
വാർത്തകളിൽ ഇടയ്ക്കിടെ കേൾക്കുന്ന ഒരു വിഷയമാണ് ജാതിപ്പേര് വിളിച്ചാക്ഷേപിച്ചു... വംശീയാധിക്ഷേപം നടത്തി എന്നൊക്കെ... എന്നെ എന്നും കുഴക്കിയിട്ടുള്ള ഒരു പ്രശ്നമാണിത്.. ഒരാളുടെ ജാതിപ്പേര്.. അത് അയാൾക്ക് അപമാനകരമാകുന്നത് എങ്ങനെയാണ് ? ഉയർന്ന ജാതിക്കാർക്ക് ജാതിപ്പേര് ഒരു അലങ്കാരം പോലെ തോന്നുമ്പോൾ താണ ജാതിക്കാരന് ഇത് അവന്റെമേൽ കെട്ടിവച്ച ഒരു കീറമാറാപ്പുപോലെ അനുഭവപ്പെടുന്നുണ്ടാവുമോ ? ഞാൻ ഒന്നു ചോദിക്കട്ടെ.. എന്താണീ ഉയർന്നതും താഴ്ന്നതുമായ ജാതി ?ഉയർച്ചയുടെയും താഴ്ചയുടെയും മാനദണ്ഡം എന്താണ് ? കുറേക്കാലം മുൻപത്തെ മനുഷ്യർ തങ്ങളുടെ വിവരക്കേടും വിദ്യാഭ്യാസകുറവുകൊണ്ടുമൊക്കെ കാട്ടിക്കൂട്ടിയ വർണ്ണ -വർഗ്ഗ വിവേചനങ്ങൾ നമുക്ക് തല്ക്കാലം മറക്കാം.. അതൊക്കെ കഴിഞ്ഞു പോയി... ഇന്നത്തെ കാലത്തോ ? കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന ജനവിഭാഗങ്ങൾക്ക് തുല്യനീതി ഉറപ്പുവരുത്തുന്നതിനായും അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനായി ഇത്തരം വിഭാഗങ്ങളെ തരം തിരിച്ചു പട്ടിക തയ്യാറാക്കി സംവരണം നൽകിത്തുടങ്ങി... അതാണ് പട്ടിക ജാതിയും പട്ടിക വർഗ്ഗവും... അതു മാത്രമാണ്.. അല്ലാതെ അവർക്ക് മറ്റൊന്നിനും ഒരു കുറവുമില്ല... ഈയൊരു കാര്യത്തെ തെറ്റിദ്ധരിച്ചു വശായ ആളുകൾ ഈ പട്ടികകളിൽ പെടാത്ത വിഭാഗങ്ങൾക്കെന്തോ കൊമ്പുണ്ടെന്ന മട്ടിൽ പെരുമാറുന്നത് കാണുമ്പോ സത്യത്തിൽ സഹതാപമാണ് തോന്നുക... ആ ഇല്ലാത്ത 'കൊമ്പിന്റെ ' ഹുങ്കിൽ അടുത്തു നിൽക്കുന്ന പാവപ്പെട്ടവനെ ചൊറിയുമ്പോഴാണ് ഈ 'ജാതിയാക്ഷേപം' തലപൊക്കുന്നത്.. ഈ രോഗത്തിന്റെ മൂല കാരണം അസൂയയാണ്... തന്റെ ജോലിക്കാരൻ തന്നോളം അല്ലെങ്കിൽ തന്നെക്കാൾ വളരുന്നത് ഒരു മുതലാളിയും സഹിക്കില്ലല്ലോ.. മനോഭാവത്തിൽ മാറ്റം വരുത്താത്തിടത്തോളം ഈ രോഗം മാറില്ല..
ഇനി ഇതേ വിഷയത്തിന്റെ മറുവശം... മറ്റൊരാൾ തന്നെ ജാതിപ്പേരിൽ വിളിക്കുമ്പോൾ ഇത്ര നോവാനെന്താണ് കാരണം ? ജനനം കൊണ്ട് നീ ആരാണോ അത് അംഗീകരിക്കുന്നതിൽ എന്താണ് ഇത്ര കുറച്ചിൽ ?! നിന്റെ ജാതിയുടെ അല്ലെങ്കിൽ വംശത്തിന്റ പേരിൽ സംബോധന ചെയ്യപ്പെടുന്നതിൽ നീ ലജ്ജിക്കുന്നിടത്തോളം നീ തള്ളിപ്പറയുന്നത് നിന്റെ അസ്ഥിത്വം തന്നെയാണെന്നോർക്കുക... സ്വയം ബഹുമാനിക്കാത്തവനെ പിന്നെ സമൂഹം എന്തിനു ബഹുമാനിക്കണം ? നിന്നെ ജാതിപ്പേര് വിളിച്ചു കൊണ്ട് ഇടിച്ചുതാഴ്ത്താൻ ഇറങ്ങിതിരിച്ചിരിക്കുന്നവരുടെ മുൻപിൽ തലയുയർത്തിപ്പിടിച്ചു പുഞ്ചിരിച്ചുകൊണ്ട് "അതേ... ഞാൻ അതുതന്നെയാണെന്നു " നീ അംഗീകരിക്കുമ്പോൾ തകർന്നടിയുന്നത് വിളിക്കുന്നവന്റെ അഹന്തയ്ക്കൊപ്പം വർഗ്ഗവിവേചനം എന്ന ദുഷിച്ച വഴക്കം കൂടിയാണ്... ആദ്യം മാറേണ്ടത് നീയാണ്.. പിന്നെ സമൂഹത്തിന് മാറാതിരിക്കാനാവില്ല...
ആരും പൂർണ്ണരല്ലാത്ത ഈ ലോകത്തു ഓരോരുത്തരും വിലപ്പെട്ടവർ തന്നെയാണ്.. മണ്ണിൽ പണിയെടുക്കുന്ന കർഷകരെയും രാജ്യം ഭരിക്കുന്ന നേതാക്കളെയും നമുക്ക് വേണം...മാലിന്യം നീക്കം ചെയ്യാൻ തോട്ടികളെയും രോഗം ചികിത്സിക്കാൻ ഡോക്ടർമാരെയും നമുക്ക് ആവശ്യമുണ്ട്... എൻജിനീയർമാരെപ്പോലെ ആശാരിമാരും കൊല്ലന്മാരും ഒഴിവാക്കാൻ വയ്യാത്തവരാണ്... ഇവിടെയൊന്നും പ്രസക്തമല്ലാത്ത ജാതി പിന്നെന്തിനു കാര്യമാക്കണം ? ഗുരു പറഞ്ഞതുപോലെ... മതമേതായാലും മനുഷ്യൻ നന്നായാൽ മതി..
By: Anju Antony
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക