Slider

നിശ്ശബ്ദം ചിയേഴ്സ്...പിന്നെ കരണത്തൊരടിയും

0
അറയ്ക്കലങ്ങാടിയിലെ "വിപഞ്ചിക" ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചെറിയൊരു വായനശാല പ്രവർത്തനമാരംഭിച്ചു. സംഗീതോപകരണ പഠന ക്ലാസും തുടങ്ങി. അങ്ങനെ അറയ്ക്കലങ്ങാടിയുടെ സായാഹ്നങ്ങൾ ശബ്ദ മുഖരിതമായി. സന്ധ്യ മയങ്ങിയാലും ചെറുപ്പക്കാർ ക്ലബ്ബിൽ തന്നെ കാണും. ഏഴരയോടെ കടയടച്ച് മാതൃഭൂമി അയ്യപ്പൻ വീട്ടിലേക്ക് പോകും. പിന്നീട് യുവാക്കളിൽ ചിലർ മാതൃഭൂമിയുടെ ചായപ്പീടികയുടെ ചായ്പ്പിലേക്ക് നീങ്ങും. അവിടെയിരുന്ന് സൊറ പറച്ചിൽ. ചിലപ്പോഴെല്ലാം ചെറിയ തോതിൽ മദ്യ സേവയും നടക്കും. കുപ്പി കൊണ്ട് വന്ന് നേരത്തെ മാതൃഭൂമിയുടെ ചായ്പ്പിലെ വിറക് കെട്ടിൽ ഒളിപ്പിച്ച് വച്ചിട്ടുണ്ടാകും. ചായയുടെ ഗ്ലാസ്സെല്ലാം കഴുകി അകത്ത് വച്ച് പൂട്ടിയാണ് മാതൃഭൂമി സ്ഥലം വിടാറ്. അതിനാൽ മദ്യം വിളമ്പാൻ ഗ്ലാസ്സ് കിട്ടാറില്ല. ചായ്പ്പിൽ വിറകിനായി സൂക്ഷിച്ച് വയ്ക്കാറുള്ള ചിരട്ട മദ്യ ചഷകമായി മാറും. അടുപ്പിനടുത്ത് മൺകുടത്തിൽ വെള്ളമുണ്ടാകാറുണ്ട്. ആ വെള്ളമെടുത്ത് ചിരട്ട കഴുകി, മദ്യം പകർന്ന് നിശ്ശബ്ദം "ചിയേഴ്സ്" പറയും. ഞാൻ മാറി നിൽക്കുന്നതിനാൽ കൂട്ടുകാർ എന്നെ കളിയാക്കും. ആ കളിയാക്കൽ ഞാൻ കാര്യമായി എടുക്കാറില്ല. (സ്വയം പുണ്യാളൻ ചമയാനുള്ള ശ്രമമായി കരുതേണ്ട. ഒരിക്കൽ പോലും മദ്യം ഉപയോഗിച്ചിട്ടില്ലാത്തവർ ധാരാളം പേരില്ലേ നമുക്കിടയിൽ. അവരുടെ ഒരു പ്രതിനിധി എന്ന് മാത്രം കരുതിയാൽ മതി. കൂട്ടുകെട്ടാണ് ആളുകളെ ചീത്തയാക്കുന്നത്‌ എന്നതിനോട് എനിക്ക് യോജിപ്പില്ല. അവനവന്റെ ഇച്ഛാശക്തിയാൽ ഏത് പ്രലോഭനങ്ങളിലും വീഴാതെ പിടിച്ച് നിൽക്കാൻ കഴിയും എന്ന വിശ്വാസക്കാരനാണ് ഞാൻ. അതിനുള്ള ആർജ്ജവം സംഭരിക്കാൻ മക്കളെ പ്രാപ്തരാക്കേണ്ടത് മാതാപിതാക്കളുടെ കടമയാണ്. മാതാപിതാക്കൾ എത്രയൊക്കെ ശ്രമിച്ചിട്ടും തെറ്റിലേക്ക് വഴുതി വീഴുന്ന മക്കൾ അതിന്റെ പരിണിത ഫലം അനുഭവിക്കുക തന്നെ ചെയ്യും)
എല്ലാ കൊല്ലവും ക്ലബ്ബിന്റെ വാർഷികം ഗംഭീരമായി ആഘോഷിക്കാറുണ്ട്. കുട്ടികളുടെ ഡാൻസ്, ഒപ്പന, പ്രഫഷണൽ ട്രൂപ്പിന്റെ ഗാനമേള, ക്ലബ് അംഗങ്ങളുടെ നാടകം മുതലായവ അരങ്ങേറും. നാട്ടുകാർക്ക് ഏറെ പ്രിയപ്പെട്ട കലാവിരുന്നാണ് ക്ലബ്ബിന്റെ വാർഷികാഘോഷം. 
നാടകം പഠിപ്പിക്കാൻ വലിയങ്ങാടിയിൽ നിന്ന് ഭവദാസൻ മാസ്റ്ററെത്തും. അമച്വർ നാടകങ്ങളിൽ പതിവായി അഭിനയിക്കാറുള്ള വ്യക്തിയാണ് മാഷ്. രാത്രിയിലാണ് റിഹേഴ്സൽ. സന്ധ്യയോടെ മാസ്റ്ററും പരിവാരങ്ങളും ക്ലബ്ബിലെത്തും. അവരുടെ പക്കൽ കള്ള് കുപ്പിയും കാണും. കലാകാരനായാൽ വെള്ളമടിക്കണം എന്ന ചിന്താഗതിയിൽ നിന്ന് മോചനം നേടിയിട്ടില്ലാത്തവരുടെ കൂട്ടത്തിൽ പെട്ട കലാകാരനാണ് ഭവദാസൻ മാസ്റ്ററും. ക്ലബ്ബിൽ നിന്ന് ഓർക്കസ്ട്രയടക്കം (ക്ലബ്ബ് അംഗങ്ങൾ തന്നെയാണ് ഓർക്കസ്ട്ര ടീം) എല്ലാവരും നേരെ കോരക്കടവിലേക്ക് നീങ്ങും. അവിടെ പുഴവക്കത്ത് ഭാസ്കരേട്ടന്റെ മാൽപ്പുരയിലാണ് റിഹേഴ്സൽ. മാൽപ്പുരയിൽ വൈദ്യുതി ബന്ധമില്ല. അടുത്തുള്ള വീട്ടിൽ നിന്ന് താൽക്കാലിക സംവിധാനത്തിലൂടെ ഒരു ബൾബ് കത്തിച്ചാണ് റിഹേഴ്സൽ. പുഴയിൽ നിന്ന് തണുത്ത കാറ്റ് വീശിക്കൊണ്ടിരിക്കും. അടുത്ത വീടുകളിലെ സ്ത്രീകളും കുട്ടികളും റിഹേഴ്സൽ കാണാനായി മാൽപ്പുരയുടെ മരയഴികൾക്കരികിൽ വന്ന് നിൽക്കും. ഓരോ രംഗം കഴിയുമ്പോഴും മാഷും ഒപ്പം മറ്റു ആവശ്യക്കാരും മാൽപ്പുരയിലെ തുമ്പിൻകെട്ടിന്‌ പിറകിലേക്ക് നീങ്ങും. അവിടെയാണ് കള്ള് കുപ്പി സൂക്ഷിച്ചിട്ടുള്ളത്. മാഷ് വയറ് നിറച്ചും മറ്റുള്ളവർ ആവശ്യാനുസരണം ചുണ്ട് നനച്ചും തിരിച്ചെത്തും, അടുത്ത രംഗം തുടങ്ങും. ആ പ്രക്രിയ രാത്രിയിൽ വളരെ നേരം നീളും. പുഴയിൽ നിന്ന് വീശുന്ന കാറ്റിന്റെ തണുപ്പിന് കാഠിന്യം കൂടുമ്പോൾ റിഹേഴ്സൽ അവസാനിക്കും.
ഒരിക്കൽ ഒരു നാടകത്തിൽ, അച്ഛൻ മകനെ തല്ലുന്ന ഒരു രംഗമുണ്ട്.
ഞാനടക്കം അഭിനയിക്കുന്ന നാടകമാണ്. അച്ഛനായി ഹംസയും മകനായി സിദ്ധീഖും അഭിനയിക്കുന്നു. പ്രോംപ്റ്റ് ചെയ്യുന്നയാൾ ഡയലോഗ് പറഞ്ഞു കൊടുക്കുന്നു.
ഡയലോഗ്...
മകൻ : അച്ഛാ എനിക്ക് ചാണകം (പ്രോംപ്റ്റ് ചെയ്തത് ചാകണം എന്നാണ്, പക്ഷേ സിദ്ധീഖ് ചാണകം എന്ന് തെറ്റിച്ച് പറഞ്ഞു)
അച്ഛൻ : മകാ...നീ എന്തിന് ചാണകം? (ഹംസയുടെ സ്വതസിദ്ധമായ ഫലിതോക്തിയിൽ "മകാ"...എന്നും സിദ്ധീഖ് തെറ്റിച്ച് പറഞ്ഞ “ചാണകം” എന്നതും മനഃപൂർവ്വം ഉപയോഗിച്ചു)
മരയഴികൾക്കരികിൽ നിന്ന് കാണികളുടെ കൂട്ടച്ചിരി.
"കട്ട്...കട്ട്" : ഡയറക്ടർ ഭവദാസൻ മാഷ്.
പിന്നെയും റിഹേഴ്സൽ തുടർന്നു.
ഡയലോഗ്...
മകൻ : എന്തിന് എന്നെ ജനിപ്പിച്ചു തന്തേ..നിങ്ങള്?
അച്ഛൻ : എന്ത് പറഞ്ഞെടാ നീയ്...നിന്നെ ഞാൻ.....
എന്ന് പറഞ്ഞ് കയ്യോങ്ങി ശക്തിയോടെ മകന്റെ കരണത്ത് ആഞ്ഞൊരടി കൊടുത്തു. 
സിദ്ധീഖിന് നന്നായി വേദനിച്ചു. സിദ്ധീഖും വിട്ടില്ല. തിരിച്ച് അവനും ഹംസയുടെ കരണക്കുറ്റിക്ക് നന്നായി ഒന്ന് പൊട്ടിച്ചു.
അടിപിടിയിലേക്ക് നീങ്ങിയപ്പോൾ ഞങ്ങളെല്ലാവരും ചേർന്ന് അവരെ പിടിച്ചു മാറ്റി. 
"കരുതിക്കൂട്ടി എന്നെ ഊക്കോടെ അടിച്ചതാണ്...ഞാനിനി അഭിനയിക്കുന്നില്ല" എന്ന് പറഞ്ഞ് സിദ്ധീഖ് പിണങ്ങി അവിടെ നിന്ന് ഇറങ്ങിപ്പോയി പുഴക്കരയിൽ ചെന്നിരുന്നു. 
പിറ്റേന്ന് നാടകം അരങ്ങേറാനുള്ളതാണ്. എല്ലാവരും കൂടി ചെന്ന് കാല് പിടിച്ച് സിദ്ധീഖിനെ അനുനയിപ്പിച്ച് കൊണ്ട് വന്നു, റിഹേഴ്സൽ പുനരാരംഭിച്ചു.
അടുത്ത ദിവസം നാടകം സ്റ്റേജിൽ അവതരിപ്പിക്കുകയാണ്........
അച്ഛൻ മരിച്ച് കിടക്കുന്ന രംഗം. ഹംസയും സിദ്ധീഖുമാണ് രംഗത്ത്.
അച്ഛൻ മരിച്ച വിവരമറിഞ്ഞ്, പിണങ്ങിപ്പോയ മകൻ ഓടിവന്ന് അച്ഛനെ കെട്ടിപ്പിടിച്ച് കരയുന്നു.
"അച്ഛാ...ഈ പാപിയായ മകന് മാപ്പു തരൂ അച്ഛാ"....
കട്ടിലിൽ കിടത്തിയിരിക്കുന്ന അച്ഛന്റെ കവിളിൽ അയാൾ തുരുതുരാ ഉമ്മ വയ്ക്കുന്നു. കട്ടിമീശക്കാരനായ അയാളുടെ നീണ്ടുകൂർത്ത മീശരോമങ്ങൾ അച്ഛന്റെ മൂക്കിനുള്ളിലേക്ക് തുളച്ച് കയറി.
മരിച്ച് കിടക്കുന്ന അച്ഛന് മുഖമൊന്ന്‌ തിരിക്കാൻ പോലും പറ്റാത്ത അവസ്ഥ....
"പറയൂ അച്ഛാ....അച്ഛന്റെ മകനോട് പൊറുക്കില്ലേ അച്ഛാ".....
മകൻ വിടുന്ന ലക്ഷണമില്ല...അഭിനയിച്ച് തകർക്കുകയാണ്. തലേന്ന് കിട്ടിയ അടിക്കുള്ള പ്രതികാരം കൂടിയായിരുന്നു, മുട്ട് കുത്തി നിന്നുകൊണ്ടുള്ള സിദ്ധീക്കിന്റെ ആ ധൃതരാഷ്ട്രാലിംഗനം. മകന്റെ മീശരോമങ്ങൾ അച്ഛന്റെ നാസാരന്ധ്രങ്ങളിൽ ആനന്ദനടനമാടിക്കൊണ്ടിരിക്കുകയാണ്. മൂക്കിലെ അസ്വസ്ഥത അച്ഛനെ വല്ലാതെ അലട്ടുന്നുണ്ട്. അയാൾ ഒരുപാട് ശ്രമിച്ച് നോക്കി. പിടിച്ചു നിൽക്കാൻ പറ്റുന്നില്ല. 
ഗത്യന്തരമില്ലാതെ അവസാനം....
"യാ....ഛീ".....അച്ഛൻ തുമ്മിപ്പോയി.
കാണികളുടെ കൂക്കിവിളി മൂലം പിന്നീടുള്ള സംഭാഷണങ്ങളൊന്നും ജനങ്ങൾക്ക് കേൾക്കാൻ പറ്റിയില്ല......ചെരുപ്പേറ് ഉണ്ടായില്ല...ഭാഗ്യം.
...........തൊട്ടിയിൽ.......
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo