
നല്ല ശക്തമായ മഴ പെയ്യുന്നുണ്ടെങ്കിലും അത് വകവെക്കാതെ അയാള്‍ ആ കുഴി കുഴിച്ചു കൊണ്ടിരുന്നു .കണ്ണില്‍ നിന്ന്‍ അടര്‍ന്ന് വീണ കണ്ണീര്‍ തുള്ളികള്‍ മഴത്തുള്ളിയുടെ കൂട്ടുചേര്‍ന്ന് ഒരിമിച്ചോഴുകി ആ മുഖത്തിലൂടെ.എങ്കിലും അയാള്‍ കുഴിവേട്ടുന്നതിന് ഇടവേള നല്‍കാതെ ആഞ്ഞു കുത്തുകയാണ് .ഇടയ്ക്ക്കിടയ്ക്കായി ഒരു തേങ്ങല്‍ പോലെയുള്ള ശബ്ദം അയാള്‍ ഉണ്ടാക്കുന്നുണ്ട്.കുഴിയിലെയ്ക്ക് ഒലിച്ചു ചാടിയ മഴവെള്ളത്തില്‍ തൂമ്പ കൊണ്ടപ്പോള്‍ അയാളുടെ ശരീരത്തിലേക്ക് ചെളിവെള്ളം തെറിച്ചു.മുഖത്തേക്ക് തെറിച്ച വെള്ളം അയാള്‍ ഒരു കൈകൊണ്ട് പതിയെ തുടച്ചു.കുത്തിയ കുഴിയുടെ അളവുകള്‍ അയാള്‍ക്ക് ബോധ്യപ്പെട്ടപ്പോള്‍ അയാള്‍ കുഴിയില്‍ നിന്ന് കയറി അതിന് അരികത്തായി വെച്ചിരുന്ന ഒരു മൃതശരീരം പതിയെ ആ കുഴിയിലേക്ക് ഇറക്കി വെച്ചു.ആ മൃതശരീരത്തിന്‍റെ നെറ്റിയില്‍ ഒരു ചുംബനം നല്‍കികൊണ്ട് അയാള്‍ ആ കുഴിമൂടുവാന്‍ തുടങ്ങി.അയാളുടെ തേങ്ങലൊരു കരച്ചിലായി പിന്നീടൊരു അലര്‍ച്ചയില്‍ അവസാനിച്ചു ആ തേങ്ങല്‍
-----------------------------
മൂന്ന്‍ മാസങ്ങള്‍ക്ക് ശേഷമൊരു ഒരു രാത്രി
സാമാന്യം വളരെ വലുതായ ഒരു വീടിന്‍റെ മതിലിനോട് ചേര്‍ന്ന് അയാള്‍ കാര്‍ നിറുത്തി .ഡാഷ്ബോര്‍ഡ് തുറന്നൊരു ഡയറി അയാള്‍ പുറത്തേക്ക് എടുത്തു . അതില്‍ നിന്നൊരു ഫോട്ടോയെടുത്ത് പോക്കറ്റില്‍ വെച്ചു.കുറച്ചുനേരത്തെ കാത്തുനില്‍പ്പിന് ശേഷം ഒരു വാഹനം ആ വീടിന്‍റെ ഗേറ്റ് കടന്നു പുറത്തേയ്ക്ക് പോയപ്പോള്‍ അയാള്‍ കാറില്‍ നിന്ന് ഇറങ്ങി വീടിന്‍റെ അടുത്തേക്ക് നടന്നു.വീടിന്‍റെ ഡോറില്‍ പതിയെ അയാള്‍ രണ്ടുതവണ കൊട്ടി .ഡോര്‍ തുറന്ന് ഒരു ചെറുപ്പക്കാരി പുറത്തേക്ക് വന്നു
“നിമ്മിയല്ലേ ?“ അയാള്‍ അവളോട് ചോദിച്ചു
“അതെ... നിങ്ങള്‍ ആരാണ്”
“നിമ്മിയൊരു റോയിയെ അറിയുമോ ? “ പോക്കറ്റില്‍ നിന്ന് ആ ഫോട്ടോ കാണിച്ചു കൊണ്ട് അയാള്‍ അവളോട് ചോദിച്ചു .ആ ഫോട്ടോ കണ്ടതും അവള്‍ ഒരടി പിന്നോട്ട് വെച്ചു കാലുകള്‍ .അവളുടെ മുഖത്ത് ഭയം പറക്കുന്നത് അയാള്‍ ശ്രദ്ധിച്ചു .എന്തോ ഒളിക്കും പോലെ അവള്‍ അയാളുടെ ചോദ്യത്തിന് മറുപടി പറഞ്ഞു
“ഇല്ല ...അറിയില്ല ...ഹേയ് മിസ്റ്റര്‍ ആരാണ് താങ്കള്‍ ….രാത്രിയില്‍ ഇവിടെയെന്താണ് കാര്യം “ അവളുടെ ഉള്ളിലെ ഭയം ഒളിപ്പിച്ച് പുറമേ അല്പം ധൈര്യം കാണിച്ചുകൊണ്ടു അവള്‍ ശബ്ദം ഉയര്‍ത്തി പറഞ്ഞു
“ഈ പറഞ്ഞത് എന്‍റെ കണ്ണുകളില്‍ നോക്കി പറയു നിമ്മി “ അവള്‍ അയാളുടെ കണ്ണുകളിലേയ്ക്ക് നോക്കി പറയാനൊരുങ്ങിയെങ്കിലും ഒന്ന് മുഴുവിപ്പിക്കാനാകാതെ അവള്‍ അയാളെ നോക്കി നിന്നു
“ഇനി പറയു ...നിമ്മി റോയിയെ അറിയില്ലേ “ അവള്‍ അറിയുമെന്ന് തലയാട്ടി
“നമുക്ക് അകത്തിരിന്നു സംസാരിക്കാം നിമ്മി “ അയാള്‍ വാതില്‍ തുറന്ന് വീടിനകത്തേയ്ക്ക് കയറി .എന്തോ കണ്ടു ഭയന്ന് സ്വബോധം നശിച്ച ഒരാളെപ്പോലെ യാന്ത്രികമായി അവള്‍ അയാളെ അനുഗമിച്ചു .
“ഇരിയ്ക്കു നിമ്മി “ ഒരു കസേരയില്‍ ഇരുന്നുകൊണ്ട് അയാള്‍ നിമ്മിയോട് പറഞ്ഞു .അവളും അയാള്‍ക്കരികിലുള്ള മറ്റൊരു കസേരയില്‍ ഇരുന്നു
“നിമ്മി നീ എത്ര വലിയ പാപമാണ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയുമോ ? “ അവള്‍ അതിന് മറുപടി പറയാതെ നിശ്ചലയായി അയാളുടെ കണ്ണുകളിലേയ്ക്ക് നോക്കിയിരുന്നു .അയാള്‍ അവള്‍ക്കൊരു വെള്ള നിറത്തിലുള്ള ഒരു പേപ്പര്‍ കൊടുത്തുകൊണ്ട് അവളുടെ ചെവിയില്‍ സ്വകാര്യമായി എന്തോ പറഞ്ഞു .അയാള്‍ പറഞ്ഞ് അവസാനിപ്പിച്ചതും അവള്‍ ആ വെളുത്ത പേപ്പറില്‍ എന്തോ എഴുതി മേശപ്പുറത്ത് വെച്ചു
“ഗുഡ് “ അയാള്‍ ചിരിച്ചുക്കൊണ്ടു പറഞ്ഞു .പാന്റ്സിന്റെ പോക്കറ്റില്‍ നിന്നൊരു ചെറിയൊരു കുപ്പിയെടുത്ത് അയാള്‍ മേശപ്പുറത്ത് വെച്ചു .നിമ്മിയുടെ കണ്ണുകളിലേയ്ക്ക് അയാള്‍ വീണ്ടും തറപ്പിച്ചു നോക്കി .ഒരു പാവയെപോലെ യാന്ത്രികമായി അവള്‍ ആ കുപ്പിയെടുത്ത് അടപ്പ് തുറന്ന് അതിലെ ദ്രാവകം കുടിയ്ക്കാന്‍ തുടങ്ങി .ഒരു മുപ്പത് സെക്കന്റ്‌സിന് ശേഷം അവളുടെ വായില്‍ നിന്ന് വെള്ള നിറത്തിലുള്ള പത പുറത്തേയ്ക്ക് വരാന്‍ തുടങ്ങി.അവള്‍ കസേരയില്‍ നിന്നു നിലത്തോട്ട് വീണു .കൈകാലുകള്‍ രണ്ടുതവണ തറയിലിട്ട് അടിച്ചതിനു ശേഷം അവളുടെ കണ്ണുകള്‍ അടയാന്‍ തുടങ്ങി .അയാള്‍ ആ രംഗം കണ്ട് ഉച്ചത്തില്‍ ചിരിക്കാന്‍ തുടങ്ങി
--------------------------------------------
പിറ്റേന്ന് കാലത്ത്
തടിച്ചുകൂടിയ ജനങ്ങള്‍ക്കിടയിലൂടെ പോലീസ് ജീപ്പ് വന്നു നിന്നു .നിമ്മിയുടെ ഭര്‍ത്താവ് വിവേക് ആയിരുന്നു നിമ്മിയുടെ മരണം പോലീസിനെ അറിയിച്ചത് .ആത്മഹത്യയാണ് എന്നാദ്യം വിവേകിന് തോന്നിയെങ്കിലും പിന്നീട് എന്തോ സംശയം തോന്നി പോലീസിനെ അറിയിക്കുകയായിരുന്നു.സബ്ഇന്‍സ്പെക്ടര്‍ ജീവന്‍ അഗസ്റ്റിന്‍ നിമ്മിയുടെ ശരീരം കിടന്ന ഭാഗത്തേയ്ക്ക് നടന്നു വന്നു .
“ആരാ ഇവരുടെ ഭര്‍ത്താവ് ? “ ജീവന്‍ അടുത്ത് നിന്നിരുന്ന പോലീസുകാരനോട് ചോദിച്ചു
“ഇയാളാണ് സാര്‍ “ വിവേകിനെ ചൂണ്ടികൊണ്ട് പോലീസുകാരന്‍ പറഞ്ഞു .വിവേകിനോട് ജീവന്‍റെ അടുത്തേക്ക് വരാന്‍ ജീവന്‍ ആംഗ്യം കാണിച്ചു
“എന്താണ് സാര്‍ “ വിവേക് ജീവനോട് ചോദിച്ചു
“എപ്പോഴാണ് സംഭവം നടന്നത് ?”
“അറിയില്ല സാര്‍ …..ഇന്നലെ ഒരു മീറ്റിംഗിനായി ട്രീവാണ്ട്രം പോയിരിക്കുകയായിരുന്നു ….തിരിച്ച് ഇന്ന് കാലത്താണ് വന്നത് ..അപ്പോഴാണ് കണ്ടത് “ വിവേക് പൊഴിയാന്‍ വിതുമ്പി നിന്നിരുന്ന കണ്ണീര്‍ തുള്ളികള്‍ കൈകൊണ്ട് തുടച്ചുകൊണ്ട് പറഞ്ഞു
“എന്തുകൊണ്ട് ഇതൊരു ആത്മഹത്യ ആയിക്കൂടാ ….കൊലപാതകം ആണെന്ന് പറയാന്‍ കാരണം? “ ജീവന്‍ വിവേകിനോട് ചോദിച്ചു
“അറിയില്ല സാര്‍ ...അവള്‍ക്ക് ആത്മഹത്യ ചെയ്യേണ്ടതായ ഒരു കാരണങ്ങളും ഉണ്ടായിരുന്നില്ല സാര്‍ ...ഇന്നലെ കൂടിയും വളരെ സന്തോഷവതിയായിരുന്നു അവള്‍ ….ഞാന്‍ തിരിച്ച് വന്നതിനുശേഷം ശേഷം ഞങ്ങളൊരു ട്രിപ്പ് അടക്കം പ്ലാന്‍ ചെയ്തതാ ...അപ്പോഴേക്കും അവള്‍...ഇല്ല സാര്‍ അവളൊരിക്കലും ആത്മഹത്യ ചെയ്യില്ല സാര്‍ “
പെട്ടന്നാണ് മേശപ്പുറത്തിരുന്ന ഒരു വെളുത്ത പേപ്പര്‍ ജീവന്‍റെ കണ്ണില്‍പ്പെട്ടത് .അയാള്‍ ആ പേപ്പര്‍ കയ്യിലെടുത്തു
“സ്റ്റിപെന്ഡിയ എനിം പെക്കാട്ടി മോര്‍സ് “ ജീവന്‍ പേപ്പറില്‍ എഴുതിയിരിക്കുന്നത് വായിച്ചു
“എന്താ ഇതിന്‍റെ അര്‍ഥം ?” ജീവന്‍ വിവേകിനോട് ചോദിച്ചു
വിവേക് ആ പേപ്പര്‍ ജീവന്‍റെ കൈയില്‍ നിന്ന് വാങ്ങി വായിച്ചു
“സ്റ്റിപെന്ഡിയ എനിം പെക്കാട്ടി മോര്‍സ് “ വിവേകും അതില്‍ എഴുതിയിരിക്കുന്ന വാചകം വായിച്ചു
“അറിയില്ല സാര്‍ “
“നിമ്മിയുടെ ഹാന്‍ഡ്‌റൈറ്റിംഗ് ആണോ ഇത് “ ജീവന്‍ വിവേകിനോട് ചോദിച്ചു
“അതെ സാര്‍ ...നിമ്മിയുടെ ഹാന്‍ഡ്‌റൈറ്റിംഗ് തന്നെയാണ് “
“മം….നിമ്മിയ്ക്ക് ശത്രുക്കള്‍ ആരെങ്കിലും ? അങ്ങനെ എന്തെങ്കിലും നിമ്മി വിവേകിനോട് പറഞ്ഞിട്ടുണ്ടോ ? “ പേപ്പര്‍ പോക്കറ്റിലേയ്ക്ക് വെച്ചുകൊണ്ട് ജീവന്‍ വിവേകിനോട് ചോദിച്ചു
“ഇല്ല സാര്‍ ...അങ്ങനെയൊന്നും പറഞ്ഞട്ടില്ല ...എന്‍റെ അറിവില്‍ അവള്‍ക്ക് ശത്രുക്കള്‍ ഒന്നുമില്ല സാര്‍ “
ജീവന്‍ നിമ്മി മരിച്ച കിടന്ന സ്ഥലത്തുകൂടി വിശദമായൊരു പരിശോധന നടത്തി .അപ്പോഴാണ് ചുമരിന്‍റെ ഒരു മൂലയിലായി ഒരു കുപ്പി അവന്‍റെ കണ്ണില്‍പ്പെട്ടത് .ഒരു കര്‍ചീഫ് എടുത്തു ചേര്‍ത്ത് പിടിച്ചുകൊണ്ട് ജീവന്‍ ആ കുപ്പി നിലത്ത് നിന്ന് എടുത്തു .അതിനുളിലെയ്ക്ക് ഒന്ന് കണ്ണോടിച്ചു കൊണ്ട് ആ കുപ്പി അടുത്ത് നില്‍ക്കുന്ന പോലീസുകാരനെ എല്പ്പിച്ചുകൊണ്ട് ജീവന്‍ പറഞ്ഞു
“ഫോര്‍മാലിറ്റി കഴിഞ്ഞാല്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അയക്കാം “
“ശരി സാര്‍ “
സമാധാനിപ്പിക്കാനെന്നോണം ജീവന്‍ വിവേകിന്‍റെ തോളില്‍ത്തട്ടി അവിടെ നിന്ന് തിരിച്ചു
-----------------------------------
പോലീസ് സ്റ്റേഷന്‍ -ജീവന്‍റെ റൂം
നിമ്മിയുടെ വീട്ടില്‍ നിന്ന് കിട്ടിയ വെള്ള പേപ്പറിലെ വാചകത്തിലെയ്ക്ക് നോക്കിയിരിക്കുകയായിരുന്നു ജീവന്‍
“സ്റ്റിപെന്ഡിയ എനിം പെക്കാട്ടി മോര്‍സ് …..എന്തായിരിക്കും ഇതിന്‍റെ അര്‍ഥം ?...എന്തായിരിക്കും നിമ്മി ഈ വാചകത്തിലൂടെ പറയാന്‍ ഉദ്ദേശിച്ചത് ? ഇനി മരിയ്ക്കും മുന്നേ കൊലയാളിയെ കുറിച്ച് എഴുതിയതാണോ ? ആണെങ്കില്‍ ഇതേത് ഭാഷ ? ഒരു പക്ഷെ അവള്‍ ആത്മഹത്യ ചെയ്തതാണെങ്കില്‍ ? അങ്ങനെയാണെങ്കില്‍ മനസിലാവാത്ത ഭാഷയില്‍ അവളൊരിക്കലും ഇങ്ങനെയൊരു കുറിപ്പ് എഴുതുമോ ? കൊലപാതകം തന്നെയാണ് ...പക്ഷെ ആര് ? എന്തിന് ? എങ്ങനെ ?........ഒരു ഒടിയനെ ഇപ്പോ പിടിച്ച് കഴിഞ്ഞട്ടെയുള്ളൂ ...അപ്പോഴേക്കും അടുത്ത ഗുലുമാല് കേസ് “ ജീവന്‍ നിഗമനങ്ങളും അനുമാനങ്ങളുമായി ഇരിക്കുന്നതിന് ഇടയിലാണ് കോണ്‍സ്റ്റബിള്‍ മാധവന്‍ നിമ്മിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുമായി അവിടെയ്ക്ക് കടന്നു വരുന്നത്
“സാര്‍ നിമ്മിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് “ അയാള്‍ ആ റിപ്പോര്‍ട്ട് ജീവന്‍റെ മേശപ്പുറത്തെയ്ക്ക് വെച്ചു
“നിമ്മിയുടെ വീട്ടില്‍ നിന്നു കിട്ടിയ ആ കുപ്പിയില്‍ എന്താണെന്നുള്ള റിപ്പോര്‍ട്ട് കിട്ടിയോ “ജീവന്‍ അയാളോട് ചോദിച്ചു
“ലാബിലേക്ക് അയച്ചിട്ടുണ്ട് സാര്‍ “
“ഓക്കേ ….സംഭവം സ്ഥലത്ത് നിന്ന് കിട്ടിയ കുറിപ്പ് എന്താണെന്ന്‍ മനസ്സിലാക്കാന്‍ പറ്റിയോ “
“അര്‍ഥം മനസ്സിലാക്കാന്‍ കഴിഞ്ഞട്ടില്ല സാര്‍ ….ടീം ശ്രമിക്കുന്നുണ്ട് സാര്‍ ...എന്നിരുന്നാലും അതിലെ എഴുതിയിരിക്കുന്ന ഭാഷ ലാറ്റിന്‍ ആണെന്നാണ് അവരുടെ കണ്ടെത്തല്‍ “
“ലാറ്റിന്‍ ? “ വിശ്വാസം വരാതെ ജീവന്‍ കോണ്‍സ്റ്റബിളിനോട് ചോദിച്ചു
“അതെ സാര്‍ ….ലാറ്റിന്‍ ഭാഷയിലാണ് എഴുതിയിരിക്കുന്നത് “
“നിമ്മി എങ്ങനെ ? നിമ്മിയ്ക്ക് ഇനി ലാറ്റിന്‍ ഭാഷ അറിയുമോ ? “ ജീവന്‍ ഫോണ്‍ എടുത്ത് വിവേകിന്‍റെ നമ്പര്‍ ഡയല്‍ ചെയ്തു
“ഹലോ വിവേക് …..ഇത് സബ്ഇന്‍സ്പെക്ടര്‍ ജീവനാണ് ...നിമ്മിയെ കുറിച്ചൊരു കാര്യം അറിയാന്‍ ഉണ്ടായിരുന്നു “
“ചോദിയ്ക്കു സാര്‍ “
“വിവേക് നിമ്മിയ്ക്ക് ലാറ്റിന്‍ അറിയുമോ “
“ലാറ്റിന്‍ ഭാഷയോ ? ഇല്ല സാര്‍ ...എന്താണ് സാര്‍ പ്രശ്നം “
“വീട്ടില്‍ നിന്ന്‍ കണ്ടെടുത്ത ആ കുറിപ്പിലെ വാചകം ലാറ്റിന്‍ ഭാഷയിലാണ് എഴുതിയിരിക്കുന്നത് വിവേക് “
“ഇല്ല സാര്‍ ...അങ്ങനെയാവാന്‍ വഴിയില്ല സാര്‍ ….അവള്‍ക്കതിന് ലാറ്റിന്‍ അറിയിലല്ലോ …..ഉറപ്പായി സാര്‍ ….ഇതൊരു കൊലപാതകം തന്നെയാണ് “
“ശരി വിവേക് ...ഞാന്‍ പിന്നീട് വിളിക്കാം “ജീവന്‍ ഫോണ്‍ കട്ട് ചെയ്തു .കവര്‍ തുറന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തേയ്ക്ക് എടുത്തു ജീവന്‍ .
മരണകാരണം ആര്‍സെനിക് എന്ന വിഷ പദാര്‍ത്ഥം ചേര്‍ന്നിട്ടുള്ള വീഞ്ഞ് കുടിച്ച്.ശരീരത്തില്‍ മറ്റ് ക്ഷതങ്ങള്‍ ഒന്നും തന്നെയില്ല.മുന്നൂറ്റി എണ്‍പത് മില്ലി ആര്‍സെനിക് കലര്‍ന്ന വീഞ്ഞ് ആമാശയത്തില്‍ കടന്ന് പെട്ടന്ന്‍ മരണം സംഭവിക്കുകയായിരുന്നു
“മുന്നൂറ്റി എണ്‍പത് മില്ലി ആര്‍സെനിക് കലര്‍ന്ന വീഞ്ഞ് “ ജീവന്‍ അത് പറഞ്ഞുകൊണ്ട് റിപ്പോര്‍ട്ടില്‍ അങ്ങനെ എഴുതിയ ഭാഗത്ത് പെന്‍സില്‍കൊണ്ട് അണ്ടര്‍ലൈന്‍ ചെയ്തു
“വൈന്‍ എന്ന് പറയുന്നത് തന്നെ അത്യാവശ്യം ചവര്‍പ്പും കയപ്പും ഉണ്ടാകും ….അതിലേയ്ക്ക് ആര്‍സെനിക് ലയിപ്പിച്ചാല്‍ ഒരു കവിള്‍ പോലും കുടിക്കുക എന്ന് പറഞ്ഞാല്‍ അസാധ്യം ….നിമ്മി അര ലിറ്ററിന് അടുത്തോളം കുടിച്ചിരിക്കുന്നു ….സ്വമധേയ ഒറ്റയടിക്ക് അത്രയും കുടിക്കുക എന്ന് പറഞ്ഞാല്‍ ? ...പുറത്തൊന്നും ഒരു തുള്ളിപ്പോലും വീണുപോയിട്ടില്ല ….നിര്‍ബന്ധിപ്പിച്ച് കുടിപ്പിച്ചതിന്‍റെതായ യാതൊരു ലക്ഷണവും ഇല്ല ...സംഭവ സ്ഥലത്ത് ഒരു പിടിവലി നടന്നതിന്‍റെതായ ലക്ഷണവും ഇല്ല ….പിന്നെ എങ്ങനെ അവള്‍ ?....കുറിപ്പിലെ ഭാഷ ലാറ്റിന്‍ ….അതിന്‍റെ അര്‍ഥം എന്തായിരിക്കും ? “ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലേയ്ക്ക് നോക്കിയിരിന്നു കൊണ്ട് ജീവന്‍ ആത്മഗതം നടത്തി
------------------------------------------------
ഒരാഴ്ചയ്ക്ക് ശേഷം ഒരു പകല്‍
ടൌണില്‍ നിന്ന് ഷോപ്പിംഗ് കഴിഞ്ഞ് ഒരുപിടി കവറുകള്‍ കയ്യിലും പിടിച്ചുകൊണ്ട് വീട്ടിലേയ്ക്ക് പോകാന്‍ ബസ്സ് കാത്തുനില്‍ക്കുകയായിരുന്നു അനിത .അവളുടെ മുന്നിലേയ്ക്ക് കറുത്ത നിറമുള്ള ഒരു അംബാസിഡര്‍ കാര്‍ വന്നു നിന്നു .ഗ്ലാസ്സ് താഴ്ത്തി കാറില്‍ ഉണ്ടായിരുന്ന ഒരാള്‍ അവളെ നോക്കി .അനിത അയാളെയും തിരിച്ചുനോക്കി .അയാള്‍ അവളുടെ കണ്ണുകളിലേക്ക് തറപ്പിച്ചുനോക്കി .അനിത കൈയിലുണ്ടായിരുന്ന കവറുകള്‍ നിലത്ത് ഇട്ടുകൊണ്ട് കാറിന്‍റെ ഡോര്‍ തുറന്ന് അകത്തേക്ക് കയറി .കാര്‍ പതിയെ ബസ്സ് സ്റ്റോപ്പില്‍ നിന്ന് നീങ്ങി
“ആ ഡാഷ്ബോര്‍ഡ് തുറക്ക് “ അയാള്‍ അവളോട് കാറിന്‍റെ ഡാഷ്ബോര്‍ഡ് തുറക്കാന്‍ ആവശ്യപ്പെട്ടു .അവള്‍ അയാള്‍ പറഞ്ഞപ്പോലെ ഡാഷ്ബോര്‍ഡ് തുറന്നു
“ഇനി അതില്‍ നിന്ന് ആ ഡയറി എടുക്ക് ….അതിനുള്ളില്‍ ഒരു ഫോട്ടോ ഉണ്ടാവും ..അത് പുറത്തേയ്ക്ക് എടുക്ക് “ അവള്‍ അയാള്‍ പറഞ്ഞപ്പോലെ ചെയ്തു
“ആ ഫോട്ടോയില്‍ കാണുന്നയാളെ അനിതയ്ക്ക് അറിയുമോ “ അവള്‍ അറിയുമെന്ന് തലയാട്ടി
“ആരാണത് ? “
“റോയി “
“അതെ റോയി …...നീ എത്ര വലിയ പാപമാണ് ചെയ്തിരിക്കുന്നത് അറിയുമോ അനിത…..അതിന്‍റെ പ്രതിഫലം നിനക്ക് വേണ്ടേ അനിതാ ? “ അയാള്‍ അവളോട് ചോദിച്ചു .അവള്‍ മറുപടി പറഞ്ഞില്ല .അവള്‍ അയാളുടെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു . കാറൊരു വിജനമായ ഒരിടത്ത് വന്നു നിന്നു .അയാള്‍ ഡോര്‍ തുറന്ന് പുറത്തേയ്ക്കിറങ്ങി
“അനിത ….കാറില്‍ നിന്ന് ഇറങ്ങാം “ അയാളുടെ ഇഛത്തിന് പ്രവര്‍ത്തിക്കുന്ന ഒരു പാവയെപ്പോലെ അവള്‍ കാറില്‍ നിന്ന് ഇറങ്ങി വന്നു .അയാള്‍ അവള്‍ക്കൊരു വെള്ള പേപ്പര്‍ നല്‍കി
“ഇനി ഞാന്‍ പറയുംപ്പോലെ ഈ പേപ്പറില്‍ അനിത എഴുതണം “ അവള്‍ അപ്പോഴും അയാളുടെ മുഖത്തേക്ക് നോക്കി നില്‍പ്പാണ്
“സ്റ്റിപെന്ഡിയ എനിം പെക്കാട്ടി മോര്‍സ് “ അനിത അയാള്‍ പറഞ്ഞപ്പോലെ ആ പേപ്പറില്‍ എഴുതി .അയാള്‍ പോക്കറ്റില്‍ നിന്ന്‍ ചെറിയൊരു കുപ്പി പുറത്തേയ്ക്ക് എടുത്ത് കാറിന്‍റെ ബോണറ്റില്‍ വെച്ചു .അയാള്‍ അവളുടെ കണ്ണിലെയ്ക്ക് തറപ്പിച്ചുനോക്കി .അവള്‍ ആ കുപ്പിയുടെ അടപ്പ് തുറന്ന് അതിലെ ദ്രാവകം കുടിയ്ക്കാന്‍ തുടങ്ങി .ദ്രാവകം ഉള്ളില്‍ ചെന്നതും അവള്‍ കുഴഞ്ഞുകൊണ്ട് നിലത്തുവീണു .ഒരു പിടച്ചിലിന്‍റെ അവസാനം അവളുടെ കണ്ണുകള്‍ പതിയെ അടഞ്ഞു .അയാള്‍ ഭ്രാന്തനെ പോലെ അലറി
“സ്റ്റിപെന്ഡിയ എനിം പെക്കാട്ടി മോര്‍സ് “
Will continue...........next part
Written by Lijin John
Will continue...........next part
Written by Lijin John
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക