Slider

രാത്രിമഴ

0
രാത്രിമഴ

കഴിഞ്ഞ മാർച്ച് മാസത്തിൽ കുവൈറ്റിൽ ഒരു രാത്രിമഴ പെയ്തപ്പോൾ തോമാച്ചന് മഴ കൊള്ളാനൊരു മോഹം തോന്നി
റൂമിനു വെളിയിൽ ഇറങ്ങി അല്പം മഴ നനഞ്ഞപ്പോൾ പെട്ടെന്ന് കോതമംഗലവും പിന്നെ ലിസിയെയും ഓര്മ വന്നു. മഴയും മോഹവും ഇണകളാണെന്നു ഈ കവികൾ പറയുന്നത് വെറുതെയല്ല.
ഓടി മുറിയിൽ കയറി ക്ലോക് നോക്കി. നാട്ടിൽ പന്ത്രണ്ട് മണി. പിള്ളേരൊക്കെ ഉറങ്ങിയിട്ടുണ്ടാവും. സഹമുറിയന് ഇന്ന് നൈറ്റ് ഡ്യൂട്ടി ആയത് നന്നായി. ഇന്നൊന്നു ലിസിയുമായി മിന്നിക്കണം...തോമാച്ചൻ തലയിണ ഒന്ന് കയറ്റിവെച്ചു ചാരി കിടന്നു, ലിസിയോട് പറയേണ്ട മധുര വാക്കുകൾ മനസ്സിൽ കുറിച്ചു ഹെഡ്‌ഫോൺ ചെവിയിൽ തിരുകി
"ഹലോ....എടീ ...മോളൂ ... ഉറങ്ങിയോ ?"
"എന്താ അച്ചായാ പാതി രാത്രിക്ക് ... ഉറക്കച്ചവടോടെ ലിസി പറഞ്ഞു
"ഞാൻ വെറുതെ വിളിച്ചതാ പൊന്നൂ ..നല്ല മഴയായത് കൊണ്ട് വെളിയിൽ ഇറങ്ങാൻ പറ്റുന്നില്ലെടീ ....എന്താ തണുപ്പും കുളിരും"
"ന്റെ അച്ചായാ...നിങ്ങളെ ഭാഗ്യം...ഇവിടെ ചൂട് കൊണ്ട് മനുഷ്യൻ വേവുകയാ. തിരിഞ്ഞും മറിഞ്ഞും കിടന്നിട്ട് ഇപ്പൊ ഒന്ന് കണ്ണ് ചിമ്മിയതേ ഉള്ളൂ.... അപ്പോഴാ അച്ചായന്റെ വിളി....കഴിഞ്ഞ പ്രാവശ്യം വന്നപ്പോ നിങ്ങളോട് പറഞ്ഞതാ ഒരു ഏ.സി വാങ്ങിക്കാൻ ...ഈ വിഷുവിനു ഓഫർ ഉണ്ട്...നിങ്ങൾ കാശ് അയച്ചു താ...പ്ലീസ് .."
"ങേ ...കാശോ ..ആ..ആ .. അത് ശരിയാക്കാം ." ഞെട്ടൽ കടിച്ചുപിടിച്ചു ഓർത്തുവെച്ചിരുന്ന വാക്കുകൾക്ക് പരതി തോമാച്ചൻ പറഞ്ഞു
“എടീ ...ലിസൂ ...പിന്നെ .. ഈ പുലരാൻ കാലത്തെ മഞ്ഞും നോക്കി നമ്മുടെ ടെറസ്സിൽ ഇരിക്കാൻ എന്ത് രസായിരിക്കും ല്ലേ.. ? "
”ഒന്ന് പോ എന്റെ അച്ചായാ...ഇവിടെ പകൽ തന്നെ കള്ളന്മാരെ കൊണ്ട് പുറത്തിരിക്കാൻ പറ്റുന്നില്ല, പിന്നല്ലേ രാത്രിയിലും പുലർച്ചക്കും....ഓ...ഞാനത് പറയാൻ മറന്നു...ടെറസ്സ് മുഴുവൻ പ്രാവിൻ കാഷ്ടമാ ഞാൻ ഒറ്റക്ക് ഇവിടെ എന്തൊക്കെയാ ചെയ്യേണ്ടത്? രണ്ട് അണ്ണാച്ചി പെണ്ണുങ്ങളോട് വരാൻ പറഞ്ഞിട്ടുണ്ട് അവിടെയൊക്കെ ഒന്ന് വൃത്തിയാക്കാൻ
തോമാച്ചൻ പല്ല് കടിച്ചു. ഇവളെന്തൊരു പെണ്ണാണ് ! ഒന്ന് റൊമാന്റിക്കാവുന്നില്ലല്ലോ
” എടിയേ...നീ ഓർക്കാറില്ലേ...നമ്മുടെ വീടിന്റെ പിന്നിലുള്ള കുന്നിൽ നിന്ന് ഒഴുകി വരുന്ന ആ പാല പൂത്ത മണം... അതിന്റെ സുഗന്ധത്തിൽ നാമങ്ങിനെ ലയിച്ചു നിന്ന.....”
“പാലയല്ല.. ഒന്ന് മിണ്ടാതിരി അച്ചായാ.....,. ഇന്ന് വൈകുന്നേരം ചട്ടിയിൽ തീ കൂടി മീൻ കരിഞ്ഞതിന്റെ മണം ഇപ്പോഴും എന്റെ മൂക്കിൻ തുമ്പത്തു നിന്ന് പോയിട്ടില്ല. അച്ചായാ... എനിക്ക് നല്ല ക്ഷീണം ഉണ്ട്...ഉറക്കവും വരുന്നു.... പൊന്നുമോൻ നാളെ വിളിക്ക് ...ട്ടോ...."
ഫോൺ കട്ട് ചെയ്ത് തോമാച്ചൻ റൂമിലെ ഏ.സി ഓൺ ചെയ്തു...നാണിച്ചു നിൽക്കുന്ന തന്റെ പുതപ്പിനെ വാരി ദേഹത്തിലേക്കിട്ടു കണ്ണടച്ച് കിടന്നു. അകത്തും പുറത്തും എന്താ കുളിര് !
***********
രണ്ടാഴ്ചമുമ്പ് വീശിയടിച്ച ചൂട് കാറ്റിൽ പുറത്തെ ജോലി തീർത്തു വിയർത്തൊലിച്ചു തോമാച്ചൻ ഓഫീസിലെത്തി. മൊബൈൽ ഫോൺ തന്റെ കാബിനിൽ വെച്ച് ബോസിന്റെ മുറിയിലേക്ക് പോയി. പതിവ് 'ഏറ്റുമുട്ടൽ' കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ ലിസിയുടെ അഞ്ച് മിസ് കാൾ
"എന്താടി..."
"ഒന്നുമില്ല അച്ചായാ...ഞാൻ വെറുതെ വിളിച്ചതാ.... അത്....പിള്ളേർ സ്‌കൂളിൽ നിന്ന് എത്തിയിട്ടില്ല..."
തോമാച്ചന്റെ ഹൃദയമിടിപ്പ് കൂടി :
"എടീ....എന്താ പിള്ളേർ വൈകിയത്...?"
"പിള്ളേർ വരാനുള്ള സമയം ആകുന്നതേ ഉള്ളൂ... .ന്റെ അച്ചായാ ...പിന്നെ... " അവൾ ഒന്ന് കൊഞ്ചി.
"നീ കൊഞ്ചാതെ കാര്യം പറയുന്നുണ്ടോടീ .." തോമാച്ചന്റെ ശബ്ദം ഉയർന്നു
" അച്ചായാ..അത്.....ഇവിടെ ഭയങ്കര മഴയാ..... എന്തൊരു തണുപ്പും കുളിരുമാ "
"വെക്കെടി കഴുതേ ഫോൺ ...ഇവിടെ ഞാൻ ഇടിയും മിന്നലും കഴിഞ്ഞു നിൽക്കുകയാ .അപ്പഴാ അവളെ ഒരു മഴയും കുളിരും" .ഒരലർച്ചയായിരുന്നു !
തോമാച്ചന്റെ ഒച്ച കേട്ട് ...whaatt ...whaatt ....what happened ..!! ...എന്ന് പറഞ്ഞുകൊണ്ട് റിസപ്‌ഷനിലെ ഫിലിപ്പിനോ പെൺകൊച്ച് ഓടി വന്നു.
അരിശം കൊണ്ട് തുള്ളുന്ന തോമാച്ചൻ ഫിലിപ്പീനിയോട് പറഞ്ഞു:
"മഴ പെയ്തിട്ട് എന്റെ വീട് ഒലിച്ചു പോയത്രേ... വെള്ളം കേറി മൂവാണ്ടൻ മാവ് മുങ്ങിയാലും മഴയെക്കുറിച്ചൊരക്ഷരം അവളിനി മിണ്ടിപ്പോകരുത്...ഹല്ല പിന്നെ...! "
വായയും പൊളിച്ചു ഫിലിപ്പിനോ കൊച്ച് വന്നതിലും വേഗത്തിൽ റിസപ്‌ഷനിലേക്ക് തിരിഞ്ഞോടി !
(ഹാരിസ് )
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo