Slider

നൂപുരം

0

നല്ലെഴുത്തുകളെല്ലാം  വായിക്കാൻ -  http://www.nallezhuth.com ======
" പസിക്കിതണ്ണാ, ഏതാവത് തരുമാ?? "
ഈ വിളികേട്ടാണ് ഞാൻ അഞ്ചാം പ്ലാറ്റ്ഫോമിലേക്ക് നീട്ടിവെച്ച കാലുകൾ വലിച്ചത്, കുഞ്ഞുകൈകൾ പാതി തുറന്നെന്റെ കാലിൽ വെച്ചിരുന്നു. ഞാൻ കണ്ണുകൾ തുറന്നു നോക്കി ചിരിച്ചു, ആ തമിഴ് പെൺകൊടിയുടെ കണ്ണിൽ പുഞ്ചിരി വിരിയുന്നുണ്ടായിരുന്നു.
കഷ്ടിച്ച് പത്ത് വയസ് കാണും, കീറിപ്പറിഞ്ഞ ഉടുപ്പുകൾ, എണ്ണ കാണാതെ പാറിപ്പറക്കുന്ന ചെമ്പിച്ച മുടികൾ, ഒലിക്കുന്ന മൂക്ക്, ചെളി പുരണ്ട മുഖം പക്ഷെ സുന്ദരവും ശക്തവുമായ കണ്ണുകൾ, ആ കണ്ണുകൾക്ക് എന്നോടെന്തൊക്കെയോ പറയാനുണ്ട്, കേൾക്കാൻ എനിക്ക് ഇഷ്ടം പോലെ സമയവുമുണ്ട്.
" അണ്ണാ, പസിക്കിത്!! " അവൾ ആവർത്തിച്ചു
ഉൻ പേരെന്ന??
" ദേവയാനി, അപ്പ കൂപ്പിടറുത് ദേവ!! "
അപ്പ എങ്കെ??
ആ കുഞ്ഞു കണ്ണുകളിൽ എന്തെന്നില്ലാത്ത ഒരു വികാരം മിന്നിമാഞ്ഞു. അത് ദുഃഖമായിരുന്നോ?? അതോ മറ്റെന്തെങ്കിലുമോ?? അറിയില്ല. അവളൊന്നും പറഞ്ഞില്ല!!
വേറെയാര് ഇരുക്ക് ഉനക്ക്??
" അപ്പാവും അമ്മാവും ഇരുന്തിച്ച്, അവരും ഇപ്പൊ!! "
നാനും ഉന്നൈ ദേവ എന്ന് വിളിക്കട്ടെ??
" ഹ്മ്മ്, സരി.. " അവൾ ചിരിച്ചു, ആ കണ്ണുകൾ കൊഞ്ചുന്നുണ്ടായിരുന്നു.
ദേവക്കുട്ടി, ഉനക്ക് സാപ്പിടതർക്ക് എന്ന വേണം??
" അണ്ണാ, എനക്ക് മസാല ദോസെയ് വാങ്കി തരുവീയ?? "
അതുക്കെന്ന ദേവക്കുട്ടി, വാ പോകാം.. ഞാനെണീറ്റ് അവളുടെ ചെളി നിറഞ്ഞ കൈയിൽ പിടിച്ചു. ഷൊർണുർ റെയിൽവേ സ്റ്റേഷനിലെ ഭക്ഷണശാലയിൽ ഇരുന്നവൾ വയറ് നിറയെ കഴിച്ചു, ഒരു കഷ്ണം പോലും ബാക്കി വെക്കാതെ.
ഇനിയും വേണോ എന്ന ചോദ്യത്തിന് നിഷേധാത്മകമായി തലയാട്ടി. കാശു കൊടുത്ത് പുറത്തേക്കിറങ്ങുമ്പോൾ അവളെന്റെ കൈയിൽ പിടിച്ചു, ഒരച്ഛന്റെ കൈയിൽ പിടിക്കുന്ന മകളെ പോലെ!!
മനസ്സിൽ വല്ലാത്ത നോവുമായി ഞാനാ വലിയ ഉരുക്ക് തൂണിന് ചുറ്റുമുള്ള കോൺക്രീറ്റ് പടിയിൽ വന്നിരുന്നു, അവളെന്റെ അരികിലായുണ്ട്.
" അണ്ണാ, ഇത് പാത്തിയാ?? " കാലിൽ കിടക്കുന്ന വെള്ളിക്കൊലുസ് അവളെന്നെ കാണിച്ചു. ചെറുതായി കിലുങ്ങുന്ന, ചെളിപിടിച്ച കൊലുസ്!!
ഇതാര് തന്നതാ ദേവക്കുട്ടിക്ക്?
" എൻ അപ്പ!! " ഇപ്രാവശ്യം അവളുടെ കണ്ണ് നിറഞ്ഞു. പാവം അപ്പയെ ഓർത്തുകാണും. ഞാൻ കൂടുതലൊന്നും ചോദിക്കാൻ പോയില്ല. എനിക്ക് പോകാനുള്ള തീവണ്ടി വരാൻ ഇനിയും കുറെ നേരമുണ്ട് അത്രയും നേരമെങ്കിലും ദേവക്ക് ആരെങ്കിലുമാവാൻ കഴിയണം എന്ന് കരുതി. അവൾ വീണ്ടുമെന്നോട് ചേർന്നിരുന്നു. എവിടെ നിന്നോ കിട്ടിയ പൊട്ടിയ കളിപ്പാട്ടമുണ്ട് കൈയിൽ.
ആളുകൾ ഞങ്ങളെ ശ്രദ്ധിക്കുന്നുണ്ട്, ദേവ നിഗൂഢമായ എന്തോ ഓർമ്മകൾ കീഴ്പ്പെടുത്തിയത് പോലെ ദൂരേക്ക് നോക്കി മിണ്ടാതിരുന്നു, കുറച്ചു നേരം കഴിഞ്ഞപ്പോൾ മുഖത്തെ ചെളിയെ രണ്ടായി കീറിക്കൊണ്ട് നീർച്ചാൽ പെയ്തു തുടങ്ങി!!
ദേവക്കുട്ടി എന്തിനാ കരയുന്നത്?? ങേ?? കണ്ണ് തുടക്കാൻ പറയാനെനിക്ക് കഴിഞ്ഞില്ല, എന്റെ ശബ്ദമിടറിയോ?? ഉണ്ടാവാം!!
"അണ്ണാ, എന്നുടെ അമ്മയും അപ്പയും എരന്തു പോച്ച്, എനക്ക് ഇപ്പൊ യാരുമില്ലേയ്!! അവങ്കെ എരന്തതുക്കപ്പുറം മാമ വീട്ടുക്ക് കൂട്ടീട്ട് പോയിട്ടാങ്കെ ആണാ അവങ്കെ വന്ത് എനക്ക് സാപ്പാട് കൂടെ സരിയാ തരമാട്ടാ, എല്ലാ വേലയും സെയ്യണം. അതിനാലെ നാൻ ഓടി വന്തിട്ടെ. "
എന്ത് ചെയ്യണം എനിക്കും അറിയില്ലായിരുന്നു. ദേവക്കുട്ടി ആ കൊലുസുകളിൽ കൈയോടിച്ചു കൊണ്ടിരുന്നു. ഒരുപക്ഷെ അവളുടെ അപ്പ കൊടുത്തതിൽ കൈയിൽ ബാക്കിയുള്ളത് അത് മാത്രമായിരിക്കാം, കൂടെ കുറെ നോവുകളും ഓർമ്മകളും.
കുറെ നേരം മൗനം മാത്രം, തീവണ്ടികൾ കാറിക്കൂവി വരുന്നുണ്ട് പോകുന്നുണ്ട്, കുറേയാളുകൾ മുന്നിലൂടെ പോകുന്നുണ്ട്. ഞാനാ കുഞ്ഞിനെ ചേർത്ത് പിടിച്ചു, അവളുടെ ശരീരത്തിലെ അഴുക്കുണ്ടായിരുന്നുള്ളൂ മനസ്സിലുണ്ടായിരുന്നില്ല.
" അണ്ണാ, അണ്ണന്റെ വീട്ടിൽ യാരൊക്കെ ഇരുക്ക്?? "
എല്ലാവരും ഉണ്ട് ദേവ, എനിക്കെല്ലാവരുമുണ്ട്. അവളുടെ കണ്ണുകൾ തിളങ്ങി. അവൾ ചിരിച്ചു, കൈയിലുള്ള ആ കളിപ്പാട്ടത്തിൽ വെറുതെ വിരലോടിച്ചു കൊണ്ടിരുന്നു, കുറച്ചപ്പുറത്തായി ഒരു കടയിൽ കുറെ കളിപ്പാട്ടങ്ങൾ തൂക്കിയിട്ടിരിക്കുന്നത് കണ്ടിട്ടാവാം അവൾ അങ്ങോട്ട് തന്നെ നോക്കിയിരുന്നത്.
അത് വേണോ എന്ന എന്റെ ചോദ്യത്തിന് ചെറിയ ഒരു ചിരിയോടെ അവൾ തലയാട്ടി, ഞാൻ അവളെയും കൂട്ടി ആ കടയിലെത്തി. ഇഷ്ടമുള്ളത് എടുത്തോ എന്ന് പറഞ്ഞപ്പോൾ സുന്ദരിയായ ഒരു പെൺകുട്ടിയുടെ പാവ അവളെടുത്തു. പൈസ കൊടുത്ത് തിരിഞ്ഞപ്പോൾ എനിക്ക് പോകാനുള്ള വണ്ടിയുടെ അറിയിപ്പ് വന്നു.
ദേവക്കുട്ടി, അണ്ണന്റെ ട്രെയിൻ ഇപ്പൊ വരും, അണ്ണന് പോകണം. ആ കുഞ്ഞുമുഖം വാടുന്നത് എന്തോ വല്ലാത്തൊരു നൊമ്പരമുണ്ടാക്കി, അവളാ പാവക്കുട്ടിയെ നെഞ്ചോട് ചേർത്തു.
" പറവായില്ലേ അണ്ണാ, നീങ്കെ പൊങ്കോ. " അപ്പോളേക്കും പേടിപ്പിക്കുന്ന ശബ്ദത്തോടെ എഞ്ചിൻ വന്നു.
അണ്ണൻ പോട്ടെ ദേവക്കുട്ടി, ഇനി ഉന്നൈ നാൻ പാർക്കുമോ? എന്ന ചോദ്യത്തിന് മറുപടിയില്ലായിരുന്നു ഞാൻ ആ വണ്ടിയിൽ കയറി, അവളെനിക്ക് നേരെ കൈവീശി. നെഞ്ചോട് ചേർത്ത് പിടിച്ച ആ പാവക്കുട്ടിയുമായി അവൾ നടന്നകന്നു, അനങ്ങിത്തുടങ്ങിയ വണ്ടിയുടെ ഇരുമ്പഴികൾക്കുള്ളിലേക്ക് അവളുടെ വെള്ളിക്കൊലുസിന്റെ ശബ്ദം ഒഴുകിവന്നു, ആ മുഖം എന്റെ നെഞ്ചിൽ തീയായി പെയ്തിറങ്ങി..
പിന്നീടൊരിക്കലും കാണാത്ത കുറച്ച് സമയമെന്നെയും അണ്ണനായി സ്നേഹിച്ച മാലാഖയെ പിന്നീട് എല്ലാ യാത്രകളിലും ഞാൻ തിരയാറുണ്ടായിരുന്നു.
എത്തിപ്പിടിക്കാൻ കഴിയാത്ത സ്വപ്നം പോലെ അവളെനിക്കരികിൽ നിന്ന് എങ്ങോ പോയ് മറഞ്ഞു...
ഫിബിൻ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo