Slider

ഫെയ്സ്ബുക്ക് സൗഹൃദവും ഒരു ഫാമിലി യാത്രയും

0

ഫെയ്സ്ബുക്ക് സൗഹൃദവും
ഒരു ഫാമിലി യാത്രയും :
"""""""""""""""""""""""""""""""" 
ഓണത്തിന് സ്കൂളടയ്ക്കുമ്പോഴും ക്രിസ്തുമസ്സിന് അടയ്ക്കുമ്പോഴും ഭാര്യയെയും മക്കളെയും കൂടി ഒരു ചെറു യാത്ര പതിവാണ്. വേനലവധിയ്ക്ക് സംസ്ഥാനം കടന്ന് അൽപം വലിയ ഒരു യാത്രയും.
ഇക്കഴിഞ്ഞ ക്രിസ്തുമസിന് സ്കൂളടച്ചപ്പോൾ, നോട്ട് നിരോധനത്തിന്റെ ഭാഗമായി ഒട്ടോക്കോട്ടം മൂന്നിലൊന്നായി കുറഞ്ഞ ക്ഷീണത്താൽ യാത്ര പോകുന്നില്ലെന്ന് കരുതിയതായിരുന്നു. കാര്യങ്ങൾ മനസ്സിലാവുന്ന നല്ല പാതിക്കും യോജിപ്പായിരുന്നു. പക്ഷേ മക്കൾക്ക് നിർബന്ധം ഒരു ചെറുയാത്ര. അവർക്ക് സാമ്പത്തിക പ്രതിസന്ധിയോ ശാസ്ത്രമോ പിടികിട്ടാനുള്ള പ്രായമോ പക്വതയോ കൈവന്നിട്ടില്ലല്ലോ.
മക്കളുടെ സന്തോഷമാണല്ലോ നമ്മടേതും. നോട്ട് നിരോധനത്തിന് മുമ്പ് കരുതൽ ധനമായി സൂക്ഷിച്ചിരുന്ന ചെറിയ സമ്പാദ്യം രക്ഷ.
ആലപ്പുഴ, കുട്ടനാടായിരുന്നു മക്കളുടെ താൽപര്യം.മുമ്പൊരിക്കൽ കൂട്ടുകാരോടൊത്ത് കുട്ടനാട്ടിൽ പോയ വിശേഷങ്ങൾ പങ്കുവച്ചപ്പോഴേ അവർ കൊതിച്ചതാണ്. അവൾക്കും മക്കളുടെ താൽപര്യം. ആലപ്പുഴ ഉറപ്പിച്ചു.
എഴുത്തിന്റെ ചെറിയ അസുഖം പണ്ട് മുതലേ ഉണ്ട്. മുമ്പ്, 2000 to 2009 പല ആനുകാലിക പ്രസിദ്ധീകരണങ്ങളിലും കഥകളും കവിതകളുമൊക്കെ അച്ചടിച്ചുവന്നിരുന്നു.പിന്നെ ജീവിത പ്രാരബ്ധങ്ങും തിരക്കുകളും ആ അസുഖം ഇല്ലാതായി.
ചില വർഷങ്ങൾ കഴിഞ്ഞ് ഫെയ്സ് ബുക്കിൽ അക്കൗണ്ടെടുത്തതോടെ പ്രസിദ്ധീകരിച്ചു വന്ന കവിതകളുടെയെല്ലാം ഫോട്ടോ എടുത്ത് ഫേയ്സ്ബുക്കിൽ അപ് ലോഡ് ചെയ്യൽ ഹോബിയാക്കി.
പിന്നെ വാട്സാപ്പ് വന്നു.ഫെയ്സ്ബുക്ക് വളർന്നു.സാഹിത്യ ഗ്രൂപ്പുകളൊക്കെ വന്നു പലതിലും അംഗമായി. സാവധാനം, ഭേതമായ അസുഖം വീണ്ടും ആരംഭിച്ചു. ആയതിനാൽ കേരളത്തിന്റെ എല്ലായിടങ്ങളിൽ നിന്നുമായി കുറെ സുഹൃത്തുക്കളെ കിട്ടി. കുറച്ച് പേർ ഉൾപ്പെട്ടിയിൽ വന്ന് സൗഹൃദത്തിന് മാറ്റ് കൂട്ടി. ആലപ്പുഴയിൽ നിന്നുമുണ്ട് രണ്ട് മൂന്ന് ഉൾപ്പെട്ടി സൗഹൃദങ്ങൾ.
റോഷി അഗസ്റ്റിൻ, പരസ്പരം മൊബൈൽ നമ്പർ കൈമാറിയ വിരലിലെണ്ണാവുന്ന സൗഹൃദങ്ങളിൽ മുന്നിൽ. ഹൗസ് ബോട്ട് ഡ്രൈവറായിട്ട് ജോലി ചെയ്യുന്നു എന്നാണ് പറഞ്ഞത്.
എന്റെ എല്ലാ രചനകൾക്കും പ്രോത്സാഹനം നൽകുന്ന, നന്നായി കഥകളെഴുതുന്ന, ആഴ്ചയിൽ രണ്ട് മൂന്ന് ദിവസമെങ്കിലും ഉൾപ്പെട്ടിയിൽ വിശേഷങ്ങൾ ആരായുന്ന നല്ല സുഹൃത്ത്.
റോഷി പലപ്പോഴും, യാത്രാ കൊതിയനാണെന്നറിയുന്ന എന്നെയും ഫാമിലിയെയും ആലപ്പുഴക്ക് ക്ഷണിക്കാറുണ്ട്. ഹൗസ് ബോട്ട് വാടകക്കെടുക്കാനൊക്കെ വലിയ പണം വേണ്ടേ എന്ന് ചോദിച്ചപ്പോൾ ഞാനിവിടില്ലെ ഇക്ക വരൂ..എന്നും യന്ത്രം ഘടിപ്പിച്ച ചെറുബോട്ടൊന്നു സ്വന്തമായിട്ടുണ്ടെന്നും നമുക്കതിൽ കായലുമൊത്തം കറങ്ങാമെന്നും വരുമ്പോൾ ഒന്നറിയിച്ചാ മതി ഞാനിവിടെ റെഡി എന്നുമൊക്കെ പറയാറുണ്ട്.
അവൾക്കും മക്കൾക്കുമറിയാം റോഷിയുമായിട്ടുള്ള സൗഹൃദം.എനിക്കും അവർക്കുമിടയിൽ രഹസ്യങ്ങളൊന്നുമില്ലല്ലോ.ഭാര്യ പറഞ്ഞു യാത്രയുടെ വിവരം റോഷിയെ അറിയിക്കാൻ. അയാളെപ്പോഴും നമ്മളെ ക്ഷണിക്കുന്നതല്ലേ എന്ന്. പക്ഷേ എനിക്ക് താൽപര്യമില്ലായിരുന്നു. ക്ഷണിക്കുന്നതൊക്കെ ഒരാളുടെ മര്യാദ എന്ന് കരുതി നമ്മളാരെയും ബുദ്ധിമുട്ടിക്കണ്ട എന്നായിരുന്നു എന്റെ നിലപാട്. വേണമെങ്കിൽ മടങ്ങാൻ നേരം വിളിച്ചു നോക്കി ഒന്നു നേരിൽ കാണാൻ ശ്രമിക്കാമെന്നും.
"എന്ത് ബുദ്ധിമുട്ട് സൗഹ്യദം ഇതിനൊക്കെയല്ലേ.." അവളുടെ നിർബന്ധം.അങ്ങിനെ റോഷിയുടെ ഉൾപ്പെട്ടിയിൽ കയറി മെസേജ് തൊടുത്തു.
"റോഷീ...തിങ്കളാഴ്ച കാലത്ത് ഞാനും ഫാമിലിയും നിന്റെ ആലപ്പുഴയിലെത്തും.."
ആക്റ്റീവ് നൗ തെളിയുന്നുണ്ടെങ്കിലും സാധാരണ മറുപടിയുമായി വളരെ വേഗം പ്രതികരിക്കുന്ന റോഷിയുടെ മറുപടിയൊന്നും കാണാഞ്ഞ് അൽപ നേരം കാത്ത് ഗ്രൂപ്പിലേക്ക് വിട്ടു.രാവിലെ പോസ്റ്റിയ കഥയ്ക്ക് വന്ന കമന്റുകൾക്ക് റീപ്ലേ കൊടുക്കുന്നതിനിടയിൽ ഉൾപ്പെട്ടിയിൽ റോഷിയുടെ ഒരു ലൈക്ക് സ്റ്റിക്കർ. വീണ്ടും ഉൾപ്പെട്ടിയിലേക്ക് വിരലാൽ തൊട്ടു.
"റോഷീ... തിങ്കളാഴ്ച ഒഴിവുണ്ടോ..? ഞങ്ങൾ നിന്റെ നാട്ടിലേക്ക് വരുന്നു. ഒത്താൽ ഒന്ന് നേരിൽ കാണുകയും ചെയ്യാമല്ലോ... "
അപ്പോഴും റോഷി ഓൺലൈനിലുണ്ട് പക്ഷേ മറുപടി വന്നില്ല.
ഭാര്യ അരികിലുണ്ട്. അവൾ കളിയാക്കി തുടങ്ങി.
"എവിടെ നിങ്ങളുടെ സുഹൃത്ത്.. വരുന്നെന്ന് കേട്ടപ്പഴേ ആള് മുങ്ങി... അണ്ടിയോടടുക്കുമ്പോൾ അറിയാം ല്ലേ.. പുളി..ഹഹ..."
ഞാനവളെ തിരുത്തി:
"ഏയ്...എന്തോ തിരക്കിലായിരിക്കും.. മാത്രമല്ല നേരിട്ടുള്ള ബന്ധമൊന്നുമല്ലല്ലോ.. ബുദ്ധിമുട്ടിക്കണ്ട. വേണമെങ്കിൽ അവിടെയെത്തിയിട്ട് ഒന്നു വിളിച്ചു നോക്കാം..."
തിങ്കളാഴ്ച പുലർച്ചെ അഞ്ചിന്, ഗൾഫുകാരനായ അനിയന്റെ മാരുതി ആൾട്ടോ 800 കാറുമെടുത്ത് ഞാനും ഭാര്യയും രണ്ട് പിള്ളേരും ആലപ്പുഴയിലേക്ക് തിരിച്ചു.ഒൻപത് മണിയോടെ അവിടെ പിടിച്ചു.കാറ് സൈഡാക്കി ആദ്യം റോഷിയെ ഒന്നു വിളിച്ചു നോക്കി.മറുതലക്കൽ ബെല്ലടിഞ്ഞു തീർന്നു എന്നല്ലാതെ കോൾ സ്വീകരിക്കപ്പെട്ടില്ല. ഒരാവർത്തികൂടെ സ്ക്രീനിലെ കോളിംഗ് പച്ചയിൽ വിരൽ തൊട്ടു.
തദൈവ.
മൊബൈൽ പോക്കറ്റിലിട്ട്, മുമ്പ് കൂട്ടുകാരോടൊത്ത് പോയ പരിചയം
വെച്ച് കായൽ തീരത്തേക്ക് നീങ്ങി.
ഹൗസ് ബോട്ട് വാടകക്കെടുക്കാനായിരുന്നു
മക്കളുടെ താൽപര്യം.
പ്രധാനമന്ത്രി നോട്ട് നിരോധനം വഴി പിടിച്ചെടുത്ത കള്ളപ്പണം പാവങ്ങളായ നമ്മടെയെല്ലാം എക്കൗണ്ടിലെത്തിയിട്ട് വീണ്ടും വരുമ്പോൾ നമുക്ക് ഹൗസ് ബോട്ട് വാടകക്കെടുക്കാം എന്നു പറഞ്ഞ് നിശ്ക്കളങ്കരായ കുട്ടികളെ പറ്റിച്ച്,
- അവളപ്പോൾ വല്ലാതെ ചിരിക്കുന്നുണ്ട്- കായൽക്കരയിൽ കാർ പാർക്ക് ചെയ്ത്, കേരള സർക്കാറിന്റെ സർവ്വീസ് ബോട്ടിൽ കയറാനായി ബോട്ടുജെട്ടിയിലേക്ക് നടന്നു.
കുമരകത്തേക്കും അവിടെ നിന്ന് പാതിരാമണൽ, തണ്ണീർമുക്ക്, വൈക്കം, ,.... അങ്ങോട്ടുമിങ്ങോട്ടുമൊക്കെ യാത്ര ചെയ്ത് വേമ്പനാട്ട് കായലിന്റെ ദൃശ്യചാരുതയിൽ മയങ്ങി,നെല്ലറയായ കുട്ടനാട്ടിലിറങ്ങി ആ പച്ചപ്പാടത്തിലൂടെ കുറെ നടന്ന്, അവസാനം ആലപ്പുഴ ബീച്ചിൽ അൽപ നേരം ചിലവഴിച്ച് വൈകീട്ട് ഏഴ് മണിയോടെ എല്ലാവർക്കും ഏറെ ത്രിപ്തിയായ യാത്ര അവസാനിപ്പിച്ച് മടക്കയാത്ര ആരംഭിക്കുന്നത് വരെ ഞാൻ റോഷിയുടെ ഒരു തിരിച്ചുവിളി പ്രതീഷിച്ചിരുന്നു.
പിറ്റേന്ന് കാലത്ത് ഓട്ടോയുമായി ജോലിക്കിറങ്ങുന്നതിനു മുമ്പ് നേരത്തേ ടൈപ്പ് ചെയ്ത് വെച്ചിരുന്ന ഒരു പഴയ കഥ , ഏറെ സജീവമായ ഇഷ്ട ഗ്രൂപ്പിൽ പോസ്റ്റി.
അപ്രൂവായി മിനുട്ടുകൾക്കകം കഥയ്ക്ക് ആദ്യം വന്ന കമന്റ് റോഷി അഗസ്റ്റിയുടേ തായിരുന്നു.
"ഷാനുക്കാ... സൂപ്പർ...
നല്ല കഥ... നല്ല അവതരണം..."
ഉടനെ റീപ്ലേ കൊടുത്തു.
"റോഷീ... സന്തോഷം...
വായനയ്ക്ക് വളരെയധികം നന്ദി... സ്നേഹം...."
അന്ന് രാത്രി റോഷി ഉൾപ്പെട്ടിയിലുമെത്തി.
കഴിഞ്ഞ ദിവസത്തിലെ സംഭവങ്ങളൊന്നും
അങ്ങോട്ടോ ഇങ്ങോട്ടോ ഓർമ്മിപ്പിക്കാതെ
ഞങ്ങൾ ചാറ്റി മറ്റു പല കാര്യങ്ങളും.
************************
ഷാനവാസ്.എൻ, കൊളത്തൂർ.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo