Slider

അവള്‍ ലാസറിൻ്റെ മകള്‍

0

പ്ലേറ്റില്‍ നിറച്ച പച്ചക്കപ്പ കൊത്തി നുറുക്കി പുഴുങ്ങിയത് പോത്തിറച്ചി ഉലര്‍ത്തിയത് കൂട്ടി ലാസര്‍ കഴിക്കുകയാണ്.ഇടയ്ക്ക് അയാള്‍ കുപ്പിയില്‍ നിറച്ച നാടന്‍ വാറ്റ് കുറച്ചു കഴിക്കും..അപ്പോഴേക്കും നാന്സി് ഒരു പ്ലേറ്റില്‍ അപ്പന് ഏറ്റവും ഇഷ്ടമുള്ള വിഭവം ,പോത്തിന്റെ വാരിയെല്ല് ഉടച്ചു കുരുമുളക് ചേര്ത്ത് വേവിച്ചത് കൊണ്ട് വന്നു അരികില്‍ വയ്ക്കും..എല്ലാ തിങ്കളാഴ്ച ഉച്ച കഴിഞ്ഞ നേരങ്ങളിലെയും അപ്പന്റെ ശീലം.തലേന്ന് ഞായര്‍ വിറ്റ ഇറച്ചിയുടെ കണക്കുകള്‍ തീര്ത്തു കാശു കയ്യില്‍ വരുനത്‌ അപ്പോഴാണ്... ഭക്ഷണം കഴിച്ചിട്ട് ഒരു ബീഡി കത്തിക്കും..മുറിയില്‍ ബീഡി പുകയുടെ മണം നിറയും.....മരിച്ചു പോയ ഭാര്യ എല്സിയുടെ പടം നോക്കിയിരുന്നു ലാസര്‍ പറയും...
“ മോളെ നീ വായിക്കുന്ന കഥകളിലെ പോലെയോ സീരിയലിലെ പോലെയോ പെണ്ണുങ്ങള്‍ മാന്‍ പേടയും ..മയിലും..അരയന്നവും ...പൂക്കളും ഒന്നുമല്ല...പെണ്ണെന്നു വച്ചാല്‍ സിംഹം ആയിരിക്കണം...പെണ്സിംഹം..!”
പള്ളി മണി കേട്ടു നാന്സി ഞെട്ടി ഓര്‍മ്മയില്‍ നിന്നും ഉണര്‍ന്നു... അപ്പന്റെ‍ കല്ലറയുടെ അരികില്‍ നില്ക്കുകയാണ് അവള്‍. ഇന്ന് ലാസറിന്റെ എഴാം ചരമദിനം.കഴിഞ്ഞ ശനിയാഴ്ച ലാസര്‍ മരിച്ചു.ഹൃദയാഘാതം.
അവള്‍ സെമിത്തേരിയില്‍ നിന്ന് പുറത്തിറങ്ങി . മണി ഗോപുരത്തിന് മുകളില്‍ പിതാവ് നഷ്ടപെട്ട ഏക മകളെ ഉറ്റു നോക്കുന്ന ക്രിസ്തു .എത്രയോ ഞായറുകളില്‍ പുലര്‍ച്ചെ മൂന്ന് മണിക്ക് എഴുന്നേറ്റ് കുരിശിന്റെ വഴി എത്തിച്ചിട്ടുണ്ട്..എന്നിട്ടും ഈശോയെ നീ അപ്പനെ കൊണ്ട് പോയല്ലോ..ഓര്‍മ്മകള്‍ വീണ്ടും ഞായര്‍ പുലരികളിലെക്ക് പോകുന്നു...
ആഴ്ചയില്‍ രണ്ടു മൂന്ന് ദിവസംകശാപ്പ് ഉണ്ടാകുമെങ്കിലും ഏറ്റവും തിരക്ക് ഞായറാഴ്ചയാണ്.വെളുപ്പിനെ അഞ്ചരക്കുള്ള കുര്‍ബാന തീരുമ്പോ ഏഴു മണിയാവും.അപ്പോള്‍ മുതല്‍ ഇറച്ചി വാങ്ങാന്‍ ആളുകള്‍ എത്തി തുടങ്ങും.അത് കൊണ്ട് പുലര്ച്ചെ മൂന്നു മണിയാവുമ്പോ അപ്പനും നാന്‍സിയും ഉണരും.
പുരയിടത്തില്‍ റോഡിനോട് ചേര്‍ന്നുള്ള ഷെഡില്‍ ബള്‍ബ് തെളിയും.ഒരു ബീഡി കത്തിച്ചു,അപ്പന്‍ ഷെഡ്‌ഡിലേക്ക് നടക്കും.തലേന്ന് മുണ്ടക്കയത്ത് നിന്ന് വരുന്ന മാടുകളില്‍ ഒന്നിനെ അപ്പന്റെ സഹായി ബേബി അഴിച്ചു കൊണ്ട് വന്നു ഷെഡില്‍ കെട്ടും.ഷെഡ്‌ഡിന്റെ മുകളിലെ കമ്പിയില്‍ തയാറാക്കിയ കയര്‍ കുരുക്ക് മാടിന്റെ കഴുത്തിലിട്ട് മുകളിലേക്ക് ഒറ്റ വലി..പിടയുന്നതിനിടക്ക് കഴുത്തെല്ലിനു കീഴെ തലേന്ന് ബേബി മൂര്‍ച്ച കൂട്ടിയ കശാപ്പ് കത്തി കൊണ്ട് അപ്പന്‍ ഒറ്റ വെട്ടു വെട്ടും. മാട് പിടഞ്ഞു നിലത്തു വീഴും.കൃത്യമായ ചെരിവില്‍ വെട്ടു കൊണ്ടാലേ കഴുത്തിലെ ഞരമ്പ് മുറിയൂ...പിന്നെ തല വേര്‍പെടുത്തും..നാല് കാലും ഷെഡിലെ നാല് മൂലകളില്‍ താഴ്ത്തിയ ഇരുമ്പു കുറ്റികളില്‍ കെട്ടിയിടും... അപ്പോഴേക്കും അന്തരീക്ഷത്തില്‍ അപ്പന്റെ ബീഡിയുടെ ഗന്ധം വീണ്ടും ഉയരും..ഇനി കാലുകള്ക്ക് മുകളില്‍ വെച്ച് വെട്ടി മാറ്റും,..പിന്നെ പ്രിഷ്ഠ ഭാഗവും ലിംഗവും വേര്പെടുത്തി തൊലിയുരിഞ്ഞു കളയും..ചോര ചാല് പോലെ ഷെഡ്‌ഡിന് അരികിലെ ഓവിലൂടെ പറമ്പിലെ കുഴിയിലേക്ക് ഒഴുകും.
ദിവസവും കാണുന്നത് കൊണ്ട് അവള്ക്ക് ആ പ്രക്രിയകള്‍ എല്ലാം നന്നായി അറിയാം...ഇടയ്ക്ക് അവള്‍ കട്ടന്‍ കാപ്പി കൊണ്ട് ചെന്ന് കൊടുക്കും..പുലര്ച്ചെയാവുമ്പോ,വലിയ ചുവന്ന മാംസഭാഗങ്ങള്‍ ഷെഡ്‌ഡിലെ ഇരുമ്പു കൊളുത്തുകളില്‍ തൂങ്ങിയാടും.......ഓവിലെ ചോരച്ചാല്‍ ബള്‍ബിന്റെ വെട്ടത്തില്‍ ചുവന്നു തിളങ്ങും.
അപ്പന്റെ സഹായി ബേബി കുറച്ചു പ്രായമുള്ള ആളാണ്...അപ്പന്‍ എന്തെങ്കിലും പറഞ്ഞാല്‍ അത് പടി അനുസരിക്കും...അധികം സംസാരിക്കില്ല..അറവു ഉള്ളതിന്റെ തലേന്ന് ഷെഡ്‌ വൃത്തിയാക്കാന്‍ വരും .അവിടെയുള്ള ചായ്പില്‍ കിടക്കും...ആളുകള്‍ വരുമ്പോള്‍ അപ്പന്‍ ഇറച്ചി വെട്ടി കൊടുക്കാന്‍ സഹായിക്കും...എല്ല് വെട്ടി നുറുക്കും കാല്പെട്ടിയില്‍ ആളുകള്‍ തരുന്ന കാശ് ഇട്ടു. ബാക്കി കൊടുക്കും...
ഓര്‍മ്മകളില്‍ മുങ്ങി അവള്‍ വീട്ടിലേക്ക് നടന്നു.അരികില്‍ ഒരു കാര്‍ വന്നു നിന്നു...പള്ളി വികാരി വര്ഗീസ്‌ അച്ചനും കൈക്കാരന്‍ പൈലിസാറും ..പള്ളി വക സ്കൂളിലെ ഒരു അധ്യാപികയുമായ് അച്ചന്റെ രഹസ്യ ബന്ധം ഒരിക്കല്‍ ലാസര്‍ പിടികൂടി. ...അത് പൊതു യോഗത്തില്‍ ചോദ്യം ചെയ്തതിന്റെ പക അച്ചനു ഇപ്പോഴുമുണ്ട്..
“മോളെ നാന്സി നീ ഇത്ര പെട്ടെന്ന് പോവുകാണോ..പള്ളി മേടയില്‍ വരുമെന്ന് ഞാന്‍ കരുതി...”
അവള്‍ ഒന്നും പറഞ്ഞില്ല..പൈലിയുടെയും വികാരിയുടെയും കണ്ണുകള്‍ തന്റെ മേനി കോരി കുടിക്കുകയാണ്.കമ്പി കൊളുത്തുകളില്‍ തൂങ്ങിയാടുന്ന മാംസ കഷണം പോലെ അവള്ക്കു തോന്നി..
“ലാസറിന്റെ അടക്കു ചെലവു പള്ളി ഫണ്ടില്‍ നിന്ന് മുടക്കിയത് രൂപ ഇരുപതിനായിരമാ...പള്ളി പണിയുന്ന കാരണം ഇപ്പോള്‍ ആ ഫണ്ട് നിലവില്‍ ഇല്ല...അത് കൊണ്ട് ആ രൂപ ഈ തിങ്കളാഴ്ച തന്നെ തിരികെ തരണം...അന്ന് വൈകുന്നേരം കമ്മിറ്റി ഉണ്ട്..അതില്‍ കണക്കു കൊടുക്കണം.”
ഭൂമിയിലേക്ക് മറഞ്ഞു പോയായിരുന്നെകില്‍ എന്ന് നാന്സി ഓര്‍ത്തു പോയി...
“നിനക്ക് ഇപ്പൊ വരുമാനം ഒന്നുമില്ലെന്നു എനിക്കറിയാം...നീ അധികം പഠിച്ചിട്ടുമില്ലല്ലോ..പക്ഷെ സ്കൂളില്‍ ഒരു പ്യൂണ്‍ പോസ്റ്റില്‍ നിന്നെ കയറ്റാന്‍ വര്ഗീ്സ്‌ അച്ചന്‍ വിചാരിച്ചാല്‍ സാധിക്കും...’പൈലി സാറിന്റെ ശബ്ദം..
“ഞാന്‍ എങ്ങിനെ എങ്കിലും പൈസ തന്നോളാം അച്ചോ..”അത് പറഞ്ഞു തികട്ടി വന്ന കരച്ചില്‍ അടക്കി അവള് വീട്ടിലേക്ക് നടന്നു.തനിക്ക് പിന്നില്‍ കൊത്തി വലിക്കുന്ന നോട്ടങ്ങള്‍ അവള്‍ അറിഞ്ഞു.
എങ്ങിനെ പണം ഉണ്ടാക്കും.എങ്ങോട്ട് പോകും..താന്‍ ഒറ്റക്ക് എന്ത് ചെയ്യും....ആത്മഹത്യാ മുനമ്പിലേക്ക് ചിലര്‍ നടന്നു പോകുന്നത് വെറുതെയല്ല...അപ്പന്‍ ഉണ്ടായിരുന്നെങ്കില്‍..
സന്ധ്യ ആയി.വാതിലും ജനലുകളും അടച്ചു അവള്‍ മുറിക്കുള്ളില്‍ ഇരുന്നു. ആദ്യം അകന്ന ബന്ധത്തില്‍ ഉള്ള ഫിലോമിന ചേച്ചി കൂട്ട് കിടക്കാന്‍ വരുമായിരുന്നു..ഇന്ന് അവരും വന്നില്ല.. . ഭയം തോന്നുന്നു..നല്ല കായബലവും ചുവപ്പ് പടര്‍ന്ന രൂക്ഷമായ കണ്ണുകള്‍ ഉള്ള അവളുടെ അപ്പന്‍ കശാപ്പുകാരന്‍ ലാസറിനെ നാട്ടുകാര്ക്ക് ഭയം കലര്‍ന്ന ബഹുമാനം ഉണ്ടായിരുന്നു...ഇനി താന്‍ ഒറ്റക്ക് എങ്ങനെ പിടിച്ചു നില്ക്കും ..ആധിയില്‍ ഉറക്കം തൂങ്ങവേ അവളുടെ മനസ്സില്‍ വീണ്ടും വീണ്ടും പുറത്തെ കശാപ്പ് ഷെഡ്‌ഡിലെ കയര്‍ കുരുക്ക് തെളിഞ്ഞു വന്നു .അങ്ങിനെ ഭയം കലര്ന്ന നിദ്രയിലേക്ക് അവള്‍ മയങ്ങി വീണു...
ആരോ കുലുക്കി വിളിച്ചത് പോലെ അവള്‍ ഉണര്ന്നു ..പുലര്‍ച്ചെ മൂന്നര..അപ്പന്‍ ഇല്ലാത്ത ...കശാപ്പ് ഇല്ലാത്ത ആദ്യത്തെ ഞായര്‍.അവള്‍ വാതില്‍ തുറന്നു.നേര്‍ത്ത നിലാവില്‍ പുറത്തെ കശാപ്പ് ഷെഡ് കാണാം .അവള്‍ അങ്ങോട്ട്‌ നടന്നു.മനസ്സില്‍ എന്തോ തീരുമാനിച്ചു ഉറപ്പിച്ചത് പോലെ..ലൈറ്റ് തെളിച്ചു അവള്‍ ഷെഡ്‌ഡിലെ കമ്പിയില്‍ കെട്ടിയ കയര്‍നിവര്‍ത്തി കുരുക്ക് ഇടാന്‍ തുടങ്ങി. .പെട്ടെന്ന് ഒരു അനക്കം.
ഒരു വലിയ നിഴല്‍ അരികിലേക്ക് വരുന്നത് പോലെ..ബേബി ചേട്ടന്‍..
“മോള് വരുമെന്ന് എനിക്ക് അറിയാമായിരുന്നു...ഒന്നുമല്ലേലും ലാസര്‍ ചേട്ടന്റെ മകള്‍ അല്ലെ..ഞാന്‍ പോയി മാടിനെ കൊണ്ട് വരാം..”
ബേബി ചേട്ടന്‍ എന്താണ് പറയുന്നതു.?.അവള്‍ ഞെട്ടി നിന്നു..പെട്ടെന്ന് എവിടെ നിന്നോ ഒരു ബീഡിപുകയുടെ ഗന്ധം അവിടെ പരക്കുന്നത് അവള്‍ അറിഞ്ഞു...അപ്പന്‍...
ബേബി മാടിനെ ഷെഡ്‌ഡിലെക്ക് കയറ്റി നിര്ത്തി ..നീ ഒരു സിംഹമാണ്..അപ്പന്‍ ചെവിയില്‍ ഓര്‍മിപ്പിക്കുന്നത്‌ പോലെ...
അവള്‍ കുടുക്ക് എറിഞ്ഞു മുകളിലേക്ക് വലിച്ചു .മാട് പിടഞ്ഞപ്പോള്‍ ബേബി മൂര്‍ച്ച കൂട്ടിയ കശാപ്പ് കത്തി നീട്ടി..
തലേന്ന് തന്റെ ശരീരത്തിലേക്ക് .അബലയായ പെണ്ണിന്റെ മേനിയിലേക്ക് കാമത്തോടെ നോക്കിയ നാല് കണ്ണുകള്‍ മനസ്സില്‍ തെളിയുന്നു....നീ ഒരു സിംഹമാണ്..അപ്പന്‍ പറയുന്നു..
കൃത്യമായ ചെരിവ് നോക്കി അവള്‍ കഴുത്തെല്ലിനു കീഴെ ആഞ്ഞു വെട്ടി.ചോര ഓവ് ചാലിലേക്ക് രക്തം ചീറ്റിയിറങ്ങി.
പുലര്‍ച്ചെ പള്ളി കഴിഞ്ഞു വന്നവര്‍ ലാസറിന്റെ ഇറച്ചികട മകള്‍ തുറന്നത് അറിഞ്ഞു അത്ഭുതത്തോടെ വന്നു.ബേബി എല്ലാത്തിനും സഹായിച്ചു.. ..കാല്പെട്ടി കാശ് കൊണ്ട് നിറയുകയാണ്..
ഉച്ച ആയപ്പോള്‍ പൈലിയും വികാരിയും അത് വഴി വന്നു..ബേബി കാല്പെട്ടിയില്‍ നിന്ന് അയ്യായിരം രൂപ അച്ചന്റെ കയ്യില്‍ കൊടുത്തു
“ബാക്കി നാളെ കണക്കു തീര്‍ക്കുമ്പോള്‍ തരാം അച്ചോ...”നാന്സിയുടെ സ്വരം.
“ഒരു രണ്ടു കിലോ ഇറച്ചി തൂക്കി തരട്ടോ പൈലി സാറെ...”അവള്‍ പരിഹാസം കലര്‍ന്ന സ്വരത്തില്‍ ചോദിക്കുന്നത് കേട്ട് പൈലിയുടെ മുഖം കുനിഞ്ഞു.
അവള്‍ തൂക്കിയിട്ട മാംസതുണ്ടുകള്ക്കിടയില്‍ നിന്ന് അവരെ നോക്കി.അവളുടെ മുഖത്ത് വിയര്‍പ്പ് മണികള്‍ ഉണ്ടായിരുന്നു..കുറച്ചു ചോര പൊട്ടുകളും..അപ്പോള്‍ അവള്‍ ലാസറിന്റെ മകള്‍ ആയിരുന്നു..അവള്ക്കു അപ്പോള്‍ ഒരു സിംഹത്തിന്റെ മുഖം ആയിരുന്നു.കരുത്തുറ്റ പെണ് സിംഹത്തിന്റെ.
(അവസാനിച്ചു)
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo