Showing posts with label ഫിബിൻ. Show all posts
Showing posts with label ഫിബിൻ. Show all posts

പ്രഹേളിക


പ്രഹേളിക
--------
നീ യൂക്കാലിയിലകൾ സംസാരിക്കുന്നത് കേട്ടിട്ടുണ്ടോ വൈദേഹി? രുദ്രൻ മുഖമുയർത്തി ചോദിച്ചു. മുഖത്ത് തെളിഞ്ഞ ആശ്ചര്യം മറയ്‌ക്കാതെ തന്നെ ഇല്ല എന്ന് അവൾ മറുപടിയും പറഞ്ഞു.
വാ പെണ്ണെ, നിനക്ക് ഞാൻ കേൾപ്പിച്ചു തരാം, നീയത് കേൾക്കണം. അത്രമേൽ മനോഹരമാണത്!! വൈദേഹിയുടെ കൈ പിടിച്ച് ദൃശ്യയുടെ ഒന്നാം നിലയിറങ്ങി രുദ്രൻ ഓടുകയായിരുന്നു. കിൻഫ്രയുടെയുള്ളിൽ നിറഞ്ഞു നിൽക്കുന്ന മരങ്ങളുടെയിടയിൽ വൈദേഹിക്ക് ഏറ്റവും പ്രിയപ്പെട്ട മഞ്ഞപ്പൂക്കൾ വിരിയുന്ന ആ മരത്തിന് താഴെയെത്തിയപ്പോളേക്കും അവൾ തളർന്നിരുന്നു.
രുദ്രാ!! എനിക്കാവില്ലയിനിയോടാൻ, Give me a moment. വൈദേഹി പറഞ്ഞു. രുദ്രൻ കാൽമുട്ടിൽ കൈകൾ വെച്ച് കുനിഞ്ഞു നിന്ന് അണക്കുന്നുണ്ടായിരുന്നു.
വൈദേ, വേഗം വാ, സൂര്യൻ അസ്തമിക്കുന്നതിന് മുന്നേ യൂക്കാലിയിലകളെ കേൾക്കണം അല്ലെങ്കിൽ അവ ഉറക്കത്തിലിറങ്ങും. ഇന്നുറങ്ങുന്ന ഇലകൾ നാളെയെഴുന്നേൽക്കില്ല, പിന്നീടൊരിക്കലും അവ സംസാരിക്കില്ല. ജീവനും മരണത്തിനുമിടയിലുള്ള നൂൽപ്പാലമാണ് അവർക്കീ വെയിലൊളിക്കാൻ തുടങ്ങുന്ന വൈകുന്നേരങ്ങൾ. ആശ്ചര്യത്തോടെ വൈദേഹി എല്ലാം കേട്ടിരുന്നു. എന്നിട്ട് ചെറിയൊരു ചിരിയോടെ ചോദിച്ചു.
രുദ്രാ ആരാ നിനക്കീ കെട്ടുകഥകളൊക്കെ പറഞ്ഞു തന്നത്? യൂക്കാലിയിലകൾ രാത്രിയിൽ മരിക്കും പോലും!! അവറ്റകൾ മരിക്കുമ്പോളല്ലേ നിലത്ത് വീഴുന്നത്? എന്നിട്ടും കെട്ടുകഥകൾ വിശ്വസിക്കാൻ നിനക്കെങ്ങനെ കഴിയുന്നു?
വൈദേ എനിക്കീ കഥ പറഞ്ഞു തന്നത് അമ്മയാണ്. അതുകൊണ്ട് അതങ്ങനെ വിശ്വസിക്കാനാണ് എനിക്കിഷ്ടം. പൊഴിയുന്ന ഇലകൾ പ്രണയിച്ചും കലഹിച്ചും മണ്ണിൽ കിടക്കുമത്രേ വെളിച്ചം ചായുന്ന ഏതോ നാഴികയിൽ മരണത്തിന്റെ വാതിൽ കടന്ന് പോകുമത്രേ!!
ഏകാന്തത മനസിനെ തളർത്തുമ്പോൾ ഞാനീ യൂക്കാലിക്കാട്ടിൽ വന്ന് കിടക്കും, മണ്ണിനോട് ചേർന്ന് കിടക്കുന്ന ഇലകളിൽ ചെവി ചേർത്താൽ എനിക്ക് ഇലകൾ പരിഭവവും, പ്രണയവും, വിരഹവും, സ്നേഹവും പങ്കിടുന്നത് കേൾക്കാം.
ഇരുട്ട് വീണ് തുടങ്ങുമ്പോൾ പ്രണയിനിയെ തനിച്ചാക്കി ഏതോ ഒരില യാത്ര പറയുമ്പോളുയരുന്ന ഏങ്ങലടി കേൾക്കാം. നഷ്ട സ്വപ്നങ്ങളുടെ ഭാണ്ഡം ഇറക്കി വെച്ച് ആ ഇലയുടെ പ്രണയിനിയും യാത്രയാവുമ്പോൾ അവരുടെ സ്വപ്നങ്ങളിൽ ഒരുനാൾ കൊണ്ട് ഗർഭം ധരിച്ച് പ്രസവിക്കപ്പെടാതെ പോകുന്ന ചാപിള്ളകളുടെ കരച്ചിൽ കേൾക്കാം.
രുദ്രാ നിനക്ക് ഭ്രാന്താണ്, അത് കൊണ്ടാണ് ഇങ്ങനെയൊക്കെ തോന്നുന്നത് നിനക്ക്.
വൈദേ നീ മുകളിലേക്ക് നോക്കൂ, കുറച്ച് മുമ്പ് വരെയുണ്ടായിരുന്ന മഞ്ഞപ്പൂക്കൾ ഇപ്പോൾ ചുവപ്പായിരിക്കുന്നത് കണ്ടോ നീ? എന്നിട്ട് പറ എനിക്ക് ഭ്രാന്താണോ എന്ന്.. വൈദേഹി മുകളിലേക്ക് നോക്കി, ചുവന്നിരിക്കുന്ന പൂക്കൾ കണ്ട് അന്താളിച്ച് രുദ്രനെ നോക്കി നമുക്ക് യൂക്കാലിയിലകളെ കേൾക്കാൻ പോകാമെന്ന് പറഞ്ഞെഴുന്നേറ്റു.
കഴിഞ്ഞ ദിവസങ്ങളിൽ മരിച്ചു വീണയിലകളിൽ അവരുടെ കാലുകൾ പതിയുമ്പോൾ ഉണങ്ങാത്ത ഇലയസ്ഥികൾ ഒടിയുന്ന ശബ്ദം കേൾക്കുന്നുണ്ടായിരുന്നു. കുറച്ച് ദൂരെയായി ഒറ്റക്ക് നിൽക്കുന്ന പ്രായം കൂടിയൊരു യൂക്കാലി മരത്തെ ചൂണ്ടിക്കാണിച്ച്‌ രുദ്രൻ അങ്ങോട്ട് നടന്നു. ചെറുവിരലിൽ ചെറുവിരൽ കോർത്ത്‌ പിടിച്ച് വൈദേഹിയും.
ആ യൂക്കാലിയുടെ അരികിൽ അവർ എത്തിയപ്പോൾ വൈദേഹിയുടെ കൈയിൽ നിന്ന് വിട്ട് രുദ്രൻ കമിഴ്ന്നു കിടന്നു. വൈദേ വേഗം കിടക്ക്, അടുത്ത നാഴിക പുലരാൻ ബാക്കിയില്ലാത്ത ഒരു ഇല കാമുകനോട് കൊഞ്ചുന്നത് കേൾക്കാം.
" പ്രിയനേ, കാരണം കണ്ടെത്താൻ കഴിയാത്ത സന്തോഷം കൊണ്ട് മനസ്സാകെ നിറയുന്നു, നമ്മൾ കോർത്ത്‌ പിടിച്ചിരിക്കുന്ന ഈ കൈകൾ എന്നുമിങ്ങനെയുണ്ടാവും അല്ലെ? നീയില്ലാതെയെനിക്ക് ജീവിക്കാനാവില്ലെന്ന് തോന്നുന്നു. "
"പ്രിയപ്പെട്ടവളെ നിന്നെ തനിച്ചാക്കി ഞാനൊരിക്കലും എങ്ങും പോ........." പറഞ്ഞു തീർക്കാൻ അനുവദിക്കാതെ സൂര്യൻ മറഞ്ഞു തുടങ്ങിയിരുന്നു. നീണ്ടയൊരു ഏങ്ങലടിയുടെ അവസാനം ആ പ്രണയിനിയും മരണത്തിന്റെ കയത്തിലേക്ക് താണ് പോയി.
രുദ്രാ, ഞാൻ കേട്ടു, അവരുടെ പ്രണയം ഞാൻ കണ്ടു. നിറഞ്ഞൊഴുകിയ കണ്ണുകൾ തുടച്ച് വൈദേഹിയത് പറയുമ്പോൾ രുദ്രൻ ഒന്നും പറയാതെ കമിഴ്ന്ന് കിടന്നു.
എത്ര മനോഹരമാണല്ലേ രുദ്രാ അവരുടെ പ്രണയം? ഒരു പകലിന്റെ ദൂരം പോലുമില്ലാത്ത ജീവിതത്തിൽ പ്രണയം നിറച്ച് ഒന്നുമറിയാതെ മരണത്തെ സ്വീകരിക്കുന്നവർ. ഇതൊന്നും കെട്ടുകഥകളല്ല രുദ്രാ, അങ്ങനെ കരുതിയ ഞാനാണ് സത്യത്തിൽ ഭ്രാന്തി.
രുദ്രൻ പതിയെ താടിയുയർത്തി അവളെ നോക്കി ചിരിച്ചു. എന്നിട്ട് ആ ചിരി മായാതെ തന്നെ പറഞ്ഞു.
"വൈദേ, മരണം വിരുന്നു വിളിക്കുന്നത് വരെ നീയെന്റെ കൂടെക്കാണുമോ? പ്രപഞ്ചത്തിലെ പ്രണയത്തെ മുഴുവൻ സാക്ഷിയാക്കി രുദ്രൻ ജോൺ വൈദേഹി വാര്യരോട് ചോദിക്കുന്നു Will you marry me, can you happily tolerate my insanity for the rest of your life?"
അതെ കിടപ്പിൽ കിടന്നു കൊണ്ട് തന്നെ വൈദേഹി നിറമിഴികളോടെ സമ്മതം പറഞ്ഞു.
വൈദേ, എന്റെ കൈയിൽ കോർത്ത് പിടിച്ച് മണ്ണിനോട് ചെവി ചേർത്ത് ശ്രദ്ധിച്ച് കേൾക്കൂ യൂക്കാലിയിലകൾ പ്രണയത്തെ കുറിച്ച് കവിത പാടുന്നത് കേൾക്കാം. വെള്ളം വലിഞ്ഞുണങ്ങാൻ തുടങ്ങുന്ന ഞരമ്പുകളിൽ പ്രണയത്തിന്റെ നോവുകൾ പെയ്തൊഴിയുന്നത് കേൾക്കാം.
എത്ര നേരമെങ്ങനെ അവർ കിടന്നു എന്നറിയില്ല, അത്രയും നേരം അവർ പ്രണയത്തിന്റെ ലോകത്ത് പറന്നു നടക്കുന്ന ശലഭങ്ങളായിരുന്നു.
പെട്ടെന്നെഴുന്നേറ്റ രുദ്രൻ വൈദേഹിയെ വിളിച്ചെഴുന്നേല്പിച്ചു പോകാമെന്നു പറഞ്ഞത് കേട്ട് കണ്ണ് തുറന്നപ്പോൾ ആരൊക്കെയോ അവളെ കുലുക്കി വിളിക്കുന്നുണ്ടായിരുന്നു.
വൈദേ, നിന്നെ ഞങ്ങൾ എവിടെയൊക്കെ തിരഞ്ഞു!! നീയിവിടെ വന്നു കിടക്കുകയാണോ? ആരുമില്ലാതെ ഈ കാട്ടിൽ കിടക്കാൻ പേടിയില്ലേ വൈദേ നിനക്ക്? ആരാ നിന്റെ നെറ്റിയിൽ സിന്ദൂരമിട്ടത് ?? കണ്ണുകൾ തുടച്ചു കൊണ്ട് വൈദേഹി മറുപടി പറഞ്ഞു.
ഞാനിവിടെയൊറ്റക്ക് അല്ലല്ലോ എന്റെ രുദ്രനും അവന്റെ ഭ്രാന്തുകളും പിന്നെ പ്രണയത്തിന്റെ കാവൽ മാലാഖമാരായ യൂക്കാലിയിലകളുമുണ്ടല്ലോ!! സിന്ദൂരം, അതെന്റെ രുദ്രന്റെ കൈവിരലുകൾ മുറിഞ്ഞൊഴുകിയ ചോരയിൽ അണിയിച്ചതാണ് !!
ഇവളെന്തൊക്കെ ഭ്രാന്തുകളാണീ പറയുന്നത്. വൈദേ എണീറ്റ്‌ വാ അവിടെ പരുപാടി തുടങ്ങി. തീവ്രമായ പ്രണയം നിറഞ്ഞ കണ്ണുകളിൽ കിനിഞ്ഞിറങ്ങിയ ജലകണം വീണ്ടും തുടച്ച്‌ വൈദേഹി അവരുടെയൊപ്പം നടന്നു.
ആ വലിയ ഹാളിൽ വലിയൊരു കൂട്ടം ആളുകൾ ഉണ്ടായിരുന്നു. ഈ വർഷത്തെ പെർഫോമൻസ് അവാർഡ് സമ്മാനിക്കുന്ന ദിവസമാണിന്ന്. പ്രകാശം നിറഞ്ഞ ആ മുറിയിൽ നിന്ന് അവതാരിക
ഈ വർഷത്തെ " ബെസ്റ്റ് പെർഫോർമർ ഓഫ് ദി ഇയർ " അവാർഡ് ഗോസ് റ്റു എന്ന് പറഞ്ഞപ്പോളേക്കും ആ നീണ്ട ഹാളിന്റെ അങ്ങേയറ്റത്ത് വലിയ സ്‌ക്രീനിൽ രുദ്രൻ ജോണിന്റെ ചിരിച്ച് നിൽക്കുന്നൊരു ചിത്രം തെളിഞ്ഞു. അടുത്തതായി തെളിഞ്ഞ യൂക്കാലിയിലകളുടെ നടുവിൽ നിൽക്കുന്ന രുദ്രന്റെ ചിത്രത്തിന് താഴെ
" Bon voyage tree lover, we won't miss you until the eucalyptus are alive " എന്നെഴുതിയിരുന്നു .
നീണ്ട നിശ്ശബ്ദതക്ക് ശേഷം അവാർഡ് സ്വീകരിക്കുന്നതിനായി വൈദേഹിയെ ക്ഷണിക്കുന്നു എന്ന് പറഞ്ഞപ്പോൾ കണ്ണീരു കൊണ്ട് മുറിവേറ്റവൾ ആ ചുവന്ന പരവതാനിയെ കടന്നു നടക്കാൻ തുടങ്ങി.
ഒരു വാക്ക് പോലും പറയാതെ വൈദേഹി അവാർഡ് വാങ്ങി തിരിച്ച് നടന്നപ്പോൾ ഒന്നാം നിലയുടെ ബാൽക്കണിയിൽ നിന്ന് യൂക്കാലിയിലകൾ വെറുതെ പൊഴിഞ്ഞിരുന്നു.
ഫിബിൻ

നെക്രോ

Image may contain: 1 person, standing

I'd rather prefer to be a prisoner of my own device Emil !!! because i know i'll become obsolete a day, even in your wildest thoughts!!
ഈഥൻ നീയെന്താണീ പറയുന്നത് !! റയാൻ വില്ലയിലെ ആ ചെറിയ മുറിയിലേക്ക് തണുത്ത കാറ്റ് കയറി വരുന്നുണ്ടായിരുന്നു. പതിഞ്ഞ ശബ്ദത്തിൽ നൈറ്റിംഗേൽ പാടുന്നു. താളം നിഗൂഢതയുടെ ഭാവമാടിത്തീർത്ത ആ നിമിഷത്തിൽ ഈഥൻ പറഞ്ഞു തുടങ്ങി.
" എമിൽ നിനക്കൊരു കുഞ്ഞിനെ തരാൻ എനിക്ക് കഴിയില്ല, ഞാൻ പിന്നെയുമെന്തിന് നിന്നിലൊരു ബാധ്യതയായി തുടരണം? ഒരുദിവസം ഞാനും നിന്റെ സ്വപ്നങ്ങളുടെ കൂടാരത്തിൽ നിന്ന് പുറത്ത് കടക്കും, അന്ന് ഞാൻ ആഗ്രഹങ്ങൾ സൃഷ്‌ടിച്ച തടവറയിൽ ഒറ്റക്കായി പോകും അതിലും നല്ലത് ഇപ്പോൾ തന്നെ എന്നിലേക്ക് ചുരുങ്ങുന്നതാണ് ".
പെട്ടന്നായിരുന്നു റെയ്‌ൻ മസ്റ്റ് ഫാൾ പാടിയത്, പ്രണയം ശൂന്യമാക്കിയ ആ മുറിയിൽ എമിലിന്റെ ഏങ്ങലടി ഉയർന്നു പൊങ്ങിയതും ഈഥൻ ജനാല വിരിപ്പിനിടയിൽ നിന്ന് പുറത്തേക്ക് വന്നു പറഞ്ഞു " കരയരുത് എമിൽ ഇന്നല്ലെങ്കിൽ നാളെ നമ്മൾ പിരിയേണ്ടവരാണ്. ഒരു ജന്മം മുഴുവൻ സൂക്ഷിക്കാനുള്ള ഓർമ്മകൾ തന്നിട്ടുണ്ട് നീ. അത് മതി ഇനിയങ്ങോട്ട് ജീവിക്കാൻ, I know It's cliche, but i had to tell you baby ".
ഞാൻ നിനക്കായി കരുതി വെച്ചതെല്ലാം പാഴായി പോകുന്നു. എന്റെ പ്രണയം എന്നിൽ നിന്ന് നഷ്ടമായി, നിനക്കൊരു കുഞ്ഞിനെ തരാൻ കഴിയാത്ത ഞാനൊരു പരാജയമാണ്. ഇതിങ്ങനെയിവിടെ അവസാനിക്കട്ടെ എമിൽ. വീണ്ടുമൊരിക്കൽ കൂടെ കണ്ടുമുട്ടാതിരിക്കട്ടെ എന്ന് ആഗ്രഹിക്കാം.
കരഞ്ഞു കലങ്ങിയ കണ്ണുകളുയർത്തി എമിൽ മറുപടി പറഞ്ഞു. " ഈഥൻ, എനിക്കൊരു കുഞ്ഞിനെ തരാൻ നിനക്ക് കഴിയില്ല എന്ന് നമുക്ക് രണ്ട് പേർക്കും നന്നായി അറിയാമായിരുന്നല്ലോ എന്നിട്ടും നമ്മൾ സ്നേഹിച്ചില്ലേ? എല്ലാമറിഞ്ഞിട്ടും നമ്മൾ രണ്ടുമൊന്നായില്ലേ? അന്നൊന്നുമില്ലാത്ത ശൂന്യത ഇപ്പോൾ നിനക്ക് എങ്ങനെ തോന്നുന്നു? നിന്നെ പിടിച്ചു നിർത്താനെനിക്ക് കഴിയില്ല, സ്നേഹത്തോടെ തന്നെ നമുക്ക് പിരിയാം അല്ലെ ഈഥൻ? " അയാളുടെ കണ്ണിലപ്പോൾ വിവരിക്കാൻ കഴിയാത്ത ഭാവങ്ങളായിരുന്നു.
ഈഥൻ ഒന്നും പറയാതെ പുറത്തേക്ക് നോക്കി നിൽക്കുകയായിരുന്നു. താഴെ പാർക്കിംഗ് ഏരിയയിൽ നിന്ന് രണ്ട് പെൺകുട്ടികൾ നടന്ന് വരുന്നു, അപ്പുറത്തെ വില്ലയിൽ താമസിക്കുന്നവരാണ്. അതിലൊരാൾ മുകളിലെ ജനാലയിലേക്ക് നോക്കി കൈവീശി. മനസിൽ വിരിഞ്ഞ ചിരി പുറത്ത് കാണിക്കാതെ ഈഥൻ കൈ പൊക്കി. എമിൽ അത് കണ്ടിട്ടുണ്ടാവില്ല, അയാൾ തല താഴ്ത്തി ഇരിക്കുകയായിരുന്നു.
ഈഥൻ വെറും ന്യായങ്ങൾ പറഞ്ഞ് നീയെന്റെ സ്നേഹത്തിൽ നിന്ന് ഓടിയൊളിക്കാൻ ശ്രമിക്കുന്നത് എന്തിനാണ് എന്നൊക്കെ എനിക്കറിയാം, കുറച്ച് ദിവസമായി ഞാൻ പലതും ശ്രദ്ധിക്കുന്നു. അപ്പുറത്തെ വില്ലയിലെ ആ പെൺകുട്ടിയെ കാണുമ്പോൾ നിന്റെ മുഖത്ത് കാണുന്ന സന്തോഷം ഏഴ് വർഷമായി ഒരുമിച്ചു കഴിയുന്ന എന്നോട് നിനക്കിപ്പോളില്ല. അത് പറയുമ്പോൾ എമിലിന്റെ മുഖത്ത് ക്രൂരമായ പ്രണയമായിരുന്നു നിറഞ്ഞിരുന്നത്.
" It's not you Ethan, It's me who will be the prisoner of loneliness. " ആരോടെന്നില്ലാതെ എമിൽ പറഞ്ഞു.
ഈഥൻ തിരിഞ്ഞു നോക്കി ഒന്നും പറയാതെ നിന്നു.
ഒരേ ആഗ്രഹങ്ങളുമായി ഒരുമിച്ച് ജീവിതം തുടങ്ങിയിട്ട് ഇപ്പോൾ നിനക്കെന്നെ വേണ്ടല്ലേ ഈഥൻ?
" Ethan, people may say that i am a freak, who is out of control " എന്നാലും നിന്നെ ഞാൻ ആർക്കും വിട്ടുകൊടുക്കില്ല. " You are mine "
എമിൽ ആ നിമിഷങ്ങളിലൊന്നിൽ മനസ് കൈവിട്ട് പ്രണയത്തിന്റെ ചുഴിയിൽ കറങ്ങുകയായിരുന്നു. ഒരൊറ്റ ഞൊടിയിൽ അയാൾ ജനാലക്ക് അടുത്തെത്തിയതും ഈഥൻ ഒരലർച്ചയോടെ തറയിൽ വാതിലിനടുത്തായി വീണതും ഒരുമിച്ചായിരുന്നു. ചോരയിൽ കുളിച്ച് അവിടെ കിടന്നിരുന്ന സ്ക്രൂഡ്രൈവർ എമിൽ വീണ്ടും കൈയിലെടുത്തപ്പോൾ ഈഥൻ " എന്നെ കൊല്ലരുത് എമിൽ, ഞാനെന്ത് വേണമെങ്കിലും ചെയ്യാം " എന്ന് ദയനീയമായി കരയുന്നുണ്ടായിരുന്നു.
ആ സ്ക്രൂഡ്രൈവർ വീണ്ടും വീണ്ടും ഉയർന്നു താണപ്പോൾ ഈഥന്റെ ശരീരത്തിലെ അവസാന അനക്കവും നിലച്ചിരുന്നു. ചോര കലർന്ന കണ്ണുനീർ എമിലിന്റെ കണ്ണിൽ നിന്നു ഈഥന്റെ നെഞ്ചിൽ വീണു ചിതറി.
കെന്നി ജിയുടെ സാക്സോയിൽ നിന്നുള്ള " ദി മൊമെന്റ് " ആ മുറിയിലപ്പോൾ നിറഞ്ഞൊഴുകിയിരുന്നു.
ഈഥന്റെ കഴുത്തിൽ ആഴത്തിലേറ്റ മുറിവിൽ നിന്ന്‌ ചോര ഒഴുകി. എമിൽ കട്ടിലിൽ കയറിയിരുന്നു, കുറേ നേരത്തെ മൗനത്തിന് ശേഷമയാൾ താഴേക്ക് ഇറങ്ങിയിരുന്നിട്ട് ആ മൃതദേഹത്തിന്റെ ചുണ്ടുകൾ കടിച്ചു മുറിക്കുമ്പോൾ എമിലിന്റെ കണ്ണിൽ പ്രണയം എരിഞ്ഞു കത്തി.
ഒഴുകിയിറങ്ങിയ ചോരയുടെ ഒരറ്റം വാതിലിനിടയിലുള്ള വിടവിൽ കൂടെ പുറത്തേക്കൊഴുകിയത് കണ്ട അയൽക്കാർ വന്ന് വാതിൽ ചവിട്ടി തുറക്കുമ്പോൾ എമിൽ കുറച്ച് നിമിഷങ്ങൾക്ക് മുമ്പ് വരെ അയാൾക്കെല്ലാമായിരുന്ന ഈഥന്റെ ജീവനറ്റ, നഗ്നമായ ശരീരത്തിൽ കെട്ടിപ്പിടിച്ച് കരയുകയായിരുന്നു.
" Ethan, why did you do this to me? you knew that you are my everything. You knew that i cannot live without you. Why did you leave me for one girl? see now am all alone, i became prisoner of my own fate "
ആ മുറിയിലപ്പോൾ " ഫോറെവർ ലവ് " മാത്രമായിരുന്നു മുഴങ്ങിയിരുന്നത്.
നീണ്ട കാലത്തെ നടപടികൾക്ക് ശേഷം കോടതി പുറപ്പെടുവിച്ച വിധിയിൽ ഇങ്ങനെയെഴുതിയിരുന്നു.
" This court has never witnessed such a cold blooded necrophiliac like Mr. Emilio. He is not only a necrophiliac but also a maniac who can be a potential threat to the neighborhood. This court forced to level the maximum sentence under the law. Emilio Mathew Alex, You are hereby sentenced to serve life time in prison without the possibility of early parole ".
അപ്പോളുമയാൾ " Ethan, why did you leave me alone to become prisoner of my own fate " എന്ന് പറയുന്നുണ്ടായിരുന്നു.
ഫിബിൻ

സുഗന്ധി എന്ന ആണ്ടാൾ ദേവനായകി [Book Review]


സുഗന്ധി എന്ന ആണ്ടാൾ ദേവനായകി
---------------------------------------------------------
വർത്തമാനകാല സാഹിത്യത്തിൽ " പെണ്ണെഴുത്ത് " എന്നൊരു വാക്കിന് എന്തെങ്കിലും പ്രസക്തിയുണ്ടെങ്കിൽ അത് ഏറ്റവും മനോഹരമായി ചേരുന്നത് " സുഗന്ധി എന്ന ആണ്ടാൾ ദേവനായകി " എന്ന നോവലിനാണ്. അതെഴുതിയതൊരു സ്ത്രീ അല്ലാതായിരിക്കെ വായനക്കാരനായ ഞാൻ അതിനെ പെണ്ണെഴുത്ത് എന്നെഴുതാൻ കാരണമായത് അതിലെ ദേവനായകി തന്നെ.
പീറ്റർ ദേവാനന്ദം എന്ന സിനിമാ സംവിധായകൻ ലങ്കൻ ആഭ്യന്തര യുദ്ധ കാലത്തെ കുറിച്ച് സർക്കാർ സഹായത്തോടെ തയാറാക്കുന്ന സിനിമക്ക് വേണ്ടി ശ്രീലങ്കയിൽ എത്തുന്നു. സിനിമയുടെ വിവര ശേഖരണത്തിന്റെ ഭാഗമായി തമിഴ് ഇയക്കത്തിൽ ഒരുകാലത്ത് സജീവമായുണ്ടായിരുന്ന സുഗന്ധി എന്ന സ്ത്രീയിലേക്ക് സഞ്ചരിക്കുന്ന പീറ്റർ വളരെ യാദൃച്ഛികമായി " ദേവനായകിയിൻ കതൈയിലേക്ക് " എത്തുന്നതോടെ നോവൽ വായനക്കാരെ ത്രസിപ്പിക്കാൻ തുടങ്ങും എന്നതിൽ തർക്കമില്ല.
ലങ്കൻ ആഭ്യന്തര യുദ്ധത്തിലെ ഒരിക്കലും മറക്കാനാവാത്ത ഡോ.രജനി തിരണഗാമയിലൂടെ സഞ്ചരിക്കുന്ന എഴുത്ത് ഇടക്കെപ്പോഴോ വായനക്കാരനെ കൊണ്ട് " No More Tears Sister " എന്ന് പറയിപ്പിക്കുന്നുണ്ട്. തമിഴ് വിടുതലൈ പോരാട്ടമാണ് പ്രധാന പശ്ചാത്തലം.
കേരളത്തിന്റെ ഒരറ്റം മുതൽ മറ്റേയറ്റം വരെ എത്താൻ വേണ്ട ദൂരത്തിൻറെയത്രയും ദൂരം ലങ്കയുമായി ഇല്ലെങ്കിലും, സാംസ്കാരികമായും, ജീവിതചര്യകളുമായും ഒരുപാട് സാമ്യങ്ങൾ ഉണ്ടായിട്ടും, ഒരുകാലത്ത് മലയാളിയുടെ അഭയ കേന്ദ്രമായിരുന്ന ശ്രീലങ്കയ്ക്കും നമുക്കുമിടയിലുള്ള ദൂരത്തിന് ഒരു കടലിന്റെ അകൽച്ചയുണ്ടെന്ന് പറയുന്ന സാമൂഹ്യ പ്രതിബദ്ധതയുള്ള എഴുത്തുകാരൻ ലങ്കൻ ആഭ്യന്തര യുദ്ധം നമ്മെ ബാധിക്കാത്തതിന് പിന്നിലെ കാരണമായി പറയുന്നതും ഈ കടലെന്ന നിസംഗതയാണ്.
ചോള, ചേര, പാണ്ഡ്യ ഭരണകാലത്തിലൂടെ ഒരു രാജ്യത്തിന്റെ തുറന്ന മുറിവിലേക്ക് പകർന്നാട്ടം നടത്തുന്ന എഴുത്തിൽ അങ്ങോളമിങ്ങോളം മുഴങ്ങി കേൾക്കുന്ന പേരാണ് ദേവനായകി. മാജിക്കൽ റിയലിസം എന്ന് സംശയമില്ലാതെ പറയാൻ കഴിയുന്ന ചരിത്രമെന്നോ, മിത്ത് എന്നോ വേർതിരിക്കാൻ കഴിയാത്ത ആഖ്യാനശൈലിയെ കൂട്ടുപിടിച്ച് അതിവിദഗ്ധമായി ഒരു കഥ രൂപപ്പെടുത്തിയെടുക്കാൻ നീണ്ട കാലങ്ങളുടെ പഠനം അനിവാര്യമാണ്.
കഥാപാത്രങ്ങളായ മിക്ക സ്ത്രീകൾക്കും അസാധ്യമായ കരുത്തും ബുദ്ധിയും മനപ്പൂർവ്വം നൽകുന്ന എഴുത്ത് അടിച്ചമർത്തപ്പെട്ട സമൂഹത്തിന്റെ ചെറുത്തുനിൽപ്പിന്റെ സൂചനകളായി കാണാനേ കഴിയൂ, ബുദ്ധി കൊണ്ടും, ശരീരം കൊണ്ടുമുള്ള ഒരുതരം പകവീട്ടൽ.
കാന്തള്ളൂർ എന്ന നാട്ടുരാജ്യത്തിൽ നിന്ന് ആരംഭിക്കുന്ന ചരിത്രമെന്ന് തോന്നിപ്പിക്കുന്ന കടംകഥയിൽ, കാന്തള്ളൂര്‍ മഹാരാജാവായ മഹേന്ദ്രവര്‍മ്മന്റെ എട്ടാമത്തെ റാണിയായിരുന്ന ദേവനായകി പിന്നീട്, കാന്തള്ളൂര്‍ പിടിച്ചെടുത്ത രാജരാജചോളന്റെ കാന്ത മാദേവിയാരായിത്തീര്‍ന്നു. കേരളത്തിലെ ഇപ്പോഴത്തെ സാംസ്കാരിക പൈതൃകത്തെ മറ്റൊരു തലത്തിൽ പ്രതിഫലിപ്പിച്ചിരിക്കുന്ന എഴുത്തിൽ കച്ചവടവും, വിദ്യാഭ്യാസവും, പടയും അങ്ങനെയെല്ലാം കടന്നു വരുന്ന എഴുത്തിനെ എന്ത് പേരിൽ വിശേഷിപ്പിക്കും എന്നറിയില്ല.
ചോള രാജാവിന്റെ പടയോട്ടത്തിൽ നിഷ്പ്രയാസം കീഴടങ്ങുന്ന കാന്തള്ളൂർ പടയുടെ കീഴടങ്ങൽ ഒരുപക്ഷെ ബുദ്ധമത അഹിംസാവാദത്തിൽ അൽപ്പമെങ്കിലും വീണു പോയത് കൊണ്ട് സംഭവിച്ച ചെറുത്തു നിൽപ്പില്ലായ്മയായി തോന്നാം. യുദ്ധത്തിന്റെ ഇടയിൽ കൂടെ നീങ്ങുന്ന എഴുത്ത് അതിമനോഹരമായി ശ്രീലങ്കൻ മിത്തുകളിലേക്ക് നീങ്ങുന്നു. സുസാന സുപിനയെയും ദേവനായകിയിൻ കതൈയെയും അസാധ്യമായി ബന്ധിപ്പിക്കാൻ എഴുത്തുകാരന് കഴിയുന്നു.
അതി തീവ്രമായ " വയലൻസിനെ " അക്ഷരങ്ങൾ കൊണ്ട് കോർത്തെടുത്ത ഭാഗമാണ് മഹീന്ദന്റെ വാൾ ആദ്യം ഉയർന്ന് താണപ്പോൾ അരിഞ്ഞു വീഴ്ത്തപ്പെട്ട ദേവനായകിയുടെ മുലകൾ രണ്ടായി മുറിച്ച മാതളപ്പഴം പോലെ രക്തത്തിൽ പൊതിഞ്ഞ് മണ്ഡപത്തിന്റെ നടുവിൽ കിടന്നു എന്ന ഭാഗം അത് കേരളത്തിലെ വിപ്ലവ ചരിത്രങ്ങളിൽ അത്ര പ്രാധാന്യം കിട്ടാതെ പോയ നങ്ങേലിയെ എവിടെയൊക്കെയോ ഓർമ്മപ്പെടുത്തുന്നു.
അയാളുടെ വാൾ ഒരിക്കൽ കൂടെ ഉയർന്ന് പൊങ്ങുമ്പോഴേക്കും എന്തോ ഒരു അമാനുഷിക ശക്തി പ്രവഹിച്ച പോലെ ദേവനായകി ആകാശത്തോളം ഉയർന്ന് ഒരു കാല് സിഗിരിയയിലും മറ്റേ കാല് ശ്രീപാദമലയിലും വെച്ച് ആകാശത്തിലൂടെ നടന്നു പോയി എന്ന് എഴുതിയിരിക്കുന്ന ഭാഗം തികച്ചുമൊരു മിത്ത് ആണെന്ന് അറിഞ്ഞു കൊണ്ട് തന്നെ വായനക്കാരൻ വിശ്വസിച്ചു പോകും, അരിഞ്ഞു വീഴ്ത്തപ്പെട്ട സ്തനങ്ങൾ പ്രകാശിക്കുന്ന ചുവന്ന നക്ഷത്രങ്ങളായി ആകാശത്തിലേക്ക് പറന്നു.
ശ്രീലങ്കൻ പട്ടാള മേധാവിയായ സിംഹത്തിന്റെ തമിഴ് ഈഴ പോരാളികളോടുള്ള പകയും, ശിക്ഷാ നടപടികളും അതിനയാൾ സ്വീകരിക്കുന്ന മാർഗവും ഒരു തരം പുരുഷ മേൽക്കോയ്മയുടെ ജീർണ്ണത കാണിക്കുന്നു. അതിനൊടുവിൽ അയാളുടെ മരണവും ഇക്കാലത്ത് നമ്മിൽ പലർക്കും പലപ്പോഴായി ചെയ്യണം എന്ന് തോന്നിയിട്ടുള്ളതുമാവാം. ഒരു യുവതിയുടെ കൈകൊണ്ട് ഒരു പിടച്ചിലിൽ അവസാനിച്ച സിംഹം എവിടെയൊക്കെയോ മഹീന്ദന്റെ സ്വഭാവത്തെ അപ്പാടെ സ്വീകരിച്ചിരിക്കുന്നു.
ഗംഗൈക്കൊണ്ട ചോളന്റെ നേതൃത്വത്തിൽ ചോളപ്പടയുടെ കടന്നു കയറ്റം സിംഹള രാജനായ മഹീന്ദന്റെ വീഴ്ച്ചയിൽ കലാശിച്ചു കൂടാതെ അന്ന് വരെ ആരുമങ്ങനെ ഉപയോഗിച്ച് കണ്ടിട്ടില്ലാത്ത വെടിമരുന്നിന്റെ സാന്നിധ്യവും ആ യുദ്ധത്തിൽ കാണുന്നു. ഒരുപക്ഷെ ദേവനായകിയുടെ ശാപം എന്നൊക്കെ തോന്നിപ്പിക്കുന്ന ആ തോൽവിയോടെ ചോളരാജാവ് അനുരാധപുര കീഴടക്കുന്നു.
പല സ്ത്രീ കഥാപാത്രങ്ങളും കടന്നു വരുന്നുണ്ട് എങ്കിലും കൂവേണി എന്ന പെൺകുട്ടി മനസ്സിൽ വല്ലാത്തൊരു വിങ്ങലുണ്ടാക്കുന്നുണ്ട്. ഒരുപക്ഷെ നമ്മുടെ നാട്ടിലും അരങ്ങേറുന്ന രതിവൈകൃതങ്ങളിലേക്കുള്ള എത്തി നോട്ടമാണ് കൂവേണിയുടെ മരണവും അതിനെ തുടർന്ന് ദേവനായകിക്ക് തോന്നുന്ന പകയും.
ആണ്ടാൾ ദേവനായകിയുടെ " തത്വശാസ്ത്രം " വിജയിക്കുന്നവന്റെ ആശ്രിതയാവുക എന്നതാണ്. അതും ഒരു കാലഘട്ടത്തിന്റെ നേർക്കാഴ്ച്ചയായി തോന്നാം. ആണ്ടാൾ ചെറിയൊരു കാലഘട്ടത്തിന്റെ സ്ത്രീ മുഖമല്ല പകരം യുഗങ്ങളിലൂടെ കടന്നു വന്ന, ഇന്നും തുടർന്ന് കൊണ്ടിരിക്കുന്ന വിപ്ലവ നായികയുടെ മുഖമാണ്.
പീറ്റർ ദേവാനന്ദം തേടി നടന്ന, രണ്ട് കൈകളും ഛേദിക്കപ്പെട്ട സുഗന്ധിയെന്ന തമിഴ് പോരാളി പ്രസിഡന്റിനെ വധിക്കാനായി കോമൺവെൽത്ത് സമ്മേളനത്തിലേക്ക് സ്ഫോടന വസ്തുക്കൾ നിറച്ച വാഹനം ഓടിച്ചു വരുകയും പിടിക്കപ്പെടുകയും ആ സമയത്ത് ഉഗ്രസ്ഫോടനം നടക്കുകയും തീയാളി കത്തുന്ന ആ സമയത്ത് ആകാശത്തേക്ക് പറന്നുയരുകയും ചെയ്യുന്ന സുഗന്ധിയിൽ കൂടെ ദേവനായകിയുടെ മറ്റൊരു യുഗം അവിടെയവസാനിക്കുകയായിരുന്നു.
രജനിയെയും അവരുടെ മരണത്തെയും, സുഗന്ധിയെയും അവർ അനുഭവിച്ച കൊടിയ പീഡനങ്ങളെയും അതിമനോഹരമായി നൂറ്റാണ്ടുകൾക്ക് മുമ്പ് ജീവിച്ചിരുന്നു എന്ന് കരുതുന്ന ദേവനായകിയുടെ വ്യക്തിത്വത്തിലേക്ക് ചേർത്ത് എഴുതിയിരിക്കുന്നത് " യാഥാർഥ്യവും ഭ്രമകല്പനകളും " തമ്മിലുള്ള പോരാട്ടമായി തോന്നാമെങ്കിലും അതിനിടയിൽ നിൽക്കുന്ന പീറ്റർ എന്ന മൂന്നാമൻ അവയെ ഭംഗിയായി ബന്ധിപ്പിക്കുന്നു.
സുഗന്ധി എന്ന ആണ്ടാൾ ദേവനായകി വായിക്കുന്ന ഓരോ സ്ത്രീയും തന്നെ ദേവനായകിയായി ചിത്രീകരിക്കും, അടുത്ത ജന്മത്തിൽ ദേവനായകിയായി ജനിക്കാൻ കൊതിക്കുന്നിടത്താണ് മാജിക്കൽ റിയലിസം തികച്ചും " റിയലിസ്റ്റിക് " ആകുന്നത്.
സുഗന്ധി എന്ന ആണ്ടാൾ ദേവനായകി വായിച്ചവസാനിപ്പിക്കുമ്പോൾ എന്റെ മനസ്സിൽ ചില വരികൾ എഴുതിച്ചേർക്കപ്പെട്ടിരുന്നു വിപ്ലവത്തിന്റെ, വേദനയുടെ, നഷ്ടപ്പെടലുകളും, പോരാടാനുള്ള അർജവത്തിന്റെ വരികൾ.
''കനവ് തുലൈന്തവൾ നാൻ
കവിതൈ മറന്തവൾ നാൻ
കാതൽ കരിന്തവൾ നാൻ
കർപ്പ് മുറിന്തവൾ നാൻ ''
ടി ഡി രാമകൃഷ്ണൻ എന്ന അതുല്യ പ്രതിഭയെ വായിക്കാൻ കിട്ടുന്ന ഒരു അവസരവും പാഴാക്കരുത്.
ഫിബിൻ

ചിരാത്


നടുത്തളത്തിൽ മൺചട്ടിയിൽ കുന്തിരിക്കം പുകയുന്നതിന്റെ നറുമണം അകത്തുള്ള മുറിയിലേക്കും വരുന്നുണ്ട്. മനോഹരമായൊരുക്കിയൊരു ചെറിയ മുറി. ചുവന്ന കർട്ടനുകൾ, വെള്ളയിൽ റോസ് നിറത്തിലുള്ള ഹൃദയങ്ങൾ കൊണ്ടലങ്കരിച്ച കിടക്ക വിരി, വെളുത്ത തലയിണകൾ.
ഇരുട്ട് നിറഞ്ഞ ഭൂതകാലത്തിന്റെ ഓർമ്മകളിലേക്ക് പടികൾ കടന്ന് കയറുമ്പോൾ എരിഞ്ഞടങ്ങാൻ തുടങ്ങുന്ന മെഴുകുതിരി അവനെ നോക്കി ചിരിച്ചു. പതിയെ പാടുന്ന പാട്ടുപെട്ടിയിൽ നിന്ന് ജഗ്ജീത് സിംഗിന്റെ " തെരെ ഖുശ്ബു മെയ്ൻ ബസ് കത് " പതിഞ്ഞ താളത്തിൽ ഒഴുകുന്നുണ്ട്.
" ആരാ? എന്ത് വേണം? "
ഞാൻ ഞാൻ വെറുതെ...
" വെറുതേയാരും ഇത് വഴി വരാറില്ല കുട്ടി, എന്താ നിന്റെ പേര് ? "
മിലൻ, എന്റെ പേരാണ്. ഞാനിവിടെ വന്നത് നിങ്ങളെ കാണാനാണ്!!
" എന്നെ കാണാൻ വരാനുള്ള പ്രായം നിനക്കായിട്ടില്ലല്ലോ മിലൻ!! "
കരിവളകൾ വിൽക്കുന്ന ആ ചെറിയ കടയിലെ ചേട്ടനോട് നിങ്ങൾ വഴക്കുണ്ടാക്കി പോയ ദിവസമാണ് ഞാൻ നിങ്ങളെ ആദ്യമായി കണ്ടത്, എന്നോ ഒരു പാതിയുറക്കത്തിൽ ഞാൻ കണ്ട കാഴ്ച്ചകളിലെ ആരോ ആണെന്നെനിക്കുറപ്പായിരുന്നു, മുഖം മാത്രം എത്രയാലോചിച്ചിട്ടും ഓർക്കാൻ കഴിയുന്നില്ലായിരുന്നു.
ചീകാതെ കൈകൊണ്ടൊതുക്കിയിട്ട നീണ്ട മുടി, കറുത്ത വലിയ പൊട്ട്, ആരെയും കൂസാതെ നടക്കുന്ന പ്രകൃതം!! ഇതൊക്കെ കണ്ടപ്പോൾ ഞാൻ വീണ്ടും കാണാൻ കൊതിച്ചു പോയി.
" നിനക്കെന്ത് വേണം മിലൻ? എന്താ നിന്റെ ആവശ്യം? "
എനിക്ക്, എനിക്കൊരുമ്മ വേണം, നെറ്റിയിൽ!! പിന്നെ കുറച്ചു നേരം ഇവിടെയിരിക്കണം!! അല്ലെങ്കിൽ വേണ്ട, ഞാനൊരു ഉമ്മ വെച്ചോട്ടെ??
മുറിയിലെ പാട്ടിനപ്പോൾ തീവ്രമായ വിഷാദത്തിന്റെ ഭാവമായിരുന്നു.
" മലർ മണം മാഞ്ഞല്ലോ മറ്റുള്ളോർ പോയല്ലോ മമസഖീ നീയൊന്നു വന്നു ചേരു.... " ആരെയോ കാത്തിരിക്കുന്നത് പോലെ ഉമ്പായിയുടെ ഹാർമോണിയത്തിൽ നിന്നു ഹിന്ദുസ്ഥാനി ലയിച്ചൊഴുകിയിരുന്നു.
കുന്തിരിക്കത്തിന്റെ വാസന വല്ലാതെ കൂടിയത് പോലെ!!
ആ സ്ത്രീയൊന്നും പറയാതെ താഴേക്ക് നോക്കിയിരുന്നു. " മിലൻ എന്റെ പേര്...... " പറഞ്ഞു മുഴുവിപ്പിക്കാനാവാതെ വാക്കുകളുൾവലിഞ്ഞു. മയിൽപ്പീലി നിറത്തിലുള്ള സാരിയുടെ കോന്തല അരണ്ട വെളിച്ചത്തിൽ അനങ്ങുന്നത് കാണാമായിരുന്നു. ടേബിൾ ഫാനിന്റെ കാറ്റിനും വിയർപ്പിനെ തടഞ്ഞു നിർത്താൻ കഴിയുമായിരുന്നില്ല.
" മിലൻ, ഞാൻ ഹിരണ്മയി, ഇവിടെയെത്തിയിട്ട് കുറെ കാലമായി. ഇവിടെ ജീവിതമില്ല, വികാരങ്ങളില്ല, ഈ മെഴുകുതിരി പോലെ വെറുതെ കത്തി തീരുന്നു. ഒരുപക്ഷെ ഇതൊന്നും പറഞ്ഞാൽ നിനക്ക് മനസിലാവില്ല, ഇത് നിന്നെ പോലെയൊരു കുട്ടിക്ക് വരാനോ ഇരിക്കാനോ പറ്റിയ സ്ഥലമല്ല ".
ഹിരണ്മയി, നല്ല പേര്.. ആരാണ് നിങ്ങൾക്കീ പേരിട്ടതെന്നറിയുമോ??
" ഇല്ല.. പോയ കാലത്തിലേതെന്ന് ഓർത്ത് പറയാൻ ഒന്നുമെനിക്കറിയില്ല മിലൻ. "
ഞാൻ നിങ്ങളെ എന്ത് വിളിക്കണം? ചേച്ചിയെന്നോ?? കൂട്ടുകാരിയെന്നോ??
" വേണ്ട, എല്ലാവരുമെന്നെ ഓരോ പേരുകളാണ് വിളിക്കുന്നത്, നീയുമതിലൊന്ന് വിളിച്ചോ!! "
തേനൊഴുകുന്ന ചിരിയാണെങ്കിലും കണ്ണുകളിൽ വിഷാദമാണ് ഭാവം, ചോര കിനിയുന്ന കണ്ണുകൾ കൊണ്ട് അവർ പുറത്തേക്ക് നോക്കി നിന്നു. ദൂരെയാ തെരുവിന്റെ ഒരറ്റത്ത് രണ്ട് പേർ കൈകോർത്തിരിക്കുന്നു. കുന്തിരിക്കത്തിന്റെ വാസനക്കപ്പോൾ ചോരയുടെ മണമുണ്ടെന്ന് തോന്നി.
" പ്യാർ മുജ് സെ ജോ കിയാ തും നെ തോ ക്യാ പാവോഗീ " ഗസലുകൾ ചിലപ്പോളൊക്കെ രംഗബോധമില്ലാത്ത കോമാളിയെ പോലെയാണെന്ന് തോന്നുന്നു..
" നിനക്കാരൊക്കെയുണ്ട് മിലൻ? "
അപ്പൻ മാത്രം!! അത് പറഞ്ഞപ്പോളെന്തോ അവന്റെ കൈകൾ വല്ലാതെ വിയർക്കാൻ തുടങ്ങിയിരുന്നു. വിരലുകളിലെ ഞരമ്പുകൾ വലിഞ്ഞു മുറുകി പൊട്ടാനായത് പോലെ.
" മിലൻ, നീയെന്തിനാ പേടിക്കുന്നത്?? നിനക്കപ്പനെങ്കിലുമുണ്ട് എനിക്കാരുമില്ല "
അപ്പൻ.. ത്ഫൂ.. ഇഷ്ടമല്ല എനിക്കാ മനുഷ്യനെ.. കണ്ണിൽ ചോരയില്ലാത്ത മൃഗം.. അയാളുടെ മരണം എന്റെ കൈ കൊണ്ടായിരിക്കും... കൊല്ലും ഞാനാ വൃത്തികെട്ട ജന്തുവിനെ!!
കുറേനേരത്തെ മൗനത്തിനൊടുവിൽ മിലൻ ഓർമ്മയിലുള്ള പലതും പറഞ്ഞു. ഒരിക്കൽ ഒരു സ്ത്രീയെയും വിളിച്ചു കൊണ്ട് അപ്പൻ വീട്ടിൽ വന്നു, അമ്മയെയും എന്നെയും വീട്ടിൽ നിന്ന് പുറത്തിറക്കി അയാൾ അവരെയും കൊണ്ട്............. വാക്കുകൾ മുറിയുന്നുണ്ട്.
സങ്കടക്കടൽ നീന്തി കയറാൻ കഴിയാതെ അമ്മ വീട് വിട്ട് പോയപ്പോൾ, ഞാനൊറ്റക്കായിപ്പോയി, ആ പിശാചിന്റെ സന്തതി ആയത് കൊണ്ട് അമ്മയെന്നെ മനഃപൂർവം ഒഴിവാക്കിയതാവും. കരയാൻ പോലും ശക്തിയില്ലാതെ ആ പത്ത് വയസുകാരൻ ആ ഇരുട്ടുമുറിയിലേക്ക് തന്നെ ചുരുങ്ങി.
ഒടുവിൽ എനിക്കെന്നെത്തന്നെ നഷ്ടമാകുമെന്നുറപ്പായപ്പോൾ വെയിലിലേക്കിറങ്ങി നടന്നു, എല്ലാത്തിനും കാരണം അയാളൊരുത്തനാണ്!! കൊല്ലും ഞാൻ അയാളെ..
മിലൻ, അരുത്. പകയിങ്ങനെ മനസിൽ കൊണ്ട് നടക്കരുത്, ആരോടൊക്കെയോ തോന്നിയ ദേഷ്യമോ പകയോ ഒക്കെയാണ് എന്നെയിവിടെയെത്തിച്ചത്. പലരുടെയും രാത്രികൾക്ക് നിറം കൊടുക്കുന്ന എന്റെ ജീവിതം ഇരുട്ട് നിറഞ്ഞതാണ് ഈ മുറി പോലെ തന്നെ.
ആ കത്തി തീർന്ന കുന്തിരിക്കത്തിന് ചോരയുടെ മണമുണ്ടെന്നെനിക്കറിയാം. നിന്നെപ്പോലെ പല കുട്ടികളുടെയും ചോരയുടെ മണമുണ്ടിവിടെ.
" നേരെത്തെ നീ ചോദിച്ചില്ലേ എന്ത് പേരിൽ എന്നെ വിളിക്കണമെന്ന്!! നീയെന്നെ അമ്മേ എന്ന് വിളിച്ചോ. "
ഉത്സവപ്പറമ്പിൽ ബലൂൺ കണ്ട കുട്ടിയുടെ മുഖം പോലെ മിലൻറെ മുഖം തെളിഞ്ഞു, കണ്ണ് നിറഞ്ഞു, ഒന്നും പറയാതെയവൻ താഴേക്ക് നോക്കിയിരുന്നു. ഇരുട്ടിന്റെ യാമങ്ങൾ കൊഴിഞ്ഞു തുടങ്ങിയിരുന്നു.
വെള്ളം വലിഞ്ഞുണങ്ങിയ ചുണ്ടുകൾ അവന്റെ നെറ്റിയിൽ പതിയുമ്പോൾ ആ സ്ത്രീയുടെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു.
ഞാൻ പോകട്ടെ, നേരം വെളുക്കാനായി. മനസിന്റെ ഭാരങ്ങൾ ഇറക്കി വെക്കാൻ ഒരിടം കിട്ടിയല്ലോ. ആഗ്രഹിച്ച് വന്നത് പോലെ ഒരുമ്മയും കിട്ടി, മരണം വരെ ഓർത്ത് വെക്കാൻ മനോഹരമായൊരു രാത്രിയും.
പോകാനായി വാതിലിന്റെ അരികിലെത്തി മിലൻ തിരിഞ്ഞു നിന്ന് വിറയ്ക്കുന്ന ചുണ്ടുകൾ കൊണ്ട് " അമ്മേ " എന്ന് വിളിച്ചു.
" മിലൻ, എന്റെ പേര് ഹിരണ്മയി എന്നല്ല, കാലം എന്നെ വിളിച്ച കുറെ പേരുകളിലൊന്നാണ് ഇതും................................... ഞാൻ ഞാൻ നിന്റെ.......... "
പിഴച്ചു പോയ അമ്മയുടെ മുഖം മകൻ കാണാതിരിക്കാനാവും ആ മകൻ കയറി വന്നപ്പോൾ മെഴുകുതിരി കണ്ണടച്ചത്.
പാതി തുറന്ന വാതിലിനരികിൽ നിന്ന് അവരുടെ അടുത്ത് വന്ന് കെട്ടിപ്പിടിക്കുമ്പോൾ " ബാത് നികലേഗി തോ ഫിർ ദൂർ തലക് ജായേഗി.... " ആ തെരുവിലാകെ നിറഞ്ഞു കേട്ടിരുന്നു.
ഒന്നും പറയാതെ അവനവിടെ നിന്ന് ഇറങ്ങി നടന്നപ്പോൾ തെരുവിന്റെ അനാഥമായ ചിരാതുകൾ കണ്ണടച്ചു, നടന്നകലുന്ന മകനെ ഒന്നുകൂടെ കാണാൻ ജനാലകൾ തെരുവിന് നേരെ തുറക്കുന്ന ശബ്ദമവിടെ മുഴങ്ങി, ജനൽവിരികളുടെ അകത്തേക്ക് പ്രതീക്ഷകളും പെയ്തിറങ്ങി.
ഫിബിൻ

ഫ്ലോറ


" non guardare a me come questo leo!!! ".
എന്നെയിങ്ങനെ നോക്കല്ലേ ലിയോ, ഞാൻ കരഞ്ഞുപോകും, ഞാനീ നാല് ചുവരുകൾക്കുള്ളിൽ തളച്ചിടപ്പെട്ടിട്ട് കുറേക്കാലമായി, ആർക്കും വേണ്ടാത്ത എന്തോ ഒരു വസ്തുവായി വെറുതെയിരുന്ന് ചിതലരിക്കുന്നു.
" ലിയോ, നീയെന്താണ് മിണ്ടാത്തത്?? ലിയോ ലിയോ !! ".
ഉപബോധത്തിന്റെ വലയിൽ കുടുങ്ങിയലഞ്ഞ ലിയോ പാതിമയക്കത്തിലാണ് പറഞ്ഞു തുടങ്ങിയത്.
പ്രിയപ്പെട്ട ലിസ, നിന്റെ കണ്ണുകൾ ഗൂഢമായ സൗന്ദര്യമാണ്, അതിൽ വിഷാദത്തിന് പ്രസക്തിയില്ല, ഒരിക്കലും!!!. നീ ചിരിച്ചു കൊണ്ടേയിരിക്കുക. നിനക്കറിയുമോ ലിസ, നിന്റെ കണ്ണുകളിൽ ഞാൻ കാമം കണ്ടെത്താറുണ്ട്, ഉറക്കമില്ലാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുന്ന രാത്രികളിൽ ഞാൻ നെയ്തുകൂട്ടിയ സ്വപ്നങ്ങളിലെ നിന്റെ നഗ്നതയിൽ എന്റെ രേതസ് വീണൊലിക്കാറുണ്ട്.
" ലിയോ, അരുത്!! ഞാനൊരമ്മയാണ്, മറ്റൊരാളുടെ ഭാര്യയാണ്, കാമത്തിന്റെ തീ ആളിപ്പടരുന്ന നിന്റെ കണ്ണുകൾ കൊണ്ടെന്നെ വീണ്ടും വീണ്ടും ഭോഗിക്കരുത്, എനിക്കിനിയും പിടിച്ചു നിൽക്കാനാവില്ല ".
ഇസബെല്ലയെയും സെസിലിയയെയും മനസ്സാൽ സ്വീകരിക്കാൻ എനിക്ക് കഴിയാത്തത് കൊണ്ടല്ലേ ലിസാ ഞാൻ നിന്നെയെന്റെ കൂടെക്കൂട്ടിയത്?? ഫ്രാൻസെസ്കോയുടെ കൂടെ ഞാനിവിടെ വന്ന ദിവസം വിരലിലണിഞ്ഞ മരതകമോതിരം മറയ്ക്കാൻ നീ പാടുപെടുന്നത് കണ്ടാണ് ഞാൻ നിന്നെ ശ്രദ്ധിച്ചത്.
ആൻഡ്രിയ നിന്റെ വലതുകൈയിൽ തൂങ്ങിയിരുന്നു. ആരാണ് ഈ കുട്ടിയെന്ന എന്ന എന്റെ ചോദ്യത്തിന് " ഫ്രാൻസെസ്കോയുടെ മകനെന്ന് " നീ പറഞ്ഞ ഉത്തരത്തിലുണ്ടായിരുന്നു ലിസയെന്ന നിന്റെ നോവുകൾ. ഫ്രാൻസെസ്കോ യഥാർത്ഥത്തിൽ നിനക്കാരാണ് എന്ന് ചോദിച്ചപ്പോൾ നീ ഒഴിഞ്ഞു മാറുകയും ചെയ്തു.
ലിയോ, അത് ഞാൻ വെറുതെ പറഞ്ഞതാണ് അന്ന്. ഫ്രാൻസെസ്കോ എന്റെ ഭർത്താവാണ്, എന്റെ കുഞ്ഞിന്റെ അച്ഛൻ.!!
ദുഃഖ ഭാരത്താൽ ലിസയുടെ മോതിരമിട്ട വിരൽ വിറച്ചു, കണ്ണുകൾ നിറഞ്ഞൊഴുകിയത് താഴെയിരുന്ന മഡോണ ലിറ്റയെ നനച്ചു. അപ്പോളുമവൾ എന്റെ ഫ്രാൻസെസ്കോ എന്ന് വിലപിച്ചു, പക്ഷെ ഫ്രാൻസെസ്കോ നിലത്ത് വിരിച്ചിട്ട പുതിയ പട്ടുവസ്ത്രത്തിന്റെ നൂലിഴകൾ ശ്രദ്ധിച്ചു കൊണ്ടേയിരുന്നു.
ലിയോ തുടർന്നു!! ലിസാ, എന്റെ പ്രിയമേ. നിന്റെ പുരികങ്ങളിൽ ഞാനെന്റെ കവിതകൾ രചിക്കട്ടെ, നിന്റെ കൺപീലികളിൽ ഞാൻ ചിത്രമെഴുതട്ടെ, അല്ലെങ്കിൽ വേണ്ട!! തേനൊഴുകുന്ന നിന്റെ മുഖം തന്നെ കവിതയാകുമ്പോൾ പുരികവും കൺപീലികളും ആർക്ക് വേണം!! കണ്ണീർ തുടക്കാതെ തന്നെ ലിസയുടെ മുഖത്ത് നിഗൂഢമായ പുഞ്ചിരി വിരിഞ്ഞു. ഞരമ്പുകൾ വലിഞ്ഞു മുറുകിയ കൈകൾ കൊണ്ട് ലിയോ ആ മുഖത്ത് സ്പർശിച്ചു.
" ലിയോ, ഞാൻ പോകുന്നു, ആരെങ്കിലും കാണും "
ലിസാ, എന്നെ തനിച്ചാക്കി പോകരുത്. നീയില്ലാതെയെനിക്ക് ഒന്നും ചെയ്യാൻ കഴിയില്ല, നിന്റെ സൗന്ദര്യത്തെ ഞാനത്ര മാത്രം സ്നേഹിച്ചു പോയി. കാതറീന കഴിഞ്ഞാൽ അല്ല കാതറീനയോടൊപ്പം തന്നെ എന്നെ സ്വാധീനിച്ചത് ലിസാ, നീയാണ്..
ലിസ തിരിഞ്ഞു നോക്കി, ലിയോ തുടർന്നു, കാതറീന എന്റെയമ്മയാണ് അഞ്ച് വയസ് വരെ മാത്രമേ അമ്മയെന്നെ നോക്കിയിട്ടുള്ളൂ, അമ്മയുടെ സ്നേഹം കിട്ടാതെ വളർന്ന എനിക്ക് നീയാരൊക്കെയോയാണ് ലിസാ!!. കഷണ്ടി കയറി തെളിഞ്ഞ ലിയോയുടെ തലയിൽ നിന്ന് വിയർപ്പ് പൊടിഞ്ഞിരുന്നു.
ലിസയൊന്നും പറയാതെ മഹാഗണി പടികളിറങ്ങി നടന്നു, നെഞ്ച് പൊട്ടുന്ന വേദനയോടെ ലിയോ മഡോണ ലിറ്റയെ കെട്ടിപ്പിടിച്ചു കരഞ്ഞു.
കൂർക്കം വലിച്ചുറങ്ങുന്ന ഫ്രാൻസെസ്ക്കോയുടെ അരികിൽ മൗനമായി, ചിന്തകളെ താലോലിച്ച് കൊണ്ട് ലിസ കിടന്നു. ഇടയിലെപ്പോഴോ ഉറങ്ങിപ്പോയ ലിസയെ ആൻഡ്രിയ വിളിച്ചെഴുനേൽപ്പിച്ചു, നേരം പുലരാനിനി നാഴികകൾ പലത് കഴിയണം.
മുകളിലെ നിലയിൽ അപ്പോഴും കരച്ചിലവസാനിച്ചിരുന്നില്ല. മഡോണ ലിറ്റയൊന്നും മറുപടി പറഞ്ഞില്ല. ഉറക്കത്തിന്റെ ലാസ്യത്തിൽ ലിസ മുകളിലേക്ക് ചെന്നു, ലിസയെ കണ്ടതും ലിയോ എല്ലാം മറന്നു. പക്ഷെ ലിസ അവിടെ കണ്ടത്, ചരിച്ചു വെച്ചിരുന്ന ഒരു കടലാസിൽ പാതി രചിക്കപ്പെട്ട ഒരു ചിത്രമായിരുന്നു, വലത് കൈകൊണ്ട് മോതിരവിരൽ മറച്ച, ഗൂഢമായി ചിരിക്കുന്ന ഒരു സ്ത്രീയുടെ ചിത്രം അതിനരികിലായി കുപ്പിയിൽ നിന്ന് ഒഴുകുന്ന വെള്ളത്തിന്റെ ചിത്രവും!!
" ലിയോ, എന്താണിത്?? ആരാണ് ഈ ചിത്രത്തിൽ "
സൂക്ഷിച്ച് നോക്ക് ലിസ, ഇത് നീയല്ലേ??
അല്ല ലിയോ, ഇത് പൂർണ്ണമായി ഞാനല്ല, പകുതി എന്റെ മുഖവും പകുതി നിന്റെ മുഖവുമാണ്!! എന്തിനാണ് നീയിത് വരച്ചത്? എന്തിനാണ് ഇതിന്റെ കൂടെ വെള്ളക്കുപ്പിയും?
അത് വെള്ളമല്ല ലിസ, ഹെല്ലെബോറും, ലില്ലിച്ചെടിയുടെ ഇലയും, കൊഴുപ്പും, തേനും, കോഴിമുട്ടയും ചേർത്ത വിഷമാണ്!! ഈ ചിത്രത്തിൽ നീയും ഞാനും ഒരുപോലെ ഇഴുകിച്ചേർന്നിരിക്കുന്നു, അതില്ലാതെയാകുന്ന ദിവസം ഇരുണ്ട് പോകാനായി ഞാനീ വിഷവും എന്റെ കൈയിൽ സൂക്ഷിക്കും.
ലിയോ!! അരുത്, എനിക്ക് കഴിയില്ല ഫ്രാൻസെസ്കോയെ വഞ്ചിക്കാൻ, എനിക്ക് കഴിയില്ല എന്റെ കുഞ്ഞിനെ വഞ്ചിക്കാൻ, എന്നെയൊന്ന് മനസിലാക്കൂ, ഞാൻ വെറുമൊരു പെണ്ണാണ്, ഒരു ഭാര്യയാണ്, അമ്മയാണ്. ഇസബെല്ലയെ പോലെ, സെസിലിയയെ പോലെ. എനിക്ക് ലിയോയെ അങ്ങനെ കാണാൻ കഴിയില്ല. എന്നെ മറന്നേക്കൂ. അപ്പോളേക്കും ബലിഷ്ഠമായ കൈകൾ കൊണ്ട് ലിയോ അവളെ കീഴ്‌പ്പെടുത്തി, ലിസയിലേക്ക് ലിയോ പടർന്നു കയറി. ലിയോ അവളിൽ പെയ്തൊഴിഞ്ഞു.
ദുഷ്ക്കാമത്തിന്റെ തേരോട്ടത്തിൽ വിശുദ്ധമെന്ന് അവൾ കരുതിയതെല്ലാം വീണുടഞ്ഞു. കീറിപ്പറിഞ്ഞ പട്ടുനൂലാടകൾ വാരിയുടുത്ത് കണ്ണീരൊഴുകിയ കവിളുകളുമായി ലിസ പടിയിറങ്ങി പോയപ്പോൾ ഇറ്റുവീണ രേതസിന്റെ ആലസ്യത്തിൽ ലിയോ മഡോണ ലിറ്റയെ നോക്കി ചിരിച്ചു, കാമത്തിന്റെ ദുഷിച്ച ഗന്ധമവിടെ നിറഞ്ഞിരുന്നു. പക്ഷെ മടിക്കുത്തിൽ നിന്ന് വിഷത്തിന്റെ കുപ്പി വഴുതിപ്പോയത് ലിയോ അറിഞ്ഞിരുന്നില്ല.
ഫ്രാൻസെസ്കോയുടെ കാലുകൾ അവളുടെ വിശുദ്ധമായ കണ്ണീർ കൊണ്ട് കഴുകിത്തുടച്ച് ആൻഡ്രിയയുടെ നെറുകയിൽ മുത്തം കൊടുത്ത്, പാറിക്കളിക്കുന്ന ജനൽമറയുടെ അരികിൽ നിന്ന് മുഖത്തേക്ക് ഒഴുകുന്ന കാറ്റിൽ അലിഞ്ഞവൾ ഹെല്ലെബോർ കലർത്തിയ കുപ്പി അധരങ്ങളിലേക്ക് ഒഴിക്കുമ്പോൾ മുകൾനിലയിൽ ലിയോ മൊണാലിസയെന്ന ചിത്രത്തിൻറെ അവസാന നിഗൂഢതയും എഴുതി ചേർക്കുകയായിരുന്നു.
ഫ്ലോറൻസിലെ ഫ്രാൻസെസ്‌കോയുടെ കൊട്ടാരത്തിലപ്പോൾ മരണത്തിന്റെ മണം ഒഴുകി നടന്നു. അന്ന് ആൻഡ്രിയയുടെ പതിനാലാം ജന്മദിനമായത് യാദൃശ്ചികമായിരുന്നോ?
ഫിബിൻ

ഇവനെൻ്റെ പ്രിയപുത്രൻ



ഇടവം കനത്തൊരു വൈകുന്നേരം " മാഷേ എനിക്ക് കുറച്ച് പൈസ തര്വോ " എന്ന് നേരെ വന്നവൻ ചോദിച്ചപ്പോൾ എന്റെയുള്ളൊന്നു നൊന്തു. അവനങ്ങനെ വെറുതെയൊന്നും ചോദിക്കില്ല, പറയില്ല. എനിക്കറിയാമവനെ. അവന്റെ ഉള്ള് നീറുന്നത് കണ്ണിൽ എരിഞ്ഞു കത്തുന്നത് ഞാൻ കണ്ടിട്ടുണ്ട്.
പേഴ്‌സ് എടുക്കുമ്പോൾ അവൻ പറഞ്ഞു, കൂടുതൽ വേണ്ട മാഷെ വീട്ടിൽ പോയി മടങ്ങണം, ഇത്തിരി അരിയും സാധനങ്ങളും വാങ്ങണം, അതിനുള്ളത് മതി. ഉച്ചക്ക് കഴിച്ച ബിരിയാണി എന്നെ നോക്കി കൊഞ്ഞനംകുത്തി.
നിനക്ക് വേണ്ടത് എടുത്തോ എന്ന് പറഞ്ഞു പേഴ്‌സ് ഞാനവന്റെ കൈയിൽ കൊടുത്തു. അവനതിൽ നിന്ന് മുന്നൂറ് രൂപ എടുത്തു, ഇത് മതി മാഷേ, വേണമെങ്കിൽ ഞാൻ ഇനീം ചോദിച്ചോളാം എന്നും പറഞ്ഞു. ഈ പൈസ ഞാൻ ജോലി കിട്ടിയിട്ട് തിരിച്ചു തരാം ട്ടോ എന്ന് പറഞ്ഞപ്പോൾ ഞാനവനെ ചേർത്ത് പിടിച്ചു. അവനെനിക്ക് മകനാവുകയായിരുന്നു. കൂടുതലൊന്നും പറയാൻ നാവ് വഴങ്ങിയില്ല.
അവൻ പോയി, മഴ പിന്നെയും കനത്തു, അഞ്ച് മണി കഴിഞ്ഞതേയുള്ളൂ, ഇരുട്ട് മാത്രം ചുറ്റും. എന്തോ മനസ് വല്ലാതെ അസ്വസ്ഥമാകുന്നു. കുറച്ച് ദൂരമുണ്ടവന് പോകാൻ, ആർത്തലച്ചൊഴുകുന്ന പുഴയും, ഒറ്റത്തടിപാലവുമൊക്കെ കടന്നു വേണമവന് വീട്ടിലെത്താൻ, ഈ പെരുമഴയത്ത് അവൻ വീട്ടിൽ എത്തിക്കാണുമോ?? ഒരുപാട് വൈകുന്നതിന് മുമ്പ് വീട്ടിലെത്തട്ടെ എന്ന് മനസ്സിൽ പറഞ്ഞു.
തുള്ളിമുറിയാതെ പെയ്യുന്ന വനത്തിലെ മഴ അടുക്കള ചാർത്തിലെ മൺചട്ടിയിൽ പെയ്തൊഴിയുമ്പോൾ വറുതിയും മനസുകളിൽ പെയ്യും. വിശന്ന് പൊരിയുന്ന കുഞ്ഞുങ്ങളെ കാണാൻ കഴിയാതെ പണിയന്വേഷിച്ച് പോയവരെ പുഴ കൊണ്ട് പോയത് പ്രകൃതിയുടെ വിനോദം. വേദന മാത്രം കൊയ്യുന്ന കണ്ണീർപാടങ്ങൾ മഴയുടെ രൗദ്രതയിൽ അലിഞ്ഞില്ലാതെയാകുന്നു.
അവൻ പോയതങ്ങനെയൊരു വീട്ടിലേക്കാണ്. അരിയും സാധനങ്ങളും അവിടെയെത്തണം എന്നാലേ ആ വീട് ശാന്തമാകൂ, അതിന് വേണ്ടിയാണവനെന്നോട് പൈസ ചോദിച്ചത്. വിശന്നൊട്ടിയ വയറുമായി അമ്മയും അച്ഛനും കൂടപ്പിറപ്പുകളും കഴിയുമ്പോൾ ഒരു പതിനാറ് വയസുകാരന്റെ മനസ്സിൽ കടലിരമ്പും, നെഞ്ച് പൊട്ടും. അവൻ പൈസ ചോദിക്കും!! അതവന്റെ അവകാശമാണ്.
മണിക്കൂറുകൾ ഇഴഞ്ഞു നീങ്ങുന്നു, ശനിയാഴ്ച്ചയായതെയുള്ളൂ അവൻ തിങ്കളാഴ്ച്ച രാവിലെയേ മടങ്ങി വരൂ, ചില സമയങ്ങളിൽ കാത്തിരിപ്പ് വല്ലാത്ത പേടിയുണ്ടാക്കും. ഏയ്, കുഴപ്പമൊന്നുമില്ല അവൻ മടങ്ങി വരും, സ്വയമായി പറഞ്ഞു മനസിനെ വിശ്വസിപ്പിച്ചു. പതിവില്ലാതെ ചിന്തിച്ചിരിക്കുന്നത് കണ്ടിട്ടാവാം അമ്മ കട്ടൻചായയുണ്ടാക്കി തന്നത്. ഇല്ല, കട്ടൻചായയുടെ ചൂടും വേവുന്ന ഹൃദയത്തെ തണുപ്പിക്കില്ല. മഴ ചെറുങ്ങനെ മാറുന്നു. എന്നാലും അന്തരീക്ഷം ഇരുണ്ടിരിക്കുന്നു.
തിങ്കളാഴ്ച്ച നേരത്തെ സ്കൂളിലേക്ക് പോയി, അവൻ നേരത്തെ വരും. കണ്ടാലേ മനസൊന്നടങ്ങൂ. ഒമ്പത് മണിക്ക് ആദ്യത്തെ ക്ലാസ് തുടങ്ങും. അവനിത് വരെ വന്നിട്ടില്ല. ഡാറ്റാബേസ് പഠിപ്പിക്കേണ്ട ഞാൻ അന്ന് കുട്ടികളോട് വെറുതെ വർത്തമാനം പറഞ്ഞു നിന്നു, വല്ലാത്തൊരു പേടി. ഉള്ളിന്റെയുള്ളിൽ ദു:ഖം കനൽനീറ്റുന്നു.
ആദ്യത്തെ മണിക്കൂർ കഴിഞ്ഞപ്പോൾ എണ്ണ തേച്ച് ചീകിമിനുക്കിയ മുടിയും, ആകാശനീലയും കടും നീലയും യൂണിഫോമുമിട്ട്, മനസും മുഖവും നിറഞ്ഞ ചിരിയുമായി അവൻ കേറി വന്നു.
" മാഷേ രാവിലെ ആദ്യത്തെ ബസ് കിട്ടിയില്ല അതാണ് താമസിച്ചത് "
താമസിച്ചു വന്നതിന്റെ കാരണം എഴുതുന്ന പുസ്തകത്തിൽ അവനിങ്ങനെയെഴുതി " പ്രിയപ്പെട്ട ഗുരുനാഥന്മാർക്ക് വേണ്ടി പ്രാർത്ഥിക്കാൻ കാവിൽ പോയിരുന്നു വന്നപ്പോളേക്കും ബസ് പോയി, ഇനി വൈകി വരില്ല " എന്ന്.
അത് വായിച്ചിട്ട് അറ്റന്റൻസ് കുറിക്കുന്ന പുസ്തകത്തിൽ ഒപ്പിട്ടപ്പോൾ കണ്ണിലാകെയൊരു മങ്ങൽ, അവൻ നടന്നകന്നിരുന്നു. ഉള്ളിന്റെയുള്ളിൽ വല്ലാതെ കൊരുത്തു വലിക്കുന്നു. ഞാനടക്കമുള്ള അധ്യാപകർക്ക് അവൻ തന്ന സ്ഥാനം അത്ര വലിയതായിരുന്നു. ഒരുപാട് മാർക്കൊന്നും അവന്റെ പരീക്ഷ പേപ്പറുകളിൽ ഉണ്ടാവാറില്ല പക്ഷെ സ്നേഹത്തിന്റെ പരീക്ഷയിൽ അവനെല്ലാവരെയും തോൽപ്പിച്ചു കളഞ്ഞു.
ഇന്റർവെൽ ആയപ്പോൾ ഞാനവനെ അടുത്ത് വിളിച്ചു ചേർത്ത് നിർത്തി വീട്ടിലെ കാര്യങ്ങളൊക്കെ ചോദിച്ചു, മഴയായത് കൊണ്ട് അച്ഛന് പണിയില്ല മാഷേ, ആകെ ബുദ്ധിമുട്ടാണ്. മാഷിന്റെ കൈയിൽ നിന്ന് വാങ്ങിയ പൈസ കൊണ്ട് കുറച്ച് സാധനമൊക്കെ വാങ്ങി!! ഈയാഴ്ച്ച അങ്ങനെ പോകും, അതിനിടക്ക് അച്ഛന് പണിയെന്തെങ്കിലും കിട്ടും പിന്നെ കുഴപ്പമില്ല എന്ന് പറയുമ്പോൾ വല്ലാത്തൊരു ഭാവം അവന്റെ കണ്ണിൽ ഉണ്ടായിരുന്നു. ഞാനുമിനി അച്ഛന്റെ കൂടെ പണിക്ക് പോകും.
നീ നല്ലത് പോലെ പഠിക്കണം, ഇവിടം കൊണ്ട് പഠനം നിർത്തരുത് എന്നാലേ വീട്ടിലെ സാഹചര്യങ്ങളൊക്കെ മാറൂ. ഞങ്ങളൊക്കെയുണ്ട് കൂടെ. എന്ത് ആവശ്യമുണ്ടെങ്കിലും വന്ന് പറയണം എന്ന് പറഞ്ഞു തീരുന്നതിന് മുന്നേ ഒരിറ്റു നീർക്കണം ആ കനലാഴിയിൽ നിന്നുതിർന്നു.
" പഠിക്കാം മാഷേ, ഒരുപാട് മാർക്കൊന്നും കിട്ടിയില്ലെങ്കിലും ഞാൻ ജയിക്കും, ഒരു വിഷയത്തിനെങ്കിലും ഞാൻ തോറ്റാൽ എന്റെ കൂടെ മാഷുമാരെല്ലാം തോൽക്കും, ഞാനത് ചെയ്യില്ല " എന്നവൻ പറഞ്ഞപ്പോൾ ഞാൻ വാക്കുകൾക്ക് വേണ്ടി പരതുകയായിരുന്നു. ഒരധ്യാപകന് കിട്ടാവുന്നതിൽ വെച്ചേറ്റവും സുന്ദരമായ ഉറപ്പ്.. ജീവിതത്തിൽ ഇതിലും നല്ലൊരു മുഹൂർത്തം വേറെയില്ല.
നിറഞ്ഞ അഭിമാനത്തോടെ, സ്നേഹത്തോടെ ഞാനവനെ ആദ്യമായി " മോനെ " എന്ന് വിളിച്ചു. കണ്ണുകളിൽ മഴ ചാറി തുടങ്ങിയിരുന്നു.
By:
ഫിബിൻ

നൂപുരം


നല്ലെഴുത്തുകളെല്ലാം  വായിക്കാൻ -  http://www.nallezhuth.com ======
" പസിക്കിതണ്ണാ, ഏതാവത് തരുമാ?? "
ഈ വിളികേട്ടാണ് ഞാൻ അഞ്ചാം പ്ലാറ്റ്ഫോമിലേക്ക് നീട്ടിവെച്ച കാലുകൾ വലിച്ചത്, കുഞ്ഞുകൈകൾ പാതി തുറന്നെന്റെ കാലിൽ വെച്ചിരുന്നു. ഞാൻ കണ്ണുകൾ തുറന്നു നോക്കി ചിരിച്ചു, ആ തമിഴ് പെൺകൊടിയുടെ കണ്ണിൽ പുഞ്ചിരി വിരിയുന്നുണ്ടായിരുന്നു.
കഷ്ടിച്ച് പത്ത് വയസ് കാണും, കീറിപ്പറിഞ്ഞ ഉടുപ്പുകൾ, എണ്ണ കാണാതെ പാറിപ്പറക്കുന്ന ചെമ്പിച്ച മുടികൾ, ഒലിക്കുന്ന മൂക്ക്, ചെളി പുരണ്ട മുഖം പക്ഷെ സുന്ദരവും ശക്തവുമായ കണ്ണുകൾ, ആ കണ്ണുകൾക്ക് എന്നോടെന്തൊക്കെയോ പറയാനുണ്ട്, കേൾക്കാൻ എനിക്ക് ഇഷ്ടം പോലെ സമയവുമുണ്ട്.
" അണ്ണാ, പസിക്കിത്!! " അവൾ ആവർത്തിച്ചു
ഉൻ പേരെന്ന??
" ദേവയാനി, അപ്പ കൂപ്പിടറുത് ദേവ!! "
അപ്പ എങ്കെ??
ആ കുഞ്ഞു കണ്ണുകളിൽ എന്തെന്നില്ലാത്ത ഒരു വികാരം മിന്നിമാഞ്ഞു. അത് ദുഃഖമായിരുന്നോ?? അതോ മറ്റെന്തെങ്കിലുമോ?? അറിയില്ല. അവളൊന്നും പറഞ്ഞില്ല!!
വേറെയാര് ഇരുക്ക് ഉനക്ക്??
" അപ്പാവും അമ്മാവും ഇരുന്തിച്ച്, അവരും ഇപ്പൊ!! "
നാനും ഉന്നൈ ദേവ എന്ന് വിളിക്കട്ടെ??
" ഹ്മ്മ്, സരി.. " അവൾ ചിരിച്ചു, ആ കണ്ണുകൾ കൊഞ്ചുന്നുണ്ടായിരുന്നു.
ദേവക്കുട്ടി, ഉനക്ക് സാപ്പിടതർക്ക് എന്ന വേണം??
" അണ്ണാ, എനക്ക് മസാല ദോസെയ് വാങ്കി തരുവീയ?? "
അതുക്കെന്ന ദേവക്കുട്ടി, വാ പോകാം.. ഞാനെണീറ്റ് അവളുടെ ചെളി നിറഞ്ഞ കൈയിൽ പിടിച്ചു. ഷൊർണുർ റെയിൽവേ സ്റ്റേഷനിലെ ഭക്ഷണശാലയിൽ ഇരുന്നവൾ വയറ് നിറയെ കഴിച്ചു, ഒരു കഷ്ണം പോലും ബാക്കി വെക്കാതെ.
ഇനിയും വേണോ എന്ന ചോദ്യത്തിന് നിഷേധാത്മകമായി തലയാട്ടി. കാശു കൊടുത്ത് പുറത്തേക്കിറങ്ങുമ്പോൾ അവളെന്റെ കൈയിൽ പിടിച്ചു, ഒരച്ഛന്റെ കൈയിൽ പിടിക്കുന്ന മകളെ പോലെ!!
മനസ്സിൽ വല്ലാത്ത നോവുമായി ഞാനാ വലിയ ഉരുക്ക് തൂണിന് ചുറ്റുമുള്ള കോൺക്രീറ്റ് പടിയിൽ വന്നിരുന്നു, അവളെന്റെ അരികിലായുണ്ട്.
" അണ്ണാ, ഇത് പാത്തിയാ?? " കാലിൽ കിടക്കുന്ന വെള്ളിക്കൊലുസ് അവളെന്നെ കാണിച്ചു. ചെറുതായി കിലുങ്ങുന്ന, ചെളിപിടിച്ച കൊലുസ്!!
ഇതാര് തന്നതാ ദേവക്കുട്ടിക്ക്?
" എൻ അപ്പ!! " ഇപ്രാവശ്യം അവളുടെ കണ്ണ് നിറഞ്ഞു. പാവം അപ്പയെ ഓർത്തുകാണും. ഞാൻ കൂടുതലൊന്നും ചോദിക്കാൻ പോയില്ല. എനിക്ക് പോകാനുള്ള തീവണ്ടി വരാൻ ഇനിയും കുറെ നേരമുണ്ട് അത്രയും നേരമെങ്കിലും ദേവക്ക് ആരെങ്കിലുമാവാൻ കഴിയണം എന്ന് കരുതി. അവൾ വീണ്ടുമെന്നോട് ചേർന്നിരുന്നു. എവിടെ നിന്നോ കിട്ടിയ പൊട്ടിയ കളിപ്പാട്ടമുണ്ട് കൈയിൽ.
ആളുകൾ ഞങ്ങളെ ശ്രദ്ധിക്കുന്നുണ്ട്, ദേവ നിഗൂഢമായ എന്തോ ഓർമ്മകൾ കീഴ്പ്പെടുത്തിയത് പോലെ ദൂരേക്ക് നോക്കി മിണ്ടാതിരുന്നു, കുറച്ചു നേരം കഴിഞ്ഞപ്പോൾ മുഖത്തെ ചെളിയെ രണ്ടായി കീറിക്കൊണ്ട് നീർച്ചാൽ പെയ്തു തുടങ്ങി!!
ദേവക്കുട്ടി എന്തിനാ കരയുന്നത്?? ങേ?? കണ്ണ് തുടക്കാൻ പറയാനെനിക്ക് കഴിഞ്ഞില്ല, എന്റെ ശബ്ദമിടറിയോ?? ഉണ്ടാവാം!!
"അണ്ണാ, എന്നുടെ അമ്മയും അപ്പയും എരന്തു പോച്ച്, എനക്ക് ഇപ്പൊ യാരുമില്ലേയ്!! അവങ്കെ എരന്തതുക്കപ്പുറം മാമ വീട്ടുക്ക് കൂട്ടീട്ട് പോയിട്ടാങ്കെ ആണാ അവങ്കെ വന്ത് എനക്ക് സാപ്പാട് കൂടെ സരിയാ തരമാട്ടാ, എല്ലാ വേലയും സെയ്യണം. അതിനാലെ നാൻ ഓടി വന്തിട്ടെ. "
എന്ത് ചെയ്യണം എനിക്കും അറിയില്ലായിരുന്നു. ദേവക്കുട്ടി ആ കൊലുസുകളിൽ കൈയോടിച്ചു കൊണ്ടിരുന്നു. ഒരുപക്ഷെ അവളുടെ അപ്പ കൊടുത്തതിൽ കൈയിൽ ബാക്കിയുള്ളത് അത് മാത്രമായിരിക്കാം, കൂടെ കുറെ നോവുകളും ഓർമ്മകളും.
കുറെ നേരം മൗനം മാത്രം, തീവണ്ടികൾ കാറിക്കൂവി വരുന്നുണ്ട് പോകുന്നുണ്ട്, കുറേയാളുകൾ മുന്നിലൂടെ പോകുന്നുണ്ട്. ഞാനാ കുഞ്ഞിനെ ചേർത്ത് പിടിച്ചു, അവളുടെ ശരീരത്തിലെ അഴുക്കുണ്ടായിരുന്നുള്ളൂ മനസ്സിലുണ്ടായിരുന്നില്ല.
" അണ്ണാ, അണ്ണന്റെ വീട്ടിൽ യാരൊക്കെ ഇരുക്ക്?? "
എല്ലാവരും ഉണ്ട് ദേവ, എനിക്കെല്ലാവരുമുണ്ട്. അവളുടെ കണ്ണുകൾ തിളങ്ങി. അവൾ ചിരിച്ചു, കൈയിലുള്ള ആ കളിപ്പാട്ടത്തിൽ വെറുതെ വിരലോടിച്ചു കൊണ്ടിരുന്നു, കുറച്ചപ്പുറത്തായി ഒരു കടയിൽ കുറെ കളിപ്പാട്ടങ്ങൾ തൂക്കിയിട്ടിരിക്കുന്നത് കണ്ടിട്ടാവാം അവൾ അങ്ങോട്ട് തന്നെ നോക്കിയിരുന്നത്.
അത് വേണോ എന്ന എന്റെ ചോദ്യത്തിന് ചെറിയ ഒരു ചിരിയോടെ അവൾ തലയാട്ടി, ഞാൻ അവളെയും കൂട്ടി ആ കടയിലെത്തി. ഇഷ്ടമുള്ളത് എടുത്തോ എന്ന് പറഞ്ഞപ്പോൾ സുന്ദരിയായ ഒരു പെൺകുട്ടിയുടെ പാവ അവളെടുത്തു. പൈസ കൊടുത്ത് തിരിഞ്ഞപ്പോൾ എനിക്ക് പോകാനുള്ള വണ്ടിയുടെ അറിയിപ്പ് വന്നു.
ദേവക്കുട്ടി, അണ്ണന്റെ ട്രെയിൻ ഇപ്പൊ വരും, അണ്ണന് പോകണം. ആ കുഞ്ഞുമുഖം വാടുന്നത് എന്തോ വല്ലാത്തൊരു നൊമ്പരമുണ്ടാക്കി, അവളാ പാവക്കുട്ടിയെ നെഞ്ചോട് ചേർത്തു.
" പറവായില്ലേ അണ്ണാ, നീങ്കെ പൊങ്കോ. " അപ്പോളേക്കും പേടിപ്പിക്കുന്ന ശബ്ദത്തോടെ എഞ്ചിൻ വന്നു.
അണ്ണൻ പോട്ടെ ദേവക്കുട്ടി, ഇനി ഉന്നൈ നാൻ പാർക്കുമോ? എന്ന ചോദ്യത്തിന് മറുപടിയില്ലായിരുന്നു ഞാൻ ആ വണ്ടിയിൽ കയറി, അവളെനിക്ക് നേരെ കൈവീശി. നെഞ്ചോട് ചേർത്ത് പിടിച്ച ആ പാവക്കുട്ടിയുമായി അവൾ നടന്നകന്നു, അനങ്ങിത്തുടങ്ങിയ വണ്ടിയുടെ ഇരുമ്പഴികൾക്കുള്ളിലേക്ക് അവളുടെ വെള്ളിക്കൊലുസിന്റെ ശബ്ദം ഒഴുകിവന്നു, ആ മുഖം എന്റെ നെഞ്ചിൽ തീയായി പെയ്തിറങ്ങി..
പിന്നീടൊരിക്കലും കാണാത്ത കുറച്ച് സമയമെന്നെയും അണ്ണനായി സ്നേഹിച്ച മാലാഖയെ പിന്നീട് എല്ലാ യാത്രകളിലും ഞാൻ തിരയാറുണ്ടായിരുന്നു.
എത്തിപ്പിടിക്കാൻ കഴിയാത്ത സ്വപ്നം പോലെ അവളെനിക്കരികിൽ നിന്ന് എങ്ങോ പോയ് മറഞ്ഞു...
ഫിബിൻ

ദ്വയം


നല്ലെഴുത്തുകളെല്ലാം  വായിക്കാൻ -  http://www.nallezhuth.com ====
വാവേ, അമ്മ നമ്മളെ കൊല്ലുമോ??
അതെന്താ വാവേ അങ്ങനെ പറഞ്ഞെ??
കുറേനേരം ഗർഭപാത്രത്തിനുള്ളിൽ മൗനം മാത്രം. അകത്തും പുറത്തും ഒരുപോലെ ദുഃഖം.
വാവേ, ഇന്നലെ ഡോട്ടറാന്റി പറഞ്ഞത് വാവ കേട്ടില്ലേ?? നമ്മളിൽ ഒരാൾക്ക് എന്തോ ഉവ്വാവ് ഉണ്ടെന്ന്, നമ്മളിലൊരാൾ ജനിക്കാൻ പാടില്ലെന്ന്!! അവർ കൈകൾ കോർത്തു പിടിച്ചു, പിരിയാൻ അവർക്ക് കഴിയില്ലല്ലോ, ഉരുവായതൊരുമിച്ച്, വളരുന്നതുമൊരുമിച്ച് പിന്നെന്തിന് പിരിയണം ല്ലേ!! അവരുടെ കണ്ണീർ വീണ് ഗർഭപാത്രത്തിൽ ഉപ്പുരസം കൂടി
വാവ കേട്ടോ അമ്മ കരയുന്നത്, അപ്പ എന്തോ പറയുന്നുണ്ട്, വാവ കണ്ടോ അപ്പേടെ കൈ നമ്മളെ തൊടാൻ വരുന്നത്. അവർ രണ്ടും കൈനീട്ടി എന്റെ കൈയിൽ തൊട്ടു!! നാല് കൈകൾ. അവർ ചിരിക്കുന്നുണ്ട്!!
വാവേ നമ്മുടെ അമ്മയും അപ്പയും നമ്മളെ കൊല്ലില്ല, ഉറപ്പാ.. അല്ലെങ്കിൽ നമ്മൾ ഉറങ്ങുമ്പോളും അവരെന്തിനാ ഉറങ്ങാതിരിക്കുന്നത്?? നമ്മളെ അത്ര ഇഷ്ടമായത് കൊണ്ടല്ലേ!! ഒരു തുടിപ്പ് അവളുടെ വയറിൽ കൂടെ പാഞ്ഞു. അവർ കെട്ടിപ്പിടിച്ച് സുഖമായുറങ്ങി, അപ്പയുമമ്മയും അടുത്തുണ്ട്.
വാവേ, അമ്മ എന്താ നേരത്തെ എണീറ്റത്?? ഡോട്ടറാന്റിയെ കാണാൻ പോകുവായിരിക്കുമല്ലേ!!
അമ്മേ കരയണ്ട ട്ടോ, ഞങ്ങളിവിടെയുണ്ടല്ലോ.. ശബ്ദം പുറത്തേക്ക് വന്നില്ലെങ്കിലും അവളുടെ വയറ് തുടിച്ചിരുന്നു.
അച്ചേ, അവരെന്തോ പറയുന്നു!! ഞാനവളുടെ കൈയിൽ പിടിച്ചു. ഒന്നുമില്ല, എല്ലാം ശരിയാവുമെന്ന് പറഞ്ഞു. കണ്ണീർ മറയ്ക്കാൻ ചിലപ്പോളൊക്കെ ചിരിക്കേണ്ടി വരും. കോലം കെട്ടിയാൽ ആടിത്തീർത്തല്ലേ പറ്റൂ. ഇതും കൂടെ ചേർത്ത് അഞ്ചാമത്തെ സ്കാനിംഗാണ്. രണ്ട് ജീവനുകളുടെ ഇടയിലൂടെയുള്ള നൂൽവഴി.
സ്കാനിംഗ് നടന്നു കൊണ്ടിരിക്കുന്നു!!
വാവേ കണ്ടോ നമ്മളെ അമ്മയ്ക്കും അപ്പക്കും കാണാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്.. അകത്തേക്ക് ചെന്ന സ്കാനിംഗ് ഉപകരണത്തിൽ അവര് ചോര കണ്ടു, അതമ്മയുടെ നെഞ്ച് പൊട്ടിയ ചോരയാണെന്നറിഞ്ഞത് കൊണ്ടാവാം അവരും കൂടെ കരഞ്ഞു കണ്ണീര് വീണ് വയറ് വീർത്ത് വന്നിരുന്നു.
ജോസ്മിൻ, നിങ്ങൾക്ക് രണ്ട് കുട്ടികൾ ആണെന്നറിഞ്ഞപ്പോൾ ഏറ്റവും സന്തോഷിച്ചത് ഞാനാണ് കാരണം ഈ ആശുപത്രി തുടങ്ങിയതിന് ശേഷമുള്ള ആദ്യത്തെ ഇരട്ടകളാണ് നിങ്ങളുടെ വയറ്റിൽ പക്ഷെ ഈശ്വരൻ ഇങ്ങനെ പരീക്ഷിക്കാനാണ് ഇഷ്ടപ്പെട്ടത്. ഡോക്ടർ ഷാന്റി ഇത് പറഞ്ഞു നിർത്തി കുറെ നേരം താഴേക്ക് നോക്കിയിരുന്നു!!
അവര് രണ്ടും വയറോട് കാത് ചേർത്ത് കേൾക്കുന്നു. മുഖം വാടിയ കുഞ്ഞു മാലാഖകൾ കൈകോർത്തിരുന്നു, ഇടി വെട്ടുമ്പോൾ പേടിച്ചു പകച്ചു പോകുന്ന കുഞ്ഞുങ്ങളെ പോലെ അവർ ഭയന്നു, കരഞ്ഞു!! ആരും കേട്ടില്ല!!
അമ്മേ അപ്പേ വേണ്ടാന്ന് പറ.. ഞങ്ങളെ
കൊല്ലല്ലേന്നു പറ!! ഞങ്ങൾ നല്ല കുട്ടികളായിക്കോളാം, അവളുടെ വയറിനുള്ളിൽ സങ്കട പേമാരി പെയ്തിറങ്ങി.. നാല് കൈകൾ ഗർഭപാത്ര ഭിത്തിയിൽ സ്പർശിച്ചുകൊണ്ടേയിരുന്നു.
ഡോക്ടർ ദൈവം തന്ന കുഞ്ഞുങ്ങളല്ലെ അവരെയെങ്ങനെ........ വാക്കുകൾ മുറിഞ്ഞു പോകുന്നു. പിതൃത്വം എന്താണെന്ന് ആരും പറയാതെ മനസിലായത് കൊണ്ടാവാം ഹൃദയത്തിൽ നിന്ന് കണ്ണീർ ആത്മാവിൽ വീണൊഴുകിയത്.
അവര് ജീവനോടെ ജനിക്കുമോ?? എന്റെ ചോദ്യത്തിന് ഡോക്ടർ ഷാന്റി പറഞ്ഞത് ഇങ്ങനെയാണ് " ഉവ്വ് , അവർ ജീവനോടെ ജനിക്കും. പക്ഷെ ജനിതക വൈകല്യങ്ങളുണ്ടാവും, ഒരുപക്ഷെ നമ്മൾ ചിന്തിക്കുന്നതിനും മുകളിലായിരിക്കും അതിന്റെ ആഘാതം ".
സാരമില്ല ഡോക്ടർ അവരെ എങ്ങനെ ഈശ്വരൻ തന്നാലും ഞങ്ങൾ വളർത്തും, ഒരുപാട് ആളുകൾ കുഞ്ഞുങ്ങളില്ലാതെ കരയുമ്പോൾ ദൈവം തന്ന ഇവരെ കരുണയില്ലാതെ കൊന്നു കളയാൻ കഴിയില്ല. അവളെന്റെ മുഖത്തേക്ക് നോക്കി ചിരിച്ചു. വയറിന്റെ അകത്ത് നിന്ന് പാൽപുഞ്ചിരി കേൾക്കാമായിരുന്നു.
വാവേ, അപ്പയുമമ്മയും പറഞ്ഞത് കേട്ടോ, നമ്മളെ കൊല്ലില്ല എന്ന്. അവർ ചിരിച്ചു, കെട്ടിപ്പിടിച്ച് കരഞ്ഞു.
ഫിബിൻ, നിങ്ങളുടെ ഉറപ്പ് എനിക്കിഷ്ടമായി, ഈശ്വരൻ ദോഷമായി ഒന്നും ചെയ്യില്ല എന്ന് വിശ്വസിക്കാം, എന്തായാലും ഒരു 3D സ്കാൻ കൂടെ ചെയ്യാം. അപ്പോൾ കൂടുതൽ വ്യക്തമായി അറിയാല്ലോ.
അപ്പോളും ഉള്ളിന്റെയുള്ളിൽ അവരുടെ സന്തോഷം അവസാനിച്ചിരുന്നില്ല. അപ്പക്കും അമ്മയ്ക്കും നമ്മളെ വേണം വാവേ!!
അമ്മേ എന്തിനാ കരയുന്നെ ഞങ്ങളില്ലേ ഇവിടെ!!
3D സ്കാൻ ചെയ്യാനിനി മൂന്ന് ദിവസങ്ങൾ കൂടെ കഴിയണം, വയറിനുള്ളിൽ നിന്ന് ഒന്നും കേൾക്കുന്നില്ല.. അവർ സുഖമായി, സുരക്ഷിതമായി ഉറങ്ങുകയാണ്.. ഉറക്കമില്ലാത്ത രാവുകളുടെ കൂട്ടുകാരായി ഞങ്ങളിവിടെ കാവൽ നിൽക്കുമ്പോൾ അവർക്കുറങ്ങാം.
അച്ചേ ദൈവം നമ്മളെ പരീക്ഷിക്കുകയെ ഉള്ളൂ അല്ലെ? നമ്മുടെ കുഞ്ഞുങ്ങൾ..... മുറിയുന്ന ചോദ്യങ്ങൾക്ക് എന്തൊക്കെയോ ഉത്തരങ്ങൾ അവൾ പ്രതീക്ഷിച്ചിരുന്നു.. എല്ലാം ഞാൻ മൂളികേൾക്കും!! ഉത്തരങ്ങൾ എന്റെ കൈവശമില്ല എന്ന് ഞാനെങ്ങനെ അവളോട് പറയും!!!
മണിക്കൂറുകൾ കൊഴിഞ്ഞു വീണു.. ഉറക്കമില്ലാത്ത യാമങ്ങൾ കറുപ്പിന്റെ ഭീകരതയെ കൂടുതൽ ആഴമുള്ളതാക്കി.. പുറത്തിറങ്ങിയിരുന്ന എന്റെ അരികിലേക്ക് എന്തൊക്കെയെ ശബ്ദങ്ങൾ വന്നു, അല്ല അതെല്ലാം എന്നിലെ ഭയങ്ങളുടെ നിലവിളിയായിരുന്നു..
അച്ചേ വന്നു കിടക്ക് രാവിലെ പോകണ്ടേ അവളുടെ ശബ്ദത്തിലും ഭയമുണ്ട് !!!
വാവേ വാ എണീക്ക് അപ്പയുമമ്മയും ഇന്ന് ഡോട്ടറാന്റിയെ കാണാൻ പോവാ. പതിവില്ലാതെ ഞാനവളുടെ വയറിൽ കൈയോടിച്ച് കുറച്ച് നേരം നിന്നു.. ആ കുഞ്ഞു വയറിനുള്ളിൽ ഒരനക്കം അവരെന്റെ വിരലുകളിൽ തൊട്ടതാവാം അറിയില്ല..
അപ്പയുടെയും അമ്മയുടെയും സങ്കടം കാണാൻ കഴിയാത്തത് കൊണ്ടാവാം അവർ വീണ്ടും മിഴിപൂട്ടിയുറങ്ങി..
ടോക്കൺ നമ്പർ 7, ജോസ്മിൻ ഫിബിൻ !! ചിന്തകളിൽ നിന്ന് സത്യങ്ങളിലേക്കുള്ള മുൻവിളി..
പ്ലീസ് ഹാവ് എ സീറ്റ് , ഹിന്ദിക്കാരിയാണ് ആ ഡോക്ടർ. യു ആർ ജോസ്മിൻ റൈറ്റ് ?? യെസ് ഡോക്ടർ.. വൈ ഡൂ യു കം ഫോർ 3D സ്കാൻ? ഡോണ്ട് ഹെസിടെറ്റ് റ്റു ടെൽ മി .. നാൻ ഇത് ചോദിക്കുന്നത് നിങ്ങളുടെ പ്രശ്നം എന്താണെന്നറിയാനാണ് എന്നാലേ എനിക്ക് കൂടുതൽ ഡീറ്റൈലായി ശ്രദ്ദിക്കാൻ പറ്റൂ!!
കൈയിലിരുന്ന സ്കാനിംഗ് റെക്കോർഡ്‌സ് ഞാനെടുത്ത് നീട്ടി. തലയിൽ കയറ്റി വെച്ചിരുന്ന ആ കട്ടിക്കണ്ണട മൂക്കിലെടുത്ത് വെച്ചവർ ശ്രദ്ധയോടെ വായിച്ചു..
നക്കൽ ട്രാൻസ്ലൂസെൻസി!!! ആദ്യത്തെ റിപ്പോർട്ടിൽ 9 കാണുന്നു പിന്നെത്തേതിൽ അത് കുറഞ്ഞു 7.3 കാണുന്നു അടുത്തതിൽ 9.3 കാണിക്കുന്നു...
ഹെൽ....!!! വൈ നക്കൽ ഈസ് അൺസ്റ്റേബിൾ?? അവരാരോടെന്നില്ലാതെ പറഞ്ഞു.. ഓക്കേ ലെറ്റ്സ് സീ.. അവർ സ്കാനിംഗ് മേശക്ക് അരികിലേക്ക് എന്നെയും വിളിച്ചു.. ഡൂ യു വാണ്ട് റ്റു സീ യുവർ ബേബീസ് മിസ്റ്റർ ഫിബിൻ ?? എനിക്ക് നേരെയൊരു ക്ഷണം നീട്ടി.. യെസ് ഡോക്ടർ.. ഇൻഡീഡ്
നെഞ്ചിടിപ്പോടെ ഞാനുമടുത്ത് പോയിരുന്നു അവളെന്റെ കൈയിൽ പിടിച്ചിട്ടുണ്ട് നാല് കാതുകൾ ശ്രദ്ധയോടെ കേൾക്കുന്നുണ്ട്.. മുന്നിലുള്ള സ്‌ക്രീനിൽ കാഴ്ചകൾ തെളിഞ്ഞു തുടങ്ങി.. വളരെ ശ്രദ്ധയോടെ ആ ഡോക്ടർ ഓരോന്ന് പറയുന്നുണ്ട്.. ഇത് കാലുകൾ ഇത് കൈകൾ.. നോക്കൂ യുവർ ബേബീസ് ആർ മൂവിങ്.. ദേ ആർ ലൂക്കിങ് അപ്ടു യു.. ഒന്നും പറയാതെ ഞാനിരുന്നു അവള് കരയുന്നുണ്ട്..
പതിയെ സ്കാനിംഗ് തലയുടെ പിൻ വശത്തേക്ക് വന്നു, അതീവ ശ്രദ്ധയോടെ അവർ നോക്കിക്കൊണ്ടിരുന്നു ഒന്നും പറയുന്നുമില്ല. കുറച്ച് സമയം കഴിഞ്ഞു അവർ തുടർന്നു..
സംടൈംസ് സയൻസ് ക്യാൻ ബി ടെറിബിളി മിസ്റ്റേകൻ ഓർ ഐ വുഡ് പ്രീഫെർ റ്റു സേ ദേർ ഈസ് സം വൺ അബോവ് ഓൾ സയൻസ് !!
ഒന്നും മനസിലാക്കാതെ ഞങ്ങൾ കണ്ണിൽ നോക്കിയിരുന്നു. യെസ് മിസ്റ്റർ ഫിബിൻ ദേർ ആർ നത്തിങ് റോങ്ങ് വിത്ത് യുവർ ബേബീസ് ദേ ആർ എക്സ്ട്രീംലി ഫൈൻ ആൻഡ് ഹെൽത്തി !! ചെറിയ ബ്ലീഡിങ് ഉണ്ട് പ്രോബബ്ളി ഡ്യു റ്റു മാസിവ് സ്കാനിംഗ് ഇൻ ഷോർട്ട് സ്പാൻ ഓഫ് ടൈം..
കുറേക്കാലത്തിന് ശേഷം അവളൊന്നു പുഞ്ചിരിച്ച് കണ്ടു, വയറിന്റെ അകത്ത് നിന്ന് പുഞ്ചിരി കേൾക്കുന്നുണ്ട്..
വാവേ ഡോട്ടറാന്റി പറയുന്നത് കേട്ടോ! നമ്മക്ക് കുഴപ്പമൊന്നുമില്ലാന്ന്, നമ്മളെ കൊല്ലില്ലാന്ന്, പുറത്തിറങ്ങി നമുക്ക് അപ്പയെയും അമ്മയെയും കാണാമെന്ന് !! ചിരിച്ച് കൊണ്ടവർ കരഞ്ഞിട്ടുണ്ടാവാം. ചിന്തകളിൽ കണ്ണീര് വീഴുമ്പോൾ നമുക്ക് വേറൊന്നും കേൾക്കാനാവില്ലല്ലോ!!
നിശബ്ദത മുറിച്ച് കൊണ്ട് ഡോക്ടർ പറഞ്ഞു യു ബോത്ത് ആർ ലക്കിയെസ്റ്റ് പാരന്റ്സ് ഐ ഹാവ് എവർ സീൻ ഇൻ മൈ എന്റൈർ കരിയർ അല്ലെങ്കിൽ നക്കൽ റീഡിങ് ഇത്രയും കൂടുതൽ കണ്ട കുഞ്ഞുങ്ങളിൽ ഇങ്ങനൊരു ഡ്രാസ്റ്റിക്ക് ചേഞ്ച് കാണാൻ കഴിയാറില്ല, ആൻഡ് യുവർ ബേബീസ് ആർ റ്റൂ ലക്കി അല്ലെങ്കിൽ കാരണം കണ്ടെത്തി കുഞ്ഞുങ്ങളെ ഇല്ലാതാക്കുന്നവരുടെ ഇടയിൽ ഇത്രയും റിസ്ക് എടുക്കുന്ന പാരന്റ്സിനെ അവർക്ക് കിട്ടിയില്ലേ.. ഗോ ആൻഡ് ഹാവ് എ ഗ്രേറ്റ് ലൈഫ് ഡിയഴ്സ്!!
വിറയാർന്ന എന്റെ കൈ അവളുടെ വയറിൽ തൊട്ടു അവളെന്റെ തോളിൽ തല ചായ്ച്ചു എന്റെ കൈയിൽ പിടിച്ചു അപ്പോൾ നാല് കൈകൾ ഞങ്ങളുടെ വിരലുകളിൽ തൊടുന്നതറിഞ്ഞു കൂടെയൊരു ശബ്ദവും..
വാവേ.... അപ്പയും അമ്മയും...
by-- ഫിബിൻ

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo