Slider

കല്യാണം മുടക്കികൾ

0


കിതച്ചുകൊണ്ട് നൗഷാദ് പച്ചക്കറിപ്പീടികയുടെ തിണ്ണയിൽ ഇരുന്നു. വായിൽ ചോരയുടെ ചുവ. ' ഓ... ചുണ്ട് മുറിഞ്ഞിരിക്കുന്നു. കെളവന്റെ കൈ കൊണ്ടതാവും.' നാവുകൊണ്ട് ചുണ്ട് തുടച്ചുകൊണ്ട് നൗഷാദ് മുറ്റത്തേക്ക് നീട്ടിത്തുപ്പി. മൂന്നുനാലു പീടികകൾക്കു അപ്പുറം സെയ്താലിക്ക, മമ്മദിക്കാനേ താങ്ങിപ്പിടിച്ചുകൊണ്ടു പോകുന്നത് കണ്ടു.
'അല്ല പിന്നെ... ഇങ്ങനെയുണ്ടോ മനുഷേന്മാര്.. കുടുംബം തകർക്കാനായിട്ട്.. കിളി, കുഞ്ഞുങ്ങളെ നോക്കുന്നതുപോലെ എല്ലാം നോക്കികൊണ്ട്‌ വരികയായിരുന്നു. അപ്പഴാ ഈ പഹയൻ മമ്മദിക്ക എല്ലാം തകർത്തത്. ഓർത്തപ്പോൾ നൗഷാദിന് പിന്നെയും രക്തം തിളച്ചു. 'കെളവൻ ചത്തുപോകുമെന്നു വിചാരിച്ചിട്ടാ.. അല്ലേൽ നാലെണ്ണം കൂടെ കൊടുത്തേനെ... ' ഇന്ന് പണിക്കുപോലും പോകാതെ അങ്ങാടിയിൽ കാത്തുനിന്നത് ഇതിനുവേണ്ടിയാ.. മമ്മദിക്കാന് നാലെണ്ണം പൊട്ടിക്കാൻ.. കണ്ടപാടെ കഴുത്തിന് കുത്തിപ്പിടിച്ചു, പീടികയുടെ ഭിത്തിയിലേക്കു ചാരി, നാലെണ്ണം കൊടുത്തു. സെയ്താലിക്ക പിടിച്ചുമാറ്റിയില്ലാരുന്നെങ്കിൽ.........
*******
ഇന്നലെ സുബൈദയെകാണാൻ ചെക്കനും കൂട്ടരും വരുമെന്ന് ബ്രോക്കർ ഇസ്മായിൽ കഴിഞ്ഞ ആഴ്ചയിലെ പറഞ്ഞിരുന്നു. കാശ് ഒന്നുമുണ്ടായിട്ടില്ല.. ഇത്രനാളും ഞാനും എളേമ്മയും കൂടി സ്വരുക്കൂട്ടിയതും, പിന്നെ ആകെയുള്ള പത്തുസെന്റും വീടും ഭൂപണയബാങ്കിൽ വച്ചെടുത്ത കുറച്ചു പൈസയും. അത്രേ ഉള്ളൂ. പെണ്ണിന് 28 വയസ് കഴിഞ്ഞു. ഞാനും അവളും ഏകദേശം ഒരേ പ്രായക്കാരാണ്. എന്റെ ഉമ്മാന്റെ രണ്ടാം നിക്കാഹ് കഴിഞ്ഞപ്പോൾ ഞാൻ എളേപ്പന്റെ വീട്ടിൽ ചേക്കേറി. എളേപ്പ നേരത്തെ മരിച്ചുപോയിരുന്നു. പിന്നെ അതായിരുന്നു എന്റെ വീട്. എളേമ്മ എന്റെ ഉമ്മയും സുബൈദ എന്റെ അനിയത്തിയും. എളേമ്മ ഉണക്കമീൻ വിക്കാൻ പോകും, ഞാൻ മാർബിൾ പണിക്കും. ഒരുപാടു ആലോചനകൾ സുബൈദക്ക് വന്നതാ.. വീട്ടിലെ അവസ്ഥകൾ കാണുന്നവർ ആരും പിന്നെ തിരിച്ചു വന്നിട്ടില്ല. അങ്ങനെയിരിക്കെയാണ് ഇന്നലത്തെ ആലോചന വന്നത്. ഇല്ലായ്മകളൊക്കെ നേരത്തെതന്നെ ഇസ്മായിലിനോട് പറഞ്ഞിരുന്നു. എന്നിട്ടും പെണ്ണിന്റെ ഫോട്ടോ കണ്ടപ്പോൾ ചെറുക്കന് "ഷ " ബോധിച്ചു.
*************
കൃത്യം പത്തുമണിക്ക് തന്നെ ചെറുക്കനും കൂട്ടരും കവലയിലെത്തി, കവലയിൽ കറങ്ങിത്തിരിഞ്ഞ് നിന്നിരുന്ന മമ്മദിക്കാനോട് സുബൈദയുടെ വീട്ടിലേക്കുള്ള വഴി ചോദിച്ചു. "അല്ലാ.... ഇങ്ങള് സുബൈദയുടെ വീട്ടിലേക്കാ... ആരോ പറഞ്ഞിരുന്നു ഇങ്ങള് ഇന്ന് വരുമെന്ന്... പുയ്യാപ്ല ഭാഗ്യവാനാണ് കേട്ടോ.. സുബൈദാന്റെ ഉമ്മാക്ക് അല്പസ്വല്പം ചുറ്റിക്കളിയൊക്കെ ഉണ്ടെങ്കിലും അവൾ പൊന്നുപോലാ സുബൈദയെ വളർത്തിയത്.. നല്ല കുട്ടിയാ സുബൈദ. ഉമ്മാന്റെ പറ്റുകാര് മോളെ ചാക്കിലാക്കാൻ പലവട്ടം നോക്കിയെങ്കിലും അവൾ ഇതുവരെ വീണിട്ടില്ല... ഞമ്മളെന്തൊക്കെയോ പറഞ്ഞു ഇങ്ങളെ സമയം കളഞ്ഞു... സുബൈദാന്റെ വീട്, ദാ... നേരെപോയി വലത് തിരിഞ്ഞു, വലതുവശത്തു ആറാമത്തേതാ... സമയം കളയണ്ട.. ഇങ്ങള് ചെല്ലിന്... " പറഞ്ഞിട്ട് മമ്മദിക്ക ചായപ്പീടികയിലേക്ക് കയറി. ചെറുക്കനും കൂട്ടരും സ്തബ്ധരായി, കുറേനേരം കൂടി കാറിലിരുന്നു. പിന്നെ കാറ് തിരിച്ചു വന്നവഴി തന്നെ അതിവേഗം ഓടിച്ചുപോയി.
***********
'കല്യാണാലോചന മുടങ്ങിയതിന്റെ കാരണം ഇന്നലെ രാത്രിതന്നെ സെയ്താലിക്ക പറഞ്ഞു അറിഞ്ഞിരുന്നു. നേരം വെളുക്കാൻ വേണ്ടി കാത്തിരുന്നതാ.. ഈ നിമിഷത്തിനുവേണ്ടി. പാവപ്പെട്ട പെൺകുട്ടികളുടെ ജീവിതം തകർക്കാൻ ഇറങ്ങിയേക്കുന്ന കുറെ ഇബിലീസുകൾ.. '
പിറുപിറുത്തുകൊണ്ട് നൗഷാദ് പീടികയിൽ നിന്നുമെഴുന്നേറ്റു, തോർത്തുമുണ്ട് കുടഞ്ഞു മുഖം തുടച്ചു. പിന്നെ കൈയും വീശി പടിഞ്ഞാറോട്ടു നടന്നു. നൗഷാദിന്റെ ചുണ്ടിലെ നീറ്റൽ കുറഞ്ഞിരുന്നു...
=======================================
ബിനു കല്ലറക്കൽ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo