Slider

താലിയും പീലിയും

0


ഞാന്‍ ഒരു കന്യകയാണ്.......!
കാമുകിയായി...... മറ്റൊരാളുടെ ഭാര്യയായി ജീവിച്ച ഞാന്‍, രണ്ട് മക്കളുടെ അമ്മയായ ഞാന്‍, ഇതുപറയുമ്പോള്‍ നിങ്ങളാരും വിശ്വസിക്കില്ലെന്ന് എനിക്കറിയാം. എങ്കിലും ജ്വലിച്ചു നില്ക്കുന്ന സൂര്യനെ സാക്ഷിയാക്കി ഞാനൊരിക്കല്‍കൂടി പറയട്ടെ, ഞാന്‍ കന്യകയാണ്.
ജീവശാസ്ത്രത്തില്‍ ബിരുദമെടുക്കാന്‍ വേണ്ടി പട്ടണത്തിലെ കോളേജില്‍ ചേര്‍ന്നകാലം. "ഇരിക്കണ വീടും കുട്ട്യര്‍മ്മാടിയും വിറ്റിട്ടാണേലുംശരി ജയന്തിയെ ഒരു ഡോക്ടറാക്കണം" അത് അച്ഛന്‍റെ വാശിയാണ്. അച്ഛന്‍റെ വാശി എന്നിലേക്കും പടര്‍ന്നു...... പഠിച്ച് ഡോക്ടറാവുക തന്നെ. അതേസമയം എന്നിലെ കലാക്കാരിക്ക് കലശലായ മറ്റൊരു മോഹം.
പ്രണയിക്കണം.............
പ്രണയിക്കാതിനി ജീവിയ്ക്കാന്‍ വയ്യാ.........
അങ്ങനെ ഞാന്‍ പ്രണയിക്കാന്‍ തുടങ്ങി. അനില്‍ എന്ന ഒരു തെമ്മാടിയെ......! ആരും തെറ്റിദ്ധരിക്കണ്ടാ, തെമ്മാടിയെന്ന് ഞാനവനെ വിളിയ്ക്കുന്ന സ്നേഹം ഒന്നുകൊണ്ട് മാത്രമാണ്. കാറ്റുപോലെ ഒരു വരവുംപോക്കുമാണ് മൂപ്പര്. അതിനിടയില്‍ കുറേ കിന്നാരങ്ങളും. ഒരിയ്ക്കല്‍ അവന്‍ററൊരു കിന്നാരം എന്നെ ആദ്യം ചൊടിപിടിപ്പിച്ചു; പിന്നെ നാണിപ്പിച്ചു. ഭാവിയിലൊരു സെവന്‍സ് ടീമിറക്കുന്ന കാര്യം- " നമ്മളും അഞ്ചുമക്കളും..!"
അന്നുഞാന്‍ അവന്‍റെ കവിളിണ ചെമ്പരത്തി പൂവാക്കിമാറ്റി.
അന്നുമാത്രം.
പാലപ്പറ്റക്കുന്നില്‍ നീലനിറത്തില്‍ ഒരുതരം പൂവിരിയാറുണ്ടത്രേ........അവനതിന്‍റെ പേരറിയില്ല. ആ പൂവിനെപറ്റി അവന്‍ ഇങ്ങനെയാണ് പറയാറ്- " കാശിതുമ്പപൂ പോലിരിക്കും; പക്ഷേ ആ പൂവ്വിന്‍റെ മുന്നില്‍ കാശിതുമ്പ വെറും ഊച്ചാളിയാണ്"
സഞ്ചാരപ്രിയനായ അവന്‍ കേറാത്ത കാടുംമലയുമില്ല നാട്ടില്‍. എവിടെപോയാലും പറയാന്‍ നൂറുനൂറ് വിശേഷങ്ങളുണ്ടാവും. "കല്ല്യാണം കഴിഞ്ഞിട്ട് പോയസ്ഥലങ്ങളിലൊക്കെ ഒന്നൂടെപോകും. നിന്നേം കൂട്ടീട്ട്....." ഇതവന്‍ എനിക്കുതന്ന വാക്കാണ്.
രണ്ടാണ്ടില്‍ ഞങ്ങള്‍ ഒരുമിച്ചുകണ്ട സ്വപ്നങ്ങളും, പരസ്പരം നല്കിയ വാക്കുകളും കുന്നുകൂടി കിടക്കുകയാണ്. അവയെല്ലാം നല്ല വിസ്താരമുള്ള മനക്കോട്ടയില്‍ അടുക്കിവച്ചു.
അങ്ങനെ ഒരോണക്കാലം വന്നു. അവധിനാളില്‍ അവനും കൂട്ടുകാരും അവിടേക്ക് പോകുന്നുണ്ടത്രേ.... പാലപ്പറ്റകുന്നില്‍! 
"കുന്നിന്‍റെ നെറുകില്‍പോയി ആ സുന്ദരപുഷ്പംപറിച്ചെടുത്ത് നിന്‍റെ നെറുകില്‍ ചൂടിയ്ക്കും. അതാണ് ഇക്കൊല്ലത്തെ ഒാണസമ്മാനം."
ഞാന്‍ കാത്തിരുന്നു........ ആ പൂവ് കാണാലോ......!
അത്തം കറുത്താല്‍ ഓണം വെളുക്കുമെന്ന പഴമൊഴി തെറ്റിയ ഓണക്കാലമായിരുന്നു അത്. അത്തവും ഒാണവും കറുത്തു. ശക്തമായ കാറ്റും മഴയും. മഴ തോരതങ്ങനെ പെയ്യുകയാണ്..... കണ്ടിട്ട് പേടിതോന്നുന്നു.
ഞാന്‍ മുന്‍പൊരിക്കലും കണ്ടിട്ടില്ല ഇങ്ങനെയൊരു മഴ; അതിനുശേഷവും.
ഒഴിവുദിവസങ്ങളില്‍ നിറഞ്ഞുകവിഞ്ഞ വിശേഷങ്ങള്‍ പങ്കുവയ്ക്കാന്‍ അക്ഷമയോടെ കാത്തിരുന്ന എന്നെ തേടിയെത്തിയത് അവന്‍റെ മരണവാര്‍ത്തയായിരുന്നു. ലോകം അവസാനിച്ചതുപോലെ.......... ദൈവം എന്ന ഒന്ന് ഇല്ലെന്നുഞാന്‍ തീര്‍പ്പുകല്പ്പിച്ചു.
അച്ഛന്‍റെ ഡോക്ടര്‍ തകര്‍ന്നു തരിപ്പണമായി. ഏഴുദിവസങ്ങള്‍ക്ക് ശേഷമാണ് ഞാന്‍ വ്യക്തമായി കേട്ടത്.
" ജെസിബി കൊണ്ട് മാന്തിയിട്ടാ ബോഡി പുറത്തെടുത്തത്"
അന്നെന്നെ പേടിപ്പെടുത്തിയ കറ്റുംമഴയുമാണ് അവനെ കവര്‍ന്നത്.
ഞാന്‍ ഉണ്ണാനും ഉറങ്ങാനും പലപ്പോഴും മറന്നുപോകാരുണ്ടെങ്കിലും, എന്‍റെ പുസ്തകത്താളില്‍ അവനൊരിക്കല്‍ ഒളിപ്പിച്ചുവച്ച ഒരിതള്‍ മയില്‍പീലിയെ കൊഞ്ചിക്കാന്‍ ഞാനൊരിക്കലും മറന്നിട്ടില്ല.......
വര്‍ഷങ്ങള്‍ മൂന്ന് കഴിഞ്ഞു; അതിനിടയില്‍ അച്ഛന്‍റെ ഒരു ഹൃദയ ശസ്ത്രക്രിയയും.
കല്ല്യാണം, അതാണ് അടുത്ത വെല്ലുവിളി. ഹൃദയം നിറച്ചും ആ തെമ്മാടിയാണ്. അവന്‍റെ അഞ്ചുമക്കളെ കുറിച്ചോര്‍ത്താല്‍ നെഞ്ചുരുകുകയാണ്..........
പെണ്ണുകാണാന്‍ വന്ന ആ ചെറുപ്പക്കാരന്‍റെ മുഖം നോക്കാതെ സമ്മതം മൂളി.
നന്ദകുമാര്‍........ 
അച്ഛന്‍റെ സുഹൃത്തുവഴിയുള്ള ആലോചനയാണ്. വലിയ തറവാട്ടുകാരാണ്.അച്ഛനും അമ്മയ്ക്കും ആ ബന്ധത്തില്‍ പൂര്‍ണ്ണസംതൃപ്തിയാണ്.
വടക്കിനിയില്‍ നില്‍ക്കുന്ന എന്നെ അയാള്‍ പുറത്തേക്ക് മാടി വിളിച്ചു. ചായ്പ്പിനോട് ചാരിനില്ക്കുന്ന ഗന്ധരാജന്‍റെ ചുവട്ടിലേക്ക് അയാള്‍ നടന്നു...... ഞാന്‍ പുറകേയും. 
" ജയന്തീ...... എനിക്കുമാത്രം അറിയുന്ന ഒരു സത്യമുണ്ട്. ഈ കല്ല്യാണത്തില്‍ നിന്നുംനീ പിന്മാറണം"
ഞാന്‍ ചോദിച്ചു ശല്യംചൈതപ്പോഴാണ് അയാളതു വെളിപ്പെടുത്തിയത്.
" എനിക്ക്..... എനിക്ക് ലൈംഗികശേഷിയില്ല."
ആ നിമിഷം എനിക്കു മനസ്സിലായി. ദൈവം ഉണ്ട്...!
ഇല്ലെങ്കില്‍ നന്ദകുമാറിനെ എന്‍റെ മുന്നില്‍ എത്തിച്ചതാരാണ്?
അയാളുടെ കൈതണ്ടയില്‍ മുറുകെ പിടിച്ചുകൊണ്ട് ഞാന്‍ പറഞ്ഞു.
"നന്ദേട്ടാ.......... എനിക്കിഷ്ടമാണ്. നൂറുവട്ടം"
നന്ദേട്ടന് ആശങ്കയാണ്......
"ജയന്തീ...... നിന്‍റെ യൗവ്വനം......???" ഞാന്‍ കരഞ്ഞുകെഞ്ചി........
" എന്നെ കല്ല്യാണം കഴിക്കൂ......"
നന്ദേട്ടന്‍ എന്നെ ചേര്‍ത്തു പിടിച്ചു.
ഞങ്ങള്‍ വിവാഹിതരായി.
ആദ്യരാത്രി ഒരു സുന്ദരസ്വപ്നം പോലെ കടന്നുപോയി. പുസ്തകത്താളിലെ പീലിയും കാശിതുമ്പയെ ഊച്ചാളിയാക്കുന്ന ആ പൂവുംആയിരുന്നു മുഖ്യകഥാപാത്രങ്ങള്‍. നന്ദേട്ടന്‍റെ കൂടെ തൊടിയിലും തോട്ടത്തിലും ഞാനും ഒഴുകിനടന്നു. ഞങ്ങള്‍ പലതവണ പാലപ്പറ്റക്കുന്ന് കയറി. ആ പൂ തിരഞ്ഞുനടന്നു, കണ്ടില്ലാ.....
കുന്നിനുമുകളില്‍ മരചില്ലയിലിരുന്ന് കരയുന്ന കാക്കയെ ചൂണ്ടി നന്ദേട്ടന്‍ പറഞ്ഞു
"ഇത് അവന്‍റെ ആത്മാവായിരിക്കും, ആ തെമ്മാടിയുടെ."
ആയിരിക്കും, അത് എനിക്കും തോന്നി.
ഞങ്ങള്‍ അടുത്തുചെന്നിട്ടും അത് പറന്നുപോയില്ല......!!!
ഏതാനും മാസങ്ങള്‍ക്കുള്ളില്‍തന്നെ സംഭവിച്ചതൊക്കെ അത്ഭുതങ്ങളാണ്.
പലപല ഡോക്ടര്‍മാര്‍ മാറിമാറി ചികിത്സിച്ചിട്ടും മാറാത്തത് നന്ദേട്ടന്‍ മാറ്റിയിരിക്കുന്നു......!
നന്ദേട്ടന്‍റെ വിരിമാറില്‍ തലവച്ചുകിടക്കുമ്പോള്‍ എനിക്ക് സമാധാനത്തോടെ ഉറങ്ങാന്‍ കഴിയുന്നുണ്ട്.....! കലങ്ങിമറിഞ്ഞൊഴുകിയിരുന്ന മനസ്സ് ശാന്തമായിരിക്കുന്നു....... കാറ്റുപോലെ സ്വതന്ത്രമായിരിക്കുന്നു. എന്നിലെ വിഷാദരോഗിയെ പിഴുതെറിഞ്ഞ നന്ദേട്ടനോട് ഞാന്‍ നന്ദിപറഞ്ഞത് പിന്നീടാണ്.
ഒരു ദിവസം ഞാന്‍ കുളികഴിഞ്ഞ് സാരിചുറ്റുമ്പോള്‍ നന്ദേട്ടന്‍ അവിടേക്ക് വന്നു. എന്നെ കണ്ണാടിയുടെ മുന്നിലേക്ക് കൂട്ടികൊണ്ടുപോയി. ഞാന്‍ വെണ്ണക്കല്ലുപോലെ കൊഴുത്തിരിക്കുന്നു, പ്രണയകാലത്തേക്കാള്‍ സുന്ദരി....!
"ജന്തു...... നീ തുടര്‍ന്നു പഠിയ്ക്കണം, ഒരു ജോലി നേടണം. ഇതെന്‍റെ ഒരാഗ്രഹമാണ്"
ഞാനങ്ങോട്ട് പറയാനാഗ്രഹിച്ച കാര്യമാണ് നന്ദേട്ടന്‍ ഇങ്ങോട്ടുപറഞ്ഞത്. അന്നു ഞങ്ങള്‍ രണ്ടുപേരും ചുംബനപൂക്കളാല്‍ മൂടപ്പെട്ടു. ഞാന്‍ പഠിയ്ക്കാന്‍ തുടങ്ങി........ നാലാം കൊല്ലത്തില്‍ ജോലിയും കിട്ടി. ലക്ഷങ്ങള്‍ വാരികൊടുത്ത് നന്ദേട്ടന്‍ , അച്ഛന്‍റെ ഡോക്ടറെ ജീവശാസ്ത്രം ടീച്ചറായി പ്രതിഷ്ഠിച്ചു. അതിനിടയില്‍ നന്ദേട്ടന്‍റെ ശേഷിയ്ക്കുവേണ്ടിയും ഞങ്ങള്‍ ശ്രമങ്ങള്‍ പലതും നടത്തിനോക്കി. നന്ദേട്ടനെ പണ്ടു കടിച്ച വിഷപാമ്പായിരുന്നു വില്ലനെന്ന് ഞാനറിഞ്ഞത് അപ്പോഴാണ്. ഡോക്ടര്‍‍ അവസാനമായി പറഞ്ഞു
"അസാദ്ധ്യം"
എനിക്ക് ജോലികിട്ടി വര്‍ഷം തികയുന്നതിനു മുന്‍പേ നന്ദേട്ടന്‍ ലോകത്തോട് വിടപറഞ്ഞു. എന്‍റെ മടിയില്‍ കിടന്നുകൊണ്ടായിരുന്നു മരണം. എന്‍റെ ഹൃദയത്തിനേറ്റ ആഴത്തിലുള്ള മുറിവായിരുന്നു ആ വേര്‍പ്പാടെങ്കിലും, ഞാന്‍ തകര്‍ന്നില്ല. അച്ഛന്‍റെ ജയന്തിയും തെമ്മാടിയുടെ ജയയും ആയിരുന്നില്ല നന്ദേട്ടന്‍റെ ജന്തു. എന്നില്‍ പാറപോലെ ഉറച്ച ഒരു ഹൃദയവും വാര്‍ത്തെടുത്തിട്ടാണ് നന്ദേട്ടന്‍ കടന്നുപോയത്. പക്ഷേ അന്ന് എനിക്ക് സാമുദായിക ആചാരത്തോട് യുദ്ധം ചെയ്യേണ്ടിവന്നു. നന്ദേട്ടന്‍റെ ചിതയില്‍ താലിയും ചുട്ടെരിക്കണം പോലും........! ആതെനിക്കു ചിന്തിക്കാന്‍ പോലും കഴിഞ്ഞില്ല. ആ യുദ്ധത്തില്‍ ഞാന്‍ പൊരുതി ജയിച്ചു. പുസ്തകതാളിലെ പീലിയോടുചേര്‍ത്ത് ആ താലിയും വച്ചപ്പോഴാണ് എനിക്കു സമാധാനമായത്. നന്ദേട്ടനെന്ന മനശാസ്ത്രഞ്ജനോട് നന്ദിപറയാത്ത ഒരുദിവസം പോലും പിന്നീട് കടന്നുപോയിട്ടില്ല. കുട്ടികളും സഹപ്രവര്‍ത്തകരും നാട്ടുകാരും ബഹുമാനത്തോടെ 'ടീച്ചറേ.......' എന്നുവിളിക്കുമ്പോള്‍ പിന്നെ ആരോടാണ് നന്ദിപറയേണ്ടത്?
"ജയന്തി ഭാഗ്യല്ലാത്ത കുട്ട്യാ......."
അച്ഛനും അമ്മയും ഈ പറയുന്നതിന്‍റെ പൊരുള്‍ എനിക്ക് മനസിലാവുന്നില്ല. ഈ നാല്‍പ്പത്തി രണ്ടാംവയസിലും അച്ഛന്‍റേയും അമ്മയുടേയും നടുവില്‍ കിടന്നുറങ്ങുന്ന ഞാന്‍ ഭാഗ്യമുള്ള കുട്ടിയല്ലേ........? അവരും ഭാഗ്യം ചൈതവരല്ലേ..........?
പക്ഷേ എനിയ്ക്ക് ഉറക്കം വരണമെങ്കില്‍ പുസ്തകതാളുമറിച്ച് ആ താലിയേയും പീലിയേയും കുറച്ചുനേരം കൊഞ്ചിക്കണം. നെറുകില്‍ ഉമ്മവെയ്ക്കണം. അവര്‍ എന്‍റെ മക്കളാണ്. എന്‍റെ പൊന്നുമക്കള്‍..........,

By: ramesh parappurath
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo