Slider

അക്കച്ചി

0
Image may contain: 1 person, smiling, selfie and closeup

"കഞ്ഞീം മൊളകും ഞാനെട്ത്തിട്ട്ണ്ട്.. വേറേ പിഞ്ഞാണമൊന്നും വേണ്ട.. നമ്മക്ക് ഇതീന്ന് ള്ളത് കഴിക്കാം ട്ടോ"
"ആം കൊച്ച് അരകല്ലുന്തറേലോട്ട് വരുമ്പോ ലോട്ടീലെ മോരുങ്കൂടി എടുക്കാൻ മറക്കണ്ട".. അക്കച്ചി അടുക്കളപ്പുറത്തെ അരകല്ലിന്റെ തറയിൽ വലിഞ്ഞു കേറുന്നതിനിടയിൽ അടക്കത്തിൽ പറഞ്ഞു...
"അക്കച്ചീം കൊച്ചും കൂടി കുളീം തേവാരോം ഉപേക്ഷിച്ച് അവിടിരുന്നോ"..
"അല്ലേലും അവളൊരു മടിച്ചിക്കോത.. അതിന്റെ കൂടെ സ്ക്കൂളടച്ച് കൊച്ചും കൂടെ വന്നാൽ പിന്നെ വാചകമടീം തീറ്റീം മാത്രം"... വല്യമ്മ അപ്പുറത്ത് ഉറക്കെ പറയുന്നത് കേൾക്കാമായിരുന്നു..
അമ്മയുടെ ജ്യേഷ്ഠത്തിയുടെ മകളാണ് കഥയിലെ നായിക.. ഞാനവരെ അക്കച്ചി എന്നാണ് വിളിക്കുക... സ്വന്തമായി ഒരു ചേച്ചിയുണ്ടായിരുന്നില്ല എന്നതിന്റെ കുറവു മറക്കുവാൻ മധ്യവേനലവധിയ്ക്ക് പള്ളിക്കൂടം അടയ്ക്കുവാനായി കാത്തിരിക്കും.. ചെറിയൊരു സഞ്ചിയിൽ തുണിയും വാരിക്കെട്ടി അപ്പായുടെ കൈയ്യിൽത്തൂങ്ങി ഏറ്റുമാനൂരേക്ക് ഒരു പോക്കുണ്ട്... പിന്നെ ത്തിരികെപ്പോവുക ഒരു മാസം കഴിഞ്ഞാവും..
ഈ മുപ്പതു ദിവസത്തിനിടയിൽ ഞങ്ങൾ പറയാത്ത കാര്യങ്ങളില്ല.. ചിരിക്കാത്ത നിമിഷങ്ങളുമില്ല.. പൊതുവേ ഇരുനിറക്കാരായ ഞങ്ങൾ പരസ്യങ്ങളിലെ പെൺകുട്ട്യോൾടെ കൂട്ടാവാൻ മഞ്ഞളരച്ച് മുഖത്തു പൊത്തിയതും കേബിളിന്റെ പിരിവിനു വന്ന ഫ്രീക്കൻ പയ്യന്റെ മുന്നിലേക്ക് മഞ്ഞവർണ്ണത്തിൽ കുളിച്ച എന്നെ ത്തള്ളിവിട്ട് മുഖം പൊത്തിച്ചിരിച്ചതും ഓർമ്മയിൽ നിന്നും അത്ര പെട്ടെന്നു മാഞ്ഞു പോവില്ല..
എല്ലാത്തിലും അവരെ മാതൃകയാക്കുവാനായിരുന്നു ശ്രമിച്ചത്.. ഭംഗിയുള്ള വടിവൊത്ത അക്ഷരങ്ങൾ നിറഞ്ഞ പഴയ നോട്ടുബുക്കൊരെണ്ണം കട്ടെടുത്ത് കൊണ്ടു വന്നിട്ടുണ്ട്.. നന്നായി പാടുമായിരുന്ന അവരുടെ സ്വരത്തെ താഴ്മയുള്ള സംസാരത്തെ .. ഒരർത്ഥത്തിൽ പറഞ്ഞാൽ അവരെ മുഴുവനായും അനുകരിക്കുകയെന്നതായിരുന്നു അന്നത്തെയെന്റെ ശ്രമം..
എം.ജി.യൂണിവേഴ്സിറ്റി രജിസ്ട്രാറായിരുന്ന കർക്കശക്കാരിവല്യമ്മ പുലർച്ചെ ഓഫീസിൽ പോയിക്കഴിഞ്ഞ് ആ ഗേറ്റ് പൂട്ടി താഴിടുന്ന സെക്കന്റ് മുതൽ പാട്ടും കൂത്തും പാചകവും വാചകമുമൊക്കെയായി ആ വീടൊരു പൂരപ്പറമ്പാക്കുന്നതിന്റെ മുഖ്യ കാർമ്മികത്വം അക്കച്ചിക്കാണ്...തുമ്പായിട്ട് കൂടെ ഞാനും
ഉപരിപഠനത്തിനായി ബാംഗ്ളൂരിലേക്ക് വണ്ടി കയറിയപ്പോൾ അക്കച്ചി തൃശൂരിൽ ഫോറസ്ട്രിയ്ക്കു പഠിക്കുന്നു... ഇടയ്ക്കിടെ ഫോണിലൂടെയുള്ള സംഭാഷണങ്ങൾ മാത്രം.. നേരിട്ട് കാണുവാൻ സാധിച്ചിരുന്നില്ല.. അവസാന വർഷ പരീക്ഷകൾ കഴിഞ്ഞ് നാട്ടിലെത്തിയപ്പോഴാണവരെ വീണ്ടും കണ്ടത്... ആൾ സിവിൽ സർവ്വീസ് പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലാണെന്ന് വല്യമ്മയിൽ നിന്നുമറിയുവാൻ സാധിച്ചു...
എന്തുകൊണ്ടോ മനസിൽ ഒരകൽച്ച... ഒരു പക്ഷേ അതെന്റെ അപകർഷതാബോധം കൊണ്ടാവാം .. എനിക്കവരോട് പഴയതുപോലെ അടുപ്പത്തിൽ മിണ്ടുവാനോ സ്വാതന്ത്ര്യത്തോടെ അക്കച്ചീ എന്ന് വിളിക്കുവാനോ കഴിഞ്ഞില്ല.. ഒരു തരത്തിൽ പറഞ്ഞാൽ മനപൂർവ്വമോ അല്ലാതെയോ ഞാനവരിൽ നിന്ന് പതുക്കെയകന്നു... ആ അകൽച്ച ... അതൊരു നഷ്ടമാണെന്നെന്റെ മനസു പറഞ്ഞെങ്കിലും ... അറിയില്ല... പിന്നെയൊരിക്കലും അതേ സ്നേഹത്തോടെ സ്വാതന്ത്ര്യത്തോടെ ഞങ്ങൾ പരസ്പരം സംസാരിച്ചിട്ടില്ല ...
വടക്കേയിന്ത്യയിൽ അസിസ്റ്റന്റ് ലക്ചററായി ജോലി നോക്കുന്നതിനിടയിലാണ് അക്കച്ചി സിവിൽ സർവീസ് പരീക്ഷയിൽ പത്തൊമ്പതാം റാങ്കിനർഹയായി എന്ന സന്തോഷ വാർത്തയറിഞ്ഞത്.. ന്യൂസ് പേപ്പറുകളിലും വനിതയിലുമൊക്കെ വന്ന ഫീച്ചറുകൾ ... കാടിനെ സ്നേഹിച്ച പെൺകുട്ടി ... ഐ.എഫ്.എസ് തുടർ ട്രെയിനിംഗിനായി ഡറാഡൂണിലേക്ക് പോകുന്ന മലയാളി പെൺകൊടികൾ ... മനസ് അഭിമാനം കൊണ്ട് പത്തടി ഉയർന്നു .. കൂട്ടുകാരെ ഓടി നടന്നു വനിതയിലും മറ്റും വന്ന ലേഖനങ്ങൾ കാട്ടി ...
സന്തോഷമായിരുന്നു അവരെക്കുറിച്ചോർത്ത് .. അതിലേറെ ആരാധനയും.. നാളുകൾ പിന്നെയും കടന്നു.. അവരുടെ മുൻപിലെ അനിയത്തി സ്ഥാനം എന്നെ കടത്തിവെട്ടി ചിറ്റമ്മയുടെ മകൾ കൊണ്ടുപോയി.. ഒരിക്കൽ അവളെ ഓമനിക്കുന്നതിനിടയിൽ അവർ പറഞ്ഞത്രേ.. അഞ്ചൂം ഞാനുമൊത്തിരി കൂട്ടായിരുന്നൂട്ടോ .. എന്നിട്ടിപ്പൊ അകന്നില്ലേ .. അതുപോലെ നീയും ഒരു പ്രായമെത്തിയാൽ അകലൂം ല്ലേന്ന്.. ചങ്കിൽ കൊളുത്തി വലിക്കുന്നൊരു വേദനയാണ് അതറിഞ്ഞപ്പോഴുണ്ടായത് ..
നിങ്ങളിതു വായിക്കുമെന്നെനിയ്ക്കുറപ്പാണ്..
ഉന്നത സ്ഥാനത്തിരിയ്ക്കുന്ന നിങ്ങളും വാശി കൊണ്ട് കടലു കടന്ന ഞാനും തമ്മിൽ രാത്രിയും പകലും എന്നപോലെയുള്ള അന്തരമിപ്പോഴുണ്ട്... പഴയ വിവരമില്ലായ്മ നിറഞ്ഞ ഏഴാം ക്ളാസുകാരിയ്ക്ക് പ്രായം മാത്രമേ മുൻപോട്ടു പോയിട്ടുള്ളൂ ... മനസിപ്പൊഴും പഴയതാണ്.... തെറ്റു ചെയ്യുന്നവരോട് നിങ്ങൾ ക്ഷമിക്കുന്നത് കണ്ടാണ് ഞാൻ വളർന്നത് .. ക്ഷമിച്ചുകൂടേ എന്നോട് ... എന്റെ വിവരമില്ലായ്മയും ബുദ്ധിശൂന്യതയുമല്ലേ എന്നെ നിങ്ങളിൽ നിന്നകറ്റിയത് ... ഒരിക്കൽ കൂടി ഞാൻ വിളിക്കുകയാണ് ... നിങ്ങളുടെ പദവിയേയോ നിങ്ങളിപ്പോൾ ആരാണെന്നോ മാനിയ്ക്കാതെ ... എന്റെ സ്വന്തം അക്കച്ചീ ...
നമ്മുടെ ബാല്യം നൽകിയ ഒരു പിടി യോർമ്മകൾ മധുരം പുരട്ടി ഞാനെന്റെ മനസ്സിന്റെ കോണിൽ ഭദ്രമായി സൂക്ഷിച്ചിട്ടുണ്ട് .... ഇനി വരുമ്പോൾ കവിളത്ത് നൂറുമ്മകളായി നൽകുവാൻ.....

By: Anju Sujith
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo