Slider

മാപ്പുസാക്ഷികൾ ഉണ്ടാകുന്നത്

0


"ഇന്നിനി ഉറങ്ങാൻ പറ്റുമെന്ന് തോന്നുന്നില്ല " പ്രാകികൊണ്ട് റിട്ടയർഡ് DySP കമലാസനൻപിള്ള കട്ടിലിൽ എഴുന്നേറ്റിരുന്നു. സമയം രാത്രി പതിനൊന്നര ആയിരിക്കുന്നു. അടുത്തുള്ള അമ്പലത്തിൽനിന്നും ഭജനപ്പാട്ടുകൾ കേൾക്കുന്നുണ്ടായിരുന്നു. ചിവിടുകളുടെ ശബ്ദം വല്ലാതെ ഉയർന്നുകേൾക്കുന്നു. എന്നത്തേതിലും നാലു പെഗ് കൂടുതൽ വിഴുങ്ങിയിട്ടാണ് അന്നയാൾ ഉറങ്ങാൻ കിടന്നിരുന്നത്. എന്നിട്ടും എന്തോ ഒന്ന് ശരിയാവാത്തതുപോലെ.... എന്താണത്.. അയാൾ ആലോചിച്ചു. തലയിണക്കടിയിലേക്കു കൈനീട്ടി എപ്പോഴും വക്കാറുള്ള റിവോൾവർ അവിടെത്തന്നെ ഉണ്ടെന്നു ഉറപ്പുവരുത്തി. ഈയിടെയായിട്ടു എന്തോ ഒരു ഉൾഭയം.. എന്തൊക്കെയോ സംഭവിക്കാൻ പോകുന്നത് പോലെ ഒരു തോന്നൽ.. ഇന്ന് രാവിലെമുതൽ മനസ് സ്വസ്ഥമല്ല.. അയാൾ എഴുന്നേറ്റു അലമാര തുറന്നു സ്കോട്ട് വിസ്കിയെടുത്തു ഒരു ഡബിൾ ലാർജ് മിക്സ് ചെയ്ത് ഒറ്റയടിക്ക് വിഴുങ്ങി. ആമാശയവും അന്നനാളവുമെല്ലാം വെന്തുപോകുന്നതുപോലെ തോന്നി. തിരികെ കട്ടിലിൽ വന്നിരുന്നു വീണ്ടും ചിന്തയിൽ ലയിച്ചു. ഇന്ന് രാവിലെ പെൻഷൻ വാങ്ങാൻ ട്രഷറിയിൽ പോയപ്പോൾ മുതലാണ് ഈ അസ്വസ്ഥതകൾ തുടങ്ങിയത്. അയാൾ ഓർക്കാൻ തുടങ്ങി :
********
എല്ലാമാസവും അഞ്ചാം തീയതി പെൻഷൻ വാങ്ങാൻ ട്രഷറിയിലേക്കുള്ള പോക്ക് ഒരിക്കലും ഞാൻ മുടക്കാറില്ല. കാരണം ഞാൻ അവസാനം ജോലി ചെയ്ത ഓഫീസും സ്റ്റേഷനും ഒക്കെ ട്രഷറിയുടെ തൊട്ടടുത്തുതന്നെയാണ്. പെൻഷൻ വാങ്ങിയശേഷം സ്റ്റേഷനിലും ഒന്നുകേറും. കൂടെ ജോലിചെയ്തിരുന്നവരിൽ പലരും ഇപ്പോഴും അവിടെയുണ്ട്. പിന്നെ അവരുടെയൊക്കെ കൂടെ തീറ്റയും കുടിയുമൊക്കെ കഴിയുമ്പോൾ പാതിരാവാകും. രാത്രിയിൽ ഏതെങ്കിലുമൊരു സമയത്തു നാലുകാലിൽ വീട്ടിൽ വന്നു കയറും. ഇന്നും പെൻഷൻ വാങ്ങിയശേഷം, ഉത്സാഹത്തോടെ ഞാൻ സ്റ്റേഷനിലേക്ക് ആഞ്ഞുനടക്കുകയായിരുന്നു. ഗേറ്റ് അകത്തേക്ക് കയറിയതും പെട്ടെന്ന് ഒന്ന് ഞെട്ടി. കുറച്ചു മുൻപിലായി കൂനിക്കൂടി ഒരു വൃദ്ധ, വലിയ അവശതയോടെ, പ്രാഞ്ചിപ്രാഞ്ചി നടന്നുവരുന്നു. ഒന്നുകൂടി ഞാൻ സൂക്ഷിച്ചു നോക്കി. ഞെട്ടൽ ഒന്നുകൂടി ആവർത്തിച്ചു. 'ഇതാ പണ്ടാരതള്ളയല്ലേ.. മഹേഷിന്റെ അമ്മ.. തള്ളയുടെ മുൻപിൽ പെട്ടുപോയല്ലോ.. എങ്ങനെ തടിയൂരും, എങ്ങോട്ടൊളിക്കും, എന്നൊക്കെ ചിന്തിക്കുമ്പോഴേക്കും അവർ തൊട്ടുമുൻപിൽ വന്നു നിന്നു. കൂട്ടിമുട്ടിയ കണ്ണുകൾ ഞാൻ പെട്ടെന്ന് പിൻവലിച്ചു. " ക്റാ.... ത് ഫു..... " തള്ള എന്റെ മുൻപിൽ കാർക്കിച്ചു നീട്ടി ഒരു തുപ്പൽ. ഞെട്ടിപ്പോയി. " നീ ഇപ്പോഴുമുണ്ടോടാ.. നീ മുടിഞ്ഞു പോകത്തേ യു ള്ളെടാ.. കാലാ.. " വൃദ്ധ തലയിൽ കൈവച്ചു അയാളെ പ്രാകി. ഞാൻ ചുറ്റോടുചുറ്റും നോക്കി. ആരെങ്കിലും കണ്ടോ... ആരും കണ്ടില്ലെന്നു തോന്നുന്നു.... കാലുകൾ നീട്ടിവച്ചു ഓടുന്നതുപോലെ ഞാൻ നടന്നു. 'തള്ളക്കു വരാൻ കണ്ട നേരം.. എന്തുചെയ്യാനാ, യൂണിഫോം ഇല്ലാതെപോയി.. അല്ലെങ്കിൽ കെളവിയാണെന്നൊന്നും ഞാൻ നോക്കില്ലാരുന്നു.. കാണിച്ചു കൊടുത്തേനെ ഞാൻ.. അല്ലേലും ഈ നാട്ടുകാര് പരിഷകൾക്കു ഒരു ചിന്തയുണ്ട്, പോലീസുകാരൻ ജോലിയിൽ നിന്നും വിരമിച്ചു കഴിഞ്ഞാൽ പിന്നെ നായയുടെ വിലപോലുമില്ലെന്നാ ചില എരപ്പകൾ പറഞ്ഞുനടക്കുന്നത്.' "ഛേ " ആ തുപ്പൽ മുഖത്ത് വീണതുപോലെ എനിക്ക് തോന്നി. ഞാൻ മുഖം തുടച്ചു. സ്റ്റേഷന്റെ ഉള്ളിലേക്ക് കടന്നപ്പോൾ വലതുവശത്തു കസേരയിൽ ഇരുന്ന പെൺകുട്ടി എന്നെനോക്കി പരിഹസിച്ചു ചിരിക്കുന്നതുപോലെ തോന്നി. വെറുതെ തോന്നിയതാണോ... അതോ...
തള്ള ആട്ടിയതു ഇനി ഇവളെങ്ങാനും കണ്ടോ... പെൺകുട്ടിയുടെ മുഖത്തേക്ക് രൂക്ഷമായി ഒന്ന് നോക്കിയിട്ടു അമർത്തിയൊന്നു മൂളി. പെൺകുട്ടി ചൂളിപ്പോയി. 'ഏതോ സർട്ടിഫിക്കറ്റിൽ ഒപ്പു തെണ്ടാൻ വന്നിരിക്കുന്ന അസ്സത്ത് പെണ്ണ്.. ഒരു പഴയ പോലീസുകാരനെ കണ്ടാൽ ബഹുമാനിച്ചുകൂടെ ഇവറ്റകൾക്ക്... ഒന്ന് എഴുന്നേറ്റതുപോലുമില്ല... യൂണിഫോമുണ്ടാരുന്നേൽ കാണിച്ചുകൊടുക്കാമായിരുന്നു ഇവറ്റകൾക്ക്.. ഞാനേ ആപ്പയും ഊ പ്പയും ഒന്നുമല്ല.. ഇവിടെ DySP ആയിരുന്ന ആളാണ്... ഇനി എന്നെ മനസിലാകാഞ്ഞിട്ടാണോ.. ഏയ്.. ആവാൻ വഴിയില്ല.. എന്റെ കൊമ്പൻ മീശയും വലിയ കീശയും ഇവിടെ കുപ്രസിദ്ധമാണല്ലോ... '
പാറാവുനിന്ന പോലീസുകാരന്റെ മുഖത്തും എന്തോ ഒരിത്... പഴയ മേലുദ്യോഗസ്ഥനെ ബഹുമാനിക്കാനറിയാത്ത ശവങ്ങള്... ഞാൻ മുറുമുറുത്തോണ്ടു അകത്തേക്ക് കയറി..
പഴയ ശിങ്കിടി HC കണാരൻനായർ സീറ്റിലുണ്ടായിരുന്നു. എന്നെക്കണ്ടു എഴുന്നേറ്റു നിന്നു ഒന്ന് വെളുക്കെചിരിച്ചു. "എടോ ആ മഹേഷിന്റെ അമ്മയല്ലേ ഇപ്പോൾ വെളിയിലേക്കു പോയത്.. " കസേര വലിച്ചിട്ടിരുന്നുകൊണ്ടു ഞാൻ കണാരനോട് ചോദിച്ചു. "അതേ.. അപ്പോ സാറൊന്നുമറിഞ്ഞില്ലേ... "കണാരൻ ചോദിച്ചു. "ഇല്ല.. ന്തേ... ?" ഞാൻ ചോദിച്ചു.
" ആഹ്, നമ്മുടെ പഴയ മഹേഷിന്റെ വധശിക്ഷ നാളെ രാവിലെ അഞ്ചുമണിക്ക് നടപ്പാക്കും.." കണാരൻ പറഞ്ഞു.താൻ ഒന്ന് ഞെട്ടിയോ...
" തുടർനടപടികളുടെ എന്തോ കാര്യത്തിനുവേണ്ടി CI സാറിനെ കാണാൻ വന്നതാ മഹേഷിന്റെ അമ്മ. സാറല്ലേ കുറ്റപത്രം തയ്യാറാക്കിയത്.. ഒരു ലൂപ്പ് ഹോൾസും കാണില്ലല്ലോ.. "കണാരൻ ചിരിച്ചുകൊണ്ട് പറഞ്ഞു.
'അതേടാ..ഒരു ലൂപ്ഹോൾസും കാണില്ല.. ഞാനേ നിയമം പഠിച്ചതേ വെറുതെയല്ല 'ഞാൻ മനസ്സിൽ പറഞ്ഞു. "വലിയ കഷ്ടമാണ് സാറെ അവരുടെ കാര്യം.. ഇവിടെനിന്നു കുറെ കരഞ്ഞു. മഹേഷ് ജയിലിലായതിനു ശേഷം ആകെയുണ്ടായിരുന്ന കിടപ്പാടം എഴുതിവിറ്റു ഏകമകളെ കെട്ടിച്ചുവിട്ടു. അതിന്റെ ഭർത്താവു ഇപ്പോൾ അവളെ ഉപേക്ഷിച്ചു. അവളിപ്പോൾ ഏതോ മനോരോഗകേന്ദ്രത്തിലാണെന്നു കേൾക്കുന്നു. കേസ് നടത്തിപ്പിനായി ഉള്ളതെല്ലാം വിറ്റുപെറുക്കി അവർ സുപ്രീംകോടതിവരെയും പോയി. എന്നിട്ടും ചെക്കൻ രക്ഷപ്പെട്ടില്ല. കഴിഞ്ഞാഴ്ച രാഷ്‌ട്രപതി ദയാഹർജിയും തള്ളി. റോഡ് പുറമ്പോക്കിൽ ഒരു കുടിൽ കെട്ടി തള്ള ഇപ്പോൾ അവിടെയാണ് താമസം. ആരുമില്ല ഒരുസഹായത്തിന്.... " കണാരൻ പറഞ്ഞുകൊണ്ടിരുന്നു.
" നിർത്തടോ തന്റെ പഴംപുരാണം " കസേര പിന്നിലേക്ക് ശക്തിയായി തള്ളിമാറ്റിക്കൊണ്ടു ഞാൻ ക്ഷോഭിച്ചു ചാടിയെഴുന്നേറ്റു. കണാരന്റെ മുഖം വല്ലാതായതു ഗൗനിക്കാതെ ഞാൻ പുറത്തേക്കു നടക്കാനാരംഭിച്ചു. 'അല്ലപിന്നെ.. ദേഷ്യം വരില്ലേ... അവന്റെ ഒരു പുരാണപാരായണം... ' ഞാൻ മനസ്സിൽ പറഞ്ഞു.
"അല്ല സാറെ.. അപ്പോൾ നമ്മുടെ പെൻഷൻ പാർട്ടി എങ്ങനാ.... എല്ലാം അറേഞ്ച് ചെയ്തേക്കുവാ.... "പിന്നിൽ നിന്നും കണാരൻ വിളിച്ചുപറയുന്നത് കേൾക്കാത്തമട്ടിൽ ഞാൻ ഇറങ്ങിനടന്നു, വേഗം, അടുത്തുള്ള ബാറിലേക്ക്...
*******
ബാറിലെ ശീതികരിച്ച മുറിയിലിരുന്ന് വെയ്റ്റർ കൊണ്ടുവച്ച ഡബിൾ ലാർജ് വിസ്കി നുണയുമ്പോഴും, മനസ്സിൽ ആ ചിന്ത തന്നെയായിരുന്നു.മഹേഷ്..... ആരാണീ മഹേഷ്.. ?
ഭൂതകാലം മനസ്സിലേക്കോടിയെത്തി.
അന്നുഞാൻ പഴയന്നൂർ CI ആയിരുന്നു. ഒരു മാൻമിസ്സിങ് പരാതിയുടെ അന്വേഷണത്തിലായിരുന്നു ഞാൻ. കാണാതായത് ഷാഹിദ ബാനു എന്ന 42 വയസ്സുള്ള ഭർത്താവുപേക്ഷിച്ച സ്ത്രീ. രണ്ടു മക്കളുണ്ട്. 6 വയസുള്ള ആൺകുട്ടിയും 11 വയസുള്ള വെളുത്തു കൊലുന്നനെയുള്ള ഒരു പെൺകുട്ടിയും. പലവ്യഞ്ജനങ്ങൾ കവറിലാക്കി മാർക്കറ്റ് ചെയ്യുന്ന ഒരു സ്ഥാപനത്തിലായിരുന്നു ഷാഹിദക്ക് ജോലി. ഷാഹിദയുടെ വൃദ്ധയായ മാതാവായിരുന്നു പരാതിക്കാരി. മാൻമിസ്സിങ് കേസിന്റെ അന്വേഷണം വഴിമുട്ടിയപ്പോളാണ് ആ വിവരം കിട്ടിയത്. പഴയന്നൂർ സർക്കിളിന്റെ പരിധിയിൽപെടുന്ന എളനാട് വനത്തിനുള്ളിൽ ചവറുകൂനയിൽ നിന്നും 8ദിവസം പഴക്കമുള്ള ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ശരീരഭാഗങ്ങൾ പലതും കാട്ടുമൃഗങ്ങൾ തിന്നിരുന്നു. പ്രഥമദൃഷ്ട്യാ തന്നെ കൊലപാതകമാണെന്ന് മനസിലായി. DNA പരിശോധനയിൽ അത് ഷാഹിദയുടെ മൃതദേഹമാണെന്നു തെളിഞ്ഞു. കൊലക്കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സമീപത്തെ മൊബൈൽ ടവർ കേന്ദ്രികരിച്ചു ഒരു ലക്ഷത്തിലധികം ഫോൺ നമ്പറുകളും സംഭാഷണങ്ങളും പരിശോധിച്ചു. (ഹോ ഈ മൊബൈൽ കണ്ടുപിടിച്ചില്ലാരുന്നെങ്കിൽ ഞാൻ എന്തുചെയ്‌തേനെ.. ). 8 ദിവസത്തിനകം പ്രതികൾ പിടിയിലായി. 22ഉം 24ഉം വയസുള്ള, ഷാഹിദയുടെ
സ്ഥാപനത്തിനടുത്തു മൊബൈൽ കട നടത്തുന്ന 2 പയ്യന്മാർ. മഹേഷും പ്രിയനും. പ്രതികളെ തൂക്കിയെടുത്തു സ്റ്റേഷനിൽ കൊണ്ടുവന്നു ഇഞ്ച ചതക്കുമ്പോലെ ചതച്ചപ്പോൾ ഉള്ള സത്യം വെളിയിൽ വന്നു (എന്റെ പേപ്പർ വെയിറ്റ് പ്രയോഗം പ്രസിദ്ധമാണല്ലോ... പേപ്പർ വെയി റ്റുകൊണ്ട്‌ ചങ്കിടിച്ചു കലക്കുന്ന ഒരു പ്രയോഗം ).
കാശിനുവേണ്ടി, ഷാഹിദബാനു ഈ പയ്യന്മാരുമായി നിരന്തരം വേഴ്ച നടത്തിയിരുന്നു. അടിപൊളി ജീവിതം നയിച്ചിരുന്ന പയ്യന്മാർ കാശിനുവേണ്ടി ഷാഹിദയുടെ കഴുത്തിൽകിടന്ന വലിയമാല സ്വർണ്ണമാണെന്നു തെറ്റിദ്ധരിച്ചു, മോഷ്ടിക്കാൻ പദ്ധതിയിട്ടു. പതിവുപോലെ കറങ്ങാൻ കൊണ്ടുപോവുകയാണെന്നു ധരിപ്പിച്ചു, കാറിൽകയറ്റി. വഴിയിൽവച്ചു മയക്കുമരുന്ന് കലർത്തിയ മദ്യം കുടിക്കാൻ കൊടുത്തു. മഹേഷായിരുന്നു വണ്ടിയോടിച്ചതു. ബോധം നശിച്ച ഷാഹിദയുടെ മാല പൊട്ടിച്ചെടുത്തിട്ടു, പിൻസീറ്റിൽ വച്ച് പ്രിയൻ അവളുടെ കഴുത്തിൽ ഷാൾ മുറുക്കികൊന്നു. മഹേഷ് അവസാനനിമിഷമാണ് ഇതറിഞ്ഞത്. പെട്ടെന്നുള്ള വെപ്രാളത്തിൽ ശവം വനത്തിനു നടുക്ക് ചവറുകൂനയിലിട്ടു മൂടി പയ്യന്മാർ തിരിച്ചുവന്നു. ഷാഹിദയുടെ മൊബൈൽഫോൺ നശിപ്പിച്ചു കളയാനും മറന്നില്ല. പൊട്ടിച്ചെടുത്ത മാല മുക്കുപണ്ടമാണെന്നു പിന്നീടാണ് മനസിലായത്.
അന്വേഷണം അട്ടിമറിക്കാൻ പലഭാഗത്തുനിന്നും നീക്കമുണ്ടായി. കാരണം പ്രിയൻ അവിടുത്തെ പ്രധാന വ്യാപാരികളിൽ ഒരാളുടെ മകനായിരുന്നു.
മഹേഷിനു പ്രായമായ അമ്മയും പഠിക്കുന്ന സഹോദരിയും മാത്രമാണ് ഉണ്ടായിരുന്നത്. പാവപ്പെട്ട കുടുംബം. വിവരം അറിഞ്ഞപ്പോഴേ മാതാവ് എന്നെക്കാണാൻ നിലവിളിച്ചുകൊണ്ട് ഓടിയെത്തി. ഞാൻ അവരെ പുറത്തു നിർത്തി. അന്നുച്ചക്ക് സജീവൻ -പ്രിയന്റെ അച്ഛൻ -എന്നെകാണാനെത്തി. " സാർ.. എന്തുവേണമെങ്കിലും ചെയ്യാം.. എന്റെ മകനെ ഒന്നൊഴിവാക്കണം.. " അയാൾ പറഞ്ഞു. "എന്ത് വേണമെങ്കിലും എന്നുപറഞ്ഞാൽ..... ?" ഞാൻ അയാളെ തോക്കിൻകുഴലിലൂടെ എന്നപോലെ ചൂഴ്ന്നു നോക്കി. "എന്തുവേണമെങ്കിലും.. " അയാൾ ആവർത്തിക്കുക മാത്രമല്ല, ആയിരത്തിന്റെ ഒരു കെട്ടെടുത്തു മേശമേൽ വച്ചു. "പോരാ... ഇത് കൊലക്കേസാ... " ഞാൻ മുരണ്ടു. അയാൾ ആയിരത്തിന്റെ രണ്ടു കെട്ടുകൾ കൂടി എന്റെ മുന്നിലേക്ക് നീക്കിവച്ചു. എന്റെ മുഖം തെളിഞ്ഞു. "തന്റെ മകനെ ഞാൻ മാപ്പുസാക്ഷി ആക്കാം.. 60ദിവസം ജയിലിൽ കിടക്കേണ്ടി വരുമെങ്കിലും തന്റെ മകൻ പുല്ലുപോലെ ഊരിപ്പോരും.. എന്താ മതിയോ.. "ഞാൻ ചോദിച്ചു. അയാളുടെ മുഖം തെളിഞ്ഞു. അയാളിറങ്ങിപ്പോയി. മഹേഷിനെ കേന്ദ്രികരിച്ചുകൊണ്ടു അതിശക്തമായ രീതിയിൽ എല്ലാ പഴുതുകളുമടച്ചുകൊണ്ടു ഞാൻ കുറ്റപത്രം തയ്യാറാക്കി കോടതിയിൽ സമർപ്പിച്ചു. കുറ്റപത്രത്തിൽ പ്രിയനേ മാപ്പുസാക്ഷിയായി പ്രഖ്യാപിച്ചു എഴുതിച്ചേർത്തിരുന്നു. മഹേഷിന്റെ അമ്മ പലവട്ടം കേണപേക്ഷിച്ചിട്ടും ചെവിക്കൊണ്ടില്ലെന്നു മാത്രമല്ല, അന്വേഷണത്തിന്റെ ഭാഗമാണെന്നു പറഞ്ഞു മഹേഷിന്റെ അനിയത്തിയുടെ ലാപ്ടോപ്പും ഡിജിറ്റൽ ക്യാമറയും പിടിച്ചെടുത്തത് ഇന്നുവരെ കൊടുത്തിട്ടുമില്ല. അതിപ്പോൾ സുനിതയുടെ (തന്റെ ഇടക്കാലാശ്വാസം ) വീട്ടിൽ കാണണം.
എല്ലാ കോടതികളും മഹേഷിനു വധശിക്ഷ വിധിക്കുകയും ശരി വക്കുകയും ചെയ്തു. പ്രിയനെ, പോലീസിന്റെ വാദം കണക്കിലെടുത്തു കോടതി മാപ്പുസാക്ഷിയായി പ്രഖ്യാപിച്ചു വെറുതെ വിട്ടു. ഞാൻ ചിന്തയിൽ നിന്നുണർന്നു. ഇന്നത്തെ ദിവസം ഇനിയൊന്നും ശരിയാവില്ല.ഞാൻ ആടിയാടി എഴുന്നേറ്റു വീട്ടിലേക്കു പോകാനായി
ഇറങ്ങി.
*****
പിള്ള പിന്നെയും കട്ടിലിൽ എഴുന്നേറ്റിരുന്നു.
അയാൾക്ക്‌ ഒരു കുറ്റബോധവും തോന്നിയില്ല. പക്ഷെ എന്തോ ഒരു പരവേശം. അയാൾ എഴുന്നേറ്റു ബാക്കിയുണ്ടായിരുന്ന അരക്കുപ്പി മദ്യം മട മാടാന്ന് വായിലേക്കൊഴിച്ചു, നിന്നനില്പിൽ. ഇന്നിനി ഉറക്കം വരില്ല. പുറത്തെവിടെയോ കാലന്കോഴി കൂവുന്നതുകേട്ടു. ' എന്നാൽ കുറച്ചു കാറ്റുകൊള്ളാം... ' അയാൾ രണ്ടാം നിലയിലെ ബാൽക്കണിയിലേക്കു ആടിയാടി നടന്നു.
*********************
രാവിലെ രാവിലെപണിക്കുവന്ന നാണിത്തള്ളയാണ് ആദ്യം കണ്ടത്
അവർ ഒന്നേ നോക്കിയുള്ളൂ.. ടൈൽസിനു മുകളിൽ മുറ്റത്തു തളംകെട്ടികിടക്കുന്ന ചോര.
തലയോടും തലച്ചോറും ചിതറിക്കിടക്കുന്നു. അതിന്റെ നടുവിൽ അനക്കമറ്റ്‌ കിടക്കുന്ന പിള്ള.
തലേന്ന് രാത്രി ബാൽക്കണിയിലേക്കു പോയ പിള്ള മദ്യലഹരിയിൽ കാലുതെറ്റി താഴെവീണു. ചോണനുറുമ്പുകൾ രക്തത്തുള്ളികൾക്കു ചുറ്റും മാർച്ച് നടത്തുന്നുണ്ടായിരുന്നു.
അപ്പോൾ ദുരെ സെൻട്രൽ ജയിലിന്റെ മുറ്റത്തു ജയിലധികാരികൾ രണ്ടുശവങ്ങൾ ആംബുലൻസിൽ കയറ്റുകയായിരുന്നു, മഹേഷിന്റേതും, അവന്റെ ശരീരം ഏറ്റുവാങ്ങാൻ വന്നു കുഴഞ്ഞു വീണു മരിച്ച അവന്റെ വൃദ്ധയായ മാതാവിന്റേതും. ആ വൃദ്ധയുടെ കൺകോണിൽ ഒരുതുള്ളി കണ്ണീർ അടർന്നു വീഴാറായി നിൽപ്പുണ്ടായിരുന്നു...
ബിനു കല്ലറക്കൽ.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo