിക്കാതെ വരുമോ എന്ന ഭയം.അതാണ് എന്നെ സങ്കടപ്പെടുത്തുന്നത് സുധീഷേ....”
തട്ടുകടയുടെ നീലപ്പടുത കെട്ടിയ തൂണില്‍ രണ്ടു ട്യൂബ്ലൈറ്റുകള്‍ മിന്നി. അതിനരികില്‍ ഈയാംപാറ്റകള്‍ പറക്കുന്നത് ഞങ്ങള്‍ നോക്കി നിന്നു.
“എന്റെ ഏറ്റവും വലിയ പേടി വേറെ ഒരു തരത്തിലാ സാറെ.കുറച്ചുനാള്‍ മുന്പ് ഞാന്‍ ഒരു ഇംഗ്ലിഷ് സിനിമ കണ്ടു.ട്വല്‍വ്വ് ഇയേഴ്സ് എ സ്ലേവ്.സാറു കണ്ടിട്ടുണ്ടോ..?”
“ഇല്ല.ഞാന്‍ അതിനെ കുറിച്ച് കേട്ടിട്ടുണ്ട്.”
“അതിലെ നായകന്‍ ഒരു കറുത്ത വര്‍ഗക്കാരനാ.ഒരു സംഗീതജ്ഞന്‍.ഈ കഥ നടക്കുന്ന കാലത്ത് അമേരിക്കയില്‍ അടിമക്കച്ചവടം നിലനിന്നിരുന്നു.ഈ നായകന് ഒരു കുടുംബവും നല്ല ജീവിതവും ഒക്കെ ആയി സന്തോഷവുമായി നടക്കുന്ന സമയം അയാളെ രണ്ടു വെള്ളക്കാര്‍ സമീപിച്ചു.ദൂരെ ഒരു സ്ഥലത്ത് സംഗീതപരിപാടി നടത്താന്‍.ആ സ്ഥലത്ത് അടിമവേല ഉണ്ടായിരുന്നു.പരിപാടി ഒക്കെ കഴിഞ്ഞു അയാള്‍ക്ക് അവര്‍ മദ്യം വിളമ്പി.അതില്‍ മയക്കുമരുന്ന് കലര്‍ത്തിയിരുന്നു.അത് കഴിച്ചു ബോധരഹിതനായ അയാളെ അവര്‍ രാത്രിയില്‍ ദൂരേയ്ക്ക് കടത്തി. പുലര്‍ച്ചെ ഉണര്‍ന്നപ്പോള്‍ അയാള്‍ അടിമയായിരുന്നു.താന്‍ ഒരു അടിമയല്ലെന്നും ,തന്റെ സ്ഥലം ഇതല്ലെന്നും,താന്‍ ഒരു വയലിനിസ്റ്റ് ആണെന്നും അയാൾ പറഞ്ഞത് ആരും വിശ്വസിച്ചില്ല.അയാള്‍ അവിടെ അടിമയായി തുടര്‍ന്നു.ഒരു രാത്രി കൊണ്ട് അയാള്‍ക്ക് സര്‍വ്വവും നഷ്ടമായി.സ്വന്തം കുടുംമ്പവും നാടും കാണാതെ അയാള്‍ക്ക് അവിടെ കഴിയേണ്ടി വന്നു.”
സുധീഷ്‌ അത് പറഞ്ഞുതീരുന്നത് വരെ ഞാന്‍ ആ കഥ കേട്ടിരുന്നു.ഒരു നിമിഷം നിര്‍ത്തി അവന്‍ തുടര്‍ന്നു.
“പെട്ടെന്ന് ഒരു നിമിഷം എല്ലാവരെയും നഷ്ടമാവുക.എല്ലാം നഷ്ടമാവുക.അങ്ങിനെ ഒരു അവസ്ഥ ഉണ്ടായാല്‍ എന്തായിരിക്കും സ്ഥിതി?”
സുധീഷ്‌ ചോദിച്ചു.അവന്‍ ഒരു വലിയ ഫിലോസഫിക്കൽ ചോദ്യമാണ് ചോദിക്കുന്നത്.ജീവിതത്തിന്റെ അര്‍ത്ഥം എന്താണ് എന്നല്ലേ അവന്‍ ചോദിച്ചത്?
ഞാന്‍ വിഷയം മാറ്റാന്‍ അവനോടു ചോദിച്ചു.
“നിന്റെ ഭാര്യയെ എന്നാണ് റൂമിലേക്ക് മാറ്റുക ?”
“മിക്കവാറും നാളെ.എന്റെ ജീവിതം ശരിക്കും ഇപ്പൊ അവളാ സാറേ.സാമ്പത്തിക ബുദ്ധിമുട്ടും ടെന്‍ഷനും എല്ലാം ഉണ്ടെങ്കിലും,ഇപ്പോഴാ സാറേ ഞാന്‍ ജീവിക്കുന്നത്.ഈ ഉറക്കിളയും ഓടിനടപ്പും ഒക്കെ എനിക്ക് ഒരു തരത്തില്‍ സന്തോഷാ.ആര്‍ക്കെങ്കിലും ജീവിക്കുമ്പോഴാ ജീവിതത്തിനു ഒരു അര്‍ത്ഥം ഉണ്ടാവുന്നത്.”
അവന്‍റെ തന്നെ ആദ്യചോദ്യത്തിന് അവന്‍ മറുപടി പറഞ്ഞത് ഞാന്‍ തിരിച്ചറിഞ്ഞു.
“നിന്‍റെ ഭാര്യയെ ഒന്ന് കാണാന്‍ കഴിഞ്ഞില്ലലോ എനിക്ക്.”
“എല്ലാം കഴിയട്ടെ സാറേ.കാണാമല്ലോ.വീട് പണിതു കഴിഞ്ഞു ഞാന്‍ വീട്ടിലേക്ക് വിളിക്കും.സര്‍ എന്റെ വീട്ടില്‍ വരണം.എന്റെ വീട്ടില്‍ വരാന്‍ ഒക്കെ അങ്ങനെ ആരുമില്ല.എന്റെ ഭാര്യക്ക് സാറിനെ കാണുന്നത് വലിയ സന്തോഷമായിരിക്കും.”
ഞാന്‍ അവന്‍റെ മൊബൈല്‍ നമ്പര്‍ സേവ് ചെയ്തു.അവന്‍ എന്റെ കയ്യില്‍ ഉണ്ടായിരുന്ന അപ്പന്റെ സ്കാനിംഗ് റിപ്പോര്‍ട്ടും മറ്റ് രേഖകകളും അടങ്ങിയ ഫയല്‍ വാങ്ങി അതിന്റെ പുറംചട്ടയിലും അവന്‍റെ നമ്പര്‍ എഴുതിയിട്ടു.ഞാന്‍ നോക്കുന്നത് കണ്ട് അവന്‍ ചിരിയോടെ പറഞ്ഞു.
“എങ്ങാനും ഫോണ്‍ പോയാലും നമ്പര്‍ മിസ്സാകരുതല്ലോ..”
ആ മുന്‍കരുതല്‍ അവന്‍ കണ്ട ആ നീഗ്രോക്കാരന്‍ അടിമയുടെ സിനിമയുടെ ഇഫക്ക്റ്റ് ആയിരിക്കും എന്ന് ഞാന്‍ കരുതി.
ഞങ്ങള്‍ കാപ്പികുടിച്ചു തിരികെ ആശുപത്രിയിലേക്ക് നടന്നു.അവന്‍ എന്റെ തൊട്ട് അടുത്ത് കൂടെയാണ് നടന്നത്.ഒരു അനിയന്‍ ഉണ്ടായതു പോലെ എനിക്ക് തോന്നി.ഞാന്‍ ആകാശത്തേക്ക് നോക്കി.നേരം പുലരാറാ യിരുന്നു.ചെറുമേഘങ്ങള്‍ ,ആശുപത്രിച്ചാപ്പലിന്റെ ഉയര്‍ന്നു നില്‍ക്കുന്ന കുരിശിനു സമീപം അണിനിരക്കുന്നത് ഞാന്‍ കണ്ടു.ഞാന്‍ സുധീഷിന്റെ കയ്യില്‍ എന്റെ കൈ ചേര്‍ത്ത് പിടിച്ചു.ചേട്ടനും അനിയനും നടക്കുന്നത് പോലെ ഞങ്ങള്‍ ആശുപത്രിപ്പടികള്‍ കയറി.മനസ്സിന് ഒരു ലാഘവം വരുന്നത് പോലെ....
ഞങ്ങള്‍ മുകളില്‍ എത്തി അല്‍പ്പനേരം കഴിഞ്ഞു അപ്പന്‍ മരിച്ചു.
അപ്പന്റെ ശരീരവുമായി ഞാന്‍ തിരികെ വീട്ടിലേക്ക് പോകുന്നത് വരെ സുധീഷ്‌ എന്റെ ഒപ്പം ഉണ്ടായിരുന്നു..ആംബുലന്‍സില്‍ കയറുന്നതിനു മുന്പ് അവന്‍ കൈ പിടിച്ചു അമര്‍ത്തി.
ചടങ്ങുകള്‍ കഴിഞ്ഞു മൂന്നാമത്തെ ദിവസം ഞാന്‍ ആശുപത്രിയില്‍ എത്തി.ആ തിരക്കിനിടയില്‍ സുധീഷിന്റെ കാര്യം ഞാന്‍ മറന്നു പോയിരുന്നു.
ആശുപത്രിയില്‍ ബാലന്‍സ് ബില്‍ പേ ചെയ്യാന്‍ തുടങ്ങുന്നതിനിടയിലാണ് സുധീഷിനെ ഞാന്‍ കണ്ടത്.ആശുപത്രിയുടെ നീണ്ട കോറിഡോറിന് അപ്പുറം ,എന്നെക്കണ്ടതും അവന്‍ ഓടി വന്ന് എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു.
“അവള് പോയി സാറേ...പെട്ടെന്ന്...പെട്ടെന്ന്..ഒന്നും പറയാതെ...എന്റെ രേവതി പോയി...”
എന്റെ കണ്ണും നിറഞ്ഞു.ഞാന്‍ അവനെ ചേര്‍ത്ത് പിടിച്ചു.അവന്റെ ആധിയില്‍ പിടക്കുന്ന നെഞ്ച് ഞാന്‍ അറിഞ്ഞു.ഒരിക്കലും കണ്ടിട്ടില്ലയെങ്കിലും അവന്‍ പറഞ്ഞ ജനാലയുടെ പുറത്തേക്കു നോക്കിയിരിക്കുന്ന ഒരു പെണ്‍കുട്ടിയുടെ രൂപം എന്റെ മനസ്സില്‍ തെളിഞ്ഞു.
എന്റെ അപ്പന്‍ മരിച്ചതിന്റെ പിറ്റേന്ന് തന്നെ അവന്‍റെ ഭാര്യ രേവതിയും മരിച്ചു.യൂട്രസ് റപ്പ്ച്ചര്‍ എന്ന പ്രശ്നത്തിന്റെ ഒപ്പം അപൂര്‍വ്വമായി ഉണ്ടാകുന്ന ഹൃദയാഘാതമായിരുന്നു മരണകാരണം.
അവന്‍ എതിർത്തെങ്കിലും അവന്റെ വീട്ടിലേക്ക് ഉള്ള വഴി ചോദിച്ചു മനസ്സിലാക്കി പിറ്റേന്ന് ഞാന്‍ അവന്റെ വീട്ടില്‍ എത്തി.അവിടെ എത്തിയപ്പോള്‍ അവന്‍ വീട്ടിലേക്ക് വരാന്‍ എതിര്‍ത്തെതിന്റെ കാരണം മനസ്സിലായി.അത് ഒരു ചെറിയ കൂരയായിരുന്നു.ഒരു കോളനിയില്‍ ആരും ശ്രദ്ധിക്കാന്‍ ഇല്ലാത്ത ഒരു കോണില്‍ ,രണ്ടു മുറി മാത്രമുള്ള ഒരു പഴയ ഓടിട്ട കൂര.
ഞാന്‍ വന്നപ്പോള്‍ സുധീഷിന്റെ അമ്മ ഇറങ്ങിവന്നു.ഒരു സാധു സ്ത്രീ.സുധീഷിന്റെ കുഞ്ഞിനെ നോക്കുന്നത് അവന്റെ സഹോദരിയാണ്.അവര്‍ അപ്പുറത്തെ മറ്റൊരു കൂരയിലാണ്.ഞാന്‍ ഭിത്തിയില്‍ രേവതിയുടെ വല്ല ചിത്രവും ഉണ്ടോയെന്നു നോക്കി.മനോരമയുടെ ഒരു മുഷിഞ്ഞ കലണ്ടര്‍ ഇളകിയ ആണിയില്‍ തൂങ്ങിയാടുന്നത് മാത്രമേ ചുവന്ന ഇഷ്ടിക കൊണ്ടുണ്ടാക്കിയ തേയ്ക്കാത്ത ഭിത്തിയില്‍ ഉണ്ടായിരുന്നുള്ളൂ.
“അവളുടെ ഒരു പടം പോലും വയ്ക്കാന്‍ അവന്‍ സമ്മതിക്കില്ല സാറേ. അവള് മരിച്ചെന്നു സമ്മതിക്കാന്‍ അവനു മടിയായത് കൊണ്ടാവും.എനിക്കറിയത്തില്ല..”അവന്റെ അമ്മ വിങ്ങിപ്പൊട്ടി പറഞ്ഞു.
മുറ്റത്തോട് ചേര്‍ന്ന് ഒരു മൺകൂന പൊങ്ങിനില്‍ക്കുന്നത് ഞാന്‍ കണ്ടു. കുഞ്ഞിനേയും ഭര്‍ത്താവിനെയും സങ്കടത്തിന്റെ തീരത്ത് വിട്ടു മറ്റേതോ ലോകത്തിലെ ജനാലക്കുള്ളിലൂടെ ദൂരേക്ക് നോക്കിയിരിക്കുന്ന രേവതി അതിനുള്ളില്‍ ഉറങ്ങുന്നു.
“ഇത്ര മോശം വീട്ടില്‍ ,ആ പെണ്ണിനെ കൊണ്ട് വന്നതില്‍ സാറിനു ഇപ്പോള്‍ ദേഷ്യം തോന്നുന്നുണ്ടാവും അല്ലെ ?”
സുധീഷിന്റെ ശബ്ദം കേട്ടു.അവന്‍ ക്ഷീണിച്ചിരുന്നു.ആശുപത്രിയില്‍ ഒന്നരലക്ഷം രൂപയടുത്തു ബില്ലായി സുധീഷിന്.അത് സംഘടിപ്പിക്കാന്‍ ഉള്ള നെട്ടോട്ടത്തില്‍ അവനു ശരിക്ക് സങ്കടപ്പെടാന്‍ ഉള്ള സമയം പോലും കിട്ടിയില്ല.ഞാന്‍ കുറച്ചു രൂപ അവന്‍ എതിര്‍ത്തിട്ടും അവന്റെ പോക്കറ്റില്‍ വച്ചു.ഇടവഴിയിലൂടെ റോഡില്‍ കിടക്കുന്ന കാറിനു സമീപത്തേക്ക് എന്റെ ഒപ്പം അവനും നടന്നു വന്നു.
“രേവതിയുടെ വീട്ടുകാര്‍.. “ ഞാന്‍ ചോദിച്ചു.
“അവര് വന്നില്ല സാറെ..ആരും വന്നില്ല.അവളുടെ കുടുംബക്കാര്‍ രാജസ്ഥാനിലെക്ക് തിരിച്ചു പോയി.ഇവിടെ ആരുമില്ല.” ഇടറിയ സ്വരത്തില്‍ അവന്‍ പറഞ്ഞു.
“അവള്‍ക്ക് അവളുടെ വീട്ടുകാര്‍ വരുമെന്ന് വലിയ വിശ്വാസമായിരുന്നു.” അവന്‍ പറഞ്ഞു.
വണ്ടിയില്‍ കയറുന്നതിനു മുൻപ് ഞാന്‍ അവന്റെ കൈ ചേര്‍ത്ത് പിടിച്ചു.
“രേവതിയെ ഒന്ന് കാണാന്‍ എനിക്കും യോഗമില്ലാതെ പോയല്ലോ സുധീഷേ..”
അവന്‍റെ കണ്ണുകളില്‍ അപ്പോള്‍ എന്താണ് നിഴലിക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ല.
പിന്നീട് കുറെ നാള്‍ അവന്റെ വിവരം ഒന്നുമുണ്ടായില്ല.ഏകദേശം നാല് മാസം കഴിഞ്ഞിരുന്നു.ഗള്‍ഫില്‍ പോകുന്നതിന്‍റെ തിരക്കില്‍ ഞാന്‍ അവന്റെ കാര്യം മറന്നു.അതിനിടയില്‍ എന്റെ ഫോണ്‍ കേടായി.അതിലെ നമ്പരുകള്‍ നഷ്ടപ്പെട്ടു.പുതിയ ഫോണില്‍ പഴയ സിംകാര്‍ഡ് ഇട്ടുവെങ്കിലും സുധീഷിന്‍റെ നമ്പര്‍ അതില്‍ ഇല്ലായിരുന്നു.പക്ഷെ സുധീഷ്‌ എന്തുകൊണ്ടോ എന്നെ ഇങ്ങോട്ടും വിളിച്ചില്ല.
ഒടുവില്‍ ഗള്‍ഫില്‍ പോകുന്നതിനു രണ്ടു ദിവസം മുന്‍പ് രേഖകള്‍ അടുക്കിവയ്ക്കുന്നതിനിടയില്‍ ,ഒരു പഴയ ഫയലിന്‍റെ പുറത്ത് ഒരു മൊബൈല്‍ നമ്പര്‍ കിടക്കുന്നത് ഞാന്‍ കണ്ടത്.അത് അവന്‍ എഴുതിയിട്ട നമ്പരായിരുന്നു.
കുറ്റബോധത്തോടെ ഞാന്‍ ആ നമ്പര്‍ ഡയല്‍ ചെയ്തു.ആരും ഫോണ്‍ എടുക്കുന്നില്ല.കുറെ നേരം ട്രൈ ചെയ്തപ്പോള്‍ ഒരു സ്ത്രീ ശബ്ദം കേട്ടു.അത് അവന്‍റെ അമ്മയായിരുന്നു.
“സുധീഷിന് സുഖമില്ല മോനെ...” അവരുടെ ചിലമ്പിച്ച സ്വരം കേട്ടു.അപ്പുറത്ത് ഞാന്‍ ആണെന്ന് മനസ്സിലായപ്പോ സുധീഷ്‌ ഫോണ്‍ വാങ്ങി.
എന്റെ ഫോണ്‍ പോയതും ഒടുവില്‍ അന്ന് അവന്‍ എഴുതിയിട്ടത് കൊണ്ട് അവനെ വിളിക്കാന്‍ പറ്റിയതും ഞാന്‍ ഒറ്റശ്വാസത്തില്‍ പറഞ്ഞു.അവന്‍ ഇങ്ങോടു വിളിക്കാഞ്ഞതിനു ഞാന്‍ പരിഭവിച്ചു.അവന്‍ ഒന്നും മിണ്ടാതെ എല്ലാം കേട്ടിരുന്നു.
“ഞാന്‍ രണ്ടു ദിവസത്തിനുള്ളില്‍ പോകും.അത് കൊണ്ട് നിന്നെക്കാണാന്‍ ഞാന്‍ അങ്ങോട്ട്‌ വരുന്നുണ്ട്.നീ അവിടെ കാണില്ലേ..?”
“സാറ് വരണ്ട.നമുക്ക് പിന്നെ കാണാം.”അവന്‍ ശക്തിയായി എതിര്‍ത്തു.അവന്‍റെ സ്വരത്തില്‍ എന്തോ പന്തികേട് എനിക്ക് തോന്നി.
തിരക്കുകള്‍ മാറ്റിവച്ച് ഞാന്‍ അവന്റെ വീട്ടിലേക്ക് പോയി.ഞാന്‍ ചെല്ലുമെന്ന് അറിയിച്ചിട്ടും റോഡില്‍ അവനെ കണ്ടില്ല.വണ്ടി റോഡില്‍ ഇട്ടിട്ടു ഇടവഴി നടന്നു ഞാന്‍ അവന്റെ വീട്ടുമുറ്റത്ത്‌ എത്തി.കരിയില വീണ് മുറ്റമാകെ വൃത്തികേടായി കിടക്കുന്നു.രേവതിയുടെ മണ്കൂന കാട് കയറി മൂടിയിര്‍ക്കുന്നു.വളര്‍ന്നു നില്‍ക്കുന്ന ഓര്‍മ്മകള്‍ പോലെ കാട്ടുചെമ്പിലകള്‍ ആ ശവക്കൂനയില്‍ ഉയര്‍ന്നു നിന്നു.ശൂന്യമായ ഭിത്തിയില്‍ ഒന്നുമുണ്ടായിരുനില്ല.ആ മുഷിഞ്ഞ കലണ്ടര്‍ തൂങ്ങിക്കിടന്നിരുന്ന ആണി മാത്രം ചരിഞ്ഞു നില്‍പ്പുണ്ട്.ഉമ്മറത്തു ആരുമുണ്ടായിരുന്നില്ല.പക്ഷെ അകത്തെ മുറിയില്‍ ,റേഡിയോപ്പാട്ട് കേട്ടു.
“സമയരഥങ്ങളില്‍ ഞങ്ങള്‍ മറുകര തേടുന്നു..."
യേശുദാസിന്റെ ഒരു പഴയ സിനിമാഗാനം.ഒരുപാട് നാളുകള്‍ക്ക് ശേഷമായിരുന്നു ഞാന്‍ ആ പാട്ട് കേട്ടത്.കാരണം ഒന്നുമില്ലാതെ സുധീഷിന്റെ കൈ ചേര്‍ത്ത് പിടിച്ചു അപ്പന്‍ മരിച്ച ആ പുലരിയില്‍ ആശുപത്രിയിലേക്ക് നടന്നു പോയത് ഞാന്‍ ഓര്‍മിച്ചു.
ഞാന്‍ അകത്തെ മുറിയില്‍ ചെന്നു.അവിടെ ഒരു കട്ടിലില്‍ ഇഷ്ടികഭിത്തിയിലെക്ക് കാലു കയറ്റി വച്ചു സുധീഷ്‌ കിടപ്പുണ്ടായിരുന്നു.
കട്ടില്‍ക്രാസിയില്‍ കൈ തലയ്ക്കു പുറകിലേക്ക് ചുറ്റിവച്ചു അവന്‍ ആ സിനിമാപ്പാട്ട് കേള്‍ക്കുകയായിരുന്നു.കാവിമുണ്ട് മുഷിഞ്ഞിരുന്നു.അവന്റെ താടി തിങ്ങിവളര്‍ന്നിരുന്നു. മുടിയുടെ കറുപ്പിന് പകരം അവിടവിടെ നര വീണ് ജs പിടിച്ചത് പോലെ.ശരീരം മെലിഞ്ഞ് ഒരു പേക്കോലം പോലെയായിരിക്കുന്നു.ഞാന്‍ അകത്തു കയറിവന്നത് അവന്‍ അറിഞ്ഞില്ല.അവന്‍ മച്ചിലേക്ക് ദൃഷ്ടി മാറ്റാതെ കിടക്കുകയായിരുന്നു.ഞാന്‍ ചുമച്ചപ്പോള്‍ അവന്‍റെ ദൃഷ്ടി എന്നിലേക്ക് തിരിഞ്ഞു.പക്ഷെ അവന്‍റെ നോട്ടം ഒരു മനുഷ്യനെ നോക്കുന്നതിനു പകരം നിര്‍ജീവമായ ഒരു വസ്തുവിലേക്ക് നോക്കുന്നതു പോലെയാണ് എനിക്ക് തോന്നിയത്.അവന്‍ എഴുന്നെല്‍ക്കുമെന്നു ഞാന്‍ കരുതി.പക്ഷെ അതുണ്ടായില്ല.പകരം എന്റെ ചലനങ്ങളെ അവന്‍റെ കണ്ണുകള്‍ യാന്ത്രികമായി പിന്തുടര്‍ന്നു. അവന്റെ ആത്മാവ് അടർന്നു പോയതു പോലെപോലെ.
“സര്‍ എന്തിനാ വന്നത് .വരണ്ടെന്ന് പറഞ്ഞതല്ലേ..”
മുറിഞ്ഞു പോകുന്ന വാക്കുകളില്‍ അവന്‍ ശ്രമപ്പെട്ടു ചോദിച്ചു.പറഞ്ഞതിന് ശേഷം അവന്റെ വാ തുറന്നു തന്നെയിരുന്നു..കടവായിലൂടെ ഉമിനീര്‍ ഒലിച്ചു മുഷിഞ്ഞ പുതപ്പില്‍ പുരണ്ടു.അപ്പോഴേക്കും അവന്റെ നോട്ടം തിരികെ മച്ചില്‍ എത്തിയിരുന്നു.
അകത്തു നിന്നും അവന്റെ അമ്മ മുറിയുടെ വാതില്‍ക്കല്‍ വന്നു താടിക്ക് കൈ കൊടുത്തു കുറെ നേരം അവനെ നോക്കിയിരുന്നു.
ഞാന്‍ കുറച്ചു കാശ് എടുത്തു അവനു കൊടുക്കാന്‍ തുടങ്ങി.
“കാശൊന്നും വേണ്ട സാറേ..”അവന്‍റെ അമ്മ വിലക്കി.
അത് കേട്ടതും സുധീഷ്‌ ഒറ്റ അലര്‍ച്ചയായിരുന്നു.
“ഫാ പരട്ടകിഴവി നിങ്ങള്‍ എന്ത് കാണിക്കാനാ ഇപ്പൊ ഇങ്ങോട്ട് കെട്ടിയെടുത്തത്..”പറഞ്ഞതും കൈ വലിച്ചു കട്ടിലിനു പുറകില്‍ കിടന്ന ചെറു സ്റ്റൂളില്‍ ഇരുന്ന മരുന്ന് കുപ്പിയെടുത്തു അവന്‍ അവര്‍ക്ക് നേരെ എറിഞ്ഞു.പെട്ടെന്ന് ഒഴിഞ്ഞുമാറിയത് കൊണ്ട് അത് അവര്‍ക്ക് കൊണ്ടില്ല.സുധീഷ്‌ പെട്ടെന്ന് ഭിത്തിയുടെ നേരെ പുറംതിരിഞ്ഞു കിടന്നു.
അവന്റെ അമ്മ എന്നെ നോക്കി പുറത്തേക്കു വരാന്‍ കണ്ണ് കാണിച്ചു.ഞാന്‍ മുറ്റത്തേക്ക് ഇറങ്ങിച്ചെന്നു.ഞങ്ങള്‍ രേവതി ഉറങ്ങുന്നതിന്റെ അരികില്‍ ചെന്നു നിന്നു.
“ഇവള് പോയതിനു ശേഷം എന്റെ കൊച്ചിന് വട്ടുപിടിച്ചു സാറേ..”അവര്‍ ആ മണ്കൂനയിലെക്ക് നോക്കി നിറഞ്ഞ കണ്ണുകളോടെ പറഞ്ഞു.
“നാല്മാസം മാനസിക രോഗ ആശുപത്രീ കിടന്നു.ഇപ്പോള്‍ കുറച്ചു കുറവുണ്ട്.അതിന്റെ മരുന്നിനോക്കെ ഭയങ്കര കട്ടിയാ.അതാ വായീന്ന് ഉമിനീരൊക്കെ വരുന്നത്.അവന്റെ സ്വഭാവം മാറി.കുടി തുടങ്ങി.ഈ കോളനീ കള്ളവാറ്റുണ്ട്.പൈസ കിട്ടിയാ അപ്പൊ പോയി കുടിക്കും.” അവര്‍ ഇടറിയ സ്വരത്തില്‍ പറഞ്ഞു.
എനിക്ക് ഒന്നും പറയാനില്ലായിരുന്നു.ഞാന്‍ അവരുടെ കൈകള്‍ കൂട്ടിച്ചേര്‍ത്തു പിടിച്ചു.
“ശരിയാകും.അവന്റെ അസുഖം കുറഞ്ഞു വരുന്നുണ്ട്..ശരിയാകും.” എന്നെ ആശ്വസിപ്പിക്കുവാനും സ്വയം ആശ്വസിപ്പിക്കുവാനും അവര്‍ പറഞ്ഞു കൊണ്ടിരുന്നു.
ഇറയത്തു മരുന്ന് കുപ്പി ചിതറിക്കിടന്നു.അതിന്റെ ചുവന്ന തുള്ളികള്‍ എന്നെ തുറിച്ചുനോക്കി.
“മോനിനി പൊക്കോ..അതാ നല്ലത്.അവന്‍ ഇനി തല പൊക്കി നോക്കില്ല.എഴുന്നേല്‍ക്കുമ്പോ ഞാന്‍ പറഞ്ഞോളാം.എന്നാലും ഇവിടം വരെ വന്നില്ലേ..അത് മതി."
“സകലതിനും പൊരുളെ കാത്തരുളീടനമേ..”അകത്തു നിന്നു പാട്ടിന്റെ അവസാനവരികള്‍ യേശുദാസ് പാടുന്നത് ഞാന്‍ കേട്ടു.
രണ്ടു ദിവസം കഴിഞ്ഞു ഞാന്‍ ഗള്‍ഫില്‍ പോയി.ഇടക്ക് സുധീഷ്‌ താമസിച്ചിരുന്ന കോളനി വ്യവസായ മേഖലക്ക് വേണ്ടി ഒഴിപ്പിച്ച വിവരം ഞാന്‍ അറിഞ്ഞിരുന്നു.അവനെ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ട് നടന്നില്ല.
ഗള്‍ഫില്‍ പോയതിനു ശേഷം ഇന്നലെയാണ് ആദ്യമായ് അവധിക്ക് നാട്ടില്‍ വന്നത്.ഇന്ന് അപ്പന്റെ ഓര്‍മ്മദിവസമായിരുന്നു.
ഞാന്‍ സുധീഷിനെ ഓര്‍മ്മിച്ചു.അപ്പന്റെ അലമാര തുറന്നു ,ആശുപത്രിയുടെ പഴയ ഫയലില്‍ നിന്നു അവന്റെ നമ്പര്‍ ഒരിക്കല്‍ കൂടി ഞാന്‍ ഡയല്‍ ചെയ്തു.അത് സ്വിച്ചോഫ്‌ ആയിരുന്നു.
അപ്പോഴാണ് അലമാരയിൽ ഒരു നോട്ട്ബുക്ക് കയ്യില്‍ തടഞ്ഞത്.അത് ഒരു പഴയ കോളേജ് നോട്ടുബുക്ക് ആയിരുന്നു.കുഞ്ചാക്കോ ബോബനും ശാലിനിയും ഒരുമിച്ചു നില്‍ക്കുന്ന ഒരു ചിത്രമായിരുന്നു അതിന്റെ മങ്ങിയ കവറില്‍.മുന്പ് ഞാന്‍ കണ്ടിട്ടില്ലാത്ത ഒരു ബുക്ക്.ഞാന്‍ അമ്മയെ വിളിച്ച് നോട്ടുബുക്ക് ആരാണ് ഇവിടെ എത്തിച്ചത് എന്ന് ചോദിച്ചു.
“നിന്നെ അന്ന് ആശുപത്രീ വച്ചു പരിചയപ്പെട്ട ആളാന്നാ പറഞ്ഞത്.അധികം നേരം നിന്നില്ല.ഞാന്‍ ചായ എടുക്കാന്‍ അകത്തു പോയ നേരം കൊണ്ട് ആള് പോയിക്കളഞ്ഞു.അത് കൊണ്ട് മുഖം പോലും ഓര്‍മ്മയില്ല.നിന്നെ ഇത് ഏല്‍പ്പിക്കാന്‍ പറഞ്ഞിട്ട് അപ്പോഴേ തിരിച്ചു പോയി.” അമ്മ പറഞ്ഞു.
ഞാന്‍ ഇപ്പോള്‍ അതിന്റെ അവസാനതാളില്‍ എത്തിനില്‍ക്കുന്നു.കാലത്തിന്റെ പഴക്കത്തില്‍ അരികുകള്‍ പൊടിഞ്ഞു തുടങ്ങുന്ന ആ കടലാസില്‍ ഒരു പെണ്‍കുട്ടിയുടെ ചിത്രമാണ്‌.ജനാലയിലൂടെ പുറത്തേക്ക് നോക്കിയിരിക്കുന പെണ്‍കുട്ടി.ഞാന്‍ കാണണം എന്ന് ഏറെ ആഗ്രഹിച്ച സുധീഷിന്റെ ഭാര്യയുടെ ചിത്രം.എല്ലാത്തിനും തുടക്കമിട്ട ചിത്രം. ഞാൻ അത് കുറേ നേരം നോക്കിയിരുന്നു. വർഷങ്ങൾക്കുക്കു മുൻപത്തേ ആ ഉച്ചനേരത്ത് അവൾ ഗാഡമായി പുറത്തേക്ക് നോക്കിയിരുന്നു ആലോചിച്ചത് എന്തായിരിക്കും?
സുധീഷ് ഇപ്പോള്‍ എവിടെയാണ്?അവന്‍ എന്ത് കൊണ്ടാണ് ഇത് എനിക്ക് തന്നു വിട്ടത് ?ഞാന്‍ രേവതിയെ കാണാന്‍ സാധിക്കാത്തതില്‍ നിരാശ പൂണ്ടപ്പോള്‍ അവന്‍റെ കണ്ണില്‍ നിഴലിച്ച ഭാവം എന്തായിരുന്നു ?അപ്പോള്‍ അവന്‍ ആശുപത്രിയില്‍ വച്ചു പറഞ്ഞ ആ നീഗ്രോക്കാരന്റെ സിനിമാക്കഥ ഞാന്‍ ഓര്‍മ്മിച്ചു.
എല്ലാം നഷ്ടപെടുന്നവന്റെ അവസ്ഥ.എല്ലാവരാലും മറക്കപെടുന്നവന്റെ അവസ്ഥ.അവന്റെ ഏറ്റവും വലിയ ഭയവും അത് തന്നെയായിരുന്നല്ലോ.
അന്ന് സുധീഷിനേ കാണാന്‍ ചെന്നു തിരികെ പോരുമ്പോള്‍ കേട്ട സിനിമാഗാനത്തിന്റെ അവസാനവരികള്‍ വീണ്ടും മുഴങ്ങുന്നത് ഇപ്പോള്‍ എന്റെ മനസ്സിലാണ്.
“സകലതിനും പൊരുളെ ..കാത്തരുളീടണമേ..”
എനിക്ക് പ്രതീക്ഷയുണ്ട്.ഈ അവധിക്കാലം തീരുന്നതിനു മുന്‍പ് ഞാന്‍ അവനെ കണ്ടെത്തുക തന്നെ ചെയ്യും.
(അവസാനിച്ചു)
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo