ഈയിടെയായി ഒരു തോന്നലാണ്...വെളു വെളുത്ത ഇത്തമാർ ഇച്ചിരി കറുത്തവനായ എന്നോട് ഇഷ്ടക്കേട് കാണിക്കുന്നില്ലേ..? അനിയൻ കുട്ടീന്നൊക്കെ വിളിച്ച് വല്യ പുന്നാരമൊക്കെ ആണെങ്കിലും എന്തോ ഉണ്ട്... ഹും..
വെളുക്കാനുള്ള മോഹം അങ്ങനെ കലശലായി വരികയാണ്.. ഊണുമില്ല.. ഉറക്കവുമില്ല..കണ്ടതിൽ വെച്ച് ഏറ്റവും വെളുത്തത് അയലത്തെ മൈമൂന താത്തയാണ്.. അവരോട് ചോദിച്ച് നോക്കാൻ തന്നെ തീരുമാനിച്ചു...
ട്രൌസറിന്റെ വള്ളീം പിടിച്ച് അവിടേം ഇവിടേം പരുങ്ങി നിന്നപ്പോൾ താത്ത ചിരിച്ചോണ്ട് അടുത്തു വന്നു.. കാര്യം പറഞ്ഞപ്പോൾ മേലാകെ ഇളക്കിയുള്ള ആ ചിരി കാണാൻ വല്ലാത്തൊരു ഭംഗ്യായിരുന്നു...
അപ്പോൾ സംഭവം അതാണ്... ഹുസയ്ൻക ഗൾഫീന്ന് കൊണ്ട് വരുന്ന വെളുക്കണ സോപ്പ്... അത് തേച്ച് കുളിച്ചാൽ മതി.. തൂവെള്ള പോലെ ആയിക്കിട്ടും..പീന്നീട് ഒരു കാത്തിരിപ്പ് തന്നെയായിരുന്നു.. മൂപ്പരുടെ വരവിന് വേണ്ടി! ..
ഒരു ദിവസം ഹുസയ്ൻക വരിക തന്നെ ചെയ്തു.. പക്ഷേ അത് മൈമൂന താത്തയെ മൊഴി ചൊല്ലാനായിരുന്നു..
ഇച്ചിരി പഞ്ചാര കട്ട് തിന്നാൻ അടുക്കളേൽ പോയപ്പോൾ ചില നിറം പിടിപ്പിച്ച കഥകളൊക്കെ ഞാനും കേട്ടു.. നാട്ടിലെ ചില ഇക്കാക്കമാർ മൈമൂന താത്തയുടെ കൂടെ ഉറങ്ങാൻ വരാറുണ്ട് പോലും... അതിനാണത്രെ ആ ദുഷ്ടൻ ഹുസയ്ൻക ഈ കടുംകൈ ചെയ്തത്..
എന്നാലും കിനാവിൽ ഞാൻ കാണാറുണ്ട്.. പൂലോട്ടെ തോട്ടില് വെളുക്കാനുള്ള സോപ്പങ്ങനെ പതപ്പിച്ച് തേച്ച് തരുന്ന മൈമൂന താത്തയെ... എന്നിട്ട് കുട്ടിക്കരണം മറിഞ്ഞ് നീന്തിയൊരു കുളി...ഹീ...
By: Younus Mohammed

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക