Slider

ചുവന്ന പൊട്ട്

0
ചുവന്ന പൊട്ട്
……………….
"നാളെ ഞാൻ ഈ ചുവന്ന പട്ടുസാരിയുടുക്കട്ടെ ദേവേട്ടാ .അമ്മ ആദ്യമായി എന്നെ കാണുന്നതല്ലേ. അസ്സല് നായരു കുട്ടിയാണെന്ന് കരുതിക്കോട്ടെ “
കട്ടിലിൽ ഇരുന്ന് പിറ്റേ ദിവസത്തെ യാത്രയ്ക്കുള്ള ഡ്രസുകൾ ബാഗിൽ അടുക്കി വയ്ക്കുന്നതിനിടയിൽ സൂസൻ ചോദിച്ചു.
ലാപ് ടോപ്പിൽ തിരക്കിട്ട ജോലിയിൽ ആയിരുന്ന ജയദേവൻ തിരിഞ്ഞു നോക്കി.
" ചുരിദാർ ഏതെങ്കിലും ഇട്ടാൽ പോരേ കുട്ടി. ലോംഗ് ജേർണി ആവുമ്പോ സാരി ഒക്കെ അസൗകര്യമല്ലേ"
"അതല്ല ദേവേട്ടാ..” ഒന്ന് മടിച്ചിട്ട് അവൾ തുടർന്നു." സാരിയിൽ കുറച്ചു കൂടി പ്രായം തോന്നിക്കട്ടെ എന്നു കരുതിയാണ്.”
അതു കേട്ട് അയാൾ ഉറക്കെ ചിരിച്ചു.
" എന്തൊക്കെ പറഞ്ഞാലും നമ്മൾ രണ്ടു പേരും കൂടി നടന്നു പോവുന്നത് കണ്ടാൽ അച്ഛനും മോളും ആണെന്നേ തോന്നു.പിന്നെ നീയെന്തിനാ കുട്ടി ഇത്ര ബദ്ധപ്പെടുന്നത് “
അവളുടെ ചെറിയമുഖം ചുവന്നു. പറയുന്നത് കേട്ടാൽ തോന്നും ലോകത്ത് എങ്ങും നടക്കാത്ത കാര്യമാണെന്ന്. നാൽപ്പത്തഞ്ച് വയസ്സ് എന്നത് അത്ര വലിയ പ്രായമാണോ. അല്ലെങ്കിൽ തനിക്ക് ഇരുപതു വയസ്സേ ഉള്ളു എന്നത് തന്റെ കുറ്റമാണോ. ഈ ഭൂമിയിൽ ഇരുപത് വയസ്സിന് മുകളിൽ വെളുത്തതും കറുത്തതുമായ, സൗന്ദര്യം ഉള്ളതും ഇല്ലാത്തതുമായ ലക്ഷക്കണക്കിന് ആണുങ്ങൾ ഉണ്ടാവുമായിരിക്കാം.പക്ഷേ അതിന് തനിക്കെന്താണ്. അങ്ങനെ ഉറക്കെ ചോദിക്കണമെന്ന് തോന്നി. പക്ഷേ അപ്പോഴേയ്ക്കും അയാൾ ലാപ്ടോപ്പ് അടച്ചു വച്ച് എഴുന്നേറ്റിരുന്നു.
"കഴിഞ്ഞോ " അവൾ സന്തോഷത്തോടെ ചോദിച്ചു.
"ഹേയ് .. ഇല്ല, ഒരു പാട് വൈകും. കുട്ടി ഉറക്കമിളക്കേണ്ട. കിടന്നോളു. രാവിലെ യാത്ര പോവാനുള്ളതല്ലേ .ഞാൻ ഒന്ന് കുളിച്ചിട്ട് വരാം“
അയാളുടെ ശബ്ദം അവളിൽ നിരാശ പടർത്തി. കല്യാണം കഴിഞ്ഞ് ഈ നാലാമത്തെ ദിവസവും തന്റെ ഭർത്താവ് തനിക്ക് അന്യനാണെന്ന് അവൾ ഓർത്തു.
തലയിണയിൽ മുഖം പൂഴ്ത്തിക്കിടക്കുമ്പോൾ അവളുടെ മനസ്സ് അയാളെ ന്യായീകരിക്കാൻ ശ്രമിച്ചു. അല്ല, അദ്ദേഹത്തിന്റെ തെറ്റല്ല. ഒരു വിവാഹ ജീവിതത്തിന് തയ്യാറല്ലെന്ന് പലതവണ പറഞ്ഞതാണ്. പക്ഷേ പിൻമാറാൻ താൻ തയ്യാറല്ലായിരുന്നു. ഒടുവിൽ അത് ഒരു സൂയിസൈഡ് അറ്റംപ്റ്റ് വരെ ചെന്നു നിന്നപ്പോൾ പിന്നെ മറ്റു പോംവഴിയൊന്നുമില്ലാതെ സമ്മതിക്കുകയായിരുന്നു. എങ്കിലും ആ മനസ്സ് ഇതുവരെ തന്നെ അംഗീകരിക്കാൻ തയ്യാറായിട്ടില്ല.അദ്ദേഹത്തിന് കുറച്ചു കൂടി സമയം കൊടുക്കണം. പതിയെ പതിയെ അദ്ദേഹത്തെ മാറ്റിയെടുക്കണം.നാളെ ദേവേട്ടന്റെ നാട്ടിലേയ്ക്കുള്ള യാത്ര അതിന് നല്ല ഒരു അവസരമാണ്. അവൾക്ക് തോന്നി.
..................................
" ന്നാലും ന്റെ സാവിത്രീ, കുട്ടൻ അങ്ങട് ആകെ കോലം കെട്ടു പോയല്ലോ. തിരച്ചറിയാൻ തന്നെ പ്രയാസം"
വടക്കേതിലെ നാരായണിയമ്മ സാമ്പാറിന്റെ കഷ്ണങ്ങൾ ഒരുക്കുന്നതിനിടയിൽ പറഞ്ഞു.
അടുപ്പത്ത് പുക ഊതി കൊണ്ടിരുന്ന സാവിത്രി അതു നിർത്തി അവരെ തിരിഞ്ഞു നോക്കി. പുകയടിച്ച് അവരുടെ കണ്ണ് കലങ്ങിയിരുന്നു. നേര്യതിന്റെ തുമ്പ് കൊണ്ട് മുഖം ഒന്ന് അമർത്തിത്തുടച്ച് അവർ പറഞ്ഞു.
"പിന്നെ മാറ്റം ഉണ്ടാവാതിരിക്ക്യോ ചെറ്യമ്മേ. എത്ര വർഷങ്ങള് കൂടിയാ ന്റെ കുട്ടീനെ ഞാനൊന്ന് കാണണെ... ജീവനോടെ ഉണ്ടെന്ന് പോലും ഉറപ്പില്ലായിരുന്നു. അത്ര മനസ്സ് നൊന്താണേയ് ന്റെ മോൻ അന്നീ പടിയിറങ്ങിപ്പോയേ... "
അവർ എന്തോ ആലോചിച്ചിരുന്നു.
"ഇനീപ്പൊ അതൊക്കെയോർത്ത് ദെണ്ണിക്കണ്ട പെണ്ണേ. നെന്റെ പ്രാർത്ഥനേടേ പുണ്യാന്ന് കൂട്ടിക്കോ. ഭഗവതി തിരിച്ചു തന്നില്ലേ ഓനെ "
ആരോ പറയുന്നു.
വർഷങ്ങൾക്ക് ശേഷം ജയദേവൻ തിരിച്ചു വന്നതറിഞ്ഞ് അയൽവക്കത്തേയും സ്വന്തത്തിൽ പെട്ടതുമായ കുറച്ച് പേർ വന്നിട്ടുണ്ട്. അടുക്കളയിലെ ചെറിയ ഊൺമേശയ്ക്ക് ചുറ്റുമിരുന്ന് ഉച്ചയ്ക്കത്തെ ഊണിനുള്ള വക ഒരുക്കുകയായിരുന്നു അവർ.
"അല്ല സാവിത്രി...ന്നിട്ട് കുട്ടന്റെ പെണ്ണിനെ ഈ ഭാഗത്തോട്ട് ഒന്നും കണ്ടില്ലല്ലോ “
" ദൂരയാത്ര കഴിഞ്ഞ് വന്നതല്ലേ അത ക്ഷീണിച്ച് അപ്പുറത്ത് എങ്ങാൻ കിടക്കുന്നുണ്ടെന്ന് തോന്നണു “ സാവിത്രി പറഞ്ഞു.
"അല്ലാ…. ഞാനിപ്പൊ ചിന്തിക്കണേ ഈ കുട്ടന് ഇതിന്റെ വല്ല കാര്യോ ണ്ടോ. നമ്മുടെ കൂട്ടത്തിന്ന് ഒന്നിനെ കിട്ടാഞ്ഞിട്ടാണോ ഈ മാപ്ലച്ചീനെ കെട്ടി കൂടെ പൊറുപ്പിക്കണെ” നാരായണിയമ്മയുടെ ശബ്ദം.
ആ നേരത്താണ് സൂസൻ അടുക്കളയിലേയ്ക്ക് വന്നത്. അകത്ത് നടക്കുന്ന സംഭാഷണങ്ങൾ കേട്ട് അകത്തേയ്ക്ക് കയറണോ വേണ്ടയോ എന്ന് ഒരു നിമിഷം ശങ്കിച്ചു.
"നല്ല ആളാ ഈ പറയണേ. ന്നിട്ടാ ഇത്തിരി മുന്നെ ആ കുട്ടി ദക്ഷിണ എന്നും പറഞ്ഞ് ആയിരം റുപ്യ നീട്ടിയപ്പോ വല്യ കാര്യത്തില് വാങ്ങി മടിശ്ശീലേല് തിരുകണ കണ്ടല്ലോ നാരായണിയമ്മേ "
അത് പറഞ്ഞത് ആരാണെന്ന് നാരായണിയമ്മ തെല്ല് ഈർഷ്യയോടെ നോക്കി. തെങ്ങും പുറത്തെ രമണി. അവളുടെ നാക്ക് ഇത്തിരി നീണ്ടതാണ്. മറുപടി പറയാൻ നിന്നാൽ ചിലപ്പൊ അടിമുടി നാണക്കേടാവും. തികട്ടി വന്ന ദേഷ്യം അടക്കി അവർ ഇത്രമാത്രം പറഞ്ഞു.
" അതു പിന്നെ മഹാലക്ഷ്മി വന്നു കേറുമ്പോ നമ്മള് പുറം തിരിഞ്ഞു നിൽക്കാൻ പാടുണ്ടോ രമണീ..... ആയിരം റുപ്പിയ കിട്ടീന്നു വച്ചിട്ട് നിക്ക് ആരേം പാടി സുഖിപ്പിക്കാൻ വയ്യേ.... ഒള്ളത് ഒള്ളത് പോലെ ഈ നാരായണി പറയും " അവർ തുടർന്നു. " കാര്യം അതിനെ കാണാൻ ഒരു ആനച്ചന്തം ഒക്കെയുണ്ടാച്ചാലും ഈ ശ്രീത്വം ന്ന് പറയണത് ഒന്ന് വേറെയാ. അത് എന്തൊക്കെ പറഞ്ഞാലും നമ്മുടെ അമ്മൂട്ടി ... ആ നെറോം തലമുടീം എന്തൊരഴകുള്ള പെണ്ണായിരുന്നു. ഈ വീട്ടിൽ വന്ന് കയറേണ്ട പെണ്ണായിരുന്നില്ലേ അമ്മുട്ടി. നെനക്ക് യോഗമില്ലാന്നു കൂട്ടിയാൽ മതി സാവിത്രി "
"ഇനീപ്പോ അതൊക്കെ പറഞ്ഞിട്ടു കാര്യമുണ്ടോ ചെര്യമ്മേ.. ഓൾക്കിപ്പോ കെട്ടിക്കാൻ പാകത്തിന് രണ്ട് പെൺകുട്ട്യോളായി. ന്നാലും ഒരു പാട് മോഹിച്ചതായിരുന്നു എന്റെ കുട്ടി. ശരിക്കും മനസ്സ് നൊന്തിട്ട് തന്നാ നാടും വീടും വിട്ടു പോയത് " സാവിത്രി നെടുവീർപ്പിട്ടു.
സൂസന്റെ തൊണ്ടയിൽ ഒരു കരച്ചിൽ കുടുങ്ങി. ഇത്ര നാളും ദേവേട്ടൻ കല്യാണം കഴിക്കാതെ നടന്നതിനു പുറകിൽ ഇങ്ങനെയൊരു കഥയുണ്ടെന്ന് അറിഞ്ഞിരുന്നില്ല. സ്നേഹം പിടിച്ചു വാങ്ങാൻ ശ്രമിച്ച താൻ ഒരു വിഡ്ഢിയാണ്.
അന്ന് രാത്രി സൂസൻ ഭക്ഷണം പോലും കഴിക്കാതെ കിടക്കുകയാണെന്നറിഞ്ഞാണ്
ജയദേവൻ മുറിയിലേക്ക് ചെന്നത്. എന്തു പറ്റി എന്ന ചോദ്യത്തിന് തലവേദന എന്ന് പറഞ്ഞ് അവൾ ഒഴിഞ്ഞുമാറി. കണ്ണടച്ച് മുഖം തലയിണയിൽ അമർത്തി അവൾ കിടക്കുന്നത് കണ്ടപ്പോൾ അയാൾക്ക് എന്തെന്നില്ലാത്ത അലിവു തോന്നി. ബാം എടുത്ത് പതിയെ അവളുടെ നെറ്റിയിൽ തടവുന്നതിനിടയിൽ അവൾ വിളിച്ചു.
" ദേവേട്ടാ ............"
"ഉം "
"എന്നെ ശരിക്കും ഇഷ്ടാണോ "
"അതെന്താ കുട്ടീ ഇപ്പൊ ഇങ്ങനെ ചോദിക്കാൻ "
"വെറുതെ..... പറയു എന്നെ ഇഷ്ടമാണോ "
"എന്താ ഇപ്പൊ ഇങ്ങനെയൊക്കെ ചോദിക്കാൻ?" ഉത്തരം പറയാൻ മടിച്ച് അയാൾ ഒഴിഞ്ഞു മാറുന്നത് പോലെ തോന്നി.
" ഒരു പാട് ഇഷ്ടമായിരുന്നല്ലേ അമ്മൂട്ടിയെ. പിന്നെന്താ കല്ല്യാണം കഴിക്കാതിരുന്നെ" ആ ചോദ്യം അപ്രതീക്ഷിതമായിരുന്നു.അയാളുടെ മുഖം വിവർണ്ണമായി. സമ്മിശ്രവികാരങ്ങൾ മുഖത്ത് പ്രതിഫലിച്ചു.
" കഥകളൊക്കെ കേട്ടല്ലേ......."
"ഉം "
"സൂസൻ......." അയാൾ മൃദുവായ ശബ്ദത്തിൽ വിളിച്ചു."അതൊക്കെ ഞാൻ മറക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങളാണ്. പറയാം , പിന്നീടൊരിക്കൽ. അതു വരെ ഒരിക്കലും എന്നോട് ഇതേക്കുറിച്ച് ചോദിക്കരുത് "
അയാൾ മുറിയിൽ നിന്ന് പുറത്തേക്ക് പോവുമ്പോൾ അവൾക്ക് ഉറക്കെ കരയണമെന്ന് തോന്നി.
................
"രണ്ടീസം കൂടി കഴിഞ്ഞിട്ട് പോയാൽപ്പോരേ കുട്ടാ നിനക്ക് " സാവിത്രി പ്രതീക്ഷയോടെ ചോദിച്ചു. കാറിലേയ്ക്ക് ബാഗുകൾ അടുക്കി വയ്ക്കുകയായിരുന്ന ജയദേവൻ ഒരു നിമിഷം നിന്നു.
" ആഗ്രഹമില്ലാഞ്ഞിട്ടല്ലമ്മേ, ഒരു പാട് ജോലിത്തിരക്കുണ്ടായിട്ടാ."
അമ്മയുടെ മുഖത്തേയ്ക്ക് നോക്കാതെയാണ് അയാൾക്ക് അത് പറഞ്ഞത്. ഇരുപത് വർഷങ്ങൾ കൂടിയാണ് അവർ തന്നെ കാണുന്നത്. കണ്ടു കൊതി തീർന്നു കാണില്ല. നഷ്ടങ്ങളുടെ കണക്കുകൾ മാത്രം തന്ന നാടിനെ വെറുത്തിരുന്നു എന്നതാണ് സത്യം. പക്ഷേ അമ്മയുടെ കണ്ണുനീർ ഒരിക്കലും ഓർത്തില്ല. പക്ഷേ അത് ഇപ്പോൾ അയാളെ പൊള്ളിക്കുന്നു.
"ഞാൻ ഇടയ്ക്കിടയ്ക്ക് വരാം അമ്മേ " അയാൾ അലിവോടെ പറഞ്ഞു.
പറഞ്ഞു കൊണ്ടിരിക്കെ സൂസൻ രണ്ടു ബാഗുകളുമായി പുറത്തേയ്ക്ക് വന്നു. താൻ വേണ്ടെന്ന് പറഞ്ഞപ്പോൾ മാറ്റി വച്ച ചുവന്ന പട്ടുസാരിയാണ് അവൾ ഉടുത്തിരിക്കുന്നത്. കാതിലും കഴുത്തിലും എല്ലാം നിറയെ ആഭരണങ്ങൾ. അമ്മ സമ്മാനിച്ചതാവും എന്നയാൾ ഊഹിച്ചു. ഇന്നലെ വരെ ചെറിയ കുട്ടിയായി തോന്നിച്ച അവൾ പെട്ടെന്ന് ഒരു പൂർണ്ണ സ്ത്രീയായി മാറുന്നതായി അയാൾക്കു തോന്നി.
" ന്റെ കുട്ടി.. സാക്ഷാൽ മഹാലക്ഷമി തന്നെ “ അമ്മ വാത്സല്യത്തോടെ അവളെ ചേർത്തു പിടിച്ചു.
…………………...
" സാരിയിൽ സൂസൻ കുറച്ചു കൂടി സുന്ദരിയായിരിക്കുന്നു” . ടാക്സിയിൽ ഇരുന്ന് പുറത്തേ കാഴ്ചകൾ കാണുകയായിരുന്ന സുസൻ അയാൾ പറഞ്ഞത് കേട്ട് ചിന്തയിൽ നിന്നുണർന്നു.
"വലിയ ചുവന്ന വട്ടപ്പൊട്ട് നിനക്കു നന്നായി ചേരുന്നുണ്ട് “ വീണ്ടും അയാളുടെ ശബ്ദം.
“ഇഷ്ടായോ” സൂസന്റെ മുഖം നാണത്താൽ തുടുത്തു. " അമ്മൂട്ടിയും ചുവന്ന വട്ടപ്പൊട്ട് തൊടുമായിരുന്നല്ലേ “ അവൾ പെട്ടെന്ന് എന്തോ ഓർത്തത് പോലെ ചോദിച്ചു.
അയാൾ ഒന്നു ഞെട്ടി. അമ്മൂട്ടി അവളിൽ വലിയ സ്വാധീനം ചെലുത്തിയിരിക്കുന്നു.പട്ടുസാരിയിലും ആഭരണങ്ങളിലും ചുവന്ന പൊട്ടിലും വരെ അവൾ അമ്മൂട്ടിയായി മാറാൻ ശ്രമിക്കുന്നതായി അയാൾക്കു തോന്നി. ഒരിക്കൽ തന്നെ കിട്ടില്ലെന്ന് ഉറപ്പായപ്പോൾ മരിക്കാൻ വരെ തീരുമാനിച്ച പെണ്ണാണവൾ. ഇപ്പോൾ തന്റെ സ്നേഹം പിടിച്ചുപറ്റാൻ വേണ്ടി മറ്റൊളാരാളായി മാറാൻ ശ്രമിക്കുന്നു.ആ നിമിഷം അയാൾക്ക് എന്തെന്നില്ലാത്ത അലിവ് തോന്നി. അയാൾ അവളെ തന്റെ നെഞ്ചോട് ചേർത്തു പിടിച്ചു. ആദ്യമായാണ് തന്റെ ഭർത്താവ് തന്നോട് ഇത്ര അടുത്തിരിക്കുന്നതെന്ന് അവൾക്ക് തോന്നി. വർഷങ്ങളായി തന്നിൽ നിറഞ്ഞു നിൽക്കുന്ന അമ്മൂട്ടിയുടെ ഓർമ്മകളിൽ നിന്നും അയാൾ അപ്പോൾ പടിയിറങ്ങാൻ തുടങ്ങുകയായിരുന്നു. അതേ സമയം അവൾ മനസ്സ് കൊണ്ട് അമ്മൂട്ടിയിലേക്കുള്ള യാത്ര തുടങ്ങുകയായിരുന്നു... അവളുടെ നെറ്റിയിലെ ചുവന്ന പൊട്ട് അയാളുടെ നെഞ്ചിൽ അമർന്ന് മായാൻ തുടങ്ങിയിരുന്നു.!!

ResmiAnuraj
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo