
ഡിഗ്രി കാലത്ത് മനസ്സിൽ തങ്ങി നിൽക്കുന്ന ഒരു വലിയ സംഭവമുണ്ട്...കോട്ടയത്ത് ബി സി എം കോളേജിലാണ് പഠിക്കുന്നത്. ചങ്ങനാശ്ശേരിയിൽ അമ്മവീട്ടിൽ നിന്നാണ് കോളേജിൽ പോവുന്നത്..
ചില ദിവസം ബസിലും ചില ദിവസം ടുവീലറിലുമായാണ് യാത്ര..
കോളേജിൽ നിന്നു അധികം ദൂരമില്ല കുമാരനല്ലൂരിലെ സ്വന്തം വീട്ടിലേക്ക്.ഏറിയാൽ ഒരു ഇരുപത് മിനിറ്റ്..
അമ്മവീടാണ് ഇഷ്ട്ടസ്ഥലം ,അതുകൊണ്ടാണ് ഒരു മണിക്കൂർ യാത്ര ചെയ്തു ചങ്ങനാശ്ശേരിയിൽ നിന്നു കോട്ടയത്ത് എത്തുന്നത്.
വഴിയിൽ എവിടെയെങ്കിലും കൊച്ചച്ഛന്മാരെ കണ്ടാൽ ഒന്നു ചിരിച്ചു കാണിക്കും,ആ സ്ഥാനത്ത് അമ്മാവന്മാരിൽ ഒരാളാണെങ്കിൽ കുട്ടി ഓടി അടുത്തു ചെല്ലും..അടുത്തുള്ളത് ബേക്കറിയോ ഹോട്ടലോ എന്തുമാവട്ടെ കയ്യിൽ പിടിച്ചു വലിച്ചതിനുള്ളിൽ കേറ്റും...
അങ്ങനെ ദിവസങ്ങൾ പോവുമ്പോഴാണ് തോട്ടയ്ക്കാട്ടുകാരിയായ ഒരു കീർത്തിയെ കൂട്ടു കിട്ടുന്നത്.നല്ല വായനക്കാരിയാണ്. സി .എം.എസ്.കോളേജിലാണ് പഠിക്കുന്നത്.
പുതിയ കൂട്ടുകാരിയെ കിട്ടിയതിൽ പിന്നെ വീടിന്റെ അടുത്ത ബസ്റ്റോപ്പിൽ നിന്നു തോട്ടയ്ക്കാടിനുള്ള ബസ് കേറും.എന്നിട്ട് അവിടെയിറങ്ങി കൂട്ടുകാരിക്ക് വേണ്ടി കാത്തു നിൽക്കും.
പിന്നെ എട്ട് നാൽപ്പത്തഞ്ചിനു 'മഹാരാജ ,എന്നു പേരുള്ള ഒരു ബസ് ഉണ്ട്.അതിൽ കേറി കോട്ടയത്തേക്ക് പോവും.
ഒരു ദിവസം രാത്രി അത്താഴം കഴിക്കുമ്പോ ചെറിയമ്മാവൻ ചോദിച്ചു ,നിനക്ക് വട്ടാണോ അമ്മു .ഒറ്റ ബസിനു പോയാൽ പോരെ.നീയെന്തിനാ ഈ നാട് തെണ്ടി പോവുന്നത്.
'ഇങ്ങനെയൊക്കെ ചോദിച്ചാൽ ഉത്തരമുണ്ടാവൂല്ല ,നീയെന്തിനാണ് ജനിച്ചത് എന്നു ചോദിക്കും പോലെയാവും, എന്നു പറഞ്ഞിട്ടു പതിയെ അവിടെ നിന്നു വലിഞ്ഞു.
പിറ്റേന്ന് കൂട്ടുകാരിക്കൊപ്പം തോട്ടയ്ക്കാട്ടു നിന്നു ബസ് കേറി.എനിക്കിറങ്ങേണ്ടത് മനോരമ ജംഗ്ഷനിലാണ്.ഞാൻ ഇറങ്ങാറായപ്പോ കൂട്ടുകാരി ചെവിയിൽ പതിയെപറഞ്ഞു..
' ടീ, ഈ ബസിന്റെ ഡ്രൈവറെ നീ ശ്രദ്ധിച്ചുവോ, ..ഞാൻ പറഞ്ഞു 'ഇല്ല.
എങ്കിൽ ഇറങ്ങിക്കഴിഞ്ഞിട്ടു നീ ഒന്നു നോക്ക്.അയാൾക്ക് ഇർഫാൻ പത്താന്റെ ഛായ...
സത്യത്തിൽ ആ ബസിൽ സ്ഥിരം കേറുന്നുണ്ട് എന്നല്ലാതെ അതിലെ സ്റ്റാഫിനെ ശ്രദ്ധിച്ചിട്ടില്ലായിരുന്നു.
എന്തായാലും ഇവള് പറഞ്ഞതല്ലേ നോക്കാല്ലോ എന്നു കരുതി.ബസ് നിർത്തിയ ഉടനെ ഇത്തിരി മുന്നിലേക്ക് നടന്നിട്ട് ഒന്നു നോക്കി ,തിരക്ക് കാരണം അങ്ങേരുടെ മുഖം വ്യക്തമായില്ല.
വേഗം റോഡ് മുറിച്ചു കടന്നു.ആ സമയം ഈ പാവം കൊച്ചിന്റെ തലവെട്ടം റോഡിൽ കണ്ടയുടനെ കോളേജ് കെട്ടിടത്തിന്റെ മുകളിൽ നിന്ന് രണ്ടാമത്തെ നിലയിൽ നിന്നു നേരത്തെ ഹാജരായ പാവം കൂട്ടുകാരികൾ കൈയൊക്കെ പൊക്കി ചൂളം കുത്തുന്നുണ്ടായിരുന്നു.
പെട്ടെന്ന് ഇർഫൻ പത്താനിൽ നിന്നു ശ്രദ്ധ മാറി.
എതിരെ വന്ന ചെക്കൻ കണ്ണും മൂക്കും ഇല്ലാതെ വന്നിട്ട് ഒറ്റയിടി.
അടി തെറ്റി താഴെ വീഴാതിരിക്കാൻ ചെക്കനെ വട്ടം പിടിച്ചു.ചെക്കൻ വീഴാതിരിക്കാൻ തിരിച്ചും ...
ഒന്നു രണ്ടു മിനിറ്റ് നേരം റോഡ് ബ്ലോക്കായി.പെട്ടെന്ന് ചെക്കനെ ഒരു തള്ളും കൊടുത്തിട്ട് നടന്നു കോളേജ് ഗേറ്റിനുള്ളിലെത്തി.
റോഡിലെ ആരവം കേട്ടു തിരിഞ്ഞു നോക്കിയപ്പോൾ ചെക്കനെ കൂട്ടുകാരൊക്കെ എടുത്തോണ്ട് പോവുന്നു.
ഒന്നു വീഴാതിരിക്കാൻ പിടിച്ചത് ഇത്ര പുകിലാണോ എന്നോർത്തു ക്ലാസ്സിൽ ചെന്നപ്പോഴുണ്ട് മുകളിൽ നിന്ന് കൈ വീശിയവളുമാരൊക്കെ ക്ലാസ്സിൽ പാട്ടാക്കി കൂവി വെടക്കാക്കി.
പിന്നെ രണ്ടു ദിവസം കഴിഞ്ഞാണ് അറിഞ്ഞത് ബസേലിയസിൽ ബി. എ ഇംഗ്ലീഷ് പഠിക്കുന്ന ഫസൽ മുഹമ്മദാണ് ചെക്കൻ എന്നു മനസ്സിലായത്.
പിന്നെ എസ് എഫ് ഐ യുടെ സമ്മേളനത്തിന് ചെക്കൻ വന്നു സോറി പറഞ്ഞു.
'ഞാൻ വായിൽനോക്കി വന്നു വീണതിനു താനെന്തിനാ എന്നോട് സോറി പറയുന്നത് ' എന്നൊക്കെ പറഞ്ഞു സമാധാനിപ്പിച്ചു വിട്ടു.
അതിൽ പിന്നെ ഇന്ന് വരെ കൂട്ടുകാരുടെ വാക്ക് കേട്ടു നടന്നിട്ടില്ല....
കോളേജ് വിട്ടു പോരും വരെ ഫസൽ നല്ലൊരു കൂട്ടായിരുന്നു.
By: Nisa Nair
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക