Slider

ഉമ്മ.

0
Image may contain: 1 person, eyeglasses and closeup

ചിറ്റിട്ട *കാതും പുറത്തുകാട്ടി
ചുറ്റിയ ചേല തലയിലിട്ട്
പൂമുഖ വാതിലിൽ വന്നിരുന്ന്
പൂ പോലെ പുൻചിരിക്കുന്നു ഉമ്മ.
ആമിനുമ്മയെന്ന എൻെറ ഉമ്മ.!
തൊട്ടരികത്തിരിക്കുന്നു ഉപ്പ .
ഉപ്പാടെ ''പോക്കറ്റടിച്ചു '' മാറ്റി
ഇപ്പോളും നല്കിടും കാശെനിക്ക്.
വേണ്ടാന്നു ചൊന്നാലും
''പൊട്രോളടിച്ചോടാ,എന്നും
പറഞ്ഞെൻെറ പോക്കറ്റിലേക്കിടും .
ഉമ്മാടെ മടിയിൽ മലർന്നു കിടന്നിട്ട്
ഞാനെത്ര ബീഡി വലിച്ചു ഊതി.
പാറുന്ന പുകയെ വകഞ്ഞുമാറ്റി
നിൻെറുപ്പ പോലിത് ചെയ്യില്ലടാ
എന്നും പറഞ്ഞെന്നെ തള്ളിമാറ്റും
പിന്നെയും കുളവാഴ ചണ്ടിപോലെ
ആമടിയിൽ തന്നഭയമാകും.
മക്കളൻച്ചുപേരുണ്ട് എങ്കിലും ഞാൻ
മൂന്നാമൻ മുടിയനാം പുത്രനായ്.!
കാഷായ വേഷം വലിച്ചു കേറ്റി
ബുദ്ധി ജീവി സൻചി തോളിലിട്ട്
നാടായ നാടൊക്കെ നാടകവുമായ്
നാടുതെണ്ടിവരുന്നതേതു പാതിരയോ
ചിമ്മിനി വെട്ടം കെടുത്താതെ,
കാത്തിരുന്നെന്നെ ഊട്ടുംഉമ്മ.!
സുബ്ഹി നമസ്കരിച്ചെൻെറ ഉമ്മ
''ഓതിയൂതും '' എന്നും എൻതലയിൽ.
ഖുർആനും,സുന്നത്തും,മാറ്റിവെച്ച്
ഓതിതികഞ്ഞെന്നഹങ്കാരമായ്
ഓടി നടന്നെൻെറ കൽവഴിയിൽ,
കല്ലൊന്നും കാലിൽ പെടാതിരിക്കാൻ
ഖൾബുരുകി കരഞ്ഞന്നുമുമ്മ.!
കാഷ്ടകൂമ്പാരത്തിൻ മേലെനിന്ന്
കൂവൂന്ന പൂങ്കോഴി പോലെ ഞാനും
ഞാനാണ് നേരം പുലർത്തിയവൻ
എന്നുരചെയ്തൊരു കാലഘട്ടം
ഇന്നുമെൻ മാനസം വെന്തെരിച്ചുടുമീ
എന്നുമെൻ നെൻചിലെ അഗ്നിയായ്.
ചുറ്റിത്തിരിഞ്ഞെത്ര നാടുകൾഞാൻ
പറ്റെ മടുത്തൂ ഞാൻ വീണ്ടുമെത്തി
ഉമ്മതൻ കാല്ക്കീഴിൽ വന്നിരുന്നു.!
ഇന്നും എനിക്കായ് കരുതിവെക്കും
ചുക്കിച്ചുളുങ്ങിയ നോട്ടുമായ്
പൂമുഖ വാതിലിൽ കാത്തിരിക്കും
പുൻചിരി മായാതെ എന്നെ നോക്കി.!
രക്ഷപക്ഷത്തുനിന്നുമെന്നു മെന്നും,
രക്ഷിച്ചിടുന്നെൻെറ രക്ഷിതാവേ
ഉമ്മതൻ പുൻചിരി മായാതെനോക്കൂ
ഉമ്മകൾനല്കി കൊതി തീർന്നില്ല.!
ഇപ്പോഴും ഞാൻ ദൂരെയാണെങ്കിലൂം
ഉമ്മയിരിക്കുന്നു വഴികണ്ണുമായ്.
ആ പൂമുഖവാതിലിൽ എനിക്കെന്നും
കാണണം ആ മുഖം തമ്പുരാനെ
ആയുരാരോഗ്യ സൗഖ്യമോടെ
കാത്തിടണേയെൻ മാതാപിതാക്കളെ
കാരുണ്യവാനേ കേഴുന്നു ഞാൻ.!!
^^^^^^^^^^^^^^^^^^^^^^^^^^^^^^
അസീസ് അറക്കൽ.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo