Slider

ദൈവത്തിന്റെ കണ്ണ്..

0

അന്നും പതിവുപോലെ ഓഫീസ്സിൽ നിന്നും
ഇറങ്ങുമ്പോൾ ബോസ്സിനെ ശപിച്ചു.
ഇങ്ങേർക്ക് മാത്രമെ ഓഫീസുള്ളു..
ഇവിടെ മാത്രമെ സ്റ്റാഫുള്ളു..
ബാക്കിയുള്ളവർ ഇപ്പോ വീട്ടിൽ എത്തിക്കാണും.
തസ്തികയുടെ പേര് സെയിൽസ് മാനേജർ ..
ബോസിന് ഒരു രസമായി തീർന്നിരിക്കുന്നു ഇങ്ങനെ എന്നെ മാത്രം കഷ്ട്ടപ്പെടുത്താൻ ..
പാർക്കിംങ്ങ് ഏരിയായിൽ എത്തിയപ്പോൾ ഫോൺ ചിലച്ചു.. അനിതയാണ്..
വരുമ്പോൾ എന്തെങ്കിലും വാങ്ങിച്ചിട്ട് വരാനായിരിക്കും.
"എന്തെ"
വാക്കുകളിലെ കോപം തിരിച്ചറിഞ്ഞിട്ടായിരിക്കണം. മൃദുവായശബ്ദത്തിൽ
"അല്ല വിനുവേട്ടാ വരുമ്പോൾ മസാല ദോശവാങ്ങിയിട്ട് വരണം കേട്ടോ ?
"അ.. നോക്കട്ടെ.." കടുപ്പിച്ച് പറഞ്ഞു. അവളോട് കൊഞ്ചാൻ പോയാൽ ഫോൺ വെക്കില്ല.
" ശരിവിനുവേട്ടാ മോൻ വരാറായ്.. ഞാൻ ഫോൺ വെക്കുവാ "..
പ്രേമിച്ച് നടന്ന സമയത്ത് എന്തായിരുന്നു.. സമയംപോകുന്നത് അറിയില്ലായിരുന്നു ഫോണിലൂടെ അവളുടെ ശബ്ദം കേട്ടാൽ.
ആ കാലം ഒരു തിരശ്ശീലയിൽ എന്നപോലെ തെളിഞ്ഞു.
ആന്നത്തെ പുലരികൾ എത്ര സുന്ദരമായിരുന്നു.
അവൾക്ക് വേണ്ടി വിരിയുന്ന സൂര്യൻ
അവളെ ഉറക്കാൻ വരുന്ന ചന്ദ്രൻ..
ക്ലാവ് പിടിച്ച ഓർമ്മകൾക്ക് തിളക്കം വന്നു വോ?
വീണ്ടും ആ പഴയ വിനയചന്ദ്രൻ ആയോ ഞാൻ ?..
ഹെൽമറ്റിന്റെ ക്ലീപ്പ് ഇടുമ്പോൾ ബോസിന്റെ കാർ അടുത്ത് വന്നു നിന്നു.
ഗ്ലാസ് താഴ്ന്നു. കണ്ണട വച്ച കുള്ളൻ മൊഴിഞ്ഞു
" വിനയാ മഴ പെയ്യുമെന്ന് തോന്നുന്നു..
താൻ വേഗം പുറപ്പെട്. "
" ഓക്കെ സാർ"
വിനയത്തിന് നൂറ് മാർക്ക് കിട്ടും.
" അ ഈ ഫയല് ആ ഷാജഹാന്റെ വീട്ടിൽ ഒന്ന് കൊടുത്തേക്ക്..."
ഒരു നീല കളറുള്ള ഫയൽ എന്റെ നേരേ നീട്ടി പരട്ട കുള്ളൻ.
" തെണ്ടീ.... "
മനസ്സിൽ പറഞ്ഞു കൊണ്ട് വാങ്ങി പെട്ടിയിൽ വച്ചു.
"തനിക്ക് ഒരു കാർ വാങ്ങിക്കൂടെവിനയാ.. തന്റെ ഒരു ബൈക്കും ,കൂട്ടിന് ഒരു പെട്ടിയും"
തന്റെ തന്ത കാശ് തരുമോ.. എന്ന് ചോദിക്കാൻ തോന്നി വേണ്ടെന്ന് വച്ചു.
"ശരി സാർ ഒന്നു വാങ്ങണം"
"എങ്കിൽ ഗുഡ് നൈറ്റ്.."
"ഓക്കെ സാർ"
സാർ എന്ന് തന്നെയല്ലെ പറഞ്ഞത്. ഒരു സംശയം..
ബൈക്ക് സ്റ്റാർട്ടാക്കി പുറത്തേയ്ക്ക് കടന്നപ്പോൾ കണ്ടത്. ഒന്നു ഭിക്ഷക്കാരി നീട്ടിയ കൈയ്യുമായ് നിൽക്കുന്നു..
അവളുടെ മുഖം കണ്ടപ്പോൾ ദയനീയത തോന്നി.
അവളുടെ അടുത്ത് വണ്ടി നിർത്തി.
"എന്തെലും തരണെ സാറെ "
പോക്കറ്റിൽ പരതിയപ്പോൾ ചെറിയ നോട്ടുകൾ ഒന്നും തന്നെ യില്ല. എല്ലാം നൂറിന്റെ മാത്രം.
എന്താ ചെയ്യുക. എന്തെലും വരട്ടെ
നൂറിന്റെ ഒരുനോട്ട് എടുത്ത് ആ കയ്യിൽ വച്ച് കൊടുത്തു.
അവളുടെ ആ ചെറിയ കണ്ണുകളിൽ ആശ്ചര്യം ,എന്തെക്കെയോ പറയാൻ അവൾ തിടുക്കം കാട്ടി. അത് അവൾക്ക് ഉള്ളതാണെന്നറിഞ്ഞപ്പോൾ. കൈകൂപ്പി കൊണ്ടവൾ ഇടറിയ സ്വരത്തിൽ മൊഴിഞ്ഞു..
"സാറിനെ ദൈവം കാക്കും"
•••••••
വണ്ടി കൊച്ചിയിലെ തിക്കിലും തിരക്കിലേയ്ക്കും അലിഞ്ഞ് ചേർന്നു..
അരൂർ ടോൾ കടന്നപ്പോൾ മഴ ചാറാൻ തുടങ്ങി.
മഴ കോട്ടുമിട്ടു യാത്ര തുടർന്നു.
പുതുമഴയേറ്റ ഭൂമിയുടെ ഗന്ധം മാറി.
ബ്രേക്ക് ലൈറ്റുകൾ റോഡിൽ വർണ്ണങ്ങൾ രചിച്ചു.
നീണ്ട ഒമ്പത് വർഷത്തെ പ്രണയത്തിനൊടുവിൽ അനിത എന്റെ ഭാര്യയായ്.
അവളുടെ വീട്ടുകാരെ ഭയന്ന് .. ഇടുക്കിയിലെ സബ്ബ് രജിസ്റ്റാർഓഫിസിൽ വച്ച് ഞങ്ങൾ വിവാഹിതരായ്.
പക്ഷെ ഇത് ചുരുക്കം കൂട്ടുകാരൊഴിച്ച് ആരും അറിഞ്ഞില്ല. രഹസ്യമാക്കി വച്ചു.
അനിതയുടെ നിർബന്ധത്തിന് വഴങ്ങി. അവളുടെ വീട്ടിൽ പെണ്ണ് ചോദിക്കാൻ ചെന്നു.
കാര്യം അവതരിപ്പിച്ചു. ഒരു സ്ഫോടനം പ്രതീക്ഷിച്ചു.പക്ഷെ എന്നെ അമ്പരപ്പിച്ച് കൊണ്ട് .പഴയ ആ അദ്ധ്യാപകൻ എന്റെ തോളിൽ തട്ടികൊണ്ട് പറഞ്ഞു.
" നീ യാണ് യഥാർത്ഥ മനുഷ്യൻ. നിങ്ങളുടെ വിവാഹം കഴിഞ്ഞ കാര്യമൊക്കെ ഞങ്ങൾ അറിഞ്ഞു .കടുംകൈ വല്ലതും ചെയ്യുമോ എന്നായിരുന്നു ഞങ്ങളുടെ ഭയം. പ്രണയത്തിനൊന്നും ഞങ്ങൾ എതിരല്ല.പക്ഷെ ഇത് വരെ പോറ്റി വളർത്തിയ മകൾ .. " ആ കണ്ഡം ഇടറി.അകത്ത് നിന്ന് ഒരു തേങ്ങൽ.. അത് അനിതയുടെതായിരുന്നു.
അവൾ കരഞ്ഞു. എല്ലാം അറിഞ്ഞിട്ടും ഒന്നും അറിയിക്കാതെ ..
പൊട്ടിക്കരഞ്ഞവൾ ആ അച്ഛന്റെ കാലിൽ വീണു.
ഞാൻ കണ്ടതിൽ വച്ച് മഹാനായ അച്ഛൻ അതായിരുന്നു.
അന്നും ,ഇന്നും ,എന്നും ....
*********
ശ്ശെ....ഷാജഹാന്റെ വീട് കഴിഞ്ഞല്ലോ.. ഫയൽ കൊടുക്കാൻ മറന്നു. നാശം.
നാല് കിലോമീറ്റർ ഇനി പിറകിലേയ്ക്ക് പോകണം.
നാഷ്ണൽ ഹൈവെയാണ് ശ്രദ്ധിച്ച് വേണം വണ്ടി വളക്കാൻ.യുട്ടെൺ എടുക്കാനായ് കാത്ത് നിൽക്കുമ്പോൾ വണ്ടി കൾ കെട്ടഴിച്ച് വിട്ട പോലെ കടന്ന് പോയ്കൊണ്ടിരുന്നു. ഇതിനിടയിൽ കൂടി ഒരാൾ ആടി ഉലഞ്ഞ് റോഡിലൂടെ നടക്കുന്നു .മദ്യപിച്ചിട്ടായിരിക്കും ഒരു കാർ ചീറി പാഞ്ഞ് വന്ന് അയാൾക്കരുകിൽ ബ്രേക്ക് ചെയ്തു. തെറി കേൾക്കാൻ കാത്തിരുന്ന ഞാൻ കേട്ടത് ഒരു ചിരിയാണ്. "ചേട്ടാ വീട്ടിൽ വിടണോ "
ഇങ്ങനെയും ആളുകൾ ഉണ്ടോ ?ഈ കേരളത്തിൽ.. കുടിയൻ എന്തെക്കെയോ പറയുന്നുണ്ട്. ഒന്നും മനസ്സിലാവുന്നില്ല. വണ്ടികളുടെ കൂട്ട ഹോണടി. അയാൾ റോഡിൽ നിന്നും മാറി. ഇപ്പോ വണ്ടികൾ പതിയെ കടന്നു പോകുന്നുണ്ട്.
ഒരു തമിഴ്‌നാട് വണ്ടി കടന്ന് പോയി. ചരക്ക് വണ്ടി യാണ് പിന്നിൽ ഷീറ്റ് കൊണ്ട് കൂടാരം കെട്ടിയിരിക്കുന്നു. അതിനുള്ളിൽ രണ്ട് പേർ ഇരിപ്പുണ്ട്. പിന്നാലെ വന്ന വാഹനത്തിന്റെ അരണ്ട വെളിച്ചത്തിൽ ഞാൻ ഒരു കാഴ്ച കണ്ടു. അ ഇരിക്കുന്നവരുടെ പിന്നിലായ് ഒരു കുട്ടി എഴുന്നേറ്റ് നിൽക്കുന്നു. അതും ഏതോ സ്കൂൾ യൂണിഫോമിൽ..
അതെ സമയം ഇരുന്നവനിൽ ഒരാൾ കൈ വലിച്ച് ആ കുട്ടിയെ അടിക്കുന്നു ..
" അമ്മേ" എന്ന് വലിയ വായിൽ കരയുന്നു. പെട്ടെന്ന് മറ്റെ ആൾ കുറച്ച് തുണിയെടുത്ത് കുട്ടിയുടെ വായിൽ തിരുകി കയറ്റുന്നു ..
നെഞ്ചിൽ ഒരു കൊള്ളിയാൻ മിന്നി..
കുട്ടികളെ തട്ടികൊണ്ട് പോകുന്നവരാണോ ?
എന്റെ ദൈവമെ.
എനിക്കും ഉണ്ട് ഒരു മോൻ .. എന്റെ ഉണ്ണിക്കുട്ടൻ.
എന്തെങ്കിലും ചെയ്തെ പറ്റു. എവിടെ നിന്നോധൈര്യം വന്നു ചേർന്നു.
എന്തും വരട്ടെ .. അവരെ പിന്തുടരാൻ തീരുമാനിച്ചു.
അവരുടെ പിന്നാലെ വച്ചു പിടിച്ചു.
അവരെ പിൻതുടർന്നു പിടിച്ച്..എല്ലാവരെയും അടിച്ചൊതുക്കാൻ എനിക്ക് പറ്റില്ല.
അത് സിനിമയിലെ പറ്റു.പിന്നെ എന്ത് ചെയ്യും..
അപ്പോഴാ ഒരു ബോർഡ് കണ്ണിൽ പെട്ടത്..
9846100100 ..ഹൈവെ പോലിസിന്റെ നംബർ.
ഒന്നും ആലോചിച്ചില്ല. ഒരു കൈ കൊണ്ട് ഫോൺ എടുത്തു..
നമ്പർ ഡയൽ ചെയ്തു. ഹെൽമറ്റിനകത്ത് കൂടെ ചെവിയോട് ചേർത്ത് വച്ചു..
രണ്ടാമത്തെ ബെല്ലിൽ ഫോൺ എടുത്തു..
"ഹലോ കൺട്രോൾ റൂം "
ചുരുങ്ങിയ വാക്കു ക ളിൽ കാര്യം അവതരിപ്പിച്ചു.
അവർ എനിക്ക് ധൈര്യം തന്നു.
അവർക്ക് സംശയം തോന്നത്ത രീതിയിൽ പിൻതുടരാൻ പറഞ്ഞു.. ഹൈവേ പോലീസ് വണ്ടി എരമല്ലൂർ ജംഗ്ഷനിൽ ഉണ്ട്എന്നും .അവിടെ വച്ച് പിടിക്കാം എന്നും പറഞ്ഞു.
വണ്ടി നംബർ കൃത്യമായ് പറഞ്ഞു കൊടുത്തു.. പോലിസ് ഫോൺ കട്ട് ചെയ്യാതെ എനിക്ക് നിർദ്ദേശങ്ങൾ തന്നുകൊണ്ടിരുന്നു. കുത്തിയതോട് കഴിഞ്ഞു. പറഞ്ഞത് പോലെ എരമല്ലൂരിൽ വച്ച് പോലിസ് അവരെ തടഞ്ഞു..
വണ്ടി പോലിസ് സെർച്ച് ചെയ്തപ്പോൾ ഞെട്ടിപ്പോയ് . നാല് സ്ക്കൂൾ കുട്ടികൾ .3, 4 ലും പഠിക്കുന്നവർ. അതും നാല് സ്ക്കൂളിൽ ഉള്ളവർ.
എല്ലാവരും എന്നെ അഭിനന്ദിക്കാൻ മറന്നില്ല.
പോലിസ് കുട്ടികളെ വണ്ടിയിൽ നിന്നു ഇറക്കി.അവസാനം ഇറക്കിയ കുട്ടിയെ കണ്ട് എന്റെ തലകറങ്ങിപ്പോയ്..
ഇത് ....?
എന്റെ ഉണ്ണിക്കുട്ടൻ..
ശരീരമാകെ തളർന്നത് പോലെ തോന്നി..
എന്നെ കണ്ടതും ഉണ്ണിക്കുട്ടൻ ഓടി വന്നു.. എന്നെ കെട്ടിപിടിച്ചു.കരഞ്ഞു.
കാര്യങ്ങൾ മനസ്സിലാക്കിയ എസ് ഐ എന്നോട് പറഞ്ഞു..
"ദൈവം നിങ്ങളെ കാത്തു "...
*******************
അനിത യെ വിളിച്ച് പറഞ്ഞേക്കാം..
ഫോൺ എടുത്ത് നോക്കുമ്പോൾ 43 മിസ്സ് കോൾ അനിത .
ഫോൺ സൈലന്റാക്കിയത് ഓർത്തത് അപ്പോഴാണ്.
ഫോണിൽ ഒരു നിലവിളിയാണ് കേട്ടത്.
" വിനുവേട്ടാ ഉണ്ണിക്കുട്ടനെ കാണന്നില്ല.എല്ലായിടത്തും ഞാൻ നോക്കി. എനിക്ക് പേടിയാകുന്നു"
"അനിതെ ഉണ്ണിക്കുട്ടൻ എന്റെ കൂടെയുണ്ട്.ഞങ്ങൾ കുറച്ച് കഴിഞ്ഞ് വരും.. വന്നിട്ട് എല്ലാം പറയാം. നീ ഭയപ്പെടേണ്ട "
ഇങ്ങോട്ടോന്നും പറയാതിരിക്കാൻഫോൺ കട്ട് ചെയ്തു.
*********
ഉണ്ണിക്കുട്ടനുമായ് വീട്ടിൽ എത്തി.നടന്ന കാര്യങ്ങൾ വിവരിച്ചു പറഞ്ഞു.
എല്ലാം കേട്ട് കണ്ണ് മിഴിച്ചിരുന്ന അനിത ബോധംകെട്ട് വീണു.
പിറ്റെന്നാണ് അവൾക്ക് ബോധം തെളിഞ്ഞത്. ആശുപത്രിയിലെ വെള്ളചിറകുള്ള ഒരു മാലഖ പതിയെ പറന്ന് .എന്റെ അടുത്തെത്തി.
എന്നിട്ട് ഘനഗംഭിര സ്വരത്തിൽ പറഞ്ഞു..
"നിങ്ങൾ വീണ്ടും അച്ഛനാകാൻ പോകുന്നു."

By: NizarVH
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo