Slider

മണ്ണ്

0


മണ്ണ് നനഞ്ഞു കുതിര്‍ന്നാലുണ്ടാവില്ലേ ഒരു പൊന്‍ തിളക്കം? മഴ തോര്ന്ന് മാനം ചിരിക്കുമ്പോഴുണ്ടാവുന്ന ആ നനുത്ത മണ്ണിലിറങ്ങി കാല്‍മടമ്പു കൊണ്ട് ചുറ്റിത്തിരിഞ്ഞാല് ഒരു കൊച്ചു കുളമുണ്ടാവും... കലക്കന്‍ വെള്ളം കെട്ടിക്കിടക്കുന്ന കുളം. ചൂണ്ടുവിരല് കൊണ്ട് കൈ വരികള് കെട്ടിക്കിടക്കുന്ന വെള്ളത്തിലേക്ക്‌ വരച്ച് ചേര്ക്കും... കുളത്തിനു ചുറ്റും വെള്ളാരം കല്ലുകള്കൊണ്ട് വരമ്പ് കെട്ടി കുഞ്ഞു പുല്ചെടികള് വെച്ചു പിടിപ്പിക്കും... കുളം പണി കഴിഞ്ഞാല് വീണ്ടും മാനം കറുക്കും.. കുഞ്ഞു കുറുമ്പും മുഖത്ത് വെച്ച് ഉമ്മയുടെ കൈവെള്ളക്കുള്ളിലകപ്പെട്ട് വീട്ടിനുള്ളിലേക്ക് വലിച്ചിഴച്ചു പോകുന്ന ചിത്രമാണ് പിന്നീട് കണ്ണുകളില് തെളിയുക..
“ പെരുമഴ വരുന്നുണ്ട് ഷിബൂ.. മഴ നനഞ്ഞാല് പനിപിടിക്കില്ലേ..”
അന്നൊക്കെ ഞാനും ചിന്തിച്ചിരുന്നു.. മഴ നനഞ്ഞാല് പനിപിടിക്കില്ലേ.? എന്റെ കുഞ്ഞു കുളത്തിന്നരികത്തായ് ഉറുമ്പിന് കൂടുണ്ട്.. എന്തോരം കുഞ്ഞുറുമ്പുകളാ ആ കൂട്ടില്..! അവര്ക്കൊക്കെ പനി പിടിക്കില്ലേ...? മഴ വരുന്നത് അവരുടെ അമ്മ അറിഞ്ഞിട്ടുണ്ടാവില്ലാ ലേ..? .
ഉമ്മ കാണാതെ എന്റെ പോപ്പിക്കുട ഉറുമ്പിന് കൂടിന് മുകളില് തുറന്നു വെച്ച് അടുക്കള വാതില്ക്കല് കാല് മുട്ടില് മുഖവും വെച്ച് കുടയിലൂടെ ഒലിച്ചിറങ്ങുന്ന മഴത്തുള്ളികളെ നോക്കിയിരുന്നു...
. “ചീറ്റാലവരും... ജലദോഷം പിടിക്കാന് പിന്നെ അത് മതി..”
എന്നും പറഞ്ഞ് അടുക്കള വാതില് ഉമ്മ കൊട്ടിയടച്ചപ്പോള് മനസ്സ് നിറയെ വേവലാതികളായിരുന്നു...!
ആ കുഞ്ഞുറുമ്പുകള്‍ പേടിച്ച് കരയുന്നുണ്ടാവും ലേ..? എന്റെ പോപ്പിക്കുട അവിടെത്തെന്നെ ഉണ്ടാവുമോ..? എന്റെ കുളത്തില് ഒരുപാട് വെള്ളം വന്നിട്ടുണ്ടാവും ലേ..? പൊളിയില്ലാത്ത മരത്തിന്റെ ജനലഴികളില് പിടിച്ചു വീട്ടു വളപ്പിലേക്ക് നോക്കി നില്ക്കുമ്പോള്‍ കട്ടിനൂല് പോലെ ഓടിലൂടെ ഒലിച്ചിറങ്ങുന്ന മഴ വെള്ളത്തെ കാണാന് എന്ത് രസമാണെന്നോ..!! കുഞ്ഞു കരങ്ങള് മഴവെള്ളത്തെ പിടിക്കാന് ജനലഴികളിലൂടെ പുറത്തേക്കിട്ടു ഏന്തിച്ചു നോക്കും.... പിന്നെ കുറുമ്പും.. ഞാന് എന്താ വേകം വലുതാവാത്തെ.. വല്ല്യ കുട്ടിയായിര്ന്നെങ്കില് എനിക്കാ മഴ വെള്ളത്തെ പിടിക്കാലോ....
തലയാട്ടി ചിരിക്കുന്ന പച്ച മുടിയും താടിയുമുള്ള അപ്പൂപ്പനെ പോലെയായിരുന്നു കാറ്റത്ത് ആടിയിളകുന്ന ചേമ്പിലയെ കണ്ടപ്പോള് എനിക്ക് തോന്നിയത്... എത്ര മഴ കൊണ്ടിട്ടും എന്താ അത് നനയാത്തേ...? അത്ഭുതം തന്നെ..! മറ്റു ചെടികളെല്ലാം നനഞ്ഞു കുതിരുവാണല്ലോ..! അയ്യോ അവര്ക്ക് പനി പിടിക്കില്ലേ..!! .
“ഉമ്മാ.. ആ ചെടികളെല്ലാം മഴ കൊള്ള്ന്നത് കണ്ടില്ലേ.. അവര്ക്ക് പനി വരൂലേ..?"
. “ചെടികള്ക്ക് മഴ നനഞ്ഞാല് പനി വരില്ല ഷിബൂ..”
അതെന്താണാവോ.. ചെടികള്ക്കും ജീവനില്ലേ..? ഇന്നലെ വിനോദിനി ടീച്ചര് പറഞ്ഞു തന്നതാണല്ലോ... എല്ലാ ചെടികള്ക്കും ജീവനുണ്ട്... അതുകൊണ്ടാണ് അവ വളര്ന്നു വലുതാവുന്നത് എന്ന്.. ജീവനുള്ളവയ്ക്കെല്ലാം രോഗങ്ങളും വരില്ല? നിഷ്കളങ്കമായ മനസ്സ് വീണ്ടും ഒരുപാട് ചോദ്യങ്ങള്ക്ക് ജന്മം നല്കി.. ഉത്തരം കിട്ടാത്ത..!
പ്ലാവിന്‍ കൊമ്പത്ത് രണ്ടു കാക്കകള് വന്നിരിക്കുന്നുണ്ടായിരുന്നു.. നനഞു കുതിര്ന്ന് കോറിപ്പിടിച്ച്ചിരിക്കും പോലെ... ഉമ്മാക്ക് കാണിച്ച് കൊടുത്തപ്പോള് ആ കാക്കയുടെ കുഞ്ഞാണ് മറ്റേ കാക്ക എന്നു പറഞ്ഞു.. പറഞ്ഞത് പോലെ തന്നെ അതില് ഒരു കാക്ക ചെറുതായിരുന്നു... പാവം.. രണ്ടും നനഞ്ഞു കുതിര്ന്നിട്ടുണ്ട്.. അമ്മക്കാക്ക കുഞ്ഞിക്കാക്കയെ അതിന്റെ ചിറകിനടിയിലേക്കു ചേര്ത്ത് വെച്ചപ്പോള് എനിക്ക് അത്ഭുതവും സംശയവും ജനിച്ചു..
“എന്തിനാ ഉമ്മാ ആ കുഞ്ഞു കാക്കയെ ചിറകിനടിയില് ഒളിപ്പിച്ച് വച്ചിരിക്കുന്നെ..?”
“ അതിന്റെ കുഞ്ഞിനു മഴ നനയാതിരിക്കാനാണ് മോനെ..”
“ അപ്പോള് ആ തള്ളക്കാക്കക്ക് മഴ നനയൂലെ..?"
“ഉം.. നനയും.. അമ്മക്ക് നനഞ്ഞാലും കുഞ്ഞിനെ മഴ നനയിക്കാന് ഏതൊരമ്മയും ആഗ്രഹിക്കില്ല... അത് കൊണ്ടാ... ആ അമ്മക്കാക്ക സ്വയം നനയുന്നത്..!”
ഞാന് ചുറ്റും വീണ്ടും കണ്ണോടിച്ചു.. വീട്ടിലൂടെ തെണ്ടിത്തിരിയുന്ന ആ വരയന് പൂച്ച ചായ്പ്പില് വിറകു കെട്ടിന് മുകളില് ചമ്രം പടിഞ്ഞു കിടക്കുന്നുണ്ട്.. പാവം.. അതിനു തണ്ക്കുന്നുണ്ടാവില്ലേ..? അതിന്റെ അമ്മ തീറ്റ തേടി പോയതാകും... പാവം അമ്മ.. അതും മഴ നനഞ്ഞു കുതിര്ന്നിട്ടുണ്ടാവും...
അമ്മമാര്ക്കെല്ലാം മക്കളോട് ഒരുപാട് സ്നേഹമുണ്ട്... ഏതു ജന്തുക്കളുടെ അമ്മയായാലും... അമ്മയുടെ മനസ്സ് എല്ലാവര്ക്കും ഒരുപോലെയാ...
കട്ടിനൂല് പോലെ ഇറ്റിവീണ മഴവെള്ളം മാലമുത്തുകള് പോലെ ഓരോന്നായ് ഓടിന് പുറത്ത് നിന്നും തുള്ളി വീഴുന്നുണ്ട്...
മഴ വീണ്ടും തോര്ന്നു... വരയന്‍ പൂച്ച തലയൊന്ന് കുടഞ്ഞ് മ്യാവൂ പറഞ്ഞ് ഇരുന്നിടത്തീന്ന് എണീറ്റു..
കുഞ്ഞിക്കാക്ക തള്ളക്കാക്കയോടൊപ്പം ചിറകടിച്ചു പറന്നു..
മണ്ണിനു വെയില് തിളക്കം വന്നതും ഞാന് മുറ്റത്തിറങ്ങി.. കുഞ്ഞികുളത്തില്‍ എത്രത്തോളം വെള്ളം വന്നിട്ടുന്ടെ ന്നു നോക്കാന് അതിനരികത്തേക്ക് നടന്നു...
അടുത്തെത്തിയപ്പോള് ഞാനൊന്ന് സ്തംഭിച്ചു..! എന്റെ കുളം കാണാനില്ല..! ഇത്ര പെട്ടന്ന് ആരത് കട്ടെടുത്തോണ്ട് പോയി ..? കുളം നിന്നിരുന്ന സ്ഥാനത്ത് ഉണങ്ങിയ കരിയിലകളും പൂയിമണലും..! ഉറുമ്പിന് കൂട്ടിലേക്ക് നോക്കിയപ്പോള് എന്റെ പോപ്പിക്കുടയും കാണുന്നില്ല.. കുട വെച്ച് കൊടുത്തത് അവര്ക്ക് ഇഷ്ടമായിട്ടുണ്ടാവില്ലേ..? എന്നാല് കുഞ്ഞുറുമ്പുകള്ക്ക് ഒന്നും സംഭവിചിട്ടില്ലാ എന്ന മട്ടില് ചുറ്റിത്തിരിയുന്നുണ്ട്.. അവരുടെ കൂടിനു പോലും ഒരു പോറലും വന്നില്ല.. കുറുമ്പും സങ്കടവും ഒരുമിച്ച് വന്നു കരഞ്ഞു കലങ്ങിയ കണ്ണുകളുമായ് ഉമ്മാന്റടുത്തേ
ക്ക് പരാതിയുമായ് ചെന്നപ്പോള് ഉമ്മ ഒന്ന് പൊട്ടിച്ചിരിച്ചതെ ഒള്ളു..
“ഷിബൂ.. നീ അല്ലാതെ ഉറുമ്പിന് കൂടിനു കുട വെച്ച് കൊടുക്കുമോ..? അവര്ക്ക് കുട വെച്ചത് ഇഷ്ടാവാത്തത് കൊണ്ടൊന്നും അല്ല.. കാറ്റത്ത് പാറിപ്പോയതാ.. നിന്റെ കുളവും ആരും കൊണ്ട് പോയിട്ടില്ല.. മഴയത്ത് മണ്ണ് വന്നു മൂടിയതാ..”
തറവാട്ടു വീട്ടിലേക്കു പോകുന്ന വഴിയില് ആ നീലപ്പോപ്പിക്കുട തനിച്ചിരിക്കുന്നതാണ് പിന്നെ ഞാന് കണ്ടത്... മറിഞ്ഞു കിടക്കുന്ന കുടയില് മഴവെള്ളം നിറഞ്ഞു വലിയ കുളം പോലെ ഓളങ്ങള് ഇളകുന്നുണ്ട്.. തെളിഞ്ഞ വെള്ളമുള്ള ഒരു പുതിയ കുളം എനിക്ക് സമ്മാനിച്ചത് എന്റെ സ്വന്തം പോപ്പിക്കുടയായിരുന്നു.. മനസ്സിലിനിയും ഒരുപാട് സംശയങ്ങള് ബാക്കി.. ഞാന് ചെയ്തത് തെറ്റായിരുന്നോ..? മഴ നനഞ്ഞു പനി പിടിക്കുമെന്ന് പേടിച്ച് ആ പാവം കുഞ്ഞുറുമ്പുകള്ക്ക് കുട ചൂടിയതാണോ കാറ്റിനോട് ഞാന് ചെയ്ത തെറ്റ്..?
വിങ്ങുന്ന നിഷ്കളങ്ക ഹൃദയത്തിനു മറുപടി നല്കാന് ആരും വന്നില്ല.. കാറ്റ് വീണ്ടും വീശി.. കുട തന്ന കുളത്തില് ഓളങ്ങള് മെല്ലെ ഇളകി.. ബാക്കി വന്ന ഒരു തുള്ളി കണ്ണുനീര് ആ കുളത്തില്‍ വീണു ലയിച്ചുചേര്‍ന്നു.....
----- ശുഭം ----
.
ഷാഹില് കൊടശ്ശേരി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo